Prabodhanm Weekly

Pages

Search

2013 നവംബര്‍ 08

മരുമക്കത്തായവും കേയിമാരും

അഡ്വ. കെ.പി ഇബ്‌റാഹീം / പ്രതികരണം

ണ്ണൂരിലെ രണ്ട് പ്രബല വിഭാഗങ്ങളായിരുന്നു കേയിമാരും ജന്മിമാരും. കപ്പിത്താന്‍ എന്ന അര്‍ഥം വരുന്ന പേര്‍ഷ്യന്‍ പദമാണ് കേയി. കടല്‍ കടന്നെത്തിയ വിദേശീയരാണ് കേയിമാര്‍. ജന്മിമാര്‍ ഇസ്‌ലാം സ്വീകരിച്ച തദ്ദേശീയരായ നമ്പൂതിരി-നമ്പീശന്മാരായിരുന്നു. മുസ്‌ലിംകള്‍ ആയതിനു ശേഷവും ഇവര്‍ ഇവരുടെ പഴയ ആചാരങ്ങളും സമ്പ്രദായങ്ങളും തുടര്‍ന്നുവന്നു.
ജന്മിമാര്‍ സന്നദ്ധരാകാത്തതിനാല്‍ കേയിമാരും ജന്മിമാരും തമ്മില്‍ വിവാഹം നടക്കാറില്ലായിരുന്നു. ഇത് കേയിമാര്‍ക്ക് കുറച്ചിലായി. എങ്ങനെയും ജന്മിമാരുമായി വിവാഹബന്ധം സ്ഥാപിക്കണമെന്ന വാശിയിലായി കേയിമാര്‍. ഒടുവില്‍ കേയിമാരും ജന്മിമാരും തമ്മില്‍ വിവാഹബന്ധം ആവാമെന്നായി. അപ്പോള്‍ മറ്റൊരു പ്രശ്‌നം. ജന്മിമാര്‍ തങ്ങള്‍ നമ്പൂതിരിമാര്‍ ആയിരുന്ന കാലത്തുള്ള ആചാരങ്ങള്‍ കൈയൊഴിഞ്ഞിരുന്നില്ല. വീടുകളില്‍ പെണ്‍മക്കള്‍ക്കാണ് മുറി. ആണ്‍ മക്കള്‍ക്ക് മുറിയില്ല. അവര്‍ വിവാഹാനന്തരം പെണ്ണിന്റെ വീട്ടില്‍ താമസിച്ചുകൊള്ളണം. ടിപ്പുസുല്‍ത്താന്റെ മകന്‍ അബ്ദുല്‍ ഖാലിദ് അറക്കല്‍ ബീവിയുടെ മകളെ കല്യാണം കഴിച്ചപ്പോള്‍ അറക്കല്‍ മരുമക്കത്തായ ക്രമമനുസരിച്ച് അവിടെ പുതിയാപ്പിളയായി കഴിഞ്ഞുവെന്നാണ് ചരിത്രം. കേയിമാരും അങ്ങനെ ഈ രീതി പിന്തുടരേണ്ടിവന്നു. അവര്‍ തങ്ങളുടെ പെണ്‍മക്കള്‍ക്കായി വീടുകളില്‍ അറ ഒരുക്കി.
ആദ്യമായി ഖുര്‍ആന്‍ മലയാളത്തിലേക്ക് തര്‍ജമ ചെയ്ത മായിന്‍കുട്ടി എളയ കേയി കുടുംബത്തിലെ അംഗമായിരുന്നു. എന്നാല്‍ അറക്കലില്‍ നിന്ന് കല്യാണം കഴിച്ചതോടെ അദ്ദേഹം അവരുടെ പുതിയാപ്പിള (എളയ)ആയി. മക്കയില്‍ എത്തുന്ന മലയാളികള്‍ക്ക് താമസം ഒരുക്കാന്‍ അദ്ദേഹം മക്കയില്‍ 'കേയിറുബാത്ത്' എന്ന പേരില്‍ ഒരു കെട്ടിടം പണിതിരുന്നു. അത് ഹറം വികസനത്തിനായി സുഊദി സര്‍ക്കാര്‍ ഏറ്റെടത്തു. അതിന്റെ വിലയായി സുഊദി സര്‍ക്കാര്‍ നല്‍കിയ പണം ഭാഗിക്കുന്ന കാര്യത്തില്‍ ഇപ്പോള്‍ കേയിമാരും അറക്കല്‍കാരും തമ്മില്‍ തര്‍ക്കമാണ്. ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ച് മക്കള്‍ക്കും മറ്റു അവകാശികള്‍ക്കും വീതിക്കണമെന്ന് അറക്കല്‍കാരും, അല്ല നാം പിന്തുടര്‍ന്നുപോരുന്ന മരുമക്കത്തായ നിയമപ്രകാരം മരുമകള്‍ക്ക് നല്‍കണമെന്ന് കേയിമാരും വാദിക്കുകയാണ്. അവസാനം എല്ലാവരുടെയും വാദം കേട്ട് തീരുമാനമെടുക്കാന്‍ ജില്ലാ കലക്ടര്‍ യോഗം വിളിച്ചിരിക്കുകയാണ്.
മരുമക്കത്തായ രീതി തുടര്‍ന്നുവന്ന സമൂഹവുമായി ബന്ധം സ്ഥാപിച്ച മുസ്‌ലിംകള്‍ തങ്ങളുടെ ശരീഅത്ത് മാറ്റിവെച്ച് അവരുടെ രീതി തുടരുകയാണ് ചെയ്തത്. 1937-ല്‍ ശരീഅത്ത് ആക്ട് വന്നതോടെ മുസ്‌ലിംകള്‍ക്ക് മരുമക്കത്തായം പാടില്ല എന്നു വന്നു. ഇതിനെതിരെ മരുമക്കത്തായം പിന്തുടര്‍ന്ന മുസ്‌ലിംകള്‍ പ്രശ്‌നമുണ്ടാക്കി. അങ്ങനെ 1939-ല്‍ മാപ്പിള മരുമക്കത്തായം ആക്ട് നിലവില്‍ വന്നു. യഥാര്‍ഥത്തില്‍ അന്നത്തെ സാഹചര്യം ഈ സമ്പ്രദായം പിന്തുടരാന്‍ നിര്‍ബന്ധിക്കുന്നതായിരുന്നു. സ്വത്ത് ഒരിക്കലും അന്യാധീനപ്പെട്ടുപോകാതിരിക്കാനാണിതെന്ന് മരുമക്കത്തായ നിയമപ്രകാരം കാരണവര്‍ സ്ത്രീകള്‍ക്ക് എഴുതിക്കൊടുക്കുന്ന പ്രമാണങ്ങളില്‍ കാണാം. 'നിങ്ങളും നിങ്ങളുടെ മകളും സ്ത്രീ സന്താന പരമ്പരയായി വരുന്നവരും ഏക യോഗ ക്ഷേമമായി അനുഭവിക്കേണ്ടതിനാണ്' എന്നാണ് സ്വത്തിന്റെ ഉപയോഗ മാനദണ്ഡമായി രേഖപ്പെടുത്തുന്നത്. ഇതനുസരിച്ച്, പെണ്‍മക്കളുടെ മക്കള്‍ക്ക് തുല്യമായ അവകാശം നല്‍കുമ്പോള്‍ ആണ്‍മക്കളുടെ മക്കള്‍ക്ക് യാതൊരു അവകാശവും നല്‍കാത്തതുമായിരുന്നു 1939-ലെ മാപ്പിള മരുമക്കത്തായ നിയമം. ആണ്‍ മക്കളുടെ മക്കള്‍ക്ക് മരണശേഷം അവകാശം സ്ഥാപിച്ചുകൊണ്ട് 1962-ല്‍ മാപ്പിള മരുമക്കത്തായ ആക്ടില്‍ ഭേദഗതി വരുത്തി. മാപ്പിള മരുമക്കത്തായ നിയമപ്രകാരം കാരണവത്തിയായ ഉമ്മൂമക്കും ഇപ്പോള്‍ ജനിക്കുന്ന കുട്ടിക്കും ലഭിക്കുന്ന അവകാശം തുല്യമാണ്. മക്കളില്‍ തന്നെ മക്കളില്ലാത്തവരും ഒന്നോ രണ്ടോ മക്കളുള്ളവരും കൂടുതല്‍ മക്കളുള്ളവരും മക്കളുടെ മക്കള്‍ ഉള്ളവരും ഒക്കെ കാണാം. ഇവര്‍ക്ക് മക്കളുടെ എണ്ണമനുസരിച്ച് അവകാശം കിട്ടും. ഇത് ഓഹരിയില്‍ വലിയ അന്തരത്തിന് ഇടയാക്കും.
മക്കള്‍ക്കും പുതിയാപ്പിളമാര്‍ക്കും ഇടയില്‍ അകല്‍ച്ചയുണ്ടാക്കാനും ഇത്  കാരണമാവുന്നുണ്ട്. പെണ്‍മക്കളുടെ മക്കള്‍ പരമ്പരയായി നൂറ് കണക്കിന് അവകാശികള്‍ വരെ ഉള്ള തറവാടുകള്‍ ഉണ്ട്. നേരത്തെ സൂചിപ്പിച്ച മായിന്‍കുട്ടി എളയയുടെ 'കേയി റുബാത്തിന്' 300-ഓളം അവകാശികള്‍ ഉണ്ട് എന്നാണ് പറയപ്പെടുന്നത്.
ഹിന്ദുക്കളില്‍ നിന്ന് കടംകൊണ്ട മരുമക്കത്തായം മുസ്‌ലിംകളില്‍ ഇപ്പോഴും തുടരുമ്പോള്‍, 1976-ലെ ഹിന്ദു ജോയിന്റ് ഫാമിലി ആക്ട് പ്രകാരം ഹിന്ദുക്കളില്‍ മരുമക്കത്തായം ഇല്ലാതായി.
മരുമക്കത്തായ ആക്ട് റദ്ദാക്കി ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ച് പിന്തുടര്‍ച്ചാവകാശ നിയമം സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/51-55
എ.വൈ.ആര്‍