പ്രബോധനം എനിക്ക് വഴികാട്ടി
തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് എന്റെ വീട്. മാതാപിതാക്കള്‍ മലയാളികളായിരുന്നു. ഹൈസ്‌കൂള്‍ തലം വരെ തമിഴ് മീഡിയം സ്‌കൂളിലായിരുന്നു ഞാനടക്കമുള്ള സഹോദരീസഹോദരന്മാര്‍ പഠിച്ചിരുന്നത്. അതിനാല്‍ ഞങ്ങള്‍ തമിഴ് ഭാഷയിലായിരുന്നു ആശയ വിനിയമം നടത്തിവന്നത്. മലയാളം എഴുതാനോ വായിക്കാനോ കഴിയുമായിരുന്നില്ല. എന്റെ നാടന്‍ മലയാളത്തിന് ഉച്ചാരണ ശുദ്ധി കുറവായിരുന്നു. വീട്ടില്‍ തമിഴ് പത്രങ്ങളും കുമുദം പോലുള്ള തമിഴ് വാരികകളും വരുത്തിയിരുന്നു.
എന്റെ ഉമ്മയില്‍ നിന്നാണ് മലയാളത്തിന്റെ ആദ്യാക്ഷരങ്ങള്‍ പഠിച്ചത്. ഒച്ചിന്റെ വേഗത്തിലാണെങ്കിലും പ്രബോധനം വായന തുടങ്ങി. പുതിയ ഭാഷയും പുതിയ അറിവുകളും കുട്ടിക്കാലത്ത് പഠിക്കാനുള്ള ഉത്സാഹം വര്‍ധിപ്പിച്ചു. വിവാഹശേഷവും എന്റെ വിദ്യാഭ്യാസം തുടര്‍ന്നു. പ്രബോധനത്തിന്റെ സ്ഥിരം വായനക്കാരനായിരുന്ന ഭര്‍ത്താവിന്റെ ശീലം എനിക്ക് നന്നായി ഉപയോഗപ്പെടുത്താനായി.
ഖുര്‍ആന്‍ പരിഭാഷ, ഹദീസ് പംക്തി, കര്‍മശാസ്ത്രം, ചരിത്രം, ഇസ്‌ലാമിക ലോകത്തെ ആനുകാലിക ചലനങ്ങള്‍ തുടങ്ങിയവ പഠിക്കാന്‍ ഞാന്‍ ആശ്രയിച്ചത് പ്രബോധനത്തെയായിരുന്നു. തുടക്കത്തില്‍ തപ്പിത്തടഞ്ഞുള്ള എന്റെ വായനക്ക് പിന്നീട് ഗതിവേഗം കൂടി. ദൈവിക വചനങ്ങളുടെ ഗാംഭീര്യം ചോര്‍ന്നുപോവാതെ ശ്രേഷ്ഠമലയാളത്തിലുള്ള ഖുര്‍ആന്‍ പരിഭാഷ വായിച്ചെടുക്കാന്‍ പലപ്പോഴും വീട്ടുകാരനെ തന്നെ ഗുരുവാക്കേണ്ടിവന്നിട്ടുണ്ട്.
ഇപ്പോള്‍ ഖുര്‍ആന്‍ ബോധനത്തിലൂടെ പരിഭാഷയും വ്യാഖ്യാനവും മറ്റു സൂറകളിലെ അനുയോജ്യമായ ആയത്തുകള്‍ ഉള്‍പ്പെടുത്തിയുള്ള വിശദീകരണങ്ങളും മറ്റാരുടെയും സഹായമില്ലാതെ മനസ്സിലാക്കാന്‍ കഴിയുന്നു. ആഴ്ചകള്‍ തോറും വാരികയില്‍ വരുന്ന ആയത്തുകളും പരിഭാഷയും വാക്കുകളും അവയിലുടെ അര്‍ഥവുമെല്ലാം ഒരു പ്രാവശ്യം പകര്‍ത്തെഴുതുന്നതിലൂടെ എളുപ്പത്തില്‍ ഓര്‍ത്തെടുക്കാനും അറബിലിപി അനായാസം എഴുതാനും കഴിയുന്നു. ഇതെന്റെ അനുഭവമാണ്. ഇത് ഖുര്‍ആന്‍ പഠിതാക്കള്‍ക്ക് ഒരനുഗ്രഹം തന്നെ. കൂടാതെ മലയാളത്തിലുള്ള മറ്റു പരിഭാഷകളും കൈയെത്താവുന്ന ദൂരത്തുണ്ട്. പഠിതാക്കള്‍ക്ക് മറ്റൊനുഗ്രഹം, അല്‍ഹംദുലില്ലാഹ്.
വര്‍ഷങ്ങളായുള്ള പ്രബോധന ബന്ധം മലയാള ദിനപത്രങ്ങള്‍, തഫ്ഹീമുല്‍ ഖുര്‍ആന്‍, ആരാമം, ഐ.പി.എച്ച് പുസ്തകങ്ങള്‍, മറ്റു മലയാള പ്രസിദ്ധീകരണങ്ങള്‍ എന്നിവ വായിക്കാന്‍ എന്നെ പ്രാപ്തയാക്കി.
ഇരുപതാം വയസ്സില്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ മുഖേന തമിഴ് ടീച്ചറായി നിയമനം ലഭിച്ച ഞാന്‍ പാലക്കാട് ടൗണിലുള്ള തമിഴ് മീഡിയം ഗവണ്‍മെന്റ് സ്‌കൂളിലാണ് പഠിപ്പിച്ചിരുന്നത്. മലയാളം മാതൃഭാഷയല്ലാത്തവര്‍ക്കു വേണ്ടി പി.എസ്.സി നടത്തുന്ന മലയാളം ടെസ്റ്റ് പാസ്സാവാനും പ്രമോഷന്‍ വഴി മലയാളം മീഡിയം ഗവണ്‍മെന്റ് സ്‌കൂളില്‍ ഹെഡ്മിസ്ട്രസ് ആവാനും കഴിഞ്ഞു.
എന്റെ ഔദ്യോഗിക സേവനരംഗത്തും കര്‍മമണ്ഡലങ്ങളിലും ഗാര്‍ഹിക ജീവിതത്തിലും ഏറെ സ്വാധീനിച്ച പ്രബോധനത്തിന് നന്ദി.
Comments