Prabodhanm Weekly

Pages

Search

2013 നവംബര്‍ 08

പി.കെ അബ്ദുല്ല മൗലവി ആഴത്തില്‍ ഗൃഹപാഠം ചെയ്ത അധ്യാപകന്‍

വി.കെ അലി / സ്മരണ

ഴിഞ്ഞ ഒക്‌ടോബര്‍ 9-ന് നമ്മെ വിട്ടുപിരിഞ്ഞ പി.കെ അബ്ദുല്ല മൗലവി ജനിച്ച കടവത്തൂര്‍ പ്രദേശം പുരോഗമന ചിന്തയെ ആദ്യമായി പുണര്‍ന്ന കേരളീയ ഗ്രാമങ്ങളില്‍ ഒന്നാണ്. അദ്ദേഹത്തിന്റെ വ്യക്തിത്വ രൂപീകരണത്തില്‍ പ്രാദേശികമായ സ്വാധീനം മൗലികമായ ഒരു ഘടകമായിരിക്കും. തുടര്‍ന്നദ്ദേഹം ഉപരിപഠനത്തിന് പോകുന്നത് ഉമറാബാദിലെ ദാറുസ്സലാം അറബിക്കോളേജിലേക്കാണ്. അക്കാലത്ത് പുരോഗമനാശയങ്ങളുടെയും പ്രഗത്ഭരായ പണ്ഡിത ശ്രേഷ്ഠന്മാരുടെയും ആവാസ കേന്ദ്രമായിരുന്നു ഉമറാബാദ് (ഇന്നും ആ പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ സ്ഥാപന ഭാരവാഹികള്‍ ശ്രദ്ധിക്കുന്നുണ്ട്). ഹാജി സാഹിബിനെ പോലുള്ളവരും ഉപരിപഠനത്തിന് ഉമറാബാദിലേക്കാണ് പോയത്. അവിടെ മൗലാനാ മൗദൂദിയുടെ 'തര്‍ജുമാനുല്‍ ഖുര്‍ആന്‍' മാസികയും അതിലൂടെ അവതരിപ്പിക്കപ്പെടുന്ന നവോത്ഥാന ചിന്തകളും സജീവ ചര്‍ച്ചാവിഷയമായിരുന്നു. അധ്യാപകരില്‍ പലരും അതിനെ ശക്തിയായി പിന്തുണക്കുകയും ചെയ്തിരുന്നു. ഇതിന്റെ സ്വാധീനം പി.കെ അബ്ദുല്ല മൗലവിയെ ജമാഅത്തെ ഇസ്‌ലാമിയോടടുപ്പിച്ചു. ജമാഅത്തെ ഇസ്‌ലാമിയുടെ ഇപ്പോഴത്തെ അഖിലേന്ത്യാ അമീര്‍ മൗലാനാ ജലാലുദ്ദീന്‍ അന്‍സര്‍ ഉമരിയും പി.കെ അബ്ദുല്ല മൗലവിയും ഒരേ കാലത്ത് ഉമറാബാദില്‍ വിദ്യാഭ്യാസം നേടിയവരാണ്.
കൊള്ളാവുന്ന ആളുകളെ കണ്ടെത്തി പ്രസ്ഥാനത്തിന്റെ അനുയോജ്യമായ മേഖലകളില്‍ വിന്യസിക്കുന്നതില്‍ ഹാജി വി.പി മുഹമ്മദലി സാഹിബ് അഗ്രഗണ്യനായിരുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ ആദ്യകാല നേതാക്കളെല്ലാം ഈ രൂപത്തില്‍ ഹാജി സാഹിബ് ലക്ഷ്യമിട്ട് പ്രസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ വിന്യസിച്ചവരാണ്. അവരെയെല്ലാം കുറച്ചുകാലം ഹാജി സാഹിബിന്റെ ജന്മനാടും ജമാഅത്തെ ഇസ്‌ലാമിയുടെ ആദ്യ കേന്ദ്രവുമായ എടയൂരില്‍ കൊണ്ടുവരും. അവിടെയുള്ള ജമാഅത്ത് ഓഫീസ്, പ്രബോധനം ഓഫീസ്, അല്‍മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യ എന്നിവയില്‍ എന്തെങ്കിലും ചുമതലകള്‍ ഏല്‍പിക്കും. പി.കെ അബ്ദുല്ല മൗലവയും കുറച്ചുകാലം എടയൂര്‍ അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യയില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു. അപ്രകാരം കേരളത്തിലെ പല പ്രധാനികളും എടയൂരിലെ പ്രാഥമിക മദ്‌റസയില്‍ ജോലി ചെയ്തിട്ടുണ്ട്. കെ.പി.കെ അഹ്മദ് മൗലവി, മൂസ വാണിമേല്‍, കെ.ടി.സി ബീരാന്‍, അബ്ദുല്‍ അഹദ് തങ്ങള്‍ മുതലായവര്‍ ഹാജി സാഹിബ് എടയൂരില്‍ കൊണ്ടുവന്നവരില്‍ ചിലരാണ്.
പി.കെ അബ്ദുല്ല മൗലവി ഒരു വാഗ്മിയോ എഴുത്തുകാരനോ അല്ല. അതുകൊണ്ടുതന്നെ തന്റെ തട്ടകം അധ്യാപന മേഖലയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. വായനയും പഠനവും അദ്ദേഹത്തിന്റെ സവിശേഷതകളായിരുന്നു. മുന്നൊരുക്കം നടത്തിയ ശേഷമേ ക്ലാസുകളില്‍ പോകാറുള്ളൂ. സ്വഹീഹുമുസ്‌ലിം, സ്വഹീഹുല്‍ ബുഖാരി എന്നീ ഹദീസ് ഗ്രന്ഥങ്ങള്‍ എടുക്കുമ്പോള്‍ നവവിയുടെ ശറഹു മുസ്‌ലിമും ഇമാം ഇബ്‌നുഹജറുല്‍ അസ്ഖലാനിയുടെ ഫത്ഹുല്‍ബാരിയും അദ്ദേഹം അരിച്ചുപെറുക്കിയിട്ടുണ്ടാകും. ആറു വര്‍ഷം പി.കെയുടെ ശിഷ്യരായി കഴിഞ്ഞ എന്നെപോലുള്ളവര്‍ പ്രാമാണികമായ പല ഹദീസ് ഗ്രന്ഥങ്ങളും 'താരീഖുത്തശ്‌രീഇല്‍ ഇസ്‌ലാമി' പോലുള്ള കൃതികളും പഠിച്ചത് പി.കെയില്‍ നിന്നാണ്. കൂടാതെ ഉര്‍ദുഭാഷ പഠിപ്പിക്കുന്നതിലും പി.കെ മികവ് പ്രദര്‍ശിപ്പിക്കുകയുണ്ടായി. സ്വന്തം വിജ്ഞാന മേഖലയും സര്‍ഗാത്മക കഴിവുകളും വളര്‍ത്താന്‍ കഠിനയത്‌നം നടത്തുന്ന വ്യക്തിയായിരുന്നു അബ്ദുല്ലാ മൗലവി. ചര്‍ച്ചകളും സെമിനാറുകളും ഖണ്ഡന പ്രസംഗങ്ങളുമെല്ലാം അദ്ദേഹത്തെ എന്നും പ്രചോദിപ്പിച്ചിട്ടുണ്ട്. ശാന്തപുരം അധ്യാപകരുടെ ചര്‍ച്ചാവേദികളിലും ജമാഅത്തെ ഇസ്‌ലാമി സംഘടിപ്പിക്കാറുണ്ടായിരുന്ന പഠന സദസ്സുകളിലും അദ്ദേഹം ആവേശപൂര്‍വം പങ്കെടുക്കും. അതിന്നായി നല്ലവണ്ണം ഗൃഹപാഠം നടത്തിയായിരിക്കും പി.കെ വരുന്നത്. അദ്ദേഹത്തിന്റെ സംസാരത്തില്‍ വാഗ്വിലാസക്കുറവ് അനുഭവപ്പെട്ടേക്കുമെങ്കിലും അവ വിജ്ഞാനപ്രദങ്ങളായിരിക്കും.
ശാന്തപുരം ഇസ്‌ലാമിയാ കോളേജിന് വേണ്ടി സമര്‍പ്പിക്കപ്പെട്ട ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. കഷ്ടാരിഷ്ടതകളുടെ അക്കാലത്ത് ഒരുപാട് ത്യാഗങ്ങള്‍ അദ്ദേഹം സഹിച്ചിട്ടുണ്ട്. കോയമ്പത്തൂരിലേക്ക് എല്ലാ റമദാനിലും പി.കെയായിരുന്നു കലക്ഷന് പോയിരുന്നത്. അവിടെ അദ്ദേഹത്തിന്റെ അനുജന് ഒരു കച്ചവടസ്ഥാപനമുണ്ടായിരുന്നു. അനുജന്റെ കച്ചവട ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി തമിഴ് വ്യാപാരികളില്‍നിന്ന് സംഭാവന പിരിക്കുന്നതിന്നായിരുന്നു ഈ യാത്ര. ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന ഈ റമദാന്‍ കലക്ഷന് ഒരു വര്‍ഷം ഈ ലേഖകനും കൂടെ പോവുകയുണ്ടായി. പ്രാഥമികാവശ്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ സൗകര്യമില്ലാതെ പ്രയാസപ്പെട്ട ആ ദിനരാത്രങ്ങള്‍ ഇന്നും ഓര്‍മയില്‍ വരുന്നു.


പ്രസ്ഥാനത്തെ നെഞ്ചോട് ചേര്‍ത്ത്...

                                                                                                                                 കെ.കെ ഫാത്വിമ സുഹ്‌റ

ശാന്തപുരം ഇസ്‌ലാമിയാ കോളേജിലെ  വിദ്യാര്‍ഥി ജീവിതത്തില്‍ ഏറെ സ്വാധീനിച്ച അധ്യാപകരില്‍ പ്രധാനിയാണ് മര്‍ഹൂം പി.കെ അബ്ദുല്ല മൗലവി. വിദ്യാര്‍ഥികളുടെ വൈജ്ഞാനിക വളര്‍ച്ചയിലായിരുന്നു അദ്ദേഹം പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിരുന്നത്. ഓരോ കുട്ടിയെയും അവന്‍/അവള്‍ അര്‍ഹിക്കുന്ന സ്ഥാനത്തേക്കുയര്‍ത്താന്‍ അദ്ദേഹം ശ്രമം നടത്തി.
ഈയുള്ളവളുടെ  ജീവിതാനുഭവം പി.കെ എത്രത്തോളം വിദ്യാര്‍ഥികളെ സ്‌നേഹിച്ചിരുന്നു എന്നതിന് തെളിവാണ്. ഞാന്‍ ശാന്തപുരം കോളേജില്‍ രണ്ടാം വര്‍ഷമോ മറ്റോ പഠിക്കുന്ന സമയത്ത് പ്രസ്ഥാന സ്ഥാപനങ്ങളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന വിദ്യാര്‍ഥിക്ക് അഖിലേന്ത്യാ തലത്തില്‍ ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ചുകൊണ്ട് ഒരു ഉര്‍ദു പത്രത്തില്‍ വന്ന പരസ്യം ശ്രദ്ധിച്ച പി.കെ അന്നുതന്നെ എന്റെ മാര്‍ക്ക് ലിസ്റ്റും ഫോട്ടോയും അയച്ചു കൊടുത്തു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അവാര്‍ഡ് ലഭിക്കുകയും ചെയ്തു.
പരന്ന വായനയുടെ  ഉടമയായിരുന്നു പി.കെ. എപ്പോഴും കോളേജ് ഓഫീസില്‍ വരുന്ന ഉര്‍ദു-അറബി-മലയാളം പത്ര പ്രസിദ്ധീകരണങ്ങള്‍ വായിക്കുക അദ്ദേഹത്തിന്റെ പതിവായിരുന്നു. അതുകൊണ്ടു തന്നെ മിക്ക വിഷയങ്ങളിലും ആനുകാലിക സംഭവങ്ങളിലും തനതായ കാഴ്ചപ്പാടും നിലപാടും രൂപീകരിക്കാനും വിദ്യാര്‍ഥികള്‍ക്കത് പകര്‍ന്നുനല്‍കാനും പി.കെക്ക് കഴിഞ്ഞു. വാരാന്ത്യങ്ങളില്‍ കോളേജില്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി നടത്തപ്പെടുന്ന സാഹിത്യസമാജങ്ങളിലും പാര്‍ലമെന്റുകളിലും അദ്ദേഹം അധ്യക്ഷനോ കാഴ്ചക്കാരനോ ആയി കുട്ടികളുടെ കഴിവുകള്‍ മനസ്സിലാക്കും.
മികച്ച അധ്യാപകന്‍ എന്നതായിരുന്നു എടുത്തുപറയേണ്ട സവിശേഷത. ഖുര്‍ആന്‍, ഉലൂമുല്‍ ഖുര്‍ആന്‍, ഹദീസ്, ഉലൂമുല്‍ ഹദീസ,് ഫിഖ്ഹ,് ഉസ്വൂലുല്‍ ഫിഖ്ഹ് എന്നിവയായിരുന്ന ആദ്ദേഹം പ്രധാനമായും പഠിപ്പിച്ചിരുന്നത്. നല്ലവണ്ണം പഠിച്ചു കാര്യങ്ങള്‍ സൂക്ഷ്മമായി മനസ്സിലാക്കിയിട്ടാണ് അദ്ദേഹം ക്ലാസ്സെടുക്കുക. അതുകൊണ്ടുതന്നെ വര്‍ഷങ്ങളോളം സസൂക്ഷ്മം വിഷയങ്ങള്‍ പഠിച്ചു പ്രഗത്ഭ പണ്ഡിതനായിത്തീരാന്‍ പി.കെക്ക് കഴിഞ്ഞു. പേജുകളിലോ സ്റ്റേജുകളിലോ ഒട്ടും സാന്നിധ്യമറിയിക്കാത്ത പി.കെയുടെ പാണ്ഡിത്യത്തിന്റെ മുഴുവന്‍ നേട്ടങ്ങളും കൊയ്‌തെടുത്തത് അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങള്‍ തന്നെയായിരുന്നു.
ഉര്‍ദു ഭാഷ പഠിപ്പിക്കുവാനുള്ള  പി.കെയുടെ കഴിവ് അപാരമായിരുന്നു. വ്യാകരണസഹിതം കൃത്യമായി പഠിപ്പിച്ച് വിദ്യാര്‍ഥികളെ ഉര്‍ദു ഭാഷ അനായാസം കൈകാര്യം ചെയ്യാന്‍ പ്രാപ്തരാക്കുന്നതില്‍ പി.കെ വലിയൊരളവോളം വിജയിച്ചു. പി.കെ ഹദീസ് കൈകാര്യം ചെയ്തത് വേറിട്ട രീതിയിലായിരുന്നു. പ്രത്യക്ഷത്തില്‍ വൈരുധ്യമുണ്ടെന്നു തോന്നുന്ന ഹദീസുകളെ അദ്ദേഹം സംയോജിപ്പിച്ചു.
പ്രസ്ഥാനത്തെ പി.കെ ഏറെ സ്‌നേഹിച്ചു. വിദ്യാര്‍ഥികളെ പ്രാസ്ഥാനികമായി വളര്‍ത്താനും അദ്ദേഹം മറന്നില്ല. ഈയുള്ളവള്‍ ശൂറാംഗമായി തെരഞ്ഞടുക്കപ്പെട്ടപ്പോള്‍ അദ്ദേഹം ആഹ്ലാദിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. പ്രാസ്ഥാനിക പരിപാടികളെ കുറിച്ച് എപ്പോഴും അന്വേഷിക്കും. രോഗം മൂര്‍ഛിച്ച് യോഗങ്ങളില്‍ സംബന്ധിക്കാന്‍ കഴിയാതെ വന്നശേഷം അംഗങ്ങളുടെ പ്രാദേശിക യോഗം മുതല്‍ പ്രധാന പരിപാടികളില്‍ വരെ പ്രസംഗിച്ചവരെ കുറിച്ചും പങ്കെടുത്തവരുടെ എണ്ണത്തെ കുറിച്ചും എല്ലാം അദ്ദേഹം വിശദമായി ചോദിച്ചറിയും.


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/51-55
എ.വൈ.ആര്‍