നിഷേധ വോട്ടിന്റെ പ്രസക്തി
കഴിഞ്ഞ ആഗസ്റ്റ് 10,11, സെപ്റ്റംബര്‍ 27 തീയതികളില്‍ ജനപ്രാതിനിധ്യ സംവിധാനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നിന്നുണ്ടായ വിധികള്‍ ദേശീയതലത്തില്‍ വലിയ വിവാദമായിരിക്കുകയാണ്. ആഗസ്റ്റിലെ വിധികളെ പൗരസഞ്ചയം സ്വാഗതം ചെയ്തുവെങ്കിലും സര്‍ക്കാറും രാഷ്ട്രീയ കക്ഷികളും എതിര്‍ക്കുകയായിരുന്നു. വിധി പുനഃപരിശോധിക്കാന്‍ അവര്‍ കോടതിയോട് അപേക്ഷിച്ചു. കോടതി വഴങ്ങിയില്ല. പിന്നെ അത് ദുര്‍ബലപ്പെടുത്തുന്ന നിയമം പാര്‍ലമെന്റില്‍ കൊണ്ടുവന്നുവെങ്കിലും പാസ്സാക്കിയെടുക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് കോടതിയെ മറികടക്കാന്‍ ഓര്‍ഡിനന്‍സിറക്കി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ എതിര്‍പ്പു മൂലം, ഇതെഴുതുമ്പോള്‍ അതും അവതാളത്തിലായിരിക്കുകയാണ്. സര്‍ക്കാറിന്റെ വെപ്രാളം വെറുതെയായിരുന്നില്ല. കോണ്‍ഗ്രസ്സിന്റെ സഖ്യകക്ഷിയായ ആര്‍.ജെ.ഡിയുടെ അത്യുന്നത നേതാവും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും കേന്ദ്ര റെയില്‍വേ മന്ത്രിയുമൊക്കെയായ ലാലു പ്രസാദ് യാദവും കോണ്‍ഗ്രസ് നേതാവ് റഷീദ് മദനിയും ഇതിനകം തന്നെ പാര്‍ലമെന്റ് ഹൗസില്‍ നിന്ന് കാരാഗൃഹത്തിലേക്ക് പോകേണ്ടിവന്നിരിക്കുന്നു. അവര്‍ക്ക് പിന്നാലെ ഇനിയും ഏറെപ്പേര്‍ പോകാനുണ്ട്.
വോട്ടര്‍മാര്‍ക്ക് നിഷേധ വോട്ട് രേഖപ്പെടുത്താന്‍ അവസരമൊരുക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷന്ന് ഉത്തരവ് നല്‍കുന്നതാണ് സുപ്രീംകോടതിയില്‍ നിന്ന് സെപ്റ്റംബര്‍ 27-ന് പുറത്തുവന്ന വിധി. സ്ഥാനാര്‍ഥി പട്ടികക്കു താഴെ, 'മുകളില്‍ പറഞ്ഞ ആരും സ്വീകാര്യരല്ല' (none of the above) എന്നൊരു ബട്ടന്‍ കൂടി തെരഞ്ഞെടുപ്പ് യന്ത്രത്തില്‍ സംവിധാനിക്കണം. നിര്‍ദിഷ്ട സ്ഥാനാര്‍ഥികളിലാരും സ്വീകാര്യരല്ലെന്നു തോന്നുന്നുവെങ്കില്‍ വോട്ടര്‍ക്ക് ആ ബട്ടണ്‍ അമര്‍ത്തി അത് രേഖപ്പെടുത്താം. ജസ്റ്റിസ് രജീന്ദ്ര സച്ചാര്‍ അധ്യക്ഷനായ 'പീപ്പ്ള്‍സ് യൂനിയന്‍ ഓഫ് സിവില്‍ ലിബര്‍ട്ടീസ്' എന്ന സംഘടനയുടെ ഹരജിയിലായിരുന്നു സുപ്രധാനമായ ഈ വിധി. നിര്‍ദിഷ്ട സ്ഥാനാര്‍ഥികളില്‍ ഒരാള്‍ സ്വീകാര്യനാണെന്നഭിപ്രായപ്പെടാനുള്ള സ്വാതന്ത്ര്യം പോലെ തന്നെ പരിഗണിക്കപ്പെടേണ്ടതും സംരക്ഷിക്കപ്പെടേണ്ടതുമാണ് ആരും സ്വീകാര്യരല്ല എന്ന് അഭിപ്രായപ്പെടാനുള്ള സ്വാതന്ത്ര്യവും. നിഷേധ വോട്ടിന് മൂല്യമുണ്ടെന്നു വന്നാല്‍ സമ്മതിദായകര്‍ അത് ഉപയോഗപ്പെടുത്തുമെന്ന് ഭയന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍, ജനങ്ങളില്‍ കൂടുതല്‍ മതിപ്പും വിശ്വാസവുമുള്ള സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാന്‍ ജാഗ്രത പുലര്‍ത്തും. കൂടുതല്‍ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തുകളിലേക്ക് ആകര്‍ഷിക്കപ്പെടുകയും ചെയ്യും. വോട്ടെടുപ്പില്‍ ക്രിമിനലുകളുടെയും പണക്കൊഴുപ്പിന്റെയും സ്വാധീനം കുറയാനിടയാകുമെന്നതാണ് മറ്റൊരു പ്രധാന ഗുണം. ഒരു മണ്ഡലത്തില്‍ 'ജയിച്ച' സ്ഥാനാര്‍ഥിക്ക് ലഭിച്ചതിനെക്കാള്‍ കൂടുതലാണ് നിഷേധ വോട്ടുകളെങ്കില്‍ ആ സ്ഥാനാര്‍ഥിയുടെ നിലപാടെന്ത് എന്ന് വ്യക്തമായ നിര്‍ദേശം നല്‍കിക്കാണുന്നില്ല. കൂടുതല്‍ അനുകൂല വോട്ടുകള്‍ കിട്ടിയ സ്ഥാനാര്‍ഥി ജയിച്ചതായി പ്രഖ്യാപിക്കുമെന്നാണ് ഇലക്ഷന്‍ കമീഷന്‍ പറയുന്നത്. അങ്ങനെയാണെങ്കില്‍ നിഷേധ വോട്ടും പോള്‍ ചെയ്യാത്ത വോട്ടും തമ്മിലെന്താണ് വ്യത്യാസം? ഈ വിഷയത്തില്‍ ഫലപ്രദമായ ചട്ടങ്ങളുണ്ടാകേണ്ടതുണ്ട്. ഇതുപോലെ കോടതി പരിഗണിക്കേണ്ട മറ്റൊരു വിഷയമാണ് തെരഞ്ഞെടുക്കപ്പെട്ട ശേഷം ജനവിശ്വാസം നഷ്ടപ്പെടുത്തുന്ന സ്ഥാനാര്‍ഥികളെ തിരിച്ചുവിളിക്കാനുള്ള അവകാശം.
നമ്മുടെ തെരഞ്ഞെടുപ്പുകളില്‍ സാധാരണ വോട്ടിംഗ് നിലവാരം 50-60 ശതമാനത്തിനിടയിലാണ്. ചിലപ്പോള്‍ 60-നു മുകളിലെത്തുന്നുവെങ്കില്‍ ചിലപ്പോള്‍ 50-നു താഴെയും നില്‍ക്കുന്നു. സമ്മതിദാനാവകാശം വിനിയോഗിക്കുന്നതില്‍ ജനങ്ങള്‍ക്ക് താല്‍പര്യം കുറയുന്നത് ജനാധിപത്യ വ്യവസ്ഥക്ക് ഹാനികരമാണെന്ന് ഈയിടെ കേരളം സന്ദര്‍ശിച്ച ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി കേരള നിയമസഭയെ ഉണര്‍ത്തുകയുണ്ടായി. ജനസംഖ്യയില്‍ പകുതിയോളം വോട്ടെടുപ്പില്‍ നിന്ന് മാറി നില്‍ക്കുന്നത് അവരെല്ലാവരും അരാഷ്ട്രീയരായതുകൊണ്ടല്ല. നിലവിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ അതൃപ്തരാണ് അവരില്‍ നല്ലൊരു വിഭാഗം. വോട്ട് ചെയ്യുന്നവരിലുമുണ്ട് ഇത്തരക്കാര്‍ ധാരാളം. ഇഷ്ടമുണ്ടായിട്ടല്ല, പരിചിതരായ പാര്‍ട്ടി പ്രവര്‍ത്തകരുടെ സമ്മര്‍ദം കൊണ്ടാണ് പലരും വോട്ട് ചെയ്യുന്നത്. ചിലര്‍ സമ്മതിദാനാവകാശം പാഴാക്കിക്കൂടാ എന്ന് കരുതി തമ്മില്‍ ഭേദപ്പെട്ട തൊമ്മന് വോട്ട് കുത്തുന്നു. ഇത്തരക്കാര്‍ക്കെല്ലാം വോട്ടവകാശം ഫലപ്രദമായി വിനിയോഗിക്കാനുള്ള അവസരമാണ് നിഷേധവോട്ടിലൂടെ ലഭിക്കുന്നത്.
നിഷേധവോട്ട് ഒരു പുതുമയുള്ള കാര്യമൊന്നുമല്ല.ലോകത്ത് പതിമൂന്ന് ജനാധിപത്യ രാജ്യങ്ങള്‍ ഇതംഗീകരിച്ചിട്ടുണ്ടെന്ന് സുപ്രീം കോടതി തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. സാമാന്യ ജനങ്ങള്‍ വിധിയെ സ്വാഗതം ചെയ്തിരിക്കുന്നു. സര്‍ക്കാറും രാഷ്ട്രീയ പാര്‍ട്ടികളും പ്രത്യക്ഷത്തില്‍ എതിര്‍ത്തിട്ടില്ലെങ്കിലും അവര്‍ക്ക് അക്കാര്യത്തില്‍ താല്‍പര്യമില്ല എന്നത് വസ്തുതയാണ്. നിഷേധിക്കാനുള്ള പൗരന്മാരുടെ അവകാശം സാധിതമാക്കാന്‍ നിയമം വേണമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ ആവശ്യപ്പെട്ടപ്പോഴൊന്നും കേന്ദ്ര സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കാന്‍ തയാറാകാതിരുന്നത് അതിന്റെ തെളിവാണ്. നിഷേധ വോട്ട് കൊള്ളാം, പക്ഷേ കോടതി അക്കാര്യത്തില്‍ ഉത്തരവ് പുറപ്പെടുവിച്ചത് പാര്‍ലമെന്റിന്റെ അധികാരത്തിലേക്കുള്ള കടന്നുകയറ്റവും അമിതമായ ജുഡീഷ്യല്‍ ആക്ടിവിസവുമാണെന്നാണ് രാഷ്ട്രീയക്കാരുടെ മുഖ്യ വിമര്‍ശനം. നിയമനിര്‍മാണസഭകള്‍ ഉത്തരവാദിത്വം യഥാവിധി നിര്‍വഹിച്ച് മുന്നേറുമ്പോള്‍ കോടതി അതിലിടപെടുന്നത് അന്യായമായ കടന്നുകയറ്റം തന്നെ. പക്ഷേ, ഇവിടെ അവസ്ഥ അതാണോ? ആണെങ്കില്‍ ജനപ്രതിനിധിസഭാ മന്ദിരങ്ങള്‍ അംഗങ്ങള്‍ക്ക് ബഹളം വെച്ച് പിരിയാനുള്ള ഇടമായി മാറുമായിരുന്നുവോ? അംഗങ്ങളില്‍ 30 ശതമാനത്തോളം ക്രിമിനലുകളാകുമായിരുന്നുവോ? എം.പിമാരും മന്ത്രിമാരും പാര്‍ലമെന്റില്‍ നിന്ന് കാരാഗൃഹത്തിലേക്ക് നിഷ്‌ക്രമിക്കുന്ന സാഹചര്യം ഉണ്ടാകുമായിരുന്നുവോ? പാര്‍ലമെന്ററി ക്രമത്തില്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്താനും വികസിപ്പിക്കാനുമുതകുന്ന ഘടകങ്ങളുള്ളതുപോലെ അതിനെ ദുഷിപ്പിക്കാനും നശിപ്പിക്കാനുമുതകുന്ന ഘടകങ്ങളുമുണ്ട്. ആദ്യത്തേതിനെ വളര്‍ത്തുകയും രണ്ടാമത്തേതിനെ തമസ്‌കരിക്കുകയുമാണ് പുരോഗമനാത്മകമായ പാര്‍ലമെന്ററി പ്രവര്‍ത്തനത്തില്‍ നടക്കേണ്ടത്. ഇവിടെ നടക്കുന്നത് നേരെ മറിച്ചാണ്. പാര്‍ലമെന്റ് രോഗാതുരമാകുമ്പോള്‍, ജനാധിപത്യത്തിന്റെ അടിസ്ഥാന സ്തംഭങ്ങളിലൊന്നായ ജുഡീഷ്യറി അതില്‍ ഇടപെടുക തന്നെ വേണം.
Comments