പ്രശ്‌നവും വീക്ഷണവും
ഒരു പുതിയ തരം അധിനിവേശം നമ്മുടെ പ്രദേശങ്ങളില്‍ നടന്നുവരുന്നുണ്ട്. സംഘടനാപരമായ അധിനിവേശം എന്ന് അതിനെ പേരിട്ടു വിളിക്കാം. ഒരു വിഭാഗം തീവ്ര സമസ്തക്കാരാണ് അതില്‍ മുന്‍ പന്തിയില്‍. ഒരു വീട്ടില്‍ മരണം നടന്നാല്‍ തങ്ങളുടെ അനുകൂലികളായ ആരെങ്കിലും ആ വീട്ടിലോ വീടുമായി ബന്ധപ്പെട്ടോ ഉണ്ടെങ്കില്‍ അയാളിലൂടെയാണ് ഈ കടന്നുകയറ്റം. മയ്യിത്തിന് വേണ്ടി നമസ്‌കരിക്കുന്നത് അയാളാവണം എന്ന് തീരുമാനിക്കപ്പെടുന്നു. മയ്യിത്തുമായി ബന്ധപ്പെട്ട് മറ്റുള്ളവരുടെയൊക്കെ താല്‍പര്യങ്ങളും അവകാശങ്ങളും വരെ നിഷേധിച്ചുകൊണ്ടാവും പലപ്പോഴും അങ്ങനെ ചെയ്യുന്നത്. മരിച്ച വീട്ടില്‍ കലഹം വേണ്ട എന്ന നിലക്കാണ് പലരും മനമില്ലാ മനസ്സോടെയാണെങ്കിലും അതിന് വഴങ്ങിക്കൊടുക്കുന്നത്. അത്തരം വീടുകളില്‍ വെച്ച് പരേതന് വേണ്ടി സ്ത്രീകള്‍ മയ്യിത്ത് നമസ്‌കാരം നിര്‍വഹിക്കുന്നതും അവര്‍ ശക്തമായി തടയാറുണ്ട്. ഒരു നിഷിദ്ധ കാര്യം എന്ന നിലക്കാണ് അത് ചെയ്യാറുള്ളത്. മയ്യിത്ത് നമസ്‌കാരത്തിന് നേതൃത്വം നല്‍കുന്നത് സംബന്ധിച്ചും സ്ത്രീകള്‍ മയ്യിത്ത് നമസ്‌കരിക്കുന്നത് സംബന്ധിച്ചുമുള്ള ശരിയായ കാഴ്ചപ്പാട് എന്താണ്? സ്ത്രീകള്‍ മയ്യിത്ത് നമസ്‌കരിക്കുന്നതിന് ശാഫിഈ മദ്ഹബില്‍ വല്ല വിലക്കുമുണ്ടോ?
ചോദ്യത്തില്‍ സൂചിപ്പിച്ചത് പോലുള്ള ചില കടന്നുകയറ്റങ്ങള്‍ നാട്ടില്‍ നടക്കുന്നത് അറിയാം. കടന്നുകയറ്റം ആരുടെ ഭാഗത്തുനിന്നായാലും തെറ്റുതന്നെയാണ്. മരണവീട് പോലെ ദുഃഖം തളം കെട്ടി നില്‍ക്കുന്ന, ബന്ധപ്പെട്ടവര്‍ വേണ്ടവിധം പ്രതികരിക്കാന്‍ പോലും പറ്റാത്ത വിധം നിസ്സഹായരായി കഴിയുന്ന സന്ദര്‍ഭങ്ങളിലാവുമ്പോള്‍ അത് ഏറെ ഗൗരവമര്‍ഹിക്കുന്നതുമാണ്. ഇത്തരം കടന്നുകയറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവരെക്കാള്‍ ഉള്ളില്‍ നിന്ന് അതിന് വഴങ്ങിക്കൊടുക്കുന്നവരാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത കാണിക്കേണ്ടത്. മറ്റുള്ളവരുടെ വികാരത്തിന് യാതൊരു പരിഗണനയും നല്‍കാതെ താല്‍പര്യങ്ങള്‍ അവരുടെ മേല്‍ അടിച്ചേല്‍പിച്ചുകൊണ്ട് മുന്നോട്ടുപോവുന്നതും ഇസ്‌ലാമിക ദൃഷ്ട്യാ കൊടിയ അക്രമമായി വേണം കണക്കിലെടുക്കാന്‍.
ജീവിതകാലത്ത് പരേതന്‍ തങ്ങളുമായി യാതൊരു ബന്ധവും പുലര്‍ത്തിയിരുന്നില്ലെങ്കില്‍ പോലും - അയാള്‍ക്ക് ചിലപ്പോള്‍ ഇസ്‌ലാമിനോട് പോലും താല്‍പര്യമുണ്ടായിരുന്നില്ലെന്ന് വരാം- പരേതനെ സ്വന്തം പാര്‍ട്ടിക്കാരനാക്കിയേ അടങ്ങൂ എന്ന മട്ടില്‍ വരെ ഈ ആളുകള്‍ പ്രവര്‍ത്തിക്കുന്നത് കാണാം. അതേയവസരം പരേതന്‍ ദീനീനിഷ്ഠയുള്ളവനായിരുന്നുവെങ്കിലും തങ്ങളുടെ ആളായിരുന്നില്ലെങ്കില്‍ ആ മയ്യിത്ത് നമസ്‌കാരത്തില്‍ പോലും പങ്കെടുക്കാന്‍ ഇവര്‍ താല്‍പര്യം കാണിക്കാറുമില്ല. അത് വ്യക്തമാക്കുന്ന കാര്യം ഇതാണ്: ഈ കോപ്രായങ്ങളില്‍ ആത്മാര്‍ഥത തെല്ലുമില്ല. മറിച്ച് എങ്ങനെയെങ്കിലും പാര്‍ട്ടിക്ക് ആളെക്കൂട്ടാന്‍ മരണവീട് പോലും വേദിയാക്കുക, അവസരം ചൂഷണം ചെയ്യുക. അത്രതന്നെ.
ഇനി വിഷയത്തിലേക്ക് കടക്കാം. ശാഫിഈ മദ്ഹബിന്റെ കാഴ്ചപ്പാടനുസരിച്ച് പരേതന്റെ അടുത്ത കുടുംബക്കാരാണ് മയ്യിത്ത് നമസ്‌കാരത്തിന് നേതൃത്വം നല്‍കേണ്ടത്- ബാപ്പ, മകന്‍ എന്നിങ്ങനെ. മക്കള്‍ ഒന്നിലധികം പേരുണ്ടെങ്കില്‍ അവര്‍ കൂടിയാലോചിച്ച് തീരുമാനിക്കുന്നതാവും നന്നാവുക. മക്കള്‍ എന്ന നിലക്ക് അതില്‍ എല്ലാവര്‍ക്കും തുല്യാവകാശമാണ്. പിന്നെ പാണ്ഡിത്യം, പ്രായം എന്നിവ പരിഗണിക്കണമെന്നത് ഇസ്‌ലാമിന്റെ തന്നെ നിര്‍ദേശമാണ്. മകളുടെ ഭര്‍ത്താവ്, സഹോദരീ ഭര്‍ത്താവ് തുടങ്ങിയവര്‍ക്കൊന്നും അതില്‍ യാതൊരവകാശവുമില്ല. അതിനാല്‍ തന്നെ മക്കളുടെയും മറ്റുള്ളവരുടെയും അവകാശം മറ്റു ചില പരിഗണനകള്‍ വെച്ച് കൈക്കലാക്കാനും തട്ടിപ്പറിക്കാനും ആരും മെനക്കെടാതിരിക്കലാണ് ഭംഗി. പിന്നെ ജീവിച്ചിരിക്കുമ്പോള്‍ പരേതന് വക്കാലത്ത് നല്‍കാം. അതും മറ്റുള്ളവര്‍ അവരുടെ താല്‍പര്യത്തിനു വേണ്ടി, മറ്റുള്ളവരുടെ അവകാശം ഹനിച്ചുകൊണ്ട് ചെയ്യേണ്ട ഒന്നല്ല. എന്നല്ല, അത് അതിക്രമവും അതുകൊണ്ടുതന്നെ തെറ്റുമാണ്. വ്യക്തി അയാളുടെ ഇഷ്ടവും ബോധ്യവുമനുസരിച്ച് മാത്രം ചെയ്യേണ്ടതാണത്. അവിടെയും മക്കള്‍ ധാര്‍മികതയും ഇസ്‌ലാമിക സംസ്‌കാരവും ഉള്ളവരെങ്കില്‍ അവര്‍ക്ക് തന്നെ വിട്ടുകൊടുക്കുന്നതാണ് കൂടുതല്‍ ഉചിതം. അല്ലെങ്കില്‍ അവരുമായി കൂടിയാലോചിച്ച് കൊണ്ട് ചെയ്യുക. മറ്റുള്ളവരുടെ മനസ്സില്‍ വെറുപ്പ് ബാക്കി വെച്ച് മരിക്കുന്നതല്ലല്ലോ ആര്‍ക്കായാലും നല്ലത്.
സ്ത്രീകളുടെ മയ്യിത്ത് നമസ്‌കാരം കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ട ഒന്നാണ്. ഇസ്‌ലാമിലെ കല്‍പനകള്‍ സമൂഹത്തോട് മൊത്തത്തിലാണ്. അപ്പോള്‍ പിന്നെ ഒരു കല്‍പനയില്‍ നിന്ന് ആരെയെങ്കിലും ഒഴിവാക്കിയിട്ടുണ്ടെങ്കില്‍ അത് പ്രത്യേകം എടുത്തു പറയണം. മയ്യിത്ത് നമസ്‌കാരത്തിന്റെ ബാധ്യതയില്‍നിന്ന് ആരെയെങ്കിലും ഒഴിവാക്കിയതിന് തെളിവില്ല. ബാധ്യത രണ്ടിനമാണ്. വ്യക്തിപരവും സാമൂഹികവും. മയ്യിത്ത് നമസ്‌കാരം പോലുള്ള കാര്യങ്ങള്‍ സാമൂഹിക ബാധ്യതയാണ്. അതിനാല്‍ തന്നെ സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്മാര്‍ക്കും അതൊരു വ്യക്തിപരമായ ബാധ്യതയല്ല. സമൂഹത്തില്‍ ആരെങ്കിലും ഒരാള്‍ ചെയ്താല്‍ എല്ലാവരും ബാധ്യതയില്‍ നിന്ന് മുക്തമായി. ആരും ചെയ്തില്ലെങ്കില്‍ എല്ലാവരും കുറ്റക്കാരായി. ഇതാണ് സാമൂഹിക ബാധ്യതയുടെ സ്വഭാവം.
ചില കാര്യങ്ങളുടെ നിര്‍വഹണത്തില്‍ ചിലര്‍ക്ക് മുന്‍ഗണനയുണ്ട്. മയ്യിത്ത് സംസ്‌കരണം സ്ത്രീകളെക്കാള്‍ പുരുഷന്മാരുടെ ബാധ്യതയാണ്. അത് കൊണ്ടാണ് ഒരു പുരുഷനെങ്കിലും സ്ഥലത്തുണ്ടായിരിക്കെ സ്ത്രീകള്‍ മാത്രം മയ്യിത്ത് നമസ്‌കാരം നിര്‍വഹിച്ചാല്‍ മതിയാവുകയില്ല എന്ന് ശാഫിഈ മദ്ഹബിലെ കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ പറഞ്ഞുവെച്ചിട്ടുള്ളത്. അതില്‍ പോലും അഭിപ്രായ വ്യത്യാസമുണ്ട് എന്നതാണ് വസ്തുത. ശാഫിഈ മദ്ഹബിലെ പ്രധാന ഫിഖ്ഹ് ഗ്രന്ഥമായ അല്‍ മിന്‍ഹാജില്‍ പറയുന്നത് ഇപ്രകാരമാണ്:
''അവിടെ പുരുഷന്മാരുണ്ടായിരിക്കെ സ്ത്രീകള്‍ നമസ്‌കരിച്ചാല്‍ മതിയാവുകയില്ലെന്നാണ് പ്രബലാഭിപ്രായം.''
ഇങ്ങനെ ഒരഭിപ്രായം പ്രകടിപ്പിക്കാന്‍ മൂന്ന് കാരണം പറയുന്നുണ്ട് അതിന്റെ വിശദീകരണ ഗ്രന്ഥത്തില്‍ ഇമാം റംലി. ''ഒന്ന്, പുരുഷനാണ് സ്ത്രീയെക്കാള്‍ തികഞ്ഞവന്‍. രണ്ട്, പുരുഷന്റെ പ്രാര്‍ഥനയാണ് സ്ത്രീയുടെ പ്രാര്‍ഥനയെക്കാള്‍ സ്വീകാര്യ യോഗ്യം. മൂന്ന്, നമസ്‌കാരം സ്ത്രീക്ക് വിട്ടുകൊടുക്കുന്നത് മയ്യിത്തിനെ അവഹേളിക്കലാണ്.''
ചില കൃത്രിമ ന്യായീകരണങ്ങള്‍ എന്നതില്‍ കവിഞ്ഞ് ഈ ന്യായീകരണത്തിന് പ്രമാണത്തിന്റെയോ യുക്തിയുടെയോ പിന്‍ബലമില്ല എന്നതാണ് വസ്തുത. പുരുഷന്റെ പ്രാര്‍ഥനയാണ് സ്ത്രീയുടെ പ്രാര്‍ഥനയേക്കാള്‍ സ്വീകാര്യ യോഗ്യം എന്ന് ആരാണ് പറഞ്ഞത്? അല്ലാഹുവിന് പ്രാര്‍ഥനയുടെ കാര്യത്തില്‍ അങ്ങനെയൊരു പക്ഷപാതിത്വമുണ്ടെന്നോ?!
ശാഫിഈ മദ്ഹബിലെ തന്നെ മറ്റൊരു അഭിപ്രായം, സ്ത്രീകള്‍ നമസ്‌കരിച്ചാലും ബാധ്യത തീരും എന്നാണ്. ഇമാം റംലി (മരണം ഹിജ്‌റ 1004) എഴുതുന്നു: ''രണ്ടാമത്തെ അഭിപ്രായം, അവര്‍(സ്ത്രീകള്‍) നമസ്‌കരിച്ചാലും ബാധ്യത തീരും എന്നുള്ളതാണ്. കാരണം, അവരുടെ നമസ്‌കാരം സാധുവാണ്, അവരുടെ ജമാഅത്തും സാധുവാണ്'' (നിഹായതുല്‍ മുഹ്താജ് 2:484).
ഇവിടെ ഇപ്പോള്‍ പ്രശ്‌നം ഈ ബാധ്യത നിര്‍വഹിക്കാന്‍ പുരുഷന്മാരില്ലാത്തതല്ല, മറിച്ച് പുരുഷന്മാര്‍ നമസ്‌കരിക്കാനുണ്ടായിരിക്കെ സ്ത്രീകള്‍ നമസ്‌കരിക്കേണ്ടതില്ല, അല്ലെങ്കില്‍ പുരുഷന്മാര്‍ നമസ്‌കരിക്കും മുമ്പ് സ്ത്രീകള്‍ നമസ്‌കരിക്കാന്‍ പാടില്ല എന്ന നിഷേധ നിലപാടാണ്. ഈ നിലപാടില്‍ ന്യായീകരണമുണ്ടോ എന്നതാണ് പ്രശ്‌നത്തിന്റെ മര്‍മം.
ഇസ്‌ലാമിന്റെ കാഴ്ചപ്പാടനുസരിച്ച് ശരിയും തെറ്റും തീരുമാനിക്കാനുള്ള അധികാരം അല്ലാഹുവില്‍ നിക്ഷിപ്തമാണ്. അല്ലാഹുവിന്റെ ദൂതന്‍ പറയുന്നതും അല്ലാഹു പറയുന്നത് തന്നെയാണ്. മൂന്നാമതൊരു സാധ്യതയുള്ളത് അല്ലാഹുവോ പ്രവാചകനോ വിധി പറഞ്ഞിട്ടില്ലാത്തതും പുതുതായി ഉടലെടുത്തതുമായ പ്രശ്‌നത്തിന് ഇജ്തിഹാദിലൂടെ വിധി കണ്ടെത്തുക എന്നതാണ്. അല്ലാഹു അനുവദിച്ച മാര്‍ഗം എന്ന നിലക്ക് ഇജ്തിഹാദിലൂടെ കണ്ടെത്തുന്ന വിധിയും ഇസ്‌ലാമിക വിധിയാണ്. ഇജ്തിഹാദ് ചെയ്യുന്നയാള്‍ അതിന് യോഗ്യനായിരിക്കണമെന്ന് മാത്രം. സ്ത്രീകളുടെ മയ്യിത്ത് നമസ്‌കാരത്തിന്റെ പ്രശ്‌നം നബിയുടെ കാലം മുതല്‍ നിലനിന്നുവരുന്ന ഒരു പ്രശ്‌നം എന്ന നിലക്ക് അതില്‍ ഇജ്തിഹാദിന് പഴുതില്ല.
അപ്പോള്‍ പിന്നെ രണ്ട് ചോദ്യമാണ് അവശേഷിക്കുന്നത്. ഒന്ന്, സ്ത്രീകള്‍ മയ്യിത്തിന് വേണ്ടി നമസ്‌കരിക്കുന്നത് അനുവദനീയമാണോ? അതിന്റെ മറുപടി വളരെ ലളിതമാണ്. ഇസ്‌ലാം നിഷിദ്ധമാക്കാത്ത ഏതു കാര്യവും അനുവദനീയമാണ് എന്നതാണത്. സ്ത്രീകള്‍ മയ്യിത്ത് നമസ്‌കാരം നിര്‍വഹിക്കരുത് എന്ന് പറഞ്ഞതായി ഹദീസില്‍ എവിടെയും ഒന്നും ഉദ്ധരിച്ച് വന്നിട്ടില്ല.
രണ്ടാമത്തെ ചോദ്യം, നബി(സ)യുടെയോ സ്വഹാബിമാരുടെയോ കാലത്ത് സ്ത്രീകള്‍ മയ്യിത്ത് നമസ്‌കരിച്ചിരുന്നുവോ?
നമസ്‌കരിച്ചിരുന്നു എന്നാണ് ഉത്തരം. തെളിവുകള്‍: ഒന്ന്, മയ്യിത്ത് നമസ്‌കാരത്തിന് പ്രേരിപ്പിച്ചുകൊണ്ടുള്ള ഹദീസിലെ പ്രയോഗങ്ങളത്രയും പൊതുവില്‍ സ്ത്രീകളെയും പുരുഷന്മാരെയും ഉള്‍ക്കൊള്ളുന്നതാണ്. അക്കാര്യത്തില്‍ പുരുഷന്മാരില്‍ പരിമിതപ്പെടുത്തിയും സ്ത്രീകളെ മാറ്റിനിര്‍ത്തിയുമുള്ള ഒരു പരാമര്‍ശവും ഹദീസില്‍ എവിടെയുമില്ല.
രണ്ട്, ആഇശയും മറ്റു പ്രവാചകപത്‌നിമാരുമായി ബന്ധപ്പെടുത്തി ഇമാം മുസ്‌ലിം ഉദ്ധരിച്ച ഹദീസുകള്‍ കാണുക: അബൂസലമത്തുബ്‌നു അബ്ദുര്‍റഹ്മാനില്‍നിന്ന്: സഅ്ദുബ്‌നു അബീവഖ്ഖാസ് മരിച്ചപ്പോള്‍ ആഇശ(റ) പറഞ്ഞു: ''എനിക്കു കൂടി അദ്ദേഹത്തിന് വേണ്ടി നമസ്‌കരിക്കാന്‍ സാധ്യമാവും വിധം അദ്ദേഹത്തെ പള്ളിയില്‍ കൊണ്ടുവരിക.'' മയ്യിത്ത് പള്ളിയില്‍ കൊണ്ടുവരുന്നതില്‍ മറ്റുള്ളവര്‍ നീരസം പ്രകടിപ്പിച്ചുകണ്ടപ്പോള്‍ അവര്‍ പറഞ്ഞു: ''അല്ലാഹുവാണ, ബൈദാഇന്റെ രണ്ടു മക്കള്‍ക്കു വേണ്ടി - സുഹൈലിനും സഹോദരനും വേണ്ടി - അല്ലാഹുവിന്റെ ദൂതന്‍ നമസ്‌കരിച്ചത് പള്ളിയില്‍ വെച്ചായിരുന്നു'' (മുസ്‌ലിം).
ഉബ്ബാദുബ്‌നു അബ്ദുല്ലാഹിബ്‌നു സുബൈറില്‍നിന്ന്: സഅ്ദുബ്‌നു അബീവഖ്ഖാസിന് വേണ്ടി തനിക്ക് മയ്യിത്ത് നമസ്‌കാരം നിര്‍വഹിക്കാനായി അദ്ദേഹത്തിന്റെ ജനാസ പള്ളിയില്‍ കൊണ്ടുവരാന്‍ ആഇശ നിര്‍ദേശിച്ചു. ജനാസ പള്ളിയില്‍ കൊണ്ടുവരുന്നതില്‍ ആളുകള്‍ നീരസം പ്രകടിപ്പിച്ചപ്പോള്‍ ആഇശ(റ) പറഞ്ഞു: ''ബൈദാഇന്റെ മകന്‍ സുഹൈലിന് വേണ്ടി അല്ലാഹുവിന്റെ ദൂതന്‍ നമസ്‌കരിച്ചത് പള്ളിയില്‍ വെച്ചായിരുന്നു എന്ന കാര്യം ജനങ്ങള്‍ എത്ര പെട്ടെന്നാണ് മറന്നുകളഞ്ഞത്'' (മുസ്‌ലിം 973-99).
ഉബ്ബാദുബ്‌നു അബ്ദുല്ലാഹിബ്‌നു സുബൈറില്‍ നിന്ന്: അദ്ദേഹം ആഇശയെ ഉദ്ധരിക്കുന്നു. സഅ്ദുബ്‌നു അബീവഖ്ഖാസ് മരിച്ചപ്പോള്‍ അദ്ദേഹത്തിന് വേണ്ടിയുള്ള മയ്യിത്ത് നമസ്‌കാരത്തില്‍ തങ്ങള്‍ക്കും പങ്കെടുക്കാന്‍ കഴിയുമാറ് ജനാസ പളളിയില്‍ കൊണ്ടുവരാന്‍ പ്രവാചക പത്‌നിമാര്‍ ചൊല്ലിയയച്ചു. ബന്ധപ്പെട്ടവര്‍ അപ്രകാരം ചെയ്തു. അങ്ങനെ അവര്‍ക്ക് നമസ്‌കരിക്കാന്‍ പാകത്തില്‍ അവരുടെ വീടുകള്‍ക്കരികില്‍ ജനാസ കൊണ്ടുവന്നു വെച്ചു. പടികള്‍ക്കടുത്തുള്ള ബാബുല്‍ ജനാഇസ് (ജനാസ പുറത്തെടുക്കുന്ന കവാടം) വഴിയാണ് അത് പുറത്തെടുത്തത്. ജനാസ പള്ളിയില്‍ കയറ്റാന്‍ പാടില്ലായിരുന്നു എന്ന് ജനങ്ങള്‍ വിമര്‍ശിക്കുന്നുണ്ടെന്നറിഞ്ഞപ്പോള്‍ ആഇശ ചോദിച്ചു: തങ്ങള്‍ക്കറിയാത്ത കാര്യത്തില്‍ ആക്ഷേപം പറയാന്‍ ഈ മനുഷ്യര്‍ക്ക് എന്തൊരു ധൃതിയാണ്! ഒരു ജനാസ പള്ളിയില്‍ കൊണ്ടുവന്നതിന്റെ പേരില്‍ അവര്‍ ഞങ്ങളെ ആക്ഷേപിക്കുന്നു. സുഹൈലുബ്‌നു ബൈദാഇന് വേണ്ടി പള്ളിയുടെ അകത്തളത്തില്‍ വെച്ചാണ് നബി(സ) നമസ്‌കരിച്ചിരുന്നത്'' (മുസ്‌ലിം 100).
ഇബ്‌നു അബ്ബാസ് പറയുന്നു: ''അല്ലാഹുവിന്റെ ദൂതര്‍ മരിച്ചപ്പോള്‍ പുരുഷന്മാരെ ഉള്ളിലേക്ക് വിട്ടു. അവര്‍ ഇമാമില്ലാതെ ചെറു സംഘങ്ങളായി നമസ്‌കരിച്ചു. അവര്‍ നമസ്‌കരിച്ച് കഴിഞ്ഞപ്പോള്‍ സ്ത്രീകളെ വിട്ടു. അവരും നമസ്‌കരിച്ചു. പിന്നെ അടിമകളെ വിട്ടു. അവരും ചെറു സംഘങ്ങളായി ആരും നേതൃത്വം നല്‍കാതെ നമസ്‌കരിച്ചു'' (അല്‍ബിദായ വന്നിഹായയില്‍ ഇബ്‌നു കസീര്‍ ഉദ്ധരിച്ചത് 5/265).
'സ്ത്രീകളുടെ ജനാസ നമസ്‌കാരം സംബന്ധിച്ചുള്ള അധ്യായം' എന്ന തലക്കെട്ടിന് താഴെ ഹൈഥമി മജ്മഉസ്സവാഇദില്‍ ഇപ്രകാരം ഉദ്ധരിക്കുന്നു: ''മകന്‍ അബ്ദുല്ലയുടെ മാതാവ് ഉത്ബത്തിന് വേണ്ടി ജനാസ നമസ്‌കരിക്കും വരെ ഉമറുബ്‌നുല്‍ ഖത്ത്വാബ് അവരെ കാത്തിരുന്നു'' (മജ്മഉസ്സവാഇദ് 3/37).
ഇനി മജ്മഉസ്സവാഇദില്‍ ഇമാം ഹൈഥമി ഉദ്ധരിച്ച ചില ഹദീസുകള്‍ കൂടിയുണ്ട്; ദുര്‍ബലങ്ങളെങ്കിലും മേല്‍ സംഭവങ്ങള്‍ക്ക് പിന്‍ബലം നല്‍കാന്‍ പോന്നവ. നബി(സ)യുടെയും സ്വഹാബിമാരുടെയും കാലത്ത് സ്ത്രീകളും മയ്യിത്ത് നമസ്‌കാരം നിര്‍വഹിച്ചിരുന്നു എന്ന് കാണിക്കുന്നു, അവ. മയ്യിത്ത് നമസ്‌കാരത്തില്‍ ഓതേണ്ട സൂറത്തും പ്രാര്‍ഥിക്കേണ്ട പ്രാര്‍ഥനയും ഏതൊക്കെയെന്ന് സ്ത്രീകള്‍ വഴിയാണ് ഉദ്ധരിച്ചുവന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. ആ ഹദീസുകള്‍:
അസ്മാഅ് ബിന്‍ത് യസീദ് പറഞ്ഞു: അല്ലാഹുവിന്റെ ദൂതര്‍ പറഞ്ഞു: ''ജനാസ നമസ്‌കാരത്തില്‍ ഫാത്തിഹതുല്‍ കിതാബ് ഓതുവിന്‍.''
ഉമ്മു ഹഫീഫ പറഞ്ഞു: അല്ലാഹുവിന്റെ ദൂതര്‍ സ്ത്രീകളോട് ബൈഅത്ത് ചെയ്തപ്പോള്‍ ഞങ്ങളും ബൈഅത്ത് ചെയ്തിരുന്നു. വിവാഹബന്ധം നിഷിദ്ധമായ പുരുഷന്നല്ലാതെ മറ്റു പുരുഷന്മാര്‍ക്ക് സ്ത്രീകള്‍ പാരിതോഷികം നല്‍കുകയില്ലെന്ന് നബി(സ)അവരോട് പ്രതിജ്ഞ ചെയ്യിച്ചു. ഞങ്ങളുടെ കൂട്ടത്തില്‍ മരിച്ചുപോയ ആളുകള്‍ക്ക് വേണ്ടി (നമസ്‌കരിക്കുമ്പോള്‍) ഫാത്തിഹ ഓതാന്‍ നബി(സ) ഞങ്ങളോട് കല്‍പിക്കുകയും ചെയ്തു.''
ആഇശ(റ) പറഞ്ഞു: ''ജനാസ നമസ്‌കാരത്തില്‍, 'അല്ലാഹുവേ ഇയാള്‍ക്ക് പൊറുക്കേണമേ. ഇയാള്‍ക്ക് കാരുണ്യം ചൊരിയേണമേ. നിന്റെ ദൂതരുടെ ഹൗദിനടുത്ത് ഇയാളെ കൊണ്ടുവരേണമേ' എന്നിങ്ങനെ നബി(സ) പ്രാര്‍ഥിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.''
ആഇശയുടെ ഈ ഹദീസ് അബൂയഅ്‌ലാ ഉദ്ധരിച്ചിട്ടുണ്ട്. ത്വബ്‌റാനി ഔസത്തിലും ഇത് ഉദ്ധരിച്ചിരിക്കുന്നു. ത്വബ്‌റാനിയുടെ ഉദ്ധരണിയില്‍ 'ഇയാള്‍ക്ക് ബര്‍ക്കത്ത് ചൊരിയേണമേ' എന്ന് കൂടി പ്രാര്‍ഥിച്ചതായുണ്ട്. ഈ ഹദീസുകള്‍ ദുര്‍ബലമാണെങ്കില്‍ കൂടി മുസ്‌ലിമും ഇബ്‌നു കസീറും ഉദ്ധരിച്ച സംഭവങ്ങള്‍ക്ക് ബലം നല്‍കുന്നുണ്ട്.
മേല്‍ സംഭവങ്ങളത്രയും വ്യക്തമാക്കുന്ന കാര്യം ഇതാണ്: നബി(സ)യുടെയും സ്വഹാബത്തിന്റെയും കാലത്ത് സ്ത്രീകളും ജനാസ നമസ്‌കാരം നിര്‍വഹിച്ചിരുന്നു. സ്ത്രീകള്‍ മയ്യിത്ത് നമസ്‌കാരം നിര്‍വഹിക്കുന്നത് അവരാരും തടഞ്ഞതായി അറിയില്ല. അതുകൊണ്ടുതന്നെ സ്ത്രീകളെ ജനാസ നമസ്‌കാരത്തില്‍ നിന്ന് തടയുന്നതിന് യാതൊരു നീതീകരണവുമില്ല.
പുരുഷന്മാര്‍ക്ക് മുമ്പ് സ്ത്രീകള്‍ക്ക് അത് നിര്‍വഹിക്കാമോ എന്നതാണ് ഇനിയുള്ള പ്രശ്‌നം.
ആര്‍, ആര്‍ക്ക് മുമ്പ് നമസ്‌കരിക്കണം എന്നത് സംബന്ധിച്ച് വ്യക്തമായ ഒരു നിര്‍ദേശവുമില്ല. ഏതു കാര്യവും സമയമായാല്‍ സൗകര്യമുള്ളവര്‍ക്ക് ചെയ്യാം എന്നതാണ് അംഗീകൃത തത്ത്വം. മയ്യിത്ത് നമസ്‌കാരത്തിന്റെ സമയം കുളിപ്പിച്ച്, കഫന്‍ ചെയ്ത ശേഷമാണ്. പിന്നെ ആര്‍ക്കും മയ്യിത്ത് നമസ്‌കാരം നിര്‍വഹിക്കാം. പുരുഷന്മാര്‍ക്ക് മുമ്പ് സ്ത്രീകള്‍ നിര്‍വഹിച്ചതുകൊണ്ട് പുരുഷ നമസ്‌കാരത്തിന്റെ പുണ്യം കുറയുന്നില്ല. ഒരു മനുഷ്യന് വേണ്ടി അയാളുടെ മരണാനന്തരം കുടുംബങ്ങള്‍ക്കും സ്‌നേഹജനങ്ങള്‍ക്കും ചെയ്തുകൊടുക്കാവുന്ന ഏറ്റവും ഗുണകരമായ കാര്യം അയാള്‍ക്ക് വേണ്ടി നമസ്‌കരിക്കുക എന്നതാണ്. അതിന് തടസ്സം സൃഷ്ടിക്കുന്നവര്‍ മറ്റുള്ളവരുടെ അവകാശം തടയുന്നതോടൊപ്പം പരേതന് ലഭിച്ചേക്കാവുന്ന പരലോക ഗുണം തടയുക കൂടിയാണ് ചെയ്യുന്നത്. ഇത് ജീവിച്ചിരിക്കുന്നവരോടും മരിച്ചവരോടും ചെയ്യുന്ന മഹാ ദ്രോഹമല്ലാതെ മറ്റൊന്നുമല്ല.
ഇവിടെ ഒരു എതിര്‍വാദത്തിന് സാധ്യതയുണ്ട്. നബി(സ)ക്ക് വേണ്ടി സ്ത്രീകള്‍ നമസ്‌കരിച്ചത് പുരുഷന്മാര്‍ നമസ്‌കരിച്ച ശേഷമാണ്. അത് പുരുഷന്മാര്‍ നമസ്‌കരിച്ച ശേഷമേ സ്ത്രീകള്‍ ജനാസ നമസ്‌കരിക്കാവൂ എന്നതിന് തെളിവല്ലേ എന്നതാണത്.
എന്നാല്‍, ആ വാദം നിലനില്‍ക്കത്തക്കതല്ല. കാരണം, അവിടെ നബി(സ)യുടെ മയ്യിത്ത് ഖബ്‌റിനടുത്താണുണ്ടായിരുന്നത്. രണ്ട്, അവിടെ സ്ത്രീകളും കുട്ടികളുമൊക്കെ ഹാജറുണ്ടായിരുന്നു. നമ്മുടെ നാട്ടില്‍ പുരുഷന്മാര്‍ക്ക് ശേഷം ജനാസ നമസ്‌കരിക്കാന്‍ സ്ത്രീകള്‍ക്ക് സൗകര്യം ചെയ്തുകൊടുക്കാവുന്ന സാഹചര്യമല്ല ഉള്ളത്. പുരുഷന്മാര്‍ പള്ളിയില്‍ വെച്ചാണ് ജനാസ നമസ്‌കരിക്കുന്നത്. പിന്നീട് അത് വീണ്ടും വീട്ടിലേക്കെടുക്കുന്നില്ല. അതിനാല്‍ അവര്‍ വീട്ടില്‍ വെച്ച് ആദ്യം നമസ്‌കരിക്കുകയാണ്. പുരുഷന്മാര്‍ക്കൊപ്പമോ അവര്‍ക്കു ശേഷമോ നമസ്‌കരിക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കാതെ, അവര്‍ നേരത്തെ നമസ്‌കരിച്ചുകൂടാ എന്ന് ശഠിക്കുന്നത് ഉറ്റവര്‍ക്കും ഉടയവര്‍ക്കും വേണ്ടി ഏറ്റവും ഒടുവില്‍ നിര്‍വഹിക്കാവുന്ന ഒരു പുണ്യകര്‍മത്തില്‍ നിന്ന് തടയുക എന്ന കൊടിയ അനീതിയാണ്. മദ്ഹബിലുമില്ല അതിന് വിരുദ്ധമായ ഒരഭിപ്രായമെന്ന് മുകളിലെ ഉദ്ധരണികളില്‍ നിന്ന് സുവ്യക്തമാണല്ലോ.
Comments