തക്ബീറുകള്‍ മുഴക്കുമ്പോള്‍ നാം ഓര്‍മിക്കുന്നത്
''അല്ലാഹു അക്ബര്‍... വലില്ലാഹില്‍ ഹംദ്''. അല്ലാഹുവാണ് ഏറ്റവും മഹാന്‍. അവനല്ലാതെ ഇലാഹില്ല. അല്ലാഹുവാണ് ഏറ്റവും മഹാന്‍. അവനത്രെ സര്‍വസ്തുതിയും. തക്ബീറുകള്‍ മുഴക്കി വിശ്വാസി സമൂഹം പെരുന്നാളാഘോഷത്തിന് സമാരംഭം കുറിക്കുകയായി. ചെറിയ പെരുന്നാളിനു മാസപ്പിറവി കണ്ടത് മുതല്‍ പെരുന്നാള്‍ നമസ്‌കാരം തുടങ്ങുന്നത് വരെയും, ബലി പെരുന്നാളിന് ദുല്‍ഹജ്ജ് 9 (അറഫാ ദിനം) സുബ്ഹി മുതല്‍ ദുല്‍ഹജ്ജ് 13 അസ്വര്‍ വരെയും ഇടതടവില്ലാതെ അത് തുടരുന്നു. പുത്തനുടുപ്പിന്റെ വര്‍ണപ്പൊലിമയും വിഭവങ്ങളുടെ രുചിക്കൂട്ടുമില്ലാത്ത പെരുന്നാളുകള്‍ നമുക്ക് സങ്കല്‍പിക്കാനായേക്കും. അത്തരം ഇല്ലായ്മകളുടെ പെരുന്നാളുകള്‍ ചിലര്‍ക്കെങ്കിലും ജീവിതത്തില്‍ ആഘോഷിക്കേണ്ടി വന്നിരിക്കും. പക്ഷേ, ഭക്തിസാന്ദ്രമായ തക്ബീര്‍ ധ്വനികള്‍ അകമ്പടി സേവിക്കുകയും അതിന്റെ സ്വരരാഗ വീചികള്‍ അനുഭൂതി പകരുകയും ചെയ്യാത്ത പെരുന്നാളുകള്‍ ആര്‍ക്കാണ് സങ്കല്‍പിക്കാനാവുക.
ദിവസം അഞ്ചു നേരം പള്ളിമിനാരങ്ങളില്‍ നിന്നുയരുന്ന ബാങ്കൊലികളിലും നമസ്‌കാരങ്ങളിലും നിരന്തരം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അല്ലാഹു അക്ബര്‍ എന്ന മഹദ് വാക്യം തന്നെയാണ്, പെരുന്നാളിലെ 'തക്ബീറി'ന്റെയും പ്രധാന ഉള്ളടക്കം. ജീവിതത്തെക്കുറിച്ച വിശ്വാസിയുടെ കാഴ്ചപ്പാടും ആ ഒരു വാക്കില്‍ ഒളിഞ്ഞു കിടക്കുന്നു. ചെപ്പില്‍ വില പിടിച്ച മുത്തെന്ന പോലെ അന്യാദൃശമായ ഒരു ആശയ പ്രപഞ്ചവും ജീവിത ദര്‍ശനവുമാണ് അതിലടങ്ങിയിരിക്കുന്നത്. അല്ലാഹുവിനെക്കുറിച്ച വിശ്വാസിയുടെ മനസ്സിലെ ഉറച്ച ബോധ്യത്തെ അടയാളപ്പെടുത്തുന്ന ആ വാക്ക് ആശയവും അര്‍ഥവും ഗ്രഹിച്ച് ആത്മാര്‍ഥമായി ഉരുവിടുകയാണെങ്കില്‍ അത്യത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നുറപ്പാണ്. 'മുസ്‌ലിംകളുടെ നാവുകള്‍ തക്ബീര്‍ മുഴക്കുമ്പോലെ അവരുടെ ഹൃദയങ്ങള്‍ തക്ബീര്‍ മുഴക്കിയിരുന്നെങ്കില്‍ ചരിത്രത്തിന്റെ ഗതി അവര്‍ തിരിച്ചുവിട്ടേനെ' എന്ന ഡോ. മുസ്ത്വഫസ്സിബാഇയുടെ വാക്കുകള്‍ അതാണ് സൂചിപ്പിക്കുന്നത്.
ഖാദിസിയ്യ യുദ്ധത്തിന്റെ സന്ദര്‍ഭത്തില്‍ പേര്‍ഷ്യന്‍ സേനാ നായകനായ റുസ്തമിനെ കാണാന്‍ രിബ്ഇബ്‌നു ആമിര്‍ എന്ന സ്വഹാബി ചെല്ലുന്ന രംഗം ചരിത്രത്തില്‍ വായിക്കാം. പ്രൗഢഭംഗീരമായ കൊട്ടാരത്തില്‍ സ്വര്‍ണമഞ്ചത്തില്‍ ഉപവിഷ്ടനായിരിക്കുകയാണ് റുസ്തം. ചുറ്റും സേവകന്മാര്‍ പഞ്ചപുഛമടക്കി നില്‍ക്കുന്നുണ്ട്. ഉയരം കുറഞ്ഞ ഒരു കുതിരപ്പുറത്ത് സാധാരണ വസ്ത്രം ധരിച്ച് രിബ്അ് പ്രവേശിക്കുന്നു. റുസ്തമിനെ കാണണമെങ്കില്‍ ധരിച്ച ആയുധങ്ങള്‍ ഊരിവെക്കണമെന്ന് ശാഠ്യം പിടിച്ച കൊട്ടാര സേവകരോട് അദ്ദേഹം പറഞ്ഞു: ''ഞാന്‍ സ്വയം വലിഞ്ഞുകേറി വന്നതല്ല. ക്ഷണിച്ചിട്ട് വന്നതാണ്. എന്റെ ഈ അവസ്ഥയില്‍ കാണാന്‍ അനുവദിക്കുമെങ്കിലേ ഞാന്‍ റുസ്തമിനെ കാണുന്നുള്ളൂ. ഇല്ലെങ്കില്‍ ഞാന്‍ തിരിച്ചുപോവുകയാണ്.'' റുസ്തം ഇടപെട്ട് ആയുധം ധരിച്ചുകൊള്ളാന്‍ അനുവാദം കൊടുത്തു. റുസ്തം ചോദിച്ചു: ''എന്താണ് നിങ്ങളുടെ ആഗമന ലക്ഷ്യം?'' ഇബ്‌നു ആമിര്‍ പറഞ്ഞു: ''അടിമകളുടെ അടിമത്തത്തില്‍ നിന്ന് മനുഷ്യരെ വിമോചിപ്പിച്ച് അല്ലാഹുവിന്റെ അടിമത്തത്തിലേക്ക് ആനയിക്കുന്നതിനു വേണ്ടിയാണ് ഞങ്ങള്‍ നിയോഗിതരായിരിക്കുന്നത്. ഇഹലോകത്തിന്റെ ഇടുക്കത്തില്‍ നിന്ന് പരലോകത്തിന്റെ വിശാലതയിലേക്കും മതങ്ങളുടെ അനീതിയില്‍ നിന്ന് ഇസ്‌ലാമിന്റെ നീതിയിലേക്കും ആനയിക്കുന്നതിന് വേണ്ടി കൂടിയാണ് ഞങ്ങള്‍ നിയോഗിതരായിരിക്കുന്നത്.'' സംഭാഷണശേഷം റുസ്തം സ്വന്തക്കാരോട് ചോദിച്ചു: ''ഇതിനേക്കാള്‍ ആത്മാഭിമാനവും ആര്‍ജവവുമുള്ള വാക്കുകള്‍ ഇതിന് മുമ്പ് നിങ്ങള്‍ കേട്ടിട്ടുണ്ടോ?'' അവര്‍ പ്രതിവചിച്ചു: ''താങ്കള്‍ അയാളുടെ മതത്തില്‍ ആകൃഷ്ടനാവുകയാണോ? അയാളുടെ വസ്ത്രം കണ്ടില്ലേ, എത്ര ദരിദ്രമാണത്.'' റുസ്തം പറഞ്ഞു: ''നിങ്ങള്‍ക്ക് നാശം. വസ്ത്രമാണോ നിങ്ങള്‍ ശ്രദ്ധിക്കുന്നത്. നിങ്ങള്‍ അദ്ദേഹത്തിന്റെ വാക്കുകളും ശൈലിയും സ്വഭാവവും നോക്കുക.''
അല്ലാഹു അക്ബര്‍ അഥവാ അല്ലാഹുവാണ് ഏറ്റവും മഹാന്‍ എന്ന പ്രഖ്യാപനം അവനല്ലാത്തതെല്ലാം നിസ്സാരവും ചെറുതുമാണെന്ന് കൂടി പറയാതെ പറയുന്നുണ്ട്. ലാ ഇലാഹ ഇല്ലല്ലാഹ് -അല്ലാഹു അല്ലാതെ ഇലാഹില്ല- എന്ന കലിമത്തുത്തൗഹീദിന്റെ മറ്റൊരു ഭാഷ്യമാണത്.
അല്ലാഹു അക്ബര്‍ എന്ന് മനസ്സറിഞ്ഞ് വിളംബരം ചെയ്യുന്ന വിശ്വാസി എല്ലാ ദൈവേതര ശക്തികളോടും വ്യക്തികളോടുമുള്ള വിധേയത്വവും ആശ്രിതത്വവും അറുത്തുമാറ്റാന്‍ ബാധ്യസ്ഥനാണ്. തന്റെ നിലയും വിലയും, അസ്തിത്വവും വ്യക്തിത്വവും, ഭയവും നിര്‍ഭയത്വവും, രക്ഷയും ശിക്ഷയും അല്ലാഹുവിന്റെ മാത്രം തീരുമാനത്തിന് വിധേയമാണെന്നും അതിലൊരു മാറ്റവും വരുത്താന്‍ ലോകത്തൊരു ശക്തിക്കും സാധ്യമല്ലെന്നുമുള്ള ഉറച്ച ബോധ്യത്തോടെയാണല്ലോ 'അല്ലാഹുവാണ് ഏറ്റവും മഹാന്‍' എന്ന് പ്രഖ്യാപിക്കുന്നത്. അല്ലാഹുവിലുള്ള ഈ വിശ്വാസം മനസ്സില്‍ ആഴ്ന്നിറങ്ങിക്കഴിഞ്ഞാല്‍ ലോകം വളരെ ചെറുതായി അനുഭവപ്പെടുകയും, അല്ലാഹുവും അവന്റെ തൃപ്തിയും വളരെ വലുതായിത്തീരുകയും ചെയ്യും. ഇമാം ഇബ്‌നുല്‍ ഖയ്യിം എഴുതുന്നു: ''പുതുജന്മം നേടിയ ഹൃദയം തൗഹീദിന്റെയും വിജ്ഞാനത്തിന്റെയും വിശാലമായ ആകാശലോകത്തേക്ക് ഉയരുന്നു. ദേഹേഛയുടെ അന്ധകാരത്തില്‍ നിന്ന് പുറത്ത് കടക്കുന്നു. അല്ലാഹുവിനെ ഉള്‍ക്കൊണ്ട് കണ്ണും കരളും കുളിര്‍ക്കുന്നു. അല്ലാഹുവിന്റെ സ്മരണയില്‍ അത് ശാന്തമാവുകയും ആശ്വാസം കൊള്ളുകയും ചെയ്യുന്നു. എല്ലാറ്റിനും പകരം അല്ലാഹുവിനെ കാണുന്നു. അല്ലാഹുവിന് പകരം മറ്റൊന്നിനെയും കാണുന്നില്ല. ദൈവസ്മരണയാണ് ഹൃദയത്തിന്റെ ജീവന്‍. ദൈവ തൃപ്തിയാണ് ലക്ഷ്യം. അവനോടുള്ള സ്‌നേഹമാണ് ശക്തി. അവനെക്കുറിച്ച അറിവാണ് കൂട്ടുകാരന്‍. അല്ലാഹുവില്‍ നിന്ന് തെറ്റിക്കുന്നവനാണ് ശത്രു; അവന്‍ അടുത്ത കൂട്ടുകാരനാണെങ്കിലും. അല്ലാഹുവിലേക്ക് അടുപ്പിക്കുന്നവനാണ് ആത്മമിത്രം; അവന്‍ വിദൂരസ്ഥനാണെങ്കിലും'' (അതേ പുസ്തകം, പേജ് 30).
അല്ലാഹുവാണ് ഏറ്റവും മഹാന്‍ എന്ന പ്രഖ്യാപനം അല്ലാഹു അല്ലാത്ത മറ്റൊന്നിനെയും ഭയക്കാത്ത മാനസികാവസ്ഥയാണ് പ്രദാനം ചെയ്യുന്നത്. സര്‍വശക്തനും അത്യുന്നതനുമായ ദൈവത്തിന്റെ സാമീപ്യമുള്ളപ്പോള്‍ വിശ്വാസി എന്തിന്, ആരെ ഭയക്കണം? ഫറോവയുടെയും സൈന്യത്തിന്റെയും പിടിയില്‍ നിന്ന് ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ ഇസ്രാഈല്യര്‍ ചെങ്കടലിന്റെ തീരത്താണെത്തിയത്. മുമ്പില്‍ ആര്‍ത്തിരമ്പുന്ന കടല്‍. പിന്നില്‍ സര്‍വസജ്ജരായ ശത്രുക്കള്‍. സ്വാഭാവികമായും ഞങ്ങളിതാ പിടിക്കപ്പെട്ടുവെന്ന് അവര്‍ അലമുറയിട്ടു. പക്ഷേ, മൂസാ നബി സമാശ്വസിപ്പിച്ചു: 'ഇല്ല, എന്റെ കൂടെ എന്റെ റബ്ബുണ്ട്. അവന്‍ എനിക്ക് മാര്‍ഗം കാണിച്ചുതരും' (അശ്ശുഅറാഅ് 62).
ശത്രുക്കള്‍ സര്‍വായുധ സജ്ജരായി പടയൊരുക്കം നടത്തിക്കൊണ്ടിരിക്കുന്നുവെന്നറിഞ്ഞ വിശ്വാസികളുടെ ധീരമായ നിലപാട് ഖുര്‍ആന്‍ ചിത്രീകരിക്കുന്നത് കാണുക: ''അവരോട് ജനം പറഞ്ഞു: നിങ്ങള്‍ക്കെതിരെ വന്‍ സൈന്യങ്ങള്‍ സംഘടിച്ചിരിക്കുന്നു, സൂക്ഷിക്കുവിന്‍. അതു കേട്ട് അവരില്‍ സത്യവിശ്വാസം വര്‍ധിക്കുകയാണുണ്ടായത്. അവര്‍ മറുപടി പറഞ്ഞു: ഞങ്ങള്‍ക്ക് അല്ലാഹു മതി. കാര്യങ്ങള്‍ ഭരമേല്‍പിക്കാന്‍ ഏറ്റവും അനുയോജ്യന്‍ അവന്‍ തന്നെയാകുന്നു'' (ആലുഇംറാന്‍ 173).
ദൈവിക കല്‍പനകള്‍ക്ക് മറ്റെന്തിനേക്കാളും മുന്‍ഗണന നല്‍കുക, തദടിസ്ഥാനത്തില്‍ ജീവിതം ചിട്ടപ്പെടുത്തുക, അതിന്റെ പേരിലുണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ സസന്തോഷം സഹിക്കുക തുടങ്ങിയവയൊക്കെ 'അല്ലാഹു അക്ബര്‍' എന്ന മുദ്രാവാക്യത്തിന്റെ അനിവാര്യ തേട്ടങ്ങളാണ്. രാപ്പകല്‍ ഈ മുദ്രാവാക്യം മുഴക്കിക്കൊണ്ടിരിക്കുന്ന വ്യക്തികള്‍ ജീവിത വ്യവഹാരങ്ങള്‍ തന്നിഷ്ടപ്രകാരമോ നാട്ടാചാരവും പാരമ്പര്യവുമനുസരിച്ചോ മനുഷ്യ നിര്‍മിത നിയമ സംഹിതകളനുസരിച്ചോ ആണ് നടത്തുന്നതെങ്കില്‍ ആത്മാവ് നഷ്ടപ്പെട്ട വായ്ത്താരികള്‍ മാത്രമാണ് അവയെന്ന് പറയേണ്ടിവരും. യഥാര്‍ഥത്തില്‍ ഈ കാപട്യത്തിന്റെ വിലയാണ് മുസ്‌ലിം സമൂഹം നൂറ്റാണ്ടുകളായി ഒടുക്കിക്കൊണ്ടിരിക്കുന്നത്. നാവുകള്‍ കൊണ്ട് മാത്രമല്ല, ഹൃദയങ്ങള്‍ കൊണ്ടും ജീവിതം കൊണ്ടും അല്ലാഹുവിനെ വാഴ്ത്താനും അവന്റെ ഗരിമയും ഗാംഭീര്യവും അംഗീകരിക്കാനും മുസ്‌ലിം സമൂഹം തയാറാകുമ്പോള്‍ മാത്രമേ, അല്ലാഹുവിന്റെ സഹായത്തിന് അവര്‍ അര്‍ഹരാവുകയുള്ളൂ. ഉമര്‍(റ) പറഞ്ഞു: ''നാം നിന്ദ്യരായ ഒരു സമൂഹമായിരുന്നു. ഇസ്‌ലാം മുഖേന അല്ലാഹു നമ്മെ പ്രതാപവന്മാരാക്കി. അതിനാല്‍ ഇസ്‌ലാമല്ലാത്ത മറ്റു വല്ലതിലൂടെയുമാണ് നാം പ്രതാപം ആഗ്രഹിക്കുന്നതെങ്കില്‍ അല്ലാഹു നമ്മെ വീണ്ടും നിന്ദ്യരാക്കുക തന്നെ ചെയ്യും.''
[email protected]
Comments