ഫലസ്ത്വീന്റെ സ്വന്തം ഡോക്ടര്‍
ഡോ. ഇയാദ് അല്‍ സര്‍റാജ് മനഃശാസ്ത്രപഠനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വിദഗ്ധനാണ്. തന്റെ പ്രഫഷന്‍ വഴി അദ്ദേഹം മനോരോഗ ചികിത്സാമേഖലയില്‍ വിദഗ്ധനായി പേരെടുത്തുവെങ്കിലും ഫലസ്ത്വീനികള്‍ക്ക് അദ്ദേഹം മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു. ദീര്‍ഘകാലമായി കാന്‍സറിന് ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ മാസം മരണപ്പെട്ടു.
ഇയാദ് അല്‍ സര്‍റാജ് 1944-ല്‍ ബര്‍ശേബയിലാണ് ജനിച്ചത്. 1948 ല്‍-ഇസ്രയേല്‍ എന്ന ജൂതരാഷ്ട്രത്തിന്റെ പിറവിയോടെ സ്വന്തം നാട്ടില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട 750000 പേരില്‍ ഒരാളായി ഇയാദുമുണ്ടായിരുന്നു. അദ്ദേഹവും കുടുംബവും ഗസ്സ മുനമ്പിലെത്തിപ്പെട്ടത് അങ്ങനെയാണ്.
ഈജിപ്തിലെ അലക്‌സാണ്ട്രിയ യൂനിവേഴ്‌സിറ്റിയില്‍ നിന്നും യൂനിവേഴ്‌സിറ്റി ഓഫ് ലണ്ടനില്‍ നിന്നും സൈക്യാട്രിയില്‍ ബിരുദങ്ങള്‍ കരസ്ഥമാക്കിയ ഇയാദ് 1990-ല്‍ ഗസ്സയില്‍ ഗസ്സ കമ്യൂണിറ്റി മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം എന്ന പേരില്‍ ഒരു സ്ഥാപനം ആരംഭിച്ചു. ഫലസ്ത്വീനികള്‍ക്ക് മനോധൈര്യം നല്‍കുകയും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്ന സ്ഥാപനമായിരുന്നു അത്.
ഡോ. ഇയാദിനോടൊപ്പം ഇരുപത്തിരണ്ടുവര്‍ഷം ജോലിചെയ്ത ഹുസാം അല്‍നൂനു പറയുന്നത് ഈ സ്ഥാപനം 35000 ഫലസ്ത്വീനികളെ ഇതുവരെ സഹായിച്ചിട്ടുണ്ടെന്നാണ്. ''എനിക്ക് നഷ്ടപ്പെട്ടത് ഒരു അധ്യാപകനെയും പിതാവിനെയുമാണ്. ഞാന്‍ അദ്ദേഹത്തെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നു. അദ്ദേഹത്തില്‍ നിന്ന് ഞാന്‍ പലതും പഠിച്ചു.''
ഫലസ്ത്വീനികളോടുള്ള ഇസ്രയേലീ നിലപാടുകളുടെ കടുത്ത വിമര്‍ശകനായിരുന്നു ഡോക്ടര്‍. ഫലസ്ത്വീന്‍ ജനതക്ക് പ്രതികൂലമായി ഭവിക്കുന്ന ഫലസ്ത്വീന്‍ അതോറിറ്റിയുടെ പല നിലപാടുകളെയും അദ്ദേഹം തുറന്നെതിര്‍ത്തു. അതുകൊണ്ടു തന്നെ ഇസ്രയേല്‍ ഭരണകൂടത്തില്‍നിന്നു മാത്രമല്ല, ഫലസ്ത്വീന്‍ അതോറിറ്റിയില്‍ നിന്നും അദ്ദേഹത്തിന് പലപ്പോഴും പീഡനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്നു. ഫലസ്ത്വീന്‍ അതോറിറ്റി അദ്ദേഹത്തെ മൂന്നു പ്രാവശ്യം തടവിലിടുകയുണ്ടായി.
1997-ല്‍ ഫിസിഷ്യന്‍സ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്. 2010-ല്‍ ജുവാന്‍ ലോപസ് അവാര്‍ഡും 1998-ല്‍ മനുഷ്യാവകാശ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ പേരില്‍ മാര്‍ട്ടിന്‍ എന്നല്‍സ് അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തി. 2010-ല്‍ ഇസ്രയേല്‍ ഫലസ്ത്വീന്‍ സമാധാന ശ്രമങ്ങള്‍ക്കുള്ള സ്വീഡീഷ് അവാര്‍ഡായ 'ഊലോഫ് പാല്‍മേ' ഉപഹാരം സ്വീകരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു: ''ഈ ഉപഹാരം സ്വീകരിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. അക്രമത്തിന്റെയും യുദ്ധത്തിന്റെയും പീഡനങ്ങളുടെയും ഇരകള്‍ ആരാണോ അവരെയാണ് ഞാന്‍ യഥാര്‍ഥ ഹീറോകളായി കാണുന്നത്. ഈ ഉപഹാരം അനീതിക്കിരയായവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും അവരെ പ്രതിരോധിക്കാനും എനിക്ക് കൂടുതല്‍ പ്രചോദനം തരുന്നതാണ്.''
ഡോ. ഇയാദ് അല്‍ സര്‍റാജിന്റെ മരണം ഫലസ്ത്വീന്‍ ജനതക്ക് വിശിഷ്യ ഗസ്സന്‍ ജനതക്കു വലിയ നഷ്ടമാണ്. ഗസ്സന്‍ സര്‍ക്കാരിന്റെ ശബ്ദം രാഷ്ട്രീയ കാരണങ്ങളാല്‍ അന്താരാഷ്ട്രലോകം അവഗണിച്ചപ്പോള്‍ പലപ്പോഴും ഡോക്ടര്‍ ഇയാദിനെ പോലുള്ളവരിലൂടെയാണ് അതിന്റെ പ്രതിധ്വനി പുറം ലോകമറിഞ്ഞത്.
Comments