Prabodhanm Weekly

Pages

Search

2013 ഒക്‌ടോബര്‍ 11

സര്‍ഗാത്മക ഭാവുകത്വമായി 'ഹജ്ജ്' മലയാളത്തില്‍ പെയ്യുമ്പോള്‍

പി.ടി കുഞ്ഞാലി / ലേഖനം

പ്പോഴും വിശ്വാസിയുടെ മനസ്സില്‍ ഒരു ഹജ്ജനുഭൂതിയുണ്ട്. ഭൗതികാര്‍ഥത്തില്‍ ഒരു സാധ്യതയും കാണാത്തവരുടെ മനസ്സിലും ഈ പുണ്യയാത്ര സാക്ഷാല്‍ക്കാരത്തിന്റെ സമീപത്താണ്. അതു നിര്‍ണയിക്കുന്നത് അവരുടെ മോഹം തന്നെയാണ്. ഇങ്ങനെ മനസ്സിലും കനവിലും സൂക്ഷിച്ച ഒരു ഹജ്ജനുഭൂതി  തീര്‍ത്തും അപ്രതീക്ഷിതമായി സാധിതമായ നിരവധി പേര്‍ നമ്മിലുണ്ടാകും. ഇതില്‍ ഒരാളായിരുന്നു പ്രസിദ്ധ മാപ്പിള കവിയും പണ്ഡിതനുമായിരുന്ന പി.ടി. ബീരാന്‍കുട്ടി മൗലവി. മൗലവിക്കിത് വ്യക്തിതലത്തില്‍ ലഭിച്ച ഒരു  സൗഭാഗ്യമായിരിക്കാമെങ്കിലും മലയാളി മുസ്‌ലിമിന്റെ സര്‍ഗാത്മക ഭാവുകത്വത്തിനു ഈ യാത്ര  മഹത്തായ ഒരു സൗഭാഗ്യമായി മാറിയതാണ് മൗലവിയുടെ ഹജ്ജ് പാട്ട്. മലയാളി മുസ്‌ലിമിന്റെ ഹജ്ജ് അനുഭൂതികളില്‍ സമാനതകളില്ലാത്ത കാവ്യ രൂപകം.
കോഴിക്കോട് ജില്ലയിലെ രാമനാട്ടുകരയില്‍ ജനിച്ച ബീരാന്‍ കുട്ടി പള്ളി ദര്‍സിലൂടെയാകാം മത ഭൗതിക വിദ്യാഭ്യാസങ്ങള്‍ നേടിയത്. ജീവിതത്തിലെ ഏതോ കഠിന സമ്മര്‍ദങ്ങളാകാം ജന്മനാടുപേക്ഷിച്ചു ശിഷ്ട ജീവിതത്തിന് അദ്ദേഹം വിദൂര ഗ്രാമമായ എടവണ്ണ തെരഞ്ഞെടുത്തത്. സാമ്പത്തിക നില തീര്‍ത്തും ദരിദ്രമായിരുന്നെങ്കിലും എന്നുമദ്ദേഹം അഭിജാതമായി ജീവിച്ചു. ഹജ്ജാജുമാരെ ശുഭയാത്രയാക്കിയും അവര്‍ക്കൊക്കെ മബ്‌റൂറായ ഹജ്ജിന്റെ 'ശര്‍ത്തുകളും അര്‍ക്കാനുകളും' ചൊല്ലി പഠിപ്പിച്ചും ജീവിതമേറെയും നടന്നു തീര്‍ത്തു. അപ്പോഴും ഹജ്ജ് ഒരു മോഹമായി ആ ശുഭ്രമനസ്സില്‍ ജ്വലിച്ചു നിന്നു. കൂടെ മാപ്പിളപ്പാട്ടിന്റെ മൊഞ്ചും സീനത്തും.
അന്നു എടവണ്ണയിലും പ്രാന്തത്തിലുമുള്ള പി.ടി ബീരാന്‍ കുട്ടി മൗലവിയുടെ സുഹൃത്തുക്കളില്‍ ചിലര്‍ വിശുദ്ധ ഹജ്ജിനു യാത്രയാവുന്നു. ഇന്നത്തെ ഹജ്ജ് സങ്കീര്‍ണതകളൊന്നും അന്നില്ല. നേരേ ബോംബെയില്‍ മുസാഫര്‍ ഖാനയില്‍ ചെന്നു കപ്പല്‍ യാത്രക്കുള്ള പണമടച്ചാല്‍ അവിടെ നിന്ന് ലഭിക്കുന്ന അനുമതി ഹജ്ജ് യാത്രക്ക് ധാരാളം മതി. എത്രയോ ഹജ്ജ് സഞ്ചാരികളെ ദുആകള്‍ ചൊല്ലി യാത്രയാക്കിയതാണ് മൗലവി. ഇത്തവണ അല്ലാഹുവിന്‍ വിധി തന്നേയും കാത്തിരിക്കുന്നതൊന്നും മൗലവി അറിഞ്ഞില്ല. അതങ്ങനെയാണ്. വിധി അവനില്‍ നിന്നു മാത്രമാണ്. അല്ലെങ്കില്‍ തന്റെ സുഹൃത്തുക്കളെ യാത്രയാക്കാന്‍ കൂട്ടുപോയ മൗലവി അവിശ്വസനീയമാം വിധം പരിശുദ്ധ ഭൂമിയില്‍ ഹജ്ജിനെത്തുമായിരുന്നില്ല.
സുഹൃത്തുക്കളോടൊപ്പം മൗലവി കോഴിക്കോട്ടേക്കു കൂട്ടു പോയി. അവിടെ നിന്നു അവരുടെ കൂടെ മദിരാശി നഗരത്തിലേക്കും; ചിരിച്ചും വര്‍ത്തമാനം പറഞ്ഞും സുഹൃത്തുക്കള്‍ക്ക് ഭക്തിമാര്‍ഗങ്ങള്‍ ചൊല്ലിക്കൊടുത്തും. അന്നേരത്തേ ആ ഖല്‍ബില്‍ ഒരു തേട്ടമുണ്ട്. റബ്ബേ.. എനിക്കെന്നാണ് നിന്റെ വീടകത്തേക്കുള്ള വിധി കൂട്ടുക? മദിരാശിയില്‍ നിന്ന് ഹാജിമാര്‍ ബോംബെയിലേക്കും മൗലവി നാട്ടിലേക്കുമായി പിരിയേണ്ടതായിരുന്നു. അപ്പോഴാണു മൗലവിയുടെ സുഹൃത്തുക്കളുടെയും  പ്രത്യേകിച്ചു ജമാഅത്തെ ഇസ്‌ലാമി അമീറായിരുന്ന കെ.സി അബ്ദുല്ല മൗലവിയുടെയും മറ്റും തീവ്രമായ ഉത്സാഹത്തില്‍ ബോംബെക്കുള്ള ഹജ്ജ് സംഘത്തില്‍ മൗലവിയെയും ഉള്‍പ്പെടുത്താന്‍ തീരുമാനമായത്. അതിനുള്ള മറ്റു ഉപാധികള്‍ ഒക്കെയും സുഹൃത്തുക്കള്‍ തന്നെ സമാഹരിച്ചൊരുക്കി. അന്നതൊക്കെയും അത്ര ലഘുവായ  സാങ്കേതികതകളായിരുന്നു. അങ്ങനെ അപ്രതീക്ഷിതമായി മൗലവി ഒരു ഹാജിയാവുന്നു. ആ മനസ്സില്‍ ആത്മ സായൂജ്യത്തിന്റെ നിലാവു പൂത്തു. ആഴ്ചകള്‍ക്കു ശേഷമാണ് മൗലവി  ഹജ്ജ് യാത്രയില്‍ ചേര്‍ന്ന വിവരം വീട്ടിലും നാട്ടില്‍ സുഹൃത്തുക്കളും അറിയുന്നത്. മംഗള യാത്രയറിഞ്ഞ ആത്മ സുഹൃത്തും പ്രസിദ്ധ മാപ്പിളക്കവിയുമായിരുന്ന പുലിക്കോട്ടില്‍ ഹൈദര്‍ ശാലീന സുന്ദരമായ മാപ്പിളപ്പാട്ടില്‍ മൗലവിക്ക് വീണുകിട്ടിയ ഹജ്ജ് യാത്രയില്‍ സന്തോഷമറിയിച്ചും വസ്വിയ്യത്തുകള്‍ ചെയ്തും മക്കയിലേക്ക് ദീര്‍ഘമായ ഒരു കത്തു പാട്ടയക്കുന്നു.

പി.ടി നിങ്ങള്‍ ഞങ്ങളോടൊന്നും
മിണ്ടാതെ നാട്ടിന്ന്  ഹജ്ജിനു പോയെ - വാര്‍ത്ത
പിന്നെ ചിലര്‍ പറഞ്ഞും ചന്ദ്രിക
റിപ്പോര്‍ട്ടിന്നും  കനിന്തറിവായെ
വീട്ടുകാരോടും കൂടിപ്പറയാതെ
കോയ്‌ക്കോട്ടേക്കാണെന്നും പറഞ്ഞ് - ശേഷം
വേംപോയി തീവണ്ടി കേറി
ഉമൈസെറ്റും ബോമ്പെയില്‍ ചെന്നങ്ങണഞ്ഞു.
(ഇശല്‍... അന്‍ട്‌നടന്ന്)
ഹൈദര്‍ കത്തുപാട്ടെഴുതി  പിന്നീടുപോയ ഹജ്ജ് യാത്രാസംഘത്തിലാരുടെയോ കൈകളില്‍ പി.ടിക്കായി മക്കയിലേക്കു കൊടുത്തയക്കുകയായിരുന്നു. മനോഹരമായ തേനിശലിലാണ് ഹൈദര്‍  പാട്ടു കെട്ടിയത്. ഭക്തിയും സ്‌നേഹവും ഗാഢമായ സൗഹൃദവും ഇതില്‍ തുള്ളിത്തുളുമ്പി നില്‍ക്കുന്നു. അതുവരേ അനുശീലിതമായ മാപ്പിളപ്പാട്ടുകളുടെ രചനാ ക്ലിഷ്ടതകളില്‍  നിന്ന് ഈ പാട്ടെഴുത്തു രീതി  തീര്‍ത്തും വിമോചിതമാണ്. ഏറനാടന്‍ ഭാഷാ വഴക്കത്തിന്റെ ലളിത ചാരുത ഈ പാട്ടെഴുത്തിലെവിടെയും ഏഴഴകില്‍ വിടര്‍ന്നു നില്‍ക്കുന്നു. ഏതൊക്കെയോ കൈകള്‍ മറിഞ്ഞു പുലിക്കോട്ടിലിന്റെ  പാട്ടുകത്ത് മക്കയില്‍ ചെന്നു മൗലവിയുടെ  കൈകളിലെത്തി. മക്കയിലെ വിദൂരവും അപരിചിതവും എന്നാല്‍ ആത്മപ്രചോദിതവുമായ പുണ്യഭൂമിയില്‍ അപ്രതീക്ഷിതമായി പ്രിയ സുഹൃത്തിന്റെ കത്ത് വന്നു കിട്ടിയപ്പോള്‍ മൗലവിയുടെ മനസ്സു ഒരു നിമിഷം തരളിതമായി. ആത്മസുഹൃത്ത് ഹൈദറിന്റെ കത്ത് പാട്ടിനു മറുപടിയായി ഹജ്ജ് സന്ദര്‍ഭങ്ങളുടെ അപൂര്‍വ ഇടവേളകളില്‍  ഉത്സാഹത്തോടെ കവി ബീരാന്‍കുട്ടി മൗലവി എഴുതിത്തീര്‍ത്തതാണ് പ്രശസ്തമായ  ഹജ്ജ് യാത്ര എന്ന പാട്ടു സമാഹാരം.
കോഴിക്കോട്ടു നിന്നു സുഹൃത്തുക്കളുടെ  കൂടെ മദിരാശിയിലേക്കുള്ള പുറപ്പാടു മുതല്‍  പാട്ടു സമാരംഭിക്കുന്നു. സാന്ദ്രമനോഹരമായ ഇരുപതിലേറെ മാപ്പിളപ്പാട്ട് ഇശലുകളില്‍  വികസിച്ചു വരുന്ന പാട്ട് ബോംബെ വിശേഷങ്ങളും അറബിക്കടലിലൂടെയുള്ള മണ്‍സൂണ്‍ കാലത്തെ അസൗകര്യങ്ങള്‍ ഇരമ്പുന്ന പണ്ടത്തെ കപ്പല്‍ യാത്രയും അത്യുക്തിയുടെ തൊങ്ങലുകള്‍ തിരുകാതെ പാടിപ്പോകുന്നു. അനുഷ്ഠാന വസ്ത്രങ്ങള്‍ ചുറ്റുന്നതു മുതല്‍ വിശുദ്ധ കര്‍മങ്ങളില്‍ നിന്നു വിരാമമാകല്‍ വരെ ഇത് ഏറെ ആര്‍ദ്രമായി വികസിക്കുന്നു. കൂടെ മദീന സന്ദര്‍ശനത്തിന്റെ ചാരുതകളും ആഹ്ലാദ പുളകങ്ങളും സമ്പൂര്‍ണമായും പാട്ടിലുണ്ട്. ബദ്‌റും ഉഹുദും ഖന്‍തഖും ഖിബ്‌ലത്തൈനിയും ഖുബായും ഇതില്‍ നിരനിരയായി വന്നു നില്‍ക്കുന്നു.  അര നൂറ്റാണ്ടു മുമ്പാണീ യാത്ര. 1956 മെയ് അവസാന വാരത്തില്‍. അന്ന് മൗലവിക്ക് നാല്‍പത്തി രണ്ട് വയസ്സേ പ്രായമുള്ളു. അടുത്ത വര്‍ഷം ആയിരത്തി തൊള്ളായിരത്തി അമ്പത്തേഴില്‍ തന്റെ തെളിഞ്ഞ യൗവ്വനത്തില്‍ തന്നെ മൗലവി ഹജ്ജ്‌യാത്രയുടെ പൈമ്പാല്‍ വിശുദ്ധിയോടെ മറുലോകത്തേക്കു തിരിച്ചുപോയി.  വിശുദ്ധ ഭൂമിയും പരിസരങ്ങളും നിര്‍മാണ വികസനത്തിന്റെ ആര്‍ഭാടങ്ങളിലേക്കും പൊങ്ങച്ച പുതുമകളിലേക്കും വീണു പോകാത്ത കാലമാണത്. അതുകൊണ്ട് ഓരോ സ്ഥല വിശേഷങ്ങളെയും  പ്രവാചകകാല സന്ദര്‍ഭങ്ങളുമായി  കവിക്ക് താരതമ്യം ചെയ്യാന്‍ എളുപ്പമാണ്. പി.ടിയാകട്ടെ കേവലനായ കവിയല്ല, ഇസ്‌ലാമിനെ ഗഹനമായി അറിയുന്ന പണ്ഡിതനാണദ്ദേഹം. മരുഭൂമിയുടെ ധന്യ വിജനതയും അതിലൂടെ അറേബ്യന്‍ ബദുക്കള്‍ ഒട്ടകക്കൂട്ടങ്ങളെയും  ആട്ടിന്‍പറ്റങ്ങളെയും തെളിച്ചു പോകുന്നതും മരുഭൂമിയിലെ ഉഷ്ണവാതങ്ങളേറ്റ്  ഈത്തപ്പനയോലപ്പീലികള്‍ ചാമരം വീശുന്നതും പാട്ടില്‍ മനോഹരമായി ഉടലെടുത്തു നില്‍ക്കുന്നു. പാഠാവതരണത്തിന്റെ ഒരു സന്ദര്‍ഭത്തിലും മൂഢവിശ്വാസങ്ങളിലേക്ക് അറിയാതെ പോലും കവി  വീണുപോകുന്നേയില്ല.

പടപ്പെല്ലാം പടച്ചു പോറ്റിടും റബ്ബിന്‍ തിരുനാമം
പരിക്ക് മുന്‍തുദി ഹംദും നബിക്കും നല്ലാ
അഹ്‌ലാ അവര്‍ക്കും എല്ലാം സഹബോര്‍
അടങ്കല്‍ക്കും തസ്‌ലീമും മഅസല്ലള്ളാ
വടിവുറ്റെ മലയാള കവികള്‍ക്കിസ്സമാന്‍ തന്നില്‍
മകുടമായ് വിലസും പി. ഹയ്ദര്‍ കാക്ക
അവരും മമ മൊല്ലാക്കാ ഇവരില്‍
മഹ്ബൂബായിടും പി.ടി എഴുതി മക്കാ
തട മുഅള്ളമാം കൊള്ളെ ഉമൈ എന്നില് അയച്ചിട്ടെ
സദര്‍ജ പാട്ടത് കിട്ടി അടുത്തുള്ളോരും
കൂടി പൊളിത്തെല്ലാരും പാടി
സഖിയോരേ മദീനത്താണെനൈ അന്നേരം
മക്കാവിന്നതു ഞാനും നളര്‍ത്തേറ്റം സുറൂറാലേ
പതിവിട്ടേ സ്ഥിതി ഉങ്കള്‍ അറിഞ്ഞിട്ടുണ്ട്.
കത്താല്‍ തെളിഞ്ഞിട്ടുണ്ട് എത്താന്‍
വലിയവന്‍ വിധി അസ്‌റാന്‍ അതുകള്‍കൊണ്ട്
അക്കോലം വിവരിക്കാതിരുപ്പാണ് നമുക്ക് ഇന്‍ശാ -
അള്ളാഹു മുഖദാവില്‍ പറയാം കണ്ട്.
വിട്ടെ വിവരം കൊണ്ട് കെട്ടി
അറിവിക്കില്‍ ഒരുപാട് പറയാനുണ്ട്
ഹക്കാവന്‍ വിധിയാലെ ഇബ്‌റാഹിം നബി മുന്നേ
ആലാപിച്ചതേ ഹജ്ജിന്‍ വിളി ശ്രവിത്ത്
ലോകം ഇറയോന്‍ ബൈത്ത് പോകാന്‍
അതില്‍ വി.പി ചെറിയാപ്പുഹബീബുരത്ത്
(ഇശല്‍.. അടല്‍ ചെയ്‌വിന്‍)
തുടര്‍ന്നു കവി കോര്‍വ്വയായിപ്പറയുന്നതു തന്റെ ഹജ്ജ് യാത്രക്കു കടപ്പെടുന്ന യാത്രാ സുഹൃദ്‌സംഘത്തെപ്പറ്റിയാണ്. ലളിത പദമേളനം കൊണ്ട് പേരുകളുടെ നീണ്ട നിര തീര്‍ക്കുന്ന കവിയുടെ രചനാ വൈദഗ്ധ്യം കണ്ടാല്‍ അല്‍ഭുതം തോന്നും. മുത്തും മാണിക്യവും കോര്‍ത്തു നിര്‍ത്തിയ പോലുണ്ട് അസ്മാവുകളെ ചേര്‍ത്തു കവി പദമാലകള്‍ കൊരുത്തത്.
ഒന്നു പറമ്പന്‍ അലവി സാഹിബാണേ - രണ്ട്
ഉന്നുവാന്‍ മങ്ങാട്ട് പറമ്പന്‍ അതാണേ.
വാക്ക് ഫസാഹത്തും ഇല്‍മള്ളാ കൊടുത്തെ - കെ.സി
മൗലവി അബ്ദുള്ള സാഹിബുണ്ടടുത്തേ
വന്നു കോഴിക്കോട്ട് മൈ ഇരുപത്തിനാലാം - തീയതി
പാര്‍ത്തു - മൂന്നിലെത്തി മെയില്‍ വണ്ടി ബോലാന്‍
            (ഇശല്‍: ..ആദരപ്പൊന്നും.....)
അറേബ്യന്‍ യാത്ര തീര്‍ത്തും കപ്പലിലാണ്. അതും അര നൂറ്റാണ്ടിന്റെ പിന്നിലുള്ള അവികസിതമായ കപ്പല്‍ നിര്‍മിതി. കപ്പലിനെ കവി നിരീക്ഷിക്കുന്നത് 'മരക്കലം' എന്നാണ്. തന്റെ ആത്മസുഹൃത്തുക്കള്‍ തനിക്കു വേണ്ടി ചെയ്ത ഉത്സാഹങ്ങളെ അനുസ്മരിക്കുമ്പോഴും തന്റെ ഹജ്ജ് യാത്രക്ക് യഥാര്‍ഥ കാരണം അല്ലാഹുവിന്റെ അപാരമായ വിധിയാണെന്നു കവി പറയുന്നു. യാത്രികര്‍ കപ്പലേറുന്നതു ജൂണ്‍ നാലാം തീയതിയാണ്. പടിഞ്ഞാറന്‍ കടല്‍ മണ്‍സൂണ്‍ കാറ്റില്‍ തിളച്ചു മറിയുന്നു. അതിനു മുകളില്‍ ഒരു കുഞ്ഞു മരക്കലം. മണ്‍സൂണ്‍ ചക്രവാതങ്ങള്‍ സമുദ്രനിരപ്പിനെയും ഒപ്പം കുഞ്ഞു മരക്കലത്തെയും ഒരുമിച്ച് ഉഴുതു മറിക്കുന്ന ഭീതിദമായ രംഗം കവി വരച്ചു വെക്കുന്നു. അപ്പോഴും പുണ്യദേശങ്ങള്‍ പുല്‍കാനുള്ള പൂതിയും  അഭിലാഷവും ഏതു ഭൗതിക ക്ഷോഭങ്ങളെയും പ്രശാന്തിയിലേക്കു സംക്ഷേപിക്കാനുള്ള അകം കരുത്ത് അവരില്‍ ഉന്നിദ്രമാകുന്നു.
കൂടി എല്ലാരുംകൂടി പിടിച്ചതില്‍
പി.ടി. യന്തനില്‍ അള്ളാഹുവിന്‍ വിധി
കൊണ്ട് സുഊദിയെണ്ടെ പുത്തനാം
കപ്പലില്‍ ചിപ്പമില്‍ ഒപ്പരമില്‍ പുറ -
പ്പാടിനും കുറിത്തേ റബ്ബില്‍ സ്തുതി പാടുന്നു പെരുത്തേ
കൂട്ടം ചേര്‍ന്നതായ് നാലാന്തി ജൂണതില്‍
കേറ്റം കപ്പലില്‍ ബിസ്മില്ലാ എന്നാദി
കൂടി ഹാജിമാര്‍ പാടി രണ്ടത്
മുട്ടുബള്‍ വിട്ട് ഇരുംബിട്ടതും എടുത്തേ
പൊന്തിച്ച് പുലുകി നടന്നിംബചന്തമില്‍ക്കുലുക്കി
ബാറില്‍ അങ്ങനെ ആഫ്‌റിക്ക വന്‍കര
ക്കേറെ ഭംഗിയും  ടൗണൊന്നു കണ്ടന്ന്
വാങ്ങി കപ്പലും നീങ്ങിയ ലംലം
എത്തിടയ് അത്താനം ബെത്ത് കുളിത്തതായ്
ഇഹ്‌റാമില്‍ കടന്ന് ലബ്ബൈക്കല്ല ജഹ്‌റാക്കിത്തുടര്‍ന്ന്
എല്ലാ കര്‍മങ്ങളും അനുഷ്ഠാന സ്ഥലങ്ങളും കവിക്കറിയാം. അതൊക്കെ അദ്ദേഹം പ്രമാണങ്ങളില്‍ നിന്നു പഠിച്ചറിഞ്ഞതാണ്. എന്നാലും കവിക്കെല്ലാം ഇന്ന് അത്ഭുതവും വിസ്മയവുമാണ്. ഭാവനയിലെ അമൂര്‍ത്തതയില്‍ നിന്നു പ്രത്യക്ഷ ദൃശ്യത്തിന്റെ മൂര്‍ത്തതയിലേക്കുള്ള വികാസം. ഇതൊക്കെയും കവി ആദ്യ മധ്യാന്ത ഭംഗിയോടെ ഉചിത ഭാവനയോടെ  കണ്ടെത്തുന്നു.  കൂടെ മക്കാ ദൃശ്യങ്ങളുടെ  പരഭാഗ ശോഭകളും. ഹറം പരിസരത്തിലൂടെ നടന്നു നീങ്ങുന്ന  യൂറോപ്യന്‍ ഹാജിമാരെ  ഉപമിക്കുന്നത്  കായല്‍ പരപ്പിലേക്കു ജലകേളിക്കെത്തിയ  വെള്ളാനപ്പറ്റത്തോടാണ്. ദുല്‍ഹജ്ജ് എട്ടോടെ ഹജ്ജ് സമാരംഭിക്കുകയായി. അതില്‍ ലയിച്ചു നില്‍ക്കുന്ന കവി  അംഗവസ്ത്രങ്ങളും  ചുറ്റി പതിയെ ഹാജിമാരുടെ മഹാ സമുദ്രത്തില്‍ അലിഞ്ഞു മറയുന്നു.

പോണം നാളെ മീനായില്‍ ഇഹ്‌റാം കെട്ടി എന്നൊരു ഘോഷമേ!
അതിനായൊരുങ്ങി വിശേഷമേ!
വിസ്തറും ജംകാളവും ഒരു യുദ്ധപോക്കുപമിക്കണം
സബും - ഇട്ട് കെട്ടിയെ പൊക്കണം
ആണ് പെണ്ണൊരുക്കങ്ങള്‍ ചെയ്ത് മിനായിലേക്കുള്ള പോക്കുമേ
ഒരു - നാള്‍ സ്ഥലം തന്നില്‍ പാര്‍ക്കുമേ
അങ്ങിനെ വരയ് എട്ടില്‍ ഇഹ്‌റാംകെട്ടിലോകവും നീക്കുമെ
മിനാ കൊള്ളെയാണ് തവക്കമേ!
        (ഇശല്‍ ... മാതിരിപ്പൊന്‍..)
ത്വവാഫും സഅ്‌യും മിനയും അറഫയും മുസ്ദലിഫയും ജംറയും മൃഗബലിയും ഇതുകളൊക്കെയും അതിന്റെ വസ്തുനിഷ്ഠതയില്‍ നിന്നുകൊണ്ടു കവി നിരീക്ഷിക്കുന്നു.  ഇതിന്റെയൊക്കെ ചരിത്ര പുളകങ്ങളെയും  പുണ്യങ്ങളെയും പ്രവാചക അനുഷ്ഠാനത്തിന്റെ കരുത്തോടെയാണ് മൗലവി ദൃശ്യവത്കരിക്കുന്നത്. അറഫ, കണ്ടെത്തലിന്റെ മഹാനഗരമെന്ന് പി.ടി പറഞ്ഞു തരുന്നു. സ്വന്തത്തെ കണ്ടെത്തുന്ന നഗരമാണ് അറഫ. ഭൂമിയിലെ മനുഷ്യ മഹാജന്മ പ്രവാഹങ്ങളുടെ ആദി ഭൗതിക നിമിത്തങ്ങള്‍ തങ്ങളുടെ നിയോഗം  തിരിച്ചറിഞ്ഞ പുണ്യസ്ഥലിയാണ്. അതുകൊണ്ടുതന്നെ ഈ സംഗമം അതിലാളിത്യത്തിന്റെ സംഗമമാണ്. ഹജ്ജ് സ്വയം കണ്ടെത്തലാണ്. മനുഷ്യന്‍ മനുഷ്യനെ കണ്ടെത്തല്‍.  മനുഷ്യനെ കണ്ടെത്തേണ്ടതു ആകാശത്തല്ല, ഭൂമിയിലാണ്.

കടുംശബ്ദം തക്ബീറും തക്ദീസാനതും ലബ്ബൈ -
ക്കല്ലാവിന്‍ വിളിക്കെല്ലാം പറഞ്ഞ് ലബ്ബൈക് - എന്നും
കരീമായോന്‍ മഖ്‌ലൂക്കാത്തടുത്തേ ഹുബ്ബൈ !
ഹുബ്ബാലെ ജനങ്ങള്‍ വന്നിടൈ ജബലുറഹ്മത്ത്
(ഇശല്‍ ... കൊമ്പ്.....)
ആദി പിതാവ് ആദി മാതാവിനെ കണ്ടെത്തിയതിവിടെ. സാമൂഹിക ജീവിതത്തിന്റെ പരാഗരേണുക്കള്‍ സംഗമം ചെയ്തതിവിടെ. മനുഷ്യന്‍ മനുഷ്യനെ കണ്ടെത്തിയ പുണ്യസ്ഥലം. കുടുംബ ജീവിതത്തിന്റെ സഹനങ്ങള്‍ ഉല്‍പ്പാദിതമായ സ്ഥലം. അവരവരെ കണ്ടെത്തേണ്ടതു സ്വന്തത്തിലല്ല മറിച്ചു മറ്റുള്ളവരിലാണ്.

കൂടിചേര്‍ന്നു, കുന്ന് കൊള്ളെ മഗ്‌രിബോട് അടുക്കവെ
നോട്ടം നുമ്മള്‍ ഉമ്മബാപ്പ ഭൂമുഖത്ത് മുന്നമേ തമ്മിലൊത്ത് നിന്നുമേ
നോവ് തീര്‍ത്തെ സ്ഥാനമാം അറഫഭൂമി എന്നുമേ
തേട്ടം ചെയ്തിടുന്നവര്‍ക്ക്  ഇജാബത്തുള്ളെ നേരമേ          വിള്ളുവാനുള്‍ സാരമേ
(ഇശല്‍ ... കൊമ്പ്.....)
മുസ്ദലിഫയുടെ സാന്ദ്ര ഗാംഭീര്യമാണ് പിന്നീടു കവിയെ ആകര്‍ഷിക്കുന്നത്. ജഡിക മോഹങ്ങളായി നമ്മെത്തന്നെ കീഴടക്കിയ  അഹം പിശാചുമായുള്ള മഹായുദ്ധം. അതിനായി ആയുധ സമാഹരണം. കുഞ്ഞു കല്ലുകള്‍. അതുമതി. അതുകൊണ്ടു തകര്‍ക്കാവുന്നതേയുള്ളു ഏതു ശത്രുവിന്റെ മസ്തകവും. തൊടുക്കുന്ന ആയുധമല്ല തൊടുക്കുന്നവന്റെ മനോധര്‍മമാണ് യഥാര്‍ഥ ആയുധം.
വടുത്വം തല്‍ബിയത്തിന്റെ ധ്വനി ആകാശമില്‍ പൊന്തി
മലാഇക്കത്തടങ്കലും കനിവായ് മുന്തി - അവരില്‍
മാലിക്കുല്‍ മുലൂക്ക് ഇവരെ മദ്ഹ് ചിന്തി
മുസ്തലിഫ എന്ന സ്ഥാനം എത്തിരാവ് പാര്‍ക്കുമേ
ഏറിനുള്ളെ കല്ലുകള്‍ പെറുക്കി നിസ്‌കരിക്കവേ അല്‍പമേ കിടക്കവേ
ഇമ്പമാല്‍ മശ്അറുല്‍ ഹറാമിലേയ്ക്ക് അടുക്കവേ
പോര്‍വിരിഞ്ഞ് വെള്ളപൊട്ടി സുബ്ഹി നിസ്‌കരിക്കവേ         പ്രാര്‍ഥന കഴിക്കവേ
പോരുംനേരം  ആനക്കാരെ റബ്ബ് മുന്‍ തകര്‍ക്കവേ !
കവി മദീനത്തുന്നബവിലെത്തുന്നതു തീര്‍ത്തും തരളിതനായാണ്.  ഒരു പക്ഷേ ഈ സമാഹാരത്തിലെ ഏറ്റവും  ഭാവസാന്ദ്രിമ തുടുത്തു നില്‍ക്കുന്ന ഖണ്ഡം ഇതാണ്. പ്രവാചകന്‍, അദ്ദേഹത്തിന്റെ വീടും പരിസരങ്ങളും, ഭാര്യാ മക്കള്‍,  ആരോമലായ പൗത്രന്മാര്‍, അവരുടെയൊക്ക നിത്യ നിദാന ജീവിതങ്ങള്‍, യുദ്ധയാത്രകള്‍ - ബദ്ര്‍, ഉഹുദ്, ഖന്ദഖ്, പ്രവാചകന്റെ  പള്ളി, അവിടുത്തെ അന്ത്യ ദിനങ്ങള്‍, പ്രവാചകന്റെയും ഉത്തമരായ ഉത്തരാധികാരികളുടെയും ഖബ്‌റിടം. ഈ ചരിത്ര പരിണാമ സന്ധികള്‍ ഉണര്‍ത്തുന്ന വികാര താരള്യം.  ഏതു വിശ്വാസിയെയും ആര്‍ദ്രചിത്തനാക്കാന്‍ ഈ കാലബോധത്തിന്റെ പുനരാവിഷ്‌കാരം ധാരാളം മതി.

മതിയില്‍ മതിയായ് അദീനാമധുവില്‍ മധുവാം മദീനാ
മതിയും മതിയില്‍ മതിമതിയായവര്‍ദിനാ - വളരുവാന്‍
മതിയില്‍ മതിയായ് ബദര്‍യൌമുല്‍ ഫുറ്ക്കാനാം
ബദരീങ്ങള്‍ ചോരചിന്തി മലക്കുകള്‍ വന്നു മുന്തി
പടവെട്ടിയെബദര്‍ കാണാന്‍ കൊതിപൊന്തി സഫറിന്‍
ബസ്സും നിറുത്തി ബദറില്‍ തീര്‍ത്തിടൈ അന്തി
ഉദിക്കുംമുന്‍ചെന്ന് കൂടീ ഉടനെ സിയാറത്താടി
ഓര്‍മ്മിച്ചു കോള്‍മയിര്‍ക്കൊണ്ട് ദുആ പാടി - അവിടമില്‍
ഉള്ളൈ അകന്‍ഖല്‍മലമണല്‍ക്കുന്നുമേനാടീ
(ഇശല്‍ : മലര്‍ക്കയ്യാല്‍..)
കവിസഞ്ചാരം പിന്നീടു സ്തബ്ധമായി നിന്നു പോകുന്നതു  ബദ്‌റിലും ഉഹുദിലുമാണ്. ഇസ്‌ലാമിന്റെ സുവര്‍ണകാലം കാണാന്‍ കാത്തു നില്‍ക്കാതെ പടഭൂമിയില്‍ പിടഞ്ഞു മരിച്ച ശുഹദാക്കളുടെ  ഖബ്‌റിടങ്ങള്‍ കണ്ടു കവി വിങ്ങിക്കരയുന്നു. ഈ സമാഹാരത്തിന്റെ ശോകാര്‍ദ്രമായ ഒരു വായനാ സന്ദര്‍ഭമാണിത്.

പുതുമ എല്ലാം കനിന്ത് പിന്നെ  ഉഹദ് കൊള്ളെ സയിറായ്
പുകള്‍ സയ്യിദുശ്ശുഹദഃഹംസത് അസദുല്‍ ഇലാഹവരാ
അവര്‍കള്‍ കണ്ണും കരളും ജീവും പെരിത്തെ റബ്ബില്‍ കൊടുത്ത്
ഹബീബാററല്‍ അന്നബി പെരികെ വ്യസനക്കണ്ണീരൊലിത്ത്
സുവനകയ്യില്‍ ദുആകള്‍ ചെയ്ത് നിധി മറഞ്ഞ ഖബ്‌റാ
സുകൃതം മുന്നം കനിന്തദപ്പള്‍ മനസ്സില്‍ ഓരോ ഫിക്ക്‌റാ
            (ഇശല്‍ : മണത്ത് മാരന്‍..)
ഒരു ദിനം കവി ജന്നത്തുല്‍ ബഖീഇലേക്കും ഇറങ്ങിച്ചെല്ലുന്നുണ്ട്. പ്രവാചക ഭാര്യമാരും മക്കളും  പേരമക്കളും ഖലീഫാ ഉസ്മാനും ഉള്‍പ്പെടെ ബഖീഇല്‍ സ്വര്‍ഗനിദ്ര കൊള്ളുന്നവര്‍  കവിയുടെ ചരിത്ര കണ്ണാടിയില്‍  അങ്ങനെ മിന്നിമറയുന്നു. അവരൊക്കെയും അവരുടെയൊക്കെ ജീവിതങ്ങള്‍ കവിയോടു പറയുന്നതുപോലെ മൗലവിക്കനുഭവപ്പെടുന്നു. ആ രംഗം ഉജ്ജ്വലമാണ്.

എല്ലവും കഴിഞ്ഞതില്‍ ശേഷം മടങ്ങീ - പൈബ
എത്തിജന്നത്തുല്‍ ബക്കിഇലേക്കിറങ്ങി
ചൊല്ലുവാന്‍ ഉസ്മാനുബ്‌ന് അഫാനവരാ - പോലെ
ശൂരരായിട്ടുള്ള സഹബോര്‍ ഖബ്‌റാ
സുല്ലിയം പതിനായിരത്തിന്‍ മേല്‍ ജനാസാ - ജന്ന
ത്തുല്‍ ബക്കീ ഇലാം മറ ചെയ്‌തേ വിശേഷാ!
വല്ലിദര്‍ അഹ്‌ല് അബ്‌നാഉം സുഹ്‌റാ - ബതൂല്‍
ഫാത്തിമബീബി  മുതലായുള്ളവരാ
ഉള്ളവര്‍ക്കെല്ലാം ദുആ സലാമുരത്ത് - സാക്ഷി
ക്കോര്‍മ്മ ശഹാദത്ത് വദീഅത്ത് വെത്ത്
(ഇശല്‍... ആദരപ്പൊന്നും....)
ഇങ്ങനെ വിശദ സമൃദ്ധമായ  ഒരു മദീന യാത്ര പൂര്‍ത്തീകരിച്ചു കവി വീണ്ടും മക്കയിലേക്കു മടങ്ങുകയാണ്. അതുവഴി സ്വന്തം ഗ്രാമത്തിലേക്കും.

വെത്ത് മദീനത്ത് ഒരെട്ട് നാള്‍ പൊറുത്ത് - ശേഷം
വീരിദ മക്കാശരീഫിലേക്കടുത്ത്
ഇത്രയും പറഞ്ഞത് നിറുത്തി സുമ്മ - ഞങ്ങള്‍
ഇത്തലാം പാര്‍ക്കുന്നവര്‍ക്കെല്ലാം സുഖമാം
(ഇശല്‍... ആദരപ്പൊന്നും....)
മക്കയും മദീനയും കഅ്ബയും ഹജ്ജും പ്രവാചക ജീവിതവും ഹിജ്‌റയും യുദ്ധങ്ങളും ജൈത്രസന്നാഹങ്ങളും  മക്കാവിമോചന സഞ്ചാരവും വേര്‍പാടിന്റെ ഹജ്ജും ഖിലാഫത്തും ഒക്കെ  മുഖ്യ സംബോധനകളായ സര്‍ഗാത്മക അന്വേഷണങ്ങളും ലാവണ്യ വിശേഷങ്ങളും  മലയാളത്തില്‍ പലപ്പോഴും ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഏതു വിശ്വാസിയും എന്നും ആഹ്ലാദത്തോടെ ആഗ്രഹിക്കുന്ന  ഹജ്ജെന്ന അനുഷ്ഠാന സമഗ്രതയെ സമ്പൂര്‍ണമായും സര്‍ഗാത്മക ആവിഷ്‌കാരങ്ങള്‍ക്ക് നിദാനമാക്കിയ സമഗ്ര രചനകള്‍ മലയാളത്തില്‍ ശുഷ്‌കം തന്നെ. ഉണ്ടെങ്കില്‍ തന്നെ അത് ഒറ്റപ്പെട്ട വെറും സന്ദര്‍ഭപ്പാട്ടുകള്‍ മാത്രം.  ഈദൃശ മണ്ഡലത്തിലെ ആദ്യ സമ്പൂര്‍ണ പാട്ടു രചന മൗലവിയുടെ ഹജ്ജുയാത്ര മാത്രമാണ്.
(പ്രതികള്‍ ലഭ്യമല്ലാത്ത ഹജ്ജുപാട്ടിന്റെ ഈ പഠനം തയാറാക്കാന്‍ അപൂര്‍വമായ ഏട് സദയം ലഭ്യമാക്കിയത് പ്രിയ സുഹൃത്ത് അബ്ദുര്‍റഹ്മാന്‍ മങ്ങാട്).

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/37-41
എ.വൈ.ആര്‍