Prabodhanm Weekly

Pages

Search

2013 നവംബര്‍ 08

പരിഷ്‌കരണത്തിന് വ്യക്തിനിയമങ്ങളെ പുനര്‍വായിക്കണം

അഡ്വ. അഹ്മദ് കുട്ടി പുത്തലത്ത് / കവര്‍‌സ്റ്റോറി

ന്ത്യന്‍ മുസ്‌ലിംകള്‍ക്ക് പൊതുവെ ബാധകമായ ഒരു ക്രോഡീകൃത നിയമം ഇന്ന് നിലവിലില്ല. ഉള്ളത് മുഹമ്മദന്‍ ലോ ആണ്. ഇത് പൂര്‍ണമായും ഒരു ഇസ്‌ലാമിക നിയമസംഹിതയല്ല. ബ്രിട്ടീഷുകാര്‍ നമ്മുടെ നാട് ഭരിച്ചിരുന്ന കാലത്തെ നാട്ടാചാരങ്ങളും അനുഷ്ഠാനങ്ങളും അടിസ്ഥാനമാക്കി കോടതികള്‍ നടപ്പാക്കിയ വിധികളും ഇന്ത്യന്‍ പാര്‍ലമെന്റ് നിയമനിര്‍മാണം വഴി മുസ്‌ലിം വ്യക്തിനിയമത്തില്‍ വരുത്തിയ മാറ്റങ്ങളുമാണ് ഈ നിയമത്തിന്റെ സ്രോതസ്സുകള്‍. ഇത്തരം കോടതിവിധികളുടെയും നാട്ടാചാരങ്ങളുടെയും അടിസ്ഥാനത്തില്‍ എഴുതപ്പെട്ട ഡി.എഫ് മുള്ളയുടെ മുഹമ്മദന്‍ ലോയും അതേകാലഘട്ടത്തില്‍ ജഡ്ജിയായിരുന്ന അമീര്‍ അലി എഴുതിയ ഗ്രന്ഥവുമാണ് ഇന്ത്യന്‍ കോടതികള്‍ വിധിപ്രസ്താവങ്ങള്‍ക്കായി അവലംബിച്ചിരുന്നത്. ഇവ രണ്ടും തന്നെ മുസ്‌ലിം ശരീഅത്തിനോട് പൂര്‍ണമായും നീതിപുലര്‍ത്തുന്നതായിരുന്നില്ല.
1930-ല്‍ പഞ്ചാബിലെ ഒരു കോടതി മുസ്‌ലിം സ്ത്രീക്ക് തന്റെ പിതാവിന്റെ സ്വത്തില്‍ അവകാശമില്ലെന്ന് വിധി പ്രസ്താവിച്ചു. ഇതു സംഭവിച്ചത് അന്നത്തെ ഇന്ത്യന്‍ ആചാരങ്ങള്‍ക്ക് മുസ്‌ലിം നിയമത്തേക്കാള്‍ പ്രാധാന്യം നല്‍കിയതുകൊണ്ടായിരുന്നു. അതുകൊണ്ടാണ് മുഹമ്മദന്‍ നിയമം പലപ്പോഴും ഇസ്‌ലാമിക ശരീഅത്തിനേക്കാള്‍ ആചാരങ്ങള്‍ക്ക് പ്രാമുഖ്യം കൊടുത്തിരുന്നു എന്ന് പറയുന്നത്. ശരീഅത്തിന് തികച്ചും വിരുദ്ധമായ ഇത്തരം കോടതിവിധികള്‍ വന്നപ്പോള്‍, മുസ്‌ലിംകള്‍ക്ക് ബാധകമായ ഒരു നിയമത്തിന്റെ ആവശ്യകത ഉയര്‍ന്നുവന്നു. ഇതിന്റെ ഫലമാണ് 1937-ലെ മുസ്‌ലിം പേഴ്‌സണല്‍ ലോ അപ്ലിക്കേഷന്‍ ആക്ട് (Muslim Personal Law (Shariath) Application Act 1937). ഈ നിയമം വളരെ ചെറിയതും ഒരുപാട് പരിമിതികള്‍ ഉള്ളതുമാണ്. എന്നാല്‍ ഇന്നും മുസ്‌ലിംകള്‍ക്ക് വ്യക്തിനിയമം ബാധകമാകുന്നത് ഇതേ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. വെറും ആറ് വകുപ്പുകള്‍ ഉള്ള ഈ കൊച്ചു നിയമത്തിലെ വകുപ്പ് രണ്ട് (സെക്ഷന്‍ 2) അനുസരിച്ചാണ് ഇന്നും കാര്യങ്ങള്‍ നടന്നുപോകുന്നത്. അനന്തരാവകാശം, വിവാഹം, വിവാഹമോചനം, മുസ്‌ലിം ട്രസ്റ്റ്, വഖ്ഫ് എന്നിത്യാദി കാര്യങ്ങളില്‍ മറ്റെല്ലാ നിയമങ്ങളെയും നാടുനടപ്പാചാരങ്ങളെയും ഗൗനിക്കാതെ മുസ്‌ലിംകള്‍ക്ക് അവരുടെ വ്യക്തിനിയമം (ശരീഅത്ത്) ബാധകമാണെന്ന് വകുപ്പ് 2 അനുശാസിക്കുന്നു. ഈ നിയമത്തിലെ തന്നെ അഞ്ചാമത്തെ വകുപ്പിന്റെ പ്രസക്തി 1939-ല്‍ നിലവില്‍ വന്ന മുസ്‌ലിം വിവാഹ ഭഞ്ജന നിയമം (The Dissolution of Muslim Marriage Act 1939) നിലവില്‍ വന്നതോടെ നഷ്ടപ്പെട്ടു. മുസ്‌ലിം വിവാഹ ഭഞ്ജന നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ചാണ് ഇപ്പോള്‍ മുസ്‌ലിം സ്ത്രീകള്‍ വിവാഹമോചനത്തിനായി കോടതികളെ സമീപിക്കേണ്ടത്. അതേപോലെ 1986-ലെ മുസ്‌ലിം സ്ത്രീ സംരക്ഷണ നിയമം കൂടി വന്നപ്പോള്‍ (The Muslim Women (protection of Rights on Divorce) Act 1986) ശരീഅത്ത് അപ്ലിക്കേഷന്‍ ആക്ടിന്റെ പരിധിയില്‍ നിന്ന് സ്ത്രീകളുടെ സംരക്ഷണവും മറ്റും ഈ പുതിയ നിയമത്തിന്റെ കീഴിലേക്ക് വന്നു.
നമ്മുടെ ഭരണഘടന നിലവില്‍ വരുന്നതിന് മുമ്പ് തന്നെ ചില മുസ്‌ലിം നിയമങ്ങള്‍ മുസ്‌ലിംകള്‍ക്ക് ബാധകമാക്കിയിരുന്നു. ഇത് പ്രധാനമായും മുഗള്‍ ഭരണ കര്‍ത്താക്കളില്‍ നിന്ന് അനന്തരമായി കിട്ടിയ പാരമ്പര്യത്തെ അംഗീകരിക്കുക എന്ന നിലയിലായിരുന്നു. എന്നാല്‍, 1937 ഒക്‌ടോബര്‍ 7-ന് നിലവില്‍ വന്ന ശരീഅത്ത് ആക്ട് ഇക്കാര്യത്തില്‍ ഒരു കൃത്യതയും വ്യക്തതയും വരുത്തി. 1959-ലെ പേഴ്‌സണല്‍ ലോ എക്‌സ്റ്റെന്‍ഷന്‍ ആക്ട് പ്രകാരം ഈ നിയമത്തിന്റെ പരിധി ഇന്ത്യ മുഴുവനുമായി നിര്‍വചിക്കപ്പെട്ടു (ജമ്മു-കശ്മീര്‍ ഒഴികെ). ഇന്ത്യയില്‍ നടപ്പിലാക്കി വരുന്ന മുസ്‌ലിം വ്യക്തിനിയമം പ്രധാനമായും രണ്ട് തരത്തിലുള്ളതാണ്. ഒന്ന്, സുന്നി നിയമം. രണ്ട്, ശീഈ നിയമം. സുന്നി വിഭാഗത്തില്‍ നാല് മദ്ഹബുകള്‍ ഉണ്ട്. ശാഫിഈയും ഹനഫിയും ഹമ്പലിയും മാലിക്കിയും. എന്നാല്‍, ഇവരെയെല്ലാം ഒന്നിച്ച് സുന്നി നിയമത്തിന്റെ പരിധിയിലാണുള്‍ക്കൊള്ളിച്ചത്. ഇന്ത്യയെ സംബന്ധിച്ചേടത്തോളം മുസ്‌ലിംകളില്‍ ഭൂരിഭാഗവും ഹനഫി വിഭാഗത്തില്‍ പെടുന്നു. എന്നാല്‍, കേരളത്തിലെ സ്ഥിതി വ്യത്യസ്തമാണ്. ഇവിടെ ശാഫിഈ മദ്ഹബുകാരാണ് കൂടുതല്‍. മുഗള്‍ ആധിപത്യത്തില്‍ വരാത്തതിനാലാകാം കേരളത്തിലെ സ്ഥിതി വ്യത്യസ്തമായത്. അതുകൊണ്ട് തന്നെ കേരളത്തിലെ മുസ്‌ലിംകള്‍ ശാഫിഈ മദ്ഹബുകാരാണെന്ന് വ്യവഹാരങ്ങളില്‍ പ്രത്യേകം എടുത്തു പറയണമെന്ന് നമ്മുടെ ഹൈക്കോടതി ഒരു വിധിന്യായത്തില്‍ പ്രസ്താവിച്ചിട്ടുണ്ട്. മുഗള്‍ ഭരണകാലത്തും മറ്റും മുസ്‌ലിം ആചാരങ്ങളില്‍ ഹൈന്ദവ ആചാരങ്ങള്‍ പലതും കടന്നുകൂടിയതുകൊണ്ടും ഇവകളെല്ലാം അംഗീകരിച്ചുകൊണ്ട് അന്നത്തെ ബ്രിട്ടീഷ് കോടതി വിധികള്‍ പ്രസ്താവിച്ചതുകൊണ്ടും ഈ വിധികളുടെ അടിസ്ഥാനത്തില്‍ ഉണ്ടാക്കപ്പെട്ട മുഹമ്മദന്‍ ലോയില്‍ പരിപൂര്‍ണമായ മുസ്‌ലിം നിയമ വ്യവസ്ഥകള്‍ കണ്ടെത്തുക പ്രയാസമാണ്.
1937-ന് ശേഷം ഇതുവരെ ഒരു ക്രോഡീകൃത മുസ്‌ലിം നിയമം ഇന്ത്യയില്‍ ഉണ്ടാകാതെ പോയതിന് കാരണമെന്തെന്ന് അന്വേഷിക്കേണ്ടതുണ്ട്. അപര്യാപ്തമായ നിയമങ്ങള്‍ കൊണ്ട് വ്യക്തിനിയമങ്ങളെ കൈകാര്യം ചെയ്യേണ്ട ഒരു ഗതികേടാണിന്നുള്ളത്. കോടതികള്‍ വിശുദ്ധ ഖുര്‍ആനും ഹദീസും എടുത്തുദ്ധരിക്കുമ്പോള്‍ അത് ശരിയല്ലെന്ന് പറയുന്ന ഒരുപാട് മതപണ്ഡിതന്മാരുണ്ട്. എന്നാല്‍, അവലംബിക്കാന്‍ പറ്റുന്ന ഒരേകീകൃത ലിഖിത നിയമമില്ലാത്തപ്പോള്‍ കോടതികളും അഭിഭാഷകരും ഖുര്‍ആനും ഹദീസും നേരിട്ട് വ്യാഖ്യാനിക്കാനും നിര്‍വചിക്കാനും നിര്‍ബന്ധിതമാവുകയാണ്. ഇവിടെ നമ്മുടെ സഹോദര സമുദായമായ ഹിന്ദുക്കള്‍ക്ക് ഹിന്ദു കോഡ് നിലവിലുണ്ട്. ആ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കേസുകള്‍ കൈകാര്യം ചെയ്യാന്‍ കോടതികള്‍ക്ക് സാധിക്കുന്നു. ഇത്തരത്തിലുള്ള ഒരു മുസ്‌ലിം കോഡ് എന്തുകൊണ്ടും ഉണ്ടാകുന്നതാണ് നല്ലത്.
മുസ്‌ലിം വ്യക്തിനിയമം വളരെ വിപുലമായ ഒന്നാണ്. പ്രധാനപ്പെട്ട നാല് മദ്ഹബുകളും പല കാര്യങ്ങളിലും വ്യത്യസ്തമായ അഭിപ്രായങ്ങള്‍ വെച്ചുപുലര്‍ത്തുന്നവരാണ്. അനന്തരാവകാശ നിയമത്തിലും വിവാഹമോചന നിയമത്തിലുമെല്ലാം ഈ വ്യത്യസ്തത നമുക്ക് കാണാം. ഇന്ത്യയെപ്പോലുള്ള ഒരു ബഹുസ്വര രാജ്യത്ത് നാടിന്റെയും മുസ്‌ലിം സമുദായത്തിന്റെയും നന്മക്കുതകുന്ന ഒരു ഏകീകൃത വ്യക്തിനിയമം ഉണ്ടാകുന്നതാണ് എപ്പോഴും അഭികാമ്യം. ഇസ്‌ലാമിക നിയമങ്ങള്‍ കാലാതീതമാണ്; എന്നും നിലനില്‍ക്കുന്നതുമാണ്. പക്ഷേ, ഇങ്ങനെ സംഭവിക്കണമെങ്കില്‍ മുസ്‌ലിംകള്‍ കാലത്തിന് മുമ്പെ നടക്കണം; വഴികാട്ടികളായി. ഖുര്‍ആനും പ്രവാചകനും കാണിച്ചുതന്ന നിയമങ്ങളുടെ അന്തഃസത്ത ഉള്‍ക്കൊണ്ട് ശ്രുതിലയങ്ങള്‍ക്ക് കോട്ടം തട്ടാതെ അവയെ കാലാനുസൃതമായി വ്യാഖ്യാനിക്കാന്‍ കഴിയണം. ഖുര്‍ആനും ഹദീസും പോലെ തന്നെ ഇജ്മാഉം ഖിയാസും നിയമങ്ങളുടെ അടിസ്ഥാനമാക്കേണ്ടതുണ്ട്. നിഷിദ്ധമല്ലാതിരുന്ന പുകവലി  റാബിത്വതുല്‍ ആലമില്‍ ഇസ്‌ലാമി ഒരു ഫത്‌വയിലൂടെ നിഷിദ്ധ(ഹറാം)മാണെന്ന് പ്രഖ്യാപിച്ചു. രക്തദാനവും അവയവദാനവും പ്രോത്സാഹിപ്പിക്കാന്‍ ഇന്ന് ആരും മടികാണിക്കുന്നില്ല. മനുഷ്യജീവന്‍ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിലുള്ള ഉറച്ച തീരുമാനങ്ങളെടുക്കുന്നത്. ഇത്തരം ചുവടുവെപ്പുകള്‍ വ്യക്തിനിയമങ്ങളുടെ കാര്യത്തിലും എടുക്കേണ്ടതായിട്ടുണ്ട്. ഒറ്റയടിക്ക് ത്വലാഖ് മൂന്നും ചൊല്ലി വിവാഹമോചനം നേടുന്ന രീതിയും, സ്വപുത്രന്‍ മരണപ്പെട്ടാല്‍ തന്റെ പേരക്കിടാങ്ങള്‍ക്ക് തന്റെ സ്വത്തില്‍ നിന്നും ഒന്നും ലഭിക്കുന്നില്ല എന്ന വ്യവസ്ഥയും പെണ്‍കുട്ടികള്‍ മാത്രമുള്ള മാതാപിതാക്കളുടെ സ്വത്തുക്കള്‍ മുഴുവനായി തങ്ങളുടെ മക്കള്‍ക്ക് ലഭിക്കുന്നില്ല എന്നതുമെല്ലാമാണ് ഇന്ന് മുസ്‌ലിം സമുദായത്തെ എറിയാനുള്ള കല്ലുകളായി പലരും കൈയില്‍ കരുതുന്നത്. എന്നാല്‍ വേണ്ട രീതിയിലുള്ള പരിഷ്‌കരണങ്ങള്‍ വ്യക്തിനിയമത്തില്‍ വരുത്തിയാല്‍ സമുദായം ഈ ഏറു കൊള്ളേണ്ടിവരില്ല. ത്വലാഖിന്റെ കാര്യത്തില്‍ ത്വലാഖുല്‍ അഫ്ദല്‍ മാത്രം അംഗീകരിക്കുകയും പേരക്കിടാവിനുള്ള സ്വത്ത് വിഹിതം എഴുതിവെക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും ഉദ്‌ബോധിപ്പിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങളും പ്രവാചകവചനങ്ങളും ഇക്കാര്യത്തില്‍ നിര്‍ബന്ധമായും പിന്തുടരുകയും ചെയ്താല്‍ ആദ്യത്തെ രണ്ടാക്ഷേപങ്ങള്‍ക്കും മറുപടിയായി. നമ്മുടെ നാടിന്റെ രീതിയും മട്ടും അവലോകനം ചെയ്തു പിതൃസ്വത്തില്‍ സ്ത്രീ സന്താനങ്ങള്‍ മാത്രമായാലും അവര്‍ക്ക് പൂര്‍ണാവകാശം നിലനിര്‍ത്താന്‍ ആവശ്യമായ മാറ്റങ്ങള്‍ ഏര്‍പ്പെടുത്താവുന്നതുമാണ്. ഗള്‍ഫ് നാടുകളില്‍ ഇത്തരത്തിലുള്ള ഒട്ടനവധി കാര്യങ്ങള്‍ നിയമത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്. അവിടെ പുരുഷനില്‍ നിന്ന് ഭാരിച്ച മഹ്ര്‍ വാങ്ങിയാണ് സ്ത്രീകള്‍ വിവാഹിതരാകുന്നത്. എന്നിരുന്നാലും വല്ല കാരണവശാലും വിവാഹബന്ധം വേര്‍പ്പെട്ടു തിരിച്ചുവരുന്ന സഹോദരിയെ സംരക്ഷിക്കാന്‍ സഹോദരന്മാര്‍ ബാധ്യസ്ഥരാണ്. കുടുംബസ്വത്തില്‍ ഇരട്ടി ഓഹരി വാങ്ങിക്കുന്ന സഹോദരന് തന്റെ സഹോദരിയെ സംരക്ഷിക്കാനുള്ള ബാധ്യത കൂടിയുണ്ടെന്ന് നമ്മുടെ നിയമം അംഗീകരിക്കുന്നില്ല. നമ്മുടെ നാട്ടില്‍ മൊഴി ചൊല്ലപ്പെട്ട ഭാര്യക്ക് ജീവനാംശം ചോദിക്കാനുള്ള അവകാശമുണ്ടെങ്കിലും അതു സാധിക്കാതെ വന്നാല്‍ സംരക്ഷണ ചെലവ് നല്‍കേണ്ടത് വഖ്ഫ് ബോര്‍ഡാണ്. പക്ഷേ, 1986-ല്‍ ഈ നിയമം നടപ്പില്‍ വന്നിട്ടുണ്ടെങ്കിലും ഇന്നേവരെ ഇത് ഫലപ്രദമായി വിനിയോഗിക്കാന്‍ സ്ത്രീകള്‍ക്ക് പറ്റാറില്ല. അതുകൊണ്ട് ഇസ്‌ലാമിക താല്‍പര്യമനുസരിച്ച് തന്നെ സഹോദരിമാരെ ചില പ്രത്യേക സാഹചര്യങ്ങളിലെങ്കിലും സംരക്ഷിക്കാന്‍ സഹോദരന്മാര്‍ക്ക് ബാധ്യതയുണ്ടെന്ന് വരണം.
'നിയമം സാധു ജനങ്ങളെ ഹനിക്കുമ്പോള്‍ പണക്കാര്‍ നിയമത്തെ ഭരിക്കുന്നു' എന്നത് ഒരിക്കലും ഇസ്‌ലാമിക ശരീഅത്തിന് ബാധകമാവരുത്. ധിഷണാശാലികളും കരുത്തരും പക്വമതികളുമായ മതനേതാക്കള്‍, തിരുനബി അരുള്‍ ചെയ്തപോലെ ഓരോ കാലഘട്ടത്തിലും ഇസ്‌ലാമിക നിയമങ്ങളുടെ പുനര്‍വായനക്ക് -തജ്ദീദിന്- തയാറാകണം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/51-55
എ.വൈ.ആര്‍