Prabodhanm Weekly

Pages

Search

2013 ഒക്‌ടോബര്‍ 11

മണപ്പാട്ട് ഫാത്വിമാ റഹ്മാന്‍ സാമൂഹിക പ്രവര്‍ത്തനത്തിലെ രജതരേഖ

സദ്‌റുദ്ദീന്‍ വാഴക്കാട് / ഫീച്ചര്‍

കാരുണ്യത്തിന്റെ പൂന്തോട്ടം പണിത് അനാഥരുടെയും അഗതികളുടെയും കണ്ണീരൊപ്പാന്‍ അഹോരാത്രം പരിശ്രമിച്ച മണപ്പാട്ട് ഫാത്വിമാ റഹ്മാന്‍, സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സ്ത്രീശക്തി എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം എന്ന് പ്രായോഗികമായി തെളിയിച്ചുതന്ന ന്യായാധിപയാണ്. കൊടുങ്ങല്ലൂര്‍ എറിയാട് മണപ്പാട്ട് കുടുംബത്തിന്റെ പാരമ്പര്യവും ഉന്നത വിദ്യാഭ്യാസവും ന്യായാധിപ സ്ഥാനവുമാണ് ഫാത്വിമാ റഹ്മാന്റെ വ്യക്തിത്വം രൂപപ്പെടുത്തിയത്. അടിയുറച്ച ദൈവവിശ്വാസിയായിരുന്ന ഫാത്വിമാ റഹ്മാന്‍, ശുഭപ്രതീക്ഷ, ഇഛാശക്തി, ധീരത, നേതൃശേഷി, കഠിനാധ്വാനം തുടങ്ങിയ ഗുണങ്ങളുള്ള വ്യക്തിയായിരുന്നു. സ്ത്രീകളുടെ വളര്‍ച്ചയും ഔന്നത്യവുമായിരുന്നു അവരുടെ വലിയ സ്വപ്നം. അതിനുവേണ്ടിയാണവര്‍ അത്യധ്വാനം ചെയ്തത്. സ്ത്രീസംഘാടന രംഗത്ത് സജീവമായിരുന്ന അവര്‍ സ്വയം പ്രവര്‍ത്തിക്കുക മാത്രമല്ല, മറ്റു സ്ത്രീകളെ കര്‍മസജ്ജരാക്കാനും ശ്രദ്ധിച്ചു. അതിലവര്‍ വലിയൊരളവോളം വിജയിക്കുകയും ചെയ്തു. ജനസേവനം ഫാത്വിമാ റഹ്മാന്റെ മുഖ്യ അജണ്ടയായിരുന്നു. അനാഥരും അഗതികളും എന്നും അവരുടെ കണ്ണുകള്‍ നിറച്ചു. തന്റെ കഴിവും പദവിയുമെല്ലാം ആലംബഹീനര്‍ക്കുവേണ്ടി അവര്‍ വിനിയോഗിച്ചു. സ്വന്തം മക്കളെപ്പോലെ അനാഥരെ സ്‌നേഹിച്ച ഫാത്വിമ റഹ്മാന്‍ പെണ്‍കുട്ടികള്‍ക്കുവേണ്ടി സ്ത്രീകള്‍ നടത്തുന്ന കേരളത്തിലെ ഏക അനാഥാലയത്തിന്റെ ശില്‍പിയായി. സ്ത്രീ സംഘാടന-അനാഥ സംരക്ഷണ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി കേന്ദ്രഗവണ്‍മെന്റിന്റേതും ജമാഅത്തെ ഇസ്‌ലാമിയുടേതുമുള്‍പ്പെടെ ഒട്ടനവധി അംഗീകാരങ്ങളും അവാര്‍ഡുകളും അവരെത്തേടിയെത്തുകയുണ്ടായി.


കുടുംബം, വിദ്യാഭ്യാസം

കൊടുങ്ങല്ലൂരിലെ പ്രസിദ്ധമായ മണപ്പാട്ട് കുടുംബത്തില്‍, 1924 ആഗസ്റ്റ് 9-നാണ് ഫാത്വിമാ ബീവിയുടെ ജനനം. പിതാവ് മണപ്പാട്ട് ബാവഹാജി കൊച്ചുമൊയ്തീന്‍ ഹാജിയും സഹോദരന്‍ മണപ്പാട്ട് കുഞ്ഞഹമ്മദ് ഹാജിയും മുസ്‌ലിം ഐക്യസംഘത്തിന്റെ സജീവ പ്രവര്‍ത്തകരായിരുന്നു. മാതാവ് കറുകപ്പാടത്ത് കുട്ടിക്കമ്മദ് ഹാജി കുഞ്ഞാച്ചുമ്മ. കുട്ടിക്കമ്മദ് ഹാജിയുടെ സഹോദന്റെ മകനാണ് മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബ്. എറിയാട്ടെ ഭൂവുടമകളും സാമൂഹിക പ്രവര്‍ത്തകരുമായിരുന്നു പടിയത്ത് മണപ്പാട്ട് കുടുംബം. വിദ്യാഭ്യാസ മുന്നേറ്റത്തിന് വലിയ സംഭാവനകളര്‍പ്പിച്ച ആ കുടുംബം മുസ്‌ലിം സ്ത്രീവിദ്യാഭ്യാസത്തിന് മുന്തിയ പരിഗണന നല്‍കി. എം.എല്‍.സി ആയിരുന്ന മണപ്പാട്ട് കുഞ്ഞഹമ്മദ് ഹാജി സ്വന്തം കുടുംബത്തില്‍ നിന്നുതന്നെയാണ് വിദ്യാഭ്യാസ പരിവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. അതിനുവേണ്ടി സ്വന്തം ഭൂമിയില്‍ അദ്ദേഹം ഒരു സ്‌കൂള്‍ സ്ഥാപിക്കുകയും ചെയ്തു. അതാണ് പിന്നീട് കേരളവര്‍മ ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ടത്.
എറിയാട് സ്‌കൂളിലാണ് ഏഴാം ക്ലാസ് വരെ ഫാത്വിമാ റഹ്മാന്‍ പഠിച്ചത്. അക്കാലത്ത് കൊടുങ്ങല്ലൂരിലുണ്ടായിരുന്ന കെ.എം മൗലവി, ഇ.കെ മൗലവി എന്നിവരില്‍നിന്ന് അറബി ഭാഷയും ഖുര്‍ആന്‍, ദീനിയാത്ത്, അമലിയ്യാത്ത് തുടങ്ങിയ വിഷയങ്ങളും പഠിച്ചു. സ്‌കൂളില്‍ അറബിയായിരുന്നു രണ്ടാം ഭാഷ. കൊടുങ്ങല്ലൂര്‍ ഗവ. ഹൈസ്‌കൂളുകളിലെ പഠനത്തിനുശേഷം എറണാകുളം മഹാരാജാസ് കോളേജില്‍ ഇന്റര്‍മീഡിയറ്റിനു ചേര്‍ന്നു. അവിടെ നിന്നു തന്നെ 1944-ല്‍ ബി.എസ്.സി കെമിസ്ട്രി പാസായതോടെ കൊടുങ്ങല്ലൂരിലെ ആദ്യത്തെ ബിരുദധാരിണികളായ മുസ്‌ലിം പെണ്‍കുട്ടികളിലൊരാളായി ഫാത്വിമാ റഹ്മാന്‍. സഹോദരി കൊച്ചാമിയായിരുന്നു മറ്റൊരാള്‍. സെന്റ് തെരേസ ഹോസ്റ്റലിലും മഹാരാജാസ് കോളേജ് ഹോസ്റ്റലിലുമായിരുന്നു അക്കാലത്ത് താമസിച്ചിരുന്നത്.
ഡോക്ടറാവുകയെന്ന ലക്ഷ്യത്തോടെയാണ് ബി.എസ്.സി പൂര്‍ത്തീകരിച്ചതെങ്കിലും വിവാഹം ഫാത്വിമാ റഹ്മാനെ നീതിന്യായ മേഖലയിലേക്ക് തിരിച്ചുവിട്ടു. ഭര്‍ത്താവ് അബ്ദുര്‍റഹ്മാന്‍ നിയമ ബിരുദധാരിയും അഭിഭാഷകനുമായിരുന്നു. അദ്ദേഹത്തിന്റെ പ്രേരണയില്‍ തിരുവനന്തപുരം ലോകോളേജില്‍ വിദ്യാര്‍ഥിനിയായി (1944-'46) ചേര്‍ന്ന ഫാത്വിമാ റഹ്മാന്‍ 1946 മാര്‍ച്ചില്‍ നിയമബിരുദം നേടി പുറത്തുവന്നു. അതോടെ, കൊച്ചിയില്‍നിന്ന് ആദ്യമായി നിയമബിരുദം നേടിയ മുസ്‌ലിം സ്ത്രീ എന്ന ബഹുമതിക്ക് ഫാത്വിമാ റഹ്മാന്‍ അര്‍ഹയായി. 1947 മാര്‍ച്ചില്‍, ഭര്‍ത്താവിനോടൊപ്പം തന്നെ കൊച്ചി ഹൈക്കോടതിയില്‍നിന്ന് അവര്‍ സനദ് എടുത്തു.

ഔദ്യോഗിക ജീവിതം

1947 മുതല്‍ 1956 വരെ അഭിഭാഷകയായി പ്രാക്ടീസ് ചെയ്ത ഫാത്വിമാ റഹ്മാന്‍  ഗവ. പ്രോസിക്യൂട്ടറായി നിയമിക്കപ്പെട്ടു. തുടര്‍ന്ന് വിവിധ ന്യായാധിപ സ്ഥാനങ്ങള്‍ അവരെത്തേടിയെത്തി. സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റ്, മുന്‍സിഫ്, അസി. റജിസ്ട്രാര്‍, കേരള ഹൈക്കോടതിയിലെ ഡെപ്യൂട്ടി റജിസ്ട്രാര്‍, എറണാകുളം പ്രിന്‍സിപ്പല്‍ സബ് ജഡ്ജ്, കൊച്ചി പ്രിന്‍സിപ്പല്‍ ജഡ്ജ് തുടങ്ങിയ പദവികളില്‍ സേവനം അനുഷ്ഠിച്ചു. 1979 ആഗസ്റ്റ് 30 നാണ് സര്‍വീസില്‍നിന്ന് വിരമിച്ചത്. കുടുംബ ജീവിതവും ജനസേവനപ്രവര്‍ത്തനങ്ങളും കാര്യക്ഷമതയോടെ മുന്നോട്ടുകൊണ്ടുപോവുകയെന്ന ലക്ഷ്യത്തോടെ പല പ്രമോഷനുകളും ഫാത്വിമാ റഹ്മാന്‍ വേണ്ടെന്ന് വെക്കുകയുണ്ടായി. 6 വര്‍ഷം, കേരള ഓര്‍ഫനേജസിന്റെയും ഓള്‍ഡേജ് ഹോംസിന്റെയും ബോഡികളില്‍ മെമ്പറായിരുന്നു. ഈ കാലയളവില്‍ 90 ഓര്‍ഫനേജുകളും ഓള്‍ഡേജ് ഹോമുകളും സന്ദര്‍ശിച്ച് വിലയിരുത്താന്‍ അവര്‍ക്ക് അവസരം ലഭിക്കുകയുണ്ടായി. ചങ്ങമ്പുഴ നഗറിലെ ജുവനൈല്‍ കോര്‍ട്ടിന്റെ മെമ്പറായും ഫാത്വിമാ റഹ്മാന്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

 

സാമൂഹിക പ്രവര്‍ത്തനം

സാമൂഹിക പ്രവര്‍ത്തന രംഗത്ത് തിളക്കമുള്ള അധ്യായമാണ് ഫാത്വിമാ റഹ്മാന്‍ രചിച്ചത്. മൂന്ന് തലങ്ങളാണ് പ്രധാനമായും അതിനുണ്ടായിരുന്നത്. ഒന്ന്, വിദ്യാഭ്യാസ മുന്നേറ്റം. രണ്ട്, ജനസേവനം. മൂന്ന്, സ്ത്രീസംഘാടനം. ഈ മേഖലകളിലെല്ലാം ലക്ഷ്യബോധത്തോടെ മുന്നോട്ടുപോയ ഫാത്വിമാറഹ്മാന്‍ സ്ത്രീശാക്തീകരണത്തിന്റെ പ്രായോഗികവും പ്രയോജനകരവുമായ രീതികള്‍ എന്തൊക്കെയെന്ന് കര്‍മമണ്ഡലത്തില്‍ തെളിയിച്ചുതന്നു. പ്രസംഗങ്ങളിലായിരുന്നില്ല, പ്രവര്‍ത്തനങ്ങളിലായിരുന്നു അവര്‍ക്ക് താല്‍പര്യം. ഇസ്‌ലാമിക അധ്യാപനങ്ങളാണ് സാമൂഹികപ്രവര്‍ത്തന രംഗത്ത് മുന്നോട്ടുപോകാന്‍ അവര്‍ക്ക് പ്രചോദനമായത്.
അഭിഭാഷകയായിരുന്ന സന്ദര്‍ഭത്തില്‍, 1947-ല്‍, 'എറണാകുളം വുമണ്‍സ് അസോസിയേഷനി'ല്‍ മെമ്പര്‍ഷിപ്പ് എടുത്തുകൊണ്ടാണ് ഫാത്വിമാ റഹ്മാന്‍ പൊതുപ്രവര്‍ത്തന രംഗത്ത് വരുന്നത്. എറണാകുളത്തെ വിദ്യാസമ്പന്നരായ സ്ത്രീകളായിരുന്നു അതിലെ അംഗങ്ങള്‍. അസോസിയേഷനിലെ ഏക മുസ്‌ലിം അഭിഭാഷക അംഗമായിരുന്നു ഫാത്വിമാ റഹ്മാന്‍. 1956 വരെ മെമ്പറായി തുടര്‍ന്ന അവര്‍ പിന്നീട് വുമണ്‍സ് അസോസിയേഷന്റെ സെക്രട്ടറിയായി കുറേക്കാലം സേവനം ചെയ്തു. കുഷ്ഠരോഗ ആശുപത്രിയിലെ രോഗികള്‍, എറണാകുളം ജനറല്‍ ആശുപത്രിയിലെ ചില്‍ഡ്രന്‍സ് വാര്‍ഡിലെ നിര്‍ധന കുട്ടികള്‍, ധീവര സമുദായത്തിലെ നഴ്‌സറി വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ക്കുവേണ്ടി അസോസിയേഷന്‍ നടത്തിയ പലവിധ സേവനപ്രവര്‍ത്തനങ്ങളില്‍ ഫാത്വിമാ റഹ്മാന്‍ പങ്കാളിയായി. Guild Service ലും സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മറ്റു സമുദായാംഗങ്ങളുമായി ഇടപഴകുകയും എറണാകുളം വുമണ്‍സ് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതയാവുകയും ചെയ്തതുവഴി ലഭിച്ച അനുഭവ സമ്പത്ത് പുതിയ കര്‍മമണ്ഡലങ്ങള്‍ കണ്ടെത്താന്‍ ഫാത്വിമാ റഹ്മാനെ സഹായിച്ചു.
മുസ്‌ലിം സ്ത്രീകളെ സംഘടിപ്പിച്ച് പ്രവര്‍ത്തനോത്സുകരാക്കുകയും മുസ്‌ലിം പെണ്‍കുട്ടികളെ വിദ്യാഭ്യാസം വഴി ശാക്തീകരിക്കുകയും ചെയ്യേണ്ടത്, പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള പ്രധാന വഴിയാണെന്ന് മനസ്സിലാക്കിയ ഫാത്വിമാ റഹ്മാന്‍ അതിനുവേണ്ടി ഒരു സംഘടന രൂപീകരിക്കാന്‍ മുന്നിട്ടിറങ്ങി. അങ്ങനെ 1963-ല്‍ 'എറണാകുളം ജില്ലാ മുസ്‌ലിം വുമണ്‍സ് അസോസിയേഷന്‍' നിലവില്‍ വന്നു. സംഘടനയുടെ സ്ഥാപക പ്രസിഡന്റായ ഫാത്വിമാ റഹ്മാന്‍ മരണംവരെ ആ ചുമതലയില്‍ തുടര്‍ന്നു. വിദ്യാഭ്യാസം, സാമൂഹിക സേവനം എന്നീ മേഖലകളില്‍ അസോസിയേഷന്‍ നടത്തിയ ബഹുമുഖപ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ അര്‍ഥത്തിലും നേതൃത്വം നല്‍കിയത് ഫാത്വിമാ റഹ്മാനായിരുന്നു. ഏഴു ഹോസ്റ്റലുകള്‍, യതീംഖാന, ടൈലറിംഗ് സെന്റര്‍, എംബ്രോയ്ഡറി സെന്റര്‍, പ്രിന്റിംഗ് പ്രസ്, കമ്പ്യൂട്ടര്‍ ട്രൈയ്‌നിംഗ് സെന്റര്‍, ഹെല്‍പേജ് ഇന്ത്യയുടെ അന്തര്‍ദേശീയ ഗ്രാനിസ്‌കീം ചീഫ് ഫംഗ്ഷണറി തുടങ്ങിയ ഒട്ടേറെ ശാഖകളുള്ള ഒരു വലിയ സംരംഭമായി അസോസിയേഷനെ വളര്‍ത്തിയെടുത്തത് ഫാത്വിമാറഹ്മാന്റെ മിടുക്കാണ്. വിദ്യാസമ്പന്നയായ ഒരു മുസ്‌ലിം സ്ത്രീക്ക് സാമൂഹിക പ്രവര്‍ത്തനരംഗത്ത് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്നതിന്റെ മികച്ച ഉദാഹരണമാണ് ഫാത്വിമാ റഹ്മാന്‍.
വീട്ടകങ്ങളില്‍ മാത്രം ഒതുങ്ങിപ്പോകുമായിരുന്ന എറണാകുളത്തെ അഭ്യസ്തവിദ്യരും സാമ്പത്തിക ശേഷിയുള്ളവരും മറ്റുമായ ഒരുപറ്റം മുസ്‌ലിം സ്ത്രീകളെ പൊതുപ്രവര്‍ത്തന രംഗത്ത് കൊണ്ടുവരാനും ഫാത്വിമാ റഹ്മാന് കഴിഞ്ഞു. അസോസിയേഷന്റെയും അനാഥശാലയുടെയും പ്രവര്‍ത്തനങ്ങള്‍ ഏതു തരത്തിലുള്ള പ്രയാസങ്ങള്‍ നേരിടുമ്പോഴും അങ്ങേയറ്റത്തെ ക്ഷമയോടും ധീരതയോടും കൂടി അതിനെ മറികടക്കാന്‍ അസാമാന്യമായ ഇഛാശക്തിയിലൂടെ ഫാത്വിമാ റഹ്മാന് സാധിക്കുകയുണ്ടായി. തന്റെ പദവിയും സ്വാധീനവും അതിനുവേണ്ടി അവര്‍ ഉപയോഗിച്ചു. എറണാകുളം പോലൊരു സ്ഥലത്ത് 7 വനിതാ ഹോസ്റ്റലുകളും ഒരു അനാഥശാലയും സ്ഥാപിച്ചുനടത്തിക്കൊണ്ടു പോകാന്‍ ഒരു മുസ്‌ലിം വുമണ്‍സ് അസോസിയേഷന് കഴിയുന്നുവെന്നത് ചെറിയ കാര്യമല്ല.

അനാഥശാല

'ന്യായാധിപയുടെ പൂന്തോട്ടം,' 'വീടുപോലൊരു യതീംഖാന' എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന ഒരു മാതൃകാ അനാഥശാലയുടെ ശില്‍പ്പിയാണ് ഫാത്വിമാ റഹ്മാന്‍. തകര്‍ന്നുപോയ കുടുംബബന്ധങ്ങള്‍ക്കും ദാരിദ്ര്യത്തിനും ഇടയില്‍ മുന്നോട്ടുപോകാന്‍ വഴികാണാതെ ജീവിതം തീര്‍ന്നുപോകുമായിരുന്ന നൂറുകണക്കിനു പെണ്‍കുട്ടികളുടെ ഉമ്മയായി, രക്ഷിതാവായി മാറാന്‍ ഫാത്വിമാ റഹ്മാന് സാധിച്ചതിന്റെ തെളിവാണ് ഈ ഓര്‍ഫനേജ്. അസോസിയേഷന്റെ ഹോസ്റ്റലില്‍നിന്ന് ലഭിച്ച വരുമാനമുപയോഗിച്ചാണ് 1983-ല്‍ കൃഷ്ണസ്വാമി ക്രോസ്‌റോഡിലുള്ള വാടകക്കെട്ടിടത്തില്‍ ഓര്‍ഫനേജ് ആരംഭിച്ചത്. 30 കുട്ടികളാണ് തുടക്കത്തില്‍ ഉണ്ടായിരുന്നത്. ഒരു വര്‍ഷത്തിനകം കുട്ടികളുടെ എണ്ണം 65 ആയപ്പോള്‍ യതീംഖാന, പുല്ലേപ്പടി അരങ്ങത്ത് ക്രോസ്‌റോഡില്‍ സ്വന്തമായി പണിത മൂന്നുനില കെട്ടിടത്തിലേക്ക് മാറ്റി.
200 പെണ്‍കുട്ടികള്‍ക്ക് താമസ സൗകര്യമുള്ളതാണ് ഓര്‍ഫനേജ്. 7 മുതല്‍ 23 വയസുവരെ പ്രായമുള്ളവര്‍ വിവിധ ഘട്ടങ്ങളില്‍ അവിടെ താമസിച്ചിട്ടുണ്ട്. സമഗ്ര വ്യക്തിത്വ വികാസത്തിലൂന്നിയാണ് യതീംഖാനയിലെ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത്. വീട്ടിലേതുപോലെ ഒരു അന്തരീക്ഷം സ്ഥാപനത്തില്‍ നിലനില്‍ക്കണമെന്നതിനാണ് ഫാത്വിമാ റഹ്മാന്‍ മുഖ്യപരിഗണന നല്‍കിയത്. ദാറുല്‍ ഉലൂം സ്‌കൂള്‍, മഹാരാജാസ് കോളേജ്, എം.ഇ.എസ് കോളേജ്, അറബിക് കോളേജ്, കേരള ഗവണ്‍മെന്റ് ട്രെയിനിംഗ് സ്‌കൂള്‍ തുടങ്ങിയ സ്ഥാപനങ്ങളിലാണ് യതീംഖാന വിദ്യാര്‍ഥികള്‍ പഠിക്കുന്നത്. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പ്രത്യേക ട്യൂഷന്‍ ഏര്‍പ്പെടുത്തുന്നുണ്ട്. അതുകൊണ്ടുതന്നെയാകണം പല കുട്ടികളും മികച്ച പഠനനിലവാരം പുലര്‍ത്തുന്നത്. മൂന്ന് തവണ യൂനിവേഴ്‌സിറ്റി പരീക്ഷയില്‍ ഒന്നാം റാങ്ക് ലഭിച്ചത് ഓര്‍ഫനേജിലെ വിദ്യാര്‍ഥിനികള്‍ക്കാണെന്നത് എടുത്തുപറയേണ്ടതാണ്. 1994-ല്‍ സക്കീനയും (ഒന്നാം റാങ്ക്, എം.എ അറബിക്), 1998-ല്‍ റുബീനയും (ഒന്നാം റാങ്ക്, എം.എ അറബിക്), 2001-ല്‍ സബിതയും (ഒന്നാം റാങ്ക്, ബി.എ അറബിക്) ഉന്നത വിജയം കരസ്ഥമാക്കി. സ്‌കൂള്‍-അന്തര്‍ സ്‌കൂള്‍ തലങ്ങളിലെ കലാമത്സരങ്ങളിലും നിരവധി തവണ ഈ ഓര്‍ഫനേജിലെ കുട്ടികള്‍ സമ്മാനാര്‍ഹരാവുകയുണ്ടായി.
തൊഴില്‍ പഠിക്കാനാഗ്രഹിക്കുന്നവര്‍ക്കായി തയ്യല്‍ പരിശീലന കേന്ദ്രം, പ്രിന്റിംഗ് പ്രസ്, കമ്പ്യൂട്ടര്‍ ട്രെയിനിംഗ് സെന്റര്‍ തുടങ്ങിയവ ഓര്‍ഫനേജിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റിന്റെ വിവിധ ഗ്രാന്റുകള്‍ കുട്ടികള്‍ക്ക് ലഭിക്കുന്നുണ്ട്. ചെലവ് കഴിച്ച് ബാക്കിവരുന്ന സംഖ്യ കുട്ടികളുടെ പേരില്‍തന്നെ ബാങ്കില്‍ നിക്ഷേപിക്കുന്നു. ഓര്‍ഫനേജില്‍നിന്ന് പിരിഞ്ഞ് പോകുന്ന സമയത്ത് പല കുട്ടികള്‍ക്കും ഈയിനത്തില്‍ നല്ലൊരു സംഖ്യ കിട്ടാറുണ്ട്. ഇത്തരമൊരു രീതി കേരളത്തിലെ മറ്റേതെങ്കിലുമൊരു ഓര്‍ഫനേജില്‍ ഉള്ളതായി അറിയില്ല. മുപ്പതോളം കുട്ടികളെ ഇതിനകം ഓര്‍ഫനേജിന്റെ നേതൃത്വത്തില്‍ വിവാഹം ചെയ്തയച്ചിട്ടുണ്ട്. ഒരിക്കല്‍ അനാഥശാല സന്ദര്‍ശിച്ച മദര്‍ തെരേസ ഫാത്വിമാ റഹ്മാനോട് ചോദിച്ചു; ''ഈ പെണ്‍കിടാങ്ങളെ നിങ്ങള്‍ എങ്ങനെയാണ് കൈകാര്യം ചെയ്യുക?'' അവരുടെ മറുപടി വ്യക്തമായിരുന്നു; ''ഞാന്‍ ഇവരെ വിദ്യാഭ്യാസം നല്‍കി വളര്‍ത്തി, വിവാഹം ചെയ്തയക്കും!'' 1981 മുതല്‍ മരണം വരെ യതീംഖാനയുടെ ചെയര്‍പേഴ്‌സണായി എല്ലാറ്റിനും നേതൃത്വം നല്‍കിയത് ഫാത്വിമാ റഹ്മാനായിരുന്നു.

പുരസ്‌കാരങ്ങള്‍

സാമൂഹിക സേവന രംഗത്തെ ബഹുമുഖ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര ഗവണ്‍മെന്റിന്റേതുള്‍പ്പെടെ ഇരുപതില്‍പരം അവാര്‍ഡുകള്‍ ഫാത്വിമാ റഹ്മാന് ലഭിക്കുകയുണ്ടായി. 1991-ലെ ഇന്ത്യാ ഗവണ്‍മെന്റിന്റെ മഹിളാ ശിരോമണി അവാര്‍ഡ് ഫാത്വിമാ റഹ്മാന് സമ്മാനിച്ചത് അന്നത്തെ രാഷ്ട്രപതി ഡോ. ശങ്കര്‍ദയാല്‍ ശര്‍മയാണ്. എറണാകുളം വുമണ്‍സ് അസോസിയേഷന്‍ അവാര്‍ഡ് (1994), വിജയ് മുകുന്ദ മെമ്മോറിയല്‍ അവാര്‍ഡ് (1997), സര്‍വന്റ് ഓഫ് ഇസ്‌ലാം അവാര്‍ഡ് (1997), എം.ഇ.എസ് ലേഡീസ് വിംഗ് മൊമെന്റൊ (2002), ചേംബര്‍ ഓഫ് കൊമേഴ്‌സ് അവാര്‍ഡ് (1999), പ്രഫ. സയ്യിദ് മുഹിയുദ്ദീന്‍ ഷാ അവാര്‍ഡ് (2000-01), ഡോ. മുംതാസ് അഹമ്മദ്ഖാന്‍ അവാര്‍ഡ് (1999-2000), സി.പി മമ്മു സ്മാരക വനിതാ സമാജ് സേവാ രത്‌ന പുരസ്‌കാര്‍ (2008), ലോക സേവ അവാര്‍ഡ് (2001), ലയണ്‍സ് ബോര്‍ഡ് (2006-07), ഇന്ത്യാ 123.കോം അവാര്‍ഡ് (2000), അല്‍അമീന്‍ കമ്യൂണിറ്റി ലീഡര്‍ഷിപ്പ് അവാര്‍ഡ് (2000), ഡോ. സയ്യിദ് അബ്ദുല്‍ ഗഫൂര്‍ മെമ്മോറിയല്‍ അവാര്‍ഡ് തുടങ്ങിയവയാണ് ലഭിച്ച മറ്റു പുരസ്‌കാരങ്ങള്‍. ജമാഅത്തെ ഇസ്‌ലാമി കേരള 2010-ല്‍ നടത്തിയ വനിതാ സമ്മേളനത്തില്‍ മികച്ച സാമൂഹിക പ്രവര്‍ത്തകക്കുള്ള അവാര്‍ഡും ഫാത്വിമാ റഹ്മാന് നല്‍കുകയുണ്ടായി.

 

കുടുംബം

ഭര്‍ത്താവ് എറണാകുളം എടവനക്കാട് സ്വദേശി അബ്ദുര്‍റഹ്മാന്‍, അഭിഭാഷകനും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്നു. ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തിരുന്ന അദ്ദേഹം വളരെക്കാലം എറണാകുളം ബാര്‍ അസോസിയേഷന്‍ സെക്രട്ടറിയായിരുന്നു. എറണാകുളം ഫ്രൈഡെ ക്ലബ്ബ് പ്രസിഡന്റ്, എറണാകുളം പബ്ലിക് ലൈബ്രറി പ്രസിഡന്റ്, എം.ഇ.എസ് എറണാകുളം ജില്ലാ പ്രസിഡന്റ്, കെ.എം.ഇ.എ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ച അദ്ദേഹം 25 വര്‍ഷം ജി.സി.ഡി.എ നിയമോപദേഷ്ടാവായിരുന്നു. മദ്യനിരോധന സമിതി, ഗാന്ധി പീസ് ഫൗണ്ടേഷന്‍ എന്നിവയിലും സജീവമായിരുന്നു. വിദ്യാര്‍ഥി ജീവിത കാലത്തുതന്നെ ഖദര്‍ വസ്ത്രം ധരിച്ചിരുന്ന അദ്ദേഹം സ്വാതന്ത്ര്യ സമരത്തിലും പങ്കുകൊണ്ടിട്ടുണ്ട്. പിന്നീട് സജീവ രാഷ്ട്രീയത്തില്‍നിന്ന് വിട്ടുനിന്നെങ്കിലും കോണ്‍ഗ്രസ് അനുഭാവിയായിരുന്നു. ഭര്‍ത്താവിന്റെ പിന്തുണ സാമൂഹിക പ്രവര്‍ത്തന രംഗത്ത് ശോഭിക്കുവാന്‍ ഫാത്വിമാ റഹ്മാന് വലിയ അളവില്‍ സഹായകമായിട്ടുണ്ട്. അതേക്കുറിച്ച് അവര്‍ പലപ്പോഴും അനുസ്മരിക്കാറുണ്ടായിരുന്നു. 1998 മെയ് 6 നാണ് അദ്ദേഹം മരണപ്പെട്ടത്.
എം.ഇ.എസ് സ്ഥാപകനും സൗത്ത് ഇന്ത്യയില്‍നിന്ന് ആദ്യമായി എം.ആര്‍.സി.പി നേടിയ വ്യക്തിയുമായ ഡോ. പി.കെ അബ്ദുല്‍ ഗഫൂറിനു പുറമെ, പി.കെ ഹൈദ്രോസ്, പി.കെ ഇബ്‌റാഹീം, പി.കെ അബ്ദുര്‍റഹീം, പി.കെ അബ്ദുല്‍ ഹഖ്, പി.കെ അബ്ദുസ്സലാം, ആമിന, ഖദീജ, ആഇശ, ജമീല, നസീം, അസ്മാബി തുടങ്ങിയവര്‍ ഫാത്വിമാ റഹ്മാന്റെ സഹോദരങ്ങളാണ്.
രണ്ടു മക്കളാണ് ഫാത്വിമ-റഹ്മാന്‍ ദമ്പതികള്‍ക്ക്. മകന്‍ ഡോ. കെ.എ അബ്ദുല്‍ ഖാദിര്‍ എം.ബി.ബി.എസ്, ഡി.പി.എം, പി.എച്ച്.ഡി. വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍നിന്ന് എം.ബി.ബി.എസ്, ഡി.പി.എം പാസ്സായശേഷം മസ്തിഷ്‌ക ഗവേഷണത്തില്‍ ഡോക്ടറേറ്റ് നേടി. ഇപ്പോള്‍ മാഞ്ഞാലി മെഡിക്കല്‍ കോളേജില്‍ അസോസിയേറ്റ് പ്രഫസര്‍. മകള്‍, സൈനബിനെ വിവാഹം ചെയ്തിരിക്കുന്നത് ഡോ. പി.എ മുഹമ്മദ് സെയ്താണ്. മണപ്പാട്ട് കുഞ്ഞഹമ്മദ് ഹാജിയുടെ കൊച്ചുമകനും മുന്‍ എം.എല്‍.എ പി.കെ അബ്ദുല്‍ ഖാദറിന്റെ മകനുമായ ഡോ. മുഹമ്മദ് സെയ്ത് കൊടുങ്ങല്ലൂര്‍ മെഡികെയര്‍ ഹോസ്പിറ്റലിലെ ജനറലല്‍ സര്‍ജനും ചേരമാന്‍ ജുമാ മസ്ജിദിന്റെ പ്രസിഡന്റും സാമൂഹിക പ്രവര്‍ത്തകനുമാണ്.
ജീവിതത്തിലുടനീളം ഇസ്‌ലാമിക മൂല്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ പരിശ്രമിച്ചിരുന്ന ഫാത്വിമാ റഹ്മാന്‍ 2012 ജൂണ്‍ 23-നാണ് മരണപ്പെട്ടത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/37-41
എ.വൈ.ആര്‍