Prabodhanm Weekly

Pages

Search

2013 ഡിസംബര്‍ 13

ആത്മീയ വീണ്ടെടുപ്പിന് കുറുക്കു വഴികളില്ല

അബൂ റയ്യാന്‍

'മുസ്‌ലിംകള്‍ സാമ്പത്തികമായി വളരുന്നു, വിദ്യാഭ്യാസപരമായി ഉയരുന്നു, സാമൂഹികമായി ഉണരുന്നു, പക്ഷേ, ആത്മീയമായി വരളുന്നു', ഈ വിലയിരുത്തല്‍ ഇന്ന് വ്യാപകമാണ്.
മദ്‌റസകള്‍ ഒരുപാടുണ്ട്, മതവിദ്യാലയങ്ങള്‍ ധാരാളമുണ്ട്. മലയാളത്തില്‍ തന്നെ ഉപദേശം കേള്‍ക്കാന്‍ കഴിയുന്ന ജുമുഅ ഖുത്വ്ബകളും നിക്കാഹ് ഖുത്വ്ബകളും ഉണ്ട്. പള്ളികള്‍ക്കും ഒട്ടും കുറവില്ല. പള്ളിയില്‍ കയറി നമസ്‌കരിക്കുന്നവരും ധാരാളം. എന്നിട്ടുമെന്തേ മുസ്‌ലിം സമൂഹം ആത്മീയമായി മികവ് പുലര്‍ത്താത്തത്? നല്ല മൂര്‍ച്ചയുള്ള ചോദ്യമാണ്.
ഖുര്‍ആന്‍ ധാരാളമായി വായിക്കുന്നവരാണ് മുസ്‌ലിംകള്‍. ഖുര്‍ആന്റെ പ്രതികളും, പരിഭാഷയോടും വ്യാഖ്യാനത്തോടും കൂടിയ തടിച്ച പുസ്തകങ്ങളും, കണ്ടും കേട്ടും ഖുര്‍ആന്‍ പഠിക്കാന്‍ സഹായിക്കുന്ന സീഡികളും, ഖുര്‍ആന്‍ പഠനത്തിന്റെ ഔപചാരിക-അനൗപചാരിക കേന്ദ്രങ്ങളും ഒട്ടനവധിയുണ്ട്. പക്ഷേ, വായനക്കാര്‍ക്ക് ഖുര്‍ആന്‍, ഹുദാ (സന്മാര്‍ഗം) ആയി മാറുന്നില്ല.
ഖുര്‍ആന്‍ പ്രയോജനപ്രദമായിത്തീരാനുള്ള ഉപാധികള്‍ പൂര്‍ത്തീകരിക്കാന്‍ നല്ലൊരു പങ്ക് മുസ്‌ലിംകള്‍ക്കും കഴിയുന്നില്ലെന്നതാണ് അതിന്റെ കാരണം. ഗൈബിയായ (അദൃശ്യം) ഈമാന്‍ (വിശ്വാസം) ഹൃദയത്തില്‍ ആഴത്തില്‍ വേരൂന്നിയ 'മുത്തഖി'(സൂക്ഷ്മാലു)കള്‍ക്കാണ് ഖുര്‍ആന്‍ 'ഹുദ' നല്‍കുക.
ദൃഷ്ടിക്കപ്പുറത്ത് ഒരു നിരീക്ഷകന്റെ സാന്നിധ്യമുണ്ടെന്ന് ചൊല്ലി പറയുന്ന 'ഈമാന്‍' പോരാ. ഹൃദയ ഭിത്തികളില്‍ ഹൃദയരക്തം കൊണ്ട് കുറിച്ചിട്ട ഈമാന്‍ തന്നെ വേണം. ആ ഈമാന്‍ 'റഖീബി'ന്റെയും 'അത്തീദി'ന്റെയും സാന്നിധ്യം എപ്പോഴും അവനെ ഓര്‍മപ്പെടുത്തിക്കൊണ്ടേയിരിക്കും. കര്‍മം കടുകുമണിത്തൂക്കമാണെങ്കിലും കര്‍മം ചെയ്തത് പാറമടയില്‍ വെച്ചാണെങ്കിലും ആകാശഭൂമികളിലെ ഏത് ഗോപ്യസ്ഥലത്ത് വെച്ചാണെങ്കിലും അല്ലാഹുവിന്റെ ദൃഷ്ടിയില്‍ പതിയുമെന്ന ബോധം അവനെ ഭരിച്ചുകൊണ്ടിരിക്കും. ഇത്ര സുശക്തമായ ഒരു ഈമാന്‍ നമുക്കിന്നില്ല. നമ്മുടെ ഈമാനിക പാഠാവലികളുടെ അവതരണവും ഈ ഈമാന്‍ മനസ്സുകളില്‍ കരുപ്പിടിപ്പിക്കുന്നതില്‍ വിജയിക്കുന്നില്ല.
ഈമാന്‍ നമുക്കിന്ന് ബാഹ്യ വിജ്ഞാനവും വിവരശേഖരണവുമാണ്. അല്ലാഹു ഏകന്‍, മലക്കുകള്‍, നബിമാര്‍, കിതാബുകള്‍, ഖദ്ര്‍, സ്വര്‍ഗം, നരകം, പരലോകം എല്ലാം വിദൂര വിവരങ്ങളായി നാമറിയുന്നുണ്ട്. നമ്മുടെ പുസ്തകങ്ങളിലുണ്ട്, സിലബസിലുമുണ്ട്... പക്ഷേ, ഈമാനിന്റെ ഒരു ശക്തി ഹൃദയത്തില്‍ പ്രവേശിക്കാതെ ആത്മാവില്‍ അലിഞ്ഞുചേരാതെ തസ്‌കിയ (സംസ്‌കരണം) അസാധ്യമാണ്.
നമ്മുടെ ഈമാനിനെ റാഞ്ചിയെടുക്കുന്ന മുഖ്യ വില്ലന്‍ ദുന്‍യാവ് (ഭൗതികത) തന്നെയാണ്. ഖുര്‍ആന്‍ ദുന്‍യാവിനെ സൂക്ഷിക്കാന്‍ താക്കീത് ചെയ്യുന്നുണ്ട്. ദുന്‍യാവ് ആകട്ടെ നമ്മെ വലയം ചെയ്തു നില്‍പാണ്. നാമിന്ന് മുതലാളിത്തമെന്ന് പേരിട്ടു വിളിക്കുന്ന, നമ്മെ ആത്മീയമായി ശൂന്യമാക്കിക്കളയുന്ന മുഖ്യ ഇബ്‌ലീസ്, ഖുര്‍ആന്‍ ദുന്‍യാവെന്ന് വിളിച്ച ആ വില്ലന്‍ തന്നെയാണ്.
ദുന്‍യാവ് അലങ്കാരമാണ്. ആണിന് പെണ്ണും പെണ്ണിന് ആണും അലങ്കാരമാണ്. പക്ഷേ, ആണ്‍ പെണ്‍ ബന്ധങ്ങളെ നേരത്തെ പറഞ്ഞ ഈമാന്‍ വന്ന് നിയന്ത്രിക്കേണ്ടതുണ്ട്. അതുപോലെ പണം, വാഹനം, അധികാരം എന്നിങ്ങനെ ദുന്‍യാവ് പിന്നെയും അലങ്കാരങ്ങളാണ്. ഈ അലങ്കാരങ്ങളുടെയെല്ലാം മേല്‍ അലങ്കാരമായി ഈമാന്‍ സ്ഥാനം പിടിക്കേണ്ടതുണ്ട്.
നമുക്കിന്നുള്ളത് ദുന്‍യാവിനെ നിയന്ത്രിക്കുന്ന മുഖ്യധാരാ ഈമാന്‍ അല്ല, മറിച്ച് ദുന്‍യാവിനെ പരിക്കേല്‍പിക്കാത്ത പുറമ്പോക്ക് ഈമാന്‍ മാത്രമാണ്. ഈ പുറമ്പോക്കിലാണ് നാം നമസ്‌കരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് നമസ്‌കാരക്കാരന്‍ തന്നെ പലിശക്കാരനും ബ്ലേഡ് മാഫിയയും പെണ്ണ് പിടിയനുമായി പ്രത്യക്ഷപ്പെടുന്നത്. സമ്പാദ്യ വിനിയോഗങ്ങളെ നിയന്ത്രിക്കുന്ന ഒരു നമസ്‌കാരം ഖുര്‍ആനിലുണ്ട്. തിന്മകളെ തടുക്കുന്ന ഒരു നമസ്‌കാരവും ഖുര്‍ആനിലുണ്ട്. പക്ഷേ, നമ്മുടെ സിലബസ് പ്രകാരം അഴിമതിയോ വ്യഭിചാരമോ പലിശയോ ഗുണ്ടാ പ്രവര്‍ത്തനമോ നമസ്‌കാരത്തെ ബാത്വില്‍ (അസാധു) ആക്കുന്ന അമലുകള്‍(കര്‍മം) അല്ല. സമുദായത്തില്‍ നിന്ന് നമുക്ക് ഊര് വിലക്ക് കല്‍പിക്കപ്പെടുന്ന അരുതായ്മകളും അല്ല. അത്തരം ഒരു ക്രിമിനലിസവും നമുക്ക് സമുദായത്തില്‍ നിന്ന് കിട്ടേണ്ട ദീനീ സര്‍വീസുകളെ വിലക്കുകയും ഇല്ല.
അനുഷ്ഠാന ജഡങ്ങളില്‍ നമ്മുടെ 'ദീന്‍' ജീവഛവമായി കിടപ്പാണ്. കളവ് പറയുന്നവന്റെ നോമ്പ് മുറിഞ്ഞുപോകുമെന്ന് പറയാന്‍ നമുക്ക് കഴിയാത്തത് അതുകൊണ്ടാണ്. സഹോദരനെ റാഗ് ചെയ്താല്‍ നമസ്‌കാരം ബാത്വിലാവുമെന്ന് പഠിപ്പിക്കാന്‍ കഴിയാത്തത് അതുകൊണ്ടാണ്.
നിര്‍ബന്ധ കര്‍മങ്ങളും ഐഛിക കര്‍മങ്ങളും വഴി അടിമ ദൈവത്തോട് ഏറെയേറെ അടുക്കുമെന്നാണ് പ്രവാചക പാഠം. ആ അടുപ്പം വഴി ദൈവത്തിന്റെ കണ്ണ് അവരുടേതായി മാറുമെന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. 'ദൈവത്തിന്റെ കാതും' 'ദൈവത്തിന്റെ കൈകാലുകളും' അവന്‍ സ്വന്തമാക്കുമെന്നും പറഞ്ഞിട്ടുണ്ട്. പക്ഷേ, ഇന്ന് ദൈവത്തിന്റെ കാലും പിശാചിന്റെ കാലും ഒരേ ഉടലിലാണ്. പള്ളിയിലേക്കും കള്ളുഷാപ്പിലേക്കും ഒരേസമയം നടക്കാന്‍ കഴിയുന്ന കാലാണത്. ഖുര്‍ആന്‍ പാരായണവും അശ്ലീല പാട്ടും ഒരേസമയം കേള്‍ക്കാന്‍ കഴിയുന്ന കാതാണത്. ആരാധനകള്‍ കേവലം അനുഷ്ഠാനമായി മാറിയപ്പോഴാണ് അതിന് ജീവിതത്തില്‍ ഒരു സ്വാധീനവും ചെലുത്താന്‍ കഴിയാതെ പോയത്.
നാമിന്ന് ആ ആദര്‍ശസമൂഹമല്ല; വംശീയ-സാമുദായിക സ്വത്വം മാത്രമാണ്. മുസ്‌ലിം സമുദായത്തിനകത്ത് ഡോക്ടറും എഞ്ചിനീയറും വക്കീലും മന്ത്രിയും വേണമെന്നല്ലാതെ, ഇസ്‌ലാമിക സംസ്‌കാരമുള്ള ഡോക്ടറും മന്ത്രിയും വേണമെന്ന് നമുക്ക് വാശിയേ ഇല്ല. നമ്മുടെ 'ധാര്‍മിക-ആത്മീയ' അജണ്ട നാം പാടേ കൈവെടിഞ്ഞിരിക്കുന്നു.
'ധാര്‍മിക ആത്മീയ' അജണ്ടയുടെ വീണ്ടെടുപ്പിന് ഒരു തജ്ദീദ് (നവോത്ഥാനം) തന്നെ വേണ്ടിവന്നിരിക്കുന്നു. നാമിന്ന് മേല്‍വിലാസത്തിലാണ് വിശ്വസിക്കുന്നത്; ഉള്ളടക്കത്തിലല്ല. നമ്മുടെ പത്രങ്ങളും നമ്മുടെ ചാനലുകളും നമ്മുടേതാവുന്നത് അതിന്റെ ധാര്‍മിക വിശുദ്ധി കൊണ്ടാണോ? നമ്മുടെ സ്‌കൂളുകളും നമ്മുടെ കോളേജുകളും നമ്മുടേതാവുന്നത്അതിന്റെ സാംസ്‌കാരിക സവിശേഷത കൊണ്ടാണോ? ഒരിക്കലുമല്ല. എല്ലാം സാമുദായിക വംശീയ മേല്‍വിലാസങ്ങള്‍ മാത്രമായി ചുരുങ്ങിയിരിക്കുന്നു.
ആന്തരിക പാഠങ്ങള്‍ മുഖവിലക്കെടുക്കുന്ന ഒരു പരിശീലന പദ്ധതി കാര്യഗൗരവത്തിലേറ്റെടുക്കാന്‍ ഇസ്‌ലാമിക പ്രബോധക സംഘങ്ങള്‍ സന്നദ്ധമാവുന്നില്ലെങ്കില്‍ ഈ പ്രതിസന്ധിക്ക് പരിഹാരമില്ല.
ദീന്‍ പുസ്തകത്തിലുണ്ട്, ജീവിതത്തിലില്ല എന്ന അവസ്ഥ മാറ്റാന്‍ നാം ബോധപൂര്‍വം യത്‌നിക്കേണ്ടതുണ്ട്. മാതൃകകളായി തിളങ്ങുന്ന ആണും പെണ്ണും സൃഷ്ടിക്കപ്പെടാന്‍ ത്യാഗ നിര്‍ഭരമായ ചുവടുവെപ്പുകള്‍ തന്നെ വേണം.
നമുക്കിന്ന് 'ധാര്‍മികത' വേറെയും 'ജീവിതം' വേറെയുമാണ്. ധാര്‍മികത ഒരു നീക്കിയിരുപ്പാണ്. 'ഇത് റമദാന്‍ മാസമാണ്, അതുകൊണ്ട് മദ്യപാനം നിര്‍ത്തണം... പെരുന്നാളല്ലേ, അല്‍പം ആടാനും പാടാനും ഇത്തിരി അകത്ത് ചെന്നാലെന്താ?' ഇതായിരിക്കുന്നു നമ്മുടെ മനോഭാവം. നമസ്‌കരിക്കുമ്പോഴും ഹജ്ജിനു പോകുമ്പോഴും മാന്യമായി വസ്ത്രം ധരിക്കണം. പെരുന്നാളല്ലേ, കല്യാണമല്ലേ, 'കിതാബില്‍' പറഞ്ഞത് അത്തരം സന്ദര്‍ഭങ്ങളിലെ വസ്ത്രധാരണത്തിന് ബാധകമല്ല എന്നാണ് നാം വിചാരിക്കുന്നത്. പള്ളി, മദ്‌റസ, നോമ്പുകാലം എന്നിവയില്‍ ധാര്‍മിക പരിധി വേണം. പെരുന്നാള്‍, പത്രം, ടി.വി, കലാപരിപാടികള്‍, കല്യാണം, കാമ്പസ് ഇവിടെയെല്ലാം ധാര്‍മികത പറയല്‍ പുരോഗമനത്തിന് കേടാണ്. അവിടെയെല്ലാം തന്നെ നാമിന്ന് ലിബറല്‍ ധാര്‍മികതയുടെ വക്താക്കളാണ്.
നമ്മുടെ നേതാക്കള്‍ ധാര്‍മികരാണെന്ന് ജനം വിശ്വസിക്കുന്നില്ല. അവരുടെ സമ്പത്ത് ശുദ്ധമാണെന്ന് ജനം കരുതുന്നില്ല. നമ്മുടെ മത ഉപദേശികളുടെ സമ്പത്ത് പോലും ശുദ്ധമാണെന്ന് അവര്‍ കരുതുന്നില്ല. ത്യാഗം, ലളിത ജീവിതം, പ്രവാചകന്റെ അരപ്പട്ടിണി എന്നിവയെപ്പറ്റി കണ്ണീരൊഴുക്കി വഅ്‌ള് പറയുന്നവര്‍ എ.സി കാറില്‍ സഞ്ചരിച്ച്, എ.സി റൂമില്‍ വിശ്രമിച്ച്, പഞ്ചനക്ഷത്ര ഡിന്നറുകള്‍ അകത്താക്കി ഇരുപതിനായിരവും അമ്പതിനായിരവും ടി.എ വാങ്ങി പോവുന്ന മതമാഫിയകളാണെന്ന് ഏത് ചായക്കടക്കാരനും അറിയാം. വഅ്‌ള് അവന്റെ ചായക്കച്ചവടത്തെ സജീവമാക്കും എന്നതുകൊണ്ടാണ് അവനതിനെ പിന്തുണക്കുന്നത്; മൗലവിയുടെ കണ്ണീര്‍ കാപട്യമാണെന്ന് അറിയാത്തതുകൊണ്ടല്ല.
ഖുര്‍ആനില്‍ മുന്നറിയിപ്പ് നല്‍കപ്പെട്ട മുനാഫിഖ് ആരാണ്? നാവു കൊണ്ട് ഈമാന്‍ വെളിപ്പെടുത്തുന്നവന്‍, ഹൃദയത്തില്‍ അത് കടക്കാത്തവന്‍, സംസാരിച്ചാല്‍ കളവ് പറയുന്നവന്‍, വിശ്വസിച്ചാല്‍ വഞ്ചിക്കുന്നവന്‍, പിണങ്ങിയാല്‍ തെറി പറയുന്നവന്‍, വാഗ്ദാനം ചെയ്താല്‍ വഞ്ചിക്കുന്നവന്‍....
ഇന്നത്തെ 'മുസ്‌ലിമും' അന്നത്തെ 'മുനാഫിഖും' തമ്മിലുള്ള വ്യത്യാസം കണ്ടുപിടിക്കാന്‍ കുട്ടികള്‍ക്ക് കേസ് സ്റ്റഡി കൊടുത്താല്‍ എങ്ങനെയിരിക്കുമെന്ന് ആലോചിക്കുമ്പോള്‍ പേടിയാകുന്നു.
ഖുര്‍ആന്‍ ബനൂ ഇസ്രാഈല്‍ ജനതയെ വിമര്‍ശിച്ചിട്ടുണ്ട്. നിശിതമായ വിമര്‍ശനം. എന്താണ് ആ വിമര്‍ശനത്തിന്റെ അന്തര്‍ധാര? ധാര്‍മികതയും സദാചാരവുമാണ്. അതൊരിക്കലും വംശീയ, സാമുദായിക വിമര്‍ശനമേയല്ല. ജൂതരും ക്രിസ്ത്യാനികളും ഒരിക്കലും ഓതാത്ത, മുസ്‌ലിംകള്‍ നിരന്തരം ഓതിക്കൊണ്ടിരിക്കുന്ന നമ്മുടെ കിതാബിലെ ഈ വിമര്‍ശനങ്ങളെ നാം ഓതിക്കൊണ്ടിരിക്കുന്നത് ഏത് മാനസികാവസ്ഥയിലാണ്? ജൂത ക്രൈസ്തവ വിമര്‍ശനം എന്ന മാനസികാവസ്ഥയില്‍ തന്നെ. അത് മാറണം. അത് നിശിതമായ ആഭ്യന്തര വിമര്‍ശനമാണെന്ന് തിരിച്ചറിയണം. ഇന്ന് നാം തന്നെയാണ് ഖുര്‍ആനില്‍ വിമര്‍ശിക്കപ്പെടുന്ന അഹ്‌ലുല്‍ കിതാബ്. നമ്മുടെ പണ്ഡിതര്‍ അത് അംഗീകരിക്കണം. നമ്മുടെ ഖുര്‍ആന്‍ പാഠശാലകളില്‍ അത് പഠിപ്പിക്കണം. എങ്കിലേ 'അഹ്‌ലുല്‍ കിതാബി'ല്‍ നിന്ന് 'അഹ്‌ലുല്‍ ഖുര്‍ആനി'ലേക്കുള്ള നമ്മുടെ ആത്മീയ യാത്ര നടക്കുകയുള്ളൂ.
അഹ്‌ലുല്‍ കിതാബിനെക്കുറിച്ച മുഴുവന്‍ ഖുര്‍ആന്‍ വിമര്‍ശനങ്ങളും സമുദായത്തില്‍ ഇന്ന് നമുക്ക് കാണാവുന്നതേയുള്ളൂ. അഹ്‌ലുല്‍ കിതാബിനെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നത് ഒന്നു ശ്രദ്ധിക്കുക:
- ദൈവവാക്കുകള്‍ അവര്‍ തുഛ വിലയ്ക്ക് കച്ചവടം ചെയ്യുന്നു.
- ഹഖും ബാത്വിലും (സത്യവും അസത്യവും) അവര്‍ കൂട്ടിക്കുഴക്കുന്നു.
- നന്മ കല്‍പിക്കുന്നു, സ്വയം മറക്കുന്നു, കിതാബ് ഓതിക്കൊണ്ടേയിരിക്കുന്നു.
- ശിര്‍ക്കന്‍ ആചാരങ്ങള്‍ നടപ്പാക്കുന്നു (പശുകുട്ടി ആരാധന...).
- ആത്മീയ വിഭവങ്ങളെക്കാള്‍ ദുന്‍യവീ നേട്ടങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നു.
- ഹൃദയ കാഠിന്യത്താല്‍ ആത്മീയ ഭാവം ചോര്‍ന്നു പോയിരിക്കുന്നു.
- കര്‍മങ്ങളുടെ വിശദാംശങ്ങള്‍ ചൂഴ്ന്ന് ചോദിക്കുകയും ആത്മാവ് ചോര്‍ത്തിക്കളയുകയും ചെയ്യുന്നു.
- ഭൗതിക താല്‍പര്യത്തിനു വേണ്ടി ദൈവവചനങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യുന്നു.
- എല്ലാ അനാചാരങ്ങള്‍ക്ക് ശേഷവും സ്വര്‍ഗം തങ്ങളുടെ സമുദായ സ്വത്താണെന്ന് വിശ്വസിക്കുന്നു.
മേല്‍ ധാരണകള്‍ തന്നെയല്ലേ മുസ്‌ലിം സമുദായത്തെയും ഇന്ന് രൂപപ്പെടുത്തിയിരിക്കുന്നത്? കാലപ്പഴക്കത്തിലും കാലദൈര്‍ഘ്യത്തിലും നാം മറ്റൊരു അഹ്‌ലു കിതാബായി മാറിക്കഴിഞ്ഞിട്ടില്ലേ? നന്നാവാന്‍ ഈ തിരിച്ചറിവ് അനിവാര്യമാണ്.
മുസ്‌ലിം സമൂഹത്തിന്റെ അകത്ത് ഒരു 'ആത്മീയ വിപ്ലവം' അനിവാര്യമാണിന്ന്. 'സ്വലാത്ത് നഗറി'ലെ ഇരുപത്തേഴാം രാവുകളാണ് ആത്മീയ സദസ്സുകള്‍ എന്ന് തെറ്റായി ധരിച്ചിട്ടുണ്ട് നാം. അത് മറ്റൊരു ഭൗതിക പ്രകടനം മാത്രമാണ്. ജീവിതത്തെ ചൂഴ്ന്ന് നില്‍ക്കുന്ന ആത്മീയ വിപ്ലവത്തിനായി ഒരു മുന്നേറ്റം വേണം. കച്ചവടക്കാരനെയും നമസ്‌കാരക്കാരനെയും ഒരേസമയം 'വൈല്‍' എന്ന നരകച്ചെരുവില്‍ നിന്ന് രക്ഷപ്പെടുത്തുന്ന ആത്മീയ വിപ്ലവമാണത്.
കുറച്ചു കാലമായി നാം കെട്ടുകാഴ്ചകളുടെ പിറകിലാണ്. സമുദായത്തിന്റെ ബാഹ്യശാക്തീകരണം എല്ലാ സംഘടനകളുടെയും മുഖ്യ അജണ്ടയായി മാറിയ ഒരു കാലത്താണ് ഹിജ്‌റ 1434 വിട പറഞ്ഞിരിക്കുന്നത്. ഹിജ്‌റ 1435 ഒരു പുതിയ തീരുമാനത്തിന്റെ കാലമാകട്ടെ എന്നാണ് ഓര്‍മിപ്പിക്കാനുള്ളത്.
ഒന്ന് തിരിഞ്ഞു നോക്കാനായി ഈ കാലത്തെ നമുക്ക് ഉപയോഗപ്പെടുത്താം. വ്യക്തിയെയും സ്ഥാപനത്തെയും സംവിധാനങ്ങളെയും ആത്മീയവത്കരിക്കുന്ന ഒരു തിരിഞ്ഞു നോട്ടമാണ് വേണ്ടത്.  എവിടെ നമുക്ക് ആത്മീയരാഹിത്യമുണ്ടോ അവിടെയൊക്കെ നമ്മുടെ ന്യായം കച്ചവടം മാത്രമാണ്; ലാഭം മാത്രമാണ്. പിടിച്ചു നില്‍ക്കേണ്ടേ എന്ന ചോദ്യം മാത്രമാണ്.
അഴിമതി, പിടിച്ചുപറി, ഗുണ്ടാ പ്രവര്‍ത്തനം, മാഫിയാ പ്രവര്‍ത്തനം, മണല്‍ മോഷണം, പെണ്‍വാണിഭം, വിദ്യാഭ്യാസ കച്ചവടം, സ്ത്രീധനം, ആഭരണം, വന്‍ കല്യാണം, ഭീമന്‍ വീടുകള്‍ എല്ലാറ്റിന്റെയും ന്യായം 'പിടിച്ചുനില്‍ക്കാന്‍ മറ്റൊരു വഴിയുമില്ല' എന്നതുതന്നെയാണ്. ഈ ക്രിമിനല്‍ ന്യായം സമുദായത്തിന്റെ മൊത്തം ന്യായമായാല്‍ പിന്നെ വിളക്കുമാടം ആര് തെളിയിക്കും?

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/75-80
എ.വൈ.ആര്‍