Prabodhanm Weekly

Pages

Search

2013 നവംബര്‍ 08

തീവ്രവാദികളും മിതവാദികളും വീണ്ടും കണ്ടുമുട്ടുമ്പോള്‍

സി. ദാവൂദ് / ലേഖനം

ഡോ. ഫത്ഹീ ശഖാഖിയെ ചെറുതായി പരിചയപ്പെടാം. ഗസ്സയിലെ ഒരു അഭയാര്‍ഥി ക്യാമ്പില്‍ 1951-ലാണ് ജനനം. ഇസ്രയേലി നഗരമായ ജാഫയില്‍ നിന്ന് പലായനം ചെയ്തുവന്നവരാണ് ശഖാഖിയുടെ കുടുംബം. വെസ്റ്റ്ബാങ്കിലെ ബീര്‍ സൈത്ത് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദമെടുത്ത ശഖാഖി വൈദ്യപഠനത്തിനായി പിന്നീട് ഈജിപ്തിലേക്ക് പോയി. 1981-ല്‍ മെഡിസിനില്‍ ബിരുദം നേടി. പക്ഷേ, അക്കാലത്തിനിടയില്‍ ഈജിപ്തിലെ മറ്റനേകം പ്രഫഷണല്‍ വിദ്യാര്‍ഥികളെയും പോലെ ശഖാഖിയും മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ആശയങ്ങളിലൂടെ കടന്നുപോയിരുന്നു. ബ്രദര്‍ഹുഡുമായി ബന്ധപ്പെട്ട അതേ വേഗത്തില്‍ തന്നെ ശഖാഖി അതില്‍ നിന്ന് അകലുകയും ചെയ്തു.
1970-കളാണ് കാലം. ലോക ഇസ്‌ലാമിസ്റ്റുകള്‍ക്കിടയില്‍ ആവേശത്തിന്റെ ചുടുകാറ്റ് വീശിയ വേനല്‍ക്കാലമായിരുന്നു അത്. 1979-ലെ ഇറാന്‍ വിപ്ലവം, അതേ വര്‍ഷം തന്നെ നടന്ന സോവിയറ്റ് യൂനിയന്റെ അഫ്ഗാന്‍ അധിനിവേശവും അതിനെതിരെ ആരംഭിച്ച മുജാഹിദീന്‍ ചെറുത്തുനില്‍പുമെല്ലാം ചേര്‍ന്ന് ഇസ്‌ലാമിസ്റ്റ് യുവാക്കളുടെ സിരകള്‍ ത്രസിച്ചു നിന്ന കാലം. ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കകത്ത് കനത്ത ആശയ സംഘര്‍ഷങ്ങള്‍ക്ക് ആവേശത്തിന്റെ ആ വേനല്‍ച്ചൂട് കാരണമായി. പല രാജ്യങ്ങളിലും പിളര്‍പ്പുകള്‍ എന്നു വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള ആഭ്യന്തര, ആശയ സംഘര്‍ഷങ്ങള്‍ പ്രസ്ഥാനങ്ങള്‍ക്കകത്ത് ഉടലെടുത്തു1. ചെറുപ്പക്കാരായ ഒട്ടേറെ പേര്‍, മുഖ്യധാരാ പ്രസ്ഥാനത്തിന്റെ മിതവാദ, സാമ്പ്രദായിക, ശൈലീകൃത രീതികളെ വിമര്‍ശിച്ച് വിപ്ലവത്തിന്റെ ഉശിരന്‍ വഴികള്‍ സൃഷ്ടിക്കാന്‍ ഇറങ്ങിപ്പോയി. ഇന്ത്യയിലെ ജമാഅത്ത്-സിമി സംഘര്‍ഷങ്ങളൊക്കെ അങ്ങനെയൊരു കാലത്തിന്റെ അടയാളങ്ങളായിരുന്നു. ഈജിപ്തില്‍ ഇസ്‌ലാമിക് ജിഹാദും അല്‍ ജമാഅത്തുല്‍ ഇസ്‌ലാമിയയും രൂപീകരിക്കപ്പെടുന്നത് ഇതേ കാലത്ത് തന്നെയാണ്. വിദ്യാര്‍ഥികളെയും ചെറുപ്പക്കാരെയുമായിരുന്നു ഇത്തരം പ്രസ്ഥാനങ്ങള്‍ ഏറെയും ആകര്‍ഷിച്ചത്. ഉടന്‍ വിപ്ലവത്തിന്റെ ശീലുകള്‍ മുഴക്കി മുഷ്ടി ഉയര്‍ത്തി കടന്നു പോയവര്‍. പത്രപദാവലിയിലെ 'മിതവാദി'കളും 'തീവ്രവാദി'കളും രൂപപ്പെടുന്നത് ഈ പശ്ചാത്തലത്തിലാണ്.
'തീവ്രവാദ ഇസ്‌ലാ'മിന്റെ ആശയ പ്രചാരണവും സംഘാടനവും ഈജിപ്ഷ്യന്‍ കാമ്പസുകളില്‍ അലയടിച്ചു വീശുന്ന കാലത്ത് തന്നെയാണ് ഫത്ഹീ ശഖാഖിയും അവിടെ വിദ്യാര്‍ഥിയായി എത്തുന്നത്. ഫലസ്ത്വീന്റെ മോചനവും അന്തസ്സാര്‍ന്ന ജീവിതവും സ്വപ്നം കാണുന്ന ശഖാഖി സ്വാഭാവികായും ആ ആശയധാരയിലേക്ക് ആകര്‍ഷിക്കപ്പെട്ടു. ഫലസ്ത്വീന്‍ വിമോചനത്തിന് വേണ്ടി ബ്രദര്‍ഹുഡ് കാര്യമായൊന്നും ചെയ്യുന്നില്ലെന്ന തീവ്ര ഇസ്‌ലാമിസ്റ്റുകളുടെ പ്രചാരണം ശഖാഖിയെ എളുപ്പം സ്വാധീനിച്ചു. ബ്രദര്‍ഹുഡ് അക്കാലത്ത് ഫലസ്ത്വീനില്‍ ചെയ്യുന്നത് പോലെ (അന്ന് ഹമാസ് രൂപീകരിക്കപ്പെട്ടിട്ടില്ല) വിദ്യാഭ്യാസ, ബോധവത്കരണ, ആശയ പ്രചാരണവും സാമൂഹിക സേവനവും നടത്തിക്കഴിഞ്ഞു പോയാല്‍ പോര എന്ന തീര്‍പ്പില്‍ ആ ചെറുപ്പക്കാരനെത്തി. സായുധവഴിയിലൂടെയുള്ള മോചനം- അത് മാത്രമാണ് ഫലസ്ത്വീന്‍ മോചനത്തിനുള്ള ഏക വഴി എന്ന നിശ്ചയത്തിലെത്തി അയാള്‍. അങ്ങനെയാണ് സമാന ആശയം പങ്കുവെക്കുന്ന ഫലസ്ത്വീനികളുമായി ചേര്‍ന്ന്, ഫലസ്ത്വീനി പണ്ഡിതനായ അബ്ദുല്‍ അസീസ് ഔദയെ ആത്മീയ നേതാവായി നിശ്ചയിച്ച് ഫലസ്ത്വീന്‍ ഇസ്‌ലാമിക് ജിഹാദ് (പി.ഐ.ജെ/ഹറകത്തുല്‍ ജിഹാദില്‍ ഇസ്‌ലാമി ഫീ ഫിലസ്ത്വീന്‍) എന്ന പ്രസ്ഥാനത്തിന് ശഖാഖി രൂപം നല്‍കുന്നത്. 1981 ആണ് പി.ഐ.ജെയുടെ രൂപീകരണ വര്‍ഷമായി ഔദ്യോഗികമായി പറയപ്പെടാറെങ്കിലും 1970-കള്‍ക്കൊടുവില്‍ തന്നെ അതിന്റെ രൂപീകരണം നടന്നിരുന്നു. 1987 വരെ ഗസ്സയായിരുന്നു പി.ഐ.ജെയുടെ ആസ്ഥാനം. പിന്നീട് അത് ലബനാനിലേക്ക് മാറ്റി. 1989 മുതലിങ്ങോട്ട് ദമസ്‌കസ് കേന്ദ്രീകരിച്ചാണ് സംഘടന പ്രവര്‍ത്തിക്കുന്നത്.
ഇന്ന് ഫലസ്ത്വീന്‍ ചെറുത്തു നില്‍പ് പ്രസ്ഥാനങ്ങളില്‍ ശ്രദ്ധേയമായ സ്ഥാനമാണ് പി.ഐ.ജെക്കുള്ളത്. ഗസ്സ കേന്ദ്രീകരിച്ചാണ് അത് പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. ഹെബ്രോണ്‍, ജെനിന്‍ തുടങ്ങിയ വെസ്റ്റ്ബാങ്ക് നഗരങ്ങളിലും അതിന് സാമാന്യം സ്വാധീനമുണ്ട്. ഹമാസിനെ പോലെ, സാമൂഹിക സേവനപ്രവര്‍ത്തനങ്ങളോ മറ്റു ജനകീയ പരിപാടികളോ അവര്‍ നടത്തുന്നില്ല. രാഷ്ട്രീയ പ്രക്രിയകളിലും അവര്‍ പങ്കാളികളല്ല. സായുധ പോരാട്ടം എന്നതാണ് അവരുടെ ഏക അജണ്ട. ഇറാന്‍, സിറിയ എന്നീ രാഷ്ട്രങ്ങളുടെ സമ്പൂര്‍ണമായ പിന്തുണ പി.ഐ.ജെക്കുണ്ട്. ഇറാന്‍ അനുകൂല ലബനീസ് സായുധ പ്രസ്ഥാനമായ ഹിസ്ബുല്ലയുമായും പി.ഐ.ജെ അടുത്ത ബന്ധം നിലനിര്‍ത്തുന്നു. പി.ഐ.ജെയുടെ വളണ്ടിയര്‍മാര്‍ക്ക് ആയുധ പരിശീലനം നല്‍കുന്നത് ഹിസ്ബുല്ലയാണ് എന്നാണ് പറയപ്പെടുന്നത്. സുന്നികള്‍ക്ക് മാത്രമല്ല, ശീഈകള്‍ക്കും അംഗത്വം നല്‍കുമെന്നതാണ് പി.ഐ.ജെയുടെ പ്രഖ്യാപിത നിലപാട്.
പി.ഐ.ജെയുടെ ചരിത്രം ഫതഹീ ശഖാഖിയുടെ ജീവിതവുമായി ബന്ധപ്പെട്ടതു കൂടിയാണ്. ശഖാഖി 1995 ഒക്‌ടോബര്‍ 26-ന് മെഡിറ്ററേനിയന്‍ ദ്വീപ് രാഷ്ട്രയമായ മാള്‍ട്ടയില്‍ വെച്ച്, ബൈക്കിലെത്തിയ രണ്ട് തോക്കുധാരികളുടെ വെടിയേറ്റ് രക്തസാക്ഷിയായി. ലിബിയന്‍ പ്രസിഡന്റ് മുഅമ്മര്‍ ഖദ്ദാഫിയെ നേരില്‍ കാണാനുള്ള യാത്രയിലായിരുന്നു ശഖാഖി. മൊസാദ് ഏജന്റുമാരാണ് ആ കൊലപാതകം നടപ്പിലാക്കിയത്. ഇസ്രയേലിന്റെ 'ഭീകര വിരുദ്ധ  പോരാട്ട'ത്തിലെ സുപ്രധാനമായ ചുവടായി ശഖാഖിയുടെ നിഷ്‌കാസനം ആഘോഷിക്കപ്പെട്ടു. 'ഫതഹീ ശഖാഖി കൊല്ലപ്പെട്ടതില്‍ എനിക്ക് ദുഃഖമില്ല' എന്നാണ് കൊലപാതക വാര്‍ത്തയറിഞ്ഞ ഇസ്രയേലി പ്രധാനമന്ത്രി യിഷാക് റെബിന്‍ പ്രതികരിച്ചത്. എന്നാല്‍, ശഖാഖി കൊല്ലപ്പെട്ട് ഒരാഴ്ച തികയുമ്പോഴേക്ക് (നവംബര്‍ നാല്) യീഷാക് റെബിന്‍ ജൂത തീവ്രവാദിയായ ഇഗല്‍ അമീറിന്റെ വെടിയേറ്റ് തെല്‍ അവീവില്‍ കൊല്ലപ്പെട്ടു. 'യിഷാക് റെബിന്‍ കൊല്ലപ്പെട്ടതില്‍ ഞങ്ങള്‍ക്കും ദുഃഖമില്ല' എന്നെഴുതിയ പോസ്റ്ററുകള്‍ അക്കാലത്ത് കേരളത്തിലെ ചുമരുകളില്‍ സിമി പ്രവര്‍ത്തകര്‍ പതിച്ചുവെച്ചത് ഓര്‍ക്കുന്നു.
ശഖാഖിയുടെ രക്തസാക്ഷിത്വത്തെ തുടര്‍ന്ന് റമദാന്‍ അബ്ദുല്ലാ ശല്ലാ ആണ് പി.ഐ.ജെയുടെ നേതൃത്വം ഏറ്റെടുത്തത്. 1958 ഫെബ്രുവരി ഒന്നിന് ഗസ്സയിലെ ശുജാഇയ്യയിലാണ് ശല്ലയുടെ ജനനം. ഇംഗ്ലണ്ടിലെ ഡുറാം യൂനിവേഴ്‌സിറ്റിയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ പി.എച്ച്.ഡി കരസ്ഥമാക്കിയ അദ്ദേഹം 1995-ല്‍ പി.ഐ.ജെയുടെ നേതൃസ്ഥാനം ഏറ്റെടുക്കുന്നത് വരെ അമേരിക്കയിലെ യൂനിവേഴ്‌സിറ്റി ഓഫ് സൗത്ത് ഫ്‌ളോറിഡയില്‍ അധ്യാപകനായിരുന്നു. അക്കാലമത്രയും പി.ഐ.ജെയുമായുള്ള തന്റെ ബന്ധം മറച്ചുവെച്ചു കൊണ്ടാണ് അദ്ദേഹം അവിടെ പണിയെടുത്തതെന്നത് ഏവരെയും അമ്പരിപ്പിച്ച കാര്യമായിരുന്നു. 1995 നവംബര്‍ 27-ന് യു.എസ് ഭരണകൂടം ശല്ലയെ 'ക്ലാസിഫൈഡ് ടെററിസ്റ്റ്' പട്ടികയിലുള്‍പ്പെടുത്തി. അപ്പോഴേക്കും ശല്ല അമേരിക്ക വിട്ട് സിറിയയില്‍ എത്തിക്കഴിഞ്ഞിരുന്നു. ഇപ്പോഴും അദ്ദേഹം സിറിയ കേന്ദ്രീകരിച്ച് പി.ഐ.ജെക്ക് നേതൃത്വം നല്‍കുന്നു.
റമദാന്‍ ശല്ല പി.ഐ.ജെയുടെ ജനറല്‍ സെക്രട്ടറിയായി തുടരുമ്പോള്‍ ഗസ്സയില്‍ മുഹമ്മദ് അല്‍ ഹിന്ദിക്കാണ് സംഘടനയുടെ നേതൃത്വം. ഇന്ത്യയിലെ സൂറത്തില്‍ നിന്ന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഫലസ്ത്വീനിലേക്ക് കുടിയേറിയവരുടെ പിന്‍ഗാമികളാണ് അല്‍ഹിന്ദിയുടെ കുടുംബമെന്ന്, കയ്‌റോവിലെ ഓഫീസില്‍ വെച്ച് സംസാരിച്ചിരിക്കെ, ഹമാസിന്റെ വിദേശ കാര്യമേധാവി ഉസാമാ ഹംദാന്‍ ഈ ലേഖകനോട് പറഞ്ഞതോര്‍ക്കുന്നു. ജവഹര്‍ ലാല്‍ നെഹ്‌റു ലൈബ്രറി കഴിഞ്ഞാല്‍ ഗസ്സയിലെ ഇന്ത്യന്‍ സ്മാരകമാണ് മുഹമ്മദ് അല്‍ഹിന്ദി എന്നര്‍ഥം!
ഇക്കഥകള്‍ ഇപ്പോള്‍ ഇവിടെ ഓര്‍ക്കാന്‍ കാരണമുണ്ട്. 2013 സെപ്റ്റംബര്‍ ഒടുവിലും ഒക്‌ടോബര്‍ ആദ്യത്തിലുമായി പല അറബ് മാധ്യമങ്ങളിലും വന്ന ഒരു വാര്‍ത്തയാണത്. ഫലസ്ത്വീനിലെ ഹമാസും ഇസ്‌ലാമിക് ജിഹാദും സംയുക്തമായി പ്രവര്‍ത്തിക്കാന്‍ പോവുന്നു എന്നതായിരുന്നു വാര്‍ത്തകള്‍. സംഘടനകള്‍ ലയിക്കാനുള്ള സാധ്യതയെക്കുറിച്ചും ചിലര്‍ എഴുതി. ഇരു സംഘടനകളും അടുത്ത കാലത്തായി വളരെയധികം അടുത്തും സഹകരിച്ചുമാണ് പ്രവര്‍ത്തിക്കുന്നത്. അധിനിവേശത്തെ ചെറുക്കുക എന്ന പ്രായോഗിക അജണ്ടയിലും ഇസ്‌ലാമിക രാഷ്ട്രീയം എന്ന ഉള്ളടക്കത്തിലും ഇരു സംഘടനകള്‍ക്കുമിടയില്‍ അഭിപ്രായ വ്യത്യാസങ്ങളില്ല. എന്നാല്‍, സായുധ പ്രതിരോധത്തിന്റെ വഴി സ്വീകരിക്കുമ്പോള്‍ തന്നെ രാഷ്ട്രീയ പ്രക്രിയയില്‍ പങ്കാളികളാവുന്ന ഹമാസ് ലൈനിനോടാണ് പി.ഐ.ജെക്ക് വിയോജിപ്പുള്ളത്. അതുണ്ടായിരിക്കെത്തന്നെ, ഇരു സംഘടനകളും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി യോജിച്ചാണ് പ്രവര്‍ത്തിച്ചുപോരുന്നത്. ഒന്ന്, രണ്ട് ഗസ്സ യുദ്ധങ്ങളില്‍ പ്രതിരോധ മുന്നണിയില്‍ ഇരു കൂട്ടരും യോജിച്ച് പൊരുതി. ഹമാസ് നേതൃത്വത്തെയും ഭരണകൂടത്തെയും അംഗീകരിക്കുന്നതില്‍ പി.ഐ.ജെയും പി.ഐ.ജെയുടെ സാന്നിധ്യത്തെ ആദരിക്കുന്നതില്‍ ഹമാസും പിശുക്ക് കാണിച്ചില്ല. ഗസ്സ യാത്രക്കിടെ പ്രധാനമന്ത്രി ഇസ്മാഈല്‍ ഹനിയ്യയുടെ ഓഫീസില്‍ ഒരുക്കിയ ചടങ്ങില്‍ പി.ഐ.ജെ നേതാവ് മുഹമ്മദ് അല്‍ ഹിന്ദിയും സന്നിഹിതനായിരുന്നു. അവര്‍ പരസ്പരം കാണിച്ച ആദരവും ബഹുമാനവും ഏറെ ശ്രദ്ധേയമായിരുന്നു.
ലയന വാര്‍ത്തയിലേക്ക് വരാം. ഇരു സംഘടനകളും ലയിക്കാന്‍ തീരുമാനിച്ചുവെന്നത് ശരിയല്ലെങ്കിലും സംയുക്ത കമാന്റ് രൂപീകരിക്കാന്‍ തീരുമാനിച്ചുവെന്നതാണ് സത്യം. ഗസ്സയിലെ ഹമാസ് നേതാവ് മഹ്മൂദ് സഹറും പി.ഐ.ജെ നേതാവ് മുഹമ്മദ് അല്‍ഹിന്ദിയും ഈ വിഷയത്തില്‍ ചര്‍ച്ചകളുടെ ഒരു പരമ്പര തന്നെ നടത്തി. പരസ്പര സഹകരണം വര്‍ധിപ്പിക്കാന്‍ ഒരു സുപ്രീം കോഡിനേഷന്‍ കമ്മിറ്റിയും രൂപീകരിക്കപ്പെട്ടു. ഗസ്സയിലെ ഭരണ, രാഷ്ട്രീയ പ്രക്രിയയില്‍ പി.ഐ.ജെ പങ്കാളികളാവണമെന്നതാണ് ഹമാസിന്റെ ആവശ്യവും ആഗ്രഹവും. ഹമാസും പി.ഐ.ജെയും യോജിപ്പിലെത്തുന്നതോടെ ഗസ്സയിലെ ഇസ്‌ലാമിസ്റ്റ് പ്രതിരോധ ധാരയുടെ ശക്തി വര്‍ധിക്കുമെന്ന് മാധ്യമ വിശകലനങ്ങളും വന്നുകഴിഞ്ഞു.
1970-കള്‍ക്കൊടുവിലും 80-കളുടെ തുടക്കത്തിലുമായി ഇസ്‌ലാമിസ്റ്റുകള്‍ക്കിടയില്‍ ഉയര്‍ന്നു വന്ന മിതവാദ-തീവ്രവാദ സംഘര്‍ഷങ്ങള്‍ ഇപ്പോള്‍ അതിന്റെ വിപരീത ദിശയില്‍ സഞ്ചരിക്കുന്നതിന്റെ കാഴ്ച ലോകത്ത് മറ്റു പലേടങ്ങളിലും ദൃശ്യമാണ്. ഈജിപ്തിലെ ഇസ്‌ലാമിക് ജിഹാദും അല്‍ ജമാഅത്തുല്‍ ഇസ്‌ലാമിയ്യയും തങ്ങളുടെ സായുധ മാര്‍ഗം വര്‍ഷങ്ങള്‍ക്ക് മുമ്പേ ഉപേക്ഷിച്ചിരുന്നു. 2011-ലെ അറബ് വസന്ത വിപ്ലവത്തിന് ശേഷം ഈ രണ്ട് സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപീകരിക്കുകയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തു. മുഹമ്മ് മുര്‍സി അധികാരത്തിലിരിക്കെ അദ്ദേഹത്തിനെതിരെ സെക്യുലര്‍-ഇടതു-മുബാറക് അനുകൂല കക്ഷികള്‍ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചപ്പോള്‍ തെരുവില്‍ അതിനെതിരെ ഏറ്റവും ശക്തമായി നിലയുറപ്പിച്ചത് അല്‍ ജമാഅത്തുല്‍ ഇസ്‌ലാമിയ ആയിരുന്നു. അല്‍ ജമാഅയോട് അടുത്ത് പെരുമാറിയതിന്റെ പേരില്‍ മുര്‍സി ഏറെ പഴി കേള്‍ക്കേണ്ടി വരികയും ചെയ്തു. അല്‍ ജമാഅത്തുല്‍ ഇസ്‌ലാമിയ നേതാവായ ആദില്‍ മുഹമ്മദ് അല്‍ ഖയാതിനെ ലക്‌സര്‍ പ്രവിശ്യയുടെ ഗവര്‍ണറായി മുര്‍സി നിയമിച്ചത് വന്‍ കോലാഹലം സൃഷ്ടിച്ചിരുന്നു. ഈജിപ്തിലെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രമാണ് ലക്‌സര്‍. ടൂറിസ്റ്റുകളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ആക്രമണങ്ങള്‍ അല്‍ ജമാഅയുടെ തീവ്രവാദ കാലത്തെ പ്രധാന പ്രവര്‍ത്തനങ്ങളിലൊന്നായിരുന്നു. 'ടൂറിസ്റ്റുകളുടെ കൊലയാളി ടൂറിസ നഗരത്തിന്റെ നായകന്‍' എന്ന മട്ടിലുള്ള വന്‍ പ്രചാരണങ്ങള്‍ ഈ നിയമനത്തിന്റെ പേരില്‍ നടക്കുകയുണ്ടായി. യഥാര്‍ഥത്തില്‍, വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ, തീവ്രവാദ ലൈന്‍ അല്‍ ജമാഅത്തുല്‍ ഇസ്‌ലാമിയയും ഇസ്‌ലാമിക് ജിഹാദും തള്ളിപ്പറയുകയും രാഷ്ട്രീയ, സാമൂഹിക പ്രക്രിയയിലേക്ക് പ്രവേശിക്കുകയും ചെയ്തിരുന്നു. ഇസ്‌ലാമിക് ജിഹാദിലെ ഒരു വിഭാഗം ഇസ്‌ലാമിക് പാര്‍ട്ടി എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. മുന്‍കാല കേസുകളുടെ കാരണത്താല്‍ മിക്ക നേതാക്കള്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിച്ചില്ല. ഇസ്‌ലാമിക് ജിഹാദിലെ മറ്റൊരു വിഭാഗം ഡെമോക്രാറ്റിക് ജിഹാദ് പാര്‍ട്ടി എന്ന പേരില്‍ രാഷ്ട്രീയ സംഘടനയുണ്ടാക്കി. 2012-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുഹമ്മദ് മുര്‍സിക്കെതിരെ മത്സരിച്ച മുബാറക് അനുയായി ആയ അഹ്മദ് ശഫീഖിനെയാണ് ഈ ജിഹാദ് പാര്‍ട്ടി പിന്തുണച്ചത്. ബ്രദര്‍ഹുഡ് അധികാരത്തില്‍ വന്നാല്‍ മതരാഷ്ട്രം സ്ഥാപിച്ചുകളയും എന്നതായിരുന്നു അവരുടെ വാദം! പാര്‍ട്ടിയുടെ രൂപീകരണം പ്രഖ്യാപിക്കുന്ന പത്രസമ്മേളനത്തില്‍ ഹനാന്‍ നൂറുദ്ദീന്‍ എന്ന യുവ വനിതാ നേതാവ് തല മറക്കാതെയാണ് പ്രത്യക്ഷപ്പെട്ടത് (ഏത് നിലപാടിലാണെങ്കിലും കാര്യം അല്‍പം തീവ്രമായിരിക്കട്ടെ എന്ന് അതിന്റെ നേതാക്കള്‍ വിചാരിച്ചു കാണും).
അല്‍ ജമാഅത്തുല്‍ ഇസ്‌ലാമിയ ആകട്ടെ, മുബാറക് പതനത്തിന് ശേഷം ബില്‍ഡിംഗ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടി (ഹിസ്ബുല്‍ ബിനാഅ് വ തന്‍മിയ) എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഏതാനും സീറ്റുകളും അവര്‍ നേടിയെടുത്തു. സലഫിസ്റ്റ് അന്നൂര്‍ പാര്‍ട്ടിയുമായി സഖ്യത്തിലായാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെങ്കിലും മുര്‍സി അട്ടിമറിക്കപ്പെട്ട ശേഷം അട്ടിമറി വിരുദ്ധ സഖ്യത്തില്‍ ഏറ്റവും സജീവ ഘടക കക്ഷിയായി, മുസ്‌ലിം ബ്രദര്‍ഹുഡിനൊപ്പം നിലയുറപ്പിച്ചിരിക്കുകയാണ് അവര്‍. സൈനിക അട്ടിമറിയെ പിന്തുണച്ച സലഫികളുടെ സമീപനത്തെ രൂക്ഷമായ ഭാഷയിലാണ് അവര്‍ അപലപിച്ചത്. തുനീഷ്യയില്‍ സലഫി തീവ്രവാദികള്‍ പലവിധ സാമൂഹിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും അവരെ രാഷ്ട്രീയ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്ന സമീപനമാണ് റാശിദുല്‍ ഗനൂശിക്കും അന്നഹ്ദക്കുമുള്ളത്. മുന്‍കാല തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സലഫി നേതാക്കളെ വേട്ടയാടുകയും ശിക്ഷിക്കുകയും വേണമെന്ന ലിബറല്‍, മതേതര സമീപനം സ്വീകരിക്കാത്തതിന്റെ പേരില്‍ അദ്ദേഹവും പാര്‍ട്ടിയും പഴി കേള്‍ക്കുകയും ചെയ്യുന്നുണ്ട്.
ചരിത്രത്തിന്റെ ചുടുകാലങ്ങളില്‍ ഉണ്ടായി വന്ന ഭിന്നതകളും വിയോജിപ്പുകളും എല്ലാ കാലത്തും അപ്പടി തുടര്‍ന്നു കൊള്ളണമെന്നില്ല. പുതിയ കാലത്തെ അഭിമുഖീകരിക്കുന്നതില്‍ തീവ്രവാദികളും മിതവാദികളും പുനരന്വേഷണങ്ങള്‍ നടത്തുകയും യോജിപ്പിന്റെ മേഖലകള്‍ കണ്ടെത്തുകയും ചെയ്യുന്നതിന്റെ കാഴ്ചകളാണ് മേല്‍പറഞ്ഞതെല്ലാം. പിന്നീടൊരിക്കലും കണ്ടുമുട്ടാന്‍ ഇടയില്ലാത്ത വഴിപിരിയലായിരുന്നില്ല അവര്‍ക്കിടയില്‍ ഉണ്ടായത്. അവര്‍ വീണ്ടും കണ്ടുമുട്ടിത്തുടങ്ങിയിരിക്കുന്നു. അതിന്റെ വാര്‍ത്തകളാണ് ഗസ്സയില്‍ നിന്നും ഈജിപ്തില്‍ നിന്നുമെല്ലാം കേള്‍ക്കുന്നത്. അതാകട്ടെ, ചരിത്രത്തിന്റെ അനിവാര്യതയാണ് താനും.
1. 2011 ഡിസംബര്‍ ലക്കം പച്ചക്കുതിരയില്‍ ഈ ലേഖകന്‍ എഴുതിയ മുഅമ്മര്‍ ഗദ്ദാഫി വാണിമേലില്‍ എന്ന ലേഖനത്തില്‍ ഈ ചുടുകാലത്തെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/51-55
എ.വൈ.ആര്‍