Prabodhanm Weekly

Pages

Search

2013 ഡിസംബര്‍ 13

ഇസ്‌ലാമിക് ഫിനാന്‍സ് ഉയരങ്ങളിലേക്ക്

വി.വി ശരീഫ് സിംഗപ്പൂര്‍

ക്കഴിഞ്ഞ ഒക്‌ടോബര്‍ 29 മുതല്‍ 31 വരെ ലണ്ടനില്‍ നടന്ന 9-ാമത് വേള്‍ഡ് ഇസ്‌ലാമിക് ഇക്കണോമിക് ഫോറം പലതുകൊണ്ടും സവിശേഷതയുള്ളതായിരുന്നു. ആദ്യമായാണ്  വേള്‍ഡ് ഇസ്‌ലാമിക് ഇക്കണോമിക് ഫോറത്തിന്റെ സമ്മേളനം ഇസ്‌ലാമിക ലോകത്തിന്റെ പുറത്ത് നടക്കുന്നത്. യൂറോപ്പിന്റെ സാമ്പത്തിക തലസ്ഥാനമായി കരുതപ്പെടുന്ന ലണ്ടന്‍ തന്നെ അതിന് വേദിയായതിന് രാഷ്ട്രീയ പ്രാധാന്യമുണ്ട്. ഇസ്‌ലാമിക് ഫിനാന്‍സ് ഭാവിയില്‍ ലോക സാമ്പത്തിക ഘടനയെ കാര്യമായിത്തന്നെ സ്വാധീനിക്കുമെന്ന് തിരിച്ചറിഞ്ഞ ബ്രിട്ടനിലെ ഡേവിഡ് കാമറൂണ്‍ ഗവണ്‍മെന്റ് ഈ വളര്‍ച്ചയിലും മാറ്റത്തിലും തങ്ങളുടെ പങ്ക് നഷ്ടമാകാതിരിക്കാനും, ലണ്ടന്‍ നഗരത്തെ ഇസ്‌ലാമിക് ഫിനാന്‍സിന്റെ കേന്ദ്രമാക്കി കൊണ്ടുവരാനുമാണ് ഇത്തവണത്തെ സമ്മേളനത്തിന് ലണ്ടനില്‍ തന്നെ വേദിയൊരുക്കിയത്. ഫോറത്തെ അഭിസംബോധന ചെയ്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പറഞ്ഞു: ''ഇതിനകം തന്നെ ലണ്ടന്‍ മുസ്‌ലിംലോകത്തിനു പുറത്തെ ഏറ്റവും വലിയ ഇസ്‌ലാമിക് ഫിനാന്‍സ് കേന്ദ്രമാണ്. എന്നാല്‍ ഇപ്പോള്‍ നമ്മുടെ ആഗ്രഹവും അഭിലാഷവും വളരെ വലുതാണ്. പാശ്ചാത്യലോകത്തെ ഇസ്‌ലാമിക് ഫിനാന്‍സിന്റെ ഏറ്റവും വലിയ കേന്ദ്രമായി ലണ്ടനെ മാറ്റുക എന്നു മാത്രമല്ല എന്റെ ആഗ്രഹം. അതിലുപരി, ഇസ്‌ലാമിക് ഫിനാന്‍സിന്റെ പ്രധാന കേന്ദ്രങ്ങളായ കോലാലംബൂര്‍, ദുബൈ എന്നിവയെ കവച്ചുവെക്കുന്ന തരത്തില്‍തന്നെ ലോക ഇസ്‌ലാമിക് ഫിനാന്‍സിന്റെ കേന്ദ്രമായി ലണ്ടനെ വളര്‍ത്തുക എന്നതാണ്. നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ ഇതു നടപ്പാക്കുകതന്നെ ചെയ്യും. നമ്മുടെ അര്‍പ്പണബോധം എത്രത്തോളമുണ്ടെന്ന് നിങ്ങള്‍ക്ക് ഈ സമ്മേളനത്തിലുടനീളം കാണാം. എന്റെ കീഴിലുള്ള എല്ലാ വകുപ്പുകളും എന്റെ മുഴുവന്‍ ടീമും ഈ അഭിലാഷം യാഥാര്‍ഥ്യമാക്കുന്നതിനു വേണ്ടി നിശ്ചയദാര്‍ഢ്യത്തോടെ നീങ്ങുകയാണ്. അങ്ങനെ നമ്മുടെ രാജ്യത്തെ ഇസ്‌ലാമിക് ഫിനാന്‍സിന്റെ ശക്തികേന്ദ്രമാകാന്‍ പൂര്‍ണമായും തുറന്നിട്ടിരിക്കുകയാണ്.'' അദ്ദേഹം തുടര്‍ന്നു: ''മുഖ്യധാര ബാങ്കുകളേക്കാള്‍ 50 ശതമാനത്തിലധികം വേഗതയോടെ വളര്‍ന്ന് 2017-ല്‍ രണ്ട് ട്രില്യനോളം ആസ്തിയില്‍ ഇസ്‌ലാമിക് ഫിനാന്‍സ് എത്തുമെന്ന് കണക്കുകള്‍ പറയുമ്പോള്‍, ഈ മേഖലയില്‍ പ്രധാനമായ ഒരു പങ്ക് നമുക്കും ലണ്ടന്‍ കേന്ദ്രീകരിച്ച് ഉണ്ടാവണം. എനിക്കറിയാം, ഇസ്‌ലാമിക് ഫിനാന്‍സിന്റെ പ്രധാന കേന്ദ്രമായി ലണ്ടനെ മാറ്റിയെടുക്കാന്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്.''
മൂന്ന് കാര്യങ്ങളാണ് അദ്ദേഹം അടിവരയിട്ട് പറഞ്ഞത്. ഒന്ന്, ഇസ്‌ലാമിക ലോകത്തിനു പുറത്ത്  ആദ്യമായി ഇസ്‌ലാമിക് ബോണ്ട് ഇറക്കുന്നത് ലണ്ടന്‍ ആയിരിക്കും. 200 മില്യന്‍ പൗണ്ടിന്റെ ഇസ്‌ലാമിക് ബോണ്ട് ഇഷ്യൂ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ ബ്രിട്ടീഷ് ട്രഷറി തുടങ്ങിയിട്ടുണ്ട്. 2014 ജനുവരിയില്‍ ബോണ്ട് ഇഷ്യൂ ചെയ്യും. രണ്ട്, ഇസ്‌ലാമിക് ഫിനാന്‍സിന്റെ വളര്‍ച്ച ഉറപ്പുവരുത്താന്‍ ശരീഅത്ത് അടിസ്ഥാനത്തിലുള്ള സാമ്പത്തിക/കച്ചവട ഇടപാടുകളുടെ വ്യാപകമായ ലഭ്യത ഉറപ്പുവരുത്തും. ഇത്തരത്തിലുള്ള ഇടപാടുകളുടെ ലഭ്യതയാണ് ഇസ്‌ലാമിക് ഫിനാന്‍സിന്റെ വളര്‍ച്ചയുടെ മുഖ്യഘടകം. ഇതിനായി ലണ്ടന്‍ സ്റ്റോക്ക്  എക്‌സ്‌ചേഞ്ച് പുതിയ ഇസ്‌ലാമിക് ഫിനാന്‍സ്  മാര്‍ക്കറ്റ്  ഇന്‍ഡക്‌സ്  (Islamic Finance Market Index)  തുടങ്ങും. ഈ പുതിയ മാര്‍ക്കറ്റ് ഇന്‍ഡക്‌സ്  ലോകത്തിലാദ്യമാണെന്നും ഇതുവഴി ഇസ്‌ലാമിക് ഫിനാന്‍സിനു വളരെ വേഗം വളര്‍ച്ച ഉണ്ടാകുമെന്നും അദ്ദേഹം കരുതുന്നുമുണ്ട്. ഇസ്‌ലാമിക ലോകത്തുള്ള ചെറുകിട ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് സങ്കേതികമായി പ്രവര്‍ത്തന മികവ് ഉണ്ടാക്കിയെടുക്കുന്നതിനുവേണ്ട പരിശീലനവും അതിനുവേണ്ട സഹായങ്ങളും ചെയ്യുന്നതിന് ഫണ്ട് സ്വരൂപിക്കും.
കാമറൂണിന്റെ പ്രഭാഷണം വെറും വാചകമടിയായിരുന്നില്ല എന്ന് ലണ്ടന്‍ ഇതിനകംതന്നെ തെളിയിച്ചിരിക്കുന്നു. ഈ നഗരം ഇസ്‌ലാമികലോകത്തിനു പുറത്തുള്ള ഇസ്‌ലാമിക് ഫിനാന്‍സിന്റെ കേന്ദ്രമായി മാറിക്കഴിഞ്ഞു. മുസ്‌ലിം രാജ്യങ്ങള്‍ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ ഇസ്‌ലാമിക സാമ്പത്തിക സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന നഗരമാണിപ്പോള്‍ ലണ്ടന്‍. യൂറോപ്യന്‍ യൂനിയനിലെ ഉയരം കൂടിയ കെട്ടിടമായ 'ശരദ്' ഇസ്‌ലാമിക് ഫിനാന്‍സ് അടിസ്ഥാനത്തില്‍ നിലവില്‍ വന്നതാണ്. ലണ്ടന്‍ ഒളിമ്പിക്‌സ് വില്ലേജ്  (Olympics  Village) നിര്‍മിച്ചതും അങ്ങനെതന്നെ. ബ്രിട്ടീഷ് പോര്‍ട്ട് നവീകരണവും ഇസ്‌ലാമിക് ഫിനാന്‍സിന്റെ മുദ്രയുള്ളതാണ്. ഇസ്‌ലാമിക് ഫിനാന്‍സിന്റെ അക്കാദമിക മേഖലയിലും ലണ്ടന്‍ ശ്രദ്ധാ കേന്ദ്രമാണ്. കഴിഞ്ഞ മാസം കാംബ്രിഡ്ജ് സര്‍വകലാശാലയില്‍ തുടക്കം കുറിച്ച, ഇസ്‌ലാമിക് ഫിനാന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വേണ്ടി ഏര്‍പ്പെടുത്തിയ ഉന്നത കോഴ്‌സ് ലോകോത്തര സര്‍വകലാശാലകള്‍ ഇസ്‌ലാമിക് ഫിനാന്‍സിനു കൊടുക്കുന്ന പ്രാധാന്യമാണ് കാണിക്കുന്നത്. 16 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എം.ബി.എ ഇസ്‌ലാമിക് ഫിനാന്‍സ് കോഴ്‌സ് നടത്തിവരുന്നു. 25 സമുന്നത നിയമസ്ഥാപനങ്ങള്‍ ഇസ്‌ലാമിക് ഫിനാന്‍സുമായി ബന്ധപ്പെട്ട നിയമ സേവനങ്ങള്‍ നല്‍കുന്നുണ്ട്. ഇത്ര പ്രഫഷണലായി ഉന്നത ഇസ്‌ലാമിക് ഫിനാന്‍സ് കോഴ്‌സ് നടത്തുന്ന മറ്റൊരു നഗരം ഉണ്ടാവില്ല.
2013 ഒക്‌ടോബര്‍-നവംബര്‍ മാസങ്ങള്‍ ഇസ്‌ലാമിക് ഫിനാന്‍സിനെ സംബന്ധിച്ചേടത്തോളം വളരെ തിരക്കേറിയ മാസമായിരുന്നു. നിരവധി സമ്മേളനങ്ങളും പുതിയ പദ്ധതികളുടെ പ്രഖ്യാപനവും ഈ മാസങ്ങളിലുണ്ടായി. ഒക്‌ടോബര്‍ 6-നു ദുബൈയില്‍ നടന്ന മൂന്നാമത് ലോക ഇസ്‌ലാമിക് മൈക്രോ ഫിനാന്‍സ് സമ്മേളനം മുതല്‍ 29-31 തീയതികളില്‍ ലണ്ടനില്‍  തുടങ്ങിയ വേള്‍ഡ് ഇസ്‌ലാമിക് എക്കണോമിക് ഫോറം,  28 നവംബറില്‍ ദുബൈയില്‍ ചേര്‍ന്ന വേള്‍ഡ് ഇസ്‌ലാമിക് റീടെയില്‍ ബാങ്കിംഗ് കോണ്‍ഫറന്‍സ് ഉള്‍പ്പെടെ 18-ഓളം സമ്മേളനങ്ങള്‍ ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, അമേരിക്ക മിഡില്‍ ഈസ്റ്റ് എന്നിവയെ കേന്ദ്രീകരിച്ച് നടന്നു. ലോക ബാങ്ക് തുര്‍ക്കി സര്‍ക്കാറുമായി സഹകരിച്ച് ഈ നവംബറില്‍ ഇസ്തംബൂളില്‍ ഇസ്‌ലാമിക് ഫിനാന്‍സ് സെന്റര്‍ തുറന്നു. ലോക ബാങ്ക് പ്രസിഡന്റും തുര്‍ക്കി ഉപപ്രധാനമന്ത്രിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്ത ഈ സെന്റര്‍ ഇസ്‌ലാമിക് ഫിനാന്‍സ് മേഖലയുമായി ബന്ധപ്പെട്ട  കണ്‍സള്‍ട്ടന്‍സി (consultancy) നല്‍കും. ലോക ബാങ്കില്‍ നിന്നുള്ള ഇത്തരം നീക്കങ്ങള്‍ ഇസ്‌ലാമിക് ഫിനാന്‍സിന് ഇസ്‌ലാമേതര രാജ്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ലഭിക്കുന്നതിനു സഹായകമാകുന്നു. കഴിഞ്ഞ ആഗസ്റ്റില്‍ ഐ.എം.എഫ് പുറത്തിറക്കിയ പഠനറിപ്പോര്‍ട്ടില്‍ നിലവിലെ മുഖ്യധാര സാമ്പത്തിക വ്യവസ്ഥക്ക് പകരം വെക്കാന്‍ കെട്ടുറപ്പുള്ള സാമ്പത്തിക സംവിധാനമായി ഇസ്‌ലാമിക് ഫിനാന്‍സിനെ വിലയിരുത്തുകയുണ്ടായി.
2013-ല്‍ ഇസ്‌ലാമിക് ഫിനാന്‍സിന്റെ ആസ്തികള്‍ 1.8 ട്രില്യന്‍ ഡോളറില്‍ എത്തിനില്‍ക്കുന്നു. 2006-ല്‍  386 ബില്യനില്‍നിന്ന് 6 വര്‍ഷം കൊണ്ട് ഇരട്ടിയിലധികമാണ് വളര്‍ച്ചയുണ്ടായത്. വര്‍ഷാന്ത വളര്‍ച്ചാ നിരക്കാകട്ടെ 19 ശതമാനവും. ലോകപ്രശസ്ത കണ്‍സള്‍ട്ടിംഗ് കമ്പനിയായ ഏണസ്റ്റ് യംഗ് (Earnest Young) പ്രവചിക്കുന്നത് 2015 ആകുമ്പോഴേക്ക് ആസ്തി 2 ട്രില്യന്‍ എത്തുമെന്നാണ്. മുഖ്യധാര ബാങ്കുകളേക്കാള്‍ (Conventional  Banks) 50 ശതമാനം കൂടുതലാണ് ഇസ്‌ലാമിക് ബാങ്കുകളുടെ വളര്‍ച്ച. സ്റ്റാന്‍ഡേര്‍ഡ് ആന്റ് പുവറിന്റെ (Standard & Poor's) കണക്കുപ്രകാരം 2015-ല്‍ 3 ട്രില്യനും 2020-ഓടെ  6 ട്രില്യന്‍ വരെയും ഇസ്‌ലാമിക് ഫിനാന്‍സ് ആസ്തികള്‍ വരുമെന്നാണ്. മുഖ്യധാര സാമ്പത്തിക മേഖലയുമായി തുലനം ചെയ്താല്‍ 50 ശതമാനത്തിലധികമാണ് ഇസ്‌ലാമിക് ഫിനാന്‍സിന്റെ വളര്‍ച്ച വേഗത.  സുഊദി അറേബ്യയില്‍ ഇസ്‌ലാമിക് ഫിനാന്‍സ് ആസ്തികള്‍ ഇപ്പോള്‍ മൊത്തം ബാങ്കിംഗ് ആസ്തികളുടെ 50 ശതമാനത്തില്‍ എത്തിനില്‍ക്കുന്നു.

തുര്‍ക്കി സജീവമാകുന്നു
തുര്‍ക്കി ഇസ്‌ലാമിക് ഫിനാന്‍സ് മേഖല ശക്തിപ്പെടുത്തുന്നതിനു വേണ്ടി ബഹളമയമല്ലാത്ത രീതിയാണ് പിന്തുടരുന്നത്. രാജ്യത്തിന്റെ ഭരണഘടന ഇപ്പോഴും സെക്യുലര്‍ ആയതു കാരണം അനാവശ്യമായ വിവാദങ്ങള്‍ വഴി ഈ മേഖലയുടെ വളര്‍ച്ച തടസ്സപ്പെടാതിരിക്കാനായിരിക്കണം ഇങ്ങനെ നീക്കങ്ങള്‍ നടത്തുന്നത്. തുര്‍ക്കിയില്‍ ഇസ്‌ലാമിക് ഫിനാന്‍സ് മേഖലയെ പാര്‍ട്ടിസിപേറ്ററി ബാങ്കിംഗ് (participatory banking) എന്നാണ് വിളിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തില്‍ 6  ഇരട്ടിയാണ് ഇസ്‌ലാമിക് ഫിനാന്‍സ് കൈകാര്യം ചെയ്യുന്ന ആസ്തിയുടെ വളര്‍ച്ച. ഇസ്‌ലാമിക് ഫിനാന്‍സ് സ്ഥാപനങ്ങളുടെ വളര്‍ച്ചയും 3 ഇരട്ടിയായി വര്‍ധിച്ചു. തുര്‍ക്കിയില്‍ മുഖ്യധാരാ ബാങ്കുകളുടെ വളര്‍ച്ച കഴിഞ്ഞവര്‍ഷം 13 ശതമാനമായിരുന്നു, ഇസ്‌ലാമിക് ബാങ്കുകളുടേത് 25 ശതമാനവും. യൂറോപ്പിലെ ഏറ്റവും മികച്ച വ്യാവസായിക വളര്‍ച്ച നിലനിര്‍ത്തുന്നതും ലോകത്തിലെ സാമ്പത്തികരാഷ്ട്രീയ ശക്തിയായി വളര്‍ന്നുകൊണ്ടിരിക്കുന്നതുമായ  തുര്‍ക്കിയെ തന്നെയാണ് ലോകബാങ്ക് അതിന്റെ ആദ്യത്തെ ഇസ്‌ലാമിക് ഫിനാന്‍സ് സെന്റര്‍ (ഇസ്തംബുളില്‍) സ്ഥാപിക്കാന്‍ തെരഞ്ഞെടുത്തത്. കഴിഞ്ഞ ഒക്‌ടോബറില്‍ പ്രവര്‍ത്തനമാരംഭിച്ച സെന്റര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ലോകബാങ്ക് പ്രസിഡന്റ് ജിംയോന്‍ഗ്കിം പറഞ്ഞു: ''ഇസ്‌ലാമിക് ഫിനാന്‍സിന്റെ വളര്‍ച്ചയുടെ ഘട്ടത്തില്‍ തുര്‍ക്കി നേതൃസ്ഥാനം എടുക്കുമ്പോള്‍ എന്റെ വിശ്വാസം ഇസ്‌ലാമിക് ഫിനാന്‍സിന്റെ അടുത്ത ഘട്ട വളര്‍ച്ചക്ക് വേണ്ടി മികവുറ്റ സാങ്കേതിക അറിവുകളും സേവനങ്ങളും ഈ സെന്റര്‍ വഴി നല്‍കാന്‍ കഴിയും എന്നാണ്.''
അറബ് വസന്ത രാജ്യങ്ങളില്‍ പതുക്കെയാണെങ്കിലും ഇസ്‌ലാമിക് ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെട്ട നിയമനിര്‍മാണം മുഖ്യ പരിഗണനയിലാണ്. ഈ രാജ്യങ്ങളിലെ മുഖ്യധാര ബാങ്കുകള്‍ ഇസ്‌ലാമിക് ബാങ്കിംഗ് ശക്തമാക്കുന്നതിനു മുന്നോട്ടുവന്നു തുടങ്ങിയിട്ടുണ്ട്.

ഇസ്‌ലാമിക് മൈക്രോഫിനാന്‍സ് ദാരിദ്ര്യനിര്‍മാര്‍ജനത്തിന്
മുഖ്യധാര ഇസ്‌ലാമിക് ഫിനാന്‍സിന്റെ വളര്‍ച്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇസ്‌ലാമിക് മൈക്രോഫിനാന്‍സിന്റെ വളര്‍ച്ച വളരെ മന്ദഗതിയിലാണ്. ഇപ്പോള്‍ 32 രാജ്യങ്ങളിലായി 300-ലധികം ഇസ്‌ലാമിക് മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍  പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സ്ഥാപനങ്ങള്‍ വഴി ലഭ്യമാക്കപ്പെടുന്ന വായ്പ ഇപ്പോള്‍ 100 കോടി ഡോളറില്‍ എത്തിനില്‍ക്കുന്നു.  ഈ സ്ഥിതിവിശേഷത്തിനു ദ്രുതഗതിയില്‍ മാറ്റം വരാന്‍ പോകുന്നുവെന്നാണ് പ്രശസ്ത ഇസ്‌ലാമിക് സ്ഥാപനമായ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് ബാങ്കിംഗ് ആന്റ് എക്കണോമിക്‌സ് (CIBE) സി.ഇ.ഒ സുബൈര്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നത്. അദ്ദേഹം പറയുന്നു: ''കഴിഞ്ഞ 10 വര്‍ഷത്തിനിടെയുള്ള ഇസ്‌ലാമിക് ഫിനാന്‍സിന്റെ വളര്‍ച്ച വളരെ പെട്ടന്നുണ്ടായതാണ്. അതുപോലെതന്നെ ഇസ്‌ലാമിക് മൈക്രോഫിനാന്‍സും അടുത്ത 3,4 വര്‍ഷങ്ങള്‍ക്കകം കുതിക്കുക തന്നെ ചെയ്യും. ദാരിദ്ര്യനിര്‍മാര്‍ജനത്തില്‍ ഇസ്‌ലാമിക് മൈക്രോഫിനാന്‍സ് നടത്തുന്ന ഇടപെടലുകളും അതിന്റെ ശോഭനമായ ഭാവിയും കണ്ടുകൊണ്ടാണ് ഇപ്പോള്‍ ലോകബാങ്ക്, യു.എസ്.എ.ഐ.ഡി (USAID), ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് (ADB), IFAD എന്നീ ലോക സംഘടനകള്‍ പല രാജ്യങ്ങളിലും ഇസ്‌ലാമിക് മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ മുന്നോട്ടുവരുന്നത്.''
 വേള്‍ഡ് ബാങ്ക് റിപ്പോര്‍ട്ട് പ്രകാരം ലോകത്തെ 65 കോടിയോളം ദരിദ്രര്‍ അധിവസിക്കുന്നതു മുസ്‌ലിം രാജ്യങ്ങളിലാണ്. ഈ സ്ഥിതിവിശേഷം മാറ്റിയെടുക്കാന്‍ ഇസ്‌ലാമിക് മൈക്രോഫിനാന്‍സ് ശക്തിപ്പെടേണ്ടതുണ്ട്. കഴിഞ്ഞ ഒക്‌ടോബറില്‍ ദുബൈയില്‍ നടന്ന മൂന്നാമത് ലോക ഇസ്‌ലാമിക് മൈക്രോഫിനാന്‍സ് കോണ്‍ഫറന്‍സിന്റെ (Islamic Micro Finance Conference) മുഖ്യ പ്രമേയം തന്നെ ആയിരുന്നു ഇത്. മുസ്‌ലിം ലോകത്തെ ദാരിദ്ര്യത്തിന്റെ കാരണങ്ങളിലൊന്ന്  പലിശാധിഷ്ഠിത കടങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയും, പകരമായി പലിശമുക്ത കടങ്ങള്‍ ലഭിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണെന്ന് പലരും നിരീക്ഷിക്കുകയുണ്ടായി. ഇത് പാവപ്പെട്ടവര്‍ക്ക് ചെറിയ സംരംഭങ്ങള്‍ തുടങ്ങാനുള്ള അവസരം നഷ്ടപ്പെടുത്തുന്നു. ഇസ്‌ലാമിക് മൈക്രോഫിനാന്‍സിന്റെ സജീവ സാന്നിധ്യം കൊണ്ട് മാത്രമേ പ്രശ്‌നത്തിന് പരിഹാരമാവുകയുള്ളൂ. പാകിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഉഖുവത്ത് (akhuwat) മൈക്രോഫിനാന്‍സ് പ്രതീക്ഷക്കൊത്തു വളര്‍ന്നുകൊണ്ടിരിക്കുന്ന സ്ഥാപനമാണ്. 380000 ദരിദ്ര കുടുംബങ്ങള്‍ ഈ ഇസ്‌ലാമിക് മൈക്രോഫിനാന്‍സ്  സ്ഥാപനത്തെ സാമ്പത്തിക വായ്പക്ക് ആശ്രയിക്കുന്നു. 98 ശതമാനം പേരും കടംതിരിച്ചടക്കുന്നതായി ഇതിന്റെ ഡയറക്ടര്‍ അജ്മല്‍ സാഖിബ് പറയുന്നു. ഈ സ്ഥാപനം വഴി 500 കോടി രൂപയുടെ ചെറുകിട കടങ്ങള്‍ ഇതുവരെ ലഭ്യമാക്കി.
ലോകത്തിലെ 7 കോടിയോളം ദരിദ്രര്‍  വസിക്കുന്ന പ്രദേശമാണ് ഉത്തരാഫ്രിക്ക-മിഡില്‍ ഈസ്റ്റ് മേഖല. മാത്രമല്ല 2 കോടിയോളം പരമദരിദ്രര്‍ വസിക്കുന്ന പ്രദേശം കൂടിയാണിത്. ഭൂരിപക്ഷം മുസ്‌ലിംകള്‍ വസിക്കുന്ന പ്രദേശം ആയതിനാല്‍ മുഖ്യധാര ബാങ്കുകളുമായി ഇടപെടാന്‍ മതപരമായ കാരണത്താല്‍ അവര്‍ മടിക്കുന്നു. ഈ രണ്ടു കാരണങ്ങള്‍ (ദാരിദ്ര്യവും മുഖ്യധാര ബാങ്കുകളുടെ പലിശയും) ഇസ്‌ലാമിക് മൈക്രോഫിനാന്‍സിന്റെ വളര്‍ച്ചക്ക് സാഹചര്യമൊരുക്കി. ഇന്ന് 260-ലധികം ഇസ്‌ലാമിക് മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ ഈ പ്രദേശത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സ്ഥാപനങ്ങളെ ആശ്രയിക്കുന്ന 14 ലക്ഷത്തോളം ചെറുകിട കച്ചവടക്കാരും കൃഷിക്കാരും പാവങ്ങളുമുണ്ട്. ലോകബാങ്കും ഇസ്‌ലാമിക് മൈക്രോഫിനാന്‍സിന്റെ ഈ വളര്‍ച്ചയില്‍ സഹകരിക്കാന്‍ മുന്നോട്ടുവന്നിരിക്കുന്നു. ജിദ്ദ ആസ്ഥാനമായ ഇസ്‌ലാമിക് ഡെവലപ്‌മെന്റ് ബാങ്കു(IDB)മായും മലേഷ്യ ആസ്ഥാനമായ ഇസ്‌ലാമിക് സെന്റര്‍ ഫോര്‍ എജുക്കേഷന്‍ ഇന്‍ ഇസ്‌ലാമിക് ഫിനാന്‍സു(Islamic Centre for Education in Islamic Finance)മായും ലോകബാങ്ക് ധാരണാപത്രം ഒപ്പുവെച്ചിട്ടണ്ട്.
ഇസ്‌ലാമിക് മൈക്രോഫിനാന്‍സിന്റെ പ്രായോഗികത പരിഗണിച്ച് ദാരിദ്ര്യനിര്‍മാര്‍ജനവും പാവപ്പെട്ടവര്‍ക്ക് മൂലധന ലഭ്യതയും ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള International Fund for Agricultaral Development (IFAD)വിവിധ ഇസ്‌ലാമിക് മൈക്രോഫിനാന്‍സ് സേവനങ്ങള്‍ പരീക്ഷണാര്‍ഥത്തില്‍ ഉത്തരാഫ്രിക്കയിലും കിഴക്കന്‍ യൂറോപ്പിലും കര്‍ഷകര്‍ക്കിടയില്‍ ലഭ്യമാക്കുകയുണ്ടായി. പ്രതീക്ഷിച്ചതിലും കൂടുതല്‍ വിജയിച്ച ഈ പരീക്ഷണം വ്യാപിപ്പിക്കാന്‍ 'ഇഫാദ്' മുന്നോട്ടു വന്നിട്ടുണ്ട്. ഇസ്‌ലാമിക് മൈക്രോഫിനാന്‍സ് ആഫ്രിക്കയുടെയും കിഴക്കന്‍ യൂറോപ്പിന്റെയും ദാരിദ്ര്യനിര്‍മാര്‍ജനത്തിനു ക്രിയാത്മകമായി ഇടപെടാന്‍ കഴിയുമെന്ന് 'ഇഫാദ്' കരുതുന്നു. ഇഫാഡും(IFAD) സുഡാന്‍ കാര്‍ഷിക ബാങ്കും(AGRICULTURAL BANK OF SUDAN) കൈകോര്‍ത്ത് സുഡാനില്‍ പരീക്ഷണാര്‍ഥത്തില്‍ തുടങ്ങിയ ഇസ്‌ലാമിക് മൈക്രോഫിനാന്‍സ് സംരംഭം വലിയ വിജയമായിരുന്നു. 130 ഡോളര്‍ മുതലാണ് കടംനല്‍കുന്നത്. ഇതിനകം 36000-ത്തോളം പാവപ്പെട്ടവരെ ഈ പരീക്ഷണ സംരംഭം വഴി സഹായിക്കാന്‍ കഴിഞ്ഞു. ഈ വിജയം ബാങ്കിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഉത്തേജകമായി. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ 150000 കുടുംബങ്ങളിലേക്ക് ഇസ്‌ലാമിക് മൈക്രോഫിനാന്‍സ് സേവനം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടിരിക്കുകയാണ് സുഡാന്‍ കാര്‍ഷിക ബാങ്കിന്റെയും 'ഇഫദി'(IFAD)ന്റെയും ഉടമസ്ഥതയില്‍ സ്ഥാപിതമായ ഇസ്‌ലാമിക് മൈക്രോഫിനാന്‍സ് സംരംഭം. കൂടാതെ മൊറോക്കോ, ബോസ്‌നിയ, സിറിയ, അസര്‍ബീജാന്‍ എന്നീ രാജ്യങ്ങളിലും ഇസ്‌ലാമിക് മൈക്രോഫിനാന്‍സിന്റെ പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്.
ഇനിയും ഇസ്‌ലാമിക് ഫിനാന്‍സ് മേഖലക്ക് ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. മുഖ്യധാര ബാങ്കിംഗുമായി താരതമ്യം ചെയ്യുമ്പോള്‍ ഇസ്‌ലാമിക് ഫിനാന്‍സിന്റെ സാന്നിധ്യം 3  ശതമാനം മാത്രമാണ്. ഇപ്പോള്‍ ലോകവ്യാപകമായി ഇസ്‌ലാമിക് ഫിനാന്‍സിനു ലഭിച്ചുകൊണ്ടിരിക്കുന്ന അംഗീകാരവും പ്രായോഗിക വിജയവും ഇസ്‌ലാമികലോകത്തുള്ള സര്‍ക്കാറുകളുടെ കണ്ണു തുറപ്പിക്കേണ്ടതാണ്. ഇസ്‌ലാമിക് ഫിനാന്‍സിന് നാമമാത്ര സാന്നിധ്യം മാത്രമുള്ള ഖസാകിസ്താന്‍, മൊറോക്കോ എന്നീ രാജ്യങ്ങളില്‍ ഇസ്‌ലാമിക് ഫിനാന്‍സ് മേഖല സജീവമാകാന്‍ നീക്കങ്ങള്‍ നടക്കുന്നുണ്ട്. ഇസ്‌ലാമിക് ഫിനാന്‍സിനു ബുദ്ധിപരമായി നേതൃത്വം നല്‍കിയ രാജ്യങ്ങളാണ് പാകിസ്താനും ഈജിപ്തും. ഈജിപ്തില്‍ ഇഖ്‌വാന്‍ ഭരണത്തില്‍ വന്നപ്പോള്‍ ഇസ്‌ലാമിക് ഫിനാന്‍സിന്റെ സാന്നിധ്യം 5 ശതമാനത്തില്‍നിന്ന് 5 വര്‍ഷം കൊണ്ട് 35 ശതമാനത്തിലേക്ക് ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴുള്ള പ്രതിസന്ധി തരണം ചെയ്ത് വീണ്ടും ഇഖ്‌വാന്‍ ഭരണത്തില്‍ വരികയാണെങ്കില്‍ തീര്‍ച്ചയായും ഈജിപ്ത് വീണ്ടും ഇസ്‌ലാമിക് ഫിനാന്‍സിന്റെ കേന്ദ്രങ്ങളിലൊന്നായി മാറും. മുസ്‌ലിംരാജ്യങ്ങളിലെ ബാങ്കിംഗ് മേഖല ഇസ്‌ലാമിക് ഫിനാന്‍സിന്റെ മേധാവിത്വത്തില്‍ വന്നു കഴിഞ്ഞാല്‍ മാത്രമേ ചൂഷണാടിസ്ഥാനത്തിലുള്ള നിലവിലെ  ലോകസാമ്പത്തിക വ്യവസ്ഥക്ക് ശക്തമായ ഒരു പകരമാകാന്‍ ഇസ്‌ലാമിക് ഫിനാന്‍സിനു കഴിയുകയുള്ളൂ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/75-80
എ.വൈ.ആര്‍