മഹല്ല് കമ്മിറ്റികളില്‍ നിന്ന് ഇനിയും സ്ത്രീകളെ അകലം നിര്‍ത്തേണ്ടതുണ്ടോ?
സ്ത്രീകള്‍ സാമൂഹികരംഗത്ത് സജീവ സാന്നിധ്യമായ വര്‍ത്തമാനകാലത്ത് മഹല്ല് ഭരണത്തിലും പള്ളികമ്മിറ്റികളിലും റിലീഫ് കമ്മിറ്റികളിലും സകാത്ത് കമ്മിറ്റികളിലും അവര്‍ക്ക് അര്‍ഹവും മാന്യവുമായ പരിഗണന നല്‍കുന്ന കാര്യം മഹല്ല് ഭാരവാഹികളും സമുദായ നേതൃത്വവും സജീവമായി പരിഗണിക്കേണ്ടതുണ്ട്. വിവാഹം, വിവാഹമോചനം, ഖബ്‌റിസ്ഥാന്‍ തുടങ്ങി മഹല്ല് കൈകാര്യം ചെയ്യുന്ന സകല സംഗതികളും സ്ത്രീകളെ കൂടി ബാധിക്കുന്നവയാണ്. പള്ളി-മദ്‌റസകളുടെ പരിപാലനത്തിലും മറ്റും സ്ത്രീക്ക് ക്രിയാത്മകമായ പങ്ക് വഹിക്കാനാവും. അവരുടെ സാമ്പത്തിക സംഭാവനകള്‍ പള്ളിക്കും മദ്‌റസകള്‍ക്കും സ്വീകരിക്കാമെങ്കില്‍ മഹല്ല് സംവിധാനങ്ങളിലും മറ്റും അവരെ പരിഗണിക്കാനും ഉള്‍ക്കൊള്ളാനും സമുദായം തയാറാവണം.
വഖ്ഫ് ബോര്‍ഡ്, ഹജ്ജ് കമ്മിറ്റി പോലുള്ള സര്‍ക്കാര്‍ സംവിധാനങ്ങളിലും മുസ്‌ലിം സ്ത്രീയുടെ പങ്കാളിത്തം ഉണ്ടാവേണ്ടതുണ്ട്. സ്ത്രീയുടെ അച്ചടക്കം അപകടപ്പെടാതെ സാമൂഹികരംഗത്ത് പ്രയോജനപ്രദമായ രീതിയില്‍ പങ്കാളിത്തം ഉറപ്പ് വരുത്താനായാല്‍ അത് വളരെ നല്ല ഫലങ്ങളുണ്ടാക്കും. സ്ത്രീകള്‍ പുരുഷന്മാരെ ധിക്കരിച്ചും വെല്ലുവിളിച്ചും നീങ്ങാതിരിക്കണമെങ്കില്‍ അവര്‍ക്ക് ന്യായവും മാന്യവുമായ സ്വാതന്ത്ര്യം അനുവദിക്കുകയും അവരുടെ വ്യക്തിത്വത്തെ മാനിക്കുകയും ചെയ്യേണ്ടതുണ്ട്. അടിച്ചമര്‍ത്തി അവകാശവും സ്വാതന്ത്ര്യവും നിഷേധിക്കുമ്പോഴാണ് ആത്യന്തിക തീവ്ര പ്രതികരണമെന്ന നിലയില്‍ നിഷേധാത്മക ദുഷ്പ്രവണതകള്‍ തലപൊക്കുന്നത്.
മലപ്പുറം ജില്ലയിലെ ശാന്തപുരത്തും കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിക്കടുത്ത ശിവപുരത്തും കുറെകാലമായി മഹല്ലു കമ്മിറ്റികളില്‍ സ്ത്രീ പങ്കാളിത്തമുണ്ട്. കണ്ണൂര്‍ അറക്കല്‍ രാജസ്വരൂപത്തിന്റെ കീഴിലുള്ള മസ്ജിദുകള്‍ ഉള്‍പ്പെടെയുള്ള വഖ്ഫിന്റെ മുതവല്ലി വനിതയാണ്. ഈയിടെ പുനഃസംഘടിപ്പിക്കപ്പെട്ട സെന്‍ട്രല്‍ വഖ്ഫ് കൗണ്‍സിലിലും ഒരു വനിതയുണ്ട്, മുംബൈയിലെ ഡോ. സീനത്ത് ശൗക്കത്തലി. കേരളത്തിലെ സാമൂഹിക ക്ഷേമവകുപ്പിന്റെ അധ്യക്ഷയായി ഖമറുന്നിസ അന്‍വര്‍ ഉണ്ടായിരുന്നു. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ അധ്യക്ഷയായി മുഹ്‌സിന കിദ്വായിയും പ്രവര്‍ത്തിച്ചിട്ടുണ്ട്. മഹല്ലുകളെ നിയന്ത്രിക്കുന്ന വഖ്ഫ് ബോര്‍ഡ് ഓഫീസില്‍ വനിതകള്‍ ജോലി ചെയ്യുന്നുണ്ട്.
സ്ത്രീകള്‍ പരിധികള്‍ ലംഘിച്ച് അഴിഞ്ഞാടരുതെന്നത് വളരെ ശരിയാണ്. ഇതിന്റെ മറവില്‍ സ്ത്രീകളുടെ അവകാശം നിഷേധിക്കുന്നത് ശരിയല്ല. സ്ത്രീകളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ശരിയായ വിധത്തില്‍ ചര്‍ച്ച ചെയ്യാനും പരിഹരിക്കാനും അവര്‍ക്കിടയില്‍ ഫലപ്രദമായ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും സ്ത്രീകള്‍ മഹല്ല് ഭരണത്തിലും മറ്റിതര സാമൂഹിക കൂട്ടായ്മകളിലും പങ്കാളികളാവേണ്ടതുണ്ട്. സ്ത്രീകള്‍ മഹല്ല് ഭരണത്തില്‍ രചനാത്മകമായി ഇടപെട്ടാല്‍ മുസ്‌ലിം സ്ത്രീകളിലെ അനിസ്‌ലാമിക പ്രവണതകള്‍ തിരുത്താനും കുടുംബത്തിന്റെ ഇസ്‌ലാമീകരണം സുസാധ്യമാക്കാനും അത് ഏറെ സഹായകമായേക്കും.
കവിതയിലെ 'കിതാബ്'
ലക്കം 2822-ല്‍ വന്ന ശമീം ചൂനൂരിന്റെ 'കിതാബ്' എന്ന കവിത ഗംഭീരമായിരുന്നു. പുസ്തക വേട്ടയിലൂടെ ഭരണകൂടം നിര്‍മിച്ചെടുത്ത വികലമായ മനോഭാവത്തില്‍ നിന്നും കവിക്കുണ്ടായ വേദനയുടെ നീറ്റലാണ് 'കിതാബ്.'
പ്രബോധനത്തിലെ കവിതകള്‍ വൃത്തതാള നിബദ്ധങ്ങളല്ലെങ്കിലും ആശയ സാന്ദ്രത കൊണ്ട് ഏറെ മുന്നിട്ടു നില്‍ക്കുന്നു. കവിക്കും പ്രബോധനത്തിനും അഭിനന്ദനങ്ങള്‍.
ഉസ്മാന്‍ പാടലടുക്ക
ഓരോ മുസ്‌ലിം സ്ത്രീക്കും
പറയാനുള്ളത്
ഒക്‌ടോബര്‍ 11-ന്റെ ലക്കത്തില്‍, 'നടക്കേണ്ടത് തിരിച്ചു പോക്കല്ല, ബോധവത്കരണം' എന്ന പി. റുക്‌സാനയുടെ ലേഖനം സന്ദര്‍ഭോചിതമായി. കേരളത്തിലെ ഓരോ മുസ്‌ലിം സ്ത്രീക്കും പറയാനുള്ള കാര്യമാണ് റുക്‌സാന എഴുതിയിരിക്കുന്നത്. മുസ്‌ലിം സംഘടനാ നേതാക്കള്‍ ഒരു സര്‍വേ നടത്തിയാല്‍ ഇത് കൂടുതല്‍ ബോധ്യമാകും.
സുലു മുസ്ത്വഫ
മുസഫര്‍ നഗര്‍ കലാപവും
ഉത്തരേന്ത്യന്‍ പോലീസും
വടക്കെ ഇന്ത്യയില്‍ പോലീസിനു കൃത്യമായ ജാതിയും മതവുമുണ്ട്. മുസഫര്‍ നഗര്‍ കലാപം ആസൂത്രണം ചെയ്തുവെന്ന് ആരോപിക്കപ്പെട്ട ബി.ജെ.പി എം.എല്‍.എ സംഗീത് സോമിനെ തടവിലാക്കിയപ്പോള്‍ സല്യൂട്ടടിച്ചാണ് ജയിലിലേക്ക് സ്വീകരിച്ചതത്രെ. കലാപങ്ങളില്‍ പോലീസ് പക്ഷംപിടിക്കുന്നത് ഉത്തരേന്ത്യയില്‍, പ്രത്യേകിച്ച് യു.പിയില്‍ പുതിയ സംഭവമല്ല. പോലീസ് കുറ്റകരമായ വീഴ്ച തുടരുകയാണെന്നും അക്രമികളുടെ പേര് സഹിതം പരാതി നല്‍കിയിട്ടും കേസെടുത്തതല്ലാതെ ഇതുവരെ അറസ്റ്റുണ്ടായിട്ടില്ലെന്നുമാണ് മുസഫര്‍ നഗറില്‍ വസ്തുതാന്വേഷണത്തിന് ചെന്ന ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തത്.
വടക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ പോലീസ് വര്‍ഗീയ പോലീസാണെന്ന് നിരവധി ജുഡീഷ്യല്‍ അന്വേഷണ കമീഷനുകള്‍ വ്യക്തമാക്കിയതാണ്. ഭീവണ്ടി, മഹദി തുടങ്ങിയ മഹാരാഷ്ട്രയിലെ ചില നഗരങ്ങളില്‍ 1969-ല്‍ നടന്ന വര്‍ഗീയ ലഹളകളെക്കുറിച്ച് അന്വേഷിച്ച മദന്‍ കമീഷന്‍ പോലീസിന്റെ വിവേചനപരമായ നടപടികളിലേക്ക് വെളിച്ചം വീശിയിട്ടുണ്ട്. 1982-ല്‍ മീറത്തില്‍ നടന്ന വര്‍ഗീയ ലഹളക്ക് ശേഷം അവിടം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ മനസ്സിലാക്കി ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ അന്നത്തെ ആഭ്യന്തരമന്ത്രിക്ക് അയച്ച കത്തില്‍ പ്രാദേശിക പോലീസ് നടത്തിയ പക്ഷപാതപരമായ ക്രൂരത അനാവരണം ചെയ്തിരുന്നു. ''പോലീസ് യൂനിഫോം പോലീസുകാരുടെ വര്‍ഗീയ ചായ്‌വുകളും ദൗര്‍ബല്യവും മറച്ചുവെക്കാനല്ലാതെ നിര്‍മാര്‍ജനം ചെയ്യാന്‍ പര്യാപ്തമല്ല'' എന്നാണ് പോലീസിന്റെ വര്‍ഗീയ ചായ്‌വിനെ കുറിച്ച് സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവായിരുന്ന മധുദന്തവതേ കാണ്‍പൂര്‍ കലാപം നടന്നപ്പോള്‍ തുറന്നടിച്ചത് (മലയാള മനോരമ, 1987 സെപ്റ്റംബര്‍).
''മലിയാനയില്‍ മുസല്‍മാന്മാര്‍ക്കെതിരെ സായുധ പോലീസ് സേന അക്രമം നടത്തി'' (ജന്മഭൂമി 28.9.1987) എന്ന് എല്‍.കെ അദ്വാനിക്ക് പോലും രാജ്യസഭയില്‍ സമ്മതിക്കേണ്ടിവന്നു. ''ഒരു ജനതക്ക് സംഭവിക്കാവുന്ന ഏറ്റവും വലിയ നിര്‍ഭാഗ്യം'' എന്നാണ് പോലീസ്-ഗുണ്ടാ രാഷ്ട്രീയ കൂട്ടുകെട്ടിനെക്കുറിച്ച് ഒഡിഷയില്‍ സീനിയര്‍ പോലീസ് ഉദ്യോഗസ്ഥനായിരുന്ന ശങ്കര്‍ സേന്‍, സ്റ്റേറ്റ്‌സ്മാന്‍ പത്രത്തിലെഴുതിയത്. പോലീസിലെ ഈ കടുത്ത പക്ഷപാത മനോഭാവത്തെക്കുറിച്ച് എന്‍.വി കൃഷ്ണവാര്യര്‍ എഴുതി: ''ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയുടെ പോലീസ് താരതമ്യേന നിഷ്പക്ഷമായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇന്ന് സ്ഥിതി വളരെ മോശമായിരിക്കുന്നു. ക്രമസമാധാനവും നീതിയും നടപ്പിലാക്കാന്‍ ബാധ്യസ്ഥരായ നിയമപാലകര്‍ പക്ഷപാതിത്വം കൊണ്ട് അന്ധരാവുമ്പോള്‍ ഈ രാജ്യത്ത് അതിലപ്പുറം ഒരു ദുരന്തം സംഭവിക്കാനുണ്ടോ?'' (കുങ്കുമം വാരിക 29-7-1986). ഇപ്പോഴാകട്ടെ, പോലീസ് മാത്രമല്ല, ഭരണകൂടമാകെ അന്ധമായ അന്യമത വിവേചനത്തിന്റെയും സ്വജനപക്ഷപാതത്തിന്റെയും പിടിയിലമരുകയാണ്. അതാണല്ലോ ഗുജറാത്തില്‍ നരേന്ദ്ര മോഡി കാഴ്ചവെച്ചത്.
ഉത്തരേന്ത്യന്‍ പോലീസിന്റെ വര്‍ഗീയ സമീപനത്തെക്കുറിച്ച് മംഗളം ലേഖകന്‍ പ്രമോദ് പുഴങ്കര ഓര്‍മിക്കുന്നതിങ്ങനെ: ''1983-ല്‍ മീററ്റില്‍ മുസ്‌ലിം ചെറുപ്പക്കാരെ ഹിന്ദോന്‍ കനാലിന് മുകളിലെ പാലത്തില്‍ നിരനിരയായി നിര്‍ത്തി പി.എ.സി വെടിവെച്ചു കനാലില്‍ തള്ളിയ സംഭവം ഉണ്ടായി. വെടിയേറ്റവരില്‍ രണ്ട് യുവാക്കള്‍ 10 കിലോ മീറ്റര്‍ അകലെ പോലീസ് ഭീകരതയുടെ കഥകള്‍ ലോകത്തോട് വിളിച്ചുപറയാന്‍ മാത്രം ബാക്കി ജീവനോടെ പൊന്തിയില്ലായിരുന്നെങ്കില്‍ അതും ആള്‍ക്കൂട്ട വര്‍ഗീയതയുടെ കണക്കില്‍ വകവെക്കുമായിരുന്നു'' (6-9-2013).
മുസഫര്‍ നഗര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ വര്‍ഗീയ കലാപ നിയന്ത്രണ- പുനരധിവാസ ബില്‍ പാര്‍ലമെന്റ് അടിയന്തരമായി പാസ്സാക്കണമെന്ന് നൂറോളം വരുന്ന പൗരാവകാശ പ്രവര്‍ത്തകരും സംഘടനകളും ആവശ്യപ്പെട്ടിരിക്കുകയാണ്. അക്രമികളെ തടയുന്നതില്‍ പോലീസും ജില്ലാ ഭരണകൂടവും വീഴ്ച വരുത്തുകയാണ്. പക്ഷപാതപരമായി പെരുമാറുകയും കര്‍ത്തവ്യ നിര്‍വഹണത്തില്‍ വീഴ്ചവരുത്തുകയും ചെയ്യുന്ന ഉദ്യോഗസ്ഥരെ ശിക്ഷിക്കാന്‍ നിലവിലെ ബില്ലില്‍ വ്യവസ്ഥയില്ലാത്ത പശ്ചാത്തലത്തില്‍ വര്‍ഗീയ കലാപ നിയന്ത്രണ ബില്ലില്‍ അത്തരം വകുപ്പുകള്‍ ഉള്‍പ്പെടുത്തണമെന്ന പൗരാവകാശ പ്രവര്‍ത്തകരുടെ ആവശ്യത്തിന് ഏറെ കാലിക പ്രസക്തിയുണ്ട്.
റഹ്മാന്‍ മധുരക്കുഴി
Comments