Prabodhanm Weekly

Pages

Search

2011 ജൂലൈ 9

ന്യൂനപക്ഷ മതചിഹ്നങ്ങള്‍ തട്ടിനിരത്തിയുണ്ടാക്കിയ മതേതര കളിസ്ഥലങ്ങള്‍

ജമീല്‍ അഹ്‌മദ്‌

1. കേരളത്തിലെ മുസ്‌ലിം സമുദായത്തില്‍ നാമറിയാത്ത രീതിയില്‍ വര്‍ഗീയത വളര്‍ന്നുകൊണ്ടിരിക്കുന്നുണ്ട്‌ എന്ന നിരീക്ഷണം കളിയായി തള്ളേണ്ട ഒന്നല്ല.
2. എല്ലാ സമുദായക്കാരും താന്താങ്ങളുടേതായ വിദ്യാഭ്യാസ സ്ഥാപനങ്ങളും പാര്‍പ്പിടങ്ങളും നിര്‍മിക്കുകയും അവയില്‍ മാത്രം ഒതുങ്ങുകയും ചെയ്യുന്നതോടെ മതില്‍ കെട്ടിത്തിരിച്ച ലോകങ്ങള്‍ സൃഷ്‌ടിക്കപ്പെടുന്നു.
3. പ്രസ്ഥാന കുടുംബത്തില്‍നിന്ന്‌ വിവാഹാലോചന ക്ഷണിക്കുന്നത്‌ ഈ മതില്‍ സ്വന്തം മതത്തിനുള്ളിലും കെട്ടിയുയര്‍ത്തുന്നു എന്നതിന്‌ തെളിവാണ്‌.
4. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മത സാമുദായിക സംഘടനകള്‍ ഇത്തരത്തിലുള്ള അകല്‍ച്ച വര്‍ധിപ്പിക്കുന്നു.
എ.പി കുഞ്ഞാമു പ്രബോധനത്തില്‍ ഏതാനും ലക്കം മുമ്പ്‌ എഴുതിയ ഒരു മറുകുറിപ്പിലെ ചില പ്രധാന തീര്‍പ്പുകളാണ്‌ മുകളില്‍ അക്കമിട്ടു നിരത്തിയത്‌. ചില മുസ്‌ലിം എഴുത്തുകാര്‍ക്കുള്ള പൊതുബോധം ഈ നിരീക്ഷണങ്ങളിലുണ്ടെന്നതിനാല്‍ വെറുമൊരു പ്രതികരണം എന്ന്‌ കുറിപ്പിട്ട്‌ അതിനെ അവഗണിക്കാനാവുന്നില്ല. ചിലെരങ്കിലും `അപ്പറഞ്ഞതിലും കാര്യമില്ലേ' എന്നും കരുതുന്നുണ്ടാകണം. മതേതരത്വത്തിന്റെ സുവര്‍ണകാലം മനുഷ്യനെ രക്ഷിക്കാനെത്തുമെന്ന്‌ കുറഞ്ഞയളവിലെങ്കിലും സ്വപ്‌നം കാണുന്നവര്‍ക്ക്‌ അങ്ങനെ കരുതാതിരിക്കാനുമാവില്ല. `കേരളത്തിലെ മുസ്‌ലിം സമുദായത്തില്‍ നാമറിയാത്ത രീതിയില്‍ വളര്‍ന്നുവരുന്ന വര്‍ഗീയത'യുടെ പ്രധാന തെളിവുകളാണല്ലോ ബാക്കി പറഞ്ഞ കാര്യങ്ങള്‍. അവ പരിഹരിച്ചാല്‍ വര്‍ഗീയത ശമിച്ച്‌ മിതവാദികളായി മുസ്‌ലിം സമുദായം രക്ഷപ്പെട്ടുകളയും എന്ന്‌ ആര്‍ക്കെങ്കിലും വാദമുണ്ടെങ്കില്‍ അവരുടെ സാമാന്യ ബുദ്ധിയില്‍ സംശയിക്കേണ്ടിയിരിക്കുന്നു. കാരണം അത്രയും അരാജകവും വ്യക്തിനിഷ്‌ഠവും സദാചാര വിരുദ്ധവുമായ പൊതു ഇടമാണ്‌ മതത്തിന്‌ പ്രവേശനമില്ലാത്ത സമൂഹങ്ങള്‍ ഏറ്റെടുക്കുന്നത്‌. മനുഷ്യ വംശത്തിന്റെ ചരിത്രവും വര്‍ത്തമാനവും അതിനു തെളിവാണ്‌. മതം പോലും ദുഷിച്ചുപോയിട്ടുണ്ടെങ്കില്‍ അതും ഒരര്‍ഥത്തില്‍ മതേതര യുക്തിബോധത്തിന്റെ വിഷംതീണ്ടിയാണ്‌.
ലോകത്തെ ബാധിച്ച എല്ലാ ഗുലുമാലുകള്‍ക്കും ശുദ്ധമതേതരത്വം മരുന്നാണെന്ന്‌ കരുതുന്നത്‌ ഒരുതരം അന്ധവിശ്വാസമാണ്‌. കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ മേധാവിത്വം നേടിയ മതേതര യുക്തിരോഗം മുസ്‌ലിം ക്ഷമാപണ നിലപാടുകള്‍ക്ക്‌ അലങ്കാരമായിത്തോന്നുക സ്വാഭാവികം. ആ ക്ഷമാപണം യഥാര്‍ഥത്തില്‍ മൃദുഹിന്ദുത്വത്തോടാണെന്ന്‌ തുറന്നുപറയുന്നതില്‍ ബേജാറുണ്ടാകുന്നതും സ്വാഭാവികം. ഭൂരിപക്ഷ സമുദായത്തിന്റെ പൊതുവികാരങ്ങളോട്‌ സമരസപ്പെട്ട ഒരു മതേതര കളിസ്ഥലമാണ്‌ ന്യൂനപക്ഷ മതചിഹ്നങ്ങള്‍ തട്ടിനിരത്തി ഉണ്ടാക്കപ്പെടുന്നത്‌. അതുകൊണ്ടുതന്നെ പലപ്പോഴും അത്‌ ഇന്ത്യയെ സംബന്ധിച്ചേടത്തോളം ഹൈന്ദവമതേതരത്വമാണ്‌. നിലനില്‍ക്കുന്ന ഭൂരിപക്ഷാധികാരയുക്തിയുടെയും അധിനിവേശം നടത്തുന്ന പാശ്ചാത്യ ക്രൈസ്‌തവ യുക്തിയുടെയും സങ്കരസംസ്‌കാരത്തെയാണ്‌ ഇന്ത്യയില്‍ പൊതുവെയും കേരളത്തില്‍ പ്രത്യേകിച്ചും നാം മതരഹിതമായ പൊതുസമൂഹത്തിന്റെ മാതൃകയായി കാണിക്കുന്നത്‌. ആദ്യം അക്കമിട്ടു നിരത്തിയ കാര്യങ്ങളിലെ `പ്രശ്‌ന'ങ്ങളുടെ മറുവശം ചിന്തിച്ചാല്‍മതി, ഈ മതേതരവാദത്തിന്റെ പുറംപൂച്ച്‌ മാഞ്ഞുപോകും.
ഇന്ത്യന്‍ മതനിരപേക്ഷതയെന്നും യൂറോപ്യന്‍ മതരഹിത സമൂഹമെന്നും രണ്ടുതരം സെക്യുലറിസമുണ്ടെന്നാണ്‌ പൊതു സംസാരം. ഒരു ഭരണഘടന അനുസരിക്കുന്ന നിലപാടുകളെ സംബന്ധിച്ചേടത്തോളം ആ വ്യക്തമാക്കല്‍ പൂര്‍ണമായും ശരിതന്നെ. എന്നാല്‍ ഒരു വ്യക്തിയെയും സമൂഹത്തെയും സംഘത്തെയും അടിസ്ഥാനമാക്കിയാകുമ്പോള്‍ ആ വിഭജനം ശരിയല്ല. അവിടെ സെക്യുലറിസമെന്നാല്‍ മതത്തിന്‌ പ്രവേശനമില്ലാത്ത അരാജകസ്ഥാനം തന്നെയാണ്‌. മതേതരത്വത്തില്‍ മതാംശങ്ങളുടെ മരുന്ന്‌ എപ്പോള്‍ കലരുന്നുവോ അപ്പോള്‍ അത്‌ ശുദ്ധ മതനിരപേക്ഷതയല്ലാതായി മാറും. `കേരളഗ്രാംഷി'യെന്ന്‌ വിശേഷിപ്പിക്കപ്പെട്ട കെ.ഇ.എന്‍ മുന്നോട്ടുവെക്കുന്ന മതാത്മക സെക്യുലറിസത്തോട്‌ ചില ഇടതുബുദ്ധിജീവികള്‍ക്കുപോലും ഒത്തുപോകാന്‍ കഴിയാത്തതും അതുകൊണ്ടുതന്നെ. ഒരു മതവിശ്വാസിക്ക്‌ ആ മതേതര രാഷ്‌ട്രത്തില്‍ പൗരത്വം ലഭിക്കാന്‍ അവന്റെ മതവിശ്വാസത്തിന്റെ ചിഹ്നങ്ങളില്‍ പലതും ഊരിവെക്കേണ്ടിവരും. എന്നാല്‍ മതേതരവാദിക്കും പാര്‍ട്ടിക്കും തന്റെ കപടസ്‌നേഹംകൊണ്ട്‌ മതസ്ഥാപനങ്ങളില്‍ എന്നും സീറ്റും വോട്ടും തരപ്പെടുകയും ചെയ്യും. ഈ സൗജന്യം അനുഭവിക്കാന്‍ പലപ്പോഴും ചില നാട്യക്കാര്‍ക്ക്‌ മതത്തോടൊപ്പംനിന്ന്‌ മതേതരത്വത്തെക്കുറിച്ച്‌ വാചാലമാകേണ്ടിവരുന്നു.
അല്ലെങ്കില്‍ തന്നെ എ.പി കുഞ്ഞാമു തന്റെ പ്രതികരണത്തില്‍ വ്യംഗ്യമായി സൂചിപ്പിക്കുന്ന, മതചിഹ്നങ്ങള്‍ക്ക്‌ പ്രവേശനമില്ലാത്ത ആ പൊതു ഇടം ഏതാണ്‌? ആരാണവിടത്തെ അധികാരികള്‍? അവിടത്തെ പൊതു നിയമവ്യവസ്ഥ നിര്‍ണയിക്കുന്നത്‌ ആരാണ്‌? അവിടെ വ്യവഹരിക്കുന്ന മതേതര പൊതുചിഹ്നങ്ങള്‍ എന്താണ്‌? `പൊട്ടുതൊടുന്നത്‌ ഭംഗിക്കല്ലേ, നിലവിളക്കുകൊളുത്തുന്നത്‌ വെളിച്ചം വിതറാനല്ലേ, കൈക്കൂപ്പുന്നത്‌ ബഹുമാനിക്കാനല്ലേ' തുടങ്ങിയ `മതേതര യുക്തി'കളോടെ പല ഹൈന്ദവ ചിഹ്നങ്ങളും ആ പൊതുഇടത്തില്‍ സാധ്യമാണ്‌. എന്നാലോ, തട്ടവും തൊപ്പിയും താടിയും മഫ്‌തയും പര്‍ദയും അവിടെ തീവ്ര - ഭീകര മതചിഹ്നങ്ങളായി അസാധ്യമാവുകയും മാറ്റിനിറുത്തപ്പെടുകയും ചെയ്യും. അതുകൊണ്ടാണ്‌, ഖദീജാ മുംതാസിനെപ്പോലുള്ള സാമുദായിക വിമര്‍ശകരുടെ നോവലിലും എഴുത്തുകളിലും മൃദുഹൈന്ദവസമാധാനപ്പെടലുകളുണ്ടെന്ന്‌ തുറന്നുപറയേണ്ടിവരുന്നത്‌. അങ്ങനെയല്ലെങ്കില്‍, ആ മതേതര പൊതുസ്ഥലി എങ്ങനെയായിരിക്കണമെന്ന്‌ വിശദീകരിക്കാനുള്ള ബാധ്യത അക്കൂട്ടര്‍ക്കുണ്ട്‌.

[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം