Prabodhanm Weekly

Pages

Search

2013 ഡിസംബര്‍ 13

ഉണര്‍വിന്റെ ആദ്യ കിരണങ്ങള്‍

സദ്‌റുദ്ദീന്‍ വാഴക്കാട്

കേരളത്തില്‍ സാമൂഹിക നവോത്ഥാനം ആരംഭിച്ച അതേഘട്ടത്തില്‍ തന്നെ ഇസ്‌ലാമിക നവോത്ഥാനത്തിന്റെയും അതിന്റെ ഭാഗമായുള്ള സ്ത്രീ നവജാഗരണത്തിന്റെയും ആദ്യകിരണങ്ങള്‍ വെളിച്ചം വിതറിത്തുടങ്ങിയിട്ടുണ്ട്. ചട്ടമ്പിസ്വാമികള്‍ (1853-1924), ശ്രീനാരായണഗുരു (1856-1928), വി.ടി ഭട്ടതിരിപ്പാട് (1896-1982), സയ്യിദ് സനാഉല്ലാഹ് മക്തി തങ്ങള്‍ (1847-1912), ശൈഖ് മാഹിന്‍ ഹമദാനി തങ്ങള്‍ (മരണം 1922), വക്കം മൗലവി (1850-1932), ഹലീമാബീവി (1918-2000) തുടങ്ങിയ വ്യക്തിത്വങ്ങളുടെ കാലവും, കേരളീയ നായര്‍ സമാജം (1905), ശ്രീനാരായണ ധര്‍മ്മപരിപാലന യോഗം-എസ്.എന്‍.ഡി.പി (1903), യോഗക്ഷേമസഭ (1908), ലജ്‌നത്തുല്‍ മുഹമ്മദിയ (1882), മുഹമ്മദിയ സഭ (1886) തുടങ്ങിയ സംഘടനകളുടെ ചരിത്രവും പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. മാത്രമല്ല കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിലും മതസമുദായങ്ങളുടെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളിലും ഇസ്‌ലാമിന്റെ സ്വാധീനവും ഉണ്ടായിട്ടുണ്ട്. ശ്രീ നാരായണഗുരുവിന്റെ ജാതി വിരുദ്ധസമരങ്ങളിലും, വിപ്ലവസ്വഭാവമുള്ള മുദ്രാവാക്യങ്ങളിലുമൊക്കെ ഇസ്‌ലാമിന്റെ സ്വാധീനമുണ്ട്. പരിഷ്‌കര്‍ത്താവായ വക്കം മൗലവിയുമായി ശ്രീനാരായണഗുരുവിനും ഉണ്ടായിരുന്നു ബന്ധം. അധഃസ്ഥിത ജനവിഭാഗങ്ങളുടെ സാമൂഹിക മോചനത്തിന് ഇസ്‌ലാം നല്‍കിയ സംഭാവനകള്‍ സുവിദിതമാണല്ലോ. ഇസ്‌ലാമിന്റെ ആഗമനം ഇവിടുത്തെ സാമൂഹികഘടനയില്‍ സൃഷ്ടിച്ച മാറ്റത്തിന്റെ തുടര്‍ച്ചയായിരുന്നു പിന്നീട് ശ്രീ നാരായണഗുരുവിന്റെ പ്രവര്‍ത്തനങ്ങളിലും കാണുന്നത്. വിദ്യാഭ്യാസവും സാമൂഹിക മുന്നേറ്റവും ലക്ഷ്യം വെച്ചുകൊണ്ട് എസ്.എന്‍.ഡി.പി ആരംഭിക്കുന്നതിനും  മുമ്പുതന്നെ, മക്തി തങ്ങളുടെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ ലജ്‌നത്തുല്‍ മുഹമ്മദിയയും അറക്കല്‍ രാജകുടുംബത്തിന്റെ പിന്തുണയോടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് കണ്ണൂരില്‍ 'മുഹമ്മദീയസഭ'യും സ്ഥാപിക്കപ്പെട്ടത് ഇതിന്റെ ഉദാഹരണമാണ്. സ്ത്രീകളുടെ അവകാശസംരക്ഷണത്തിലെ പ്രധാന സംഭവമായി ഗണിക്കപ്പെടുന്ന ചാന്നാര്‍ ലഹളയും(മാറുമറക്കല്‍ സമരം), ബഹുഭര്‍തൃത്വം-സംബന്ധം തുടങ്ങിയവക്കെതിരായ പ്രവര്‍ത്തനങ്ങളും ടിപ്പുസുല്‍ത്താന്റെ സാമൂഹിക പരിഷ്‌കരണങ്ങളില്‍നിന്നുകൂടി പ്രചോദനമുള്‍ക്കൊണ്ടിട്ടുള്ളതാണ്. ഇവിടുത്തെ രാജാക്കന്മാര്‍ക്ക് ടിപ്പു എഴുതിയ ഒരു കത്ത് ഇങ്ങനെ; ''നിങ്ങളുടെ കൂട്ടത്തിലെ ഒരു സ്ത്രീ പത്തു പുരുഷന്മാരോടു സഹവസിക്കുന്നുവെന്ന് ഞാന്‍ അറിയുന്നു. ഇത്തരം ആഭാസ ജീവിതം തുടരുന്നതിന് അമ്മപെങ്ങന്മാരെ നിങ്ങള്‍ യഥേഷ്ടം സമ്മതിക്കുന്നു. വ്യഭിചാരത്തിന്റെ സന്തതികളെ സൃഷ്ടിച്ചുവിടുന്ന മൃഗങ്ങളെക്കാളും ലജ്ജയില്ലാത്ത ഈ ബന്ധം ഒരിക്കലും ശരിയല്ല. പാപഭാരമായ ഈ പ്രവൃത്തികള്‍ അവസാനിപ്പിച്ചു മറ്റു മനുഷ്യരെപ്പോലെ മാന്യമായി ജീവിക്കാന്‍ നാം കല്‍പിക്കുന്നു'' (History of Mysoor.vol.2,page-120). മാറുമറക്കാന്‍ അനുവാദമില്ലാതിരുന്ന സ്ത്രീകള്‍ക്ക്, വസ്ത്രധാരണ അവകാശം അംഗീകരിച്ചു കൊടുക്കുന്നതിനും ടിപ്പു കല്‍പന പുറപ്പെടുവിക്കുകയുണ്ടായി.
വസ്ത്രധാരണം, ബഹുഭര്‍തൃത്വ-സംബന്ധ നിരോധം, സ്വത്തവകാശം തുടങ്ങിയ വിഷയങ്ങളില്‍ കേരളത്തിലെ സ്ത്രീ മുന്നേറ്റത്തെ ഇസ്‌ലാമും മുസ്‌ലിം പരിഷ്‌കര്‍ത്താക്കളും സ്വാധീനിച്ചുവെന്നതിന്റെ തെളിവുകളിലൊന്നാണിത്. മാത്രമല്ല, മുസ്‌ലിം സ്ത്രീകളുടെ പരിഷ്‌കരണ പ്രക്രിയ വൈകി ആരംഭിച്ചതല്ല എന്നും ഈ ചരിത്ര വിശകലനത്തില്‍നിന്നും വ്യക്തമാകുന്നു. ക്രൈസ്തവ മിഷനറിമാരുടെയും ഇവിടുത്തെ സഹോദര സമുദായങ്ങളുടെയും പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ മുസ്‌ലിം സ്ത്രീശാക്തീകരണത്തെ പ്രചോദിപ്പിച്ചിട്ടുണ്ടെന്നുള്ള കാര്യം വിസ്മരിക്കാവതല്ല. അതേസമയം, മുസ്‌ലിം സ്ത്രീ മുന്നേറ്റത്തിന് താരതമ്യേന വേഗത കുറവായിരുന്നുവെന്നതും സമുദായത്തിനകത്തു നിന്ന് വലിയൊരു വിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പുകള്‍ അതിന് നേരിടേണ്ടി വന്നുവെന്നതും ഇതിന്റെ മറുവശമാണ്. അതുകൊണ്ടാകാം മലയാളി മുസ്‌ലിംസ്ത്രീ വെളിച്ചത്തേക്കുവരാന്‍ വൈകിപ്പോയത്. സ്ത്രീ വിദ്യാഭ്യാസം, സ്ത്രീകളുടെ വ്യക്തിത്വത്തെയും അവകാശങ്ങളെയും സംബന്ധിച്ച ബോധവല്‍ക്കരണം എന്നിവക്കായിരുന്നു മുസ്‌ലിം പരിഷ്‌കര്‍ത്താക്കള്‍ ആദ്യഘട്ടത്തില്‍ ഊന്നല്‍ നല്‍കിയത്. അക്ഷരാഭ്യാസം വിലക്കപ്പെടുകയും വീടകങ്ങളില്‍ പോലും സ്ത്രീകളുടെ വ്യക്തിത്വത്തിന് വിലകല്‍പിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ വിമോചനത്തിന്റെ അടിസ്ഥാനങ്ങള്‍ ഒരുക്കുകയായിരുന്നു ആദ്യം ചെയ്യേണ്ടിയിരുന്നത്. അതാണ് മക്തി തങ്ങള്‍ മുതല്‍ വക്കം മൗലവി വരെയുള്ളവര്‍ ചെയ്തത്. സ്ത്രീകളുടെ സാമൂഹിക-രാഷ്ട്രീയ രംഗപ്രവേശത്തെ കുറിച്ച് ചിന്തിക്കാന്‍ കഴിയുന്ന ഘട്ടമായിരുന്നില്ലല്ലോ അത്. 'ഇരിക്കും മുമ്പേ കാലു നീട്ടാന്‍' മാത്രം അപക്വമതികളായിരുന്നില്ല ആ പരിഷ്‌കര്‍ത്താക്കള്‍. അതുകൊണ്ട്, ഇന്ന് മുസ്‌ലിംസ്ത്രീ കൈവരിച്ച നേട്ടങ്ങളുടെയും സാമൂഹിക പദവിയുടെയും പില്‍ക്കാലത്ത് രൂപപ്പെട്ട സ്ത്രീവാദ ചര്‍ച്ചകളുടെയും പശ്ചാത്തലത്തില്‍ നിന്നുകൊണ്ട്, ആദ്യകാല സ്ത്രീ മുന്നേറ്റ ശ്രമങ്ങളെ വിലയിരുത്തുന്നത് ശരിയായ നടപടിയല്ല. ആദ്യകാല പരിഷ്‌കരണ സംരംഭങ്ങള്‍ ഇട്ട അടിത്തറയിലാണ് ഇന്ന് കാണുന്ന മുസ്‌ലിം സ്ത്രീ മുന്നേറ്റ സൗധം കെട്ടിപ്പടുത്തിട്ടുള്ളതെന്ന് തിരിച്ചറിയേണ്ടതുണ്ട്. എന്നല്ല, ഇന്ന് മുസ്‌ലിം സ്ത്രീ വാദത്തിന് ശബ്ദമുയര്‍ത്താവുന്ന സാഹചര്യം ലഭിച്ചതുപോലും ഇന്നലെകളിലെ പരിഷ്‌കര്‍ത്താക്കളുടെ പരിശ്രമത്തിന്റെ ആനുകൂല്യത്തിലാണെന്ന് നന്ദിപൂര്‍വം ഓര്‍ക്കേണ്ടതാണ്.

സനാഉല്ല മക്തി തങ്ങള്‍
കേരളീയ മുസ്‌ലിം നവോത്ഥാനത്തിന്റെ മുന്നണിപ്പോരാളിയായ സനാഉല്ല മക്തി തങ്ങള്‍ സ്ത്രീകളുടെ വിദ്യാഭ്യാസ മുന്നേറ്റത്തിനുവേണ്ടി യത്‌നിച്ച പരിഷ്‌കര്‍ത്താവാണ്. പരിമിതമായ മതപഠനത്തിനപ്പുറം ആധുനിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെ കുറിച്ച് അദ്ദേഹം സമുദായത്തെ ശക്തമായി ഉല്‍ബോധിപ്പിക്കുകയുണ്ടായി. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കേണ്ടതിന്റെ അനിവാര്യത അദ്ദേഹം ഊന്നിപ്പറഞ്ഞു. മലയാളം-ഇംഗ്ലീഷ് ഭാഷകള്‍ വിലക്കി നിര്‍ത്തിയ മതപൗരോഹിത്യത്തെയും അതു സ്വീകരിച്ച സമുദായത്തിന്റെ പൊതു ബോധത്തെയും അദ്ദേഹം വിമര്‍ശിച്ചു. മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കണമെന്നു മാത്രമല്ല, മക്തി തങ്ങള്‍ ആവശ്യപ്പെട്ടത്, അവര്‍ക്ക് പ്രത്യേക പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കണമെന്ന നിര്‍ദേശത്തെ നിരാകരിച്ചുകൊണ്ട്, പെണ്‍കുട്ടികളെ പൊതുവിദ്യാലയത്തില്‍ തന്നെ അയക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുസ്‌ലിം പെണ്‍കുട്ടികള്‍ വിദ്യാഭ്യാസ രംഗത്തേക്ക് കടന്നുവരുന്നതും പൊതുപള്ളിക്കൂടങ്ങളില്‍ പഠിക്കാനാരംഭിച്ചതും മക്തി തങ്ങളുടെ ശ്രമഫലമായാണ്.
അദ്ദേഹം പറയുന്നു: ''സര്‍വകാര്യ വിചാരികളായ പുരുഷ ജനം ഇതുവരെ പുരുഷാവകാശവും അലങ്കാരവും അറിയാതിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ സ്ത്രീകള്‍ പഠിക്കുന്നതിലേക്ക് പ്രത്യേക പാഠശാലകള്‍ ഏര്‍പ്പെടുത്തി കിട്ടേണമെന്നപേക്ഷിക്കുന്നതും വിവരമില്ലായ്മയാകുന്നു. ഇസ്‌ലാംമുറ തെറ്റാതെ തന്നെ പെണ്‍പിള്ളേര്‍ക്ക് പൊതുപള്ളിക്കൂടങ്ങളില്‍ അഭ്യസിക്കാം. ഈ വക ശ്രമങ്ങള്‍ അനാവശ്യവും അവകാശ രഹിതവുമാകയാല്‍-പെണ്‍കുട്ടികള്‍ക്ക് പ്രത്യേക  വിദ്യാലയം സ്ഥാപിക്കണമെന്ന് അവകാശപ്പെട്ടാല്‍ ഭക്തിക്ക് എതിരെന്ന് വിധിക്കപ്പെടും, നിശ്ചയം'' (രാജഭക്തിയും ദേശാഭിമാനവും, മക്തിതങ്ങളുടെ സമ്പൂര്‍ണ കൃതികള്‍, പേജ്-507, വചനം ബുക്‌സ്,കോഴിക്കോട്).
മതപഠനം മുസ്‌ലിംകളുടെ സാമൂഹികബാധ്യത (ഫര്‍ദുകിഫായ) ആണെന്നതുപോലെ, ഭൗതിക വിദ്യാഭ്യാസവും സാമൂഹിക ബാധ്യതയാണെന്ന് മക്തി തങ്ങള്‍ പറഞ്ഞു. വൈദ്യശാസ്ത്രപഠനം സാമൂഹിക ബാധ്യതയാണെന്ന ഇമാം അബൂഹാമിദില്‍ ഗസാലിയുടെ നിലപാടാണ് മക്തി തങ്ങള്‍ തെളിവായി ഉദ്ധരിക്കുന്നത്. എല്ലാവരും മതപഠനത്തിലേക്ക് പോവുകയും ഭൗതിക വിദ്യാഭ്യാസം അവഗണിക്കുകയും ചെയ്യുന്നതിനെ അദ്ദേഹം വിമര്‍ശിച്ചു (മുസ്‌ലിം ജനവും വിദ്യാഭ്യാസവും, അതേ പുസ്തകം). മുസ്‌ലിംകള്‍ക്ക് വിശേഷിച്ചും സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം വിലക്കിയ പൗരോഹിത്യത്തെയും അദ്ദേഹം വിമര്‍ശിച്ചു. സര്‍സയ്യിദ് അഹ്മദ് ഖാന്റെ നേതൃത്വത്തില്‍ അലിഗഢില്‍ ആരംഭിച്ച വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും അദ്ദേഹത്തെ പ്രചോദിപ്പിക്കുകയുണ്ടായി. അലീഗഢ് മാതൃകയില്‍ ഒരു വിദ്യാലയം അദ്ദേഹം സ്വപ്നം കണ്ടിരുന്നുവെന്നാണ് മനസ്സിലാകുന്നത്. കണ്ണൂര്‍ കേന്ദ്രമായി വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി, യുവാക്കളെ സംഘടിപ്പിച്ചുകൊണ്ട് 'മുഹമ്മദീയ സഭ' എന്നൊരു വേദിയും 1986-ല്‍ മക്തി തങ്ങള്‍ രൂപീകരിക്കുകയുണ്ടായി. അതിനുമുമ്പ്, 1882-ല്‍ ആലപ്പുഴയില്‍ രൂപംകൊണ്ട വിദ്യാഭ്യാസവേദിയെയും അദ്ദേഹം പ്രോത്സാഹിപ്പിച്ചു (പേജ്:486).

ശൈഖ് ഹമദാനി തങ്ങള്‍
മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതിയില്‍ വലിയ പങ്കുവഹിച്ച വ്യക്തിത്വമാണ് ശൈഖ് മാഹിന്‍ ഹമദാനി തങ്ങള്‍ (മരണം-1922). എറണാകുളം ജില്ലയിലെ വടുതല സ്വദേശിയായ അദ്ദേഹം പള്ളി ദര്‍സിലും വേലൂര്‍ ലത്വീഫിയ കോളേജിലുമാണ് പഠിച്ചത്. ഒരു ആത്മീയസരണിയുടെ (ത്വരീഖത്) ശൈഖ് ആയിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മേഖലയായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തന മണ്ഡലത്തില്‍ പ്രധാനം. സ്ത്രീ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെ കുറിച്ച് അദ്ദേഹം മുസ്‌ലിം സമുദായത്തെ ബോധവല്‍ക്കരിക്കാന്‍ ശ്രമിച്ചു. ''നമ്മുടെ സ്ത്രീകളെ അന്ധകാരത്തില്‍ സൂക്ഷിക്കുന്ന കാലത്തോളം നമുക്ക് പുരോഗതി സാധ്യമല്ല. വിജ്ഞാനം കരഗതമാക്കല്‍ ഓരോ മുസ്‌ലിം സ്ത്രീപുരുഷന്റെയും ബാധ്യതയാണെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് നമ്മുടെ സ്ത്രീകള്‍ക്ക് മതവിദ്യാഭ്യാസം നല്‍കണം. പുറമെ ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ അസ്തിത്വത്തിനാവശ്യമായ വിഷയങ്ങളും അവരെ പഠിപ്പിക്കേണ്ടതുണ്ട്.'' എന്ന് ഹമദാനി തങ്ങള്‍ എഴുതുകയുണ്ടായി (മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് അഞ്ച് നിര്‍ദേശങ്ങള്‍-'മുസ്‌ലിം' പത്രം, വാള്യം 5, ലക്കം 6-7, 1916).
സര്‍ സയ്യിദ് അഹ്മദ്ഖാന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായിരുന്ന അദ്ദേഹം, സര്‍ സയ്യിദിന്റെ 'ആള്‍ ഇന്ത്യ മുസ്‌ലിം എജുക്കേഷണല്‍ കോണ്‍ഫറന്‍സി'ന്റെ മാതൃകയില്‍ 'മുസ്‌ലിം കോണ്‍ഫറന്‍സ്' എന്ന പേരില്‍ ഒരു വിദ്യാഭ്യാസ സംഘടന രൂപീകരിക്കുകയുണ്ടായി. പണ്ഡിതന്മാരെ അണിനിരത്തി വിദ്യാഭ്യാസ വളര്‍ച്ചക്കുവേണ്ടി പ്രവര്‍ത്തിക്കണമെന്ന് തീരുമാനിച്ച ഹമദാനി തങ്ങള്‍, അതിനുയോഗ്യരായ പണ്ഡിതര്‍ ഇവിടെ ഇല്ലാത്തതിനാല്‍ ഈജിപ്തിലേക്ക് ഒരു സംഘത്തെ അയച്ചു. ശൈഖ് മുഹമ്മദ് അസദ് അല്‍ അസ്ഹറില്‍ നടപ്പിലാക്കിയ വിദ്യാഭ്യാസ പരിഷ്‌കരണങ്ങള്‍ ലോകത്തെ ആകര്‍ഷിച്ചിരുന്നതിനാലാണ് ഈജിപ്തിലേക്ക് തന്റെ ശിഷ്യന്‍ ശൈഖ് ആലി മൗലവിയുടെ നേതൃത്വത്തില്‍ ഒരു സംഘത്തെ ഹമദാനി തങ്ങള്‍ അയച്ചത്. ആ ദൗത്യം വിജയിക്കുകയുണ്ടായില്ലെങ്കിലും അക്കാലത്ത് ഈജിപ്തില്‍നിന്ന് വിദ്യാഭ്യാസ വിചക്ഷണരെ കേരളത്തില്‍ കൊണ്ടുവരാന്‍ ഹമദാനി തങ്ങള്‍ ആഗ്രഹിച്ചതില്‍നിന്ന് അദ്ദേഹത്തിലെ ഉന്നതനായ വിദ്യാഭ്യാസ പ്രവര്‍ത്തകനെ കുറിച്ച് മനസ്സിലാക്കാം. മധ്യകേരളത്തില്‍ ഒരു മുസ്‌ലിം കോളേജ് അദ്ദേഹം സ്വപ്നം കണ്ടു. അന്നത്തെ തിരുവിതാംകൂര്‍ ദിവാന്‍ ഇതിനായി ആലുവയില്‍ എട്ട് ഏക്കര്‍ ഭൂമി ഹമദാനി തങ്ങളുടെ നേതൃത്വത്തിലുള്ള ട്രസ്റ്റിന് പതിച്ചുകൊടുക്കണം. പക്ഷേ മുസ്‌ലിം സമുദായത്തില്‍നിന്ന് അതിന് വേണ്ടത്ര പിന്തുണ അക്കാലത്ത് കിട്ടിയില്ല. ഉന്നത കോളേജ് എന്ന അദ്ദേഹത്തിന്റെ മോഹം പ്രൈമറി സ്‌കൂളായി ചുരുങ്ങി. വിദ്യാഭ്യാസ രംഗത്ത് സേവനമര്‍പ്പിച്ച 'ആലപ്പുഴ ലജ്‌നത്തുല്‍ മുഹമ്മദീയ' രൂപീകരണത്തില്‍ അദ്ദേഹം പങ്കുവഹിച്ചു. സാമൂഹിക-വിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് 1911-ല്‍ ശൈഖ് ഹമദാനി തങ്ങളെ ശ്രീമൂലം അസംബ്ലിയിലേക്ക് അന്നത്തെ ദിവാന്‍ നോമിനേറ്റ് ചെയ്തത്. മുസ്‌ലിം വിദ്യാര്‍ഥികളെ സ്‌കൂളുകളിലേക്ക് ആകര്‍ഷിക്കാന്‍, സ്‌കൂള്‍ സിലബസില്‍ അറബി ഉള്‍പ്പെടുത്തണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കപ്പെടുകയും ചെയ്തു. മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക്, അദ്ദേഹത്തിന്റെ ആവശ്യം കൂടി കണക്കിലെടുത്ത് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തി. തിരുവിതാംകൂറില്‍ മുസ്‌ലിം വിദ്യാഭ്യാസത്തിന് പൊതുവായും മുസ്‌ലിം സ്ത്രീവിദ്യാഭ്യാസത്തിന് പ്രത്യേകമായും ഇതെല്ലാം വലിയ അളവില്‍ പ്രോത്സാഹനമായി. മുസ്‌ലിം സ്ത്രീ വിദ്യാഭ്യാസത്തില്‍ തിരുവിതാംകൂര്‍ മുമ്പില്‍ നില്‍ക്കാന്‍ ഹമദാനി തങ്ങള്‍ നടത്തിയ ഇടപെടലിനും പങ്കുണ്ട്. സ്ത്രീ വിദ്യാഭ്യാസത്തില്‍ തരതമ്യേന മെച്ചപ്പെട്ടു നില്‍ക്കുന്ന കൊടുങ്ങല്ലൂര്‍-ഏറിയാട് പ്രദേശങ്ങളില്‍ ഹമദാനി തങ്ങളുടെ നേതൃത്വത്തില്‍ രൂപീകരിച്ച 'ലജ്‌നത്തുല്‍ ഹമദാനിയ്യ'യും 'ലജ്‌നത്തുല്‍ ഇസ്‌ലാം സഭ'യും പ്രവര്‍ത്തിച്ചിരുന്നുവെന്ന് ഓര്‍ക്കണം.

ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി
ഈ ഗണത്തില്‍ ഉള്‍പ്പെടുത്തേണ്ട വിദ്യാഭ്യാസ പരിഷ്‌കര്‍ത്താവാണ് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി (മരണം-1919). സ്വന്തം കുടുംബത്തിലെ പെണ്‍കുട്ടികളെ പഠിക്കാനയച്ച് സ്ത്രീവിദ്യാഭ്യാസത്തിന് മാതൃക കാണിച്ച അദ്ദേഹത്തെ കുറിച്ച് ചരിത്രം രേഖപ്പെടുത്തിയതിങ്ങനെ; ''സാധാരണ ഭാഷ പഠിക്കുന്നതുപോലെ അറബി പഠിക്കാനും, അര്‍ഥം ഗ്രഹിക്കാന്‍ ശരിയായ മലയാളം സ്വായത്തമാക്കാനും അദ്ദേഹം മുസ്‌ലിംകളെ ഉദ്ബുദ്ധരാക്കി. മലയാള അക്ഷരങ്ങള്‍ ഉച്ചാരണ ശുദ്ധിയോടെ മൊഴിയാവുന്ന തരത്തില്‍ അറബി മലയാളം അക്ഷരമാല പുനഃസംവിധാനിച്ചു. ഭൂമിശാസ്ത്രം, ഗോളശാസ്ത്രം, തര്‍ക്കശാസ്ത്രം എന്നിവയും കുട്ടികളെ പഠിപ്പിച്ചു. വാഴക്കാട് മദ്‌റസയില്‍ മലയാളം പഠനവിഷയമാക്കിയതിന്റെ പേരില്‍ അവിടെനിന്ന് അദ്ദേഹത്തിന് ഒഴിവാകേണ്ടിവന്നു. ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയും അദ്ദേഹത്തിന്റെ പണ്ഡിതരായ ശിഷ്യന്മാരും പുത്രന്മാരുമാണ് മലബാറിലെ മാപ്പിളമാരെ ആധുനിക ചിന്താഗതികളുമായി പരിചയപ്പെടുത്തിയത്. യാഥാസ്ഥിതികരുടെ എതിര്‍പ്പിനെ വകവെക്കാതെ സ്വന്തം കുടുംബത്തിലെ പെണ്‍കുട്ടികളെ പള്ളിക്കൂടത്തിലേക്ക് അയച്ചു മാതൃക കാണിച്ച കുഞ്ഞഹമ്മദ് ഹാജിക്ക് മുസ്‌ലിം സമുദായത്തില്‍, അന്തര്‍ജനങ്ങളോട് ''അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്'' എന്ന് ആഹ്വാനം ചെയ്ത വി.ടിക്ക് നമ്പൂതിരി സമുദായത്തിലുള്ള സ്ഥാനമാണുള്ളത്'' (മുസ്‌ലിംകളും കേരള സംസ്‌കാരവും, പി.കെ മുഹമ്മദ് കുഞ്ഞി, പേജ്:154, 155).
(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/75-80
എ.വൈ.ആര്‍