Prabodhanm Weekly

Pages

Search

2013 ഒക്‌ടോബര്‍ 11

പ്രബോധകനായ ഹാജി

അബ്ദുല്‍ ഖാദിര്‍ കണ്ണമംഗലം / ലേഖനം

സ്രഷ്ടാവായ ദൈവത്തിന്റെ വിളിക്ക് ഉത്തരം നല്‍കി തീര്‍ഥയാത്ര പുറപ്പെട്ടവരാണ് ഹാജിമാര്‍. ഹജ്ജെന്ന ഈ പുണ്യകര്‍മം നിര്‍വഹിക്കാന്‍ ജനങ്ങളെ വിളിക്കാനായി അല്ലാഹു തെരഞ്ഞെടുത്തത് തന്റെ മാര്‍ഗത്തില്‍ സര്‍വവും സമര്‍പ്പിച്ച ഇബ്‌റാഹീം നബിയെയായിരുന്നു. സ്വന്തം പിതാവുള്‍പ്പെടെയുള്ള തന്റെ സമൂഹം തങ്ങളുടെ കരങ്ങളാല്‍ കൊത്തിയുണ്ടാക്കിയ, കാഴ്ചയും കേള്‍വിയും ഇല്ലാത്ത ആര്‍ക്കും ഒരു ഉപകാരവും ഉപദ്രവവും ചെയ്യാന്‍ സാധിക്കാത്ത ചില രൂപങ്ങളെ ആരാധിക്കുന്നതിലുള്ള പൊള്ളത്തരം തുറന്നു കാണിച്ചതിന്റെ  പേരില്‍ തന്റെ യുവത്വത്തില്‍ അഗ്‌നികുണ്ഡത്തില്‍ എറിയപ്പെട്ടവനാണദ്ദേഹം (ഖുര്‍ആന്‍ 21:65-70). നമ്മെ ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനുമായ, സൂര്യനെ കിഴക്ക് നിന്ന് ഉദിപ്പിക്കുകയും പടിഞ്ഞാറ് അസ്തമിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ദൈവത്തെ (ഖുര്‍ആന്‍ 2:258) മാത്രമേ ആരാധിക്കാവൂ എന്ന സത്യം വിളിച്ച് പറഞ്ഞതിനാല്‍ ഭാര്യ സാറായെയും കൂട്ടി നാട് വിട്ട് ഓടേണ്ടിവന്ന, സന്മാര്‍ഗത്തിന്റെ  പ്രചാരണത്തിനുവേണ്ടി വിവിധ നാടുകളില്‍ സഞ്ചരിച്ച, ഇത്തരം കര്‍മങ്ങളിലൂടെ സമര്‍പ്പണത്തിന്റെ മൂര്‍ത്തീമത് ഭാവമായി മാറിയ ഇബ്‌റാഹിംനബി തന്നെയാണ് ഹജ്ജ് എന്ന സമര്‍പ്പണത്തിലേക്ക് ലോകരെ വിളിക്കാന്‍ എന്തുകൊണ്ടും അര്‍ഹന്‍.  
ഹജ്ജ് കര്‍മത്തില്‍ ഇബ്‌റാഹീമിനൊപ്പം സ്മരിക്കപ്പെടുന്ന രണ്ടു നാമങ്ങളാണ് ഇസ്മാഈലും ഹാജറയും. പിന്നീട് പട്ടണങ്ങളുടെ മാതാവ് എന്ന് അറിയപ്പെട്ട മക്കയെന്ന പുണ്യനഗരത്തിന്റെ നിര്‍മിതിക്കുവേണ്ടി കൈക്കുഞ്ഞായ തന്റെ മകനുമൊന്നിച്ച്, ഒറ്റക്ക് എന്ന് പറയാവുന്ന തരത്തില്‍, ഒരു നല്ല തണല്‍ വൃക്ഷം പോലുമില്ലാത്ത, ഒരു തുള്ളി വെള്ളം പോലും ലഭിക്കാത്ത മരുഭൂമിയുടെ മധ്യത്തില്‍ കഴിയാന്‍ സന്നദ്ധമായവളാണ് ഹാജറ. ദൈവ കൃപയാല്‍ ലഭ്യമായ 'സംസം' കിണറിനു സംസം എന്ന പേര്‍ ലഭിക്കാന്‍ കാരണമായവള്‍.
ദൈവാരാധനക്ക് മാത്രമായി നിര്‍മിക്കപ്പെട്ട ഒന്നാമത്തെ ഭവനമായ കഅ്ബ എന്നറിയപ്പെടുന്ന പുണ്യഗേഹത്തിന്റെ സാക്ഷാല്‍ക്കാരത്തിനുവേണ്ടി പിഞ്ചുകുഞ്ഞായിരിക്കെ സമര്‍പ്പിക്കപ്പെട്ടവനാണ് ഇസ്മാഈല്‍. മരുഭൂമിയുടെ കഠിനതയില്‍ മാതാവിനോടൊപ്പം തന്റെ ഇളംപ്രായത്തില്‍ താമസിക്കേണ്ടിവന്നവന്‍. ബാലനായിരിക്കെ സ്വമനസ്സാലെ ബലിക്ക് സന്നദ്ധനായി തന്റെ  പിതാവിനൊപ്പം വലിയൊരു അഗ്‌നി പരീക്ഷയില്‍ വിജയം വരിച്ചവന്‍. കഅ്ബ നിര്‍മാണം പൂര്‍ത്തിയാക്കിയശേഷം പിതാവായ ഇബ്‌റാഹീമിനൊപ്പം തങ്ങളുടെ കര്‍മം സ്വീകരിക്കപ്പെടാനും ആ പുണ്യ നഗരത്തിലേക്ക് ഒരു പ്രവാചകനെ നിയോഗിക്കാനും ദൈവത്തോട് പ്രാര്‍ഥിച്ചവന്‍ (ഖുര്‍ആന്‍ 2:127-129). ഹജ്ജിനു വേണ്ടി ഇബ്‌റാഹീമിലൂടെയുള്ള ദൈവത്തിന്റെ വിളിക്ക് സാക്ഷിയായവന്‍.
മരുഭൂമിയില്‍ ഭാര്യ ഹാജറയോടൊപ്പം തനിച്ചാക്കുമ്പോള്‍ മകനായ ഇസ്മാഈലിന് വേണ്ടി ഇബ്‌റാഹീം നബി നടത്തുന്ന പ്രാര്‍ഥന ബൈബിളും പരാമര്‍ശിക്കുന്നത് കാണാം 'ഇസ്മാഈലിനു വേണ്ടി നിന്റെ പ്രാര്‍ഥനയും ഞാന്‍ ചെവികൊണ്ടിരിക്കുന്നു, ഞാന്‍ അവനെ അനുഗ്രഹിച്ചിരിക്കുന്നു...' (ഉല്‍പത്തി 17:20) '...മരുഭൂമിയിലുള്ള നീരുറവയുടെ അടുത്തുവെച്ച് അവളെ കണ്ടെത്തി' (ഉല്‍പത്തി 16:7) എന്ന പ്രയോഗത്തിലൂടെ ബൈബിള്‍ സൂചിപ്പിക്കുന്നത് സംസം കിണറിനെയാണെന്ന് കാണാം. അബ്രഹാമിന്റെ ബലിയെ കുറിച്ചും അതിന്റെ സ്മരണക്കായി ആ സ്ഥലത്ത് കാലാകാലങ്ങളിലും ദൈവം വേണ്ടത് പ്രദാനം ചെയ്യും എന്ന് പറഞ്ഞ് കൊണ്ട് ഹജ്ജിന്റെ ഭാഗമായി നടത്തപ്പെടുന്ന, അനേക ദരിദ്രകോടികള്‍ക്ക് അനുഗ്രഹമായി മാറുന്ന ബലിയെ കുറിച്ചും ബൈബിളില്‍ (ഉല്‍പത്തി 22:13-14) സൂചന കാണാം.
അത്യുന്നതമായ ചില ത്യാഗങ്ങളുടെ സ്മരണക്കായി ദൈവത്താല്‍ നിശ്ചയിക്കപ്പെട്ടതാണ് ഹജ്ജ് എന്ന ത്യാഗപൂര്‍ണമായ കര്‍മം എന്ന് പറയുന്നതാവും ശരി.
സത്യത്തിലും ധര്‍മത്തിലും സ്വയം നിലകൊണ്ടതിനാല്‍ അല്‍അമീന്‍ (വിശ്വസ്തന്‍) എന്ന് വിളിക്കപ്പെട്ട മഹാനാണ് ഇബ്‌റാഹീംനബിയുടെ സന്താന പരമ്പരയില്‍പ്പെട്ട മുഹമ്മദ്‌നബി. ഐഹിക ലോകത്ത് സമാധാനം പുലരാന്‍ ധര്‍മം കൈകൊള്ളാനും, പാരത്രിക ലോകത്ത് മോക്ഷം ലഭിക്കാന്‍ ഏകനായ ദൈവത്തെ ആരാധിക്കാനും പ്രബോധനം ചെയ്തതിന്റെ പേരില്‍ വിശ്വസ്തന്‍ എന്ന് തന്നെ വിളിച്ച തന്റെ ജനതയില്‍നിന്ന് കഠിനമായ എതിര്‍പ്പ് നേരിട്ട് മക്ക വിട്ട് മദീനയിലേക്ക് പലായനം ചെയ്യേണ്ടിവന്ന മുഹമ്മദ്‌നബിയിലൂടെയാണ് ഹജ്ജിന്റെ തനതായ രൂപം നാം പഠിക്കുന്നത്. ഹജ്ജത്തുല്‍ വിദാഅ് എന്നപേരില്‍ അറിയപ്പെടുന്ന, താന്‍ നിര്‍വഹിച്ച ഒരേ ഒരു ഹജ്ജില്‍ അവിടെ ഹാജിമാരായി സന്നിഹിതരായ തന്റെ സഖാക്കളോട് അറഫയില്‍ വെച്ചുള്ള തന്റെ പ്രസംഗത്തില്‍ പ്രവാചകന്‍ നല്‍കുന്ന ഒരു ഉപദേശമുണ്ട്, ''അല്ലാഹുവിന്റെ ഈ പ്രകാശം ഇവിടെ സന്നിഹിതരായവര്‍ സന്നിഹിതരാവാത്തവര്‍ക്ക് എത്തിച്ചു കൊടുക്കുക.''
നാട്ടില്‍ തിരിച്ചെത്തുന്ന ഓരോ ഹാജിയും ഇബ്‌റാഹീം, ഇസ്മാഈല്‍, മുഹമ്മദ് എന്നീ നബിമാരുടെയും ഹാജറ ബീവിയുടെയും ത്യാഗങ്ങള്‍ മാതൃകയാക്കുകയും പ്രവാചകന്മാരുടെ സദ്ഗുണമായി ഖുര്‍ആന്‍ പറയുന്ന ഗുണകാംക്ഷ വേണ്ടവിധം ഉള്‍ക്കൊള്ളുകയും ചെയ്താല്‍, സ്വാഭാവികമായും സര്‍വ ജനങ്ങളെയും മോക്ഷത്തിന്റെ മാര്‍ഗത്തിലേക്ക് വിളിക്കാന്‍ അവര്‍ പ്രാപ്തരായിത്തീരുന്നതാണ്. ആരെങ്കിലും സന്മാര്‍ഗം സ്വീകരിക്കുന്നുവെങ്കില്‍ ആ സ്വീകരിക്കുന്നവര്‍ക്കാണ് അതിന്റെ യഥാര്‍ഥ നേട്ടം. പാരത്രിക ലോകത്ത് അവര്‍ക്ക്  മോക്ഷം ലഭിക്കും എന്നര്‍ഥം. ഈ സത്യം ബോധ്യപ്പെട്ടാല്‍ ഏതൊരാളെയും ദൈവമാര്‍ഗത്തിലേക്കു വിളിക്കുന്നതിനു ആര്‍ക്കും തടസ്സമുണ്ടാവേണ്ടതില്ല.
വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് സ്രഷ്ടാവായ ദൈവത്തിന് പങ്കാളികളെ കല്‍പ്പിക്കുന്നവര്‍ ആകാശത്തു നിന്ന് വീണവരെ പോലെയാണ് (ഖുര്‍ആന്‍ 22:31) എന്നാണ്. തനിക്ക് ചുറ്റുമുളള, തന്നെ സ്‌നേഹിക്കുന്ന, താന്‍ സ്‌നേഹിക്കുന്ന മനുഷ്യസഹോദരങ്ങളെ ആകാശത്തുനിന്ന് വീഴാന്‍ വിട്ടു കൊടുക്കണോ എന്ന് ഓരോ ഹാജിയും ചിന്തിക്കേണ്ടതുണ്ട്. അത്തരം ഒരു വീഴ്ചയിലേക്കാണ് ആ സഹോദരന്മാര്‍ പോയിക്കൊണ്ടിരിക്കുന്നത് എന്ന് അറിയിക്കാനുള്ള സന്നദ്ധതയെങ്കിലും ഹാജി കാണിക്കേണ്ടതുണ്ട്. സത്യം അറിഞ്ഞതിനുശേഷം അത് സ്വീകരിക്കേണമോ വേണ്ടയോ എന്ന് ആ സഹോദരന്മാര്‍ തീരുമാനിക്കട്ടെ. അതിനുള്ള സ്വാതന്ത്ര്യം ദൈവം മനുഷ്യര്‍ക്ക് നല്‍കിയിട്ടുണ്ടല്ലോ. തങ്ങളുടെ ചുറ്റുമുള്ളവരെ ശാശ്വതമായ ദൈവകോപത്തില്‍ നിന്ന് രക്ഷപ്പെടുത്താനുള്ള മാനുഷികമായ പരിശ്രമമെങ്കിലും ഹാജിമാര്‍ നടത്തേണ്ടതുണ്ട്.
ദൈവത്തിന്റെ വിളിക്ക് ഉത്തരം നല്‍കി പരിശുദ്ധി നേടിയ ഹാജിമാര്‍ തങ്ങളുടെ ചുറ്റുമുള്ള വിശ്വാസികളെ കൂടി പ്രബോധന പ്രവര്‍ത്തനത്തിന് സന്നദ്ധരാക്കി സമൂഹത്തില്‍ നേതൃപരമായ ഒരു ഇടം നേടട്ടെ. അത്തരം ഹാജിമാരാണ് ഹജ്ജിലൂടെ സൃഷ്ടിക്കപ്പെടേണ്ടത്.  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/37-41
എ.വൈ.ആര്‍