Prabodhanm Weekly

Pages

Search

2011 ജൂലൈ 9

മതം രാഷ്‌ട്രീയത്തില്‍ ഇടപെടരുതോ?

'മതം രാഷ്ട്രീയത്തില്‍ ഇടപെടരുത്' - ചില രാഷ്ട്രീയ നേതൃത്വത്തിന് ഇടയ്ക്കിടയ്ക്ക് തികട്ടിവരുന്ന ഒരു വാദമാണിത്. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍, ചില കാര്യങ്ങളില്‍ പൊതുവായ പ്രതികരണങ്ങള്‍ ഉണ്ടാകുമ്പോള്‍ ഈ വാദത്തിന് ഒന്ന് കൂടി കട്ടികൂടും. 'രാഷ്ട്രീയം രാഷ്ട്രീയക്കാര്‍ക്ക് വിട്ടുതരിക. മതത്തിന്റെ ആള്‍ക്കാര്‍ മതത്തിന്റെ കാര്യം നോക്കുക' എന്നായിരിക്കും അപ്പോള്‍ പറയുക. തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് പലപ്പോഴും മതത്തിന്റെ അനുയായികള്‍ തടസമാകുന്നു എന്നത് കൊണ്ടാണ് ഈ പ്രസ്താവന തുടരുന്നത്. അതുകേള്‍ക്കുമ്പോള്‍ രാഷ്ട്രീയം ഏതോ ഒരു 'പ്രൈവറ്റ് ലിമിറ്റഡ് കമ്പനി'യാണോ എന്ന് തോന്നിപോകും. ചിലര്‍ക്ക് അധികാരസ്ഥാനങ്ങള്‍ സ്ഥിരം വഹിക്കാനും, അഴിമതി നടത്താനും, ഭൂമി കൈയേറി റിസോര്‍ട്ട് പണിയാനും, ഏത് അരുതായ്മയ്ക്കും കൂട്ട് നില്‍ക്കാനും മതം മാറിനിന്നേ പറ്റൂ. രാഷ്ട്രത്തിന്റെ പ്രായോഗിക ജീവിതത്തെ രൂപപ്പെടുത്താനുള്ള അവകാശം മതത്തിന് നിഷേധിക്കുന്ന ആധുനിക പാശ്ചാത്യന്‍ സങ്കല്‍പങ്ങളില്‍നിന്നാണ് ഈ വാദം ഉണ്ടായത്. സമകാലീന ജീവിതത്തിന്റെ പല മേഖലകളിലെന്ന പോലെ ഈ രംഗത്തും പാശ്ചാത്യചിന്തയുടെ സ്വാധീനം കാരണം ചില മുസ്ലിംകളും ഈ വാദം വെച്ചു പുലര്‍ത്തുന്നുണ്ട്. മുഹമ്മദ് അസദ് പറഞ്ഞപോലെ, പാശ്ചാത്യന്‍ ജനതയെ അവരുടെ മതം അവരുടേതായ കാരണത്താല്‍ നിരാശപ്പെടുത്തിയിട്ടുണ്ട് എന്നത് ശരിയാണ്. ഇന്ന് ഭൂലോകത്ത് പല ഭാഗങ്ങളിലും വ്യാപകമായി കാണുന്ന സാമൂഹികവും സദാചാരപരവും രാഷ്ട്രീയവുമായ അധഃപതനങ്ങളില്‍ ഈ നിരാശയാണ് പ്രതിഫലിക്കുന്നത്. എന്നാല്‍ യഥാര്‍ഥത്തില്‍ രാഷ്ട്രീയം രാഷ്ട്രീയക്കാരുടേതല്ല. മതത്തിന്റെ സംഭാവനയാണ്. നന്മയും തിന്മയും, ശരിയും തെറ്റും തമ്മില്‍ വേര്‍തിരിക്കാന്‍ ആധുനിക രാഷ്ട്ര സങ്കല്‍പങ്ങള്‍ക്ക് സ്ഥായിയായ ഒരടിസ്ഥാനവും ഇല്ല. ശരിയായ മതത്തിന് മാത്രമാണതുള്ളത്, മാത്രവുമല്ല പ്രപഞ്ചത്തിന്റെ കാതലാണ് മതം. മതമില്ലാത്തതൊന്നും ഈ പ്രകൃതിയിലില്ല. ഓരോന്നിനും നല്‍കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വങ്ങള്‍ അവകള്‍ പൂര്‍ത്തീകരിക്കുന്നുണ്ട്. അതില്‍ അല്‍പവും വീഴ്ചവരുത്തുന്നുമില്ല. അതുതന്നെയാണ് മതം. അതുകൊണ്ട് തന്നെയാണ് ലോകം സുഗമമായി നിലനില്‍ക്കുന്നതും. "അപ്പോള്‍ അല്ലാഹുവിന്റെ മതമല്ലാത്ത മറ്റ് വല്ല മതവുമാണോ അവരാഗ്രഹിക്കുന്നത്? ആകാശങ്ങളിലും, ഭൂമിയിലും ഉള്ളവരെല്ലാം അനുസരണയോടെയോ നിര്‍ബന്ധിതമായോ അവന് കീഴ്പ്പെട്ടിരിക്കുകയാണ്'' (ഖുര്‍ആന്‍: 3-83).
എന്നാല്‍ ഈ പ്രകൃതിയില്‍ ഇടപെടാന്‍ കഴിയുന്ന ഏറ്റവും ഉയര്‍ന്ന അസ്തിത്വമുള്ള മനുഷ്യരില്‍ മതം അതിന്റെ പൂര്‍ണ രീതിയില്‍ പ്രകടമാകും. ആ അര്‍ഥത്തില്‍ ഏറ്റവും വലിയ മതമുള്ള സൃഷ്ടി മനുഷ്യനാണ്. മതം മാറ്റി നിര്‍ത്തിയുള്ള മാനവ സങ്കല്‍പം കേവലം സങ്കല്‍പം മാത്രമാണ് യാഥാര്‍ഥ്യമല്ല. ഒരു ഫ്രഞ്ച് ദാര്‍ശനികന്‍ ഒരിക്കല്‍ എഴുതി: "ഞാന്‍ എന്തിന് ഒരു മതവിശ്വാസിയാകണം എന്ന് വളരെ ആലോചിച്ചു നോക്കി. എനിക്ക് കിട്ടിയ മറുപടി എനിക്കതല്ലാതെ കഴിയില്ല എന്നതായിരുന്നു. കാരണം, മതബോധം എന്റെ ഉണ്‍മയുടെ അനിവാര്യതയാണ്. അവര്‍ പറയും അത് വിദ്യാഭ്യാസത്തിന്റെയോ, പാരമ്പര്യത്തിന്റെയോ ഭാഗമാണെന്ന്. അതെല്ലാം മനസ്സില്‍ ഞാന്‍ കൊണ്ട് വന്നു നോക്കി. പക്ഷേ, അതൊന്നുമെന്നെ ഒട്ടും തൃപ്തിപ്പെടുത്തിയില്ല.'' ഭൌതികവാദികള്‍ മനുഷ്യരെ ഒരു ഭൌതിക പദാര്‍ഥം മാത്രമായാണ് കാണുന്നത്. അതുകൊണ്ടുതന്നെ പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങളായി അവര്‍ കാണുന്നത് തീര്‍ത്തും ഭൌതിക കാര്യങ്ങള്‍ മാത്രമാണ്. ആഹാരം, പാനീയം, ഭോഗം തുടങ്ങിയ കാര്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെട്ടാല്‍ എല്ലാം പൂര്‍ത്തിയായി എന്നവര്‍ ധരിക്കുന്നു. ഈ സങ്കല്‍പം അടിസ്ഥാന തത്വമായപ്പോള്‍ സകല ധാര്‍മിക ചിന്തകളും നഷ്ടമായി. അതുവഴി പവിത്രമായ രാഷ്ട്രീയ രംഗവും മനുഷ്യന് ശാപമായി മാറി.
ലോകത്ത് ഏറ്റവും കൂടുതല്‍ മനുഷ്യര്‍ കഷ്ടപ്പാട് അനുഭവിക്കേണ്ടിവന്നത് ഈ ചിന്ത പുലര്‍ത്തിയ രാഷ്ട്രീയ നേതൃത്വത്തില്‍ നിന്നാണ്. ഭൂലോകത്ത് ഏറ്റവും കൂടുതല്‍ മനുഷ്യരെ കൊന്നൊടുക്കിയത് മതമില്ലാത്ത രാഷ്ട്രീയമാണ്. ലോകയുദ്ധങ്ങള്‍ക്ക് നേതൃത്വം വഹിച്ചതും ഇതേ രാഷ്ട്രീയമാണ്. മതത്തിന്റെ പേരിലല്ല ഒന്നും രണ്ടും ലോകയുദ്ധങ്ങള്‍ നടന്നത്. രാഷ്ട്രീയത്തിന്റെ പേരിലാണ്. ഒന്നാംലോകയുദ്ധമഹായുദ്ധം എഴുപത്തിമൂന്ന് ലക്ഷം മനുഷ്യരെ കൊന്നൊടുക്കിയപ്പോള്‍ രണ്ടാംലോകമഹായുദ്ധം ആറ് കോടിയോളം മനുഷ്യരെയാണ് കശാപ്പ് ചെയ്തത്. മഹത്തായതെന്ന് പറയുന്ന ഒക്ടോബര്‍ വിപ്ളവത്തില്‍ നിഷ്കരുണം കൊല്ലപ്പെട്ടത്, ഒരുകോടി ആറ് ലക്ഷം മനുഷ്യരാണ്. 'നമ്മള്‍ കൊയ്യും ശിരസുകളെല്ലാം നമ്മുടേതല്ലോ പൈങ്കിളിയേ!' എന്നായിരിക്കും അന്ന് വിപ്ളവഗാനം ദാര്‍ശനികന്മാര്‍ പാടിയിട്ടുണ്ടാവുക. ഇന്ന് ലോകത്ത് വീണുകൊണ്ടിരിക്കുന്ന രക്തക്കറകളുടെയും മൂലകാരണം ഒരളവോളം രാഷ്ട്രീയം തന്നെയാണ്. മതത്തെ വേര്‍പെടുത്തിയ രാഷ്ട്രീയം ലോകത്ത് അക്രമങ്ങള്‍ അഴിച്ച് വിട്ടപ്പോള്‍ മതം ഇടപെട്ട സന്ദര്‍ഭങ്ങളിലെല്ലാം മനുഷ്യര്‍ക്ക് രക്ഷയുണ്ടായി. പതിറ്റാണ്ടുകളോളം പീഡനങ്ങള്‍ക്ക് വിധേയരായ ഇസ്രാഈല്‍ സന്തതികളെ ഫറോവയുടെ രാഷ്ട്രീയ അക്രമത്തില്‍ നിന്നു മോചിപ്പിക്കാന്‍ മൂസാ പ്രവാചകന്‍ അഥവാ മതം ഇടപെടേണ്ടിവന്നു. സുമേരിയന്‍ ജനതയെ വ്യത്യസ്ത ചേരികളിലാക്കി ആക്രമിക്കുകയും ചിലരെ വെറുതെ കൊലപ്പെടുത്തുകയും മറ്റ് ചിലരെ ജീവിക്കാന്‍ വിടുകയും ചെയ്ത (ഖു: 2-258) രാഷ്ട്രീയ ഭീകരതക്കെതിരെ ഇബ്രാഹീം പ്രവാചകന്‍ ശക്തമായി പൊരുതേണ്ടിവന്നു.
പ്രവാചകന്മാരുടെ ചരിത്രങ്ങളിലെല്ലാം ഈ ഇടപെടല്‍ കാണാന്‍ കഴിയും. മദീനയിലെ പ്രവാചക രാഷ്ട്രത്തില്‍ കഴിഞ്ഞ വ്യത്യസ്ത ജനവിഭാഗങ്ങള്‍ക്ക് സമാധാനത്തിന്റെ ജീവിത മാര്‍ഗമാണ് ലഭിച്ചത്. ഭൂലോകത്ത് ഒരു സ്ഥലത്തും സമാധാനത്തോടെ ജീവിക്കാന്‍ സാധിക്കാതിരുന്ന ജൂതന്മാര്‍ക്ക് ഇസ്ലാമിക ഭരണകര്‍ത്താക്കളുടെ തണലില്‍ മാത്രമാണ് സമാധാനം ലഭിച്ചതെന്ന് ചരിത്രകാരന്മാര്‍ ഏകോപിക്കുന്നു. സുല്‍ത്താന്‍ സലാഹുദ്ദീന്‍ അയ്യൂബി തന്റെ പേഴ്സണല്‍ ഡോക്ടറെയാണ് യുദ്ധ മുഖത്തെ തന്റെ ശത്രു റിച്ചാര്‍ഡിനെ ചികിത്സിക്കാന്‍ അയച്ചത്. ചരിത്രത്തിന്റെ ഇന്നലെകളില്‍ മനുഷ്യര്‍ ഏറ്റവും കൂടുതല്‍ നിര്‍ഭയത്വവും സമാധാനവും ലഭിച്ചത് മതം ശരിയായ നിലയില്‍ രാഷ്ട്രീയത്തില്‍ ഇടപെട്ടപ്പോള്‍ തന്നെയാണ്. മതം രാഷ്ട്രീയത്തില്‍ ഇടപെടരുത് എന്നവാദമാണ് ഏറ്റവും വലിയ വര്‍ഗീയ വാദം. അനീതിയുടെ ലോകക്രമത്തിന് വേണ്ടിയുള്ള മുറവിളിയാണത്. അതുതന്നെയാണ് ഇന്നനുഭവിക്കുന്ന സകല നാശങ്ങളുടെയും മൂലഹേതു.
(അല്‍ ബലാഗ് മാസിക 2011 ജൂണ്‍ ലക്കം എഡിറ്റോറിയല്‍)

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം