വിവരക്കേടിന്റെ മോടി
ഈ ലക്കം അച്ചടിച്ചു പുറത്തിറങ്ങുമ്പോഴേക്കും ദല്‍ഹിയിലും രാജസ്ഥാനിലും മധ്യപ്രദേശിലും ചത്തീസ്ഗഢിലും നടന്ന തെരഞ്ഞെടുപ്പുകളുടെ ഫലം പുറത്തു വന്നിട്ടുണ്ടാവും. അതില്‍ ബി.ജെ.പി തോറ്റാലും ജയിച്ചാലും ഒരു കാര്യം തീര്‍ച്ച പറയാനാവും. നരേന്ദ്ര മോഡി എന്ന മാധ്യമ നിര്‍മിതി നമുക്കു മുമ്പില്‍ അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ബാക്കിയുണ്ടാവുക തന്നെ ചെയ്യും. ബി.ജെ.പി തോറ്റാല്‍ രണ്ടോ മൂന്നോ ആഴ്ചത്തേക്ക് മോഡി ഒന്നു വിശ്രമിക്കും. ജയിച്ചാല്‍ കൊലവിളിയുമായി ഇന്ത്യ മുഴുവന്‍ ഓടി നടക്കുകയും ചെയ്യും. അതിലപ്പുറം ബി.ജെ.പിക്കും ഇനി ഒന്നും ചെയ്യാനാവില്ലെന്ന അവസ്ഥയാണ് ഈ തെരഞ്ഞെടുപ്പു പ്രചാരണ കാലത്തുണ്ടായത്. പാര്‍ട്ടിയിലെ ശേഷിച്ച മുഴുവന്‍ നേതാക്കളും അപ്രസക്തരായി മാറിക്കഴിഞ്ഞു. ജയത്തിന്റെ മാത്രം ക്രെഡിറ്റ് തനിക്ക് കിട്ടണമെന്ന നിലയിലായിരുന്നു മോഡിയുടെ പ്രചാരണവും. രാജസ്ഥാനില്‍ ബി.ജെ.പി ജയിക്കുമെന്ന പ്രതീക്ഷയില്‍ സംസ്ഥാനത്തെ ഏതാണ്ടെല്ലാ ജില്ലകളിലും മോഡി റാലി നടത്തിയിരുന്നു. 15 സ്ഥലങ്ങളിലാണ് ഇദ്ദേഹം പ്രചാരണത്തിനെത്തിയത്. തോല്‍ക്കുകയോ പ്രകടനം മോശമാവുകയോ ചെയ്യുമെന്ന് ഉറപ്പുള്ള ചത്തീസ്ഗഢിലും മധ്യപ്രദേശിലും മോഡിയുടെ സന്ദര്‍ശനം പേരിനു മാത്രമായിരുന്നു. മീഡിയയെ മാത്രമല്ല പാര്‍ട്ടിയിലെ വിമതരെയും ഒതുക്കാനുള്ള മറുതന്ത്രം മുന്നില്‍ കണ്ടുകൊണ്ടായിരുന്നു ആ പ്രചാരണമെന്നര്‍ഥം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും നിശ്ശബ്ദമായി ഈ ഉള്‍പ്പോര് പാര്‍ട്ടിക്കകത്ത് നടക്കുന്നുണ്ടായിരുന്നു. ഭോപാലില്‍ അദ്വാനിയോടൊപ്പം പങ്കെടുത്ത റാലിയില്‍ 3 ലക്ഷം പേരെ അണി നിരത്തിയ സംസ്ഥാന ബി.ജെ.പി ഘടകം പിന്നീട് മോഡി ഒറ്റക്കു റാലി നടത്താനെത്തിയപ്പോള്‍ വെറും 2200 പേരെ മാത്രമാണ് ഗ്രൗണ്ടിലെത്തിച്ചത്.
ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും നെറികെട്ട മാധ്യമ പ്രചാരണമാണ് ഈ തെരഞ്ഞെടുപ്പു കാലത്ത് നടന്നത്. കുത്തക മുതലാളിമാരുടെ മാനസപുത്രനായതു കൊണ്ട് നരേന്ദ്ര മോഡിയുടെ ചെറിയ നേട്ടങ്ങള്‍ക്ക് പര്‍വതാകാരം കൈവന്നു. വര്‍ഗീയത മുതല്‍ വിവരക്കേട് വരെയുള്ള അദ്ദേഹത്തിന്റെ എല്ലാ അസംബന്ധങ്ങളും മീഡിയ മറച്ചു വെച്ചു. ഇന്ത്യാ ചരിത്രത്തെ കുറിച്ചു മാത്രമല്ല സമീപകാല സംഭവങ്ങളെ കുറിച്ചു പോലും ഇദ്ദേഹത്തിന് സാമാന്യ വിവരം ഉണ്ടായിരുന്നില്ല. തക്ഷശില ബിഹാറിലാണെന്നും അലക്‌സാണ്ടര്‍ തോറ്റു മടങ്ങിയത് ഗംഗാ നദീ തീരത്തു വെച്ചായിരുന്നുവെന്നും പാറ്റ്‌നാ റാലിയില്‍ തട്ടിവിടുമ്പോള്‍ ആള്‍ക്കൂട്ടത്തെ ആവേശം കൊള്ളിക്കുക എന്നതിലപ്പുറം ചരിത്ര യാഥാര്‍ഥ്യങ്ങളുമായി നീതീ പുലര്‍ത്തേണ്ട ആവശ്യം മോഡിക്കുണ്ടായിരുന്നില്ല. സര്‍ദാര്‍ പട്ടേലിന്റെ ശവസംസ്‌കാര ചടങ്ങില്‍ ജവഹര്‍ ലാല്‍ നെഹ്‌റു പങ്കെടുത്തില്ല എന്ന് പരസ്യമായി പ്രസംഗിക്കാനുള്ള ധൈര്യവും മോഡി കാണിച്ചു. നെഹ്‌റു പങ്കെടുത്തതിന്റെ തെളിവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയപ്പോള്‍ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന നിഷേധക്കുറിപ്പുമായി ബി.ജെ.പി നേതാവ് രംഗത്തെത്തി. ഗുജറാത്തിലെ ഒരു സ്വാതന്ത്ര്യ സമര സേനാനിയുടെ ചിത്രം കണ്ട് അത് ശ്യാമപ്രസാദ് മുഖര്‍ജിയുടേതാണെന്ന് മോഡി അവകാശപ്പെട്ടതും വെറുമൊരു 'നാക്കു പിഴ'യായി മാധ്യമങ്ങള്‍ പൊറുത്തു കൊടുത്തു. 'ഇന്ത്യയെ കണ്ടെത്തലും' Glimpses of World History-യും എഴുതിയ പണ്ഡിറ്റ് ജവഹര്‍ ലാല്‍ നെഹ്‌റു ഇരുന്ന കസാരയിലേക്കാണ് ഈ മാന്യദേഹം കുപ്പായം തയ്ച്ചു നടക്കുന്നത് എന്നതു കൊണ്ടാണ് ഇതൊക്കെ പരാമര്‍ശിക്കുകയെങ്കിലും വേണ്ടി വരുന്നത്. ഭൂതത്തെ കുറിച്ചും വര്‍ത്തമാനത്തെ കുറിച്ചും നിരന്തരം വിവരക്കേട് വിളിച്ചു പറയുന്ന ഇതുപോലൊരാള്‍ എങ്ങനെയാണാവോ ഈ രാജ്യത്തെ ഭരിക്കാന്‍ പോകുന്നത്!
ബിഹാറില്‍ സ്‌ഫോടനം നടന്ന സമയത്ത് മുഖ്യമന്ത്രി നിധീഷ് കുമാര്‍ രാജഗീര്‍ എന്ന സ്ഥലത്ത് പാര്‍ട്ടിയുടെ യോഗത്തില്‍ പങ്കെടുക്കുകയായിരുന്നുവെന്ന് കുറ്റപ്പെടുത്തുമ്പോള്‍ ഒരു മുഖ്യമന്ത്രി മറ്റൊരു മുഖ്യമന്ത്രിയുടെ യാത്രാ രേഖകള്‍ പോലും പരിഗണിക്കാതെയായിരുന്നു ഈ ആരോപണമുന്നയിച്ചത്. ചൈനയുടെ ആഭ്യന്തര വളര്‍ച്ചാ നിരക്കിന്റെ 20 ശതമാനം വിദ്യാഭ്യാസത്തിനാണ് ചെലവഴിക്കുന്നതെന്ന് മറ്റൊരു റാലിയില്‍ തട്ടിവിട്ടു. യഥാര്‍ഥത്തില്‍ 4 ശതമാനം മാത്രമേ ചൈന ചെലവഴിക്കുന്നുള്ളൂ. വിദ്യാഭ്യാസ മേഖലയില്‍ ചെലവഴിക്കുന്ന പണത്തിന്റെ തോത് ചൈന 20 ശതമാനം ഉയര്‍ത്തുക മാത്രമാണ് ഉണ്ടായത്. കോണ്‍ഗ്രസിനെ വിമര്‍ശിക്കാനായി ഈ വാദം ഉന്നയിക്കുന്ന മോഡി സ്വന്തം സംസ്ഥാനത്തെ കുറിച്ചു പോലും നുണകള്‍ മാത്രമാണ് പറഞ്ഞു കൊണ്ടിരുന്നത്. 1996-ല്‍ മാനവ വികസന സൂചികയില്‍ 5-ാം സ്ഥാനത്തുണ്ടായിരുന്ന ഗുജറാത്ത് മോഡിയുടെ കാലത്ത് 9-ാം സ്ഥാനത്തേക്ക് എത്തിയെന്നും സംസ്ഥാനത്തെ 69.7 ശതമാനവും ശിശു പോഷകാഹാര നിരക്കില്‍ താഴെയുള്ളവരാണെന്നും 44.7 ശതമാനം കുഞ്ഞുങ്ങള്‍ വിളര്‍ച്ച ബാധിച്ചവരാണെന്നും ആഗോള വിശപ്പ് സൂചികയനുസരിച്ച് ഇന്ത്യയിലെ ഏറ്റവും മോശപ്പെട്ട അഞ്ച് സംസ്ഥാനങ്ങളിലൊന്ന് ഗുജറാത്താണെന്നും കണക്കുകള്‍ പുറത്തു വന്നിരിക്കവെയാണ് പ്രതിശീര്‍ഷ വരുമാനത്തിന്റെ പൊള്ളത്തരവുമായി മോഡി ഊരു ചുറ്റുന്നത്.
അക്കൂട്ടത്തിലെ ഏറ്റവും മോശപ്പെട്ട അധ്യായമായിരുന്നു ഭരണഘടനയുടെ 370-ാം വകുപ്പിനെ ചൊല്ലി ഉയര്‍ന്ന വിവാദം. 2004-ലെ പ്രകടന പത്രികയില്‍ നിന്ന് ബി.ജെ.പി ഇതൊഴിവാക്കിയത് അന്ന് നാഷണല്‍ കോണ്‍ഫറന്‍സിന്റെ പിന്തുണ പാര്‍ട്ടിക്ക് കിട്ടുമായിരുന്ന സാഹചര്യം ഉണ്ടായിരുന്നതു കൊണ്ടാണ്. അയോധ്യയും ഏകസിവില്‍ കോഡുമൊക്കെ ബി.ജെ.പി ഒഴിവാക്കിയതും അവസരവാദപരമായ മുന്നണി രാഷ്ട്രീയത്തിന്റെ ചേരുവകള്‍ക്ക് ഈ ആര്‍.എസ്.എസ് അജണ്ടകള്‍ ചേരാത്തതു കൊണ്ടുമായിരുന്നു. സാമുദായിക ധ്രുവീകരണം മുന്നില്‍ കണ്ട് മോഡി ഈ വിഷയം ചര്‍ച്ചക്കെടുക്കുമ്പോള്‍ മുന്‍കാലങ്ങളില്‍ എന്‍.ഡി.എക്കു േവണ്ടി കൈകൊണ്ട നിലപാടു പോലുമായിരുന്നില്ല മാധ്യമങ്ങളുടേത്. വര്‍ഗീയ അസ്വാസ്ഥ്യങ്ങളും സാമുദായിക ധ്രുവീകരണവും പെരുകുന്നെങ്കിലെന്ത്, മോഡി പ്രധാനമന്ത്രിയായാല്‍ പോരേ എന്ന മട്ടിലായിരുന്നു ഈ വിഷയത്തെയും അവര്‍ സമീപിച്ചത്. തോറ്റാലും ജയിച്ചാലും അസംബന്ധം പറഞ്ഞാലും വിവരക്കേട് വിളമ്പിയാലും ഈ 'മോടി' നമ്മുടെ ജനാധിപത്യത്തെയും കൊണ്ടേ പോകൂ എന്നാണ് തോന്നുന്നത്.
Comments