Prabodhanm Weekly

Pages

Search

2013 ഒക്‌ടോബര്‍ 11

മുസ്‌ലിം വ്യക്തിനിയമ ക്രോഡീകരണം സമുദായ നേതാക്കള്‍ മുന്നോട്ട് തന്നെ

അഡ്വ. കെ.എല്‍ അബ്ദുല്‍ സലാം / റിപ്പോര്‍ട്ട്

ന്ത്യയില്‍ മുസ്‌ലിം വ്യക്തി നിയമം ക്രോഡീകരിക്കാത്തതിന്റെ പേരില്‍ കോടതികളില്‍നിന്ന് തീര്‍ത്തും വിരുദ്ധമായ കണ്ടെത്തലുകളും ഉത്തരവുകളുമാണ് പലപ്പോഴും ഉണ്ടാവുന്നത്. ഇതിന് അറുതി വരുത്തി ഇസ്‌ലാമിക ശരീഅത്തിന് വിധേയമായി ഒരു മുസ്‌ലിം വ്യക്തി നിയമ കോഡ് രൂപീകരിക്കണം. വര്‍ഷങ്ങളായുള്ള സമുദായത്തിന്റെ പൊതുവായ ആവശ്യമാണത്. ഭാരിച്ച ആ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള ശ്രമത്തിലാണ് അഭിഭാഷകരുടെ കൂട്ടായ്മയായ ജസ്റ്റീഷ്യ സംസ്ഥാന ഘടകം. ജസ്റ്റീഷ്യ ഭാരവാഹികള്‍ കേരളത്തിലെ ഒട്ടുമിക്ക നിയമ വിദഗ്ധരെയും സമുദായ നേതാക്കളെയും  പണ്ഡിതന്മാരെയും നേരില്‍ കണ്ട് ഈ വിഷയം ചര്‍ച്ച ചെയ്തു. തുടര്‍ന്ന് വിവാഹം, വിവാഹ മോചനം, അനന്തരാവകാശം എന്നീ മൂന്ന് വിഷയങ്ങള്‍ ക്രോഡീകരിക്കാന്‍ തീരുമാനിച്ചു. കോടതിയില്‍ വിരുദ്ധാഭിപ്രായങ്ങള്‍ പ്രകടിപ്പിക്കപ്പെടുന്നത് പ്രധാനമായും ഈ മൂന്ന് വിഷയങ്ങളിലായതിനാലാണ് ഇവ ചര്‍ച്ചക്കെടുത്തത്. തുടര്‍ന്ന് മൂന്ന് സന്ദര്‍ഭങ്ങളിലായി എല്ലാ മതസംഘടനാ നേതാക്കളും മറ്റ് പ്രമുഖരും പങ്കെടുത്ത വിശദമായ ചര്‍ച്ചകള്‍ക്ക് ജസ്റ്റീഷ്യ നേതൃത്വം നല്‍കി. അതില്‍നിന്നും ഉരുത്തിരിഞ്ഞ അഭിപ്രായങ്ങള്‍ മുന്നില്‍വെച്ച് ജസ്റ്റീഷ്യ കരട് കോഡ് രേഖ തയാറാക്കി. അതിന്മേലുള്ള വിശദമായ ചര്‍ച്ച നടന്നു. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി. കമാല്‍ പാഷ ചര്‍ച്ച ഉദ്ഘാടനം ചെയ്തു.
സുപ്രീംകോടതി ഇടപെടലിന്റെയും സമുദായത്തില്‍ വന്ന പ്രബുദ്ധതയുടെയും ഫലമായി മുസ്‌ലിംകളില്‍ വിവാഹമോചനം കുറഞ്ഞതായി അദ്ദേഹം അഭിപ്രായപ്പെട്ടു. നിയമത്തെക്കുറിച്ചുള്ള അജ്ഞതയും ദുരുപയോഗവുമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ബ്രിട്ടീഷ് ഭരണകാലത്ത് പാഴ്‌സിയായ എം മുല്ല തയാറാക്കിയ മുഹമ്മദന്‍ ലോ ആണ് ഇന്നും മുസ്‌ലിം നിയമത്തിലെ ആധികാരിക രേഖയായി കണക്കാക്കുന്നത്. മുഹമ്മദന്‍ മതം എന്ന പ്രയോഗം തന്നെ ശരിയല്ല. ഇതിലെ പ്രതിപാദ്യങ്ങള്‍ പവിത്രമായി കണക്കാക്കുന്നത് സംബന്ധിച്ച് പുനരാലോചന വേണമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകള്‍ക്ക് പുരുഷന്റെ അവകാശത്തിന്റെ പകുതിയെങ്കിലും കൊടുക്കണമെന്നാണ് വിവക്ഷയെന്നും പകുതി മാത്രമേ കൊടുക്കാന്‍ പാടുള്ളുവെന്ന് അതിനര്‍ഥമില്ലെന്നും തുടര്‍ന്ന് സംസാരിച്ച ഒ. അബ്ദുര്‍റഹ്മാന്‍ പറഞ്ഞു. ഇന്ത്യയില്‍ പൊതു സിവില്‍ കോഡിനുള്ള സമയം ആയിട്ടില്ലെന്ന് എം.ഇ.എസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ അഭിപ്രായപ്പെട്ടു. പൊതു സിവില്‍ കോഡ് നടപ്പാക്കി അന്യ സംസ്‌കാരം മുസ്‌ലിംകളില്‍ അടിച്ചേല്‍പ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന്  അദ്ദേഹം പറഞ്ഞു.
ജസ്റ്റീഷ്യ തയാറാക്കിയ കരട് കോഡ് ഓരോ സംഘടനയിലെയും പണ്ഡിതസഭക്ക് വിട്ട് കൊടുത്ത് അവരുടെ അഭിപ്രായം കൂടി അറിയണമെന്ന് മര്‍കസിന്റെ പി.ആര്‍.ഒ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിയാട് അഭിപ്രായപ്പെട്ടു. മൂന്ന് ത്വലാഖ് ഒന്നിച്ച് ചൊല്ലുന്നത് ലാഘവത്തോടെയായതിനാല്‍ അത് ക്രിമിനല്‍ കുറ്റമായി കണക്കാക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് പറഞ്ഞു. ഏക സിവില്‍ കോഡ് നടപ്പാക്കിയാല്‍ സമുദായത്തിനു നഷ്ടമാണോ ലാഭമാണോ എന്ന് ഒന്നുകൂടി ചിന്തിക്കണമെന്ന് സമസ്ത കേരള ജംഇയത്തുല്‍ ഉലമാ ഇ.കെ വിഭാഗം പണ്ഡിതന്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി പാണമ്പ്ര നിര്‍ദേശിച്ചു.
ശീഈ വിഭാഗത്തിന്റെ അഭിപ്രായം കൂടി നിയമ കോഡില്‍ ഉള്‍കൊള്ളിക്കണമെന്നും സമവായം അഖിലേന്ത്യാതലത്തിലായിരിക്കണമെന്നും എം.വി സലീം മൗലവി സൂചിപ്പിച്ചു. നിയമ ക്രോഡീകരണം അത്യാവശ്യമാണെന്നും  ജസ്റ്റീഷ്യയുടെ ശ്രമം വിലമതിക്കാനാവാത്തതാണെന്നും സമസ്ത കേരള ജംഇയത്തുല്‍ ഉലമാ കാന്തപുരം വിഭാഗം പണ്ഡിതന്‍ ചേറൂര്‍ അബ്ദുല്ല മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു.
മൂന്ന് വര്‍ഷം മുമ്പ് മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് മുംബെയില്‍ ചേര്‍ന്ന് ഇത്തരം ഒരു സംരംഭത്തിന് തുടക്കം കുറിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും കേരളത്തിലെ മുഴുവന്‍ മുസ്‌ലിം പണ്ഡിതന്മാരും ജസ്റ്റീഷ്യയുടെ പിന്നിലുണ്ടാവുമെന്നും കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന പ്രസിഡന്റും ഓള്‍ ഇന്ത്യാ ഇസ്‌ലാഹി മൂവ്‌മെന്റ് വൈസ് പ്രസിഡന്റുമായ ഡോ. ഹുസൈന്‍ മടവൂര്‍ അഭിപ്രായപ്പെട്ടു. ഏക സിവില്‍ കോഡ് ഒരു കാരണവശാലും പാടില്ലെന്ന് അഡ്വ. ഇസ്മാഈല്‍ വഫ പറഞ്ഞു.
അല്‍ജാമിഅ ശാന്തപുരം അസിസ്റ്റന്റ് ഡയറക്ടര്‍ ഇല്‍യാസ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ നേതാവ് അഡ്വ. കെ.പി മുഹമ്മദ്, വി.കെ അലി, അബ്ദുല്ല ഹസന്‍, അഡ്വ. പി. മുഹമ്മദ് ഹനീഫ്, ടി.കെ ഹുസൈന്‍, അഡ്വ. മൊയ്തീന്‍ കുട്ടി, അഡ്വ.  ഉമ്മര്‍കുട്ടി കാരിയില്‍, മൊയ്തീന്‍ കുഞ്ഞി, അഡ്വ. അഹമ്മദ് മൂസ്സ, അഡ്വ. കോനാരി മുഹമ്മദ്, അഡ്വ. സി.കെ സെയ്ത് മുഹമ്മദ് എന്നിവരും സംസാരിച്ചു. ജസ്റ്റീഷ്യ പ്രസിഡന്റ് അഡ്വ. അഹമ്മദ് കുട്ടി പുത്തലത്ത് അധ്യക്ഷത വഹിച്ചു. അഡ്വ. കെ.എല്‍ അബ്ദുല്‍ സലാം സ്വാഗതവും അഡ്വ. എം.സി അനീഷ് നന്ദിയും പറഞ്ഞു. അഡ്വ. പി. ഫൈസല്‍ കരട് കോഡ് അവതരിപ്പിച്ചു. എന്‍.പി സലാഹുദ്ദീന്‍ ഖിറാഅത്ത് നടത്തി.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/37-41
എ.വൈ.ആര്‍