Prabodhanm Weekly

Pages

Search

2013 നവംബര്‍ 08

പ്രബോധനം നിര്‍വഹിക്കുന്ന ദൗത്യം

ഷമീം അമാനി ആറ്റിങ്ങല്‍ / ലേഖനം

'പരിശുദ്ധ ഇസ്‌ലാമിന്റെ സമകാലിക വായന' എന്ന വിഷയത്തില്‍ ഗവേഷണം നടത്തുന്ന ഒരു വിദ്യാര്‍ഥി എന്നെ സമീപിച്ചു. അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്, പാശ്ചാത്യ സാഹചര്യത്തില്‍ ഇസ്‌ലാമിനെ സമകാലികമായി പുനരവതരിപ്പിക്കുന്നതിന് പുതിയ പരീക്ഷണങ്ങളും കാലിക വിശദീകരണങ്ങളും നടത്തുന്ന ഇസ്‌ലാമിസ്റ്റ് എഴുത്തുകാരെ കുറിച്ചായിരുന്നു. എന്റെ ഗ്രന്ഥശേഖരത്തില്‍ അത്തരം വ്യക്തികളെ പരിചയപ്പെടുത്തുന്ന പുസ്തകങ്ങള്‍ വളരെ കുറവായിരുന്നു. താരിഖ് റമദാനെ അറിയണമെന്നും അദ്ദേഹത്തിന് ആഗ്രഹമുണ്ട്. ആ വിഷയത്തിലും ഈ വിനീതന്റെ സമ്പാദ്യം ശുഷ്‌കമായിരുന്നു. ഏതോ ഒരു ഇസ്‌ലാമിക പ്രസിദ്ധീകരണത്തില്‍ താരിഖ് റമദാനെ കുറിച്ച് വായിച്ചത് പെട്ടെന്ന് ഓര്‍മ വന്നു. വായിച്ചതിന് ശേഷം കെട്ടിവെച്ച പഴയ പ്രസിദ്ധീകരണങ്ങള്‍ പൊടിതട്ടിയെടുത്ത് പരതി. അവസാനം അത് കണ്ടെത്തി. താരിഖ് റമദാനെക്കുറിച്ച് ലേഖനങ്ങള്‍ അച്ചടിച്ചുവന്ന പ്രബോധനത്തിന്റെ രണ്ട് ലക്കങ്ങള്‍ (വാള്യം 68, ലക്കം 28,29) അദ്ദേഹത്തിന് നല്‍കി. ഒരു അന്വേഷിയുടെ വൈജ്ഞാനിക ദാഹത്തിന് അല്‍പം ആശ്വാസം വന്നത് പോലെ തോന്നി. പിന്നീട് ഒരിക്കല്‍ കണ്ടപ്പോള്‍ അന്ന് ഞാന്‍ നല്‍കിയ പ്രബോധനത്തിലൂടെയും അത് വെച്ച് ഇന്റര്‍നെറ്റില്‍ പരതിയതിലൂടെയും വായനയും അന്വേഷണവും മുന്നോട്ടുകൊണ്ടുപോകാന്‍ ഏറെ സഹായകമായി എന്നദ്ദേഹം പറഞ്ഞപ്പോള്‍, ഒരു നല്ല അന്വേഷകനെ രൂപപ്പെടുത്തിയതില്‍ പ്രബോധനം വഹിച്ച പങ്ക് ഏറെ സന്തോഷം നല്‍കി.
കേരളത്തിലിറങ്ങുന്ന ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങളുടെ നിലവാരം ചിലപ്പോഴൊക്കെ വളരെ താഴ്ന്നുപോകുന്നു എന്ന പരാതി വളരെ വ്യാപകമാണ്. ചര്‍ച്ചകള്‍ പലതും പലപ്പോഴും അപ്രസക്തമാവുന്നു. ഈ സന്ദര്‍ഭത്തിലാണ്, അന്താരാഷ്ട്രീയവും കാലിക പ്രസക്തവും അടിയന്തര ചിന്ത പതിയേണ്ടതുമായ വിഷയങ്ങള്‍ പ്രബോധനത്തിലൂടെ ഇതള്‍ വിരിയുന്നത്. പലപ്പോഴും ഒരു പ്രാധാന്യമില്ലാത്തതും ജനങ്ങളുടെ ധിഷണക്ക് സാക്ഷ്യമാകാത്തതുമായ വിഷയങ്ങള്‍ പ്രസിദ്ധീകരണങ്ങളുടെ ധാരാളം പേജുകള്‍ കവര്‍ന്നെടുക്കുമ്പോള്‍ സമുദായത്തെയും സമൂഹത്തെയും ബാധിക്കുന്ന അടിസ്ഥാന വിഷയങ്ങളാണ് പ്രബോധനം വായനക്കാരുമായി പങ്കുവെക്കുന്നത്. പരസ്പരം വിമര്‍ശിക്കാന്‍ മാത്രം അക്ഷരങ്ങളെ പലരും ഉപയോഗപ്പെടുത്തുമ്പോള്‍ ആരോഗ്യകരമായ ചര്‍ച്ചകളും ബുദ്ധിപരവും സദുദ്ദേശ്യപരവുമായ വിമര്‍ശനങ്ങളും കൊണ്ട് പ്രബോധനത്തിന്റെ പേജുകള്‍ സമ്പുഷ്ടമാകുന്നു. നിഷ്പക്ഷമായി ചിന്തിക്കുകയും മുന്‍ധാരണകള്‍ മാറ്റിവെച്ച് ഇസ്‌ലാമിനെ പഠിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന അമുസ്‌ലിം വായനക്കാര്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുകയും വായിക്കുകയും ചെയ്യുന്ന മലയാള ഇസ്‌ലാമിക പ്രസിദ്ധീകരണം പ്രബോധനം ആകുന്നത്, അത് ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളുടെയും കൈകാര്യം ചെയ്യുന്ന വിഷയങ്ങളുടെയും പ്രസക്തിയും ഉന്നത നിലവാരവും കൊണ്ടാണ്.
അന്താരാഷ്ട്ര ഇസ്‌ലാമിക പണ്ഡിതര്‍, ചിന്തകര്‍, പത്രപ്രവര്‍ത്തകര്‍, മനുഷ്യാവകാശ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍....അങ്ങനെ നീണ്ടുപോകുന്നു പ്രബോധനം പരിചയപ്പെടുത്തിയവര്‍. ഫലസ്ത്വീന്‍ ഉള്‍പ്പെടെയുള്ള നാടുകളില്‍ അരങ്ങേറുന്ന ക്രൂരതകള്‍, ഇന്ത്യയിലെ വ്യാജ ഏറ്റുമുട്ടല്‍ നാടകങ്ങള്‍, ആസാം-മ്യാന്മര്‍ പോലുള്ള വംശീയ കലാപങ്ങള്‍, അന്താരാഷ്ട്ര ഇസ്‌ലാമിക പ്രസ്ഥാനങ്ങളും നവോത്ഥാന ചലനങ്ങളും, പോരാട്ടത്തിന്റെ കഥകള്‍ ഇവയെല്ലാം പ്രബോധനം വഴി ഒരു ശരാശരി മലയാളി വായനക്കാരിലെത്തുന്നു.
വിശുദ്ധ ഖുര്‍ആനും ഹദീസും പഠിക്കുന്ന സത്യസന്ധനായ അന്വേഷകന് ഖുര്‍ആനെക്കുറിച്ചും ഹദീസിനെക്കുറിച്ചും പഠിക്കാന്‍ ആവശ്യമായ അടിസ്ഥാന കാര്യങ്ങള്‍ ഉള്‍പ്പെടുത്തി 2002-ല്‍ പ്രസിദ്ധീകരിച്ച ഖുര്‍ആന്‍ പതിപ്പും 2011-ല്‍ പ്രസിദ്ധീകരിച്ച ഹദീസ് പതിപ്പും വിജ്ഞാന കുതുകികളുടെ ദാഹം ശമിപ്പിക്കുന്ന വിഭവങ്ങളാണെന്നതില്‍ സംശയമില്ല.
ഇമാം ഗസ്സാലിയെക്കുറിച്ച് വിദ്യാര്‍ഥി ജീവിത കാലത്ത് കേട്ടതും അറിഞ്ഞതും 'സൂഫിയായ എഴുത്തുകാരന്‍' എന്നതായിരുന്നു. പരിചയപ്പെട്ട അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ വളരെ കുറച്ചും. എന്നാല്‍, പ്രബോധനത്തിന്റെ 'ഗസ്സാലി' വിശേഷാല്‍ പതിപ്പ് പുതിയ ഒരു അനുഭവമായിരുന്നു. കേട്ട് തഴമ്പിച്ച പരമ്പരാഗത ഗസ്സാലി സങ്കല്‍പങ്ങളില്‍ നിന്നും വിലയിരുത്തലുകളില്‍ നിന്നും ചിന്തയെ വിശാലമായ ഒരു ഗസ്സാലിയന്‍ പ്രപഞ്ചത്തിലേക്ക് കൊണ്ടുപോയത് ഒരത്ഭുതമായിരുന്നു. ഗ്രീക്ക് തത്ത്വശാസ്ത്രത്തിന്റെ എല്ലാ വൈരുധ്യങ്ങളും ബലഹീനതകളും ഇസ്‌ലാമിക തത്ത്വചിന്തകളുടെ അടിസ്ഥാനത്തില്‍ മാറ്റിപ്പണിത തത്ത്വശാസ്ത്രജ്ഞനായ ഇമാം ഗസ്സാലിയെയും തര്‍ക്ക വിതര്‍ക്കങ്ങള്‍ക്ക് നിന്ന് കൊടുക്കാതെ സത്യസന്ധവും സ്വതന്ത്രവുമായ ചിന്താ ലോകത്തേക്ക് മാനവ സമൂഹത്തെ ക്ഷണിച്ച സ്വതന്ത്ര ചിന്തകനായ ഒരു ഗസ്സാലിയെയും മനസ്സിലാക്കിയത് പ്രസ്തുത പതിപ്പിലൂടെയായിരുന്നു.
സൂഫിയായ, ഗ്രന്ഥകാരനായ ഇമാം ഗസ്സാലിയെ നേരത്തെ പരിചയമുണ്ടായിരുന്നു. എന്നല്ല അതേ പരിചയമുണ്ടായിരുന്നുള്ളൂ. എന്നാല്‍, അതിനപ്പുറം പടിഞ്ഞാറന്‍ ചിന്താധാരയെ അത്ഭുതപ്പെടുത്തിയ നവോത്ഥാന നായകനും സാമ്പത്തിക ശാസ്ത്രജ്ഞനും രാഷ്ട്രമീമാംസകനും മനഃശാസ്ത്രജ്ഞനും ദാര്‍ശനികനുമായ ഒരു ഇമാം ഗസ്സാലിയെ പരിചയപ്പെട്ടതും അടുത്തറിഞ്ഞതും ഗസ്സാലി വിശേഷാല്‍ പതിപ്പിലൂടെയായിരുന്നു.
ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളില്‍ ഒന്നാണ് അറബ് വസന്തവും അനന്തര ഫലങ്ങളും. ഇവ്വിഷയകമായി വായിക്കുന്നവര്‍ക്ക് ലഭിക്കുന്നത് പത്ര മാഗസിനുകളിലെ ലേഖനങ്ങളും പിന്നെ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളും മാത്രം. എന്നാല്‍, അറബ് വസന്തത്തിന്റെ അണിയറ ശില്‍പികള്‍, അവരെ പല രീതിയില്‍ സഹായിച്ചവര്‍, അടുത്തു നിന്നും ദൂരെ നിന്നും അതിനെ നോക്കിക്കണ്ടവര്‍, ആഴത്തില്‍ പഠനം നടത്തിയവര്‍, പത്രപ്രവര്‍ത്തകര്‍, രാഷ്ട്രീയ നിരീക്ഷകര്‍ തുടങ്ങി വിവിധ തുറകളില്‍പെട്ട അന്‍പതോളം പ്രഗത്ഭരെ അണിനിരത്തി പ്രബോധനം തയാറാക്കിയ അറബ് വസന്തം സ്‌പെഷല്‍ (ഉയിര്‍പ്പ്) വിരുന്ന് അതിഗംഭീരമായിരുന്നു. ഒരു പക്ഷേ ഇസ്‌ലാമിക ലോകത്ത് തന്നെ ഇത്തരം ഒരു ഉദ്യമവും വിലയിരുത്തലും ആദ്യമായിട്ടായിരിക്കും. ഇന്റര്‍നെറ്റ് വിപ്ലവമെന്നും 'തീവ്ര ചിന്തകള്‍ ഉള്‍ക്കൊള്ളുന്ന മത രാഷ്ട്രവാദത്തിന്റെ വിജയ'മെന്നും ഒക്കെ വിശേഷിപ്പിച്ച് അറബ് വസന്തത്തിന്റെ വില കുറച്ച് കാണാന്‍ ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍, അതിനെ സൂക്ഷ്മവും നിഷ്പക്ഷവും സത്യസന്ധവുമായി പ്രബോധനം അവതരിപ്പിച്ചപ്പോള്‍ മുല്ലപ്പൂ വിപ്ലവത്തെക്കുറിച്ച് നല്ല ഒരു വായനാ അനുഭവമാണ് പകര്‍ന്നു കിട്ടിയത്.
വിശുദ്ധ ഖുര്‍ആന് മലയാളത്തില്‍ ഏകദേശം ഇരുപതോളം പരിഭാഷകളും വിശദീകരണങ്ങളും ഇറങ്ങിയിട്ടുണ്ട്. നീട്ടിയും പരത്തിയും ചുരുക്കിയും ബ്രാക്കറ്റുകള്‍ കൊണ്ട് നിറച്ചും പലരും വിശുദ്ധ ഗ്രന്ഥത്തെ പരിഭാഷപ്പെടുത്തി. സംക്ഷിപ്ത പരിഭാഷകളില്‍ എടുത്ത് പറയേണ്ടത് ഖുര്‍ആന്‍ ഭാഷ്യവും മുട്ടാണിശ്ശേരില്‍ കോയാ കുട്ടി മൗലവിയുടെ പരിഭാഷയുമാണ്. വിശദീകരണ ഗ്രന്ഥങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് മൗലാനാ മൗദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആനും സയ്യിദ് ഖുത്വ്ബിന്റെ ഫീ ളിലാലില്‍ ഖുര്‍ആനുമാണ്. ആദ്യത്തേത് പ്രാസ്ഥാനികവും രണ്ടാമത്തേത് ഖുര്‍ആന്റെ അറബി ഭാഷാ സാഹിത്യ ശൈലിയെ മുന്‍നിര്‍ത്തിയുള്ള ഒരു ആസ്വാദനവുമാണ്. എന്നാല്‍ വിശുദ്ധ ഖുര്‍ആന്റെ വിശദീകരണ പഠനം ആഗ്രഹിക്കുന്ന ഒരു മലയാളി വായനക്കാരന് ഏറ്റവും ഉപകാരപ്രദവും ആനന്ദകരവുമാണ് പ്രബോധനത്തിലെ 'ഖുര്‍ആന്‍ ബോധനം' എന്ന പംക്തി. ലളിതമായ ഭാഷാ ശൈലി, വിവിധ അഭിപ്രായങ്ങളില്‍ നിന്ന് പ്രബലമായത് എടുത്ത് പറയല്‍, മനസ്സില്‍ ആഴ്ന്നിറങ്ങുന്ന അവതരണം, അതീവ സൂക്ഷ്മത, അറബി ഭാഷ വിശദീകരണം, വീണ്ടും വീണ്ടും ഖുര്‍ആന്‍ വായിക്കാനുള്ള പ്രചോദനം എന്നിവ കൊണ്ട് കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി 'ഖുര്‍ആന്‍ ബോധനം' വായനക്കാരെ വിരുന്നൂട്ടിക്കൊണ്ടിരിക്കുന്നു. ലോകത്തുള്ള ഖുര്‍ആന്‍ വിശദീകരണ ഗ്രന്ഥങ്ങളുടെ ആകത്തുക എന്ന് വേണമെങ്കില്‍ പ്രസ്തുത പംക്തിയെ വിശേഷിപ്പിക്കാം.
നിരപരാധിയായ അബ്ദുന്നാസിര്‍ മഅ്ദനിയെക്കുറിച്ചും അദ്ദേഹം നേരിട്ടുകൊണ്ടിരിക്കുന്ന കഠിനമായ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും ഒരു പക്ഷേ ഏറ്റവും കൂടുതല്‍ ചര്‍ച്ച നടത്തുകയും, അദ്ദേഹത്തിന്റെ കേസുമായി ബന്ധപ്പെട്ട നിഗൂഢതകള്‍ കത്തുകളിലൂടെയും ചര്‍ച്ചയിലൂടെയും പുറത്തുകൊണ്ടുവരാന്‍ ഏറ്റവും കൂടുതല്‍ പേജുകള്‍ മാറ്റിവെക്കുകയും ചെയ്ത കേരളത്തിലെ ഇസ്‌ലാമിക പ്രസിദ്ധീകരണം പ്രബോധനമായിരിക്കും.
ദക്ഷിണ കേരളത്തിലെ ഇസ്‌ലാമിക ചലനങ്ങളെക്കുറിച്ച് വസ്തുനിഷ്ഠമായ അന്വേഷണം നടത്തി, വിസ്മരിക്കപ്പെടുകയോ വിസ്മരിക്കുകയോ ചെയ്തതിന്റെ പേരില്‍ എഴുതപ്പെടാതെ പോയ ചരിത്ര സത്യങ്ങള്‍ വെളിച്ചത്ത് കൊണ്ടുവന്ന ഒരേയൊരു പ്രസിദ്ധീകരണവും പ്രബോധനം തന്നെയാണ്. സത്യസന്ധമായ അക്ഷരങ്ങള്‍ കൊണ്ട് പോരാട്ടത്തിന്റെയും സംസ്‌കാരത്തിന്റെയും വിജ്ഞാന വെളിച്ചത്തിന്റെയും മാര്‍ഗത്തില്‍ മുന്നേറുന്ന പ്രബോധനത്തിന് എല്ലാ ആശംസകളും!

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/51-55
എ.വൈ.ആര്‍