Prabodhanm Weekly

Pages

Search

2014 ജനുവരി 03

മധ്യവയസ്സിന്റെ വ്യഥകള്‍, വേവലാതികള്‍

ഡോ. ജാസിമുല്‍ മുത്വവ്വ

ധ്യവയസ്സിന്റെ വേവലാതികളുമായി പലരും എന്നെ തേടിവരാറുണ്ട്. നാല്‍പത് വയസ്സ് പിന്നിടുമ്പോള്‍ ശാരീരികവും മാനസികവുമായി സംഭവിക്കുന്ന മാറ്റങ്ങളില്‍ വിഭ്രാന്തി പൂണ്ടും വിചാരങ്ങളിലും വികാരങ്ങളിലും ഉണ്ടാവുന്ന വ്യത്യാസങ്ങളില്‍ ആധി പ്രകടിപ്പിച്ചും എന്നെ സമീപിക്കുന്ന അവരോടെല്ലാം ഞാന്‍ പറഞ്ഞത് ഒന്നു മാത്രം: ''മിക്ക പേരും കടന്നുപോകുന്ന ജീവിതത്തിലെ ഒരു ഘട്ടമാണിതും. മനഃശാസ്ത്ര വിദഗ്ധര്‍ ഈ ഘട്ടത്തെ 'മധ്യവയസ്സിന്റെ പ്രതിസന്ധി' എന്ന് വിശേഷിപ്പിക്കും. പക്ഷേ, വിശുദ്ധ ഖുര്‍ആന്‍ ഈ ഘട്ടത്തെ 'നന്ദിപ്രകാശന പര്‍വ'മായാണ് കാണുന്നതും വിലയിരുത്തുന്നതും.
തന്നില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് പരാതിയും വ്യഥകളുമായി ഒരാള്‍ എന്നെ സമീപിച്ചു. ഞാന്‍ അയാളോട് പറഞ്ഞു: ''നിങ്ങള്‍ക്കിപ്പോള്‍ ജീവിതത്തോട് മടുപ്പ് തോന്നുന്നു. ഭാര്യയോടും മക്കളോടും ജോലിയോടുമെല്ലാം നിങ്ങള്‍ക്ക് ഒരു തരം വെറുപ്പാണ്. ഒന്നിലും ഒരു താല്‍പര്യവുമില്ല. നിങ്ങള്‍ക്ക് നിങ്ങളോട് തന്നെ വെറുപ്പ് തോന്നിത്തുടങ്ങിയിരിക്കുന്നു. നിങ്ങളുടെ ശരീരം നിങ്ങള്‍ക്കിപ്പോള്‍ ബാധ്യതയായി അനുഭവപ്പെടുന്നു. ശരിയല്ലേ ഞാന്‍ പറഞ്ഞത്?'' അതിശയത്തോടെ അയാള്‍ എന്നോട്: ''നേരാണ് താങ്കള്‍ പറഞ്ഞത്. താങ്കള്‍ക്ക് അതെങ്ങനെ മനസ്സിലായി?''
ഞാന്‍: ''തീര്‍ന്നില്ല. ഞാനെന്റെ സംസാരം പൂര്‍ത്തിയാക്കട്ടെ. താനൊരു വൃദ്ധനായിത്തീര്‍ന്നെന്ന് ചിലപ്പോള്‍ നിങ്ങളുടെ മനസ്സ് നിങ്ങളോട് പറയുന്നു. ക്രമേണ നിങ്ങള്‍ക്ക് അങ്ങനെ ശക്തിയായി തോന്നിത്തുടങ്ങുകയും ചെയ്തിട്ടുണ്ട്.''
അയാള്‍: ''വളരെ ശരിയാണ്. കഴിഞ്ഞ ഏതാണ്ട് ഒരു വര്‍ഷമായി എനിക്ക് അങ്ങനെ ഒരു ചിന്തയും വിചാരവുമാണ്. എനിക്കാണെങ്കില്‍ ഇപ്പോള്‍ ഇതാ നാല്‍പത്തിണ്ട് വയസ്സ് ആയതേ ഉള്ളൂ.'' അയാള്‍ തുടര്‍ന്നു: ''അത്ഭുതമെന്ന് പറയട്ടെ. എന്റെ ഭാര്യക്കും ഇപ്പോള്‍ ഇങ്ങനെ തോന്നിത്തുടങ്ങിയിരിക്കുന്നു. അവള്‍ക്ക് മുപ്പത്തെട്ട് വയസ്സായിട്ടേയുള്ളൂ. അവള്‍ക്കിപ്പോള്‍ മുമ്പൊന്നുമില്ലാത്ത ഒരു പ്രത്യേക സ്വഭാവവും വന്നുപെട്ടിരിക്കുന്നു; വലിയ വില കൊടുത്ത് കണ്ടമാനം സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്ന സ്വഭാവം.'' ഞാന്‍: ''ശരിയാണ് നിങ്ങള്‍ പറഞ്ഞത്. പുരുഷന്മാരും സ്ത്രീകളും കടന്നുപോകുന്ന പ്രായത്തിന്റെ ഒരു ഘട്ടമാണിത്. ഏതാണ്ട് ഒരേ വിചാരവും ചിന്തയുമാണ് ഏവര്‍ക്കും ഈ ഘട്ടത്തില്‍. ഒരുപാട് സാധനങ്ങള്‍ -ആവശ്യമുള്ളതും ഇല്ലാത്തതും- വാങ്ങിക്കൂട്ടുന്ന പ്രവണത ഈ ഘട്ടത്തില്‍ ഏറിവരും. താന്‍ ഇപ്പോഴും ചെറുപ്പമാണെന്ന് തന്നെത്തന്നെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്, തന്റെ പ്രായത്തിന്റെ ആവശ്യങ്ങള്‍ക്ക് നിരക്കാത്ത സാധനങ്ങളോടുള്ള ഈ ഭ്രമം. തന്റെ പ്രായത്തിന് യോജിക്കാത്ത വസ്ത്രമണിഞ്ഞ് ചെറുപ്പമാവാനും വേഷഭൂഷാദികളില്‍ 'പരിഹാസ്യ'മായ മാറ്റങ്ങള്‍ വരുത്തി 'അത്രയൊന്നും പ്രായമായിട്ടില്ല' എന്ന് തന്നെത്തന്നെ ബോധ്യപ്പെടുത്താനുമുള്ള പാഴ്ശ്രമങ്ങള്‍. ഉറക്കമില്ലായ്മ, വിഷാദം, പരിഭ്രമം, സംഭ്രമം, ആധികള്‍ തുടങ്ങി വിവിധ വികാരസ്‌തോഭങ്ങളിലൂടെ നിയന്ത്രണമില്ലാതെ മനസ്സ് മേഞ്ഞ് നടക്കുമ്പോള്‍ പല ചിന്തകളും മഥിക്കും.  ഭക്ഷണക്രമത്തില്‍ വരെ മാറ്റം വരുത്തും. ചിലരില്‍ ഈ ഘട്ടം ഗൃഹാതുര ചിന്തകളാണുണര്‍ത്തുക. പഴയകാല ഓര്‍മകളെ ഓമനിച്ചും താലോലിച്ചും ഭൂതകാലജീവിതത്തെക്കുറിച്ച സ്മരണകളില്‍ അഭിരമിച്ചും കഴിയാനാണ് ചിലര്‍ക്ക് ഈ പ്രായത്തില്‍ ഏറെ ഇഷ്ടം.''
അയാള്‍ മനസ്സ് തുറന്നു: ''ഉറക്കമില്ലായ്മ ഇപ്പോള്‍ എന്നെ അലട്ടുന്നുണ്ട്. എന്റെ ഉന്മേഷത്തിനും ഊര്‍ജസ്വലതക്കും ഒരു കുറവും വന്നിട്ടുമില്ല. ഭാര്യയുടെ സ്ഥിതി നേരെ മറിച്ചാണ്. അവള്‍ക്ക് ഏത് നേരവും ഉറങ്ങി കഴിച്ചുകൂട്ടണം. ഒന്നിലും ഒരു ഉഷാറും താല്‍പര്യവുമില്ല.'' ഞാന്‍ അയാളെ ആശ്വസിപ്പിച്ചു: ''ഈ പ്രായത്തില്‍ സംഭവിക്കുന്ന ഹോര്‍മോണ്‍ ഘടനയുടെ വ്യത്യാസത്താലോ വ്യതിയാനത്താലോ ജീവിതശൈലിയിലെ മാറ്റത്താലോ സംഭവിക്കുന്നതാണ് നിങ്ങള്‍ സൂചിപ്പിച്ച ഈ അവസ്ഥാന്തരങ്ങള്‍. ഇതില്‍ പരിഭ്രമിക്കാനായി ഒന്നുമില്ല. ചിലപ്പോള്‍ നിങ്ങള്‍ ജോലിയില്‍ നിന്ന് വിരമിച്ചിരിക്കും. അപ്പോള്‍ തനിക്കൊന്നും ചെയ്യാനില്ലെന്ന ഒരു തോന്നല്‍ നിങ്ങളെ വേട്ടയാടിത്തുടങ്ങും. അല്ലെങ്കില്‍ കുടുംബത്തില്‍ പ്രിയപ്പെട്ടവരുടെ ആരുടെയെങ്കിലും മരണമോ വേര്‍പാടോ നിങ്ങളെ അങ്ങേയറ്റം ദുഃഖത്തിലാഴ്ത്തിയിരിക്കും. ഇരുപത് മുതല്‍ നാല്‍പത് വരെയുള്ള പ്രായത്തില്‍ നിങ്ങള്‍ക്ക് കൃത്യാന്തര ബാഹുല്യത്താല്‍ നിന്ന് തിരിയാന്‍ നേരമുണ്ടായിരുന്നില്ലല്ലോ. ഭാര്യ, മക്കള്‍, അവരുടെ വിദ്യാഭ്യാസം, വീട്, ജീവിത പ്രാരാബ്ധങ്ങള്‍, ജോലി അങ്ങനെ നൂറു കൂട്ടം തിരക്കുകള്‍ക്ക് നടുവില്‍  നിലകിട്ടാതെ ഒഴുകിനടക്കുകയായിരുന്നു നിങ്ങള്‍. ഇപ്പോള്‍ കുട്ടികളൊക്കെ വലുതായി. അവരുടെ വിദ്യാഭ്യാസമൊക്കെ ഒരുവിധം പൂര്‍ത്തിയായി. ജീവിത ലക്ഷ്യങ്ങള്‍ ഏറെക്കുറെ പൂര്‍ത്തീകരിച്ചുകഴിഞ്ഞു. അപ്പോള്‍, 'ഇനിയൊന്നും ചെയ്യാനില്ലല്ലോ' എന്ന ഒരു ശൂന്യതാ ബോധം നിങ്ങളെ പിടികൂടുന്നത് തികച്ചും സ്വാഭാവികം.''
''ഈ ഘട്ടത്തെ എങ്ങനെ അഭിമുഖീകരിക്കണമെന്നാണ് അങ്ങ് ഉപദേശിക്കുന്നത്?'' അയാള്‍ തിരക്കി.
''ഈ ഘട്ടത്തില്‍ മൂന്ന് കാര്യങ്ങളുണ്ട് നിങ്ങള്‍ക്ക് ചെയ്യാന്‍. അതായത് മൂന്ന് ചുവടുവെപ്പുകള്‍. ഒന്ന്, നിങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടത്. രണ്ടാമത് നിങ്ങളുടെ പ്ലാനുകളും ഭാവി പരിപാടികളുമായി ബന്ധപ്പെട്ടത്. മൂന്നാമത്തേത് നിങ്ങളുടെ വിശ്വാസവുമായി ബന്ധപ്പെട്ടത്. ഞാന്‍ അത് വിശദീകരിക്കാം. ദിനേനെയുള്ള ലളിത വ്യായാമങ്ങള്‍, ശ്വസന ക്രമീകരണ മുറകള്‍, പ്രഭാതത്തിലോ സായാഹ്നത്തിലോ അര മണിക്കൂര്‍ നടത്തം, ഭക്ഷണ ക്രമീകരണം- ഇതാണ് ആരോഗ്യവുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ടത്. ഭാവി പരിപാടികളെക്കുറിച്ച് പയാനുള്ളത് ഇതാണ്: ''ഇനിയുള്ള ജീവിതകാലത്ത് കൈവരിക്കാനുള്ള നേട്ടങ്ങളെക്കുറിച്ചും എത്തിപ്പിടിക്കേണ്ട ലക്ഷ്യത്തെക്കുറിച്ചും നിങ്ങള്‍ക്ക് കൃത്യമായ ഒരു ധാരണ വേണം. അത് വേണമെങ്കില്‍ എഴുതി രേഖപ്പെടുത്തിവെച്ചുകൊള്ളുക. സാമൂഹികമോ വിദ്യാഭ്യാസപരമോ മതപരമോ ജനസേവനപരമോ സാംസ്‌കാരികമോ ആയ രംഗങ്ങളില്‍ ചിലത് ചെയ്യണമെന്ന നിര്‍ബന്ധത്തെക്കുറിച്ചാണ് ഞാന്‍ സൂചിപ്പിക്കുന്നത്. നിങ്ങളുടെ മരണശേഷവും നിങ്ങള്‍ക്ക് പ്രതിഫലം ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു വഖ്ഫ് സ്വത്ത് വാങ്ങുന്നതിനുള്ള വിഭവ സമാഹരണമാവാം, ഒരു സ്ഥാപനത്തിന്റെ നടത്തിപ്പിലുള്ള പങ്കാളിത്തമാവാം, സാമൂഹിക-ജനസേവന-സാംസ്‌കാരിക രംഗത്ത് പുതിയ സംഭാവനകള്‍ അര്‍പ്പിക്കാനുള്ള തീരുമാനമാവാം. വായനയിലും പഠനത്തിലും ഗ്രന്ഥരചനയിലും ഗവേഷണത്തിലും ഏര്‍പ്പെട്ട് ഭാവിതലമുറക്ക് വൈജ്ഞാനിക സംഭാവനകള്‍ നല്‍കിക്കൊണ്ടാവാം- ഇങ്ങനെ രംഗങ്ങള്‍ നിരവധിയുണ്ട്. ഈ ഘട്ടത്തില്‍ പഴയ സുഹൃത്തുക്കളുമായി ബന്ധങ്ങള്‍ പുതുക്കുകയും ഉള്ള ബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയും പുതിയ കൂട്ടുകാരെ കണ്ടെത്തുകയും വേണം. ഏകാന്തമായി ഇരുന്ന് ജീവിതത്തെക്കുറിച്ച വിലയിരുത്തല്‍ നടത്തിയും ഭാവിയെക്കുറിച്ച കണക്കുകൂട്ടലുകള്‍ നടത്തിയും സമയം ചെലവിടുന്നത് ഈ ഘട്ടത്തില്‍ വളരെ മുഖ്യമാണ്. വിശ്വാസവുമായി ബന്ധപ്പെട്ടത് എന്താണെന്ന് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിച്ചു തന്നിട്ടുണ്ട്. സൂറത്തുല്‍ അഹ്ഖാഫിലെ 15-ാം സൂക്തമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. ''അങ്ങനെ അവന്‍ തന്റെ പൂര്‍ണ ശക്തി പ്രാപിക്കുകയും നാല്‍പത് വയസ്സാവുകയും ചെയ്യുമ്പോള്‍ ഇങ്ങനെ പ്രാര്‍ഥിക്കുന്നു: എന്റെ രക്ഷിതാവേ! എനിക്കും എന്റെ മാതാപിതാക്കള്‍ക്കും നീ ചെയ്ത അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകടിപ്പിക്കാന്‍ എനിക്ക് നീ പ്രചോദനം നല്‍കേണമേ! നീ തൃപ്തിപ്പെടുന്ന നല്ല പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും നീ എനിക്ക് പ്രേരണ നല്‍കേണമേ! എന്റെ സന്തതികളില്‍ എനിക്ക് നീ എല്ലാ നന്മയും ഉണ്ടാക്കിത്തരേണമേ! ഞാനിതാ നിന്നിലേക്ക് പശ്ചാത്തപിച്ച് മടങ്ങി വന്നിരിക്കുന്നു. മുസ്‌ലിംകളില്‍ ഉള്‍പ്പെട്ടവനാണ് ഞാന്‍.'' ഇതാണ് ഈ ഘട്ടത്തെ നന്ദി പ്രകടനത്തിന്റെ ഘട്ടമായി നാം കാണുന്നത്. ഭൗതികമാത്ര വീക്ഷണമുള്ള മനഃശാസ്ത്ര വിദഗ്ധരാണ് മധ്യ വയസ്സിനെ പ്രതിസന്ധിഘട്ടമായി വിശേഷിപ്പിച്ച് വിഷയം സങ്കീര്‍ണമാക്കിയതും വികല വീക്ഷണങ്ങള്‍ സൃഷ്ടിച്ച് ജനങ്ങളെ പരിഭ്രാന്തരാക്കിയതും. മധ്യവയസ്സിന്റെ ഈ ഘട്ടം അനുഗ്രഹമാണ്. നന്ദി പ്രകാശനഘട്ടമാണിത്. ശാപമോ പ്രതിസന്ധിയോ അല്ല. മരണഭീതി, വാര്‍ധക്യം, രോഗം- ഇങ്ങനെ പല ചിന്തകളും വേട്ടയാടുന്ന ഈ ഘട്ടത്തില്‍ മനസ്സ് അരുതാത്ത പലതിലേക്കും നമ്മെ പിടിച്ചുകൊണ്ടുപോകും. പെരുമാറ്റത്തിലെ വിചിത്ര ഭാവങ്ങള്‍, വിവാഹമോചനം, ബഹുഭാര്യാത്വം, വാശി, ശാഠ്യം അങ്ങനെ പലതിലേക്കും മനസ്സ് വഴുതും. നയചാതുരിയോടെ, അവധാനതയോടെ കൈകാര്യം ചെയ്യേണ്ട ഈ ഘട്ടത്തില്‍ ഖുര്‍ആന്‍ നിര്‍ദേശിച്ച നാല് ഔഷധങ്ങളാണ് ഏറെ പ്രയോജനപ്പെടുക. ക്ഷമ, നന്ദി പ്രകടനം, പശ്ചാത്താപം, പ്രാര്‍ഥന-സ്വബ്ര്‍, ശുക്ര്‍, തൗബ, ദുആ- എന്നീ നാല് ചികിത്സാ രീതികള്‍. മധ്യവയസ്സ് അനുഗ്രഹമായിത്തീരുന്നത് അപ്പോള്‍ കാണാം.'' അയാള്‍ ചില പുതിയ തീരുമാനങ്ങളില്‍ എത്തിയതായി എനിക്ക് തോന്നി.
വിവ: പി.കെ ജമാല്‍

Comments