Prabodhanm Weekly

Pages

Search

2013 നവംബര്‍ 08

നജ്മുദ്ദീന്‍ അര്‍ബകാന്‍ നവ ഇസ്‌ലാമിക തുര്‍ക്കിയുടെ പിതാവ്

പി.കെ ജമാല്‍ / വ്യക്തിചിത്രം

സ്‌ലാമിക ഖിലാഫത്തിന്റെ തിരോധാനത്തോടെ തുര്‍ക്കിയെ ഭൗതികതയുടെയും ഇസ്‌ലാംവിരുദ്ധ മനോഭാവത്തിന്റെയും അടിത്തറയില്‍ പുനഃസൃഷ്ടിക്കുന്ന ദൗത്യം ജീവിത വ്രതമായി സ്വീകരിച്ച ഭരണാധികാരിയായിരുന്നു മുസ്ത്വഫാ കമാല്‍പാഷ. തുര്‍ക്കിയുടെ മണ്ണില്‍നിന്ന് ഇസ്‌ലാമിനെ തുടച്ചുനീക്കാന്‍ കര്‍ശന നടപടികള്‍ കൈക്കൊണ്ട മുസ്ത്വഫാ കമാലില്‍ തങ്ങള്‍ നൂറ്റാണ്ടുകളായി കൊതിച്ചുകൊണ്ടിരുന്ന 'വിമോചകനെ' കണ്ടെത്തിയ പാശ്ചാത്യ ലോകം അദ്ദേഹത്തിന് 'അത്താതുര്‍ക്ക്' (ആധുനിക തുര്‍ക്കിയുടെ പിതാവ്) എന്ന പട്ടം ചാര്‍ത്തിക്കൊടുത്തു. ഖിലാഫത്ത് സമ്പൂര്‍ണമായി ദുര്‍ബലപ്പെടുത്തുകയും അതിന്റെ അവശിഷ്ടങ്ങളില്‍ ഒന്നുപോലും ബാക്കിവെക്കാതെ തുര്‍ക്കിയെ മതേതര രാജ്യമായി പ്രഖ്യാപിക്കുകയും ചെയ്തു മുസ്ത്വഫാ കമാല്‍. ശരീഅത്ത് കോടതികള്‍ അടച്ചുപൂട്ടി. തുര്‍ക്കിയിലെ പ്രസിദ്ധമായ ആയാ സുഫിയാ പള്ളി മ്യൂസിയമാക്കി. മുഹമ്മദുല്‍ ഫാതിഹ് മസ്ജിദ് വേര്‍ഹൗസാക്കി മാറ്റി. ഒരു പ്രദേശത്ത് ഒരു പള്ളിമാത്രം നിര്‍ത്തി മറ്റു പള്ളികള്‍ പൂട്ടി മുദ്രവെച്ചു. 'ഹിജാബി'ന് വിലക്കേര്‍പ്പെടുത്തി. അറബി ലിപിക്ക് പകരം ലാറ്റിന്‍ ലിപി നടപ്പിലാക്കി. അറബി ഭാഷയില്‍ ബാങ്കുവിളി നിര്‍ത്തലാക്കി. ഇസ്തംബൂള്‍ യൂനിവേഴ്‌സിറ്റിയില്‍ ശരീഅ കോളേജ് അടച്ചുപൂട്ടി. മതത്തെയും മതചിഹ്‌നങ്ങളെയും ഒരു നിലക്കും പൊറുപ്പിക്കാന്‍ തയാറാവാതിരുന്ന മുസ്ത്വഫാ കമാലിന്റെ ഭരണത്തിന്‍കീഴില്‍ ഇസ്‌ലാം എന്തെന്നറിയാത്ത ഒരു പുതിയ തലമുറ വളര്‍ന്നുവരികയായിരുന്നു. അറബ്-ഇസ്‌ലാമിക ലോകവുമായുള്ള മുഴുവന്‍ ബന്ധങ്ങളും വിച്ഛേദിച്ച തുര്‍ക്കി യൂറോപ്പിന്റെ ഭാഗമായി അറിയപ്പെടാനാണാഗ്രഹിച്ചത്.
തുര്‍ക്കിയെ മഹത്തായ ഇസ്‌ലാമിക പൈതൃകത്തിലേക്ക് തിരിച്ചുകൊണ്ടുവരികയും കുലീനമായ പാരമ്പര്യത്തെക്കുറിച്ച് അവബോധം സൃഷ്ടിച്ച് ആധുനിക കാലഘട്ടത്തിലെ ഇസ്‌ലാമിക ശക്തിയാവാന്‍ ആ രാജ്യത്തെ പ്രാപ്തമാക്കുകയും ചെയ്ത നവോത്ഥാന നായകന്‍ നജ്മുദ്ദീന്‍ അര്‍ബകാന്‍ പിറന്നുവീണത് ഈ പശ്ചാത്തലത്തിലായിരുന്നു. 1926-ല്‍ ജനിച്ച നജ്മുദ്ദീന്‍ അര്‍ബകാന്‍ 2011 ഫെബ്രുവരി 27 ന് 85-ാമത്തെ വയസ്സില്‍ ഈ ലോകത്തോട് വിടപറയുമ്പോള്‍ തുര്‍ക്കി പഴയ ഇസ്‌ലാമിക പ്രതാപം വീണ്ടെടുത്തു കഴിഞ്ഞിരുന്നു. 'യൂറോപ്പിലെ രോഗി' എന്ന് വിളിച്ച് ഇകഴ്ത്തപ്പെട്ടിരുന്ന തുര്‍ക്കി 'യൂറോപ്പിലെ ചൈന' എന്ന് വാഴ്ത്തപ്പെടുന്ന അവസ്ഥയോളം ശാസ്ത്ര-സാങ്കേതിക രംഗങ്ങളില്‍ അത് പുരോഗതി കൈവരിച്ചു. മുസ്‌ലിം രാജ്യങ്ങള്‍ക്ക് ദിശാബോധം നല്‍കാന്‍ തക്കവിധം ലോകനേതൃപദവിയില്‍ തുര്‍ക്കി എത്തി. ആധുനിക ഇസ്‌ലാമിക തുര്‍ക്കിയുടെ പിതാവും നവോത്ഥാന നായകനുമായ നജ്മുദ്ദീന്‍ അര്‍ബകാനാണ് ഈ സമ്പൂര്‍ണ മാറ്റങ്ങള്‍ക്ക് അടിത്തറ പാകിയത്.
ജര്‍മനിയിലെ അഖിന്‍ യൂനിവേഴ്‌സിറ്റിയില്‍നിന്ന് 1956-ല്‍ ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗില്‍ ഡോക്ടറേറ്റ് എടുത്തുപുറത്തിറങ്ങിയ നജ്മുദ്ദീന്‍ അര്‍ബകാന്‍ വ്യാവസായിക രംഗത്ത് തുര്‍ക്കിയുടെ കുതിച്ചുചാട്ടത്തിന് നേതൃത്വം നല്‍കി. ജര്‍മനിയിലെ പഠന കാലത്ത് തന്നെ കൊളോണിയ സിറ്റിയിലെ ക്ലോവിസ് ഹോംബോള്‍ട്ട് ഡിറ്റ്‌സ് ഓട്ടോമൊബൈല്‍ കമ്പനിയില്‍ റിസര്‍ച്ച് എഞ്ചിനീയര്‍മാരുടെ മേധാവിയായി പ്രവര്‍ത്തിച്ച നജ്മുദ്ദീന്‍ പല കണ്ടുപിടുത്തങ്ങളും നടത്തിയിരുന്നു. ഏത് തരം ഇന്ധനം കൊണ്ടും പ്രവര്‍ത്തിപ്പിക്കാവുന്ന ടാങ്കുകള്‍ക്ക് രൂപകല്‍പ്പന നല്‍കിയ അദ്ദേഹം മുപ്പതാമത്തെ വയസ്സില്‍ തുര്‍ക്കിയില്‍ തിരിച്ചെത്തി മുന്നൂറ് സഹപ്രവര്‍ത്തകരെയും കൂട്ടി സില്‍വര്‍ ഓട്ടോമൊബൈല്‍ ഫാക്ടറി സ്ഥാപിച്ചു. ഡീസല്‍ എഞ്ചിന്‍ നിര്‍മാണ മേഖലയില്‍ കേളികേട്ട ഈ ഫാക്ടറി 1960-ല്‍ ഉല്‍പ്പാദനം തുടങ്ങി. വര്‍ഷംതോറും 30000 ഡീസല്‍ എഞ്ചിനുകള്‍ ഉല്‍പ്പാദിപ്പിച്ച് ഇന്നും ആ ഫാക്ടറി സജീവമായി വ്യവസായ രംഗത്തുണ്ട്.
നൂര്‍സി പ്രസ്ഥാനത്തോടാഭിമുഖ്യമുള്ളവരുടെ പിന്തുണയോടെ 1970-ല്‍ നാഷ്ണല്‍ ഓര്‍ഡര്‍ പാര്‍ട്ടി രൂപവല്‍ക്കരിച്ചുകൊണ്ടാണ് നജ്മുദ്ദീന്‍ അര്‍ബകാന്‍ രാഷ്ട്രീയ രംഗത്തേക്ക് കാല്‍വെക്കുന്നത്. 1924-ല്‍ സംഭവിച്ച ഖിലാഫത്ത് തകര്‍ച്ചക്ക്‌ശേഷം ഇസ്‌ലാമിക സ്വഭാവമുള്ള ആദ്യത്തെ സംഘടനയായിരുന്നു അത്. തൊഴിലാളി യൂനിയന്‍ പ്രസിഡന്റായിത്തീര്‍ന്ന അര്‍ബകാന്‍ ഖുനിയ സിറ്റിയില്‍നിന്ന് പാര്‍ലമെന്റ് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടു. തുര്‍ക്കിയെ അടക്കി ഭരിച്ചുകൊണ്ടിരുന്ന സെക്യുലര്‍-ഇസ്‌ലാം വിരുദ്ധ ശക്തികള്‍ക്കേറ്റ പ്രഹരമായിരുന്നു നജ്മുദ്ദീന്‍ അര്‍ബകാന്റെ ഓരോ വിജയവും. ഭരണഘടനാ കോടതി അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് ഒമ്പത് മാസത്തെ ആയുസ്സേ വിധിച്ചുള്ളൂ. സൈനിക മേധാവി മുഹ്‌സിന്‍ ബാനൂറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പാര്‍ട്ടി പിരിച്ചുവിട്ടു. 1972-ല്‍ നജ്മുദ്ദീന്‍ അര്‍ബകാന്റെ 'മില്ലി സലാമത്ത് പാര്‍ട്ടി' എന്ന പുതിയ സംഘടനക്ക് രൂപം നല്‍കി. തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ 50 സീറ്റുനേടി അര്‍ബകാന്റെ പാര്‍ട്ടി കരുത്ത് തെളിയിച്ചു. മതേതര താല്‍പര്യങ്ങളുടെ സംരക്ഷണാര്‍ഥം മുസ്ത്വഫാ കമാല്‍ അത്താതുര്‍ക്ക് സ്ഥാപിച്ച പീപ്പ്ള്‍സ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി 1974-ല്‍ കൂട്ടുകക്ഷി ഭരണത്തില്‍ പങ്കാളിയായി. ഉപപ്രധാനമന്ത്രിയായി സ്ഥാനമേറ്റ അര്‍ബകാന്‍ പ്രധാനമന്ത്രി ബുലന്റ് അജാവീദുമായി സഹകരിച്ച് നിര്‍ണായക തീരുമാനങ്ങളില്‍ മാര്‍ഗദര്‍ശനം നല്‍കി. രാഷ്ട്രീയരംഗത്ത് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് കൈവരിക്കാവുന്ന നേട്ടങ്ങളത്രയും ആര്‍ജിക്കാന്‍ കഴിഞ്ഞ അര്‍ബകാന്ന്, തുര്‍ക്കിയില്‍ ഇസ്‌ലാമിക രാഷ്ട്രീയ കക്ഷി അനിഷേധ്യമായ ശക്തിയാണെന്ന് തെളിയിച്ചു കൊടുക്കാന്‍ കഴിഞ്ഞു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് അര്‍ബകാന്റെ പാര്‍ട്ടിയുമായി പൊരുത്തപ്പെട്ടു പോകുകയേ നിര്‍വാഹമുണ്ടായിരുന്നുള്ളൂ. അത്താതുര്‍ക്കിന്റെ വീക്ഷണങ്ങള്‍ക്ക് ശക്തിപകരുന്ന അധികാര കേന്ദ്രങ്ങളുടെ അടിവേരറുക്കാന്‍ തന്ത്രപൂര്‍വമായ നീക്കങ്ങളിലൂടെ അര്‍ബകാന്ന് സാധിച്ചു. അധികാരമേറ്റ് അധികം വൈകാതെ തുര്‍ക്കിയില്‍ ഫ്രീമെയ്‌സന്‍ മൂവ്‌മെന്റിന്റെ എല്ലാ ക്ലബ്ബുകളും അടച്ചുപൂട്ടുന്ന ബില്ലിന് രൂപം നല്‍കി പാര്‍ലമെന്റില്‍ സമര്‍പ്പിച്ചു. അറബ് രാജ്യങ്ങളുമായി ബന്ധം ശക്തിപ്പെടുത്തി. ഇസ്രയേല്‍ വിരുദ്ധവും ഫലസ്ത്വീന്‍ അനുകൂലവുമായ നിലപാടുകളെടുപ്പിച്ചു. ഖുദ്‌സ് പട്ടണം ഇസ്രയേലിനോട് ചേര്‍ക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചു തുര്‍ക്കിയുടെ ചരിത്രത്തില്‍ തുല്യതയില്ലാത്ത പ്രകടനത്തിന് നേതൃത്വം കൊടുത്ത നജ്മുദ്ദീന്‍ അര്‍ബകാന്റെ സ്വാധീനം കണ്ടറിഞ്ഞ പട്ടാളമേധാവികള്‍, കരുത്താര്‍ജിക്കുന്ന ഇസ്‌ലാമിക ശക്തിയെ ന്യായമായും ഭയപ്പെട്ടു. സൈനിക മേധാവി കന്‍ആന്‍ എഫ്‌റിന്റെ നായകത്വത്തില്‍ നടന്ന അട്ടിമറി സഖ്യകക്ഷി ഭരണകൂടത്തെ പിരിച്ചുവിട്ട് നജ്മുദ്ദീന്‍ അര്‍ബകാനടക്കമുള്ള രാഷ്ട്രീയ നേതാക്കളെ ജയിലിലടച്ചു. നാഷ്ണല്‍ സെക്യൂരിറ്റി കൗണ്‍സിലുണ്ടാക്കി ഭരണഘടന സസ്‌പെന്റ് ചെയ്തു. മൂന്ന് വര്‍ഷം കഴിഞ്ഞ് തുര്‍ഗത്ത് ഒസാലിന്റെ ഭരണകാലത്ത് ജയില്‍ മോചിതനായ അര്‍ബകാന്‍ 1983-ല്‍ വെല്‍ഫെയര്‍ പാര്‍ട്ടി രൂപവല്‍ക്കരിച്ചു. തൊട്ടടുത്ത വര്‍ഷം തെരഞ്ഞെടുപ്പില്‍ പങ്കെടുത്ത അര്‍ബകാന്റെ കക്ഷിക്ക് ഒന്നര ശതമാനം വോട്ടേ ലഭിച്ചുള്ളൂ. പക്ഷേ അദ്ദേഹം നിരാശനായില്ല. 1996-ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷം കരസ്ഥമാക്കിയ അര്‍ബകാന്‍ 'ട്രൂപാത്ത്' പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി കൂട്ടുകക്ഷി ഭരണത്തിന് നേതൃത്വം നല്‍കി. ചുരുങ്ങിയ ഭരണകാലയളവില്‍ ഇസ്‌ലാമിക ലോകവുമായുള്ള ബന്ധം ശക്തിപ്പെടുത്തി. ലിബിയയിലും ഇറാനിലും സന്ദര്‍ശനങ്ങള്‍ നടത്തി. ഇറാന്‍, പാകിസ്താന്‍, ഇന്തോനേഷ്യ, ഈജിപ്ത്, നൈജീരിയ, ബംഗ്ലാദേശ്, മലേഷ്യ, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ അംഗങ്ങളായി മുസ്‌ലിം രാഷ്ട്രങ്ങളുടെ 'ഗ്രൂപ്പ് 8' സ്ഥാപിച്ചു.
ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ ഉന്നതതല നേതൃസമ്മേളനത്തിന് സാരഥ്യം വഹിച്ച അര്‍ബകാന്‍ മുസ്‌ലിം രാജ്യങ്ങളിലെ തര്‍ക്ക പ്രശ്‌നങ്ങള്‍ക്ക് പരിഹാരവുമായി ഫലപ്രദമായ ഇടപെടലുകള്‍ നടത്തി. പരിഷ്‌കരണ നടപടികള്‍ക്ക് നേതൃത്വം നല്‍കുമ്പോഴും സൈന്യത്തെ ചൊടിപ്പിക്കാത്ത തന്ത്രപൂര്‍വമായ നീക്കങ്ങളാണദ്ദേഹം നടത്തിയത്. ഇസ്‌റയേലുമായുള്ള കരാര്‍ 10 വര്‍ഷത്തേക്ക് വൈകിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെങ്കിലും പട്ടാളത്തിന്റെ സമ്മര്‍ദ ഫലമായി അദ്ദേഹത്തിന് ആ രാജ്യവുമായുള്ള ഉടമ്പടിയില്‍ ഒപ്പുവെക്കേണ്ടിവന്നു. സൈന്യം ഇതുകൊണ്ടൊന്നും തൃപ്തരായിരുന്നില്ല. ഇസ്‌ലാമികമായ മുന്നേറ്റങ്ങള്‍ക്ക് തടയിടാനായി ഉടനടി നടപ്പാക്കാന്‍ എന്ന താക്കീതോടെ സൈന്യം നിരവധി നിര്‍ദേശങ്ങള്‍ അര്‍ബകാന്റെ മുന്നില്‍വെച്ചു. രാഷ്ട്രീയ-വിദ്യാഭ്യാസ-ആരാധനാ-അനുഷ്ഠാന രംഗങ്ങളിലെല്ലാം ഇസ്‌ലാമിനെ തൂത്തെറിയാന്‍ പാകത്തില്‍ രൂപപ്പെടുത്തിയ ആ നിര്‍ദേശങ്ങളുടെ പൊരുള്‍ തിരിച്ചറിഞ്ഞ നജ്മുദ്ദീന്‍ അര്‍ബകാന്‍ തീര്‍ച്ചയായിക്കഴിഞ്ഞ പട്ടാള അട്ടിമറി ഒഴിവാക്കാന്‍ രാജിവെച്ച് അധികാരം വിട്ടൊഴിഞ്ഞു.
1998-ല്‍ വെല്‍ഫെയര്‍ പാര്‍ട്ടി നിരോധിക്കപ്പെട്ടു. രാഷ്ട്രത്തിന്റെ മതേതര സ്വഭാവം നഷ്ടപ്പെടുത്തിയെന്ന കുറ്റംചുമത്തി അര്‍ബകാനെ സൈന്യം കോടതി കയറ്റി. അദ്ദേഹത്തിന് 5 വര്‍ഷത്തേക്ക് രാഷ്ട്രീയ പ്രവര്‍ത്തനം വിലക്കി. രാഷ്ട്രീയരംഗം വിടാന്‍ കൂട്ടാക്കാതിരുന്ന അര്‍ബകാന്‍ 'വെര്‍ച്യൂ പാര്‍ട്ടി' എന്ന പേരില്‍ പുതിയ പാര്‍ട്ടിയുണ്ടാക്കി അണിയറക്ക് പിന്നില്‍ പ്രവര്‍ത്തിച്ചു. 2000-ല്‍ ആ പാര്‍ട്ടിയും നിരോധിക്കപ്പെട്ടു. തുടര്‍ന്ന് 2003-ല്‍ 'സആദ പാര്‍ട്ടി' എന്ന പേരില്‍ പുതിയ പാര്‍ട്ടിയുണ്ടാക്കിയെങ്കിലും കര്‍മപഥത്തില്‍ തുടരാന്‍ സൈന്യം സമ്മതിച്ചില്ല. പിരിച്ചുവിട്ട വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സ്വത്ത് കവര്‍ന്നു എന്ന കള്ളക്കേസ് ചുമത്തി രണ്ടുവര്‍ഷം ജയിലിലിട്ടു. അപ്പോള്‍ അദ്ദേഹത്തിന് വയസ്സ് 77. 2008 ആഗസ്ത് 18 ന് തുര്‍ക്കി പ്രസിഡന്റ് അബ്ദുല്ല ഗുല്‍ ഇടപെട്ട് അദ്ദേഹത്തെ ജയില്‍ മോചിതനാക്കി.
2011 ഫെബ്രുവരി 27 ന് അങ്കാറയിലെ ഹോസ്പിറ്റലില്‍ അന്ത്യശ്വാസം വലിച്ച നജ്മുദ്ദീന്‍ അര്‍ബകാന്റെ ജനാസയെ ദശലക്ഷക്കണക്കിന് തുര്‍ക്കികളാണ് അനുഗമിച്ചത്. പ്രസിഡന്റ് അബ്ദുല്ലാ ഗുല്‍, പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍, ഇസ്‌ലാമിക പ്രസ്ഥാന നേതാവും സഹപ്രവര്‍ത്തകനുമായ റജാഈ തുഖാന്‍, ഈജിപ്തിലെ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ മുന്‍സാരഥി മുഹമ്മദ് മഹ്ദി ആകിഫ്, റാശിദുല്‍ ഗനൂശി തുടങ്ങി സംസ്‌കരണ ചടങ്ങില്‍ പങ്കുകൊണ്ട പ്രമുഖര്‍ നിരവധിയാണ്.
നജ്മുദ്ദീന്‍ അര്‍ബകാനോടുള്ള കടപ്പാടിന്റെയും ആദരവിന്റെയും സൂചനയായി ഉര്‍ദുഗാന്‍ തന്റെ പുത്രന് 'നജ്മുദ്ദീന്‍' എന്നാണ് പേരിട്ടത്. മുസ്ത്വഫാ കമാല്‍ അത്താതുര്‍ക്ക് വരച്ച വഴിയിലൂടെ നീങ്ങിക്കൊണ്ടിരുന്ന തുര്‍ക്കിയെ ജനകീയ ഇടപെടലുകള്‍ നടത്തി ജനാധിപത്യ ഭരണക്രമത്തിന്റെ വഴിയിലൂടെ നടത്താനും ഇസ്‌ലാമിക ഭരണക്രമത്തിന്റെ പ്രായോഗിക രൂപം ലോകത്തിനു മുന്നില്‍ സമര്‍പ്പിക്കാനും കഴിഞ്ഞു എന്നതാണ് നജ്മുദ്ദീന്‍ അര്‍ബകാന്റെ നേട്ടം. എ.കെ പാര്‍ട്ടി അധികാരത്തിലെത്തി തുര്‍ക്കിക്ക് പുതിയ ജീവനും മുഖവും നല്‍കാന്‍ ഉര്‍ദുഗാനെയും സഹപ്രവര്‍ത്തകരെയും പ്രാപ്തരാക്കിയതും അഭിനവ ഇസ്‌ലാമിക തുര്‍ക്കിയുടെ പിതാവായ നജ്മുദ്ദീന്‍ അര്‍ബകാന്‍ തന്നെ. നജ്മുദ്ദീന്റെ ഉദയത്തോടെ കമാല്‍ അത്താതുര്‍ക്ക് നിഷ്പ്രഭനായി.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/51-55
എ.വൈ.ആര്‍