Prabodhanm Weekly

Pages

Search

2013 നവംബര്‍ 08

മുഹര്‍റം ഇസ്‌ലാമിക വര്‍ഷാരംഭം

ഇഖ്ബാല്‍ പെരുമ്പാവൂര്‍ / കുറിപ്പുകള്‍

ന്ദ്രമാസത്തെ ആസ്പദമാക്കിയുള്ള ഹിജ്‌റ കലണ്ടറിന്റെ ആദ്യ മാസമാണ് മുഹര്‍റം. പവിത്രമായ നാലു മാസങ്ങളില്‍ ഒന്ന്. ''ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം (യുദ്ധം) വിലക്കപ്പെട്ട മാസങ്ങളാകുന്നു. അതാണ് വക്രതയില്ലാത്ത മതം. അതിനാല്‍ ആ മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോടുതന്നെ അക്രമം പ്രവര്‍ത്തിക്കരുത്.'' തന്റെ വിടവാങ്ങല്‍ ഹജ്ജില്‍ നബി(സ) പറഞ്ഞു: ''ഒരു കൊല്ലം എന്ന് പറയുന്നത് 12 മാസമാണ്. അതില്‍ നാലെണ്ണം പവിത്രമായ മാസങ്ങളാണ്. ദുല്‍ഖഅദ്, ദുല്‍ഹജ്ജ്, മുഹര്‍റം, റജബ് എന്നിവയാണത്.''
പ്രവാചകന് മുമ്പേ തന്നെ വിഗ്രഹാരാധകരായ ഖുറൈശികളും മറ്റു ഗോത്രങ്ങളും ഈ നാല് മാസങ്ങളെ പവിത്രമായി കണ്ടിരുന്നു. ലോകാരംഭം മുതല്‍ തന്നെ ഈ മാസങ്ങള്‍ പവിത്രമായിരുന്നു എന്നും പറയപ്പെടുന്നു. ഇബ്‌റാഹീം നബിയുടെ കാലം മുതലാണ് ഈ മാസങ്ങളുടെ പവിത്രത അംഗീകരിക്കപ്പെട്ടത് എന്നാണ് മറ്റൊരഭിപ്രായം.
ഈ പവിത്ര മാസങ്ങളില്‍ യുദ്ധവും കലഹങ്ങളും നിരോധിക്കപ്പെട്ടിരുന്നു. അതില്‍ പ്രധാനായിരുന്നു മുഹര്‍റം. ഇസ്‌ലാമിന് മുമ്പും ഈ മാസം ശ്രേഷ്ഠമായിരുന്നു. പാരിതോഷികങ്ങളുടെയും ഔദാര്യങ്ങളുടെയും മാസം കൂടിയാണിത്. മുഹര്‍റം പത്താണ് ഇതില്‍ ഏറ്റവും പുണ്യമുള്ള ദിനം. ''ആര്‍ ഈ ദിനം തന്റെ കുടുംബത്തോടൊപ്പം പൂര്‍ണമായും ചെലവഴിക്കുന്നുവോ, വരും വര്‍ഷം അല്ലാഹു അവന്റെ മേല്‍ അനുഗ്രഹങ്ങള്‍ വര്‍ഷിക്കും.'' അബു ഖതാദ റിപ്പോര്‍ട്ട് ചെയ്യുന്നു, പ്രവാചകന്‍ (സ) പറഞ്ഞു: മുഹര്‍റം പത്തിന് ആരെങ്കിലും നോമ്പനുഷ്ഠിച്ചാല്‍ അവന്റെ കഴിഞ്ഞ വര്‍ഷത്തെ പാപങ്ങള്‍ പൊറുക്കപ്പെടും (തിര്‍മിദി). അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം: ''ഞാന്‍ പ്രവാചകനോട് ചോദിച്ചു: 'നിര്‍ബന്ധിത ആരാധനകള്‍ക്ക് ശേഷം ഏറ്റവും ഉത്തമമായ ആരാധനയെന്താണ്?' അപ്പോള്‍ നബി (സ) പറഞ്ഞു:  'രാത്രിയുടെ അന്ത്യയാമങ്ങളിലുള്ള നമസ്‌കാരം.' ഞാന്‍ ചോദിച്ചു: 'റമദാനിലെ നോമ്പിനു ശേഷം ഏറ്റവും ഉത്തമമായ നോമ്പേതാണ്.' അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ മാസത്തില്‍ അതായത് മുഹര്‍റം മാസത്തില്‍ നോമ്പനുഷ്ഠിക്കുന്നത്.''
മുഹര്‍റം മാസത്തില്‍ നോമ്പനുഷ്ഠിക്കുന്നത് നിര്‍ബന്ധമില്ലെങ്കിലും  സുന്നത്ത് നോമ്പുകളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠമായത് മുഹര്‍റം മാസത്തിലെ സുന്നത്ത് നോമ്പാണ്. ആശൂറാഅ് എന്നറിയപ്പെടുന്നത് മുഹര്‍റം പത്തിനെയാണ്.  ഇബ്‌നു അബ്ബാസ് (റ) നിവേദനം ചെയ്യുന്നു: ''നബി(സ) മദീനയിലേക്ക് ഹിജ്‌റ പോയപ്പോള്‍ മദീനയിലെ ജൂതന്മാര്‍ മുഹര്‍റം പത്തിന് നോമ്പനുഷ്ഠിക്കുന്നത് കണ്ടു. അപ്പോള്‍ നബി അവരോട് ചോദിച്ചു: 'നിങ്ങള്‍ എന്തിനാണ് ഇന്ന് നോമ്പനുഷ്ഠിക്കുന്നത്?' അവര്‍ പറഞ്ഞു: 'ഇത് ഒരു മഹത്തായ ദിനമാണ്. മൂസാ നബി(അസ)യും അനുയായികളും ചെങ്കടല്‍ കടന്നതിന്റെയും ഫറോവയും കൂട്ടരും മുങ്ങിത്താഴ്ന്നതിന്റെയും പ്രതീകം എന്ന നിലക്കാണ് ഞങ്ങള്‍ നോമ്പനുഷ്ഠിക്കുന്നത്. അത് കേട്ടപ്പോള്‍ നബി(സ) പറഞ്ഞു: 'മൂസാ നബിയോട് കൂടുതല്‍ അടുത്തത് നാമാണ്.' തുടര്‍ന്ന് നബി(സ) മുസ്‌ലിംകളോട് നോമ്പനുഷ്ഠിക്കാന്‍ കല്‍പിച്ചു'' (അബൂദാവൂദ്). ആദ്യകാലത്ത് ആശൂറാഅ് നോമ്പ് നിര്‍ബന്ധമായിരുന്നു. തുടര്‍ന്ന് റമദാനിലെ നോമ്പ് നിര്‍ബന്ധമാക്കിയപ്പോള്‍ ആശൂറാഅ് സുന്നത്താക്കി. ഇമാം അഹ്മദിന്റെ റിപ്പോര്‍ട്ടില്‍, നൂഹ് നബിയുടെ കപ്പല്‍ ജൂതി പര്‍വതത്തില്‍ സുരക്ഷിതമായി ഇറങ്ങിയതിന്റെ നന്ദി പ്രകടിപ്പിക്കാന്‍ നൂഹ് നബി ആ ദിവസം നോമ്പനുഷ്ഠിച്ചിരുന്നു എന്നും കാണാം.
ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ''നബി(സ) ആശുറാഅ് ദിനത്തില്‍ നോമ്പനുഷ്ഠിക്കുകയും മുസ്‌ലിംകളോട് നോമ്പനുഷ്ഠിക്കാന്‍ കല്‍പിക്കുകയും ചെയ്തു. അവര്‍ പറഞ്ഞു: ജൂതന്മാരും ക്രിസ്ത്യാനികളും ഈ ദിവസത്തെ ആദരിക്കുന്നുണ്ടല്ലോ. അപ്പോള്‍ നബി(സ) പറഞ്ഞു: അടുത്ത കൊല്ലം ഞാന്‍ ജീവിച്ചിരിക്കുകയാണെങ്കില്‍ ഒമ്പതിനും നോമ്പനുഷ്ഠിക്കും. പക്ഷേ, റസൂല്‍(സ) അതിന് മുമ്പ് തന്നെ മരണപ്പെട്ടു'' (മുസ്‌ലിം). ഇതില്‍ നിന്ന് താസുആഇനും (മുഹര്‍റം ഒമ്പത്) ആശൂറാഇനും(മുഹര്‍റം പത്ത്) നോമ്പനുഷ്ഠിക്കണമെന്നത് വ്യക്തമാണ്. അബ്ദുല്ലാഹിബ്‌നു മസ്ഊദ് പറയുന്നു: ''നബി(സ) മറ്റുള്ള ദിവസങ്ങളിലെ നോമ്പിനേക്കാള്‍ ആശൂറാഅ് നോമ്പിനും ആശൂറാഅ് നോമ്പിനേക്കാള്‍ റമദാനിലെ നോമ്പിനും പ്രാധാന്യം കൊടുത്തിരുന്നു.''
ഹുസൈന്‍(റ) ശഹീദായ ദിവസം കൂടിയാണ് ആശൂറാഅ്. ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും ദുരന്ത പൂര്‍ണമായ ഏടാണ് ഹുസൈ(റ)ന്റെ രക്തസാക്ഷ്യം. പക്ഷേ, അദ്ദേഹത്തിന്റെ ശഹാദത്തുകൊണ്ടല്ല ആശൂറാഇന് പവിത്രത വന്നുചേര്‍ന്നത്. ശീഈ സമുദായം ഈ ദിനം ഹുസൈ(റ)ന്റെ രക്തസാക്ഷ്യവുമായി ബന്ധപ്പെട്ടാണ് കൊണ്ടാടുന്നത്. ഹുസൈ(റ)ന്റെ ജനനത്തിനു മുമ്പുതന്നെ മുസ്‌ലിംകള്‍ ആശൂറാഅ് ദിനത്തില്‍ നോമ്പനുഷ്ഠിച്ചിരുന്നു.
മുഹര്‍റം ഭാഗ്യക്കേടിന്റെയും വിപത്തിന്റെയും മാസമാണെന്ന തെറ്റിദ്ധാരണയും സമൂഹത്തിലുണ്ട്.  കല്യാണമടക്കമുള്ള എല്ലാ ആഘോഷങ്ങളും മുഹര്‍റം പത്ത് വരെ ഒഴിവാക്കുന്ന പ്രവണത ഇതിന്റെ ഭാഗമാണ്. എന്നാല്‍ വിശുദ്ധ ഖുര്‍ആന്റെയും ഹദീസിന്റെയും പിന്‍ബലം ഇത്തരം ആചാരങ്ങള്‍ക്കില്ലെന്നതാണ് യാഥാര്‍ഥ്യം.
(ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്‌ലാമിയ വിദ്യാര്‍ഥിയാണ് ലേഖകന്‍)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/51-55
എ.വൈ.ആര്‍