ചെറിയ ജീവിതത്തെ ഇനിയും ചെറുതാക്കാതിരിക്കൂ
അനുഗ്രഹങ്ങളിലെ മഹാ അനുഗ്രഹമാണ് കുടുംബമെന്നും ജീവിത വ്യവസ്ഥയുടെ അടിത്തൂണാണതെന്നും അംഗീകരിക്കാത്തവരുണ്ടാവില്ല. ആരോഗ്യമുള്ള ആവാസവ്യവസ്ഥക്ക് കുടുംബം അനിവാര്യമാണെന്ന് ധാര്‍മികബോധമുള്ളവരൊക്കെയും സമ്മതിക്കും. മനുഷ്യന് താങ്ങും തണലും ശാന്തിയും സമാധാനവും ആവോളം നല്‍കുന്ന കുടുംബവ്യവസ്ഥ എന്നെന്നും നിലനില്‍ക്കണമെന്നും നാം ആഗ്രഹിക്കുന്നു.
എന്നാല്‍ കുടുംബമിന്ന് ഗുരുതരമായ ചില വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നുണ്ട്. വ്യത്യസ്ത പ്രകൃതക്കാരും അഭിരുചിക്കാരും അധിവസിക്കുന്ന പുരയിടങ്ങളിലും കുടുംബ പരിസരങ്ങളിലും പ്രശ്‌നങ്ങളും പ്രതിസന്ധികളുമുണ്ടാവുമെന്ന യാഥാര്‍ഥ്യം തിരിച്ചറിയുകയാണ് പരിഹാരത്തിനുള്ള ആദ്യപടി. ചില അടിസ്ഥാന മൂല്യങ്ങളാണ് കുടുംബമെന്ന ദിവ്യവിസ്മയത്തെ ചലിപ്പിക്കുന്നതെന്ന തിരിച്ചറിവും വളരെ പ്രധാനമാണ്. പരിഹരിക്കാന്‍ കഴിയാത്തതല്ല കുടുംബം നേരിടുന്ന വെല്ലുവിളികള്‍. കുടുംബ സംവിധാനത്തെ ചലിപ്പിക്കുന്ന മൂല്യങ്ങളെ പുനഃസ്ഥാപിച്ചുകൊണ്ടേ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാവുകയുള്ളൂ. ഏത് കുടുംബം ഈ ചിട്ടവട്ടങ്ങള്‍ പാലിക്കുന്നുവോ അവര്‍ക്ക് കുടുംബം സ്വര്‍ഗമാകും. എല്ലാ കുടുംബങ്ങളും ഇതു പാലിക്കാന്‍ തയാറായാല്‍ ഭൂമി തന്നെ സ്വര്‍ഗമാകും, കുടുംബം സ്‌നേഹസാഗരവും!
സ്‌നേഹം വിളമ്പുന്ന വീടകങ്ങളാണ് നമുക്കിന്നാവശ്യം. കുടുംബത്തെ കോര്‍ത്തെടുക്കുന്ന നെയ്ത്തുനൂലാണ് വിശുദ്ധ സ്‌നേഹം. വിലമതിക്കാനാവാത്ത മഹാവിസ്മയം. ഒരുപക്ഷേ സ്‌നേഹമെന്ന മഹാവികാരത്തെ വ്യാഖ്യാനിക്കാന്‍ നമുക്ക് സാധിക്കില്ല. എന്നാല്‍ എത്രയും ആര്‍ദ്രമായി അത് അനുഭവിക്കാന്‍ ഏത് കൊച്ചുകുട്ടിക്കും സാധിക്കും. ആരും അത് കൊതിക്കുന്നു. നല്‍കാന്‍ കഴിയാത്തവര്‍ വരെ അത് കിട്ടണമെന്ന് ആഗ്രഹിക്കുന്നു.
സ്‌നേഹത്തിന്റെ ഉത്ഭവസ്ഥലിയാണ് കുടുംബം. സ്‌നേഹവും കാരുണ്യവും (മവദ്ദത്തും റഹ്മത്തും) കുടുംബമെന്ന മഹാതറവാട്ടില്‍ നിക്ഷേപിച്ചത് അതിന്റെ ശില്‍പിയായ അല്ലാഹു തന്നെയാണ്. ഇതാണ് പുത്രവാത്സല്യത്തിലൂടെ കുടുംബത്തിന്റെ തണലായും സംരക്ഷണമായും ഭദ്രതയായും നാം അനുഭവിക്കുന്നത്. അണപൊട്ടിയൊഴുകുന്ന സ്‌നേഹ ലാളനകളായി, ചൂടുറ്റ ചുംബനങ്ങളായി, നെഞ്ചോടുചേര്‍ക്കുന്ന വാരിപ്പുണരലുകളായി, കാരുണ്യമൂറുന്ന പരിപാലനങ്ങളായി, ചിരിയായി, കളിയായി, താരാട്ടായി, മറ്റു പലതുമായി മാതൃസ്‌നേഹത്തിലൂടെ നാം അനുഭവിക്കുന്നതും ഇതുതന്നെ. അളക്കാനാവില്ലിത്, വിലമതിക്കാനും. ഒരു ഫാക്ടറിക്കും ഇതു ഉല്‍പ്പാദിപ്പിക്കാനാവില്ല. ഒരു സര്‍ക്കാര്‍ പദ്ധതിക്കും ഇത് നടപ്പാക്കാനുമാവില്ല. എന്നാല്‍ ഈ സ്‌നേഹമില്ലെങ്കില്‍ മനുഷ്യനില്ല. ലോകം നിലനില്‍ക്കില്ല. മനുഷ്യരും മൃഗങ്ങളും പറവകളും ജീവജാലങ്ങളും ആവോളം ആസ്വദിക്കുന്നു ഈ സ്‌നേഹം. എന്നാല്‍ ഈ സ്‌നേഹം ഉറവപൊട്ടുന്നത്, മനുഷ്യ ജീവിതത്തിന്റെ വിശാലമായ സൈകത തടങ്ങളിലേക്ക് പരന്നൊഴുകുന്നത് കുടുംബത്തില്‍ നിന്നാണ്. ജീവിതത്തെ പുഷ്‌ക്കലമാക്കുന്നത് കുടുംബത്തിലൂടെ സ്രഷ്ടാവ് ഒഴുക്കിവിട്ട മഹാസ്‌നേഹനദിയാണ്.
അതിനാല്‍ ഇനി നമുക്ക് ആത്മാര്‍ഥമായി സ്‌നേഹിച്ചു തുടങ്ങാം; സ്‌നേഹം നാഥന്റെ വരദാനമാണെന്നും സ്‌നേഹിക്കല്‍ മഹത്തായ ഇബാദത്താണെന്നും തിരിച്ചറിഞ്ഞുകൊണ്ട്. പരസ്പരം സ്‌നേഹിക്കാതെ വിശ്വാസികളുടെ ഈമാന്‍ പൂര്‍ത്തിയാവില്ലല്ലോ. കുടുംബാംഗങ്ങള്‍ തമ്മിലുള്ള സ്‌നേഹമാകട്ടെ അതിരറ്റ പ്രതിഫലം നേടിത്തരുന്ന പുണ്യകര്‍മവുമാണ്. മാതാപിതാക്കളെ സ്‌നേഹിക്കണമെന്ന് പറയുന്നത് അല്ലാഹുവാണ്. ഇണയും തുണയും തമ്മിലും, മാതാപിതാക്കളും മക്കളും തമ്മിലും മറ്റു ബന്ധുക്കള്‍ തമ്മിലും ശക്തമായ സ്‌നേഹബന്ധം ഊട്ടിയുറപ്പിക്കണമെന്ന് കല്‍പ്പിക്കുന്നതും അല്ലാഹു തന്നെ. അളവറ്റ പ്രതിഫലമാണതിനു ലഭിക്കുക. ജീവിതത്തിലെ ശാന്തിയും സമാധാനവും അതിന്റെ അനന്തരഫലമാണ്.
ജീവിത സൗകര്യങ്ങളുടെ പെരുമഴക്കാലത്താണ് നാമുള്ളത്. നമുക്കിന്ന് എല്ലാമുണ്ട്. ഇല്ലാത്തത് സമാധാനമാണ്, സ്‌നേഹമാണ്. സ്‌നേഹം വറ്റിയ കാലത്ത് ഇത് നമ്മുടെ സ്വകാര്യ ദുഃഖമായി മാറുന്നു. കുടുംബത്തെപ്പറ്റി ആരോട് സംസാരിച്ചാലും അതൊരു അടക്കിപ്പിടിച്ച കരച്ചിലിലാണ് അവസാനിക്കുക. അവരില്‍ മാതാപിതാക്കളും മക്കളും ഭാര്യാഭര്‍ത്താക്കന്മാരുമുണ്ട്. മണവാട്ടികളായി വന്നുകയറിയവരും വിവാഹം സ്വപ്നമായി മാറിയവരും വൈകാതെ വിവാഹമോചിതരായവരുമുണ്ട്.
എന്തിന് നമ്മളിങ്ങനെ സ്‌നേഹരഹിതരാകണം? ''ജീവിതം വളരെ ചെറുതാണ്. ഇനിയും നിങ്ങളതിനെ ചെറുതാക്കാതിരിക്കുക'' എന്ന് ഒരു സാത്വികന്‍ പറഞ്ഞത് എത്ര ശരിയാണ്! കാലത്തിന്റെ മഹാകറക്കത്തിലൊരിക്കലെവിടെയോ പിറന്ന് ഏതോ മകനായി, മകളായി, ഭാര്യയായി, ഭര്‍ത്താവായി, മാതാവായി, പിതാവായി തെല്ലിടനേരം മാത്രം ഒന്നിച്ചുജീവിക്കുന്ന നമ്മളെന്തിന് ഉള്ളകാലം കുശുമ്പിനും കുറുമ്പിനും ഗര്‍വിനും പിടിവാശിക്കും സമയം കളയുന്നു? സ്‌നേഹം കൊടുത്തും വാങ്ങിയും ഉല്ലസിച്ചും ഈ ജീവിതം ധന്യമാക്കലല്ലേ ബുദ്ധി? 'സ്‌നേഹം വിതക്കുന്നവരേ സമാധാനം കൊയ്യൂ' എന്ന ആപ്തവാക്യം ഓര്‍ക്കുക. എന്നെ മറ്റുള്ളവര്‍ സ്‌നേഹിച്ചാലും ഇല്ലെങ്കിലും എന്റെ സ്‌നേഹം ഞാനെല്ലാവര്‍ക്കും പങ്കുവെക്കുമെന്ന ഹൃദയവിശാലത കാണിക്കുക. അവര്‍ക്കേ ജീവിതപ്പൂവാടികളില്‍ സ്‌നേഹം പടര്‍ത്തുന്ന പൂമ്പാറ്റകളാകാനാവൂ.
സ്‌നേഹിക്കാന്‍ മറന്നുപോകുന്ന ചിലരുണ്ട്. ചിലര്‍ക്ക് നേരമില്ലാത്തതാണ് പ്രശ്‌നം. ഉറ്റവര്‍ വിടപറയുമ്പോഴാണ് അവര്‍ നഷ്ടപ്പെട്ടതിന്റെ വില അറിയുക. എനിക്കവരെ സ്‌നേഹിക്കാമായിരുന്നല്ലോ എന്ന തേങ്ങല്‍ പിന്നെ ജീവിതത്തിലുടനീളം ബാക്കിയാവും. ഉമ്മ മരിച്ചതറിഞ്ഞ് നാട്ടില്‍പോയി അവസാന കാഴ്ച കാണാന്‍ കഴിയാതെ പ്രവാസ മണ്ണില്‍നിന്ന് മയ്യിത്ത് നമസ്‌കാരം നിര്‍വഹിക്കേണ്ടിവന്ന ഒരു യുവാവ്, ''ഉമ്മയെ വേണ്ടത്ര സ്‌നേഹിക്കാന്‍ കഴിഞ്ഞില്ലല്ലോ'' എന്ന് കെട്ടിപ്പിടിച്ച് കരഞ്ഞ് പറഞ്ഞത് ഇപ്പോഴും കാതില്‍ അലക്കുന്നു.
Comments