Prabodhanm Weekly

Pages

Search

2013 ഡിസംബര്‍ 13

ഇസ്‌ലാമിക് ഫിനാന്‍സ് ആഗോള സമ്പദ്ഘടനക്ക് പുതുജീവന്‍ നല്‍കും

എച്ച്. അബ്ദുര്‍റഖീബ് / നൗഷാദ് ഖാന്‍

ഇസ്‌ലാമിക് ഫിനാന്‍സിന്റെ അടിസ്ഥാന തത്ത്വശാസ്ത്രം എന്താണ്?

ശരീഅത്ത് തത്ത്വങ്ങളെ ആധാരമാക്കിയുള്ള സമ്പദ്ഘടന, ഇതാണ് ഇസ്‌ലാമിക് ഫിനാന്‍സ്. പലിശരഹിതമായിരിക്കും എന്നതാണ് അതിന്റെ ഒന്നാമത്തെ പ്രത്യേകത. അതില്‍ ഊഹക്കച്ചവടമോ ചൂതാട്ടമോ ഉണ്ടായിരിക്കില്ല. ചൂതാട്ട കേന്ദ്രങ്ങള്‍, പന്നിമാംസം, അശ്ലീലത തുടങ്ങിയ അധാര്‍മികതകളുമായി ബന്ധപ്പെട്ട ഉല്‍പന്നങ്ങള്‍ക്ക് ഇസ്‌ലാമിക് ഫിനാന്‍സില്‍ ഇടമുണ്ടാവുകയില്ല. കൂട്ട നശീകരണായുധങ്ങള്‍ പോലുള്ളവക്കും അത് മുതല്‍ മുടക്കില്ല.

പരമ്പരാഗത ബാങ്കിംഗിനേക്കാള്‍ മികച്ചതാണോ ഇസ്‌ലാമിക് ബാങ്കിംഗ്?

തീര്‍ച്ചയായും. നിങ്ങള്‍ക്ക് ഒരു പരമ്പരാഗത ബാങ്കില്‍നിന്ന് പണം ലഭിക്കണമെങ്കില്‍ എന്തെങ്കിലും പകരം പണയമായി നല്‍കണം. പണക്കാര്‍ക്ക് മാത്രമല്ലേ അത് നല്‍കാന്‍ പറ്റൂ. സമര്‍പ്പിക്കപ്പെടുന്ന പ്രോജക്ട് വിജയിക്കില്ല എന്ന് ഉറപ്പാണെങ്കിലും നിങ്ങള്‍ക്ക് പണം കിട്ടും, പകരം വസ്തു (collateral) നിങ്ങള്‍ ബാങ്കിനെ ഏല്‍പിച്ചിട്ടുണ്ടെങ്കില്‍. ഇത് നല്‍കാനായില്ലെങ്കില്‍, നിങ്ങളുടെ പ്രോജക്ട് എത്ര തന്നെ ജനക്ഷേമകരമായിരുന്നാലും, അതിന് എത്ര തന്നെ വിജയസാധ്യതയുണ്ടായിരുന്നാലും പരമ്പരാഗത ബാങ്കുകള്‍ പണം തരാന്‍ പോകുന്നില്ല.
ഇന്ത്യയില്‍ ബാങ്കുകള്‍ ദേശസാത്കരിച്ചിട്ട് വര്‍ഷം നാല്‍പതു കഴിഞ്ഞെങ്കിലും, ജനങ്ങളില്‍ 60 ശതമാനത്തിനും ബാങ്ക് സേവനങ്ങള്‍ ലഭ്യമല്ല. 5.2 ശതമാനം ഗ്രാമങ്ങളില്‍ മാത്രമാണ് ബാങ്കുകള്‍ക്ക് ശാഖകളുള്ളത്. അപ്പോള്‍ പണം നിക്ഷേപിക്കുന്നതും അതിന്റെ പ്രയോജനമെടുക്കുന്നതും ആരാണ്? വളരെ ചെറിയൊരു വിഭാഗം! പണമുള്ളവര്‍ക്ക് മാത്രമാണ് ബാങ്കുകളുടെ ആനുകൂല്യം ലഭിക്കുന്നത്. മഹാരാഷ്ട്രയിലെ വിദര്‍ഭയില്‍ എത്ര കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്! അത്തരം മേഖലകളില്‍ കടുത്ത പട്ടിണി തന്നെയാണ്. വയലുകളില്‍ പകലന്തിയോളം പണിയെടുക്കുന്ന കര്‍ഷകര്‍ക്ക് പണം ലഭിക്കുന്നേയില്ല. ഉള്ളവര്‍ക്ക് (haves)വേണ്ടിയാണ് പരമ്പരാഗത ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്. പരമ്പരാഗത ബാങ്കുകളുടെ ഈ അപാകത നിമിത്തം പണക്കാര്‍ തന്നെ പിന്നെയും പിന്നെയും തടിച്ചുകൊഴുക്കുകയാണ്.

ഇസ്‌ലാമിക് ബാങ്കിംഗിനെക്കുറിച്ച് ഇന്ത്യന്‍ സമൂഹത്തില്‍ വേണ്ടത്ര ബോധവത്കരണം നടന്നിട്ടുണ്ടോ?

ശരിയാണ്. ജനങ്ങള്‍ വേണ്ടത്ര ബോധവാന്മാരല്ല. എന്നല്ല, ഇസ്‌ലാമിക് ഫിനാന്‍സ്, ബാങ്കിംഗ് എന്നിവയെക്കുറിച്ച് തെറ്റിദ്ധാരണകളും നിലനില്‍ക്കുന്നു. ഇതൊക്കെ മുസ്‌ലിംകള്‍ക്ക് വേണ്ടിയുള്ള എന്തോ ഏര്‍പ്പാടുകളാണ് എന്നാണ് പൊതുജനം മനസ്സിലാക്കി വെച്ചിരിക്കുന്നത്. മുസ്‌ലിംകള്‍ക്ക് തന്നെയും പലിശരഹിത ബാങ്കിംഗ് പ്രായോഗികമാണോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ഈ സാമ്പത്തിക രീതിയുമായി മുസ്‌ലിംകള്‍ക്ക് ബന്ധമില്ലാതായിട്ട് മൂന്ന് നൂറ്റാണ്ടെങ്കിലുമായി. അപ്പോള്‍ മുസ്‌ലിംകളെയും അമുസ്‌ലിംകളെയും ഒരുപോലെ ബോധവത്കരിക്കേണ്ടതുണ്ട്. ചെറുകിട കര്‍ഷകരും കച്ചവടക്കാരും, കൂലിവേലക്കാര്‍, അസംഘടിത ചെറുകിട സംരംഭകര്‍, ആദിവാസികള്‍ പോലുള്ള വംശീയ ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍ ഇവരൊക്കെയാണല്ലോ രാജ്യത്തെ 'ആം ആദ്മി', സാധാരണ ജനം. സാമ്പത്തിക മേഖലയില്‍ നിന്ന് പുറന്തള്ളപ്പെട്ട ഈ ജനവിഭാഗങ്ങള്‍ക്കൊക്കെയും ഇസ്‌ലാമിക് ബാങ്കിംഗിന്റെ മാനുഷിക മുഖം പരിചയപ്പെടുത്താനുള്ള ശ്രമമാണ് നടക്കേണ്ടത്.

ഇസ്‌ലാമിക് ബാങ്കിംഗിന് മലേഷ്യന്‍, ബ്രിട്ടീഷ്, ജപ്പാനീസ് പോലുള്ള പല മാതൃകകള്‍ ഉണ്ടല്ലോ. ഇന്ത്യയിലേക്ക് ഏത് മോഡലാണ് താങ്കള്‍ നിര്‍ദേശിക്കുന്നത്?


താങ്കള്‍ പറഞ്ഞതുപോലെ പല മോഡലുകള്‍ ഉണ്ട്. ഏത് മോഡലും സ്വീകരിക്കാം. സാധാരണക്കാരെയും ദുര്‍ബല ജനവിഭാഗങ്ങളെയും സഹായിക്കുക എന്ന ശരീഅത്തിന്റെ അടിസ്ഥാന തത്ത്വമായിരിക്കണം ഏത് മോഡലിനും ആധാരം എന്ന് മാത്രം.  നമുക്കറിയാവുന്നത് പോലെ ഇന്ത്യ വളരുകയാണ്, പക്ഷേ ഇന്ത്യക്കാര്‍ വളരുന്നില്ല. വിവിധ ജനവിഭാഗങ്ങള്‍ തമ്മിലുള്ള സാമ്പത്തികവും മറ്റുമായ വിടവ് ഭയാനകമാംവിധം വര്‍ധിച്ചുവരുന്നു. 'ദാരിദ്ര്യത്തിന്റെ മഹാ സമുദ്രങ്ങള്‍, സമ്പന്നതയുടെ കൊച്ചു കൊച്ചു ദ്വീപുകള്‍' എന്നതാണ് അവസ്ഥ. റിസര്‍വ് ബാങ്കിന്റെ മുന്‍ ഗവര്‍ണര്‍ ബിമല്‍ ജലാന്‍ പറഞ്ഞത്, പട്ടികയില്‍ ആദ്യ ഇരുപത് സ്ഥാനക്കാരായ ഇന്ത്യന്‍ ധനികരുടെ വരുമാനം, മുപ്പത് കോടി സാധാരണക്കാരുടെതിനേക്കാള്‍ കൂടുതലാണെന്നാണ്.
ഇന്ത്യാ ഗവണ്‍മെന്റ്, പ്രത്യേകിച്ച് ധനകാര്യ വകുപ്പും റിസര്‍വ് ബാങ്കും പലിശരഹിത ബാങ്കിംഗിന് അനുമതി നല്‍കുകയാണ് വേണ്ടത്. എന്നാലേ ന്യൂനപക്ഷങ്ങളും പാര്‍ശ്വവത്കൃതരുമെല്ലാം ഉള്‍പ്പെടുന്ന വളര്‍ച്ച (inclusive growth) സാധ്യമാകൂ. രാഷ്ട്രത്തിന്റെ അടിസ്ഥാന മേഖലയിലെ വളര്‍ച്ചക്കും തൊഴില്‍ സൃഷ്ടിപ്പിനും അത് ഇടവരുത്തും.

ഇസ്‌ലാമിക് ഫിനാന്‍സ് ഭാവി ഇന്ത്യയുടെ മുഖഛായ മാറ്റും എന്ന് താങ്കള്‍ ഒരു പ്രസംഗത്തില്‍ പറയുകയുണ്ടായി. അതെങ്ങനെ സാധ്യമാകും?
എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊണ്ടേ ഇസ്‌ലാമിക് ഫിനാന്‍സിന് പ്രവര്‍ത്തിക്കാനാവൂ. അതതിന്റെ സഹജ പ്രകൃതമാണ്. ഇസ്‌ലാമിക് ഫിനാന്‍സില്‍ എല്ലാം യഥാര്‍ഥ വളര്‍ച്ചയെ (growth oriented) കേന്ദ്രീകരിച്ചാണ്. പരമ്പരാഗത ബാങ്കുകളില്‍ പൊതുവെ കടലാസ് പണത്തിന്റെ വിനിയോഗമാണ് നടക്കുന്നത്. വളര്‍ച്ച ഇല്ലെങ്കിലും ആ വിനിമയം നടക്കും. സുഖൂഖ് എന്ന പേരിലറിയപ്പെടുന്ന ബോണ്ടുകള്‍ വഴിയാണ് പണം മുടക്കുന്നത്. ഈ ബോണ്ടുകള്‍ ആസ്തി കേന്ദ്രീകൃതമാണ്. ഉദാഹരണത്തിന്, ഇരുപതിനായിരം കോടി രൂപ പണച്ചെലവില്‍ ഒരു പവര്‍ പ്ലാന്റോ വിമാനത്താവളമോ നിര്‍മിക്കുകയാണ്. ഇതില്‍ ജനങ്ങളും ഗവണ്‍മെന്റുമൊക്കെ പങ്കാളികളാവും. എന്നിട്ടത് പാട്ടത്തിന് കൊടുക്കുകയോ വില്‍ക്കുകയോ ഒക്കെ ചെയ്യാം. ഇവിടെ നടക്കുന്നത് യഥാര്‍ഥ വികസനമാണ്. ഒരുപാട് തൊഴിലവസരങ്ങളും അത് സൃഷ്ടിക്കുന്നുണ്ട്. പാവപ്പെട്ടവര്‍ക്കും അതില്‍ പങ്കുചേരാം. പ്രോജക്ട് ആവശ്യമുള്ളതും വിജയകരവുമാണെങ്കില്‍ വ്യക്തിയുടെ കൈയില്‍ കാശുണ്ടോ ഇല്ലേ എന്നത് പ്രശ്‌നമാകില്ല. ബാങ്കുകളും വ്യക്തികളുമൊക്കെ ആ പ്രോജക്ടില്‍ പങ്കാളികളായിരിക്കും.
പരമ്പരാഗത ബാങ്കിംഗ് രീതിയനുസരിച്ച്, നിര്‍ബന്ധമായും പലിശ അടച്ചിരിക്കണം. പ്രോജക്ട് വിജയകരമാവുമോ, ജനങ്ങള്‍ക്ക് പ്രയോജനപ്പെടുമോ എന്നൊന്നും അവിടെ നോട്ടമില്ല. പക്ഷേ, ഇസ്‌ലാമിക് ബാങ്കിംഗില്‍ ഏതൊരു പ്രോജക്ടിന്റെയും ധാര്‍മികതയും അതെത്രത്തോളം ജനക്ഷേമകരമാണ് എന്നതും പരിശോധിക്കപ്പെടുക തന്നെ ചെയ്യും. പണം മുടക്കുന്നവര്‍ക്ക് അതിന്റെ ലാഭം, അല്ലാത്തവര്‍ക്ക് ആ പ്രോജക്ട് കൊണ്ടുള്ള പ്രയോജനം. സര്‍വരെയും സ്പര്‍ശിക്കുന്ന ഒരു വളര്‍ച്ചാ സങ്കല്‍പമാണ് ഇവിടെയുള്ളത്. ഇവിടെ പണക്കാര്‍ കൂടുതല്‍ പണക്കാരാകുമെങ്കിലും, ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വിടവ് നികത്താനുള്ള ശ്രമങ്ങളും ഉണ്ടാവും.

പിന്നെ എവിടെയാണ് പ്രശ്‌നം? ഇക്കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ധീരമായ നിലപാടെടുക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്? ആശയം ഒരു പ്രത്യേക മതസമൂഹത്തില്‍ നിന്ന് വരുന്നു എന്നതുകൊണ്ടാണോ?
ഇന്നുവരെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും അതിന്റെ ദേശീയ അജണ്ടയില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടില്ല. പക്ഷേ, ഐ.സി.ഐ.എഫ് എന്ന ഞങ്ങളുടെ സംഘടന രാഷ്ട്രീയ നേതാക്കളുമായും മത പണ്ഡിതന്മാരുമായും സാമ്പത്തിക ചിന്തകന്മാരുമായും ബിസിനസുകാരുമായും നിരന്തരം ആശയവിനിമയം നടത്തിവരികയാണ്. ആം ആദ്മിയുടെ നേതാവ് അരവിന്ദ് കെജ്‌രിവാളുമായി ഞങ്ങള്‍ വിഷയം ചര്‍ച്ച ചെയ്യുകയും ഇതുസംബന്ധമായി ഒട്ടേറെ രേഖകള്‍ കൈമാറുകയും ചെയ്തിട്ടുണ്ട്. വിഷയം അജണ്ടയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ആലോചിക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്. മൈനോറിറ്റി കമീഷന്‍ ചെയര്‍മാനുമായി വിഷയം ചര്‍ച്ച ചെയ്തപ്പോള്‍ എ.ഐ.സി.സിയില്‍ ഇക്കാര്യം ഉന്നയിക്കാന്‍ അദ്ദേഹത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.
നമ്മുടെ വാര്‍ഷിക വളര്‍ച്ച ലക്ഷ്യമായ 8-9 ശതമാനം കൈവരിക്കണമെങ്കില്‍ രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും വിപുലീകരിക്കുകയും ചെയ്യേണ്ടതുണ്ട്. അതിന് ചുരുങ്ങിയത് ഒരു ട്രില്യന്‍ അമേരിക്കന്‍ ഡോളറെങ്കിലും വേണം. സ്റ്റാന്‍ഡേര്‍ഡ് & പുവേഴ്‌സ് 2011 ഒക്‌ടോബര്‍ 13-ന് പുറത്തിറക്കിയ രേഖയില്‍, 'ഏഷ്യയിലെ അടിസ്ഥാന സൗകര്യ വികസനം എന്ന മഹാ യജ്ഞത്തിന് ഇസ്‌ലാമിക് ബാങ്കിന് പങ്ക് വഹിക്കാനാവുമോ' എന്ന ചോദ്യം ഉന്നയിക്കുന്നുണ്ട്. പരമ്പരാഗത പണമിടപാട് രീതികള്‍ പതറുന്നതായും അതേ റിപ്പോര്‍ട്ടിലുണ്ട്. ലോകം ഇന്ന് ബദലുകള്‍ അന്വേഷിക്കുകയാണ്. അതിലൊരു ബദല്‍ തീര്‍ച്ചയായും  ഇസ്‌ലാമിക് ഫിനാന്‍സ് ആണ്. ഇന്തോനേഷ്യ, മലേഷ്യ പോലുള്ള വികസ്വര രാജ്യങ്ങളും ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ് പോലുള്ള വികസിത രാജ്യങ്ങളും ഇസ്‌ലാമിക് ഫിനാന്‍സ് ഉല്‍പന്നങ്ങള്‍ ധാരാളമായി പ്രയോജനപ്പെടുത്തുന്നു. ഇന്ത്യയും അവ ഉപയോഗപ്പെടുത്തണം. അതിന് മുതിരുന്ന പക്ഷം ഗള്‍ഫ് മേഖലയില്‍ നിന്ന് വലിയൊരു നിക്ഷേപമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/75-80
എ.വൈ.ആര്‍