Prabodhanm Weekly

Pages

Search

2013 നവംബര്‍ 08

ദലിതത്വം എന്ന പാപം

'ഹരിയാനയില്‍ ദലിതനാകുന്നത് പാപമാകുന്നു' കേന്ദ്രമന്ത്രി കുമാരി ഷെല്‍ജയുടേതാണീ പ്രസ്താവന. ഹരിയാനയിലെ അഭ്യസ്തവിദ്യയായ ദലിത് നേതാവും അവിടെ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ലോക് സഭാംഗവുമാണ് ഈ വനിത. അമ്പാലയില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട രാംകുമാര്‍ എന്ന ദലിത് യുവാവിന്റെ കുടുംബത്തെ ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 17-ന് സന്ദര്‍ശിച്ച വേളയിലായിരുന്നു മന്ത്രിയുടെ ഈ പരിദേവനം. രാംകുമാറിന്റെ മൃതദേഹം ഒക്‌ടോബര്‍ 15-ന് റെയില്‍പാളത്തില്‍ കാണപ്പെടുകയായിരുന്നു. അതിനു തലേന്ന് പോലീസ് പിടിച്ചുകൊണ്ടുപോയതായിരുന്നു അയാളെ. പോലീസ് കസ്റ്റഡിയിലായിരുന്ന രാംകുമാറിന്റെ മരണത്തിന് ഉത്തരവാദി പോലീസാണെന്നാണ് നാട്ടുകാരുടെ നിലപാട്. രാംകുമാറിന്റെ കുടുംബത്തെ സമാശ്വസിപ്പിച്ചുകൊണ്ട് കുമാരി ഷെല്‍ജ പറഞ്ഞു: ''ഹരിയാനയില്‍ ദലിതര്‍ സുരക്ഷിതരല്ലെങ്കില്‍, അവരെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെങ്കില്‍ ഈ സംസ്ഥാനത്ത് ദലിതനാകുന്നത് ഒരു പാപമാണെന്നാണതിന്റെ സ്പഷ്ടമായ അര്‍ഥം. വര്‍ഷങ്ങളായി ഇവിടെ ദലിതരെ ക്രൂരമായി പീഡിപ്പിക്കുന്ന സംഭവങ്ങള്‍ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നു.  അവരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഒരു ശ്രമവും നടത്തുന്നില്ല... നേരാംവണ്ണം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും പോലീസ് കൂട്ടാക്കുന്നില്ല. ഞാന്‍ ഇടപെട്ട ശേഷമാണ് രാംകുമാര്‍ കേസിന്റെ എഫ്.ഐ.ആറില്‍ എസ്.സി/ എസ്.ടി ആക്ട് പ്രകാരമുള്ള വകുപ്പുകള്‍ ചേര്‍ക്കാന്‍ അവര്‍ തയാറായത്!'' ഹരിയാന ഭരിക്കുന്നത് പ്രതിപക്ഷ കക്ഷികളൊന്നുമല്ല; കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ് തന്നെയാണെന്നോര്‍ക്കേണ്ടതാണ്.
കുമാരി ഷെല്‍ജ രണ്ട് പ്രശ്‌നങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്, ദലിത് പീഡനവും പോലീസ് അതിക്രമവും. ഇത് രണ്ടും ഹരിയാനയില്‍ മാത്രം ഒതുങ്ങുന്ന പ്രശ്‌നങ്ങളല്ല. രാജ്യത്തിന്റെ നാനാ ഭാഗങ്ങളിലും അവ നിര്‍ബാധം നടക്കുന്നുണ്ട്. പോലീസ് അതിക്രമം ദലിതരില്‍ പരിമിതവുമല്ല. അല്ലാത്തവരും അതിനിരയാകുന്നുണ്ട്. അടുത്ത കാലത്തായി പോലീസ് കസ്റ്റഡിയില്‍ മരിക്കുന്ന മുസ്‌ലിം യുവാക്കളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ദലിത് പീഡനത്തില്‍ പ്രബുദ്ധ കേരളവും പിന്നിലല്ല. ഇക്കഴിഞ്ഞ ഒക്‌ടോബര്‍ അന്ത്യത്തിലാണ് മഞ്ചേരി എക്‌സൈസ് റേഞ്ചിലെ ദലിത് വിഭാഗത്തില്‍ പെട്ട ഒരു സിവില്‍ ഓഫീസറെ മേലുദ്യോഗസ്ഥന്‍ ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും അര്‍ധ നഗ്നനാക്കി മുട്ടിലിഴയിക്കുകയും ചെയ്തതായി പരാതിയുയര്‍ന്നത്. കേരളത്തിലെ മനുഷ്യാവകാശ-സാംസ്‌കാരിക വര്‍ഗ- ബഹുജന പ്രസ്ഥാനങ്ങളൊന്നും അത് ഗൗരവത്തോടെ കാണുകയോ പ്രതികരിക്കുകയോ ഉണ്ടായില്ല. മിക്ക പത്രങ്ങളും തീരെ അപ്രധാനമായ വാര്‍ത്തയായിട്ടാണത് പ്രസിദ്ധീകരിച്ചത്. സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടത് ആശ്വാസകരം തന്നെ. പതിനാറു വര്‍ഷം മുമ്പ് ബിഹാറിലെ ജഹാബാദ് ജില്ലയിലെ ലക്ഷ്മണ്‍പൂര്‍ഗ്രാമത്തില്‍ രണ്‍വീര്‍ സേന എന്ന സവര്‍ണപ്പട സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 58 ദലിതരെ കൂട്ടക്കൊല ചെയ്ത കേസില്‍ പ്രതികളായ 26 പേരെയും വെറുതെവിട്ടുകൊണ്ട് പാറ്റ്‌ന ഹൈക്കോടതിയുടെ വിധി വന്നതും ഈ ഒക്‌ടോബറില്‍ തന്നെയാണ്. 2010-ല്‍ പ്രത്യേക കോടതി 16 പേര്‍ക്ക് വധശിക്ഷയും 10 പേര്‍ക്ക് ജീവപര്യന്തം തടവും വിധിച്ച കേസാണിത്. അന്ന് ലാലു പ്രസാദ് യാദവിന്റെ മേല്‍നോട്ടത്തില്‍ റബ്‌റി ദേവിയായിരുന്നു ബിഹാര്‍ മുഖ്യമന്ത്രി. അനന്തരം അധികാരത്തില്‍ വന്നത് സവര്‍ണാനുകൂലികളായ ബി.ജെ.പി ഉള്‍പ്പെട്ട ജെ.ഡി.യു സഖ്യ സര്‍ക്കാറാണ്. അവര്‍ പ്രതികളുടെ അപ്പീലിനെ നേരിടുന്നതില്‍ അനുവര്‍ത്തിച്ച  അലംഭാവത്തിന്റെ ഫലമാണ് വിധിയില്‍ പ്രകടമായതെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. ഈയിടെ ബി.ജെ.പി ബന്ധം ഉപേക്ഷിച്ച ജെ.ഡി.യു മുഖ്യന്‍ നിതീഷ് കുമാര്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ പോകാന്‍ തീരുമാനിച്ചിട്ടുണ്ട്.
നീതിപീഠത്തിന്റെ മുന്നില്‍ 58 പേരെ അറുകൊല ചെയ്ത കുറ്റവാളിയായി ആരുമില്ല. ഒരിക്കല്‍ ഘാതകരെന്ന് കണ്ട് ശിക്ഷ വിധിക്കപ്പെട്ടവരെല്ലാം നിരപരാധികളായി സാഹ്‌ളാദം പുറത്തുവന്നിരിക്കുന്നു. കൊലയാളികള്‍ക്ക് ഇനിയും നിര്‍ഭയം കൂട്ടക്കൊലകളാസൂത്രണം ചെയ്യാം! ഭയാനകമായ ഈ വാര്‍ത്ത ആരെയും ഉത്കണ്ഠപ്പെടുത്തുന്നതായി കാണുന്നില്ല. ദല്‍ഹിയില്‍ ഒരു യുവതി മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട കേസിലെ നാലു പ്രതികള്‍ക്കും വധശിക്ഷയില്‍ കുറഞ്ഞതൊന്നും പാടില്ലെന്ന് തെരുവിലിറങ്ങി മുറവിളി കൂട്ടിയ ബഹുജന മനസ്സാക്ഷിയും നിദ്രയിലാണ്. ലാലു പ്രസാദിനെതിരായ കോടതിവിധിയും സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വിരമിക്കലും ആഘോഷിക്കുന്ന തിരക്കില്‍ പത്ര മാധ്യമങ്ങള്‍ പൊതുവില്‍ ഈ വാര്‍ത്ത അവഗണിച്ചു. ചാനലുകളില്‍ ചര്‍ച്ചയായതുമില്ല. ദലിതരും അവരുടെ യാതനകളും ഇനിയും മുഖ്യധാരാ മാധ്യമങ്ങളുടെ പരിഗണനാ വിഷയമായിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. ദലിതരെ കൊന്നുതള്ളുക, അവരുടെ ഭൂമി പിടിച്ചു പറിക്കുക, അവര്‍ കിണറുകളില്‍ നിന്ന് കുടിനീര്‍ കോരുന്നത് തടയുക, ക്ഷേത്രങ്ങള്‍ വിലക്കുക, അയിത്തമാചരിക്കുക, അവരുടെ സ്ത്രീകളെ മാനഭംഗപ്പെടുത്തുക തുടങ്ങിയ അതിക്രമങ്ങള്‍ രാജ്യത്തുടനീളം പെരുകിവരുന്നുവെങ്കിലും അതില്‍ പത്തോ പതിനഞ്ചോ ശതമാനം മാത്രമേ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുള്ളൂ. ഹരിയാനയില്‍ മാത്രമല്ല, ഇന്ത്യയിലെവിടെയും 'ദലിതനായിരിക്കുക' പാപമാണെന്നാണീ സ്ഥിതിവിശേഷം വിളിച്ചോതുന്നത്.
വിദ്യാസമ്പന്നരായ ദലിത് നേതാക്കള്‍ പണ്ടു മുതലേ ഉന്നയിക്കാറുള്ള ഒരു ചോദ്യമുണ്ട്. 'ദലിതരെ ദലിതരാക്കിയതാരാണ്?' 'ധര്‍മസ്ഥാപകര്‍' എന്നാണുത്തരം. തുടര്‍ന്നുള്ള ചോദ്യം: 'ആരാണവര്‍ക്കതിനധികാരം നല്‍കിയത്?' 'ധര്‍മം തന്നെ.' തീര്‍ന്നു, രണ്ടു ചോദ്യത്തിനും ഉത്തരമായി! അതായത് ധര്‍മം നിര്‍മിച്ചവരുടെ ശാസനയാണ് ധര്‍മം. മൗലികമായ ചോദ്യം അപ്പോഴും അവശേഷിക്കുന്നു. ദലിതര്‍ തങ്ങളുടെ ദലിതാവസ്ഥ സ്വീകരിച്ചതെന്തിനാണ്? ചിലയാളുകള്‍ തങ്ങള്‍ ജന്മനാ ഉന്നതരും മഹനീയരും അനുസരിക്കപ്പെടേണ്ടവരുമാണെന്ന് പ്രഖ്യാപിക്കുകയും തങ്ങളെ അനുസരിക്കേണ്ട അധമരും അടിമകളുമാണ് മറ്റുള്ളവരെന്നു വിധിക്കുകയും ചെയ്തപ്പോള്‍ അവര്‍ ആ വിധി സ്വയം സ്വീകരിച്ചുവെങ്കില്‍ പിന്നെ പരാതിപ്പെടുന്നതിനെന്തര്‍ഥം? ദലിത് വിഭാഗങ്ങളില്‍ പണ്ഡിതന്മാരും പ്രതിഭാശാലികളും ഉണ്ടായിരുന്നു. ഇന്നും ഉണ്ട്. ഉത്ബുദ്ധമായ ചിന്തയും അധഃസ്ഥിതിയെ അതിജയിക്കാനുള്ള ഇഛാശക്തിയുമാണ് അവരുടെ നിലയും വിലയും സമൂഹത്തെക്കൊണ്ടംഗീകരിപ്പിച്ചത്. ദലിതാവസ്ഥയെ സ്വയം വലിച്ചെറിയാതെ അതിന്റെ യാതനകളെക്കുറിച്ച് പരിതപിച്ചിട്ടു കാര്യമില്ല. പ്രശ്‌നം ഒരു പ്രത്യേക മതവിശ്വാസത്തിന്റേതായതിനാല്‍ മറ്റു മതവിശ്വാസികള്‍ അതേക്കുറിച്ചഭിപ്രായം പറയുന്നതനുചിതമാണ്. എങ്കിലും കുമാരി ശെല്‍ജയെപ്പോലെ പഠിപ്പും പദവികളുമുള്ളവര്‍ തങ്ങളുടെ പതിതാവസ്ഥയെച്ചൊല്ലി വിലപിക്കുമ്പോള്‍ മറ്റു പൗര വിഭാഗങ്ങളുടെ മനസ്സില്‍ ഈ ചോദ്യങ്ങളുയര്‍ന്നു വരിക സ്വാഭാവികമാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/51-55
എ.വൈ.ആര്‍