സി.എച്ച് മുഹമ്മദ് സാജിദ്
കഴിഞ്ഞ നവംബര്‍ 13-നു അല്ലാഹുവിങ്കലേക്ക് യാത്രയായ സഹോദരന്‍ സി.എച്ച് മുഹമ്മദ് സാജിദ് ജീവിത വിശുദ്ധികൊണ്ടും ലാളിത്യം കൊണ്ടും എല്ലാവര്‍ക്കും മാതൃകയായിരുന്നു. കൂട്ടിലങ്ങാടിയിലെ സി.എച്ച് അബ്ദുല്‍ ഖാദര്‍ സാഹിബിന്റെ മൂത്ത പുത്രനായ സാജിദ് 'താസൂആഅ്' നോമ്പെടുക്കാന്‍ അത്താഴത്തിന് തന്നെ വിളിക്കണം എന്ന് ഇണയെ ചട്ടം കെട്ടിക്കൊണ്ടാണ് ഉറങ്ങാന്‍ കിടന്നത്. പക്ഷേ അത്താഴത്തിനുള്ള തന്റെ പ്രിയതമയുടെ വിളിക്ക് കാത്ത് നില്‍ക്കാതെ നോമ്പുകാരനായിക്കൊണ്ട് തന്നെ സാജിദ് അല്ലാഹുവിങ്കലേക്ക് യാത്രയായിക്കഴിഞ്ഞിരുന്നു. കൂടെ കിടന്ന സ്വന്തം ഇണക്ക് പോലും ഒരു സൂചന നല്‍കാത്ത വിധം, വെണ്ണയില്‍ നിന്ന് നൂല്‍ വലിച്ചൂരുന്നത് പോലെ മൃദുവായിട്ടായിരിക്കണം സാജിദിന്റെ ആത്മാവിനെ മലക്കുല്‍മൗത്ത് കൊണ്ടുപോയിട്ടുണ്ടാവുക.
ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ എല്ലാ തലങ്ങളിലും എന്ത് പ്രവര്‍ത്തനങ്ങള്‍ക്കും സദാ സന്നദ്ധനായിരുന്നു സാജിദ്. ഒരു മനുഷ്യായുസ്സില്‍ ചെയ്തു തീര്‍ക്കേണ്ടത് നിറ യൗവ്വനത്തില്‍ തന്നെ പൂര്‍ത്തീകരിച്ചു കൊണ്ടാണ് അവന്‍ ഈ ലോകത്തോട് വിട പറഞ്ഞത്. തന്നെ ഏല്‍പിച്ച ഒരു ഉത്തരവാദിത്വവും പൂര്‍ത്തീകരിക്കപ്പെടാതെ ബാക്കിയുണ്ടാവരുത് എന്ന ചിന്തകൊണ്ടായിരിക്കാം മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ്, വെല്‍െഫയര്‍ പാര്‍ട്ടിയുടെ വരാനിരിക്കുന്ന ഒരു പരിപാടിയുടെ പോസ്റ്റര്‍ മലപ്പുറത്ത് കൊണ്ടുപോയി പതിക്കാന്‍ അവന് പ്രചോദനമായത്.
മൂന്ന് വര്‍ഷം ഷാര്‍ജ ഐ.സി.സി സെന്റര്‍ സെക്രട്ടറിയായിരുന്ന സാജിദ് ഒരുപാട് നല്ല ഓര്‍മകള്‍ ബാക്കിവെച്ച് കൊണ്ടാണ് യാത്രയായത്. നിര്‍ണിത ലക്ഷ്യത്തോടെ പ്രവാസിയാവുകയും കൃത്യമായ പ്ലാനിംഗോടെ അത് പൂര്‍ത്തീകരിച്ച് മടങ്ങുകയുമായിരുന്നു സാജിദ്. മൂന്ന് വര്‍ഷം കൊണ്ട് പ്രവാസം അവസാനിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഭാവി ഓര്‍മപ്പെടുത്തിക്കൊണ്ട് സംസാരിച്ചവരോടൊക്കെ 'ഈ ലോകത്ത് പ്രൗഢമായ ഒരു ജീവിതമല്ല, പരലോകത്ത് അല്ലാഹുവിന്റെ സ്വര്‍ഗത്തില്‍ ഒരു ഭവനമാണ് ഞാന്‍ കൊതിക്കുന്നത്' എന്ന് മറുപടി പറഞ്ഞ സാജിദിന്റെ ആഗ്രഹം അല്ലാഹു കണ്ടറിഞ്ഞിരിക്കണം.
ഒരു പ്രസംഗകന്‍ എന്നതിലേറെ ഒരു നല്ല പ്രവര്‍ത്തകനായിരുന്നു സാജിദ്. പ്രവാസത്തിന്റെ ഇടവേളകളില്‍ വീണു കിട്ടിയ സന്ദര്‍ഭങ്ങള്‍ ഇസ്‌ലാമിക പഠനവായനകള്‍ക്ക് വിനിയോഗിച്ച സാജിദ് മരിക്കുന്നത് വരെ മലപ്പുറം പോലീസ് പള്ളിയില്‍ ഖത്വീബുമായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ മരണപ്പെടുമ്പോള്‍ വെള്ളിയാഴ്ച പറയാനുള്ള ഖുത്വ്ബയുടെ സിനോപ്‌സിസ് അവന്റെ മേശപ്പുറത്ത് റെഡിയായിരുന്നു, വിഷയമാവട്ടെ മരണാനന്തര ജീവിതം...! പ്രവാസം അവസാനിപ്പിച്ച് സാജിദ് നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തില്‍ പ്രവര്‍ത്തകരെ ഉദ്‌ബോധിപ്പിച്ച ഹദീസ് ഒരു പക്ഷേ അവന്‍ ജീവിതത്തിലുടനീളം മുറുകെ പിടിച്ചിരിക്കണം. 'പ്രഭാതമായാല്‍ നിങ്ങള്‍ പ്രദോഷത്തെ പ്രതീക്ഷിക്കരുത്, പ്രദോഷമായാല്‍ പ്രഭാതത്തെയും.' ഇസ്‌ലാമിക മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുകവഴി തന്റെ കാലില്‍ പുരണ്ട പൊടിയും, നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പുകണങ്ങളുമായാണ് സാജിദ് തന്റെ നാഥനെ കണ്ട് മുട്ടാന്‍ യാത്രയായത്.
വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറം മണ്ഡലം പി.ആര്‍ സെക്രട്ടറി, പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി മെമ്പര്‍, മലപ്പുറം മുനിസിപ്പല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. മൂന്ന് ആണ്‍മക്കളാണ് സാജിദിന്. മലപ്പുറം കാളമ്പാടി പരേതനായ കെ.എം സുലൈമാന്‍ സാഹിബിന്റെ മകള്‍ സാജിദയാണ് ഭാര്യ. ഒരു സഹോദരനും മൂന്ന് സഹോദരിമാരുമുണ്ട്.
Comments