Prabodhanm Weekly

Pages

Search

2013 ഒക്‌ടോബര്‍ 11

നടക്കേണ്ടത് തിരിച്ചുപോക്കല്ല, ബോധവത്കരണം

ലേഖനം പി. റുക്‌സാന

മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സമുദായത്തിനകത്തും പുറത്തും പുതിയ സംവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത് ആശാവഹമാണ്. അതിലൂടെ ഇതുവരെ ചര്‍ച്ചകളില്‍ ഇടം കണ്ടെത്താതിരുന്ന പല വിഷയങ്ങളും തിരിച്ചുവന്നിരിക്കുന്നു. എല്ലാ വിഷയങ്ങളിലുമെന്ന പോലെ ഇസ്‌ലാമിക പ്രസ്ഥാനം ഈ വിഷയത്തിലും സന്തുലിത നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. കേരളത്തിന്റെ സമകാലിക പരിസരത്തെക്കുറിച്ച് കൃത്യമായ ഗൃഹപാഠം നടത്തി തീരുമാനമെടുക്കേണ്ട വിഷയമാണിത്. പഴയ കാലത്തെ അപേക്ഷിച്ച മുസ്‌ലിം പെണ്‍കുട്ടികള്‍ ഇന്ന് ഏറെ മാറിയിട്ടുണ്ട്. ഇത് 'വിവര വിപ്ലവം' പൊതുവില്‍ സൃഷ്ടിച്ച മാറ്റത്തിന്റെ ഭാഗമാണ്. അത് മതപണ്ഡിതന്മാര്‍ കണ്ടില്ലെന്ന് നടിക്കരുത്.
എല്ലാ മതസംഘടനകളും ജനാധിപത്യ ബോധത്തെക്കുറിച്ച് സംസാരിക്കാറുണ്ട്. എന്നാല്‍, വിവാഹ പ്രായവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലോ സംവാദങ്ങളിലോ അഭിപ്രായ രൂപീകരണത്തിലോ പെണ്ണിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല. സ്ത്രീ വിമോചനത്തിന്റെ ഇസ്‌ലാമിക ദര്‍ശനത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ജനാധിപത്യ വാദിയും പ്രത്യുല്‍പന്നമതിയുമായ പ്രവാചകന്‍ കടന്നുവരാറുണ്ട്. സ്വന്തം ഭര്‍ത്താവിന്റെ ലൈംഗിക ശേഷി കുറവിനെക്കുറിച്ച് പോലും പ്രവാചകനുമായി സംവദിക്കാന്‍ പെണ്ണിന് ഇടം നല്‍കിയ വിശാലമായ പ്ലാറ്റ്‌ഫോമാണ് തിരുനബി(സ) സൃഷ്ടിച്ചത്. അതാണ് യഥാര്‍ഥ ജനാധിപത്യ ബോധം. അയാളെ എനിക്ക് ഇഷ്ടമല്ല എന്ന് ആ സ്ത്രീ പറഞ്ഞപ്പോള്‍ അവിടുന്ന് അത് അടിച്ചേല്‍പ്പിക്കുകയല്ല, അംഗീകരിക്കുകയാണ് ചെയ്തത്.
ഇവിടെ പെണ്‍കുട്ടികള്‍ ദീര്‍ഘ നാളായി അനുഭവിക്കുന്ന ഒരുപാട് വേദനകളുണ്ട്. അതിനൊന്നും ഇതുവരെ മതപണ്ഡിതന്മാര്‍ പരിഹാരം കണ്ടിട്ടുമില്ല. സ്ത്രീധനത്തിന്റെയും സ്വര്‍ണത്തിന്റെയും കാര്യത്തില്‍ ഇളവ് കിട്ടാന്‍ വേണ്ടിയാണ് കേരളത്തിലെ ഭൂരിഭാഗം മുസ്‌ലിം പെണ്‍കുട്ടികളും ചെറുപ്രായത്തില്‍ വിവാഹം കഴിച്ചയക്കപ്പെട്ടത് എന്നതാണ് യഥാര്‍ഥ വസ്തുത. അല്ലാതെ അവള്‍ക്ക് പഠിക്കാനോ ജീവിത പരിചയം നേടാനോ ആഗ്രഹമില്ലാഞ്ഞിട്ടല്ല. സത്യസന്ധമായി ഒരു സര്‍വേ നടത്തിയാല്‍ അത് ബോധ്യപ്പെടും. പഠന മികവില്‍ അത്യുന്നതിയില്‍ നില്‍ക്കുമ്പോഴായിരിക്കും പല പെണ്‍കുട്ടികളും വിവാഹത്തിലേക്ക് എടുത്തെറിയപ്പെടുന്നത്. കാരണം പ്രായം കൂടിപ്പോയാല്‍ വിവാഹ മാര്‍ക്കറ്റിലെ എടുക്കാ ചരക്കായി അവള്‍ മാറുമെന്നതു തന്നെ.
സ്ത്രീ ശരീരവും അതിനെക്കുറിച്ച് സമൂഹം വെച്ചുപുലര്‍ത്തുന്ന തെറ്റായ ധാരണകളും ഇതിലൊരു ഘടകമാണ്. ശരീരത്തിന്റെ ബാഹ്യമോടികളെ മാത്രം കണക്കിലെടുക്കുന്ന മുതലാളിത്ത ചിന്തയുടെ ഒരംശം ഇതിലുണ്ട്. പെണ്ണിന്റെ സൗന്ദര്യമോ സമ്പത്തോ തറവാടിത്തമോ അല്ല, അവളുടെ 'ദീന്‍' തെരഞ്ഞെടുക്കുക എന്ന പ്രവാചകാഹ്വാനം ഈ വിഷയത്തില്‍ പാലിക്കപ്പെടാറില്ല. ഇവിടെ പ്രസ്താവിച്ച 'ദീന്‍' എന്നതിന് അവളുടെ സ്വഭാവം, വിദ്യാഭ്യാസം, പക്വത എല്ലാം ഉള്‍ച്ചേരുന്ന വിശാലമായ അര്‍ഥതലങ്ങളുണ്ട്. ഭര്‍ത്താവിന്റെ അഭാവത്തില്‍ അദ്ദേഹത്തിന്റെ സമ്പത്ത്, അഭിമാനം, വീട് എന്നിവയുടെ വിനിയോഗം, പാലനം എന്നിവ സംബന്ധിച്ച് സ്ത്രീകളെ ബോധവത്കരിക്കുന്ന ധാരാളം നബി വചനങ്ങളുണ്ട്. അത് സൂചിപ്പിക്കുന്നത് ഉത്തരവാദിത്വ നിര്‍വഹണത്തിനു അവള്‍ പ്രാപ്തയാകണമെന്നാണ്.
വിവാഹ പ്രായത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനും തീരുമാനമെടുക്കാനും കാണിക്കുന്ന ആവേശവും താല്‍പര്യവും ദീര്‍ഘ കാലങ്ങളായി മുസ്‌ലിം പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന പല വിഷയങ്ങളിലും ഇല്ല എന്നത് അങ്ങേയറ്റം പരിഹാസ്യമാണ്. ഇസ്‌ലാം പെണ്ണിനു വിവാഹ മൂല്യമായി നിര്‍ബന്ധമായും ലഭിക്കേണ്ട അവകാശമായി നിശ്ചയിച്ച മഹ്ര്‍ എന്തായിരിക്കണമെന്ന് തീരുമാനിക്കാന്‍ അവള്‍ക്ക് അവകാശമില്ല. എന്നാല്‍ ഇസ്‌ലാമിലില്ലാത്ത സ്ത്രീധനവും സ്വര്‍ണവും എന്ന അനാചാരം അവളുടെ മേല്‍ ശക്തമായി അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നു. ഇത്തരം വിവാഹങ്ങള്‍ക്കെല്ലാം കാര്‍മികത്വം വഹിച്ചുപോരുന്നത് നമ്മുടെ മതപണ്ഡിതന്മാര്‍ തന്നെയാണ്. കേരളത്തിലെ മുസ്‌ലിം പെണ്‍കുട്ടികള്‍ ഇന്നനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി വിവാഹ പ്രായം പതിനെട്ടില്‍ നിന്ന് പതാനാറിലേക്കെത്തിക്കാത്തതാണെന്ന് തോന്നും ചില ചര്‍ച്ചകള്‍ കേട്ടാല്‍. പെണ്ണിന്റെ മനസ്സ് സഹിഷ്ണുതയോടെയും അവധാനതയോടെയും വായിക്കാനുള്ള ഇഛാശക്തി നമ്മുടെ പണ്ഡിത നേതൃത്വം കാണിക്കണം.
ഈ രംഗത്ത് ബോധവത്കരണമാണ് യഥാര്‍ഥത്തില്‍ നടക്കേണ്ടത്, തിരിച്ചു പോക്കല്ല. പെണ്‍കുട്ടികളെ പഠനത്തില്‍ പ്രോത്സാഹിപ്പിക്കുകയും വിദ്യാസമ്പന്നയായ പെണ്ണിനെ വിവാഹം കഴിക്കുന്നത് അഭിമാനമായി കാണാന്‍ പുരുഷനെ പഠിപ്പിക്കുകയും വേണം. കുടുംബജീവിതത്തിന് അത് ഗുണമേ ചെയ്യൂ. പഠനത്തില്‍ മിടുക്കികളായ പെണ്‍കുട്ടികളെ തെരഞ്ഞുപിടിച്ച് വിവാഹം കഴിക്കുന്ന നല്ല പ്രവണത ഇന്ന് പുരുഷന്മാര്‍ക്കിടയില്‍ വ്യാപകമായിട്ടുണ്ട്. ഇതൊരു അനുകൂല ഘടകമാണ്. നികാഹ് കഴിഞ്ഞതിനു ശേഷം പെണ്‍കുട്ടികളുടെ ബിരുദ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കുന്നതു വരെ കാത്തിരിക്കുന്നവരുമുണ്ട്. എന്നാല്‍, കല്യാണത്തിനു ശേഷം പഠിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കുന്ന പലര്‍ക്കും അത് പൂര്‍ത്തിയാക്കാന്‍ പലപ്പോഴും സാധിക്കാറില്ല എന്നതാണ് സത്യം. ഇത് ഒന്നുകില്‍ പെണ്ണിനു വിവാഹ ശേഷം വന്നുചേരുന്ന ഉത്തരവാദിത്വങ്ങളും സമ്മര്‍ദങ്ങളും കൊണ്ടാവാം. അല്ലെങ്കില്‍ ഭര്‍ത്താവോ വീട്ടുകാരോ തടസ്സം നില്‍ക്കുന്നത് കൊണ്ടും.
ഇസ്‌ലാം സ്ഥലകാലങ്ങളെയും സാഹചര്യങ്ങളെയും പരിഗണിക്കുന്ന മതമാണെന്ന് പലപ്പോഴും നാം അവകാശപ്പെടാറുണ്ട്. അത്തരം ഒരു പരിഗണന വിവാഹ പ്രായത്തിന്റെ കാര്യത്തില്‍ കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ അര്‍ഹിക്കുന്നുണ്ട്. അതവള്‍ക്ക് വകവെച്ചു കൊടുക്കുകയാണ് വേണ്ടത്. ഇതിലെ മറ്റൊരു വൈരുധ്യം പ്രവാചകാധ്യാപനങ്ങളില്‍ ചിലതു മാത്രം ഈ വിഷയത്തില്‍ മാതൃകയായി സ്വീകരിക്കുന്നു എന്നുള്ളതാണ്. യൗവ്വന തീക്ഷ്ണതയില്‍ നാല്‍പ്പതു വയസ്സുകാരിയായ, നേരത്തെ രണ്ടു പേരുടെ ഭാര്യയായിരുന്ന വിധവയായ ഖദീജയെയും അടിമ സ്ത്രീയെയും വൃദ്ധയെയും വിവാഹം കഴിച്ച മാതൃകയും പ്രവാചകനുണ്ട്. എത്രപേര്‍ നമ്മുടെ സമുദായത്തില്‍ ഈ മാതൃക സ്വീകരിക്കുന്നുണ്ട്? ഇവിടെയാണ് കാപട്യം മറനീക്കി പുറത്ത്‌വരുന്നത്. ഈ വൈരുധ്യങ്ങളുള്ളേടത്തോളം കാലം സമുദായം പൊതുസമൂഹത്തിനു മുമ്പില്‍ അപഹാസ്യരാവുക തന്നെ ചെയ്യും.
കേരളത്തില്‍ അജണ്ടാ ദാരിദ്ര്യം അനുഭവിക്കുന്ന ചില ഇടത് മതേതര യുവജന സംഘടനകള്‍ ഇപ്പോള്‍ ഈ വിഷയം ഏറ്റെടുത്തിരിക്കുന്നു. മുസ്‌ലിം പെണ്ണിനെക്കുറിച്ച് ചുവരുകളിലും തെരുവുകളിലും അവര്‍ കണ്ണീരൊഴുക്കുകയാണ്. പക്ഷേ, അവരുടേത് ഒരു പ്രത്യേക തരം രോഗമാണ്. കേരളത്തിലെ 26-ഓളം വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മത സ്വാതന്ത്ര്യത്തിന്റെ ഭാഗമായ മഫ്തക്ക് പരസ്യമായ വിലക്കുണ്ടായിട്ടും ആ അവകാശം അവള്‍ക്ക് നേടിക്കൊടുക്കുന്നതിനു വേണ്ടി ഒരക്ഷരം ഉരിയാടാത്ത ഇത്തരക്കാരോട് കേരളത്തിലെ മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് പുഛവും സഹതാപവുമാണ് തോന്നുന്നത്.
അറിവിലൂടെയും  തിരിച്ചറിവിലൂടെയും ഉന്നത വ്യക്തിത്വമുള്ള പെണ്‍കുട്ടിക്കാണ് ഉത്തമ കുടുംബം കെട്ടിപ്പടുക്കാന്‍ സാധിക്കുകയെന്ന ഇസ്‌ലാമിന്റെ സന്ദേശം പ്രസരിപ്പിക്കാനാണ് നാം ശ്രമിക്കേണ്ടത്. പ്രായം ഏത് എന്ന ചര്‍ച്ചക്കപ്പുറം അറിവും പക്വതയുമുള്ള പെണ്‍കുട്ടികളെ വളര്‍ത്തിയെടുക്കാനും അവരെ സന്തോഷപൂര്‍വം വിവാഹ ജീവിതത്തിലേക്ക് കൈപിടിച്ചു കൊടുക്കാനും സന്നദ്ധരായ സമൂഹത്തിന്റെ പുനഃസൃഷ്ടിയാണ് ഇനി നമുക്കാവശ്യം.
(ജി.ഐ.ഒ സംസ്ഥാന
പ്രസിഡന്റാണ് ലേഖിക)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/37-41
എ.വൈ.ആര്‍