പ്രതീക്ഷ നല്‍കുന്ന മജ്‌ലിസെ മുശാവറ ഐക്യം
അഖിലേന്ത്യാ മജ്‌ലിസെ മുശാവറയുടെ ലയനം യാഥാര്‍ഥ്യമായ വാര്‍ത്ത (2013 ഒക്‌ടോബര്‍ 27, ലക്കം 23) വായിച്ചപ്പോള്‍ സന്തോഷം തോന്നി. ഇന്ത്യന്‍ മുസ്‌ലിംകള്‍ കനത്ത പരീക്ഷണങ്ങള്‍ നേരിടുകയും പ്രതികരിക്കുന്നതിനു പോലും കരുത്ത് നഷ്ടപ്പെടുകയും ചെയ്ത, ആഭ്യന്തര ജീര്‍ണതകളും മത- രാഷ്ട്രീയ ഭിന്നതകളും ആഭ്യന്തര വഴക്കുകളും കാരണം പൊറുതി മുട്ടിയ തികച്ചും പ്രതികൂലമായ സാഹചര്യത്തിലാണ് 196-ല്‍ അഖിലേന്ത്യാ മജ്‌ലിസെ മുശാവറ ജന്മം കൊണ്ടത്. സമുദായത്തിനകത്തെ വീക്ഷണ വ്യത്യാസങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ മുസ്‌ലിംകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ഒന്നിച്ചിരുന്നു ചര്‍ച്ച ചെയ്യാനും കര്‍മനയങ്ങള്‍ ആവിഷ്‌കരിക്കാനും ലക്ഷ്യമിട്ട് പിറവിയെടുത്ത മുശാവറ കാലഘട്ടത്തിന്റെ അനിവാര്യതയായിരുന്നു. സമുദായത്തിന്റെ ഉല്‍ക്കടമായ അഭിലാഷമായിരുന്ന ആ പ്രസ്ഥാനം നിലവില്‍ വന്നപ്പോള്‍ ദീനീ പ്രവര്‍ത്തകരുടെയും സമുദായ സ്‌നേഹികളുടെയും സുമനസ്സുകളുടെയും സന്തോഷത്തിന് അതിരില്ലായിരുന്നു. അക്കാലത്തെ യുവാവായ ഈ ലേഖകന്‍ ഉള്‍പ്പെടെയുള്ള ഇസ്‌ലാമിക പ്രവര്‍ത്തകരുടെ ആവേശവും പ്രത്യാശയുമായിരുന്നു മജ്‌ലിസെ മുശാവറ. ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ഐക്യപ്പെട്ട് മുന്നോട്ട് പോകുന്നതിനും കൃത്യമായ ദിശാബോധം നല്‍കുന്നതിനും കഴിവുറ്റ പണ്ഡിത വ്യക്തിത്വങ്ങളും സമുന്നത നേതാക്കളുമായിരുന്നു അതിന് നേതൃത്വം നല്‍കിയിരുന്നത്.
ഇന്ത്യന്‍ മുസ്‌ലിംകള്‍ ഐകകണ്‌ഠ്യേന അംഗീകരിച്ചിരുന്ന മൗലാനാ അബുല്‍ ഹസന്‍ അലി നദ്‌വി (അലിമിയാന്‍) അധ്യക്ഷനായി നിലവില്‍ വന്ന മുശാവറയില്‍ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബ്, മെഹബൂബെ മില്ലത്ത് ഇബ്‌റാഹീം സുലൈമാന്‍ സേട്ട്, മൗലാനാ അബുല്ലൈസ് ഇസ്വ്‌ലാഹി, ദാറുല്‍ ഉലൂം ദയൂബന്ദിലെ പ്രമുഖ ഉലമാക്കള്‍, ദേശീയതലത്തില്‍ അംഗീകാരമുള്ള സയ്യിദ് ശഹാബുദ്ദീന്‍, സ്വലാഹുദ്ദീന്‍ ഉവൈസി, മറ്റു സമുന്നതരായ നേതാക്കള്‍, ബുദ്ധിജീവികള്‍ തുടങ്ങി പണ്ഡിത പ്രതിഭകളുടെ വന്‍നിരതന്നെ ആ കൂട്ടായ്മയുടെ നേതൃനിരയില്‍ ഉണ്ടായിരുന്നു.
എന്നാല്‍ പിന്നീട് കേള്‍ക്കേണ്ടിവന്നത് മജ്‌ലിസെ മുശാവറയിലും ഭിന്നിപ്പ് എന്ന ദുഃഖവാര്‍ത്തയായിരുന്നു.
മുശാവറയുടെ സുവര്‍ണ ജൂബിലി വേളയില്‍ ഭിന്നിപ്പ് അവസാനിപ്പിച്ച് ഐക്യത്തോടെ ഒന്നിച്ചു നീങ്ങാനുള്ള നേതാക്കളുടെ ആഗ്രഹവും പ്രാര്‍ഥനയും ഇന്ത്യയില്‍ സഫലമാകട്ടെ എന്ന് പ്രാര്‍ഥിക്കാം.
മുഹമ്മദ് വെട്ടത്ത് പെരുമ്പാവൂര്‍
വോട്ട് ബാങ്ക് സൃഷ്ടിക്കാനുള്ള വഴിതേട്ടം
ജമാഅത്തെ ഇസ്‌ലാമിയെ വിമര്‍ശിക്കുക വഴി, ജമാഅത്തിനെക്കുറിച്ച് ഇപ്പോഴും തെറ്റിദ്ധാരണകള്‍ വെച്ചുപുലര്‍ത്തുന്ന മുസ്‌ലിം-അമുസ്‌ലിം വിഭാഗങ്ങളുടെ അനുഭാവം നേടിയെടുക്കുക, ഒരു വേള തീവ്ര ഹൈന്ദവ പ്രസ്ഥാനങ്ങളുടെ അനുഭാവം പിടിച്ചുപറ്റുക എന്നതാക്കെയാവാം സി.പി.എമ്മിനെ ഇപ്പോള്‍ നയിക്കുന്നത്.
മുസ്‌ലിം സമൂഹത്തില്‍ പാര്‍ട്ടിയുടെ സ്വാധീനം വളരെയധികം ദുര്‍ബലമായിട്ടുണ്ട്. മുസ്‌ലിം താല്‍പര്യങ്ങള്‍ പലപ്പോഴും പാര്‍ട്ടിയില്‍ മാറ്റിനിര്‍ത്തപ്പെടുകയും ചെയ്യുന്നു. ഇത്രയൊക്കെ പന്തിയല്ലെന്ന് മനസ്സിലാക്കി എങ്ങനെയെങ്കിലുമൊക്കെ സ്വാധീനം നേടാനുള്ള എളുപ്പ മാര്‍ഗം ജമാഅത്ത് വിമര്‍ശനമാണെന്ന് കണ്ടെത്തിയിരിക്കുന്നു സി.പി.എം.
ഇപ്പോഴത്തെ ദേശീയ അന്തര്‍ദേശീയ സാഹചര്യത്തില്‍ ബാബരി പ്രശ്‌നമോ ഇറാഖോ സദ്ദാമോ ഫലസ്ത്വീനോ ഇറാന്‍ ആണവ പ്രശ്‌നമോ ഒന്നും തന്നെ സമൂഹത്തില്‍ വേണ്ടത്ര വേരോട്ടം ലഭിക്കുകയിെല്ലന്ന് കണ്ടതിനാലാണ് ജമാഅത്തെ ഇസ്‌ലാമിയെ ആര്‍.എസ്.എസ്സുമായി തുലനം ചെയ്ത് സ്വാധീനം നേടാന്‍ പാര്‍ട്ടി ശ്രമിക്കുന്നത്.
അബ്ദുല്‍ മലിക് മുടിക്കല്‍
അര്‍ബകാന്‍ എന്ന ധിഷണാശാലി
നജ്മുദ്ദീന് അര്‍ബകാനെ കുറിച്ച് പി.കെ ജമാല്‍ എഴുതിയ ലേഖനം (282) ശ്രദ്ധേയമായി. പുതിയ തലമുറയില്‍ അദ്ദേഹത്തെക്കുറിച്ച് കുറെ തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന് പക്വത പോരായിരുന്നു എന്നാണ് പലരും കരുതുന്നത്. തുര്‍ക്കിയില്‍നിന്ന് ഇസ്‌ലാമിനെ തുടച്ചുനീക്കാന്‍ അത്താത്തുര്‍ക്ക് എത്ര പരിശ്രമിച്ചിട്ടും അതിനു സാധിക്കാതെ പോയതിനു കാരണം അര്‍ബകാന്റെ സാന്നിധ്യമായിരുന്നു. അദ്ദേഹം തുര്‍ക്കിയിലെ സാധാരണക്കാരായ ജനങ്ങളില്‍ ഇസ്‌ലാമിന്റെ സ്വാധീനം ഉറപ്പിക്കുന്നതില്‍ വലിയ പങ്കു വഹിച്ചു. അതാണ് ഉര്‍ദുഗാന് ഇന്ന് കാര്യങ്ങള്‍ എളുപ്പമാക്കിയത്. ഫൈസല്‍ രാജാവ്, തുങ്കു അബ്ദുര്‍റഹ്മാന്‍, മൗലാന മൗദൂദി, ഡോക്ടര്‍ ഹസന്‍ തുറാബി തുടങ്ങിയ ധിഷണാശാലികളടങ്ങുന്ന നേതൃനിരയില്‍ പെട്ടയാളായിരുന്നു അര്‍ബകാന്‍.
യു.എന്നിന്റെ മുസ്‌ലിം രാഷ്ട്രങ്ങളോടുള്ള (വിശിഷ്യ ഫലസ്ത്വീന്‍) അവഗണന കാരണം, യു.എന്നിന് പകരം വേറൊരു കൂട്ടായ്മ ഉണ്ടാക്കിക്കൂടേ എന്ന് ഫൈസല്‍ രാജാവിനോട് അര്‍ബകാന്‍ ചോദിച്ചതാണ് ഒ.ഐ.സി രൂപവത്കരണത്തിന് പ്രചോദനമായത്. അര്‍ബകാന്‍ തുര്‍ക്കിയില്‍ മാത്രം ഒതുങ്ങുന്ന പ്രതിഭാസമല്ലെന്നും ലോക രാഷ്ട്രങ്ങളെ സ്വാധീനിക്കാന്‍ കഴിവുള്ള വ്യക്തിയാണെന്നും മനസ്സിലാക്കിയ സാമ്രാജ്യത്വ സയണിസ്റ്റ് ശക്തികള്‍ അദ്ദേഹത്തെ ഭരിക്കാന്‍ സമ്മതിച്ചില്ല. അതുകൊണ്ടാണ് 1996-ല്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റ അദ്ദേഹത്തെ തൊട്ടടുത്ത വര്‍ഷം തന്നെ, തുര്‍ക്കിയുടെ മതേതരത്വം അംഗീകരിക്കാമെന്നും ഇസ്രയേലുമായി ഉണ്ടാക്കിയ കരാറുകള്‍ പാലിക്കാമെന്നും സമ്മതിച്ചിട്ടും തൊട്ടടുത്ത വര്‍ഷം തന്നെ അട്ടിമറിച്ചത്.
സി.ടി മുഹമ്മദ് നിസാര്‍ രിയാദ്
രാഷ്ട്രീയം മതത്തില്‍ ഇടപെടുമ്പോള്‍
മതം രാഷ്ട്രീയത്തിലിടപെടുന്നതിനെക്കുറിച്ച് നിരന്തരം ചര്‍ച്ചകളും സംവാദങ്ങളും തര്‍ക്കങ്ങളും നടക്കാറുണ്ട്. എന്നാല്‍ മതം രാഷ്ട്രീയത്തിലിടപെടുന്നതാണോ, രാഷ്ട്രീയം മതത്തിലിടപെടുന്നതാണോ പ്രശ്‌നം? കാര്യങ്ങളെ വിലയിരുത്തുന്നവര്‍ക്ക് ബോധ്യപ്പെടുന്ന യാഥാര്‍ഥ്യമുണ്ട്. വ്യത്യസ്ത മത വര്‍ഗങ്ങള്‍ക്കിടയില്‍ സംവാദങ്ങള്‍ ഒരുപാട് നടന്നിട്ടുണ്ട്, ചരിത്രപരമായും സമകാലികമായും. എന്നാല്‍ അതിലൊന്നും തന്നെ ചോര ചിന്തേണ്ട, പരസ്പരം വാളെടുക്കേണ്ട അവസ്ഥയുണ്ടായിട്ടില്ല.
പലപ്പോഴും രാഷ്ട്രീയം മത പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിനാലാണ് പ്രശ്‌നങ്ങള്‍ വാളിലും ചോരയിലും കലാശിക്കുന്നത്. സമീപകാലത്തുണ്ടായ ചില സംഭവങ്ങള്‍ അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മണ്ണാര്‍ക്കാട്ട് നടന്ന കൊലപാതകവും ഒരു പരിധിവരെ രാഷ്ട്രീയ മുതലെടുപ്പിന്റെ സ്വാഭാവികാന്ത്യം തന്നെയാണ്.
എ. അബ്ദുല്‍ റസാഖ് പുലാപ്പറ്റ
പൗരോഹിത്യ മതം ഒരു വില്‍പനച്ചരക്കാണ്
വിവാദമായ വ്യാജകേശത്തെ വിശകലനം ചെയ്തുകൊണ്ട് വന്ന ലേഖനങ്ങള്‍ (ലക്കം 2826) ശ്രദ്ധേയമായ ഇടപെടലായി. പൗരോഹിത്യത്തിന് മതം എന്നും മികച്ചൊരു വില്‍പനച്ചരക്കാണ്. പാണ്ഡിത്യത്തെ പണത്തിനും പദവിക്കും അടിയറവെക്കുന്നവരാണ് എക്കാലത്തെയും പുരോഹിത വൃന്ദം. മാത്രമല്ല, മതത്തിന്റെ യഥാര്‍ഥ സത്തയില്‍ നിന്ന് പാമര ജനവിഭാഗങ്ങളെ വിശ്വാസവൈകൃതങ്ങളിലേക്ക് കടത്തിവിട്ട് സത്യവും അസത്യവും കൂട്ടിക്കലര്‍ത്താനും പൗരോഹിത്യം എല്ലാകാലത്തും ശ്രമിച്ചിട്ടുമുണ്ട്. മതപുരോഹിതര്‍ മതവിശ്വാസങ്ങളെ മലിനപ്പെടുത്തുകയും വില്‍ക്കുകയും ചെയ്യുമോ എന്ന നിഷ്‌കളങ്ക ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല. കാരണം, മതപുരോഹിതന്മാരെ നയിക്കുന്നത് ധനാഭിമുഖ്യവും ഉന്നത സ്ഥാനമോഹങ്ങളുമാണ്.
സാലിം ചോലയില്‍ ചെര്‍പ്പുളശ്ശേരി
കൊലക്കത്തിയിലെത്തി നില്‍ക്കുന്ന ഗ്രൂപ്പ് വഴക്കുകള്‍
മുസ്‌ലിം സമുദായ സംഘടനകളിലെ അഭിപ്രായ വ്യത്യാസവും വിയോജിപ്പും മാന്യതയുടെയും വിശ്വാസത്തിന്റെയും സകല അതിര്‍വരമ്പുകളും ലംഘിച്ചു രക്തച്ചൊരിച്ചിലിലും കൊലപാതകത്തിലും എത്തിനില്‍ക്കുന്നത് അത്യന്തം വേദനാജനകമാണ്. സംഘടനകള്‍ ഗ്രൂപ്പുകളും ഉപഗ്രൂപ്പുകളുമായി തിരിഞ്ഞ് പള്ളി പൂട്ടിക്കലും മദ്‌റസ അടപ്പിക്കലും പുതുമയില്ലാത്ത വാര്‍ത്തകളായിക്കഴിഞ്ഞിരിക്കുന്നു. ഇപ്പോഴാകട്ടെ പള്ളി ആക്രമിക്കലും മദ്‌റസ കത്തിക്കലും തൊട്ട് പരസ്പരം കുത്തി മലര്‍ത്തുന്നിടത്തേക്ക് വരെ കാര്യങ്ങള്‍ കൈവിട്ടുപോയിരിക്കുന്നു. മുസ്‌ലിം സമുദായം പൊതുവില്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കാളും പ്രയാസങ്ങളെക്കാളും ഇമ്പവും കമ്പവും ഇത്തരം വിഷയങ്ങളിലേക്കും വിവാദങ്ങളിലേക്കും വഴിതിരിച്ചുവിടുന്നത് ആരെയാണ് സന്തോഷിപ്പിക്കുക?
വി.എം സമീര്‍ കല്ലാച്ചി
Comments