Prabodhanm Weekly

Pages

Search

2013 ഡിസംബര്‍ 13

ഖാലിദ് എന്ന വിസ്മയം

പി.കെ ജമാല്‍

ഹുദൈബിയാ സന്ധിക്ക് ശേഷം വലീദുബ്‌നുല്‍ വലീദ് ഇസ്‌ലാമിലേക്ക് വന്ന നാളുകളിലാണ് സംഭവം. ഉംറ നിര്‍വഹിക്കാനായി മക്കയില്‍ എത്തിയ റസൂല്‍(സ) വലീദിനോട്:
''എവിടെ നിന്റെ സഹോദരന്‍ ഖാലിദ്?''
''അവനെ അല്ലാഹു കൊണ്ടുവരും'' വലീദ്. ''അദ്ദേഹത്തെ പോലെ ഒരാള്‍ ഇസ്‌ലാമിനെ കുറിച്ച് അജ്ഞനാവാന്‍ പാടില്ലാത്തതാണ്. അദ്ദേഹത്തിന്റെ നൈപുണിയും യുദ്ധപാടവവും നമുക്ക് പ്രയോജനപ്പെട്ടിരുന്നെങ്കില്‍ അത് അദ്ദേഹത്തിനും ഗുണകരമായേനെ. മറ്റുള്ളവര്‍ക്കില്ലാത്ത മുന്തിയ പരിഗണന നല്‍കി നാം അദ്ദേഹത്തെ മുന്നില്‍നിര്‍ത്തിയേനെ.'' റസൂല്‍ പറഞ്ഞു.
വലീദ് സഹോദരന്‍ ഖാലിദിനെയും അന്വേഷിച്ചിറങ്ങി. എവിടെയും കണ്ടില്ല. കത്തെഴുതി വീട്ടില്‍ കൊടുത്തു. ''കരുണാവാരിധിയും ദയാപരനുമായ അല്ലാഹുവിന്റെ തിരുനാമത്തില്‍. നിനക്ക് ഇത്രയൊക്കെ ബുദ്ധിയും വിവേകവും തിരിച്ചറിവും ഉണ്ടായിട്ടും ഇസ്‌ലാമിനെ കുറിച്ച് നീ അറിയാതെ പോയതാണ് എന്നെ അമ്പരപ്പിക്കുന്നത്. ഇസ്‌ലാമിനെ പോലെ ഒരു മതത്തെ ആരെങ്കിലും അറിയാതെ പോകുമോ? അല്ലാഹുവിന്റെ റസൂല്‍ എന്നോട് നിന്നെക്കുറിച്ച് അന്വേഷിച്ചു. നിന്റെ സ്ഥിതിയെല്ലാം ചോദിച്ചറിഞ്ഞു. എന്തെല്ലാം നല്ല വാക്കുകളാണ് റസൂല്‍ നിന്നെക്കുറിച്ച് പറഞ്ഞതെന്നോ! ആ ഹൃദയം നിറയെ നിന്നെക്കുറിച്ച നല്ല ഓര്‍മകളും പ്രതീക്ഷകളുമാണ്. നിന്നെക്കുറിച്ച് പറയുമ്പോള്‍ ആയിരം നാവാണ് റസൂലിന്ന്. എന്റെ പ്രിയ സഹോദരാ! നിരവധി നല്ല നല്ല സന്ദര്‍ഭങ്ങള്‍ നിനക്ക് നഷ്ടപ്പെട്ടുപോയി, നഷ്ടപ്പെട്ട ആ നാളുകള്‍ ഇനിയെങ്കിലും തിരിച്ചുപിടിക്കൂ.''
നേരത്തെ ഇസ്‌ലാമിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയ ഖാലിദിന് ഈ കത്ത് ഉണര്‍ത്തുപാട്ടായി. റസൂലിന്റെ മനസ്സില്‍ താനുണ്ടല്ലോ എന്ന വിചാരം ഖാലിദിനെ ആവേശഭരിതനാക്കി. മക്കയില്‍നിന്ന് മദീനയിലേക്കുള്ള യാത്ര ഖാലിദുബ്‌നു വലീദിന്റെ വാക്കുകളില്‍: ''യാത്രയില്‍ ഒരു കൂട്ടുകാരനുണ്ടായെങ്കില്‍ എന്ന് ഞാന്‍ കൊതിച്ചു. അങ്ങനെയാണ് ഉസ്മാനുബ്‌നുത്വല്‍ഹയെ കാണുന്നത്. എന്റെ ഉദ്ദേശ്യം ഞാന്‍ അദ്ദേഹത്തെ അറിയിച്ചു. അദ്ദേഹം കൂടെ വരാമെന്ന് സമ്മതിച്ചു. പാതിരാവിലാണ് ഞാന്‍ യാത്ര പുറപ്പെട്ടത്. കുറച്ചുദൂരം പിന്നിട്ടപ്പോള്‍ വഴിയില്‍ അംറുബ്‌നുല്‍ ആസ്വിനെ കണ്ടു.
''സ്വാഗതം, സ്വാഗതം, എങ്ങോട്ടാണ് ഈ പാതിരാവില്‍ യാത്ര?'' അംറുബ്‌നുല്‍ ആസ്വ്. ''ഞങ്ങള്‍ നബി(സ)യുടെ അടുത്തേക്ക് തിരിച്ചതാണ്. ഇസ്‌ലാം സ്വീകരിക്കാനാണ് ഈ യാത്ര''- ഞങ്ങള്‍ യാത്രോദ്ദേശ്യം വിവരിച്ചു. ''ഞാനും അതേ ലക്ഷ്യത്തോടെ യാത്ര തിരിച്ചതാണ്''- അംറുബ്‌നുല്‍ ആസ്വ്.
അങ്ങനെ ഞങ്ങള്‍ മൂവരും മദീനയില്‍ എത്തി. ഹിജ്‌റ എട്ടാം വര്‍ഷം സഫര്‍ ഒന്ന്. ആദ്യം ഞാനാണ് ശഹാദത്ത് കലിമ ചൊല്ലി ഇസ്‌ലാം സ്വീകരിച്ചത്. അപ്പോള്‍ റസൂല്‍(സ): ''താങ്കളെ ഇസ്‌ലാമിലേക്ക് വഴി കാണിച്ച അല്ലാഹുവിന്ന് സ്തുതി. നന്മയിലേക്ക് മാത്രം നയിക്കുന്ന ബുദ്ധി താങ്കള്‍ക്കുണ്ടെന്ന് എനിക്ക് നേരത്തെ ബോധ്യമുണ്ടായിരുന്നു.'' റസൂലിന്ന് ബൈഅത്ത് ചെയ്ത ഞാന്‍ അഭ്യര്‍ഥിച്ചു: ''അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് ജനങ്ങളെ തടഞ്ഞതുള്‍പ്പെടെ ഞാന്‍ ചെയ്ത എല്ലാ തെറ്റുകുറ്റങ്ങളും പാപങ്ങളും പൊറുത്തു തരാന്‍ അങ്ങ് അല്ലാഹുവിനോട് പ്രാര്‍ഥിച്ചാലും, റസൂലേ!''
''ഇസ്‌ലാം കഴിഞ്ഞകാല പാപങ്ങളെയെല്ലാം തേച്ചുമായ്ച്ചുകളയും ഖാലിദേ'' റസൂല്‍. ''റസൂലേ! എന്നാലും സ്വന്തം നിലക്ക് ഞാനതിന് അപേക്ഷിക്കുന്നു.'' ഞാന്‍ ശഠിച്ചു. ''അല്ലാഹുവേ! നിന്റെ മാര്‍ഗത്തില്‍നിന്ന് ജനങ്ങളെ തടഞ്ഞുനിര്‍ത്തിയതുള്‍പ്പെടെയുള്ള എല്ലാ പാപങ്ങളും ഖാലിദുബ്‌നുല്‍ വലീദിന് നീ പൊറുത്തുകൊടുക്കേണമേ!'' റസൂല്‍ എനിക്ക് വേണ്ടി പ്രാര്‍ഥിച്ചു. തുടര്‍ന്ന് ഉസ്മാനുബ്‌നു ത്വല്‍ഹയും അംറുബ്‌നുല്‍ ആസ്വും ശഹാദത്ത് ചൊല്ലി, ബൈഅത്ത് ചെയ്തു.''
****   ****   ****
ഖാലിദ്ബ്‌നുല്‍ വലീദ് പങ്കുവഹിച്ച ആദ്യത്തെ യുദ്ധമാണ് മുഅ്തഃ. മുഅ്തഃ യുദ്ധത്തിന് നായകത്വം വഹിച്ച മൂന്ന് സ്വഹാബി ശ്രേഷ്ഠരും ശഹീദായി. സൈദുബ്‌നുഹാരിസ, ജഅ്ഫറുബ്‌നു അബീത്വാലിബ്, അബ്ദുല്ലാഹിബ്‌നു റവാഹഃ. മൂവരും വധിക്കപ്പെട്ടതിനെ തുടര്‍ന്ന് അനാഥമായ പതാക ഓടിച്ചെന്നെടുത്ത് സാബിതുബ്‌നു അഖ്‌റം, ഖാലിദ്ബ്‌നുല്‍ വലീദിനോടായി പറഞ്ഞു: ''അബുസുലൈമാന്‍! ഈ പതാക അങ്ങ് കൈയേറ്റാലും!''
താന്‍ അതിന്നര്‍ഹനല്ലെന്ന് ധരിച്ച ഖാലിദ്(റ) ഒഴിഞ്ഞുമാറി: ''ക്ഷമിക്കണം. ഞാന്‍ പതാക വഹിക്കില്ല. താങ്കളാണ് അതിന്നേറ്റവും അര്‍ഹന്‍. എന്നെക്കാള്‍ പ്രായം താങ്കള്‍ക്കുണ്ട്. കൂടാതെ ബദ്‌റില്‍ പങ്കെടുത്ത ആളുമാണ് താങ്കള്‍.''
സാബിത് വീണ്ടും: ''ഖാലിദ്! ഈ പതാക സ്വീകരിച്ചാലും. എന്നെക്കാള്‍ യുദ്ധപരിജ്ഞാനം താങ്കള്‍ക്കാണ്. താങ്കളെ ഉദ്ദേശിച്ചാണ് ഞാന്‍ അതെടുത്ത് വന്നത്.'' പിന്നെ മുസ്‌ലിം ഭടന്മാരെ ഒരുമിച്ചു കൂട്ടി സാബിത്: ''ഖാലിദിന്റെ നേതൃത്വം നിങ്ങള്‍ക്ക് സമ്മതമാണോ?.''
''അതേ'' മുസ്‌ലിം സൈന്യം ഒരേ സ്വരത്തില്‍ സമ്മതമറിയിച്ചു. ഖാലിദ് പതാക ഏറ്റുവാങ്ങി മുസ്‌ലിം സൈന്യത്തെ രക്ഷിച്ചു വിജയത്തിലെത്തിച്ചു. സ്വഹാബിമാരില്‍നിന്ന് യുദ്ധവിവരങ്ങള്‍ അറിഞ്ഞ റസൂല്‍: ''സൈദ് പതാകയേന്തി ശഹീദായി. പിന്നെ പതാക വഹിച്ച ജഅ്ഫറും ശഹീദായി. അനന്തരം പതാക ഏറ്റ അബ്ദുല്ലാഹിബ്‌നു റവാഹയും ശഹീദായി (റസൂലിന്റെ ഇരു കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു). അല്ലാഹുവിന്റെ ഖഡ്ഗങ്ങളില്‍ ഒരു ഖഡ്ഗമാണ് പിന്നെ പതാക വഹിച്ചത്. അദ്ദേഹം മുഖേന മുസ്‌ലിം സൈന്യത്തെഅല്ലാഹു വിജയത്തിലേക്ക് നയിച്ചു.'' അന്ന് മുതല്‍ ഖാലിദ്ബ്‌നുല്‍ വലീദ് 'സൈഫുല്ലാഹ്' (അല്ലാഹുവിന്റെ വാള്‍) എന്ന പേരില്‍ പ്രശസ്തനായി.
****   ****   ****
മക്കാ വിജയത്തിലും കള്ള പ്രവാചകത്വവാദി മുസൈലിമത്തുല്‍ കദ്ദാബിന്റെയും കൂട്ടരുടെയും അന്ത്യംകുറിച്ച യമാമ യുദ്ധത്തിലുമുള്‍പ്പെടെ മുര്‍ത്തദ്ദുകളുമായി നടന്ന ഏറ്റുമുട്ടലുകളിലും ഖാലിദുബ്‌നു വലീദ് നിര്‍ണായക പങ്കുവഹിച്ചു.
****   ****   ****
റോമന്‍ സൈന്യത്തെ നേരിടാന്‍ സജ്ജമാക്കിയ മുസ്‌ലിം സൈന്യത്തിന് നേതൃത്വം നല്‍കാന്‍ ഖലീഫ അബൂബക്കര്‍ സിദ്ദീഖ്, ഖാലിദ്ബ്‌നുല്‍ വലീദിനെയാണ് തെരഞ്ഞെടുത്തത്. രണ്ടു ലക്ഷത്തിനാല്‍പ്പതിനായിരം വരുന്ന റോമാ സൈന്യത്തെ അഭിമുഖീകരിക്കാന്‍ തയാറായി നിന്ന മുസ്‌ലിം സൈന്യത്തെ ഖാലിദ് അഭിസംബോധന ചെയ്തു: ''അല്ലാഹുവിന്റെ ദിനങ്ങളില്‍ ഒരു അവിസ്മരണീയ ദിനമാണിത്. ദുരഭിമാന ചിന്തയോ അതിക്രമമനോഭാവമോ ഈ ദിനത്തില്‍ പാടുള്ളതല്ല. ജിഹാദില്‍ ആത്മാര്‍ഥത കൈക്കൊള്ളുക. കര്‍മം മുഖേന അല്ലാഹുവിനെ തേടുക. യുദ്ധ നേതൃത്വം നമുക്ക് ഊഴമിട്ടെടുക്കാം. നമ്മില്‍ ഒരാള്‍ ഇന്ന് യുദ്ധം നയിക്കും. നാളെ മറ്റൊരാളാവും അമീര്‍. ശേഷം വേറൊരാള്‍. അങ്ങനെ നിങ്ങളെല്ലാവരും യുദ്ധത്തിന് നേതൃത്വം നല്‍കുന്നവരാവും.''
റോമാ സാമ്രാജ്യത്തെ പരാജയപ്പെടുത്തിയ യര്‍മൂക് യുദ്ധവേളയിലാണ് ഖലീഫ അബൂബക്ര്‍ സിദ്ദീഖി(റ)ന്റെ മരണമുണ്ടായത്. ഭരണമേറ്റ ഉമറുല്‍ ഫാറൂഖ്(റ) ഖാലിദ്ബ്‌നുല്‍ വലീദിനെ സര്‍വസൈന്യാധിപ സ്ഥാനത്ത്‌നിന്ന് നീക്കി അബൂഉബൈദത്തുബ്‌നുല്‍ ജര്‍റാഹിനെ തല്‍സ്ഥാനത്ത് നിയമിച്ച് യുദ്ധമുഖത്തേക്ക് സന്ദേശമയച്ചു. യുദ്ധം അവസാനിക്കുന്നതുവരെ അബൂഉബൈദ ഈ വിവരം പുറത്തുവിട്ടില്ല. പിന്നീട് സന്ദേശം കൈമാറിയപ്പോള്‍ മറുത്തൊരക്ഷരം ഉരിയാടാതെ ഖാലിദ് സ്ഥാനം കൈയൊഴിഞ്ഞു. സാധാരണ ഭടനായി അബൂഉബൈദയുടെ കീഴില്‍ സേവനമനുഷ്ഠിച്ചു. തന്റെ ജീവിതം അല്ലാഹുവിന് വേണ്ടിയാണല്ലോ എന്ന ചിന്തയാണ് അദ്ദേഹത്തെ നയിച്ചത്.
അവസാന നാളുകള്‍ ഖാലിദ്(റ) ശാമിലെ ഹിമ്മസിലാണ് കഴിച്ചുകൂട്ടിയത്. അന്ത്യമടുത്തു എന്ന് മനസ്സിലാക്കിയ ഖാലിദ്(റ) പരിതപിച്ചു: ''നൂറിലേറെ യുദ്ധങ്ങളില്‍ പങ്ക് വഹിച്ചവനാണ് ഞാന്‍. വാളിന്റെ വെട്ടോ കുന്തത്തിന്റെ കുത്തോ മുറിവോ ഏല്‍ക്കാത്ത ഒരിഞ്ചും ഈ ശരീരത്തില്‍ അവശേഷിക്കുന്നില്ല. ഒട്ടകം ചാവുന്നപോലെ ഈ വിരിപ്പില്‍ കിടന്ന് മരിക്കാനാണല്ലോ എന്റെ വിധി!''
ഹിജ്‌റ ഇരുപത്തൊന്നാം വര്‍ഷമായിരുന്നു സംഭവ ബഹുലമായ ആ ജീവിതത്തിന്റെ അന്ത്യം. സ്വഹാബിമാര്‍ അദ്ദേഹത്തെ കുറിച്ച് അനുസ്മരിച്ചപ്പോള്‍ പറഞ്ഞതെത്ര ശരി! ''ഉറങ്ങാത്ത മനുഷ്യന്‍. ആരെയും ഉറങ്ങാനും അദ്ദേഹം വിടില്ല.''

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/75-80
എ.വൈ.ആര്‍