ഭിന്ന സമീപനങ്ങളില്‍ സമീപിക്കാവുന്നത്
സത്യത്തെ കുറിച്ച ജ്ഞാനത്തെയും അതിനു അടിസ്ഥാനമാവേണ്ട തെളിവിനെയും കുറിച്ചാണ് നാം കഴിഞ്ഞ ലക്കത്തില്‍ ചര്‍ച്ച ചെയ്തത്. സത്യത്തെ കുറിച്ച ജ്ഞാനം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ദൈവത്തെയും നമ്മുടെ ജീവിതത്തിന്റെ മോക്ഷ മാര്‍ഗത്തെയും കുറിച്ച അറിവിനെയാണ്. ഈ യുക്തിപരതക്കും അനുഭവജ്ഞാനത്തിനും പുറമേ അവക്ക് പൂരകമായി യുക്തിപരതയുടെ തേട്ടമെന്ന നിലയില്‍ ദൈവത്തെ കുറിച്ചും മോക്ഷ മാര്‍ഗത്തെ കുറിച്ചുമുള്ള വിഭിന്ന വിശ്വാസങ്ങള്‍ക്ക് മൗലികമായി ഉണ്ടാവേണ്ട, ആര്‍ക്കും യുക്തിപരതയുടെ അടിസ്ഥാനത്തില്‍ വിയോജിക്കാന്‍ സാധിക്കാത്ത പഞ്ച വസ്തുതകളെ കുറിച്ച് കൂടി പറയാം.
1) ആത്യന്തിക സത്യത്തിന്റെ സാര്‍വകാലികത: വ്യത്യസ്ത ദര്‍ശനങ്ങളും വിശ്വാസധാരകളും ദൈവത്തെ ഉള്ളവനോ ഇല്ലാത്തവനോ, ഏകമോ ബഹുവോ, ഒന്നോ മൂന്നോ മൂന്നുംകൂടിയ ഒന്നോ, ജനകനോ ജാതനോ, പിതാവോ പുത്രനോ എങ്ങനെയും വിശ്വസിക്കട്ടെ, ഒരു കാര്യം ഏതു ദര്‍ശനവും വിശ്വാസധാരയും അംഗീകരിക്കും. ദൈവത്തിന്റെ അവസ്ഥ എല്ലാകാലത്തും ഒന്നുതന്നെയായിരുന്നു എന്നതാണത്. അവന്‍ ഒരു കാലക്കാര്‍ക്ക് ഏകനും, വേറൊരു കാലക്കാര്‍ക്ക് ബഹുവും ആവുക സംഭവ്യമല്ല. അതുപോലെതന്നെ ഇന്നലെ ഉണ്ടായിരുന്നിട്ടില്ലാത്ത ദൈവം ഇന്നുണ്ടാവുകയോ നാളെ ഇല്ലാതാവുകയോ ഇല്ല. പൂര്‍വ കാലക്കാര്‍ക്ക് ഒന്നായിരുന്ന ദൈവം പില്‍കാലക്കാര്‍ക്ക് മൂന്നോ, മൂന്നും കൂടിയ ഒന്നോ ആയിത്തീരുക സംഭവ്യമല്ല. അങ്ങനെ ഒരു മാറ്റം ആത്യന്തിക സത്യത്തെ അവതരിപ്പിക്കുമ്പോള്‍ ഏതെങ്കിലും ഒരു വിശ്വാസധാരയില്‍ നാം ദര്‍ശിക്കുന്നുവെങ്കില്‍, അത് ഈ വിഷയകമായി സര്‍വരും സമ്മതിക്കുന്ന ആത്യന്തിക സത്യത്തിന്റെ സാധുതക്ക് ഒന്നാമത്തെ പൊതുമാനദണ്ഡമായ സാര്‍വകാലികതക്ക് വിരുദ്ധമായിരിക്കും.
2) ആത്യന്തിക സത്യത്തിന്റെ സാര്‍വലൗകികത: ഏതു ദര്‍ശനവും വിശ്വാസധാരയും അംഗീകരിക്കുന്ന മറ്റൊരു കാര്യം, ദൈവത്തിന്റെ അവസ്ഥ എല്ലാ സ്ഥലത്തും ഒന്നുതന്നെയാണ് എന്നതാണ്. അവന്‍ ആകാശലോകത്തുള്ളവര്‍ക്ക് ഒരുവനും ഭൂമിയിലുള്ളവര്‍ക്ക് ബഹുവും ആവുക സംഭവ്യമല്ലാത്ത പോലെ തന്നെ ഭൂമിയിലെ ഒരു ദേശക്കാര്‍ക്ക് മൂന്നും മറ്റൊരു ദേശക്കാര്‍ക്ക് അങ്ങനെയല്ലാത്തവനും ആവുകയെന്നതും സംഭവ്യമല്ല. ഇതേ പോലെ സംഭവ്യമല്ല ഒരു സ്ഥലക്കാര്‍ക്ക് ദൈവം ഉള്ളവനും മറ്റൊരു സ്ഥലക്കാര്‍ക്ക് ഇല്ലാത്തവനുമാവുക എന്നതും. ഇങ്ങനെയൊരു അസ്ഥിരത ആത്യന്തിക സത്യത്തെ അവതരിപ്പിക്കുമ്പോള്‍ ഏതെങ്കിലും ഒരു വിശ്വാസധാരയില്‍ നാം ദര്‍ശിക്കുന്നുവെങ്കില്‍, അത് ഈ വിഷയകമായി സര്‍വരും സമ്മതിക്കുന്ന ആത്യന്തിക സത്യത്തിന്റെ പൊതുമാനദണ്ഡമായ അതിന്റെ സാര്‍വലൗകികതക്ക് വിരുദ്ധമായിരിക്കും.
3) ആത്യന്തിക സത്യത്തിന്റെ സാര്‍വജനീനത: സാര്‍വകാലികതയുടെയും സാര്‍വലൗകികതയുടെയും തേട്ടം തന്നെയാണ് സത്യത്തിന്റെ സാര്‍വജനീനതയും. ഭൂമിയിലുള്ളവരെ സൃഷ്ടിച്ചത് ഒരു ദൈവം, ആകാശത്തിലുള്ളവരെ സൃഷ്ടിച്ചത് മറ്റൊരു ദൈവം എന്നത് പോലെ അസംഭവ്യമാണ് ഭൂമിയിലുള്ള വ്യത്യസ്ത ജീവികളെ സൃഷ്ടിച്ചത് വ്യത്യസ്ത ദൈവങ്ങളാവുക എന്നതും. ചിലതു മാത്രം ദൈവ നിശ്ചയ പ്രകാരം ഉണ്ടാവുക, മറ്റു ചിലതുണ്ടാകുന്നത് യാദൃഛികമായിട്ടാവുക എന്നതും. ആത്യന്തിക സത്യം, അത് എന്തു തന്നെയായാലും, എല്ലാ സൃഷ്ടികളിലും സര്‍വ പ്രാപഞ്ചിക പ്രതിഭാസങ്ങളിലും ഒന്ന് തന്നെയാണ്. അങ്ങനെയല്ല എന്ന് കരുതുന്നത് മനുഷ്യന്റെ യുക്തിപരതക്ക് കൂടി വിരുദ്ധമാണ്.
4) ലക്ഷ്യത്തിലെ സാര്‍വലൗകികതയും, സാര്‍വ കാലികതയും സാര്‍വ ജനീനതയും: സൃഷ്ടി പ്രപഞ്ചത്തിന്റെ ഭാഗമാണ് മനുഷ്യന്‍. നമുക്ക് മനസ്സിലായാലും ഇല്ലെങ്കിലും ഈ പ്രപഞ്ചത്തിലെ ഒരു പ്രതിഭാസവും ലക്ഷ്യരഹിതമല്ല. പ്രപഞ്ചത്തിന്റെ തന്നെ ഭാഗമായ മനുഷ്യനിലെ മൈക്രോചിപ്പ് ആയ ഡി.എന്‍.എയുടെ പിന്നിലും, ഏറ്റവും സൂക്ഷ്മമായ സെല്ലുകള്‍ മുതല്‍ കണ്‍ട്രോ സെന്റര്‍ ആയ ന്യൂക്ലിയസ്സിന്റെയും സെല്ലുകളുടെ സംഘാതമായ അവയവങ്ങളുടെയും പിന്നിലും, വരെ എന്തിനേറെ പറയുന്നു, നമ്മുടെ നാസാരന്ധ്രങ്ങള്‍ക്കുള്ളില്‍ മുളപൊട്ടുന്ന രോമത്തിന് പിന്നില്‍പോലും ലക്ഷ്യങ്ങള്‍ ഉണ്ടെങ്കില്‍ മനുഷ്യനെന്ന സാകല്യത്തിന്റെ പിന്നില്‍ ലക്ഷ്യം ഉണ്ടാവാതിരിക്കുക സംഭവ്യമല്ല. ഒരു വസ്തുവിന്റെ ഓരോ ഭാഗത്തിനും ലക്ഷ്യമുണ്ടാവുകയും ആ വസ്തുവിനു മൊത്തത്തില്‍ ലക്ഷ്യമില്ലാതിരിക്കുകയും ചെയ്യുന്നതിലെ അയുക്തികതയാണ്, മനുഷ്യ സൃഷ്ടിക്കു പിന്നില്‍ ലക്ഷ്യമില്ല എന്ന് കരുതുമ്പോള്‍ ഉണ്ടാവുക.
മനുഷ്യ ജീവിതത്തിന്റെ പിന്നിലെ ഈ ലക്ഷ്യത്തെ കണ്ടെത്തുക എന്നതാണ് യഥാര്‍ഥ പ്രശ്‌നം. ഇതിനു മനുഷ്യന്‍ അവന്റെ കേവല യുക്തിയെ മാത്രം ആശ്രയിച്ചു കണ്ടെത്തിയ ഉത്തരങ്ങളുടെ തുടര്‍ച്ചയായ തെറ്റുകളാണ്, ചുരുക്കിപ്പറഞ്ഞാല്‍, മുഴുവന്‍ ദര്‍ശനങ്ങളും. ഒരു കാര്യം ഈ വിഷയത്തില്‍ ഉറപ്പിക്കാം. ഈ ലക്ഷ്യം എല്ലാ മനുഷ്യര്‍ക്കും ഒന്നായിരിക്കണം. അത് പൂര്‍വകാലക്കാര്‍ക്ക് ഒന്നും വര്‍ത്തമാന കാലക്കാര്‍ക്ക് മറ്റൊന്നും ഇനി വരാന്‍ പോകുന്ന കാലക്കാര്‍ക്ക് വേറൊന്നും ആവുക സാധ്യമല്ല. മുനുഷ്യനിലെ ഡി.എന്‍.എയുടെയും സെല്ലിന്റെയും അവയവങ്ങളുടെയും പിന്നിലെ ലക്ഷ്യങ്ങള്‍ അങ്ങനെയല്ലാത്തത് പോലെതന്നെ. ഇതു സംബന്ധമായി യോജിക്കാവുന്ന മറ്റൊരു കാര്യം, മനുഷ്യനെന്ന സാകല്യത്തിന്റെയും ലക്ഷ്യം നിശ്ചയിക്കേണ്ടത് അവനിലെ ഓരോ അംശത്തിന്റെയും ലക്ഷ്യം നിശ്ചയിച്ചവന്‍ തന്നെയായിരിക്കണമെന്നതാണ്. അവനാണ് അതിനുള്ള അര്‍ഹതയും അവകാശവും. ആ ലക്ഷ്യം തന്നെയായിരിക്കും മനുഷ്യനിലെ അംശങ്ങളോടും പ്രകൃതിപരതയോടും ഏറ്റവും താദാത്മ്യപ്പെടുന്നതും. ഈ ലക്ഷ്യത്തെ മുഴുവന്‍ പ്രപഞ്ചത്തോടും സൃഷ്ടി ജാലങ്ങളോടും ബന്ധപ്പെടുത്താന്‍ സാധിക്കുമ്പോള്‍ ആ ലക്ഷ്യം സാര്‍വലൗകികവും സാര്‍വജനീനവും ആയിത്തീരുന്നു. അഥവാ പ്രപഞ്ചവും അതിലെ മുഴുവന്‍ സൃഷ്ടികളും മനുഷ്യനിലെ തന്നെ മുഴുവന്‍ അംശങ്ങളും ദൈവഹിതമെന്നോ പ്രകൃതിനിയമമെന്നോ വിളിക്കപ്പെടുന്ന ഒന്നിനു വിധേയമായിരിക്കുകയും മനുഷ്യനു അവന്റെ സാകല്യം കൊണ്ട് ഉദ്ദേശിക്കപ്പെട്ട സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ലക്ഷ്യം മാത്രം അതിനനുസരിച്ചാവാതിരിക്കുകയും ചെയ്യുന്നതിലെ വൈരുധ്യം യുക്തിപരതയുടെ സുസ്ഥിരഭാവത്തിനു നിരക്കുന്നതല്ല.
5) ആത്യന്തിക സത്യവും ലക്ഷ്യവും അറിയുന്നതിന്നുള്ള മാര്‍ഗം: കേവലമായ യുക്തിപരതയുടെയോ അനുഭവജ്ഞാനത്തിന്റെയോ വഴിയിലൂടെ മാത്രം നേരത്തെ പറഞ്ഞ സ്വഭാവത്തിലുള്ള സാര്‍വലൗകികവും സാര്‍വകാലികവും സാര്‍വജനീനവുമായ ആത്യന്തിക സത്യത്തെയും മനുഷ്യ ജീവിതത്തിന്റെ ലക്ഷ്യത്തെയും അറിയാന്‍ സാധ്യമല്ല എന്നതിനു ഇതഃപര്യന്തമുള്ള മനുഷ്യന്റെ ചരിത്രം തന്നെ തെളിവാണ്. യുക്തിപരതയും അനുഭവജ്ഞാനവും സമഞ്ജസമായി സമ്മേളിക്കുന്ന ദൈവിക മാര്‍ഗദര്‍ശനമാണ് ആത്യന്തിക സത്യവും മനുഷ്യ ജീവിതത്തിന്റെ ലക്ഷ്യവും അറിയുവാനുള്ള ഏക മാര്‍ഗം എന്ന് അംഗീകരിക്കുന്ന, ഭിന്ന മത വിശ്വാസികളെങ്കിലും ചുരുങ്ങിയപക്ഷം സമ്മതിക്കേണ്ടതായ, ഒരു മാനദണ്ഡമാണ് ഈ ആത്യന്തിക സത്യം അവതരിപ്പിക്കുന്നതിനും ജീവിത ലക്ഷ്യം വ്യക്തമാക്കുന്നതിനും ദൈവം സ്വീകരിച്ച മാര്‍ഗത്തിലെ ഏകതാനത. ഒരു കാലക്കാര്‍ക്ക് ദൈവം തന്നെ നേര്‍ക്കുനേരെ വന്നു സത്യം അവതരിപ്പിക്കുക, വേറൊരു കാലക്കാര്‍ക്ക് വേറൊരു രീതിയില്‍ സത്യത്തെ അവതരിപ്പിക്കുക, പിന്നെയും ചില കാലക്കാര്‍ക്ക് മനുഷ്യരില്‍ നിന്നു തന്നെ ചിലരെ തെരഞ്ഞെടുത്തു മനുഷ്യനെ സത്യവും ജീവിത ലക്ഷ്യവും പഠിപ്പിക്കാന്‍ അയക്കുക, മറ്റൊരു കാലക്കാരില്‍ മാലാഖയെയോ ദൈവപുത്രന്മാരെന്നോ പുത്രിമാരെന്നോ വിളിക്കപ്പെടുന്നവരെയോ അയക്കുക എന്നിങ്ങനെയുള്ള വ്യത്യസ്ത മാര്‍ഗങ്ങള്‍ വ്യത്യസ്തവും വിഭിന്നവുമായ കാലക്കാര്‍ക്ക് നേരെയുള്ള വിവേചനപൂര്‍ണമായ സമീപനമായേ മനസ്സിലാക്കപ്പെടുകയുള്ളൂ. ഇതാവട്ടെ, ദൈവിക നൈതിക സങ്കല്‍പത്തിനു വിരുദ്ധവുമാണ്. ഇതേപോലെതന്നെ ദൈവിക നൈതിക സങ്കല്‍പത്തിനു വിരുദ്ധമാണ് വംശീയ കേന്ദ്രീകൃതമോ (ethno-centric) ദേശീയ കേന്ദ്രീകൃതമോ മാത്രമായി സത്യ സന്ദേശം അവതരിപ്പിക്കുക എന്നതും. അതുകൊണ്ടുതന്നെ മാര്‍ഗം എന്തുതന്നെയായാലും സത്യം അവതരിപ്പിക്കപ്പെട്ടത് ഒരൊറ്റ മാര്‍ഗത്തിലൂടെയായിരിക്കണം. അത് വംശ ദേശത്തിനു അതീതമായി മുഴുവന്‍ മനുഷ്യരിലും വിഭിന്ന കാലങ്ങളില്‍ അവതരിച്ചതുമായിരിക്കണം. പിന്നെ, മനുഷ്യനിലാണ് ഇത് അവതരിക്കുന്നത് എന്നതിനാലും, മനുഷ്യജീവിതത്തിന്റെ ലക്ഷ്യവും ലക്ഷ്യ സാക്ഷാത്കാരത്തിനുള്ള മാര്‍ഗവുമാണ് ഈ സത്യം അവതരിപ്പിക്കുന്നതിനു പിന്നിലെ ലക്ഷ്യം എന്നതിനാലും മനുഷ്യന്റെ പ്രകൃതത്തോടും അവന്റെ ആവശ്യങ്ങളോടും സുഖ ദുഃഖങ്ങളോടും ഏറ്റവും ചേര്‍ന്നുനില്‍ക്കുക മനുഷ്യരില്‍നിന്നു തന്നെ തെരഞ്ഞെടുക്കപ്പെടുന്ന മനുഷ്യരായ പ്രവാചകരെന്ന വിശ്വാസമായിരിക്കും. അതില്‍ മനുഷ്യേതരരെ മനുഷ്യനു മാതൃകയാക്കുന്ന അയുക്തികതയും ഇല്ല.
ഇതുവരെയും പറഞ്ഞുവന്നത് ആത്യന്തിക സത്യത്തെകുറിച്ചും മനുഷ്യജീവിതത്തിന്റെ ലക്ഷ്യത്തെ കുറിച്ചുമാണ്. ലക്ഷ്യം എന്തു തന്നെയായാലും, അത് അതതു വിശ്വാസങ്ങള്‍ എത്തിച്ചേരാന്‍ ആഗ്രഹിക്കുന്ന സങ്കേതമാണ്. അതിനു സ്വീകരിക്കുന്ന മാര്‍ഗമാണ് കര്‍മം. ഇവിടെ വിശ്വാസത്തിനും ലക്ഷ്യത്തിനും കര്‍മത്തിനും ഇടയില്‍ ഭിന്ന ദാര്‍ശനിക ധാരകള്‍ക്കിടയിലുള്ള പൊരുത്തത്തെയും പൊരുത്തക്കേടിനെയും വളരെ ചുരുക്കിയാണെങ്കിലും പ്രതിപാദിക്കേണ്ടതുണ്ട്. ഈ വിഷയത്തില്‍ അഞ്ചു ഭിന്ന സമീപനങ്ങളാണുള്ളത്. അതില്‍ ഒന്നൊഴികെ മറ്റു നാലും വിശ്വാസത്തിനും ലക്ഷ്യത്തിനും കര്‍മത്തിനുമിടയിലെ പരസ്പര പൊരുത്തമില്ലായ്മയെ സൂചിപ്പിക്കുന്നവയാണ്
1) കര്‍മരഹിത വിശ്വാസം: കര്‍മം മനുഷ്യജീവിതത്തിന്റെ നിലനില്‍പ്പിന്റെ തന്നെ അനിവാര്യ തേട്ടമായിരിക്കെ, കര്‍മരാഹിത്യമെന്ന വാദം നിലനില്‍ക്കുന്നതല്ല. മനുഷ്യനെ തെറ്റായ രൂപത്തില്‍ ഭാഗികമായി മാത്രം, വെറും ആത്മാവ് മാത്രം ആയി കാണാന്‍ ശ്രമിക്കുന്ന അത്തരമൊരു വാദം മനുഷ്യനിലെ ശരീരത്തെ നിഷേധിക്കുന്നു. അതുകൊണ്ട് പ്രായോഗിക ജീവിതത്തില്‍ നിലനില്‍പുതന്നെ ഇല്ലാത്ത ഈ വാദം മനുഷ്യന്റെ പ്രകൃതിപരതക്ക് വിരുദ്ധവുമാണ്. ഈ വാദം, ഫലം നല്‍കാത്ത ഒരു അജ്ഞാത വിത്താണ്. അവകാശപ്പെടുന്ന വിശ്വാസം തന്നെ ചാപിള്ളയാവുന്ന ഒരവസ്ഥയെയാണ് ഇത് പ്രതിനിധാനം ചെയ്യുന്നത്. ഇത്തരമൊരു വിശ്വാസം കൊണ്ട് വ്യക്തിക്കും സമൂഹത്തിനും ലോകത്തിനും ഒരു പ്രയോജനവുമില്ല എന്നു മാത്രമല്ല ഇത് മനുഷ്യാസ്തിത്വത്തെ തന്നെ വൃഥാവിലാക്കുന്ന വാദവുമാകുന്നു. അന്തിമമായി ഇത്തരം ഒരു നിഷ്‌ക്രിയതാവാദത്തിലൂടെ അതിന്റെ വക്താക്കള്‍ പരോക്ഷമായി ലക്ഷ്യം വെക്കുന്നത് സ്വേഛയനുസരിച്ചുള്ള ജീവിതമാണ്. ഈ വാദത്തിനു ഉപോല്‍ബലകമായി യുക്തിപരതയുടെയോ പ്രകൃതിപരതയുടെയോ പ്രാമാണികതയുടെയോ തലത്തില്‍നിന്നും ഒന്നുംതന്നെ ഈ വാദക്കാര്‍ക്ക് സമര്‍പ്പിക്കാന്‍ സാധിക്കാറുമില്ല.
2) വിശ്വാസരഹിത കര്‍മം: ഇത് ആദ്യം പറഞ്ഞതിന്റെ നേരെ മറുവശത്ത് നിലകൊള്ളുന്ന മറ്റൊരു ആത്യന്തിക വാദമാണ്. എന്തെങ്കിലുമൊന്നില്‍ വിശ്വസിക്കാത്ത മനുഷ്യരില്ല എന്നിരിക്കെ, ഈ വാദവും പ്രായോഗിക ജീവിതത്തില്‍ നിലനില്‍ക്കുന്നതല്ല. ഈ വാദം ആത്മാവിനെയും മനസ്സിനെയും നിഷേധിച്ചു പദാര്‍ഥത്തെ മാത്രമേ കാണുന്നുള്ളൂ. ഇത് മനുഷ്യ ചലനത്തിന്റെ പിന്നിലെ മനന പ്രക്രിയയെ കാണുന്നതില്‍ പരാജയപ്പെടുന്നു. കര്‍മത്തിനു പിന്നില്‍, കര്‍മത്തിനു ഉണ്മയും ത്വരയും നല്‍കുന്ന ചിന്താ പ്രതിഭാസത്തെ കാണാതെ പോവുന്നു. ചുരുക്കത്തില്‍, വിത്തില്ലാതെ ഒരു മരം വളര്‍ന്നു വലുതാകുന്നത് പോയിട്ട് മുളക്കുക പോലും ചെയ്യില്ല എന്ന പ്രകൃതി തത്ത്വത്തെ ഈ വാദക്കാര്‍ വിസ്മരിക്കുന്നു. അതുകൊണ്ട് തന്നെ മനുഷ്യന്റെ സ്വഛ സുന്ദര പ്രകൃതിയോട് ഈ വാദം സമരസപ്പെട്ടു പോകുന്നില്ല. അന്തിമമായി ഇത്തരം ഒരു വാദത്തിലൂടെ അതിന്റെ വക്താക്കള്‍ ലക്ഷ്യം വെക്കുന്നത് പ്രത്യക്ഷമായി തന്നെ സ്വേഛയനുസരിച്ചുള്ള ജീവിതമാണ്.
3) കര്‍മേതര വിശ്വാസം: ഈ വിശ്വാസധാര കര്‍മമേതായാലും വിശ്വാസം മാത്രം ശരിയായാല്‍ മതി എന്ന് സങ്കല്‍പ്പിക്കുന്നു. വിശ്വാസം ശരിയോ തെറ്റോ എന്ന് നിശ്ചയിക്കുന്നത് ആര്‍, അതിന്റെ സാധുതക്കും അസാധുതക്കും ഉള്ള മാനദണ്ഡങ്ങള്‍ എന്ത് എന്നീ ചോദ്യങ്ങള്‍ അവിടെയിരിക്കട്ടെ, ഏതു കര്‍മവും അനുവദനീയമാക്കുന്ന ഇത്തരത്തിലുള്ള ഒരു വിശ്വാസം ഇതര വിശ്വാസങ്ങളില്‍ നിന്നും എങ്ങനെയാണ് വേര്‍തിരിയുന്നത്? ഒരേ ഒരു വിത്തില്‍ നിന്നും വൃത്തികെട്ടതും അല്ലാത്തതുമായ പലതരം വ്യത്യസ്ത മരങ്ങള്‍ കായ്ക്കുന്നത് നമുക്ക് എങ്ങനെ സങ്കല്‍പിക്കാന്‍ സാധിക്കില്ലയോ അതേപോലെ അസങ്കല്‍പനീയമാണ് ഈ വാദം. സൃഷ്ടി പ്രകൃതിയോടും മനുഷ്യ പ്രകൃതിയോടും യോജിച്ചു പോകാത്ത അപകടകരമായ വികലസങ്കല്‍പം. ഈ വിശ്വാസം കൊണ്ട് വ്യക്തിക്കും സമൂഹത്തിനും ലോകത്തിനും എന്തെങ്കിലും പ്രത്യേക പ്രയോജനം ഉണ്ടാകുമെന്ന് തോന്നുന്നില്ല. അതിനേക്കാളുപരിയായി ഇത് മിഥ്യാ ധാരണയുടെ പ്രതലത്തില്‍ നിന്നുകൊണ്ട് എന്ത് തോന്നിയവാസവും ചെയ്യാനുള്ള സമ്മതിയും അനുമതിയും കൂടിയാണ്. ആയതിനാല്‍ തന്നെ വളരെ അപകടകരവുമാണ്. ഒരു പക്ഷേ ഈ ലോകത്ത് 'വിശ്വാസികള്‍' ധാരാളം ഉണ്ടായിട്ടും ഒരു മാറ്റവും ഉണ്ടാവാത്തതിനു കാരണക്കാരനായ വില്ലന്‍ കൂടിയാണ് ഈ മിഥ്യാധാരണ.
4) വിശ്വാസേതര കര്‍മം: ഈ ചിന്താ ധാര വിശ്വാസമേതായാലും കര്‍മം മാത്രം നന്നായാല്‍ മതി എന്ന് സങ്കല്‍പ്പിക്കുന്നു. കര്‍മം ശരിയോ തെറ്റോ, ന്യായമോ അന്യായമോ എന്ന് നിശ്ചയിക്കുന്നത് ആര്‍, അതിന്റെ സാധുതക്കും അസാധുതക്കും ഉള്ള മാനദണ്ഡങ്ങള്‍ എന്ത് എന്നീ ചോദ്യങ്ങള്‍ക്ക് ഈ ചിന്താധാര ഒരു ഉത്തരവും നല്‍കുന്നില്ല. വിത്തില്ലാതെ ഫലമില്ല എന്നത് പോലെ തന്നെ വിത്തുകള്‍ ഏതായാലും ഫലം ഒന്ന് മാത്രം എന്നതും പ്രകൃതിയുടെ പാഠം അല്ല. അതുകൊണ്ട് തന്നെ സൃഷ്ടിപ്രകൃതിയോടും മനുഷ്യപ്രകൃതിയോടും ഈ വാദവും യോജിച്ചു പോകുന്നില്ല. അതുപോലെ, ഒരുതരം ദാര്‍ശനിക പ്രതീതി സൃഷ്ടിച്ചു കൊണ്ട് എന്ത് അസംബന്ധവും വിശ്വസിക്കാനുള്ള സമ്മതിയും അനുമതിയും കൂടിയായി പ്രവര്‍ത്തിക്കുന്ന ഈ ചിന്താധാര, മനുഷ്യനിലെ സത്യാന്വേഷണ ത്വരയുടെ കടക്കല്‍ കത്തിവെച്ച് അനേകം ആളുകളെ അബദ്ധജഡിലങ്ങളായ വിശ്വാസങ്ങളില്‍ നിന്നും മോചിപ്പിക്കുന്നതിനുള്ള ഏറ്റവും വലിയ വിലങ്ങു തടിയായി നിലകൊള്ളുകയും ചെയ്യുന്നു.
5) വിശ്വാസത്തിനു അനുയോജ്യമായ കര്‍മം: സൃഷ്ടി പ്രപഞ്ചത്തോടും മനുഷ്യ പ്രകൃതിയോടും ഏറ്റവും ചേര്‍ന്ന് നില്‍ക്കുന്നതും പൊരുത്തപ്പെട്ടു പോകുന്നതുമായ ചിന്താധാര ശരിയായ വിശ്വാസവും അതിനനുസൃതമായ കര്‍മവും എന്നതാണ്. ഇതില്‍ ശരിയായ വിശ്വാസം അത് സത്യമാണെന്ന് അസന്ദിഗ്ധമായി അവകാശപ്പെടും. എന്നിട്ട് ആ അവകാശവാദത്തിന്റെ സാധുതക്ക് നേരത്തെ പറഞ്ഞതുപോലുള്ള അറിവ് മുന്നുപാധിയായിരിക്കും. അറിവാകട്ടെ തെളിവിന്റെ പിന്‍ബലമുള്ളതും, ആ തെളിവ് ആര്‍ക്കും വെല്ലുവിളിക്കാവുന്നതും ആയിരിക്കും. ആ വിശ്വാസം സാര്‍വകാലികവും സാര്‍വലൗകികവും സാര്‍വ ജനീനവും ആയിരിക്കുക എന്ന മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായിരിക്കും. ഈ ചിന്താധാരയനുസരിച്ചു കര്‍മം ലക്ഷ്യത്തിലേക്കുള്ള മാര്‍ഗം മാത്രമാണ്. ലക്ഷ്യമാകട്ടെ വിശ്വാസത്തിനു പൂരകവുമാണ്. വിശ്വാസം പോലെതന്നെ ജീവിതലക്ഷ്യത്തിനും സാര്‍വലൗകികതയുടെയും സാര്‍വകാലികതയുടെയും സാര്‍വജനീനതയുടെയും മാനങ്ങളുണ്ട്. കര്‍മം വിശ്വാസത്തിനു അനുയോജ്യമാകുന്നതോടു കൂടി, അത് നല്ല വിത്തും അതിനനുസരിച്ച ഫലവും എന്ന പ്രകൃതി യാഥാര്‍ഥ്യവുമായി സമരസപ്പെടുന്നു. അങ്ങനെ വിശ്വാസം മനസ്സിന്റെ ആഴങ്ങളില്‍ വേരൂന്നിയ വിത്തും, കര്‍മം ആകാശം മുട്ടെ പടര്‍ന്നു പന്തലിച്ച, എന്നും തണലേകുന്ന, നിത്യവും മധുരഫലം നല്‍കുന്ന വടവൃക്ഷവുമായി മാറുന്നു. അത് ചിന്തക്കും കര്‍മത്തിനുമിടയിലെ താളൈക്യമായും, മനസ്സിനും ശരീരത്തിനുമിടയിലെ രഞ്ജിപ്പായും മനനത്തിനും ചലനത്തിനുമിടയിലെ സ്വരച്ചേര്‍ച്ചയായും നമുക്ക് അനുഭവപ്പെടുന്നു. അവിടെ വിശ്വാസത്തിനും കര്‍മത്തിനുമിടയില്‍ വൈരുധ്യമോ വിടവോ കാണുക സാധ്യമല്ല. മനുഷ്യനിലെയും സൃഷ്ടിപ്രപഞ്ചത്തിലെയും സൂക്ഷ്മങ്ങളില്‍ സൂക്ഷ്മങ്ങളായ ലക്ഷ്യത്തോട് മനുഷ്യനെന്ന സാകല്യത്തിന്റെ ലക്ഷ്യം അതില്‍ താദാത്മ്യപ്പെടുന്നു. ഇങ്ങനെ മനുഷ്യന്റെ പ്രകൃതിക്കിണങ്ങുന്ന, സൃഷ്ടി പ്രപഞ്ചത്തോട് തന്നെ താദാത്മ്യപ്പെടുന്ന ഒരു മാര്‍ഗം ഉണ്ടായിരിക്കെ സ്വേഛക്ക് അടിപ്പെട്ടവനും സങ്കുചിത താല്‍പര്യങ്ങളുടെ തടവറയില്‍ തളച്ചിടപ്പെട്ടവനുമല്ലാതെ, നേരത്തെ പറഞ്ഞ മറ്റു സങ്കല്‍പങ്ങളുടെ പിന്നാലെ പോവുകയില്ല.
(തുടരും)
Comments