പശ്ചിമേഷ്യയിലെ പാവ ഭരണാധികാരികളും ഇസ്‌ലാമിസ്റ്റുകളുടെ ചെറുത്തുനില്‍പും
'ഈജിപ്തില്‍നിന്നു ഞാനെന്റെ മകനെ വിളിച്ചു വരുത്തി. അന്നാളില്‍ ഈജിപ്തിന്റെ നടുവില്‍ യഹോവക്ക് ഒരു യാഗപീഠവും അതിന്റെ അതിര്‍ത്തിയില്‍ യഹോവക്ക് ഒരു തൂണും ഉണ്ടായിരിക്കും. അത് ഈജിപ്തില്‍ സൈന്യങ്ങളുടെ യഹോവക്ക് ഒരു അടയാളവും ഒരു സാക്ഷ്യവും ആയിരിക്കും. പീഡകന്മാര്‍ നിമിത്തം അവര്‍ യഹോവയോട് നിലവിളിക്കും.അവന്‍ അവര്‍ക്ക് ഒരു രക്ഷകനെ അയക്കും. അവന്‍ പൊരുതി അവരെ വിടുവിക്കും. അങ്ങനെ യഹോവ മിസ്രേയിമിനു തന്നെ വെളിപ്പെടുത്തുകയും മിസ്രേയീമ്യര്‍ അന്ന് യഹോവയെ അറിഞ്ഞ് യാഗവും വഴിപാടും കഴിക്കുകയും യഹോവക്ക് ഒരു നേര്‍ച്ച നേര്‍ന്ന് അതിനെ നിവര്‍ത്തിക്കുകയും ചെയ്യും.അന്നാളില്‍ യിസ്രായേല്‍ ഭൂമിയുടെ മധ്യേ ഒരു അനുഗ്രഹമായി ഈജിപ്തിനോടും അശ്ശൂരിനോടും കൂടെ മൂന്നാമതായിരിക്കും'”(ബൈബിള്‍: മത്തായി 2:12-23, യെശയാ 19:19-24).
ഈജിപ്തിന്റെ പഴയ പേര് മിസ്രയിം എന്നാണ്. ബൈബിളില്‍ ഈ മിസ്രയിമിനെ സംബന്ധിച്ച് നിരവധി പരാമര്‍ശങ്ങളുണ്ട്. വിശ്വാസികളുടെ പിതാവായ അബ്രഹാം കനാന്‍ നാട്ടിലേക്കുള്ള യാത്രാമധ്യേ ഈജിപ്തിലൂടെയത്രെ കടന്നുപോകുന്നത്. അദ്ദേഹത്തിന്റെ ആദ്യജാതനായ ഇസ്മായേലിന്റെ മാതാവ് ഹാഗാര്‍ (ഹാജറ) ഈജിപ്തില്‍ നിന്നും വില കൊടുത്തു വാങ്ങിയ ഒരടിമ സ്ത്രീ ആയിരുന്നു (ഉല്‍പ്പത്തി 16:2). യാക്കോബിന്റെ പന്ത്രണ്ടു മക്കളില്‍ ഒരാളായിരുന്ന ജോസഫിനെ സഹോദരങ്ങള്‍ അറബി വ്യാപാരികള്‍ക്കു വിറ്റുകളയുന്നു. അദ്ദേഹം ഒരടിമയായി ഈജിപ്തിലെത്തുന്നു. പിന്നീട് അവിടത്തെ പ്രധാന ഭരണാധികാരിയാകുന്നു. പിതാവും സഹോദരങ്ങളും ഈജിപ്തിലേക്കു കുടിയേറുന്നു. അവരവിടെ ഒരു പ്രവാസിസമൂഹമായി പെറ്റുപെരുകുന്നതും യഹോവയായ ദൈവം തന്റെ പ്രവാചകനായ മൂസ(മോശ)യിലൂടെ അവരെ അവരുടെ പിതൃഭൂമിയിലേക്കു മടക്കിക്കൊണ്ടുപോകുന്നതുമായി ഈജിപ്തുമായി ബന്ധപ്പെട്ട ഒട്ടേറെ രസകരമായ കഥകള്‍കൊണ്ടു സമ്പന്നമാണ് ബൈബിള്‍ പഴയനിയമസഞ്ചയം. ഇപ്പോഴിതാ ഈജിപ്ത് വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുന്നു. ഈജിപ്തിനു പിന്നാലെ സിറിയയും, അവിടുത്തെ സൈന്യവും സിവില്‍സമൂഹവും തമ്മിലുള്ള രൂക്ഷമായ പോരാട്ടത്തിന്റെ വേദിയായിരിക്കുന്നു. പശ്ചിമേഷ്യന്‍ മേഖല, ഈജിപ്തുള്‍പ്പെടെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങള്‍,ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ ഇവിടെയെല്ലാം ലോകപോലീസുകാരന്‍ ചമയുന്ന അമേരിക്കയുടെ രാഷ്ട്രീയ കരുനീക്കങ്ങള്‍ക്കെതിരെ ഇന്ത്യന്‍ ഭരണാധികാരികള്‍ ഉള്‍പ്പെടെയുള്ള പിന്‍നിലരാജ്യങ്ങളിലെ ഭരണാധികാരികളുടെ നാവു ചലിക്കുന്നില്ല. ഈ പോക്കപകടമാണ്. ഇന്നലെ ഈജിപ്‌തെങ്കില്‍ ഇന്ന് സിറിയ, നാളെ ഇത്തരം ദുരനുഭവങ്ങള്‍ ഇന്ത്യക്കായിക്കൂടെന്നില്ല. ആ വഴിക്കാണല്ലോ ഇപ്പോള്‍ ഇവിടെ കാര്യങ്ങള്‍ നീങ്ങുന്നത്.
ഈജിപ്തിന് പുരാതനമെന്നും ആധുനികമെന്നും രണ്ടു മുഖങ്ങളുണ്ട്.ഇതില്‍ ആദ്യത്തേതിനെ പരിചയപ്പെടാതെ രണ്ടാമത്തേതിലേക്കെടുത്തു ചാടുന്നത് കേവലം ഉപരിപ്ലവമായ ധാരണ സ്വരൂപിക്കാനേ സഹായിക്കൂ. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നിയമവ്യവസ്ഥ ഈജിപ്തിലേതായിരുന്നു. ബി.സി 3000 മുതലെങ്കിലും ഉള്ള കാലപ്പഴക്കം ചരിത്രകാരന്മാര്‍ ഇതിനു പതിച്ചു നല്‍കിയിരിക്കുന്നു. ലിഖിതഭാഷയുടെ ഏറ്റവും പഴക്കംചെന്ന ഏടുകളും ഈജിപ്തിനവകാശപ്പെട്ടതാണ്. ഭാഷ,സാഹിത്യം, കല, സംസ്‌കാരം, മതം, തത്വചിന്ത, വാസ്തുശില്‍പം എന്നുവേണ്ട മനുഷ്യസംസ്‌കാരത്തിന്റെ ഏറ്റവും പൗരാണികമായ എല്ലാറ്റിന്റെയും അവശിഷ്ടങ്ങള്‍ ഇന്നും നിലനില്‍ക്കുന്ന ലോകത്തിലെ ഒരേ ഒരു സ്ഥലമാണ് ഈജിപ്ത്.
സ്റ്റോളന്‍ ലെഗസി” (മോഷ്ടിക്കപ്പെട്ട പൈതൃകം) എന്ന തന്റെ വിസ്തൃതമായ പഠനത്തില്‍ ജോര്‍ജ് ജി.എം. ജെയിംസ് പറയുന്നത്, ലോകത്തിലെ സകല മതങ്ങളുടെയും പൂര്‍വ മതം ഈജിപ്ഷ്യന്‍ മതമാണെന്നാണ്. പാശ്ചാത്യ തത്ത്വചിന്തയുടെയും അതില്‍ നിന്ന് പിറവിയെടുത്ത ആധുനിക ശാസ്ത്ര-മാനവിക വിഷയങ്ങളുടെയും അടിവേരുകള്‍ ഈ വടക്കന്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിന്റെ പ്രാന്തപ്രദേശങ്ങളിലും ഭൂഗര്‍ഭത്തിലും ആയി വ്യാപിച്ചുകിടക്കുന്നു എന്നാണ് ഈ ഗവേഷകഗ്രന്ഥകാരന്‍ സമര്‍ഥിച്ചിരിക്കുന്നത്. കറുത്തവരുടെ ലോകമെന്നും ഇരുണ്ട ഭൂഖണ്ഡം എന്നുമൊക്കെ ഏഷ്യന്‍-ആഫ്രിക്കന്‍ രാജ്യങ്ങളെക്കുറിച്ചു യൂറോ-അമേരിക്കന്‍ കേന്ദ്രങ്ങള്‍ നടത്തിയിരുന്ന പ്രചാരണത്തിന് ഇനിമേല്‍ കാര്യമായ നിലനില്‍പില്ലെന്നാണ് ഈജിപ്‌റ്റോളജി എന്ന പേരില്‍ ഇതിനകം അക്കാദമിക സമൂഹത്തില്‍ പ്രചാരം നേടിക്കഴിഞ്ഞ ഈജിപ്ത് കേന്ദ്രീകൃതപഠനശാഖ തെളിയിച്ചിരിക്കുന്നത്.
ഈജിപ്ഷ്യന്‍ വാസ്തുവിദ്യയുടെ അവശിഷ്ട അടയാളങ്ങള്‍ ഇന്നു നിലനില്‍ക്കുന്നത് ഉയര്‍ന്ന സമതലങ്ങളില്‍ നിര്‍മ്മിക്കപ്പെട്ടിരുന്ന മതപരമായ കെട്ടിടങ്ങളിലും ഗാംഭീര്യമാര്‍ന്ന ശവകുടീരനിര്‍മ്മിതികളിലുമാണ്. അവര്‍ക്ക് ശവകുടീരം കേവലം ശവസംസ്‌കാരത്തിനു മാത്രമുള്ള സ്ഥലമായിരുന്നില്ല; മരണാനന്തര ജീവിതത്തില്‍ യാതൊരു സംശയവും പ്രകടിപ്പിക്കാതിരുന്ന ഒരു ജനത പരേതാത്മാക്കളുടെ പുനരധിവാസം ലക്ഷ്യമാക്കി അവര്‍ക്കാവശ്യമായ സാധനങ്ങള്‍ കൂടെ അടക്കം ചെയ്ത സംഭരണികളായിരുന്നു. രാജകീയ ശ്മശാനങ്ങളായ മഹാപിരമിഡുകള്‍ ഈജിപ്തിന്റെ കീര്‍ത്തി വര്‍ധിപ്പിച്ച നിര്‍മാണ കൗശലങ്ങളായിരുന്നു. ഈശ്വരപൂജക്കായി നിര്‍മിച്ച കൂറ്റന്‍ ക്ഷേത്രങ്ങളും കീര്‍ത്തിയുള്ളവയായിരുന്നു.
നൈല്‍നദീതട സംസ്‌കാരത്തിന്റെ അനന്തരാവകാശികള്‍
ഈജിപ്തിലെ ജനങ്ങളെ പൊതുവില്‍ ഹാമിറ്റിക്, സെമറ്റിക് വംശപരമ്പരകളെന്നു മുദ്രകുത്തിയിരിക്കുന്നു. ശേമും ഹാമും ഉല്‍പ്പത്തിപുസ്തകത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന ജലപ്രളയകഥയിലെ മുഖ്യകഥാപുരുഷനായിരുന്ന നോഹിന്റെ രണ്ടു മക്കളായിരുന്നു എന്നാണ് സങ്കല്‍പ്പം. അവരുടെ സന്തതി പരമ്പരകളത്രെ ഹാമിറ്റുകളും സെമറ്റിക്കുകളും. പുരാതന മെസപ്പൊട്ടേമിയന്‍ ഇതിഹാസപുരുഷനായ ഗില്‍ഗമേഷിന്റെ കാലത്തുണ്ടായ ജലപ്രളയവും നോഹയുടെ കാലത്തുണ്ടായ ജലപ്രളയവും ഒട്ടൊക്കെ സമാന്തരമായ കഥകളാണ് മുന്നോട്ടുവെക്കുന്നത്. ആ നിലക്ക് ഹാമിറ്റുകളുടെയും സെമറ്റിക്കുകളുടെയും ശരിയായ പൈതൃകം തേടിയുള്ള അന്വേഷണം നമ്മെ ഒരിടത്തും എത്തിക്കാന്‍ പോകുന്നില്ല. ആഫ്രിക്കക്കും യൂറോപ്പിനും ഏഷ്യക്കും മധ്യേയുള്ള ഒരു ഉപപഥം എന്ന നിലയിലും ഈജിപ്ത് ശ്രദ്ധയര്‍ഹിക്കന്നു. പ്രസിദ്ധമായ നൈല്‍നദീതടം പോറ്റിവളര്‍ത്തിയ ഒരു സുന്ദര സംസ്‌കാരത്തിന്റെ അനന്തരാവകാശികളാണ് എന്തുതന്നെ ആയാലും ഇന്നും ഈജിപ്ത്. അത് ഇന്ന് ആഗോളവല്‍ക്കരണവാദികളായ പുത്തന്‍ പരിഷ്‌കാരികളും ഇസ്‌ലാമിക പുനര്‍ജീവനവാദികളും തമ്മിലുള്ള ബലപരീക്ഷണത്തിന്റെ വേദിയായിരിക്കുന്നു എന്നാണ് അനുമാനിക്കേണ്ടത്. ഈജിപ്തിന്റെ അനുഭവം തന്നെ നാളെ ഏഷ്യയിലെയും ആഫ്രിക്കയിലെയും മറ്റു രാജ്യങ്ങളെയും കാത്തിരിക്കുന്നു എന്നു കരുതാവുന്നതാണ്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ മിക്കവാറും അവരുടെമേല്‍ അധിനിവേശം സ്ഥാപിച്ച ശക്തികള്‍ക്കു മുമ്പില്‍ അടിയറവു പറഞ്ഞുകഴിഞ്ഞു. അവശേഷിച്ചവയുടെ കാര്യത്തിലും വലിയ പ്രതീക്ഷകള്‍ക്കൊന്നും വക കാണുന്നില്ല. ആ മേഖലയിലെ ജനങ്ങള്‍ തങ്ങളുടെ രക്ഷയെ കരുതി തലകുനിച്ചു സ്വീകരിച്ച കത്തോലിക്കസഭ ഈ വിഷയത്തില്‍ ഒരുതരം ഒറ്റുകാരുടെ റോളാണ് നിറവേറ്റിയത്. ആധുനികവത്കരണത്തിന്റെ മായാജാലങ്ങള്‍ക്കു മുമ്പില്‍ പരവശരായ പശ്ചിമേഷ്യയിലെയും ആഫ്രിക്കയിലെയും അറബ് വംശജരെയും കാത്തിരിക്കുന്നത് ലാറ്റിനമേരിക്കയുടെ അതേ ഗതി ആയിരിക്കും എന്ന തിരിച്ചറിവാണ് ഈജിപ്തിലെ മുസ്‌ലിം ബ്രദര്‍ഹുഡിനെ സമരസജ്ജമാക്കുന്നത്. പൊളിറ്റിക്കല്‍ ഇസ്‌ലാം മറ്റൊരു ബദലാണെന്ന അവകാശവാദവും ഇന്നു ലോകത്തിന്റെ പല കോണുകളിലും മുഴങ്ങുന്നതും ഈ പശ്ചാത്തലത്തിലാണ്.
ലോകത്തിലെ ഏറ്റവും പുരാതനമായ അവിഛിന്ന നാഗരികതകളിലൊന്നാണ് ഈജിപ്ത്. ബി.സി 332 വരെ നിലനിന്ന അതിന്റെ പുരാതന ചരിത്രം 31 രാജവംശങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ഒസിറസ് ആരാധനയും ശില്‍പകലയുടെ ഔല്‍കൃഷ്ട്യവും മധ്യകാല രാജവംശങ്ങളുടെ സംഭാവനയായിരുന്നു. യഹൂദരുടെ കൂട്ടപ്പലായനവും ബി.സി.332 ലെ അലക്‌സാണ്ടറിന്റെ ആക്രമണവും മാസിഡോണിയന്‍ ടോളമിക് കാലഘട്ടവും ആണ് ഈജിപ്തിന്റെ മധ്യകാല ചരിത്രം. ബി.സി 30 മുതല്‍ എ.ഡി 395 വരെ റോമാക്കാര്‍ ഈജിപ്ത് കൈയടക്കിവെച്ചു. പിന്നീട് ഈ പ്രദേശം പൗരസ്ത്യ റോമാസാമ്രാജ്യത്തിന്റെ ആസ്ഥാനമായ കോണ്‍സ്റ്റാന്റിനോപ്പിളിന്റെ നിയന്ത്രണത്തിലാക്കപ്പെട്ടു.സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായി ക്രിസ്തുമതം പ്രഖ്യാപിക്കപ്പെട്ടതോടെ ഇന്ന് ഈജിപ്ഷ്യന്‍ ജനസംഖ്യയുടെ പത്തുശതമാനത്തോളം വരുന്ന കോപ്റ്റിക് ഓര്‍ത്തഡോക്‌സ് ക്രിസ്തുമതത്തിന്റെ വളര്‍ച്ചക്ക് ഈജിപ്തിന്റെ മണ്ണ് പാകമാവുകയായിരുന്നു. പശ്ചിമേഷ്യന്‍ നാടുകളിലെ ക്രിസ്തുമതം എല്ലാ അര്‍ഥത്തിലും ഇന്നത്തെ യൂറോകേന്ദ്രീകൃത ക്രിസ്തുമതത്തില്‍ നിന്നു വ്യത്യസ്തമായിരുന്നു. കേരളത്തിലെ യാക്കോബായ ക്രിസ്ത്യാനികളുള്‍പ്പെടെ വിപുലമായ ഒരു ശാഖ പൗരസ്ത്യ ക്രിസ്തുമതത്തിനുണ്ടായിരുന്നു. ആദ്യനൂറ്റാണ്ടുകളിലെ കുരിശുയുദ്ധകാലം മുതല്‍ വെള്ളക്കാരന്റെ വംശീയമേധാവിത്വം പൗരസ്ത്യസഭകളെ പടിപടിയായി കീഴ്‌പ്പെടുത്തുകയായിരുന്നു. സിറിയയിലും ഇറാനിലും ഇറാഖിലും ഈജിപ്തിലും ഒക്കെയുള്ള പൗരസ്ത്യക്രിസ്ത്യാനികളുടെ രക്ഷാകര്‍തൃത്വം അവകാശപ്പെട്ടുകൊണ്ട് പ്രത്യക്ഷപ്പെട്ട റോമന്‍കത്തോലിക്കസഭ ബഹുവിധകൗശലങ്ങളിലൂടെ ഉന്മൂലനം ചെയ്യുകയോ സ്വന്തം സ്വാധീനവലയത്തില്‍ അകപ്പെടുത്തുകയോ ആയിരുന്നു അവയെ. തല്‍ഫലമായി അതുവരെയും സഹോദരഭാവേന വര്‍ത്തിച്ചിരുന്ന ക്രിസ്ത്യാനികളും മുസ്‌ലിംകളും തമ്മിലുള്ള ലഘുവായ വൈരുദ്ധ്യങ്ങള്‍ പര്‍വതീകരിക്കപ്പെടുകയും ചെയ്തു.
എ.ഡി 642-ല്‍ തുടങ്ങിയ അറബികളുടെ ദ്വിഗ്വിജയം ഈജിപ്തിനെ അറബികളുടെ വരുതിയിലാക്കി. ഇസ്‌ലാം പ്രബലമതവും അറബിഭാഷ പ്രമുഖഭാഷയുമായി മാറാന്‍ അധികകാലം വേണ്ടിവന്നില്ല. ആദ്യം ഉമയ്യ-അബ്ബാസി രാജവംശങ്ങളും പിന്നീട് ഫാത്വിമികളും ഈജിപ്തിന് മേല്‍ ആധിപത്യം സ്ഥാപിച്ചു. 1517 മുതല്‍ ഉസ്മാനി തുര്‍ക്കികളുടെ കീഴിലായതോടെ ഈജിപ്ഷ്യന്‍ സംസ്‌കാരത്തിന്റെ അധോഗതി തുടങ്ങി. 1914-ല്‍ ഈജിപ്ത് ബ്രിട്ടന്റെ ആശ്രിത രാജ്യമായി. 1952-ല്‍ ജമാല്‍ അബ്ദുന്നാസിര്‍ സൈനിക അട്ടിമറിയിലൂടെ ബ്രിട്ടനു കീഴ്‌വഴങ്ങി രാജഭരണം അവസാനിപ്പിച്ചു.ഇതുമുതല്‍ ഈജിപ്തിന്റെ ആധുനിക ചരിത്രം ആരംഭിക്കുന്നു. നാസിറും അദ്ദേഹത്തെ പിന്തുടര്‍ന്നു വന്ന അന്‍വര്‍ സാദത്തും സാദത്തിനെ തുടര്‍ന്ന് സ്ഥാനമേറ്റ ഹുസ്‌നി മുബാറക്കും യൂറോ-അമേരിക്കന്‍ ശക്തികളുടെ താളത്തിനൊത്തു തുള്ളുന്ന പാവഭരണാധികാരികളായിരുന്നു എന്നാണ് സമകാലിക വിമര്‍ശനങ്ങള്‍ സൂചിപ്പിക്കുന്നത്. മതവും വിശ്വാസപ്രമാണങ്ങളും സാംസ്‌കാരിക പൈതൃകങ്ങളും ഒക്കെ മാറ്റിനിര്‍ത്തപ്പെടുകയും സമൂഹം കൃത്യമായി മേല്‍ത്തട്ടും അടിത്തട്ടും എന്ന നിലയില്‍ വിഘടിതമാവുകയും ചെയ്തു. ഇതു ഈജിപ്തിന്റെ മാത്രം അനുഭവം ആയിരുന്നില്ല. മിക്ക മൂന്നാം ലോകരാജ്യങ്ങളുടെയും കാതലായ പ്രശ്‌നം ഇതു തന്നെയായിരുന്നു. കീഴ്ത്തട്ടിലുള്ളവരെ ചവിട്ടിയരച്ചുകൊണ്ട് മേല്‍പോട്ടുയരുന്ന ഉപരിവര്‍ഗം. ഈ ഉപരിവര്‍ഗത്തിനു എല്ലാ ഒത്താശകളും ചെയ്തു കൊടുക്കുന്ന ഭരണാധികാരിവര്‍ഗവും അവരുടെ ദല്ലാളന്മാരും.
മുസ്‌ലിം ബ്രദര്‍ഹുഡ്
ഇതിനെതിരായ ഒരു പ്രതിരോധം എന്ന നിലയിലാണ് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ഹസനുല്‍ ബന്ന എന്ന സാമൂഹിക പരിഷ്‌ക്കര്‍ത്താവിന്റെ നേതൃത്വത്തില്‍ മുസ്‌ലിം ബ്രദര്‍ഹുഡ് അഥവാ മുസ്‌ലിം സാഹോദര്യം എന്ന പേരില്‍ ഒരു സംഘടന രൂപപ്പെടുന്നത്. ഇവര്‍ സമൂഹത്തിന്റെ ശരിയായ അടിസ്ഥാനങ്ങളെന്ന നിലയില്‍ ഖുര്‍ആനെയും ഹദീസിനെയും പ്രചരിപ്പിച്ചു. വളരെ വേഗം തന്നെ വടക്കേഅമേരിക്കയിലും മധ്യപൂര്‍വ രാജ്യങ്ങളിലും ഇതിനു നിരവധി അനുയായികള്‍ ഉണ്ടായി. 1938 ഓടെ ഇതേറെക്കുറെ പൂര്‍ണമായും രാഷ്ട്രീയവത്കരിക്കപ്പെട്ടു. ഇസ്‌ലാമിക ലോകത്തേക്ക് അതിവേഗം വ്യാപിച്ചുകൊണ്ടിരുന്ന പാശ്ചാത്യവല്‍ക്കരണം, മതനവീകരണം, മതേതരത്വം എന്നിങ്ങനെയുള്ള പാശ്ചാത്യ ആശയങ്ങളെ തീവ്രമായി തിരസ്‌ക്കരിച്ചുകൊണ്ട് മുസ്‌ലിം ബ്രദര്‍ഹുഡ് അവരുടെ സാന്നിധ്യം സജീവമാക്കി. 1954-ല്‍ നാസിറിനെ ലക്ഷ്യമാക്കി നടന്ന ഒരു വധശ്രമത്തിന്റെ പേരില്‍ ഈ പ്രസ്ഥാനം അടിച്ചമര്‍ത്തപ്പെട്ടു. 1980 കളുടെ അവസാനം വരെയും ഇവര്‍ക്കു രഹസ്യമായി പ്രവര്‍ത്തിക്കേണ്ടി വന്നു. തുടര്‍ന്നവര്‍ ഈജിപ്തിന്റെ പൊതുജീവിതത്തില്‍ സജീവമായി. പാര്‍ലമെന്റിലേക്കും മറ്റും നടന്ന തെരഞ്ഞെടുപ്പുകളില്‍ സ്വന്തം സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുകയും ചെയ്തു.
മുബറാക്കിനെ പുറംതള്ളി മുര്‍സിയെ ഭരണത്തിലെത്തിച്ച തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ബ്രദര്‍ഹുഡ്, ഫ്രീഡം ആന്‍ഡ് ജസ്റ്റീസ് പാര്‍ട്ടി (സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടിയുള്ള പാര്‍ട്ടി) എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടിയായി സംഘടിച്ചു പ്രവര്‍ത്തനം തുടങ്ങി. രാജ്യത്തെ ജനസംഖ്യയില്‍ പതിനഞ്ചു ശതമാനം വരുന്ന കോപ്റ്റിക് ക്രിസ്ത്യാനികളില്‍ ഒരു വിഭാഗം ഇവരുമായി സഹകരിക്കുകയും ചെയ്തു. പൂര്‍വ ചരിത്രം വിസ്മരിച്ചുകൊണ്ട് കേവലം നാമമാത്രമായ ക്രൈസ്തവതയുടെ പേരില്‍ അമേരിക്കന്‍ അധിനിവേശ ശക്തികള്‍ക്കു പച്ചപരവതാനി വിരിച്ചു കൊടുക്കുന്നവരും കോപ്റ്റിക് ക്രിസ്ത്യാനികളുടെ ഇടയിലുണ്ടായിരുന്നു. ഈ മേഖലയിലെ ഇസ്‌ലാം-ക്രൈസ്തവ സംഘര്‍ഷത്തിനു ഇത് ഒരു പരിധി വരെ കാരണമായി. കൊളോണിയല്‍ ശക്തികള്‍ ക്രിസ്തുമതത്തെ തങ്ങളുടെ ലക്ഷ്യപ്രാപ്തിക്കായുള്ള ഒരു ഉപകരണമായി മാറ്റിക്കൊണ്ട് ദ്വിഗ്വിജയത്തിനു ഇറങ്ങിപ്പുറപ്പെട്ടു. വിശ്വാസാചാരങ്ങള്‍, പ്രാദേശികമായ അധികാരതര്‍ക്കങ്ങള്‍ ഇവയില്‍ ചില ഘടകങ്ങളെ മുന്‍നിറുത്തി പാശ്ചാത്യക്രിസ്തുമതത്തില്‍ നിന്നു വേറിട്ടു നില്‍ക്കുന്നു എന്നവകാശപ്പെടുന്ന പൗരസ്ത്യസഭകള്‍ പോലും ആത്യന്തികമായി വെറും പടിഞ്ഞാറുനോക്കികളായി മാറിയിരിക്കുന്നു.
പടിഞ്ഞാറ് അസ്തമന ദിക്കാണ്. മനുഷ്യന്റെ എല്ലാ ആത്മീയ സത്തകളുടെയും അസ്തമനദിക്കായി യൂറോപ്പും അമേരിക്കയും മാറിയിരിക്കുന്നു. ഇതു വിസ്മരിച്ചുകൊണ്ട് പടിഞ്ഞാറു നിന്നു ഒഴുകിയെത്തുന്ന ഡോളര്‍ പ്രളയത്തില്‍ കണ്ണ് നട്ടുകഴിയുന്ന ഇവാഞ്ചലിസ്റ്റുകളില്‍ നിന്നും പൗരസ്ത്യക്രിസ്ത്യാനികളില്‍ നിന്നും സാമ്രാജ്യത്വ വിരുദ്ധകലാപത്തിനു കൂട്ടാളികളെ കിട്ടുമെന്നു പ്രതീക്ഷിച്ചവര്‍ക്കു നിരാശയായിരുന്നു ഫലം. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്ന് എഴുപതുകളില്‍ ഉയര്‍ന്നുവന്ന വിമോചനദൈവശാസ്ത്രത്തിന്റെ തിരോധാനം തന്നെ ഇതിന്റെ തെളിവാണ്. ഇസ്രയേലിന്റെ രൂപീകരണവും തത്ഫലമായി ജന്മഭൂമിയില്‍ നിന്നു ബഹിഷ്‌കൃതരായ ഫലസ്ത്വീനികളും അവരുടെ നേതൃത്വത്തിലേക്കുയര്‍ന്ന യാസിര്‍ അറഫാത്തും ഒക്കെയാണ് ആധുനിക രാഷ്ട്രീയ വിദ്യാര്‍ത്ഥികളുടെ പാഠപുസ്തകങ്ങളില്‍ ഭീകരപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ആദ്യ ചിത്രങ്ങള്‍ വരച്ചിട്ടത്. ഒരു നുണ പല തവണ ആവര്‍ത്തിച്ചു ഏതു നുണയെയും നേരാക്കുക എന്ന ഗീബല്‍സിയന്‍ തന്ത്രം തന്നെ പാശ്ചാത്യശക്തികള്‍ ഈ വിഷയത്തിലും ആവര്‍ത്തിച്ചു. വന്നു വന്നു വാദി പ്രതിയായി. ഇസ്രയേല്‍ പശ്ചിമേഷ്യന്‍മേഖലയില്‍ നടത്തുന്ന ബലാല്‍ക്കാരങ്ങള്‍ രാജ്യസ്‌നേഹവും അതിനെ ചെറുക്കുന്ന ഫലസ്ത്വീനികള്‍ ഭീകരപ്രവര്‍ത്തകരുമായി ചിത്രീകരിക്കപ്പെട്ടു.
മുര്‍സിക്ക്‌ശേഷം
അമേരിക്കന്‍ സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ ചെല്ലച്ചോറ് നല്‍കി പോറ്റുന്ന ഈജിപ്തിലെ സൈന്യം ജനാധിപത്യത്തിന്റെ വീണ്ടെടുപ്പിനായി മുസ്‌ലിം ബ്രദര്‍ഹുഡിന്റെ സന്നദ്ധ ഭടന്മാരെ വെടിവെച്ചു വീഴ്ത്തി മുന്നേറുന്നതിന്റെ വാര്‍ത്തകളാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്. മുസ്‌ലിംകള്‍ക്കു ഭൂരിപക്ഷമുള്ള ഈജിപ്തില്‍ ഇസ്‌ലാമിക ആദര്‍ശങ്ങളിലൂന്നിയുള്ള ജനാധിപത്യ വാഴ്ച-അതാണ് പുറംതള്ളപ്പെട്ട മുഹമ്മദ് മുര്‍സി ലക്ഷ്യമാക്കിയത്. ഈ നീക്കത്തെ അമേരിക്ക ഭയപ്പെടുന്നു. അമേരിക്കയുടെ ദീര്‍ഘകാല താല്‍പര്യംകൂടി കണക്കിലെടുത്താണ് സൈന്യത്തെ ഉപയോഗിച്ച് ജനാധിപത്യത്തെ അട്ടിമറിച്ചത്. ഈ നീക്കത്തിനു ഈജിപ്തിലെ കോപ്റ്റിക് ക്രിസ്ത്യാനികളടക്കമുള്ള പാശ്ചാത്യ സ്തുതിപാഠകരുടെ പിന്തുണയാര്‍ജിക്കാനുള്ള തന്ത്രങ്ങളും ശക്തമാണ്. ആഗസ്റ്റ് 14-ന് സൈന്യം മുര്‍സി അനുകൂലികള്‍ തമ്പടിച്ച ക്യാമ്പുകള്‍ ഒഴിപ്പിക്കാന്‍ നടത്തിയ സൈനിക നടപടിയില്‍ മുന്നൂറിലേറെപ്പേര്‍ കൊല്ലപ്പെടുകയും അയ്യായിരത്തിലേറെപേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് മുസ്‌ലിം ബ്രദര്‍ഹുഡ് അറിയിക്കുന്നത്. ജനകീയ പ്രക്ഷോഭത്തില്‍ ഹുസ്‌നി മുബാറക്ക് സ്ഥാനഭ്രഷ്ടനായ ശേഷം തെരഞ്ഞടുപ്പിലൂടെ അധികാരത്തില്‍ വന്നു കേവലം ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ മുര്‍സിയെ 2013 ജൂലൈ മൂന്നിനാണ് സൈന്യം പുറത്താക്കിയത്. അതിനു പറഞ്ഞ കാരണമാകട്ടെ ഈജിപ്തിന്റെ ഇസ്‌ലാമീകരണത്തിനു ആക്കം കൂട്ടുന്നു എന്നതും.
നൂറ്റാണ്ടുകളായി ഇസ്‌ലാമിക പൈതൃകം പിന്തുടരുന്ന ഈജിപ്ത് യൂറോ-അമേരിക്കന്‍ പൈതൃകങ്ങളിലേക്കു വഴിമാറി നടക്കണമെന്നു ശഠിക്കുന്നത് എന്ത് ജനാധിപത്യ മര്യാദയാണ്? ചരിത്രം അവസാനിച്ചുവെന്നും ഇനി അവശേഷിക്കുന്നത് സംസ്‌കാരങ്ങളുടെ സംഘര്‍ഷം മാത്രമാണെന്നുമുള്ള, ഹണ്ടിങ്ങ്ടനെപ്പോലുള്ള അമേരിക്കയുടെ കുഴലൂത്തുകാരാണ് മുര്‍സി വിരുദ്ധ സൈനിക അട്ടിമറിയെ അനുകൂലിക്കുന്നത്. സാമ്രാജ്യത്വ കുതന്ത്രങ്ങളെ ശക്തമായി വിമര്‍ശിക്കുന്ന ഇടതുപക്ഷവും പൗരസ്ത്യ ക്രിസ്ത്യന്‍ പാരമ്പര്യങ്ങളെ മുറുകെ പിടിക്കുന്ന കോപ്റ്റിക് ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികളും മുര്‍സി വിരുദ്ധ പക്ഷത്ത് ചുവടുറപ്പിച്ചിരിക്കുന്നു എന്നത് ഏറെ നിര്‍ഭാഗ്യകരമാണ്. ഇടതുപക്ഷവും അതുപോലെതന്നെ പൗരസ്ത്യ ക്രൈസ്തവ സഭകളും ഏറെനാളായി അമേരിക്ക നടത്തുന്ന ഇസ്‌ലാംവിരുദ്ധ പ്രചാരണങ്ങളുടെ കെണിയില്‍ വീണിരിക്കയാണെന്നു തോന്നുന്നു. അവരെ അതില്‍നിന്ന് വീണ്ടെടുക്കാനുള്ള ധൈഷണികശേഷി മുസ്‌ലിം ബുദ്ധിജീവികള്‍ പ്രകടിപ്പിക്കേണ്ടിയിരിക്കുന്നു. അല്ലാത്തപക്ഷം പാശ്ചാത്യശക്തികള്‍ ബോധപൂര്‍വം നടത്തുന്ന ഇസ്‌ലാമോഫോബിയ എന്ന വൈറസ് നമ്മുടെ രാജ്യത്തുള്‍പ്പെടെ പടര്‍ന്നു പിടിക്കുന്നതിനു അത് കാരണമാകും. പ്രത്യേകിച്ചു അതിര്‍ത്തിയില്‍ പാക് സൈന്യവും ഇന്ത്യന്‍ ഭടന്മാരും നേര്‍ക്കുനേരെ തോക്ക് ചൂണ്ടി നില്‍ക്കുന്ന സാഹചര്യത്തില്‍.
[email protected]
Comments