Prabodhanm Weekly

Pages

Search

2013 ഡിസംബര്‍ 13

ഇന്ത്യയും ഇസ്‌ലാമിക് ബാങ്കിംഗും

യിടെ ലണ്ടനില്‍ സമ്മേളിച്ച വേള്‍ഡ് ഇസ്‌ലാമിക് എക്കണോമിക്‌സ് ഫോറത്തെ അഭിസംബോധന ചെയ്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ശ്രദ്ധേയമായ ഒരു പ്രഭാഷണം നടത്തുകയുണ്ടായി. അദ്ദേഹം പറഞ്ഞു: പാരമ്പര്യ ബാങ്കിംഗിന്റെ വളര്‍ച്ചയെക്കാള്‍ 50 ശതമാനം വര്‍ധിച്ച വേഗത്തിലാണ് ഇസ്‌ലാമിക് ബാങ്കുകള്‍ വളര്‍ന്നുകൊണ്ടിരിക്കുന്നത്. തന്റെ ഗവണ്‍മെന്റ് ഈ ബാങ്കിംഗ് സമ്പ്രദായത്തെ വേണ്ട സൗകര്യങ്ങളൊരുക്കി കൊടുത്ത് പ്രോത്സാഹിപ്പിക്കുകയാണ്. വരും നാളുകളില്‍ ബ്രിട്ടന്‍ മുസ്‌ലിം നാടുകളില്‍ ബഹു മില്യന്‍ പൗണ്ടിന്റെ മൂലധന നിക്ഷേപം നടത്തും. ഇസ്‌ലാമിക് ബോണ്ടുകള്‍ പുറത്തിറക്കുന്ന ആദ്യത്തെ അമുസ്‌ലിം രാജ്യമാവുകയാണ് ബ്രിട്ടന്‍. 20 കോടി പൗണ്ടിന്റെ ബോണ്ടാണ് ഇറക്കാനുദ്ദേശിക്കുന്നത്. ഈ ബോണ്ടില്‍ പലിശയില്ലാതെ പണം നിക്ഷേപിക്കാം. അത് ഉപയോഗിച്ചു നടത്തുന്ന ഉല്‍പാദന സംരംഭങ്ങളില്‍ നിന്നുള്ള ലാഭവിഹിതം ബോണ്ടുടമകള്‍ക്ക് വിതരണം ചെയ്യും. ഇപ്പോള്‍ ബ്രിട്ടീഷ് മുസ്‌ലിംകള്‍ക്ക് ഇസ്‌ലാമിക ബാങ്കുകളില്‍ നിന്ന് വിദ്യാഭ്യാസ വായ്പയെടുക്കാന്‍ സൗകര്യമുണ്ട്. ഇസ്‌ലാമികമായ ആദായങ്ങളിലുള്ള ഇരട്ട നികുതി അവസാനിപ്പിച്ചിരിക്കുന്നു.  മുസ്‌ലിം നാടുകളിലുള്ള മൂലധനമുടമകളെ ബ്രിട്ടീഷ് മാര്‍ക്കറ്റിലേക്കാകര്‍ഷിക്കാനുള്ള സുപ്രധാനമായ ചുവടുവെപ്പാണിത്. ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ ഇസ്‌ലാമിക് ഇന്‍ഡക്‌സ് സജ്ജീകരിച്ചാല്‍ മുസ്‌ലിംകള്‍ക്ക് അവരാഗ്രഹിക്കുന്ന കമ്പനികള്‍ തെരഞ്ഞെടുക്കാന്‍ സൗകര്യമാകും. അത് ഇസ്‌ലാമിക് ബാങ്കുകളുടെ ഭാവി കൂടുതല്‍ ഭാസുരമാക്കും...
ഫ്രഞ്ചു ഗവണ്‍മെന്റിന്റെ അംഗീകാരത്തോടെ ഫ്രാന്‍സിലും ഇസ്‌ലാമിക് ബാങ്കുകള്‍ വിജയകരമായി പ്രവര്‍ത്തിച്ചുതുടങ്ങിയിട്ട് ദശകങ്ങളായി. കമ്യൂണിസം കാലഹരണപ്പെടുകയും മുതലാളിത്തത്തിന് ദിശാബോധമില്ലാതാവുകയും ചെയ്ത സാഹചര്യത്തില്‍ ലോകമെങ്ങും ഇസ്‌ലാമിക് ബാങ്കിംഗ് സ്വീകാര്യത നേടിക്കൊണ്ടിരിക്കുകയാണ്. മിക്ക രാജ്യങ്ങളും അവരുടെ സമ്പദ്‌വ്യവസ്ഥയില്‍ അതിന് ഇടം കണ്ടെത്തിയിരിക്കുന്നു.ഇസ്‌ലാമിക് ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്ന നാടുകളില്‍ ഇസ്‌ലാമിക മൂലധന പ്രവര്‍ത്തനം വികസനോന്മുഖമായി മുന്നേറുന്നതാണതിനു കാരണം. ഇസ്‌ലാമിക് ബോണ്ടുകളിറക്കാന്‍ പദ്ധതിയിട്ട ബ്രിട്ടന്‍ ലക്ഷ്യമിടുന്നത് ലണ്ടന്‍ നഗരത്തെ യൂറോപ്പിലെ ഇസ്‌ലാമിക മൂലധനകേന്ദ്രമാക്കാനാണ്. ഇക്കാര്യത്തില്‍ ദുബൈ പോലുള്ള മുസ്‌ലിം നഗരങ്ങളുമായി മത്സരിക്കാനും അവര്‍ക്ക് താല്‍പര്യമുണ്ട്.
പലിശ വാങ്ങുകയോ കൊടുക്കുകയോ ചെയ്യുന്നില്ല എന്നതു മാത്രമല്ല ഇസ്‌ലാമിക് ബാങ്കുകളുടെ പ്രസക്തി. പലിശയില്‍നിന്നു മാത്രമല്ല, ചൂഷണാത്മകമായ എല്ലാ ഇടപാടുകളില്‍ നിന്നും സമ്പദ്ഘടനയെ മോചിപ്പിക്കുന്നതിന്റെ ഭാഗമാണ് ഇസ്‌ലാമിക് ബാങ്കിംഗ്. ആധുനിക ലോകത്ത് എല്ലാ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെയും കേന്ദ്ര ബിന്ദുവാണ് പലിശ. പലിശ നിരക്ക് കൂട്ടിയും കുറച്ചുമാണ് അപ്പപ്പോഴുണ്ടാകുന്ന സാമ്പത്തിക കുഴപ്പങ്ങള്‍ പരിഹരിക്കുന്നത്. ഇതൊരു താല്‍ക്കാലിക പോംവഴി മാത്രമാണ്. കുഴപ്പങ്ങള്‍ അടിസ്ഥാനപരമായി നിലനില്‍ക്കുകയും പിന്നീട് കൂടുതല്‍ ഗുരുതരമായ സ്വഭാവത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. പല രാജ്യങ്ങളിലും പട്ടിണിയും തൊഴിലില്ലായ്മയും കൊടികുത്തിവാഴുന്നു. വിലക്കയറ്റവും നാണ്യ പെരുപ്പവും മൂല്യശോഷണവും അടിക്കടി വര്‍ധിച്ചുവരുന്നു. യഥാര്‍ഥമായ ഉല്‍പാദന വിതരണങ്ങളുടെ സ്ഥാനം ഊഹവും ആദായത്തിന്റെ സ്ഥാനം പലിശയും ഏറ്റെടുത്തതാണിതിനു കാരണം. ആവശ്യാനുസൃതമായ ഉല്‍പാദനം, വിതരണം, തൊഴില്‍ വിനിമയം എന്നിവയിലധിഷ്ഠിതമായ ഇസ്‌ലാമിക സമ്പദ്‌വ്യവസ്ഥയുടെ പ്രവര്‍ത്തനം ഇതില്‍നിന്ന് തികച്ചും വ്യത്യസ്തവും മാനുഷിക ചോദനകളെ തൃപ്തിപ്പെടുത്തുന്നതും വികസ്വരവുമാണ്.
ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞതുകൊണ്ടാണ് മതേതര ക്രൈസ്തവ യൂറോപ്പ് ഇസ്‌ലാമിക് ബാങ്കുകളെ സ്വാഗതം ചെയ്യുന്നത്; അല്ലാതെ മുസ്‌ലിംകളോടോ ഇസ്‌ലാമിനോടോ ഉള്ള മമത കൊണ്ടല്ല. ഇസ്‌ലാമിക് ബാങ്കിംഗിന് മുന്തിയ പരിഗണന നല്‍കുന്ന ബ്രിട്ടനില്‍ മുസ്‌ലിംകള്‍ ഏറെ പീഡിതരാണ്. മുസ്‌ലിംകള്‍ -ഇസ്‌ലാമിക വേഷം ധരിച്ചവര്‍ വിശേഷിച്ചും- നിരന്തരം ആക്രമിക്കപ്പെടുന്നു. അവര്‍ക്ക് തൊഴില്‍ നിഷേധിക്കപ്പെടുന്നു. സര്‍ക്കാറുദ്യോഗങ്ങളില്‍ നിന്ന് തഴയപ്പെടുന്നു. ഫ്രാന്‍സിലും സ്ഥിതി വ്യത്യസ്തമല്ല. മുസ്‌ലിം സ്ത്രീകള്‍ തലമറക്കുന്നതിനു പോലും വിലക്കുള്ള രാജ്യമാണത്. എങ്കിലും തങ്ങള്‍ക്ക് ഗുണകരമായ ഒരു സമ്പ്രദായം അവതരിപ്പിച്ചത് ഇസ്‌ലാം ആയതിന്റെ പേരില്‍ തള്ളിക്കളയുന്നത് ശുദ്ധ മണ്ടത്തരമാണെന്ന് അവര്‍ തിരിച്ചറിയുന്നു. ദാഹിച്ചു മരിച്ചാലും  അയിത്ത ജാതിയുടെ കിണറ്റില്‍ നിന്ന് വെള്ളം കുടിക്കാനും സ്വന്തം കിണറ്റില്‍നിന്ന് അവരെ കുടിപ്പിക്കാനും പാടില്ലെന്ന 'ധര്‍മ'ത്തില്‍ അഭിരമിക്കുന്നവരില്‍ നിന്ന് ഈ യാഥാര്‍ഥ്യബോധവും തിരിച്ചറിവും അത്ര പെട്ടെന്ന് പ്രതീക്ഷിക്കേണ്ടതില്ല. അതുകൊണ്ടാണ് പതിനഞ്ചു കോടിയിലേറെ മുസ്‌ലിംകളുള്ള ഇന്ത്യയില്‍ സാധ്യതകളേറെയുണ്ടായിട്ടും ഇസ്‌ലാമിക ബാങ്കിനുള്ള ശ്രമങ്ങള്‍ ആര്‍.ബി.ഐ നിയമങ്ങളുടെ കടമ്പകളില്‍ തട്ടി പൊലിഞ്ഞുപോകുന്നത്. മുസ്‌ലിം നാടുകളില്‍ നിന്നുള്ള മൂലധനം വന്‍തോതില്‍ ആകര്‍ഷിക്കാന്‍ ഇസ്‌ലാമിക് ബാങ്കുകള്‍ക്ക് കഴിയുമെന്ന കാര്യവും നാം അവഗണിക്കുന്നു. 2009-ല്‍ എല്‍.ഡി.എഫ് ഗവണ്‍മെന്റ് കേരളത്തില്‍ അല്‍ബറക്ക എന്ന പേരില്‍ ഒരു പലിശ രഹിത ധനകാര്യ സ്ഥാപനത്തിന് രൂപം നല്‍കിയപ്പോള്‍ ഇസ്‌ലാമികവത്കരണം, മുസ്‌ലിം പ്രീണനം, മതേതരത്വ ധ്വംസനം തുടങ്ങിയ ആക്ഷേപങ്ങളാല്‍ അന്തരീക്ഷം കലുഷമായി. 'ഇസ്‌ലാമിക് ബാങ്ക്' തടയണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യ സ്വാമി കോടതിയെ സമീപിച്ചു. ഇസ്‌ലാമിക് ബാങ്ക് ആരംഭിക്കാനാവശ്യമായ ഭേദഗതികള്‍ ആര്‍.ബി.ഐ നിയമത്തില്‍ വരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് 2012 ജൂണില്‍ ന്യൂനപക്ഷ കമീഷന്‍ കേന്ദ്ര ധനമന്ത്രാലയത്തെ സമീപിക്കുകയുണ്ടായി. നിലപാട് പുനഃപരിശോധിക്കാന്‍ റിസര്‍വ് ബാങ്കിനോട് ശിപാര്‍ശ ചെയ്തിട്ടുണ്ടെന്ന് ധനമന്ത്രാലയം അറിയിച്ചുവെങ്കിലും ഒന്നും സഭവിച്ചില്ല. 2012 ജൂലൈയില്‍ പാര്‍ലമെന്റ് കൊണ്ടുവന്ന മൈക്രോ ഫിനാന്‍സിംഗ് ബില്ലാവട്ടെ, നിലവിലുള്ള പലിശ രഹിത മൈക്രോ ഫിനാന്‍സിംഗ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തന്നെ കൂടുതല്‍ ദുഷ്‌കരമാക്കുന്നതാണ്.
ഇക്കൊല്ലം യു.ഡി.എഫ് ഗവണ്‍മെന്റ് ചേരമാന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് ലിമിറ്റഡ് എന്ന പേരില്‍ ഒരു പലിശരഹിത ധനകാര്യ സ്ഥാപനത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. ആര്‍.ബി.ഐ നിയമങ്ങള്‍ക്കകത്ത് പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം ആയിരം കോടി മൂലധനം ലക്ഷ്യമിട്ടിരിക്കുന്നു. 11 ശതമാനം ഓഹരി സര്‍ക്കാറിന്റേതായിരിക്കും. മഹാരാഷ്ട്ര, കര്‍ണാടക, കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ ഇത്തരം സ്വകാര്യ സംരംഭങ്ങള്‍ നേരത്തെ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. അവയുടെയൊക്കെ വളര്‍ച്ചയും വികാസവും ഇന്ത്യയില്‍ ഇസ്‌ലാമിക് ബാങ്കിംഗിനോടുള്ള അയിത്തം തൂത്തെറിയുമെന്ന് പ്രതീക്ഷിക്കാം.


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/75-80
എ.വൈ.ആര്‍