Prabodhanm Weekly

Pages

Search

2013 ഒക്‌ടോബര്‍ 11

ഇളം പ്രായത്തിലെ വിവാഹം

ജുബിന്‍ഷാ വയനാട്, ഇസ്‌ലാമിയാ കോളേജ് തളിക്കുളം/

'വിദ്യാഭ്യാസ വളര്‍ച്ചക്ക് വിഘാതമാകാത്ത വിവാഹങ്ങള്‍' എന്ന സദ്‌റുദ്ദീന്‍ വാഴക്കാടിന്റെ ലേഖനം (ലക്കം 2819)വായിച്ചു. ഇളം പ്രായത്തില്‍ പെണ്‍കുട്ടികള്‍ വിവാഹിതരാവുക എന്നത് കേവലം വിദ്യാഭ്യാസ പുരോഗതിക്ക് മാത്രമല്ല, സാംസ്‌കാരിക പ്രക്രിയക്ക് കൂടി കോട്ടമാണ്. ഇന്നത്തെ വിദ്യാര്‍ഥികള്‍ നാളെയുടെ പൗരന്മാരാണ്. ഒരു കുട്ടിയുടെ ആദ്യ വിദ്യാലയം അവന്റെ/ അവളുടെ വീടാണ്. അതില്‍തന്നെ കൂടുതല്‍ ഇടപെടുന്നത് മാതാവുമായിട്ടാണ്. അതിനാല്‍ മാതാവിന് കുട്ടിയുടെ സംസ്‌കാരം രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കുണ്ട്.
വിജ്ഞാനപരമായും സാംസ്‌കാരികമായും ഉയര്‍ന്നു നില്‍ക്കുന്ന സ്ത്രീക്ക് ഉത്തമനായ ഒരു സന്താനത്തെ വാര്‍ത്തെടുക്കാന്‍ കഴിയും. കേവലം പത്തോ/പ്ലസ് വണ്ണോ മാത്രം യോഗ്യതയുള്ള ഒരു പെണ്‍കുട്ടിക്ക്, അങ്ങനെയുള്ള ഒരു സന്താനത്തെ വാര്‍ത്തെടുക്കാന്‍ വേണ്ട പക്വതയുണ്ടാവുമോ?

ഓത്തുപഠിപ്പിച്ച ഉമ്മാച്ചകുട്ടി

കോഴിക്കോട് താലൂക്കിലെ ഒതയമംഗലം (ചേന്ദമംഗല്ലൂര്‍) ജുമുഅത്ത് പള്ളിയുടെ തൊട്ടരികെ ചക്കാലന്‍ കുന്നത്ത് എണ്ണതാറ്റില്‍ മമ്മദ് കുട്ടിയുടെ പ്രിയ പത്‌നിയായിരുന്നു ഉമ്മാച്ചക്കുട്ടി ഉസ്താദ്. 19-ാം നൂറ്റാണ്ടില്‍ ചേന്ദമംഗല്ലൂരിന്റെ അയല്‍ പ്രദേശമായ മുന്നൂരിലാണ് മഹതിയുടെ ജനനം. കുട്ടിക്കാലത്ത് തന്നെ ഏറെക്കുറെ മതവിദ്യാഭ്യാസം നേടാന്‍ സാധിച്ചു. മമ്മദ് കുട്ടി-ഉമ്മാച്ചക്കുട്ടി ദമ്പതികള്‍ തങ്ങളുടെ ഓലപ്പുരയുടെ ഒരു ഭാഗം ഓത്തുപള്ളിയായി ഉപയോഗിച്ച് ധാരാളം പേരെ ഖുര്‍ആന്‍ പാരായണവും വിശ്വാസ കാര്യങ്ങളും കര്‍മശാസ്ത്രപാഠങ്ങളും പഠിപ്പിച്ചു. ഒതയമംഗലം മഹല്ല് രൂപീകരണത്തില്‍ ഇവരുടെ പങ്ക് നിര്‍ണായകമായിരുന്നു. മഹതിയുടെ അടുത്ത രക്തബന്ധുവായ പി.ടി കുഞ്ഞായി മുസ്‌ലിയാര്‍ ആണ് ഒതയമംഗലം പള്ളിയില്‍ ആദ്യമായി ഖുത്വ്ബ നിര്‍വഹിച്ചത്. അവരുടെ പിന്‍തലമുറയില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന പലരും വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ്.

അബ്ദുല്ല പൂക്കോട്ടുംപാടം


ദുഹിയ്യത്ത് മാംസം വാങ്ങിവെക്കാന്‍ ഇടമില്ലാതെ പ്രയാസപ്പെടുന്നവരാണ് മലയാളി മുസ്‌ലിം സമുദായം. പെരുന്നാളിനു ശേഷം ആഴ്ചകളോളം ഇറച്ചി വരട്ടിയും കരിച്ചും പൊരിച്ചും തിന്നില്ലെങ്കില്‍ ദീനില്‍ നിന്ന് പുറത്താവുന്ന സ്ഥിതി. അഥവാ ഇറച്ചി അധികമുണ്ടായാല്‍ അടുത്ത മഹല്ലിലെ ദരിദ്രന് അയക്കാന്‍ പോലും ദയയില്ലാതായിരിക്കുന്നു. ഇത്തരമൊരു സന്ദര്‍ഭത്തില്‍ ഉദുഹിയ്യത്ത് ഉത്തരേന്ത്യയിലെ ദരിദ്രര്‍ക്കാണ് ഏറ്റവും അവകാശപ്പെട്ടതെന്ന് വ്യക്തമാക്കുന്ന ബഷീര്‍ തൃപ്പനച്ചിയുടെ കുറിപ്പ് സന്ദര്‍ഭോചിതമായി.

കെ.സി.സി ഹുസൈന്‍ കൊടിയത്തൂര്‍

പാഠം രണ്ട്, കൃഷി

പ്രബോധനം സെപ്റ്റംബര്‍ 13-ലെ കുടുംബവുമായ ബന്ധപ്പെട്ട ലേഖനങ്ങളെല്ലാം പഠനാര്‍ഹവും ചിന്തോദ്ദീപകവുമാണ്. മണ്ണിനെയും കൃഷിയെയും പരിസ്ഥിതിയെയും സ്‌നേഹിക്കുന്ന കാര്‍ഷിക സംസ്‌കാരം നാം കുടുംബങ്ങളിലേക്ക് തിരിച്ചുകൊണ്ടുവരേണ്ടതുണ്ട്. പോഷക സമൃദ്ധവും രുചികരവുമായ ആഹാരം നല്ല കുടുംബത്തിന്റെ ലക്ഷണമാണല്ലോ. അല്‍പം മനസ്സു വെച്ചാല്‍ വീടുകളിലേക്കാവശ്യമായ പാല്‍, മുട്ട, മാംസം, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ തുടങ്ങിയവ ഉല്‍പാദിപ്പിക്കാന്‍ നമുക്ക് കഴിയും. ഒഴിവു സമയങ്ങള്‍ കാര്‍ഷിക വൃത്തിയില്‍ മുഴുകുമ്പോള്‍ പൈശാചിക ചിന്തകളില്‍ നിന്ന് മനസ് മോചിതമാകും. കുടുംബാംഗങ്ങളില്‍ സഹകരണവും സംഘബോധവും വളരാന്‍ ഇടയാകും. ചെടികളിലും പൂക്കളിലും പൂമ്പാറ്റകളിലും സൗന്ദര്യം ദര്‍ശിക്കുന്ന കുട്ടികള്‍ വളര്‍ന്നുവരും.

റൂബി കലാമി, കെ.എം.സി.ടി എഞ്ചിനീയറിംഗ് കോളേജ്, കളംതോട്


സെപ്റ്റംബര്‍ 20-ലെ ലക്കത്തില്‍ 'ഡമോക്രസിയില്‍ ജുഡീഷ്യറിയുടെ സ്ഥാനം' എന്ന മുഖക്കുറിപ്പ് വായിച്ചു. കേരളത്തിലെ മുഴുവന്‍ രാഷ്ട്രീയ നേതാക്കളും പത്രാധിപന്മാരും ആ എഡിറ്റോറിയല്‍ വായിച്ചെങ്കിലെന്ന് തോന്നി.
ജീവിതത്തിന്റെ സായംസന്ധ്യയിലെത്തി നില്‍ക്കുന്ന ഈ കുറിപ്പുകാരന്‍ പഴയകാലത്ത് വിവിധ പത്രങ്ങളുടെ പ്രാദേശിക ലേഖകനായിരുന്നു. ഇതിനകം ചില പ്രാദേശിക ചരിത്ര പുസ്തകങ്ങളെഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരുകാലത്ത് പ്രബോധനത്തിന്റെ സ്ഥിരം വായനക്കാരനും വരിക്കാരനുമായിരുന്നു. കുറച്ച്കാലമായി ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ കാരണം പ്രബോധനം വായിക്കാറില്ലായിരുന്നു. ഇപ്പോള്‍ വീണ്ടും വായന തുടങ്ങി, പുനര്‍ വരിക്കാരനുമായി. പഴയകാലത്തേക്കാള്‍ ഏറെ മുന്നിലാണ് പ്രബോധനം വാരിക എന്ന സന്തോഷം പങ്കുവെക്കുന്നു.
പ്രഫ. എ.പി സുബൈര്‍


-ലോകവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കൊണ്ട് സമ്പുഷ്ടമായിരുന്നു പ്രബോധനം (ലക്കം 2818). സ്മാര്‍ട്ടായ ലോകത്ത് സ്മാര്‍ട്ടായി ജീവിക്കാന്‍ പുത്തന്‍ തലമുറക്ക് നേരായ വഴി നിര്‍ദേശിക്കുന്നതായിരുന്നു അതിലെ ലേഖനങ്ങള്‍. ഖുര്‍ആന്‍ പഠനരംഗത്ത് ഏറെ ശ്രദ്ധേയമായ കാല്‍വെപ്പായിരുന്നു തഫ്ഹീമുല്‍ ഖുര്‍ആന്റെ ഡിജിറ്റില്‍ ഓണ്‍ലൈന്‍വത്കരണം. പക്ഷേ, സ്മാര്‍ട്ട് ഫോണുകളും ടാബ് ലെറ്റുകളും വ്യാപകമായ ഇക്കാലത്ത് അവക്ക് അനുയോജ്യമായ ഒരു തഫ്ഹീം അപ്ലിക്കേഷന്‍ മലയാളത്തില്‍ ഇല്ല എന്നത് ഈ സ്മാര്‍ട്ട് കാലത്ത് വലിയ കുറവ് തന്നെയാണ്. തഫ്ഹീമിന്റെ ഉര്‍ദു, ഇംഗ്ലീഷ് ആപ്ലിക്കേഷനുകള്‍ ആന്‍ഡ്രോയിഡ് മാര്‍ക്കറ്റില്‍ ലഭ്യമാണെന്നിരിക്കെ പ്രത്യേകിച്ചും. ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ ഈ വിഷയം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

പി. സൂപ്പി കുറ്റിയാടി

പുതിയ സംവേദന മാര്‍ഗങ്ങളോട് ക്രിയാത്മകമായി സംവദിക്കാനുള്ള പ്രബോധന(ലക്കം 2818)ത്തിന്റെ ആര്‍ജവം പ്രതീക്ഷ നല്‍കുന്നു. ആധുനിക സാങ്കേതിക വിദ്യകളോട് തുര്‍ക്കി സ്വീകരിച്ച ക്രിയാത്മക സമ്പര്‍ക്കം സി. ദാവൂദ് ജോണ്‍ എല്‍ എസ്‌പോസിറ്റോയുടെ ഗ്രന്ഥത്തെ സാക്ഷിയാക്കി പരാമര്‍ശിക്കുന്നുണ്ട്. ഐ.ടിയോട് മാത്രമാണോ തുര്‍ക്കിക്ക് വ്യത്യസ്തമായ ക്രിയാത്മകത? അല്ലേ അല്ല.
15 വര്‍ഷം മുമ്പ് എസ്‌പോസിറ്റോ കേരളത്തില്‍ വന്ന് തിരിച്ചുപോവുമ്പോള്‍ അദ്ദേഹത്തെ കുറച്ചു സമയം അനുഗമിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. കോഴിക്കോട്ട് നിന്ന് കുവൈത്തിലേക്കും അവിടന്ന് ലണ്ടനിലേക്കും ശേഷം വാഷിംഗ്ടണിലേക്കുമായിരുന്നു യാത്ര. കുവൈത്തിലും ലണ്ടനിലും അദ്ദേഹത്തിന് നിര്‍ണായകമായ ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. ഇസ്‌ലാമിസ്റ്റുകളുടെ ഭിന്നതകളുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ ഇടപെടല്‍. തുര്‍ക്കി മാതൃകയെ കുറിച്ച് അദ്ദേഹം വാചാലനായത് ഓര്‍ക്കുന്നു.
നൂര്‍സി, അര്‍ബകാന്‍ തുടങ്ങി ഇപ്പോഴത്തെ നേതൃത്വം വരെ നീണ്ടു കിടക്കുന്ന തുര്‍ക്കിയുടെ 100 വര്‍ഷത്തെ ക്രിയാത്മക സമ്പര്‍ക്കം മാതൃകാപരമാണ്. അതിന്റെ ഇന്ത്യനൈസേഷന് ഇന്ന് പ്രസക്തിയുണ്ട്. അത് നമ്മെ പിടിച്ചു കുലുക്കും. മുന്‍ഗണനാക്രമങ്ങളെ ഉടച്ചുവാര്‍ക്കും.
മൊബൈലിനെ കുറിച്ച ദാവൂദിന്റെ നിരീക്ഷണം പ്രയോഗത്തില്‍ വരുത്തിയേ പറ്റൂ. സ്‌കൂളാണ് വിവര വിനിമയത്തിന്റെ അടിത്തറ. മൊബൈല്‍ പ്രധാന ഉപകരണവും. ഒരു ന്യൂ ജനറേഷന്‍ മൊബൈല്‍ ഉണ്ടെങ്കില്‍ പഠനവും വിവരവും ഉജ്ജ്വലമാവും. ദുരുപയോഗം ചെയ്യുമെന്ന് കരുതി കുട്ടികളുടെ കണ്ണും കാതും കുത്തിപ്പൊട്ടിക്കുകയോ?

അനീസുദ്ദീന്‍ കൂട്ടിലങ്ങാടി

 

പെണ്‍കുട്ടികളുടെ
വിവാഹ പ്രായം

വിവാഹ പ്രായം മതപരമായ കാര്യമല്ല. തദ്ദേശ നിയമങ്ങള്‍ അനുസരിക്കുക എന്നതാണ് അതിലെ ഉചിതമായ നടപടി. പഴയ മുഹമ്മദന്‍ ലോയില്‍ മുസ്‌ലിം പെണ്‍കുട്ടിയുടെ വിവാഹ പ്രായം 15 ആണെന്നുണ്ട്. പിന്നീട് പെണ്‍കുട്ടികളുടെ വിവാഹ പ്രായം പൊതു നിയമമാക്കിയതുകൊണ്ട് അതിന് പ്രസക്തിയില്ല. അഥവാ 15-ല്‍ വിവാഹം കഴിഞ്ഞാലും 18  വയസ്സില്‍ കുട്ടിക്ക് വിവാഹം റദ്ദ് ചെയ്യാന്‍ ആവശ്യപ്പെടാവുന്നതാണെന്ന നിബന്ധന കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നതുമാണ്.  
സ്വത്ത് കാര്യങ്ങളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച പ്രായ നിബന്ധനകള്‍ സ്വീകരിക്കുന്നവര്‍ വിവാഹ കാര്യത്തില്‍ അത് സ്വീകരിക്കുന്നതില്‍ എന്തിന് വിമുഖത കാട്ടണം? 18 വയസ്സില്‍ താഴെ ഇപ്പോള്‍ അപൂര്‍വമായേ വിവാഹം നടക്കുന്നുള്ളൂ. അവ മുസ്‌ലിംകള്‍ക്കിടയില്‍ മാത്രം പരിമിതവുമല്ല. അതുകൊണ്ട് ഇത്തരമൊരു കാര്യം എന്തിനാണ് മുസ്‌ലിം സംഘടനകള്‍ അവരുടെ പൊതു പ്രശ്‌നമാക്കുന്നത് എന്ന് മനസ്സിലാകുന്നില്ല.

പ്രഫ. എ.പി സുബൈര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/37-41
എ.വൈ.ആര്‍