Prabodhanm Weekly

Pages

Search

2013 നവംബര്‍ 08

മുസ്‌ലിം വ്യക്തിനിയമ വിവാദം ഒരു പുനഃസന്ദര്‍ശനം

വി.എ കബീര്‍ / കവര്‍‌സ്റ്റോറി

മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം സംബന്ധിച്ച് കോടതിയെ സമീപിക്കാന്‍ ചില സംഘടനകള്‍ നടത്തിയ നീക്കത്തോടെ കുറേകാലമായി കെട്ടടങ്ങിയിരുന്ന ശരീഅത്ത് വിവാദം വീണ്ടും മീഡിയയില്‍ സജീവമാവുകയുണ്ടായി. 18 വയസ് തികയാത്ത ഒരു അനാഥ ബാലികയെ അറബി പൗരന് വിവാഹം ചെയ്ത് കൊടുക്കുന്നതില്‍ കോഴിക്കോട്ടെ പ്രമുഖ അനാഥശാല കാര്‍മികത്വം വഹിച്ച സംഭവത്തിന്റെ സാന്ദര്‍ഭികമായ ഒത്ത്‌പൊരുത്തം മീഡിയാ വിവാദങ്ങള്‍ക്ക് എരിവ് പകരുന്നതുമായി. മുസ്‌ലിം സംഘടനകളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ജാഗ്രതക്കുറവും സമീപനത്തിലെ പാളിച്ചകളുമാണ് പലപ്പോഴും ഇത്തരം വിവാദങ്ങള്‍ മൊത്തം സമുദായത്തിന് തന്നെ ദുഷ്‌കീര്‍ത്തിയുണ്ടാക്കത്തക്കവിധം മീഡിയ ഏറ്റുപിടിക്കാന്‍ നിമിത്തമാകുന്നത്. യഥാര്‍ഥ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്നതില്‍ സംഭവിക്കുന്ന പാളിച്ചകള്‍ പ്രതിയോഗികള്‍ക്ക് ദുരുപയോഗം ചെയ്യാന്‍ എളുപ്പമായിത്തീരുന്നു. 18 വയസ്സിന് മുമ്പ് നടന്ന വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് കിട്ടുന്നതില്‍ ചില പ്രായോഗിക പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. അതിനുള്ള പരിഹാരം തികച്ചും ന്യായമായ ഒരാവശ്യവുമായിരുന്നു. അതൊരു പൊതുപ്രശ്‌നമായി ഉന്നയിക്കുന്നതിന് പകരം മുസ്‌ലിം പ്രശ്‌നമെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടതാണ് ഇത് സംബന്ധമായ സര്‍ക്കാര്‍ ഉത്തരവിനെ 'മുസ്‌ലിം പ്രീണന'ത്തിന്റെ ഭാഗമായി പെരുപ്പിക്കാന്‍ പ്രതിയോഗികള്‍ക്ക് അവസരം നല്‍കിയത്. യഥാര്‍ഥ പ്രശ്‌നത്തിന്റെ ന്യായം ബാബുപോളിനെ പോലുള്ള കോളമിസ്റ്റുകള്‍, അതിന്റെ അവതരണ പാളിച്ചക്കൊപ്പം ചൂണ്ടിക്കാട്ടിയതാണ്.
അനാവശ്യ വിവാദങ്ങള്‍ക്ക് വഴിമരുന്നിടുന്നവര്‍ സമുദായത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളില്‍ ആ അളവില്‍ താല്‍പര്യമെടുക്കുന്നില്ല എന്നതാണ് മറ്റൊരു ദുരന്തം. പെണ്‍കുട്ടികളെ പതിനാറ് വയസ്സില്‍ കെട്ടിച്ചുവിടാന്‍ ആവേശം കാണിക്കുന്നവര്‍ക്ക് സ്ത്രീധനത്തിന്റെയും മറ്റ് ദുരാചാരങ്ങളുടെയും പേരില്‍ ഇരുപതും അതിലപ്പുറവും കഴിഞ്ഞിട്ടും ദാമ്പത്യഭാഗ്യം ലഭിക്കാത്ത പെണ്‍കുട്ടികളുടെ കാര്യത്തില്‍ ഒരു ഉല്‍കണ്ഠയും കാണാറില്ല. ശരീഅത്തിന്റെ പവിത്രതയോട് ഉറക്കെ കൂറുപ്രഖ്യാപിക്കുന്ന മതപണ്ഡിതന്മാര്‍ സത്രീധനത്തിന്റെ ശരീഅത്ത് വിരുദ്ധതയില്‍ ഇപ്പോഴും ഉറച്ചൊരു നിലപാടില്ലാത്തവരാണ്.
ഇന്ത്യയില്‍ മുസ്‌ലിം വ്യക്തിനിയമത്തിന് ഒരു ക്രോഡീകൃത രൂപമില്ല എന്നതാണ് യഥാര്‍ഥ പ്രശ്‌നം. സമുദായ നേതൃത്വമാണ് അതിന് മുന്‍കൈയെടുക്കേണ്ടത്. അതിനുള്ള സംവിധാനം നിലവിലുണ്ട്താനും. മുസ്‌ലിം നിയമജ്ഞരുടെയും മതപണ്ഡിതരുടെയും എല്ലാ സംഘടനകളുടെയും പ്രാതിനിധ്യമുള്ള 'അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ്' എന്ന പൊതുവേദിക്ക് അത് സാധിക്കേണ്ടതാണ്. പക്ഷേ, രൂപീകരിച്ചു മൂന്ന് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഈ ദിശയിലേക്ക് ധീരമായ ചുവടുവെയ്പ് നടത്താന്‍ ഈ പൊതുവേദിക്ക് സാധിച്ചിട്ടില്ല. ബ്രിട്ടീഷ് രാജിന്റെ കാലത്ത് 'മദ്ഹബി'ന്റെ കെട്ടിക്കുടുക്കില്‍നിന്ന് മുസ്‌ലിം വനിതകള്‍ക്ക് രക്ഷ നല്‍കി മുസ്‌ലിം വിവാഹ ഭഞ്ജന ആക്ടിന് രൂപം നല്‍കാന്‍ മുന്‍കൈ എടുത്ത മൗലാനാ അശ്‌റഫ്അലി ഥാനവിയെപ്പോലെ ആര്‍ജവുള്ള മതപണ്ഡിതന്മാര്‍ ഇന്ന് സുദായത്തില്‍ ഇല്ല എന്നതാണ് ദുഃഖകരമായ യാഥാര്‍ഥ്യം. വ്യക്തിനിയമം എന്നെന്നും ഇതേ നിലയില്‍ തുടരുമെന്ന മൗഢ്യധാരണയിലാണ് മുസ്‌ലിം നേതൃത്വം. അതിന് അകക്കാമ്പ് നല്‍കാന്‍ മുസ്‌ലിം നേതൃത്വം മുന്‍കൈ എടുക്കാതെ മാറി നിന്നാല്‍ എന്നെങ്കിലുമൊരിക്കല്‍ സര്‍ക്കാര്‍ തന്നെ അതില്‍ ഇടപെടാതിരിക്കില്ല. ഇന്ത്യയില്‍ രൂപപ്പെട്ടുവരുന്ന രാഷ്ട്രീയ സാഹചര്യം അത്തരം ഒരു ഭവിഷ്യത്തിനെ സാധൂകരിക്കുന്നതാണ്. അപ്പോള്‍ ആ ഇടപെടല്‍ ശരീഅത്തിന്റെ ചട്ടക്കൂട്ടില്‍നിന്ന് കൊണ്ടുള്ളതായിരിക്കില്ല. അതുവരെ നിസ്സംഗത തുടരാനാണ് ഭാവമെങ്കില്‍ പിന്നെ ഉണര്‍ന്നിട്ട് ഫലമുണ്ടാവുകയുമില്ല. മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിനെ കേവലം പ്രതിരോധ വേദിയിലൊതുക്കാതെ പോസിറ്റീവായ നീക്കങ്ങളിലേക്ക് സക്രിയമാക്കുക എന്നതാണ് ഈ സ്തംഭനാവസ്ഥക്കുള്ള പരിഹാരം.
1965 മെയ് 7, 8, 9 തീയതികളില്‍ എറണാകുളത്ത് ചേര്‍ന്ന കേരള ഇസ്‌ലാമിക് സെമിനാറിന്റെ മൂന്നാമത് സമ്മേളനത്തില്‍ എന്‍.പി മുഹമ്മദ് അവതരിപ്പിച്ച പ്രബന്ധത്തിലൂടെയാണ് കേരളത്തില്‍ മുസ്‌ലിം വ്യക്തിനിയമം സജീവ ചര്‍ച്ചാവിഷയമാകുന്നത്. സെക്യുലര്‍ നിലപാട് തറയില്‍ നിന്നുകൊണ്ടുള്ള വീക്ഷണമായിരുന്നെങ്കിലും സാമാന്യ പ്രവണതയില്‍നിന്ന് വ്യത്യസ്തമായി പഠിച്ചെഴുതിയ പ്രബന്ധമായിരുന്നു അത്. ഓറിയന്റലിസ്റ്റായ ഷാക്റ്റിനെ മാത്രമല്ല 'മൗലികവാദി'യായ മൗദൂദിയെപ്പോലും തന്റെ വാദഗതികള്‍ സ്ഥാപിക്കാന്‍ പ്രബന്ധകാരന്‍ സമര്‍ഥമായി കൂട്ടുപിടിക്കാന്‍ ശ്രമിച്ചതായി കാണാം. പൊതുജീവിതത്തില്‍നിന്ന് മതത്തെ മാറ്റിനിര്‍ത്താന്‍ അസ്ഹര്‍ പണ്ഡിതനായ അലിഅബ്ദുല്‍ റാസിഖിനെയാണ് പ്രബന്ധത്തില്‍ ഉദ്ധരിച്ചിക്കുന്നത്. ശരീഅത്ത് ദീനിന്റെ ഭാഗമല്ലെന്ന മുഖ്യവാദത്തിലൂന്നിക്കൊണ്ട് അനുക്ഷണ പരിവര്‍ത്തന വിധേയമായ ജീവിതത്തില്‍ ശരീഅത്തിന് പ്രസക്തിയില്ലെന്ന് പ്രബന്ധകാരന്‍ സമര്‍ഥിക്കാന്‍ ശ്രമിക്കുന്നു. ശരീഅത്ത് ദീനിന്റെ ഭാഗമല്ലെന്നതിന് മൗദൂദിയുടെ ഇസ്‌ലാം മതത്തിലെ 'ദീനും ശരീഅത്തും' എന്ന അധ്യായത്തില്‍നിന്നുള്ള ഉദ്ധരണികളാണ് അവലംബം. ശരീഅത്തുകള്‍ വ്യത്യസ്തമായിരുന്നെങ്കിലും എല്ലാ പ്രവാചകന്മാരുടെയും ദീന്‍ ഒന്നായിരുന്നു (ഇസ്‌ലാം) എന്നാണ് വാസ്തവത്തില്‍ ഈ അധ്യായത്തില്‍ മൗദൂദി വിവരിക്കുന്നത്. ശരീഅത്തിന് ദീനില്‍ പ്രസക്തിയില്ലെന്ന് മൗദൂദി എവിടെയും പറഞ്ഞിട്ടില്ല. എല്ലാ പ്രവാചകന്മാരുടെയും ദീന്‍ ഇസ്‌ലാമാണെന്ന ഖുര്‍ആനിക സത്യത്തെ ഊന്നുക മാത്രമായിരുന്നു മൗദൂദി. എന്നാല്‍ ശരീഅത്തിനെ നിരാകരിച്ചാലും ദീനിന് കുഴപ്പമുണ്ടാവില്ല എന്ന ഒരു തര്‍ക്കശാസ്ത്ര ജാട അതില്‍നിന്ന് എഴുന്നെള്ളിക്കാനാണ് പ്രബന്ധകാരന്‍ ശ്രമിച്ചത്. വാസ്തവത്തില്‍ മൗദൂദിയേക്കാള്‍ ഈ വിഷയത്തില്‍ എന്‍.പിയെ സംബന്ധിച്ചിടത്തോളം സംഗതന്‍ ഹദീസ് നിഷേധിയായിരുന്ന ഗുലാം അഹ്മദ് പര്‍വേസായിരുന്നു. എന്‍.പി സമര്‍ഥിക്കാന്‍ ശ്രമിച്ച വാദം ഖുര്‍ആനിലെ ''നൂഹിനോട് അനുശാസിച്ചിട്ടുണ്ടായിരുന്നതും ദിവ്യസന്ദേശം വഴി ഇപ്പോള്‍ താങ്കളിലേക്കയച്ചിട്ടുള്ളതും, ഇബ്‌റാഹീം, മൂസാ, ഈസാ എന്നിവരോട് അനുശാസിച്ചിരുന്നതുമായ അതേ ദീനിനെ തന്നെ നിങ്ങള്‍ക്ക് തന്നിരിക്കുന്നു'' (അശ്ശൂറാ: 13). എന്ന ഖുര്‍ആന്‍ സൂക്തത്തെ അവലംബിച്ച് ആകര്‍ഷകവും അതികുശലവുമായ ശൈലിയില്‍ എന്‍.പിയുടെ ഉദ്ദിഷ്ടാശയം പര്‍വേസ് അവതരിപ്പിച്ചിട്ടുണ്ട്. പര്‍വേസിനെ കാണാത്തത് കൊണ്ടായിരിക്കാം മൗദൂദിയിലേക്ക് എന്‍.പി 'വഴിതെറ്റി'യത്. എന്നാല്‍ പര്‍വേസിന്റെ വീക്ഷണത്തെ മൗദൂദി 'തഫഹീമുല്‍ ഖുര്‍ആനിലെ' അശ്ശൂറ അധ്യായത്തില്‍ ഇതേ സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ നിശിതമായി ഖണ്ഡിച്ചതായി കാണാം.
'ഇന്ത്യന്‍ മുസ്‌ലിംകളും ശരീഅത്ത് വ്യവസ്ഥകളും' എന്ന ശീര്‍ഷകത്തില്‍ നടന്ന സെഷനിലെ ഈ ചര്‍ച്ചയില്‍ മറുവാദം സമര്‍പ്പിച്ച് പ്രബന്ധം അവതരിപ്പിച്ചത് കെ.എം പന്നിക്കോട്ടൂരായിരുന്നു. പ്രബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ നടന്ന തുടര്‍ചര്‍ച്ച ശരീഅത്ത് എന്ന പേരില്‍ നിലനില്‍ക്കുന്ന വ്യവസ്ഥകള്‍ എല്ലാം ഇസ്‌ലാമികമല്ലെന്ന അവബോധം സൃഷ്ടിക്കാന്‍ പര്യാപ്തമാവുകയുണ്ടായി.
1970-ല്‍ മുസ്‌ലിം എജുക്കേഷനല്‍ സൊസൈറ്റി (എം.ഇ.എസ്)യുടെ മുഖപത്രമായ എം.ഇ.എസ് ജര്‍ണലില്‍ (ഏപ്രില്‍ 13 ലെ ലക്കം) എം.ഇം.എസ് പ്രവര്‍ത്തകനും കോഴിക്കോട്ടെ വസ്ത്രവ്യാപാരിയുമായ ടി. അബ്ദുല്‍ അസീസ് (ഡ്രസ്‌ലാന്റ്) എഴുതിയ ലേഖനമാണ് പിന്നീട് വീണ്ടും ഈ വിഷയത്തില്‍ മുസ്‌ലിം കേരളത്തില്‍ ചൂട് പകര്‍ന്നത്. 'ഈ പിടിച്ചുവലി എങ്ങോട്ട്' എന്ന ശീര്‍ഷകത്തില്‍ ഒ. അബ്ദുല്ല അന്ന് പ്രബോധനം വാരികയില്‍ ഈ ലേഖനത്തിന് ഒരു മറുപടി എഴുതുകയുണ്ടായി. അതേവരെ എം.ഇ.എസിനെ പിന്തുണച്ചിരുന്ന മുസ്‌ലിം ലീഗ് ബാഫഖി തങ്ങളുടെ നിര്‍ദേശ പ്രകാരം നിസ്സഹകരിക്കാനും, ലീഗ് പ്രവര്‍ത്തകര്‍ ആ സംഘടനയില്‍നിന്ന് വിട്ടുനില്‍ക്കാനുമുള്ള കാരണങ്ങളിലൊന്ന് ഈ ലേഖനമായിരുന്നു. ലേഖനം സംഘടനയുടെ അഭിപ്രായമല്ലെന്ന് എം.ഇ.എസ് പ്രസിഡന്റ് ഡോ. പി.കെ അബ്ദുല്‍ ഗഫൂര്‍ വ്യക്തമാക്കുകയുണ്ടായെങ്കിലും ലീഗ് നേതൃത്വം തീരുമാനം മാറ്റുകയുണ്ടായില്ല. മാധ്യമങ്ങളിലും സ്റ്റേജുകളിലും ഇരുസംഘടനകളും തമ്മിലുള്ള ഏറ്റുമുട്ടല്‍ ദീര്‍ഘനാള്‍ തുടരുകയുണ്ടായി. ലീഗിന്നെതിരെ എം.ഇ.എസ് പ്രസിഡന്റ് വെല്ലുവിളി ഉയര്‍ത്തിയപ്പോള്‍ 'ഗാമയെ ക്ഷയരോഗി വെല്ലുവിളിക്കുന്നു' എന്നായിരുന്നു അതിന് സി.എച്ച് മുഹമ്മദ് കോയയുടെ നസ്യം.
1970 സെപ്റ്റംബര്‍ 25-ന് കോഴിക്കോട് ടൗണ്‍ഹാളില്‍ രൂപീകരിച്ച 'ഇസ്‌ലാം ആന്റ് മോഡേണ്‍ ഏജ് സൊസൈറ്റി'യും ശരീഅത്ത് വിവാദത്തിന് എരിവ് പകരുകയുണ്ടായി. സാഹിത്യകാരനായ എന്‍.പി മുഹമ്മദ്, യുക്തിവാദിയായിരുന്ന ഡോ. ഇ.വി ഉസ്മാന്‍ കോയ (പിന്നീട് യുക്തിവാദത്തില്‍നിന്ന് പിന്മാറി), എന്‍. കോയട്ടി, പ്രഫ. ടി അബ്ദുല്‍ അസീസ് (മങ്കട) എന്നിവരടങ്ങിയതായിരുന്നു സംഘടനയുടെ നേതൃത്വം. മതപരമായ ആധികാരികതക്ക് വേണ്ടി മൗലവി ചേകന്നൂരിനെക്കൂടി നേതൃത്വത്തില്‍ ഉള്‍പ്പെടുത്തുകയും അദ്ദേഹത്തിന്റെ 'നിരീക്ഷണം' മാസിക സംഘടന ഏറ്റെടുക്കുകയും ചെയ്തിരുന്നു. പ്രസിഡന്റായിരുന്ന പ്രഫ. കെ.എം ബഹാഉദ്ദീന്‍ സംഘടനക്കെതിരില്‍ ഉയര്‍ന്ന വന്‍ മുസ്‌ലിം ബഹുജനരോഷത്തെ തുടര്‍ന്ന് പിറ്റേന്ന് തന്നെ പ്രസിഡന്റ് പദം രാജിവെച്ചൊഴിയുകയുണ്ടായി. പുതിയ രൂപഭാവങ്ങള്‍ സ്വീകരിച്ച നിരീക്ഷണം മാസികയുടെ പ്രഥമ ലക്കത്തിന്റെ കവര്‍‌സ്റ്റോറി മുസ്‌ലിം വ്യക്തിനിയമമായിരുന്നു. എങ്കിലും മാസികയുടെ മുഖ്യശില്‍പിയായിരുന്ന എന്‍.പി മുഹമ്മദ് മറുവാദമെന്ന നിലയില്‍ പ്രബോധനം മുമ്പു പ്രസിദ്ധീകരിച്ചിരുന്ന അഡ്വ. തേജ് ബാദൂര്‍ സിഹ്നയുടെ ലേഖനവും എടുത്ത് ചേര്‍ത്തിരുന്നു. ബഹുഭാര്യാത്വം നിരോധിക്കുന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സംഘടന ഇന്ത്യന്‍ പ്രസിഡന്റിന് അന്ന് ഹരജി സമര്‍പ്പിക്കുകയുണ്ടായി. ഹരജിയില്‍ ഒപ്പിട്ടവരില്‍ ഒരാളായ മൗലവി ചേകന്നൂരിന് രണ്ടു ഭാര്യമാരുണ്ടായിരുന്നു എന്നതാണ് ഇതിലെ ഒരു തമാശ. 1972 ആഗസ്റ്റ് 21-ന് 'ഇസ്‌ലാമിക ശരീഅത്തും ഏകസിവില്‍കോഡും' എന്ന വിഷയത്തില്‍ 'മോഡേണ്‍ ഏയ്ജ് സൊസൈറ്റി' കോഴിക്കോട് ടൗണ്‍ഹാളില്‍ ഒരു സിമ്പോസിയം സംഘടിപ്പിക്കുകയുണ്ടായി. ഡോ. ഇ.വി ഉസ്മാന്‍ കോയയായിരുന്നു പ്രബന്ധാവതാരകന്‍. തായാട്ട് ശങ്കരന്‍, എന്‍.പി മുഹമ്മദ് എന്നിവര്‍ക്കൊപ്പം 'പ്രബോധന'ത്തില്‍നിന്ന് ഒ. അബ്ദുര്‍റഹ്മാനെയും സംഘാടകര്‍ ക്ഷണിച്ചിരുന്നു. ബഹുഭാര്യാത്വം, വിവാഹമോചനം തുടങ്ങിയ വിവാദ വിഷയങ്ങളില്‍ മുസ്‌ലിംകളിലും ഇതര സമുദായങ്ങളിലും നിലവിലുള്ള അവസ്ഥകള്‍ ദല്‍ഹിയിലെ 'ഇസ്‌ലാം ആന്റ് മോഡേണ്‍ ഏയ്ജ്' ത്രൈമാസികയില്‍വന്ന സ്ഥിതി വിവരക്കണക്കുകള്‍ ഉദ്ധരിച്ചും ചാട്ടുളി പോലുള്ള നര്‍മോക്തികളിലൂടെയും പ്രമാണബദ്ധമായുമുള്ള അബ്ദുര്‍റഹ്മാന്റെ വിഷയാവതരണം ടൗണ്‍ഹാളിനകത്തും പുറത്തും തിങ്ങിനിറഞ്ഞ ജനം ഇടക്കിടെ വന്‍ കരഘോഷം മുഴക്കിയാണ് സ്വീകരിച്ചത്. 'വാക്കുകള്‍ വേട്ടനായ്ക്കളെ പോലെ പിന്നാലെ വരുമ്പോള്‍' എന്ന വാചകത്തോടെയായിരുന്നു സിമ്പോസിയത്തില്‍ ഇടപെട്ട എന്‍.പി മുഹമ്മദിന്റെ പ്രഭാഷണത്തിന്റെ തുടക്കം. ഗാന്ധിയനായ തായാട്ട് ശങ്കരനാകട്ടെ, അക്കാലത്ത് മാര്‍ക്‌സിസ്റ്റ് പക്ഷത്തേക്ക് ചുവടുമാറിയിരുന്നെങ്കിലും സ്ത്രീകളെ സംബന്ധിച്ച ഹൈന്ദവ ദേവീ സങ്കല്‍പ്പം ഉയര്‍ത്തിപ്പിടിച്ച് പരോക്ഷമായി ഇസ്‌ലാമിനെ 'പ്രാകൃതവല്‍ക്കരി'ക്കുന്ന ഹിന്ദുത്വ പ്രതിരോധ നിലപാടാണ് സ്വീകരിച്ചത്. സിമ്പോസിയത്തിലെ ഒ. അബ്ദുര്‍റഹ്മാന്റെ പ്രഭാഷണത്തെക്കുറിച്ചു കേട്ടറിഞ്ഞ ബാഫഖി തങ്ങള്‍ അന്ന് ചന്ദ്രിക മാനേജിംഗ് എഡിറ്ററായിരുന്ന ടി.പി കുട്ട്യാമു സാഹിബിലൂടെ അതിന്റെ കാസറ്റ് കോപ്പി ലഭ്യമാക്കുകയുണ്ടായി.
ഈ കാലയളവില്‍തന്നെ കേരളത്തിന് പുറത്ത് ഇന്ത്യയില്‍ പലയിടങ്ങളിലും ശരീഅത്തിന്റെ പ്രതിയോഗികള്‍ അതിനെതിരെ ആസൂത്രിത നീക്കങ്ങള്‍ നടത്തുന്നുണ്ടായിരുന്നു. 1971 ഡിസംബറില്‍ മഹാരാഷ്ട്രയില്‍ ഒരു മുസ്‌ലിം വനിതാ സമ്മേളനം നടന്നു. ബാബുഭായ് ബന്ദ്‌വാല, ഹമീദ് ദല്‍വായി എന്നിവരുടെ നേതൃത്വത്തിലുള്ള മുസ്‌ലിം സത്യശോധക് മണ്ഡലിന്റെ ആഭിമുഖ്യത്തിലായിരുന്നു സമ്മേളനം. നിയമജ്ഞനും നയതന്ത്രജ്ഞുമായിരുന്ന എ.എ ഫൈസി ഉദ്ഘാടനം ചെയ്ത സമ്മേളനം പൊതു സിവില്‍ കോഡിലേക്ക് നയിക്കത്തക്കവിധം മുസ്‌ലിം വ്യക്തിനിയമത്തില്‍ പരിഷ്‌ക്കരണം വരുത്തണമെന്നാവശ്യപ്പെട്ട് പ്രമേയം പാസ്സാക്കി. ഇതിന്നെതിരെയുള്ള പ്രതികരണമെന്നോണം 72-73 കാലത്ത് ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലും, വ്യക്തിനിയമത്തിലെ സര്‍ക്കാര്‍ ഇടപെടലിനെ എതിര്‍ത്തുകൊണ്ട് വന്‍ മുസ്‌ലിം പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. ഹിന്ദുത്വ ശക്തികളുടെ വളര്‍ത്തുപുത്രനായിരുന്ന ഹമീദ് ദല്‍വായിയുടെ മരണത്തോടെ മുസ്‌ലിം സത്യശോധക് മണ്ഡലും ചരമമടയുകയായിരുന്നു. അന്ന് മീഡിയയുടെ ഇഷ്ടപുത്രനായിരുന്ന ദല്‍വായിയെ ഓര്‍ക്കാന്‍ പിന്നീടാരുമുണ്ടായില്ല.
1984 തുടക്കത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ഇ.എംഎസ് നമ്പൂതിരിപ്പാട് ശരീഅത്തിന്നെതിരെ നടത്തിയ രൂക്ഷമായ ആക്രമണം കേരളത്തില്‍ ഒരിക്കല്‍ കൂടി മുസ്‌ലിം വ്യക്തിനിയമ വിവാദം ചൂടുപിടിക്കാന്‍ കാരണമായി. ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗില്‍നിന്ന് വേറിട്ട്‌പോയ അഖിലേന്ത്യാ മുസ്‌ലിം ലീഗ് അന്ന് മാര്‍ക്‌സിസ്റ്റ് മുന്നണിയിലായിരുന്നു. ഇ.എം.എസിന്റെ ശരീഅത്ത് കടന്നാക്രമണം മൂലം എ.ഐ.എം.എല്‍ മാര്‍ക്‌സിസ്റ്റ് ബാന്ധവം ഉപേക്ഷിച്ചു. ഹിന്ദുവോട്ടുകളുടെ സമാഹരണം ലക്ഷ്യം വെച്ചുകൊണ്ടാണ് ഇ.എം.എസ് ഈയൊരു നിലപാട് സ്വീകരിച്ചതെന്ന് ടി.ടി ശ്രീകുമാറിനെപ്പോലുള്ള എഴുത്തുകാര്‍ പില്‍ക്കാലത്ത് നിരീക്ഷിക്കുകയുണ്ടായി. 1985 ഏപ്രില്‍ 23 ന് അഹ്മദ്ഖാന്‍-ഷാബാനു കേസില്‍ മുസ്‌ലിം വിവാഹമുക്തക്ക് പുനര്‍വിവാഹം വരെ മുന്‍ഭര്‍ത്താവ് ചെലവ് കൊടുക്കേണ്ടതാണെന്നും രാഷ്ട്രം പൊതു സിവില്‍കോഡ് നടപ്പിലാക്കാന്‍ മുന്നോട്ടുവരേണ്ടതാണെന്നും ജസ്റ്റീസ് ചന്ദ്രചൂഡിന്റെ സുപ്രീംകോടതി ബഞ്ച് വിധിച്ചു. തുടര്‍ന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിബോര്‍ഡിന്റെ ആഹ്വാന പ്രകാരം രാജ്യത്ത് ഉടനീളം മുസ്‌ലിംകള്‍ ശരീഅത്ത് ദിനം ആചരിച്ചതോടെ പൊതുവേദികളിലും പത്രപംക്തികളിലും വിപുലമായ ചര്‍ച്ചകളും സംവാദങ്ങളും കൂടുതല്‍ ശക്തിപ്പെട്ടു. രാഷ്ട്രീയ പ്രേരിതമായ വൈകാരിക തീവ്രതയും മുന്‍വിധികളും നിറഞ്ഞതായിരുന്നു മുഖ്യധാരാ മാധ്യമങ്ങളില്‍ അന്ന് പ്രസിദ്ധീകൃതമായ ലേഖനങ്ങളില്‍ ബഹുഭൂരിഭാഗവും. ഒറ്റപ്പെട്ട നുള്ളുനുറുങ്ങ് സംഭവങ്ങള്‍ പോലും പൊടിപ്പും തൊങ്ങലും വെച്ച് മുഖ്യധാരാ ദിനപത്രങ്ങളില്‍ ലീഡ് വാര്‍ത്തകളായി എഴുന്നെള്ളിക്കപ്പെട്ടു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും സഹയാത്രികരും മുന്‍കൈയെടുത്ത് ശരീഅത്ത് വിരുദ്ധയജ്ഞം തന്നെ സംഘടിപ്പിക്കുകയുണ്ടായി. മാതൃഭൂമി ആഴ്ചപ്പതിപ്പ് സംഘടിപ്പിച്ച ചര്‍ച്ച ഒഴിച്ചുനിര്‍ത്തിയാല്‍ മിക്ക ചര്‍ച്ചകളും യോഗങ്ങളും മൊത്തം സമുദായവിരുദ്ധ വര്‍ണം പകര്‍ന്നാടുന്നതായിരുന്നു. വ്യത്യസ്ത വീക്ഷണങ്ങള്‍ക്ക് ഇടം നല്‍കി എന്നതായിരുന്നു മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എം.എന്‍ കാരശ്ശേരി എഴുതിയ  ലേഖനത്തെ തുടര്‍ന്ന് നടന്ന ചര്‍ച്ചയുടെ പ്രത്യേകത. വൈക്കം മുഹമ്മദ് ബഷീര്‍, പുനത്തില്‍ കുഞ്ഞബ്ദുല്ല എന്നിവരുടെ ലേഖനങ്ങള്‍ അന്ധഗജ ന്യായേന ശരീഅത്തിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ രൂക്ഷഹാസ്യം ഉതിര്‍ക്കുന്നതായിരുന്നു.
എന്താണ് ശരീഅത്തെന്നും മുസ്‌ലിം വ്യക്തിനിയമത്തിന്റെ സ്വഭാവമെന്തെന്നും യാതൊരു ധാരണയുമില്ലാതെയായിരുന്നു വിമര്‍ശകര്‍ ശരീഅത്തിനെ കടന്നാക്രമിച്ചുകൊണ്ടിരുന്നത്. ശരീഅത്ത് താന്‍ പഠിച്ചിട്ടില്ലെന്നും തന്റെ വിമര്‍ശം നടപ്പു നിയമങ്ങളാണെന്നും ഒരിക്കല്‍ ഇ.എം.എസ് തന്നെ തുറന്ന് പറയുകയുണ്ടായി. ഈ പശ്ചാത്തലത്തില്‍ വ്യത്യസ്ത ആശയഗതിക്കാരായ ബുദ്ധിജീവികളെ പങ്കെടുപ്പിച്ചുകൊണ്ട് ജമാഅത്തെ ഇസ്‌ലാമി കേരളത്തിലുടനീളം ചര്‍ച്ചകള്‍ സംഘടിപ്പിച്ചു. ആ ചര്‍ച്ചകളില്‍ ശരീഅത്തും ഇസ്‌ലാമിലെ വൈവാഹിക നിയമങ്ങളുടെ യഥാര്‍ഥ മുഖവും വിശദീകരിക്കപ്പെട്ടു. അതിന് ഫലവുമുണ്ടായി. ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട വിവാഹ നിയമങ്ങള്‍ തങ്ങള്‍ ആദ്യമായാണ് കേള്‍ക്കുന്നതെന്ന് തുറന്ന്പറഞ്ഞ പി. ഗോവിന്ദപിള്ള, സുഗതകുമാരി തുടങ്ങിയവര്‍ ശരീഅത്തിനെക്കുറിച്ചു അറിയാന്‍ കൂടുതല്‍ താല്‍പര്യം പ്രകടിപ്പിക്കുകയുണ്ടായി. ഇതോടനുബന്ധിച്ച് പ്രബോധനം വാരിക ഇറക്കിയ പ്രത്യേക പതിപ്പില്‍ എന്‍.പി മുഹമ്മദ് തുടങ്ങിയ ബുദ്ധിജീവികള്‍ക്കും സ്ഥലമനുവദിച്ചു. ആ പ്രത്യേക പതിപ്പിനെ അഭിനന്ദിച്ചുകൊണ്ട് എന്‍.പി കത്തെഴുതുകയുണ്ടായി- വിശിഷ്യ, 'ശരീഅത്തിന്റെ മൂലതത്ത്വങ്ങള്‍', സയ്യിദ് ഖുത്വ്ബിന്റെ 'ശരീഅത്തും ഫിഖ്ഹും' എന്നീ ലേഖനങ്ങളെക്കുറിച്ച്. മുമ്പ് പൊതു സിവില്‍കോഡിന് വേണ്ടി വാദിച്ച എന്‍.പി തന്നെ തീവ്രനിലപാടില്‍നിന്ന് മാറി ഇസ്‌ലാമിക നിയമങ്ങളുടെ ചട്ടക്കൂട്ടില്‍നിന്ന് കൊണ്ടുള്ള വ്യക്തിനിയമ പരിഷ്‌ക്കരണം എന്ന മിതവാദപരമായ നിലപാടിലേക്ക് ചുവടുമാറി. പത്രക്കാരുമായി നടന്ന ഒരു അഭിമുഖത്തില്‍ അദ്ദേഹം അത് തുറന്ന് പറയുകയും ചെയ്തിരുന്നു.
വിവാഹ മുക്തയുടെ അവകാശമായി ഖുര്‍ആനില്‍ പരാമൃഷ്ടമായ 'മതാഇ'നെ വ്യാഖ്യാനിച്ചുകൊണ്ടാണ്, മറ്റൊരു വിവാഹം വരെ അവള്‍ക്ക് മുന്‍ഭര്‍ത്താവ് ചെലവ് നല്‍കണമെന്ന് സുപ്രീകോടതി വിധിച്ചത്. 1973-ലെ ക്രിമിനല്‍ നടപടിക്രമ ഭേദഗതി പ്രകാരമുള്ള വിവാഹമുക്തയുടെ ചെലവിനുള്ള അവകാശം ഖുര്‍ആനിലെ 'മതാഅ്' സാധൂകരിക്കുന്നതായി സുപ്രീകോടതി അഭിപ്രായപ്പെട്ടു. യഥാര്‍ഥത്തില്‍ 'മതാഅ്' വിവാഹമോചനാവസരത്തില്‍ സ്ത്രീക്ക് നല്‍കുന്ന ഒരു മൊത്തം സംഖ്യ(അലിമണി)യാണ്; ദാമ്പത്യത്തിന്റെ അവകാശമായ നഫഖ(ചെലവ്) അല്ല. എന്നാല്‍, ഹരജിക്കാരനായ മുഹമ്മദ് അഹ്മദ് ഖാന്റെ അഭിഭാഷകനും കേസില്‍ കക്ഷിചേര്‍ന്ന മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡും 'മതാഇ'ന് 'മാറ്റിവെക്കപ്പെട്ട മഹ്ര്‍' എന്ന തെറ്റായ വ്യാഖ്യാനമാണ് നല്‍കിയത്. ഭാര്യ എന്ന നിലയില്‍ നല്‍കേണ്ട നഫഖ(ചെലവ്) ആ പദവി നഷ്ടമാകുമ്പോഴും തുടരുക എന്നതില്‍ നിയമപരമായ അസാംഗത്യമുണ്ട്. വിവാഹബന്ധം അവസാനിച്ചാലും 'ഭാര്യ'യായി തുടരുക എന്ന വൈരുദ്ധ്യത്തിലേക്ക് ഇത് നയിക്കുന്നു. അതുകൊണ്ടാണ് കേടതിവിധി മുസ്‌ലിം വ്യക്തിനിയമത്തിന്റെ ചൈതന്യത്തിന് നിരക്കാത്തതാണ് എന്ന് മുസ്‌ലിം പൊതുമനസ്സ് അസ്വസ്ഥപ്പെട്ടത്. ഈ പൊരുത്തക്കേടു പരിഹരിക്കാനാണ് മുസ്‌ലിം സമ്മര്‍ദ ഫലമായി 1986-ല്‍ രാജീവ്ഗാന്ധി സര്‍ക്കാര്‍ 'മുസ്‌ലിം വനിതാ (വിവാഹമോചനാനന്തര അവകാശ സംരക്ഷണ) ബില്‍' പാര്‍ലമെന്റില്‍ പാസാക്കിയെടുത്തത്. ഇതനുസരിച്ച് അവളുടെ ഭാവി സംരക്ഷണച്ചുമതലയുടെ ഉത്തരവാദികളെ നിജപ്പെടുത്തുകയും വിവാഹമോചന സമയത്ത് അവളുടെ സാമൂഹിക പദവിക്ക് സമാനമായ ഒരു മൊത്തം തുക നല്‍കാന്‍ മുന്‍ഭര്‍ത്താവ് ബാധ്യസ്ഥമാക്കപ്പെടുകയും ചെയ്തു. സുപ്രീംകോടതി വിധിയോടുള്ള എതിര്‍പ്പ് പരക്കെ പ്രചരിപ്പിക്കപ്പെട്ടപോലെ പാവപ്പെട്ട സ്ത്രീയുടെ ജീവിതം മുട്ടിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നില്ല. വാസ്തവത്തില്‍ നീണ്ട വ്യവഹാരങ്ങള്‍ക്ക് ശേഷവും അക്കാലത്ത് വിവാഹ മുക്തക്ക് കോടതിവിധിച്ചു നല്‍കിയ മാസാന്ത സംഖ്യ 200-250 രൂപയില്‍ പരിമിതമായിരുന്നു. 'സെമിനാര്‍' തുടങ്ങിയ മാഗസിനുകളില്‍, ഈ തുഛ സംഖ്യക്ക് വേണ്ടി ബഹളം കൂട്ടുന്നതിലെ പരിഹാസ്യത ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. മുസ്‌ലിം വനിതാസംരക്ഷണ ബില്ലോടെ ഒറ്റത്തവണയായിട്ടാണെങ്കിലും അത് ലക്ഷങ്ങളായി ഉയര്‍ന്നു. വിവാഹമോചനത്തിന് ഒരുമ്പെടുന്നവര്‍ അതിനുമുമ്പ് രണ്ടുവട്ടം ആലോചിക്കാന്‍ നിര്‍ബന്ധിതരായി എന്നതായിരുന്നു ഇതിന്റെ മറ്റൊരു ഗുണവശം.
മുസ്‌ലിം വ്യക്തിനിയമത്തെക്കുറിച്ച് മൂന്ന് ചിന്താധാരകളാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. ഒന്ന്, അത് റദ്ദ് ചെയ്ത് എല്ലാ പൗരന്മാര്‍ക്കും ഭരണഘടനയിലെ മാര്‍ഗനിര്‍ദേശപ്രകാരമുള്ള ഒറ്റ സിവില്‍ കോഡ് നടപ്പിലാക്കുക. രണ്ട്, നിലവിലുള്ള സ്ഥിതി മാറ്റമില്ലാതെ തുടരുക. മൂന്ന്, ശരീഅത്തിന്റെ വിശാലമായ ചട്ടക്കൂട്ടില്‍ ഒതുങ്ങിനിന്ന് ആവശ്യമായ പരിഷ്‌ക്കരണങ്ങളിലൂടെ ആധുനിക നിയമഭാഷയില്‍ ക്രോഡീകൃത രൂപം നല്‍കുക.
1968-ല്‍ ജമാഅത്തെ ഇസ്‌ലാമിയുടെ കീഴിലുള്ള അലീഗഢ് ഇസ്‌ലാമിക് റിസര്‍ച്ച് സര്‍ക്കിള്‍, മതപണ്ഡിതന്മരെയും മുസ്‌ലിം നിയമജ്ഞരെയും പങ്കെടുപ്പിച്ച് നടത്തിയ സെമിനാറില്‍ മൂന്നാമത്തെ അഭിപ്രായത്തിന് പ്രാമുഖ്യം ലഭിച്ചിരുന്നു. 1973 ജനുവരിയില്‍ 'നവഭാരതത്തില്‍ ഇസ്‌ലാമിക വ്യക്തിനിയമം' എന്ന വിഷയത്തില്‍ നടന്ന സെമിനാറും ഇതേ ആശയം പങ്കുവെച്ചു. ന്യായാധിപന്മാര്‍, അഭിഭാഷകര്‍, നിയമവിദഗ്ധര്‍ എന്നിവര്‍ക്ക് പുറമെ ജമാഅത്തെ ഇസ്‌ലാമി, ജംഇയ്യത്തുല്‍ ഉലമാ എന്നീ സംഘടനകളിലെ ഓരോ പ്രതിനിധിയും പ്രമുഖ ഇസ്‌ലാമിക പണ്ഡിതനായ സഈദ് അഹ്മദ് അക്ബറാബാദിയും പങ്കെടുത്ത സെമിനാര്‍, ഇന്ത്യയിലെ കോടതികള്‍ മുഖേന നടപ്പില്‍വന്ന മുസ്‌ലിം വ്യക്തിനിയമത്തില്‍ ചില പരിഷ്‌ക്കരണങ്ങള്‍ ആവശ്യമാണെന്നും ഇസ്‌ലാമിക ശരീഅത്തിന്റെ മൂലപാഠങ്ങളില്‍നിന്ന് വ്യതിചലിക്കാതെ അവയുടെ സഹായത്തോടുകൂടി തന്നെ മിക്ക പ്രശ്‌നങ്ങളും പരിഹരിക്കാവുന്നതാണെന്നുമുള്ള സമന്വിതാഭിപ്രായത്തിലെത്തിയിരുന്നു.
1972 ഡിസംബറില്‍ ബോംബെയില്‍ ചേര്‍ന്ന വന്‍ബഹുജന സമ്മേളനത്തില്‍വെച്ചാണ് ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് രൂപീകൃതമാവുന്നത്. മുസ്‌ലിം വ്യക്തിനിയമത്തിന് ഹാനിയാകുന്ന നീക്കങ്ങള്‍ തടയുകയും നിലവിലെ നിയമങ്ങളിലെ ഇസ്‌ലാമിന്റെ ചൈതന്യത്തിന് നിരക്കാത്ത വകുപ്പുകള്‍ നീക്കം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത് ശരീഅത്ത് സംരക്ഷിക്കുക എന്നതാണ് ബോര്‍ഡിന്റെ മുഖ്യലക്ഷ്യം.
വ്യക്തിനിയമത്തിലെ പുനഃപരിശോധന ആവശ്യമുള്ള വശങ്ങളില്‍ ഉചിത നടപടികള്‍ സ്വീകരിക്കണമെന്ന ഒരു നിര്‍ദേശം ജമാഅത്തെ ഇസ്‌ലാമിയുടെയും അഹ്‌ലെ ഹദീസിന്റെയും പ്രതിനിധികള്‍ ബോര്‍ഡിന് മുന്നില്‍ വെച്ചിരുന്നു. അത്തരമൊരു പ്രമേയം പരസ്യമായി അംഗീകരിച്ചാല്‍ ശരീഅത്ത് വിരോധികള്‍ ദുരുപയോഗപ്പെടുത്തുമെന്ന് ഭൂരിപക്ഷം പ്രതിനിധികള്‍ അഭിപ്രായപ്പെട്ടതിനാല്‍ നിര്‍ദേശം മാറ്റിവെക്കപ്പെടുകയാണുണ്ടായത്.
വാസ്തവത്തില്‍ ജമാഅത്തിന്റെ നിര്‍ദേശം പൂര്‍വമാതൃകകളെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു. ലേഖനാരംഭത്തില്‍ സൂചിപ്പിച്ച 'മുസ്‌ലിം വിവാഹ ഭഞ്ജന ആക്ട്' (Dissolution of Muslim Marriage Act 1939) ഉദാഹരണം. ഹനഫീ മദ്ഹബ് പ്രകാരം മുസ്‌ലിം സ്ത്രീകള്‍ക്ക് ന്യായമായ കാരണങ്ങളുണ്ടെങ്കില്‍പോലും വിവാഹം ദുര്‍ബലപ്പെടുത്തിക്കിട്ടാന്‍ പഴുതില്ലായിരുന്നു. ഇതിനെ മറികടക്കാന്‍ മതപരിവര്‍ത്തന തന്ത്രമാണ് സ്വീകരിച്ചിരുന്നത്. ശരീഅത്തിന്റെ അന്തസ്സത്തക്ക് തന്നെ വിരുദ്ധമായ ഈ ദുഷ്പ്രവണത മൗലാനാ അശ്‌റഫ് അലി ഥാനവിയെപ്പോലുള്ള മതപണ്ഡിതന്മാര്‍ക്ക് മനഃക്ലേശമുണ്ടാക്കി. അദ്ദേഹം 'ഹീലതെ നാജാഇസ' (അനുവദനീയമല്ലാത്ത തന്ത്രം) എന്നൊരു ഗ്രന്ഥമെഴുതി, അതില്‍ സ്ത്രീകള്‍ക്ക് കോടതി മുഖേന വിവാഹമോചനം നേടാനുള്ള ചില മൗലിക നിയമ തത്ത്വങ്ങള്‍ മുന്നോട്ടുവെച്ചു. ഇന്ത്യക്കകത്തും പുറത്തുമുള്ള പണ്ഡിതന്മാരുടെ സമ്മതവും ഇതിനു ലഭ്യമാക്കി. അങ്ങനെയാണ് 1939-ല്‍ ബ്രിട്ടീഷ് രാജ് കാലത്ത് നിയമനിര്‍മാണ സഭയില്‍ ഖാസിമി എന്ന മുസ്‌ലിം അംഗം അവതരിപ്പിച്ച മുസ്‌ലിം വിവാഹ ഭഞ്ജന ആക്ട് പ്രാബല്യത്തില്‍വന്നത്.
നിലവിലെ മുസ്‌ലിം വ്യക്തിനിയമത്തിന്റെ അപര്യാപ്തതകളെയും അവ പരിഷ്‌ക്കരിച്ചു ക്രോഡീകരിക്കേണ്ടതിന്റെ ആവശ്യകതയെയും സംബന്ധിച്ച് എഴുപതില്‍പരം വര്‍ഷങ്ങള്‍ക്കുമുമ്പേ മൗലാനാ മൗദൂദി പണ്ഡിതന്മാരുടെ ശ്രദ്ധ ക്ഷണിച്ചിരുന്നുവെന്നതാണ് വാസ്തവം. 1935-ല്‍ 'ഹുഖൂഖുസ്സൗജയ്‌നി' (ദമ്പതികളുടെ അവകാശങ്ങള്‍) എന്ന ശീര്‍ഷകത്തില്‍ പ്രസിദ്ധീകരിച്ച ലേഖനപരമ്പരയുടെ ഉദ്ദേശ്യം അതായിരുന്നു. അത് പിന്നീട് 1943-ല്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. 'ദാമ്പത്യ നിയമങ്ങള്‍ ഇസ്‌ലാമില്‍' എന്ന ശീര്‍ഷകത്തില്‍ ഐ.പി.എച്ച് അതിന്റെ മലയാള പരിഭാഷയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിന്റെ ആമുഖത്തില്‍ മൗദൂദി ഇങ്ങനെ കുറിച്ചതായി കാണാം:  ''മുഹമ്മദന്‍ ലോ എന്ന പേരില്‍ നടപ്പിലാക്കപ്പെടുന്ന നിയമം അതിന്റെ രൂപത്തിലും ചൈതന്യത്തിലും ശരീഅത്തില്‍നിന്ന് ഒട്ടേറെ ഭിന്നമാണ്. അതിന്റെ പ്രയോഗവല്‍ക്കരണം ശരിയായ അര്‍ഥത്തില്‍ ഇസ്‌ലാമിക ശരീഅത്തിന്റെ പ്രയോഗവല്‍ക്കരണമാണെന്ന് പറയാവതല്ല. പരിതാപകരമായ ഈ അവസ്ഥ മുസ്‌ലിംകളുടെ സാമൂഹിക ജീവിതത്തിലേല്‍പ്പിച്ച ആഘാതം, മുസ്‌ലിം വീടുകളില്‍ മുക്കാല്‍ ഭാഗത്തെയും നരക തുല്യമാക്കുകയും ജനങ്ങളില്‍ വലിയൊരു വിഭാഗത്തിന്റെ ജീവിതത്തെ ഹോമിച്ചുകളയുകയും ചെയ്യുമാറ് ഗുരുതരമായിത്തീര്‍ന്നിരിക്കുന്നു.... അലങ്കോലപ്പെട്ട ഈ നിയമത്തിന്റെ ദുഃസ്വാധീനത്തില്‍പെടാതെ രക്ഷപ്പെട്ട ഏതെങ്കിലും കുടുംബത്തെ ഇന്ത്യയില്‍ കണ്ടെത്തുക പ്രയാസകരമായിരിക്കും.''
'പുതിയ നിയമസംഹിതയുടെ ആവശ്യകത' എന്ന ശീര്‍ഷകത്തില്‍ പുസ്തകത്തിലൊരിടത്ത് മൗദൂദി തുടരുന്നു: ''ഈജിപ്തില്‍ മിക്‌സഡ് ട്രൈബ്യൂണലുകള്‍ നടപ്പിലാക്കിയപ്പോള്‍, വളരെ ആധികാരികമായ ഗ്രന്ഥങ്ങളില്‍നിന്ന് ആവശ്യമായ എല്ലാ നിയമങ്ങളും ഒരിടത്ത് ക്രോഡീകരിച്ചുകൊണ്ടുള്ള നിയമസമാഹാരത്തിന്റെ ആവശ്യകത ബോധ്യപ്പെട്ടതിനാല്‍ അന്നത്തെ ഈജിപ്ഷ്യന്‍ ഗവണ്‍മെന്റിന്റെ ഉത്തരവു പ്രകാരം ഖുദ്‌രീ പാഷയുടെ നേതൃത്വത്തില്‍ അസ്ഹര്‍ പണ്ഡിതന്മാര്‍ ആ കൃത്യം നിര്‍വഹിച്ചു. പ്രസ്തുത സമിതി ക്രോഡീകരിച്ച നിയമങ്ങള്‍ക്ക് സര്‍ക്കാറിന്റെ അംഗീകാരം ലഭിക്കുകയും കോടതികളില്‍ സ്വീകാര്യത നേടുകയും ചെയ്തു. ഇന്ത്യയിലും ഇത്തരം ഒരു സമിതി ആവശ്യമാണ്. എല്ലാ വിഭാഗങ്ങളിലും പെട്ട പണ്ഡിതന്മാരും ഏതാനും നിയമജ്ഞരും ഉള്‍ക്കൊള്ളുന്നതായിരിക്കണം ആ സമിതി. അവര്‍ ഒന്നിച്ചിരുന്ന് വിശദമായ ചട്ടങ്ങള്‍ അത്യാവശ്യ വിശദീകരണസഹിതം ക്രോഡീകരിക്കണം. ഈ ചട്ടങ്ങള്‍ ആദ്യം കരട് രൂപത്തില്‍ പ്രസിദ്ധീകരിച്ച് വ്യത്യസ്ത സംഘടനകളിലെ പണ്ഡിതന്മാരുടെ അഭിപ്രായമാരായേണ്ടതാണ്. തുടര്‍ന്ന് അവരുടെ അഭിപ്രായങ്ങള്‍ക്കും നിരൂപണങ്ങള്‍ക്കും ഉചിത പരിഗണന നല്‍കി പുനഃപരിശോധിക്കണം. അങ്ങനെ ഈ നിയമാവലിക്ക് അന്തിമ രൂപം നല്‍കിയാല്‍ ശരീഅത്ത് വിധികളുടെ ആധികാരിക സമാഹാരമായി അതിനെ അംഗീകരിക്കണം'' (ദാമ്പത്യ നിയമങ്ങള്‍ ഇസ്‌ലാമില്‍ പേ: 62).
1952-ല്‍ മൂല കൃതിയുടെ 4-ാം പതിപ്പ് പുറത്തിറങ്ങിയപ്പോള്‍ മൗദൂദി എഴുതിയ മുഖവുരയിലെ വാചകങ്ങള്‍ ഇന്ന് പ്രത്യേകം ശ്രദ്ധേയമാണ്: ''ഈ പുസ്തകം ലേഖന രൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ട് 17 വര്‍ഷങ്ങളായി. പത്ത് വര്‍ഷമായി പുസ്തക രൂപത്തിലും പുറത്തിറങ്ങിക്കൊണ്ടിരിക്കുന്നു. ഹനഫി ഫിഖ്ഹിന്റെ ചട്ടക്കൂട്ടില്‍നിന്ന് കൊണ്ട് ഇതില്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ ഫത്‌വകളല്ല എന്ന് ഞാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പണ്ഡിതന്മാര്‍ക്ക് മുമ്പില്‍ സമര്‍പ്പിച്ച കുറേ നിര്‍ദേശങ്ങളായിരുന്നു അവ. ശറഇന്റെയും യഥാര്‍ഥ തെളിവിന്റെയും അടിസ്ഥാനത്തില്‍ അവ ശരിയാണെന്ന് ബോധ്യപ്പെടുന്നപക്ഷം അവര്‍ തങ്ങളുടെ ഫത്‌വകളില്‍ മാറ്റം വരുത്തണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ, പ്രസിദ്ധീകരിച്ചത് മുതല്‍ ഇതുവരെയും അവര്‍ അക്കാര്യം ഗൗരവപൂര്‍വം പഠിക്കാനോ ചിന്തിക്കാനോ മെനക്കെട്ടില്ല. വൈജ്ഞാനികമായ നിരൂപണം നടത്താനും മുതിര്‍ന്നില്ല. മറിച്ച് എനിക്കെതിരെ കുഴപ്പം സൃഷ്ടിക്കാനാണ് അവര്‍ തുനിഞ്ഞത്. അത് ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. അല്ലാഹുവിനോട് മാത്രമാണ് എനിക്കെന്റെ ആവലാതി ബോധിപ്പിക്കാനുള്ളത്.''
മുക്കാല്‍ നൂറ്റാണ്ടു പിന്നിട്ടിട്ടും ഇന്ത്യയിലെ മുസ്‌ലിം പണ്ഡിത സമൂഹം ഈ വിഷയത്തില്‍ ഒരിഞ്ച് മുന്നോട്ടുപോയിട്ടില്ല. മൗദൂദി പറഞ്ഞപോലെ നമുക്കും അല്ലാഹുവിനോട് ആവലാതി പറയാം!

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/51-55
എ.വൈ.ആര്‍