Prabodhanm Weekly

Pages

Search

2013 ഡിസംബര്‍ 13

പുതിയ സ്ഥാപനങ്ങള്‍ ഉയരുന്നു

ഡോ. മുഹമ്മദ് ഹമീദുല്ല / പഠനം

പ്രവാചകനാണ് മദീനയില്‍ ആദ്യമായി ഒരു ഭരണക്രമം ഉണ്ടാക്കുന്നത്. സൈന്യം, ഖജനാവ്, വിദ്യാഭ്യാസം, നീതിന്യായം, പൊതുഭരണം എന്നിവ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച യാതൊരു തരത്തിലുള്ള പാരമ്പര്യ രീതികളും പ്രവാചകന് മദീനയില്‍ നിന്ന് ലഭിക്കുകയുണ്ടായില്ല. അതിന്റെ കാരണം വളരെ ലളിതമായിരുന്നു. അത്തരം സ്ഥാപനങ്ങളൊന്നും ആ നാട്ടില്‍ തീരെ ഉണ്ടായിരുന്നില്ല എന്നത് തന്നെ. അദ്ദേഹത്തിന് എല്ലാം പൂജ്യത്തില്‍ നിന്ന് തുടങ്ങേണ്ടിയിരുന്നു. ആദ്യമായി പ്രവാചകന്‍ ചെയ്തത് ഏതാനും സെക്രട്ടറിമാര്‍ ഉള്‍ക്കൊള്ളുന്ന ഒരു സെക്രട്ടേറിയറ്റ് ഉണ്ടാക്കുകയായിരുന്നു. ഓരോ സെക്രട്ടറിയുടെയും ഡ്യൂട്ടി എന്തായിരുന്നുവെന്ന് അല്‍മസ്ഊദിയെപ്പോലുള്ള പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്. ചില സെക്രട്ടറിമാര്‍ക്ക് വഹ്‌യ് എഴുതിവെക്കുന്ന ജോലിയായിരുന്നു. ചിലര്‍ സകാത്തിന്റെ വരവ് ചെലവ് കണക്കുകളും അതുപോലുള്ള മറ്റു ചെലവിനങ്ങളും എഴുതിവെച്ചു. യുദ്ധമുതലുകള്‍ ലഭിക്കുമ്പോള്‍ അത് അവകാശികള്‍ക്കിടയില്‍ വിതരണം ചെയ്യേണ്ടതുണ്ട്. ഭരണകൂടത്തിന് അതില്‍ നിന്ന് അഞ്ചിലൊന്ന് ഓഹരി മാത്രമേയുള്ളൂ. ഇതൊക്കെ രേഖപ്പെടുത്തി വെക്കാനും സെക്രട്ടറിമാര്‍ ഉണ്ടായിരുന്നു. മറ്റു ചില സെക്രട്ടറിമാര്‍ വിദേശകാര്യങ്ങളുടെ ചുമതല വഹിച്ചു. ഭരണാധികാരികള്‍ക്കുള്ള കത്തുകളൊക്കെ അവരാണ് തയാറാക്കുക.
ഇവിടെ പരാമര്‍ശിക്കേണ്ട രണ്ട് കാര്യങ്ങളാണ് ഫിനാന്‍സും മിലിട്ടറിയും. കൃത്യമായ സാമ്പത്തിക ഘടനക്ക് തുടക്കം കുറിച്ചത് ഉമറുബ്‌നുല്‍ ഖത്ത്വാബിന്റെ ഭരണകാലത്താണ് എന്ന് പൊതുവെ കരുതപ്പെടാറുണ്ട്. യുവാക്കള്‍ക്ക് അദ്ദേഹം പൊതുഖജനാവില്‍നിന്ന് സാമ്പത്തിക സഹായം നല്‍കിയിരുന്നു. പക്ഷേ, ഒരു വ്യവസ്ഥയുണ്ട്. എപ്പോള്‍ വിളിച്ചാലും അവര്‍ സൈനിക സേവനത്തിന് തയാറാവണം. ഇത് തുടങ്ങിവെച്ചത് ഉമറാണ് എന്ന് പറയാറുണ്ടെങ്കിലും പ്രവാചകന്റെ കാലത്ത് തന്നെ അത് നിലവിലുണ്ടായിരുന്നു. മുഹമ്മദുബ്‌നുല്‍ ഹസന്‍ ശൈബാനി തന്റെ അസ്സിയറുല്‍ കബീര്‍ എന്ന ഗ്രന്ഥത്തില്‍ എഴുതുന്നത്, പ്രവാചകന്റെ സെക്രട്ടറിമാരില്‍ ഒരാളുടെ ചുമതല ശാരീരിക ക്ഷമതയുള്ളവരും സന്നദ്ധരുമായ യുവാക്കളുടെ പട്ടിക തയാറാക്കലായിരുന്നു. എവിടെ സൈനിക സേവനം ആവശ്യമായി വന്നാലും ലിസ്റ്റിലുള്ള ഈ യുവാക്കളെയാണ് വിളിക്കുക. ആ യുവാക്കള്‍ക്ക് സ്ഥിരമായി സ്റ്റൈപ്പന്റ് ഖജനാവില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കും. ഈ സംവിധാനത്തെ വികസിപ്പിക്കുക മാത്രമാണ് ഖലീഫ ഉമര്‍ തന്റെ ഭരണകാലത്ത് ചെയ്തത്. ഉമറിന്റെ ഭരണകാലത്ത് ഖജനാവിലേക്കുള്ള വരുമാനം ഗണ്യമായി കൂടിയപ്പോള്‍ യുവാക്കള്‍ക്കുള്ള സഹായ ധന തുകയും അദ്ദേഹം വര്‍ധിപ്പിച്ചു. അമുസ്‌ലിംകള്‍ക്കും ഇത്തരം ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നു.
അക്കാലത്ത് പല കാര്യങ്ങളും ആളുകള്‍ സ്വമേധയാ ഏറ്റെടുത്ത് നടത്തുകയായിരുന്നു. ഉദാഹരണത്തിന്, തുടക്കത്തില്‍ ബാങ്ക് വിളി ഉണ്ടായിരുന്നില്ല. ബാങ്ക് വിളിക്കാന്‍ കൃത്യമായ സംവിധാനങ്ങള്‍ വേണമെന്ന് ജനങ്ങള്‍ക്ക് തോന്നിത്തുടങ്ങിയപ്പോള്‍ അത് നിര്‍വഹിക്കാനായി മാധുര്യമുള്ള ശബ്ദത്തിന്റെ ഉടമയായ ബിലാലിനെയാണ് പ്രവാചകന്‍ ഏല്‍പിച്ചത്. ബാങ്കിലെ വചനങ്ങള്‍ എങ്ങനെ ഉച്ചരിക്കണം, ശബ്ദം കൂട്ടേണ്ടതും കുറക്കേണ്ടതുമെവിടെ തുടങ്ങി സംഗീത സംബന്ധിയായ കാര്യങ്ങള്‍ വരെ പ്രവാചകന്‍ ബിലാലിനെ പഠിപ്പിച്ചു. അദ്ദേഹത്തിന് ഒരു സഹായിയെയും പ്രവാചകന്‍ നിശ്ചയിച്ചു; ഒരാള്‍ മാത്രം എല്ലാ ഭാരവും പേറാതിരിക്കാന്‍ വേണ്ടി. പള്ളി വൃത്തിയായി സൂക്ഷിക്കേണ്ടതും ഒരു അനിവാര്യതയായിരുന്നു. ആ ചുമതല നിറവേറ്റാന്‍ ഒരു അബ്‌സീനിയന്‍ സ്ത്രീ സ്വമേധയാ രംഗത്ത് വന്നു. അവരായിരുന്നു പള്ളിയുടെ നിലം തൂത്തിരുന്നതും വിളക്ക് കത്തിച്ചിരുന്നതും.
ഒരു സൈനിക സംവിധാനം ഉണ്ടായിരിക്കുക എന്നതും വളരെ അത്യാവശ്യമായിരുന്നു. ഒരു പ്രതിരോധസേന കൂടാതെ കഴിയില്ല. തുടക്കത്തില്‍ ഖജനാവില്‍ ഇതിന് മതിയായ പണം ഉണ്ടായിരുന്നില്ല. ദൈവമാര്‍ഗത്തിലെ സമരം ഓരോ വിശ്വാസിയുടെയും നിര്‍ബന്ധ ബാധ്യതയായി പ്രഖ്യാപിച്ചുകൊണ്ടാണ് ഈ അവസ്ഥയെ തരണം ചെയ്തത്. ഓരോ വ്യക്തിയും തന്റെ സ്വകാര്യധനം മാത്രമല്ല സ്വന്തം ജീവന്‍ വരെ ആവശ്യമെങ്കില്‍ ഈ മാര്‍ഗത്തില്‍ സമര്‍പ്പിക്കാന്‍ ബാധ്യസ്ഥനായിരുന്നു. എല്ലാവരും യുദ്ധത്തില്‍ പങ്കെടുക്കണം എന്നല്ല ഇതിനര്‍ഥം. അതേസമയം ആവശ്യമായി വന്നാല്‍ ഏതൊരു വ്യക്തിയും തന്റെ സേവനം ലഭ്യമാക്കുകയും വേണം. സേവന സന്നദ്ധരായ ഇത്തരം സംഘങ്ങളെ പ്രവാചകന്‍ തെരഞ്ഞെടുക്കുകയും അവരെ പല പോരാട്ട ഭൂമികളിലേക്ക് പറഞ്ഞയക്കാറുമുണ്ടായിരുന്നു.
അഹ്‌ലുസ്സുഫ്ഫ(മദീന പള്ളിയിലെ തിണ്ണയില്‍ സ്ഥിരവാസികളായ ഒരു സംഘം)യെ ഈ സന്ദര്‍ഭത്തില്‍ പരാമര്‍ശിക്കുന്നത് ഉചിതമായിരിക്കും. വിദ്യ നേടാന്‍ മാത്രമായിരുന്നില്ല ഇവരുടെ ഈ ചടഞ്ഞിരിപ്പ്. പെട്ടെന്ന് ഏതെങ്കിലും സൈനിക മുഖത്ത് കുറച്ച് പടയാളികളെ ആവശ്യമുണ്ടാവുക, മദീനയിലെ ഒരു വീട് അക്രമികള്‍ കൈയേറി എന്ന് കേള്‍ക്കുമ്പോള്‍ അവരെ പാഠം പഠിപ്പിക്കാന്‍ പെട്ടെന്ന് കുറച്ചാളുകളെ ആവശ്യമായി വരിക തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ ഈ 'തിണ്ണയിലെ ആളുകളെ'യാണ് പ്രവാചകന്‍ പറഞ്ഞയക്കാറുണ്ടായിരുന്നത്.
ഒരു പടയോട്ടം ആവശ്യമായി വന്നാല്‍ മുന്നൊരുക്കങ്ങള്‍ വേണ്ടിവരുമല്ലോ. അത്തരം സന്ദര്‍ഭങ്ങളില്‍ വെള്ളിയാഴ്ച പ്രസംഗങ്ങളില്‍ പ്രവാചകന്‍ അക്കാര്യം സൂചിപ്പിക്കും. അല്ലെങ്കില്‍ ഒരു അടിയന്തര യോഗം വിളിച്ച് ചേര്‍ക്കും. യുദ്ധത്തിന് വേണ്ടി ഇത്രയാളുകളെ ആവശ്യമുണ്ടെന്ന് പ്രവാചകന്‍ പ്രഖ്യാപിക്കും. ഇത്തരം കൂടിയിരിക്കലുകളില്‍ വെച്ച് തന്നെ വോളണ്ടിയര്‍മാരുടെ പേര് വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. പോകേണ്ട സ്ഥലവും സമയവും ആയുധങ്ങള്‍ സംഭരിക്കേണ്ട കേന്ദ്രവുമൊക്കെ പിന്നീട് അവരെ അറിയിക്കുകയാണ് ചെയ്യുക.
ഇതുപോലെ അക്കാലത്തെ സൈനിക സംവിധാനത്തെക്കുറിച്ച് വേറെയും വിവരങ്ങള്‍ ലഭ്യമാണ്. ഉദാഹരണത്തിന്, വ്യായാമങ്ങളിലൂടെ ശാരീരികക്ഷമത നിലനിര്‍ത്താന്‍ പ്രവാചകന്‍ എല്ലായ്‌പ്പോഴും ജനങ്ങളെ ഉപദേശിക്കുമായിരുന്നു. അമ്പെയ്ത്ത് മത്സരത്തെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. അദ്ദേഹം സ്വയം തന്നെ അത്തരം മത്സരങ്ങളില്‍ പങ്കെടുക്കുമായിരുന്നു. മനുഷ്യരും കുതിരകളും ഒട്ടകങ്ങളും നടത്തുന്ന ഓട്ടമത്സരങ്ങള്‍ക്കും പിന്തുണ നല്‍കും. ഗുസ്തിമത്സരത്തെയും പ്രവാചകന്‍ പ്രോത്സാഹിപ്പിച്ചിരുന്നു. ആ മത്സരവേദികളിലെല്ലാം സമ്മാനങ്ങള്‍ നല്‍കാനും പ്രവാചകന്‍ മുമ്പിലുണ്ടാവും. മസ്ജിദു സിബാഖ് എന്ന പേരില്‍ മദീനയുടെ വടക്കന്‍ ഗേറ്റില്‍ ഒരു പള്ളി വരെ ഉണ്ടായിരുന്നു. 'സിബാഖ്' എന്നാല്‍ മത്സരം എന്നര്‍ഥം. കുന്നിന്‍ മുകളില്‍ കയറി പ്രവാചകന്‍ കുതിരപ്പന്തയം കാണാറുണ്ടായിരുന്നുവെന്ന് ചരിത്ര ഗ്രന്ഥങ്ങളില്‍ വന്നിട്ടുണ്ട്. മുമ്പിലെത്തുന്ന ആദ്യത്തെ അഞ്ച് കുതിരകള്‍ക്ക് പ്രവാചകന്‍ സമ്മാനം നല്‍കാറുണ്ടായിരുന്നെന്ന് (കാരക്കയും മറ്റുമൊക്കെയായിരിക്കും സമ്മാനങ്ങള്‍) അല്‍ മഖ്‌രീസി രേഖപ്പെടുത്തുന്നു.
സൈനിക സേവനം നിര്‍ബന്ധമായതിനാല്‍ പ്രവാചകന്‍ സൈനിക പരിശീലനത്തിനും പ്രാധാന്യം നല്‍കിയിരുന്നു. ആയുധ സജ്ജീകരണങ്ങള്‍ ഗവണ്‍മെന്റിന്റെ മേല്‍നോട്ടത്തിലാണ് നടക്കുക. ആയുധങ്ങളും കുതിരകള്‍, ഒട്ടകങ്ങള്‍ പോലെയുള്ള വാഹനങ്ങളും വാങ്ങിക്കും. കുതിരകള്‍ക്കും ഒട്ടകങ്ങള്‍ക്കും മേയാനുള്ള മൈതാനങ്ങളും കണ്ടെത്തിയിരിക്കും. സന്നദ്ധ ഭടന്മാര്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കില്‍ സൗജന്യ നിരക്കില്‍ ഇതൊക്കെ ഏര്‍പ്പാടാക്കാന്‍ രാഷ്ട്രം തന്നെ മുന്നിട്ടിറങ്ങും. സൈന്യത്തിന്റെ കാര്യക്ഷമത ഉറപ്പ് വരുത്താനാണ് ഇതെല്ലാം.
വിദേശ ഭരണാധികാരികള്‍ക്ക് കത്തുകളെഴുതാനും അവരുമായുള്ള കരാറുകള്‍ രേഖപ്പെടുത്താനും പ്രവാചകന്റെ കാലത്ത് സംവിധാനമുണ്ടായിരുന്നു. പ്രവാചകന്‍ വിദേശ ഭരണാധികാരികള്‍ക്ക് അയച്ച ഏറ്റവും പഴയ കത്തുകള്‍ പ്രവാചക ശിഷ്യനായ അംറുബ്‌നു ഹസം എന്നൊരാളാണ് തയാറാക്കിയിരുന്നത്. ഈ കത്തുകള്‍ കണ്ടെത്തിയതാകട്ടെ അബൂജഅ്ഫര്‍ ദയൂബ്‌ലി എന്നൊരാളും. ഇദ്ദേഹം ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ജനിച്ച് വളര്‍ന്നയാളാണ്.
കത്തുകള്‍ തയാറാക്കുക മാത്രമല്ല പ്രതിനിധികളെ വിദേശ രാജ്യങ്ങളിലേക്ക് അയക്കുകയും ചെയ്തിരുന്നു. അത്തരം ഒട്ടുവളരെ പ്രതിനിധികളെ നമുക്ക് പ്രവാചക ചരിത്രത്തില്‍ കണ്ടെത്താനാവുന്നു. പ്രതിനിധികളില്‍ മുസ്‌ലിംകള്‍ അല്ലാത്തവരും ഉണ്ടായിരുന്നു എന്നത് ശ്രദ്ധേയമാണ്. അവരുടെ വിശ്വസ്തതയും തൊഴില്‍ മികവുമായിരിക്കാം പ്രവാചകന്‍ കണക്കിലെടുത്തിട്ടുണ്ടാവുക. ഉദാഹരണത്തിന്, അംറുബ്‌നു ഉമയ്യ അദ്ദമരി എന്നയാളെയാണ് പ്രവാചകന്‍ അബ്‌സീനിയന്‍ ചക്രവര്‍ത്തിയുടെ അടുത്തേക്ക് തന്റെ പ്രതിനിധിയായി പറഞ്ഞയച്ചത്. അംറുബ്‌നു ഉമയ്യ ഇസ്‌ലാം സ്വീകരിക്കുന്നതിന് മുമ്പായിരുന്നു ഈ നിയമനം.
(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/75-80
എ.വൈ.ആര്‍