Prabodhanm Weekly

Pages

Search

2013 നവംബര്‍ 08

ഈജിപ്ഷ്യന്‍ തടവറയിലെ പെരുന്നാള്‍

മുന്‍തസര്‍ സയ്യാത്ത് / കുറിപ്പുകള്‍

ത്യാഗം ചെയ്തവന്നേ പ്രണയം എന്താണെന്നറിയാന്‍ കഴിയൂ. അങ്ങനെയാണ് കവികള്‍ പറയുന്നത്. ആദര്‍ശത്തിന്റെയും അഭിപ്രായത്തിന്റെയും പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട് തടവിലാക്കപ്പെട്ടവരുടെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാ വിവേകശാലികള്‍ക്കും പറയാനുള്ളതും മറ്റൊന്നല്ല. തടവുജീവിതം ചിലര്‍ക്ക് അനുഗ്രഹമാകുമ്പോള്‍ മറ്റു ചിലര്‍ക്ക് ദുരിതപര്‍വമാകുന്നു. തടവറയില്‍ ഒരിക്കല്‍ അഴികള്‍ക്കിടയില്‍ എന്റെ അയല്‍വാസിയായിരുന്ന ഒരു ഇഖ്‌വാന്‍ നേതാവിനെ ഓര്‍മവരുന്നു. മുഹമ്മദ് അബ്ദുല്‍ മജീദ് എന്നാണ് അദ്ദേഹത്തിന്റെ പേര്. പ്രസിഡന്റ് നാസിറിന്റെ കാലം മുതല്‍ അദ്ദേഹം പൂര്‍ണ ജീവപര്യന്ത തടവ് അനുഭവിക്കുകയായിരുന്നു. എഴുപതുകളുടെ ആദ്യം സാദാത്തിന്റെ പൊതു മാപ്പില്‍ അദ്ദേഹം ജയില്‍ മോചിതനായി. തുടര്‍ന്ന് 25 വര്‍ഷം ജയിലിന് പുറത്ത് അദ്ദേഹം സ്വതന്ത്രനായി വിഹരിച്ചു. പിന്നീട് 1994-ല്‍ ഏതാനും ഇഖ്‌വാന്‍കാരോടൊപ്പം തുര്‍റ ജയിലില്‍ അദ്ദേഹം വീണ്ടും തടവുകാരനായി എത്തി. അന്ന് സഹതടവുകാരനായി ഞാനും അവിടെ ഉണ്ടായിരുന്നു. ഒരു തത്ത്വജ്ഞാനിയുടെ ശൈലിയില്‍ അന്ന് അദ്ദേഹം എന്നോട് പറഞ്ഞു: ''മകനേ! ജീവിതം ജയിലിനകത്തായാലും പുറത്തായാലും വലിയ വ്യത്യാസമൊന്നുമില്ല. എവിടെയായാലും ജീവിതം പൂര്‍ണമാണ്. എവിടെയായാലും പ്രതിഫലമോ ശിക്ഷയോ അതിന് അനുഭവിക്കാതെ നിര്‍വാഹമില്ല. ക്ഷമിക്കുകയും ആത്മവിചാരണ നടത്തുകയും ചെയ്താല്‍ നിനക്ക് പ്രതിഫലം നേടിയെടുക്കാം. ഇനി അക്ഷമനും കുപിതനുമായി പ്രതികാര ദാഹിയായാല്‍ ഒരു പ്രതിഫലവും നിനക്ക് ലഭിക്കില്ല. കുലീനമായ ക്ഷമയില്ലാത്തവന്‍ മൃഗങ്ങളെ പോലെ പെരുമാറും എന്ന് പണ്ടാരോ പറഞ്ഞിട്ടില്ലേ. ദൈവത്തിന്റെ പ്രീതിയെക്കുറിച്ചും അവനുള്ള വിധേയത്വത്തെക്കുറിച്ചും ജനോപകാരത്തെക്കുറിച്ചുമാണ് നിന്റെ സംസാരമെങ്കില്‍ വലത് വശത്തെ മാലാഖ നിന്റെ നന്മകള്‍ കുറിച്ചിടും. ദൈവകോപം ഉളവാക്കുന്ന വിധത്തിലാണ് നിന്റെ സംസാരമെങ്കില്‍ നിന്റെ ഇടതുവശത്തെ മാലാഖ നിന്റെ തിന്മകളില്‍ അത് വരവ് വെക്കും. നാവിന്റെ സമ്പാദ്യമാണ് പരലോകത്ത് ഒരുവനെ ശിക്ഷാ സങ്കേതത്തിലേക്ക് മുഖംകുത്തി വീഴാനിടയാക്കുന്നതെന്ന് പ്രവാചകന്‍ പറഞ്ഞിട്ടില്ലേ.'' ആറു മാസത്തോളം ഇഖ്‌വാന്‍കാരുടെ കൂടെ ഞാന്‍ ജയിലില്‍ കഴിച്ചുകൂട്ടുകയുണ്ടായി. 'ഒരു പിടി ഓര്‍മകള്‍' എന്ന ശീര്‍ഷകത്തില്‍ എന്റെ ജയില്‍വിചാരങ്ങള്‍ അന്ന് അശ്ശഅബ് പത്രത്തില്‍ പ്രസിദ്ധീകരിച്ചു.
കഴിഞ്ഞ ജൂലൈ മൂന്നിന് നിയമാനുസൃത ഭരണകൂടത്തെ പട്ടാളം അട്ടിമറിച്ചത് മുതല്‍ തടവറക്കകത്ത് വെച്ച് പലരും നമ്മോട് വിട പറഞ്ഞു. വിജ്ഞാനത്തിന്റെയും കലാ സാഹിത്യത്തിന്റെയും വിവിധ മേഖലകളില്‍ വിഹരിച്ചിരുന്ന പല അപൂര്‍വ പണ്ഡിത പ്രതിഭകളും ഇന്ന് നമ്മോടൊപ്പമില്ല. ഒരു കുറ്റവും ചെയ്യാത്തവരാണവര്‍. പട്ടാള അട്ടിമറിയില്‍ പ്രതിഷേധിച്ച് സമാധാനപരമായി പ്രകടനം നടത്തുകയും ഭരണഘടനാപരമായ നിയമാനുസൃതത്വത്തെ മുറുകെ പിടിക്കുകയും ചെയ്തു എന്നത് മാത്രമായിരുന്നു അവരുടെ കുറ്റം. മുമ്പും തടവറ ജീവിതം അനുഭവിച്ചവരും അവരുടെ കൂട്ടത്തിലുണ്ട്. ഇഖ്‌വാന്‍കാരിലെ ആദ്യ തലമുറയില്‍ പെട്ടവര്‍. ഏതാണ്ട് തൊണ്ണൂറുകളുടെ മധ്യത്തില്‍ തടവറ ജീവിതത്തിന്റെ  ശിക്ഷണം നേടിയ വ്യത്യസ്ത ഇഖ്‌വാന്‍ തലമുറകളില്‍ പെട്ടവരും അനവധി. എന്നാല്‍ 'തടവു ജീവിത'ത്തിന്റെ മുന്നനുഭവമില്ലാത്തവരാണ് ഇപ്പോള്‍ ജയിലിലടക്കപ്പെട്ട പലരും. റിപ്പബ്ലിക് ഗാര്‍ഡിന്റെ മുമ്പിലും റംസിസ് മൈതാനത്തും റാബിഅ അദവിയ്യയിലും അന്നഹ്ദ മൈതാനത്തും അല്‍ ഫത്ഹ് മസ്ജിദിലും ധര്‍ണ നടത്തുന്നതിനിടെ പിടിച്ചുകൊണ്ടുപോയ ഒട്ടനവധി യുവാക്കളും മിക്കവാറും ആദ്യമായി തടവ് ജീവിതം രുചിക്കുന്നവരാണ്. പ്രായം ചെന്നവരുമുണ്ട് അക്കൂട്ടത്തില്‍.
തുര്‍റ ജയിലില്‍ കഴിയുന്ന ഈ ബഹുമാന്യ വ്യക്തികളില്‍ ചിലരെ ഞാനീയിടെ സന്ദര്‍ശിച്ചിരുന്നു. സലഫി എം.പിയായ ഹാസിം അബൂ ഇസ്മാഈല്‍ എന്ന ധീര കേസരി, മുഹമ്മദ് ഉംദ, അഭിഭാഷക പ്രമുഖനായ അബ്ദുല്‍ മുന്‍ഇം അബ്ദുല്‍ മഖ്‌സൂദ് എന്നിവര്‍ അതില്‍ പെടുന്നു. ഈ മൂന്ന് പേരും ആദ്യമായാണ് തടവറ കാണുന്നത്. നിറയെ ചിരിച്ചുകൊണ്ട് ഹാസിം എന്റെ ചെവിയില്‍ മന്ത്രിച്ചു: ''മാഷേ, ഇപ്പോള്‍ എല്ലാ തലകളും സമമായി. ഞങ്ങള്‍ക്ക് മുമ്പേ ജയിലില്‍ പോയവരാണ് നിങ്ങള്‍. ഇപ്പോളിതാ ഞങ്ങളുടെ ആ ജീവിതം പങ്കിട്ട് നിങ്ങള്‍ക്ക് തുല്യരായിരിക്കുന്നു.'' തീര്‍ച്ചയായും നിഷ്‌കളങ്കമായ ആ ചിരിയിലൂടെ അദ്ദേഹം തമാശ പറയുകയായിരുന്നു. ജീവിതത്തിലുടനീളം സത്യം തുറന്ന് പറയുന്നതില്‍ ഒട്ടും ലുബ്ധ് കാണിക്കാത്ത ആളാണദ്ദേഹം. തന്റെ പിതാവും ഇഖ്‌വാന്‍ നേതാവുമായിരുന്ന പരേതനായ സ്വലാഹ് അബൂ ഇസ്മാഈലിന്റെ അതേ പാത പിന്തുടരുന്നവന്‍.
എന്റെ സന്ദര്‍ശനത്തിനിടെ 'റാബിഅ' സൂചകമായി നാല് വിരലുകള്‍ ഉയര്‍ത്തിപ്പിടിച്ച നിറയൗവ്വനങ്ങളെയും അഴികള്‍ക്കിടയില്‍ ഞാന്‍ കണ്ടു. സന്മാര്‍ഗശോഭയില്‍ തിളങ്ങുന്ന ആ മുഖങ്ങള്‍ 'ഞങ്ങളീ സമരം പൂര്‍ത്തീകരിക്കുക തന്നെ ചെയ്യും' എന്ന് ഉരുവിടുന്നുണ്ടായിരുന്നു. ഇവര്‍ക്ക് കാവലിരിക്കുന്ന പട്ടാളക്കാരോട് ഞങ്ങളുടെ ഈ സഹോദരന്മാരുടെ കാര്യത്തില്‍ ദൈവത്തെ സൂക്ഷിക്കണമെന്നും മുകളില്‍ നിന്ന് കല്‍പന വരുമ്പോള്‍ അവരോടുള്ള പെരുമാറ്റം സുഖശീതളമാക്കാന്‍ ശ്രമിക്കണമെന്നും പറയാനാണ് ഈ സംഭവങ്ങള്‍ ഞാന്‍ കുറിക്കുന്നത്. 'ഖല്‍അ' ജയിലില്‍ എനിക്കുണ്ടായ ഒരു തീവ്രാനുഭവം ഓര്‍മവരുന്നു. അബുല്‍ യസീദ് എന്നൊരു ഗാര്‍ഡുണ്ടായിരുന്നു അവിടെ. ആര്‍ദ്ര ചിത്തനായ നല്ലൊരു മനുഷ്യന്‍. ഞങ്ങളുടെ അവസ്ഥയില്‍ സഹതപിക്കുന്ന ആള്‍. ഒരു ശീതകാല രാത്രി അര്‍ധ രാത്രി അയാളുടെ ഡ്യൂട്ടിക്ക് എത്തിയപ്പോള്‍ കണ്ണുകള്‍ കെട്ടി, കൈകള്‍ പിന്നില്‍ ബന്ധിക്കപ്പെട്ട്, വസ്ത്രമൊക്കെ ഉരിഞ്ഞ നിലയില്‍ എന്നെ കണ്ട് അയാള്‍ ബേജാറായി. അബുല്‍ യസീദ് അമ്മാവന്‍ എന്റെ അടുത്ത് വന്ന് പതുക്കെ ചെവിയില്‍ മന്ത്രിച്ചു: ''എന്താണ് ഞാനീ കാണുന്നത്?'' അപ്പോള്‍ അന്വേഷണോദ്യോഗസ്ഥന്റെ അട്ടഹാസം ദൂരെ നിന്ന് മുഴങ്ങി. ചാട്ടവാര്‍ കൊണ്ട് എന്നെ അടിക്കാനുള്ള കല്‍പനയായിരുന്നു അത്. അബുല്‍ യസീദ് അമ്മാവന്‍ കുറേകൂടി എന്റെ അരികിലേക്ക് നീങ്ങി മന്ത്രിച്ചു: ''സാരമില്ല. ഞാന്‍ ചുമരിന് അടിക്കും. അപ്പോള്‍ ഉറക്കെ കരഞ്ഞുകൊള്ളണം.'' അങ്ങനെ അയാള്‍ ചുവരില്‍ ആഞ്ഞടിക്കുമ്പോള്‍ ഞാന്‍ ഉറക്കെ കരയാന്‍ നിര്‍ബന്ധിതനായി.
ഇങ്ങനെയുള്ളവരെ ഓര്‍ക്കുമ്പോള്‍ ഹസ്രത്ത് ആഇശ ഉദ്ധരിച്ച ഒരു നബിവചനമാണ് മനസ്സില്‍ വരുന്നത്: ''ഒരു ഭരണാധികാരിക്ക് അല്ലാഹു നന്മ ഉദ്ദേശിക്കുകയാണെങ്കില്‍ സത്യസന്ധനായ മന്ത്രിയെ അയാള്‍ക്ക് നല്‍കും. ഭരണാധികാരി വിസ്മൃതിയിലാകുമ്പോള്‍ മന്ത്രി അയാളെ ഉണര്‍ത്തുകയും അങ്ങനെ അയാളെ സഹായിക്കുകയും ചെയ്യും.'' പീഡിതരുടെ തേങ്ങലുകളും ആവലാതികളും അധികാരികളുടെ ചെവിയിലെത്തിക്കാനാണ് ഞാനിത് കുറിക്കുന്നത്; അവരുടെ അധികാരത്തിന് നിയമത്തിന്റെ പിന്‍ബലമില്ലെന്നറിയാമെങ്കിലും. ബ്യൂറോക്രാറ്റുകളാണ് ഭരണത്തിന്റെ അരമനകളില്‍ വാഴുന്നവരില്‍ മിക്കവരും ഇന്ന്. തീരുമാനമെടുക്കാനുള്ള സിദ്ധിയും ശക്തിയുമുള്ളവരാണ് തങ്ങളെന്ന് അവര്‍ കരുതുന്നു. തങ്ങളുടെ പിണിയാളുകളുടെ അക്രമങ്ങളിലേക്കും അനീതികളിലേക്കും അവരുടെ ശ്രദ്ധ ക്ഷണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. രാപ്പകലെന്നോണം നടക്കുന്ന ഈ പീഡനങ്ങള്‍ക്ക് ദൈവത്തിന്റെ ഗ്രന്ഥത്തിലെന്നല്ല നിയമത്തിലും ഭരണഘടനയിലും പോലും യാതൊരു ന്യായവുമില്ല.
ഈ വരികള്‍ വായിക്കാനിടയുള്ള ഭരണാധികാരികള്‍, ദൈവത്തെ മുന്‍നിര്‍ത്തിയുള്ളതാണ് എന്റെ ഈ സന്ദേശമെന്ന് മനസ്സിലാക്കട്ടെ. ഒരിറ്റ് കാരുണ്യം അവരുടെ മനസ്സില്‍ ഉറവെടുത്തെങ്കിലെന്ന് മാത്രമാണ് എന്റെ ആഗ്രഹം. ദൈവത്തിന്റെ കാരുണ്യത്തില്‍ നൂറിലൊരംശമാണ് സൃഷ്ടികളില്‍ വീതിക്കപ്പെട്ടിരിക്കുന്നത്. അതിനാല്‍ നിങ്ങള്‍ കരുണ കാണിക്കുക. നിങ്ങള്‍ക്കും കരുണ ലഭിക്കും. നിങ്ങള്‍ പൊറുക്കുക. ദൈവം നിങ്ങളോടും പൊറുക്കും. ഗര്‍വിഷ്ഠരായി അടിച്ചമര്‍ത്തല്‍ തുടരുന്നവര്‍ക്ക് നാശം!
മര്‍ദിതരായ ഈ തടവുകാരെ പീഡിപ്പിക്കുന്നവര്‍ അറിഞ്ഞുകൊള്ളട്ടെ- പാവപ്പെട്ടവര്‍ക്കും വിധവകള്‍ക്കുമായി അധ്വാനിക്കുന്നവര്‍ ദൈവമാര്‍ഗത്തിലെ മുജാഹിദിനെ പോലെയാണ്. മര്‍ദിതന്റെ പ്രാര്‍ഥനക്കും ദൈവത്തിനുമിടയില്‍ മറയില്ലെന്നും നിങ്ങള്‍ മനസ്സിലാക്കുക. അല്‍പം കഴിഞ്ഞാണെങ്കിലും അതിന് ഉത്തരം ലഭിക്കും. അതിനാല്‍ കീഴുദ്യോഗസ്ഥന്മാരുടെ പാപഭാരങ്ങള്‍ നിങ്ങള്‍ വഹിക്കാതിരിക്കുക. മുസ്‌ലിംകളുടെ ഭരണമേറ്റെടുത്ത ഒരാള്‍ നരകത്തിന് മുകളിലെ പാലത്തിന്മേല്‍ കൊണ്ടുവരപ്പെടുന്നതിനെക്കുറിച്ച് പ്രവാചകന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അയാള്‍ നന്മ ചെയ്തിട്ടുണ്ടെങ്കില്‍ രക്ഷപ്പെടും. ജനദ്രോഹിയാണെങ്കില്‍ എഴുപത് ഋതുക്കള്‍ നരകത്തിലേക്ക് പതിച്ചുകൊണ്ടിരിക്കും.
പട്ടാള അട്ടിമറിയുടെ ഇരകളായ തടവറയിലെ പ്രിയ സുഹൃത്തുക്കളേ, ത്യാഗത്തിന്റെ ഈ പെരുന്നാളില്‍ നിങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍!
(ഈജിപ്ഷ്യന്‍ അഭിഭാഷകനും സ്വതന്ത്ര കോളമിസ്റ്റുമാണ് ലേഖകന്‍)
വിവ: വി.എ.കെ

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/51-55
എ.വൈ.ആര്‍