Prabodhanm Weekly

Pages

Search

2011 ജൂലൈ 9

ഖുദ്‌സിലെ ശ്‌മശാനങ്ങളിലും ഇസ്രയേല്‍ നായാട്ട്‌

ഖുദ്‌സിലെ പുരാതനമായ മഅ്‌മനുല്ല മഖ്‌ബറയിലെ 100 ഖബ്‌റുകള്‍ ഇസ്രയേല്‍ ബുള്‍ഡോസറുകള്‍ മാന്തിനീക്കിയതായി വഖ്‌ഫ്‌ സ്വത്തുക്കളുടെയും പൗരാണികാവശിഷ്‌ടങ്ങളുടെയും സംരക്ഷണാര്‍ഥം പ്രവര്‍ത്തിക്കുന്ന അല്‍അഖ്‌ സ്വാ ഫൗണ്ടേഷന്‍ ആരോപിച്ചു. ജൂണ്‍ 25 ശനിയാഴ്‌ച അര്‍ധരാത്രി 11 മണിക്കാണ്‌ 3 ബുള്‍ഡോസറുകളും ലോറികളും ഇരുപതോളം തൊഴിലാളികളുമായി അധിനിവേശ സംഘം മഖ്‌ബറയിലെത്തിയത്‌. ഞായറാഴ്‌ച വെളുപ്പിന്‌ മൂന്ന്‌ മണിവരെയും തുടര്‍ന്ന ഖബ്‌ര്‍ മാന്തലില്‍ 100 ഖബ്‌റുകള്‍ പൂര്‍ണമായും നീക്കം ചെയ്‌തു. സംഭവം നടന്നതായി ഖുദ്‌സിലെ മുഫ്‌തിയും മസ്‌ജിദുല്‍ അഖ്‌സ്വായിലെ ഖത്വീബുമായ ശൈഖ്‌ മുഹമ്മദ്‌ ഹുസൈന്‍ സ്ഥിരീകരിച്ചു. ശ്‌മശാനഭൂമിയില്‍ `സൗഹാര്‍ദം' എന്ന പേരിലുള്ള ഒരു മ്യൂസിയം നിര്‍മിക്കുകയാണത്രെ ഇസ്രയേലിന്റെ ലക്ഷ്യം. മുസ്‌ലിംകള്‍ക്ക്‌ മാത്രം അവകാശപ്പെട്ട ശ്‌മശാനഭൂമി കൈയേറുന്നതും കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതും അങ്ങേയറ്റം ഗുരുതരവും അപലപനീയവുമാണെന്ന്‌ അദ്ദേഹം പറഞ്ഞു. ഖുദ്‌സില്‍ അവശേഷിക്കുന്ന ഇസ്‌ലാമിക പൗരാണിക ശേഷിപ്പുകളെ തുടച്ചുനീക്കുന്നതിന്റെ ഭാഗമാണ്‌ ഈ കൈയേറ്റമെന്നും ജീവിച്ചിരിക്കുന്നവരെയും മരണമടഞ്ഞവരെയും അവമതിക്കുകയാണ്‌ ഇതിലൂടെ ചെയ്‌തിരിക്കുന്നതെന്നും അദ്ദേഹം തുടര്‍ന്നു. ഇത്‌ സൗഹാര്‍ദമല്ല; അതിക്രമമാണെന്നും ശൈഖ്‌, ഇസ്രയേലിനെ ഓര്‍മിപ്പിച്ചു.
ഇസ്രയേല്‍ കോടതിയുടെ ആശീര്‍വാദത്തോടെയാണ്‌ ഖബ്‌ര്‍ മാന്തല്‍ അരങ്ങേറിയത്‌. ഇതിന്‌ മുമ്പും പലപ്പോഴായി അധിനിവേശകര്‍ മഅ്‌മനുല്ല ഖബ്‌റിസ്ഥാനിലെ ഖബ്‌റുകള്‍ തകര്‍ത്തിട്ടുണ്ട്‌. 2010-ല്‍ തകര്‍ക്കപ്പെട്ട ആയിരം ഖബ്‌റുകള്‍ പുനര്‍നിര്‍മിച്ച ഉടനെയാണ്‌ ഇസ്രയേല്‍ സേന 300 ഖബ്‌റുകള്‍ തകര്‍ത്തതെന്ന്‌ അല്‍ അഖ്‌സ്വാ ഫൗണ്ടേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ഖുദ്‌സിന്റെ ആദ്യ വിമോചകന്‍ ഉമര്‍ ഖത്ത്വാബി(റ)ന്റെ കാലം മുതല്‍ ഈ ശ്‌മശാനം മുസ്‌ലിം സമൂഹത്തിന്റെ വഖ്‌ഫ്‌ ഭൂമിയാണ്‌. ഇവിടെ മുസ്‌ലിം സമൂഹത്തിലെ അനേകായിരങ്ങള്‍ അന്ത്യവിശ്രമം കൊള്ളുന്നുണ്ട്‌.
മഅ്‌മനുല്ല ശ്‌മശാനം 1948-ല്‍ 200 ഹെക്‌ടര്‍ വിസ്‌തൃതി ഉണ്ടായിരുന്നു. ഇസ്രയേല്‍ കൈയേറ്റത്തില്‍ ഇപ്പോള്‍ അവശേഷിക്കുന്നത്‌ കേവലം 24 ഹെക്‌ടറാണ്‌. മ്യൂസിയത്തിന്‌ പുറമെ കോടതി കെട്ടിട സമുച്ചയം, കാര്‍ പാര്‍ക്കിംഗ്‌ ഏരിയകള്‍ തുടങ്ങിയവ നിര്‍മിക്കുകയാണ്‌ ശ്‌മശാനം തകര്‍ക്കുന്നതിലൂടെ സയണിസ്റ്റ്‌ രാഷ്‌ട്രം ലക്ഷ്യമിടുന്നതെന്നാണ്‌ ഖുദുസ്‌ ഫൗണ്ടേഷന്‍ ഭാരവാഹികള്‍ ആരോപിക്കുന്നത്‌.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം