Prabodhanm Weekly

Pages

Search

2013 നവംബര്‍ 08

ഇന്ത്യന്‍ മുജാഹിദീന്‍ എന്ന അസംബന്ധം

ഇഹ്‌സാന്‍ / മാറ്റൊലി

മുഖ്യമന്ത്രി നിധീഷ് കുമാറിന്റെ ആത്മവിശ്വാസത്തിന്റെ മുഖത്തേറ്റ ഒന്നാന്തരം പ്രഹരമായിരുന്നു പാറ്റ്‌നയിലെ ബോംബ് സ്‌ഫോടനം. തന്റെ സംസ്ഥാനത്ത് ഭീകരാക്രമണം ഉണ്ടാവില്ലെന്ന് വിശ്വസിക്കാന്‍ അദ്ദേഹത്തിന് സ്വന്തമായ ന്യായങ്ങള്‍ ഉണ്ടായിരിക്കാമെങ്കിലും കഴിഞ്ഞ എട്ടു മാസമായി ഇതായിരുന്നില്ല ബിഹാറിന്റെ ചിത്രം. സംസ്ഥാനത്തെ നിയമവാഴ്ച അങ്ങേയറ്റം പരിതാപകരമായ അവസ്ഥയിലായിരുന്നു. ബി.ജെ.പിയും ജെ.ഡി.യുവും വഴിപിരിഞ്ഞതിന്റെ തൊട്ടുടനെയാണ് ബോധഗയയില്‍ സ്‌ഫോടന പരമ്പര അരങ്ങേറിയത്. അതിന്റെ പിന്നാലെയാണ് സവര്‍ണ ഗ്രൂപ്പുകള്‍ പഴയ ജാതിപ്പോരിലേക്ക് സംസ്ഥാനത്തെ തിരികെ നടത്താന്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയത്. പോലീസിലെ വലതുപക്ഷ ഗ്രൂപ്പുകള്‍ക്ക് ബിഹാര്‍ പോലെയുള്ള സംസ്ഥാനത്ത് ഒന്നും ചെയ്യാനാവില്ല  എന്നത് ഒരു മുഖ്യമന്ത്രിയുടെ വ്യാമോഹം മാത്രമായിരുന്നു. ബംഗാളും ബിഹാറും പുലര്‍ത്തുന്ന സോഷ്യലിസ്റ്റ് പാരമ്പര്യവും താരതമ്യേന ഉയര്‍ന്ന മതേതരത്വ ബോധവും അതിലുപരി പോലീസില്‍ എല്ലാ വിഭാഗം മതസ്ഥര്‍ക്കുമുള്ള മതിയായ പ്രാതിനിധ്യവും ഭീകരാക്രമണം സംഘടിപ്പിക്കുന്നവരില്‍ നിന്ന് ഇതുവരെ ഈ സംസ്ഥാനങ്ങളെ രക്ഷിച്ചുവെങ്കില്‍ ഇപ്പോള്‍ അയല്‍പക്കത്തുള്ളവര്‍ വിചാരിച്ചാലും കാര്യം നടക്കുമെന്ന അവസ്ഥയിലേക്ക് ബിഹാര്‍ എത്തിപ്പെട്ടു. ലഭ്യമായിടത്തോളം വിവരമനുസരിച്ച് അയല്‍ സംസ്ഥാനമായ ഝാര്‍ഖണ്ഡില്‍ നിന്നാണ് പാറ്റ്‌നയിലെ ബോംബ് സ്‌ഫോടന പരമ്പര സംഘടിപ്പിച്ചവര്‍ പാറ്റ്‌നയില്‍ എത്തിച്ചേര്‍ന്നത്. അവര്‍ ആരുടെ 'മുജാഹിദീന്‍' ആയിരുന്നാലും ശരി.
റാഞ്ചിക്കു സമീപം സിതിയോ എന്ന ഗ്രാമമാണ് ഭീകരതയുടെ പുതിയ പേറ്റില്ലമെന്ന് എല്ലാം നടന്നതിനു ശേഷം പോലീസ് കണ്ടെത്തിയിരിക്കുന്നു. മുസ്‌ലിംകള്‍ സാമാന്യം തരക്കേടില്ലാത്ത കണക്കില്‍ താമസിക്കുന്ന ഉത്തരേന്ത്യയിലെ ദുരന്ത ഗ്രാമങ്ങളുടെ പട്ടികയിലേക്ക് സരായ്മീറിനും ഭട്കലിനും ദര്‍ഭംഗക്കും പിറകെ സിതിയോ കൂടി കടന്നുകയറുകയായി. ഇംതിയാസ് അന്‍സാരിയും ഐനുലുമൊക്കെ യാസീന്‍ ഭട്കലിന്റെ പിശാചുബാധയേറ്റ്, ഉസാമാ സാഹിത്യം വായിച്ച് ഞരമ്പുകളില്‍ ഇരുട്ടു കയറി, പ്രഷര്‍ കുക്കറുകളില്‍ ബോംബുകളുണ്ടാക്കി പരിശീലിച്ച്, ഗ്രാമത്തിനകത്ത് അത്യാവശ്യത്തിന് അനുയായികളെ സൃഷ്ടിച്ച്, അജണ്ടയും തീരുമാനിച്ച് ബസ് കയറി പാറ്റ്‌നയില്‍ എത്തുന്നതുവരെ എന്തെടുക്കുകയായിരുന്നു നമ്മുടെ പോലീസുകാര്‍? മുസ്‌ലിം ജനസംഖ്യ തരക്കേടില്ലാത്ത ഗ്രാമങ്ങളില്‍ ഇന്റലിജന്‍സുകാര്‍ പോകാറേയില്ലെന്നും ഭീകരാക്രമണം ഉണ്ടായതിനു ശേഷം മാത്രമാണ് ഈ ഗ്രാമങ്ങള്‍ അവരുടെ റഡാറില്‍ പതിയാറുള്ളതെന്നും വേണമെങ്കില്‍ ഈ പൊക്കണക്കേടിന് അര്‍ഥം പറയാം. എന്നാല്‍, വസ്തുതയോ? മറ്റേതു ഗ്രാമങ്ങളെ നിരീക്ഷിക്കുന്നതിനേക്കാളും സൂക്ഷ്മമായാണ് രഹസ്യാന്വേഷണ വകുപ്പ് മുസ്‌ലിം ഗ്രാമങ്ങളെ അരിച്ചു പെറുക്കുന്നത്. ഇത്തരം പ്രദേശങ്ങളില്‍ ഇന്‍ഫോര്‍മാരെയും ഏജന്റുമാരെയും നിയോഗിക്കുന്ന കാര്യത്തിലും ടെലിഫോണ്‍ ചോര്‍ത്തുന്നതിലുമാണ് രഹസ്യാന്വേഷണം എന്ന പരിപാടി തന്നെ ഓരോ സംസ്ഥാനത്തും നടക്കുന്നത്. അതിനായാണ് കോടികളുടെ, ആരോടും കണക്കു ബോധിപ്പിക്കേണ്ടതില്ലാത്ത ഫണ്ട് ഈ രാജ്യത്തുള്ളത്. എന്നിട്ടും എന്‍.ഐ.എ അന്വേഷിച്ചു നടക്കുന്ന 'തഹ്‌സീന്‍ അഖ്ത്തറു'മാര്‍ ഓടിനടന്ന് അനുയായികളെ പടച്ചുണ്ടാക്കുന്നത് 'അറിഞ്ഞില്ല' എന്നു പറയുമ്പോള്‍ വെറും നാണക്കേടിനപ്പുറം മറ്റെന്തോ ചില പേരുകളിട്ടാണ് ഈ അസംബന്ധ നാടകത്തെ വിശേഷിപ്പിക്കേണ്ടത് എന്നു വരുന്നു.
ഇന്ത്യന്‍ മുജാഹിദീന്‍ എന്ന പ്രഹേളികയെ ആരോ ബോധപൂര്‍വം സൃഷ്ടിച്ചെടുക്കുകയാണ് എന്നത് വ്യക്തം. എന്‍.ഡി.എ കാലത്ത് അത് സിമി ആയിരുന്നുവെങ്കില്‍ പിന്നീടത് ലശ്കറും ജയ്ശുമൊക്കെയായിരുന്നു. കോണ്‍ഗ്രസ്സിന്റെ കാലത്താണ് മുജാഹിദീന്‍ എന്ന പുതിയ പ്രഹേളിക മുസ്‌ലിം സമൂഹത്തെ തുറിച്ചുനോക്കുന്നത്. പക്ഷേ മുസ്‌ലിംകള്‍ക്കു വേണ്ടി ഒരുമ്പെട്ടിറങ്ങുന്നവര്‍ എന്തുകൊണ്ട് അവര്‍ ജീവിക്കുന്ന സമൂഹത്തിന്റെ പരിസരത്തു പോലും വരാന്‍ ഭയക്കുന്നു? ഇന്ത്യയിലെയെന്നല്ല പാകിസ്താനിലെ മുസ്‌ലിംകളുടെ പോലും താല്‍പര്യങ്ങളുടെ മറുപക്ഷത്താണ് ഈ ഇന്ത്യന്‍ മുജാഹിദീന്‍. അവരുടെ ഓരോ ആക്രമണവും സംഘ്പരിവാറിന്റെ മനപ്പായസം പോലെയാണ് അവതരിക്കപ്പെടുന്നത്. മോഡിയുടെ റാലിയില്‍ പങ്കെടുക്കാനെത്തിയവരെ ബോംബുവെച്ചതു കൊണ്ട് ബി.ജെ.പിക്കല്ലാതെ ആര്‍ക്കാണ് നേട്ടം? ഉസാമാ ബിന്‍ ലാദിന്റെ ചിത്രമുള്ള പുസ്തകങ്ങളില്‍ ഇമ്മാതിരി ഊളത്തരങ്ങളാണോ എഴുതിവെക്കാറുള്ളത്? അതു വായിച്ച് ബോംബുമായി ഇറങ്ങിപ്പുറപ്പെട്ടു എന്നാണല്ലോ പോലീസ് ഭാഷ്യം. ഒരു കാലത്ത് വിദേശി സംഘടനകളുടെ മേല്‍ പഴി ചാരിയിരുന്ന ബോംബാക്രമണങ്ങള്‍ മുംബൈ ആക്രമണത്തോടനുബന്ധിച്ച കാലഘട്ടം തൊട്ടാണ് പതുക്കെ ഇന്ത്യന്‍ മുജാഹിദീന്‍ എന്ന സംഘടനയുടെ തലയിലേക്ക് വരാന്‍ തുടങ്ങിയത്. പ്രമാദമായ മിക്ക ബോംബാക്രമണങ്ങളുടെയും പിന്നില്‍ വിദേശികളായിരുന്നില്ല, അഭിനവ് ഭാരത് എന്ന മഹാരാഷ്ട്ര കേന്ദ്രീകരിച്ച വലതുപക്ഷ തീവ്രവാദ സംഘടനയാണെന്ന യാഥാര്‍ഥ്യം മുംബൈ ആക്രമണത്തിന് തൊട്ടു മുമ്പെയായിരുന്നല്ലോ പുറത്തുവന്നത്. പിന്നീട് ലശ്കറെ ത്വയ്യിബക്കാര്‍ 'കടയടച്ച്' വീട്ടിലിരിക്കുന്നതായിരുന്നു രാജ്യം കണ്ടത്. 'കൂട്ടിലെ കോഴികള്‍' പിടിയിലായതിനു ശേഷം ഒറ്റ ആക്രമണം പോലും പാകിസ്താനികളുടെ പട്ടികയില്‍ വരവു വെക്കേണ്ട ദൗര്‍ഭാഗ്യം ഇന്ത്യക്കുണ്ടായില്ല. മാത്രവുമല്ല ഇന്ത്യന്‍ മുജാഹിദീന്‍ കടന്നുവരികയും ചെയ്തല്ലോ! പക്ഷേ ആദ്യം പറഞ്ഞ നുണകള്‍ ആരു വിഴുങ്ങി? ഇപ്പോഴത്തേത് നുണകളല്ലെന്ന് എങ്ങനെ ഉറപ്പു പറയാനാവും?
ഇന്ത്യന്‍ മുജാഹിദീനെ കുറിച്ച് ഇനിയും കൈമലര്‍ത്തി രക്ഷപ്പെടാനുള്ള അവസരം ഈ രാജ്യത്തെ പോലീസിനും അധികാരികള്‍ക്കും നല്‍കിയാല്‍ ഇന്ത്യ എന്ന രാജ്യത്തെയും കൊണ്ടേ അവര്‍ പോകാനിടയുള്ളൂ. യാസീന്‍ ഭട്കല്‍ എന്ന സ്ഥാപക നേതാവിനെ ചോദ്യം ചെയ്തതില്‍ നിന്നും എന്താണ് ഈ സംഘടനയെ കുറിച്ച് അവര്‍ക്ക് ലഭിച്ച വിവരം? അയാളുടെ പിന്നില്‍ ഉണ്ടായിരുന്നവര്‍ ആരൊക്കെ? ഈ ആശയം എങ്ങനെയാണ് അവര്‍ രാജ്യത്തെ മുസ്‌ലിംകളിലേക്ക് പകര്‍ന്നത്?

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/51-55
എ.വൈ.ആര്‍