ഫേസ്‌ബുക്ക് തലമുറ രണ്ട് ചിത്രങ്ങള്‍
മുസ്‌ലിം ചെറുപ്പക്കാരുടെ ധാര്‍മികത്തകര്‍ച്ചയില്‍ ഉത്‌കണ്‌ഠപ്പെടാത്ത മൗലവിമാരും മതപ്രഭാഷകരും വളരെ കുറവായിരിക്കും. മൈക്ക് കിട്ടിയാലുടന്‍, വിഷയമെന്തായാലും പുതിയ തലമുറയുടെ സദാചാരത്തകര്‍ച്ച, ധാര്‍മികച്യുതി, അനുസരണമില്ലായ്‌മ, മദ്യപാനം, പുകവലി, പഠനത്തോടുള്ള വിരക്തി, അധ്വാനമില്ലായ്‌മ... എന്നു തുടങ്ങിയുള്ള സ്ഥിരം പ്രശ്‌നങ്ങളെക്കുറിച്ച് അവര്‍ക്ക് ധാരാളം സംസാരിക്കാനുണ്ടാവും. വിഷയം ചെറുപ്പക്കാരെക്കുറിച്ചാണെങ്കില്‍ ആകെപ്പാടെ പറയാനുണ്ടാവുക അവരുടെ ധാര്‍മിക പ്രശ്‌നം മാത്രമായിരിക്കും. പള്ളി ഖത്വീബുമാരുടെ സ്ഥിരം നമ്പറുകളിലൊന്നാണിത്. പഴയ തലമുറയുമായുള്ള താരതമ്യവും ഇത്തരം പ്രഭാഷണങ്ങളുടെ അനിവാര്യ ഘടകമാണ്. പണ്ടത്തെ കുട്ടികള്‍ ഹ, എന്തു നല്ല കുട്ടികള്‍; ഇന്നത്തെ കുട്ടികളോ, പണ്ടത്തെ അധ്യാപകര്‍ എന്തു നല്ല അധ്യാപകര്‍; ഇന്നോ, പണ്ടത്തെ ദീനീ ബോധം എത്ര ഗംഭീരം; ഇന്നത്തെ സ്ഥിതിയോ... അങ്ങനെ പോയിപ്പോയി `പണ്ടത്തെക്കാലം മഹത്തായ കാലം ഇന്നത്തെ കാലം മോശം കാലം' എന്നൊരു ലളിത സമവാക്യത്തില്‍ എല്ലാ പ്രഭാഷകരും എളുപ്പത്തില്‍ എത്തിച്ചേരും. `പഴയ തലമുറ കേമന്മാര്‍, ഇവന്മാര്‍ ഒന്നിനും കൊള്ളാത്തവര്‍' എന്നതാണ് ഈവക വ്യവഹാരങ്ങളുടെ മുഴുവന്‍ സൈദ്ധാന്തിക അടിത്തറ. ഇതിന് പ്രത്യേകിച്ച് ഡാറ്റയുടെ പിന്‍ബലമോ വസ്‌തുനിഷ്‌ഠ പഠനങ്ങളുടെ പിന്തുണയോ ഒന്നും ഹാജരാക്കാറില്ല. കണ്ണടച്ചുള്ളൊരു ധാര്‍മിക ലാത്തിച്ചാര്‍ജ്; ശുഭം. വിഷയം ഭംഗിയായി അവതരിപ്പിച്ചെന്ന സമാധാനത്തില്‍ പ്രഭാഷകന് നിര്‍ത്താം. പൊതുകാര്യങ്ങളെക്കുറിച്ചും പുതിയ കാര്യങ്ങളെക്കുറിച്ചും തനിക്ക് അറിവുണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ആഗ്രഹിക്കുന്ന മതപ്രഭാഷകര്‍, ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ എന്നിവയുമായി ബന്ധപ്പെട്ട പുതിയ പോയിന്റുകള്‍ പറയും. അപ്പോഴും ഉന്നം ചെറുപ്പക്കാര്‍ക്ക് നേരെ. ചെറുപ്പക്കാരും വിദ്യാര്‍ഥികളും മുഴുവന്‍ ചുമ്മാ ഇന്റര്‍നെറ്റിന്റെ മുന്നിലിരുന്ന് സമയം കളയുകയാണ്, അത് മുഴുവന്‍ അശ്ലീലമാണ്, പുതിയ തലമുറ ഇതിന്റെയൊക്കെ അടിമകളായി മാറിയിരിക്കുന്നു, അതിനാല്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കുക, അധ്യാപകര്‍ ചെവിക്ക് പിടിക്കുക... അങ്ങനെ പോവും മുന്നറിയിപ്പുകള്‍. കേട്ടാല്‍ തോന്നുക നമ്മുടെ നാട്ടിലെ ചെറുപ്പക്കാര്‍ക്ക് അശ്ലീലം കാണാനും കേള്‍ക്കാനും വേണ്ടി മാത്രം ഉണ്ടാക്കിയ ഉരുപ്പടിയാണ് ഈ ഇന്റര്‍നെറ്റും മൊബൈല്‍ ഫോണുമെന്നാണ്. ഇതിനെക്കുറിച്ചൊന്നും പ്രത്യേകിച്ച് ധാരണയൊന്നുമില്ലാത്ത സാധാരണ ശ്രോതാവ് ഹോജ രാജാവായ തമ്പുരാനേ, എങ്ങോട്ടാണീ കുട്ടികള്‍ പോകുന്നതെന്ന് നെടുവീര്‍പ്പിട്ട് ഹൃദയാഘാത സാധ്യതയും ബ്ലഡ് പ്രഷറും വര്‍ധിപ്പിക്കും.
അങ്ങനെ, മിമ്പറുകളായ മിമ്പറുകളില്‍ നിന്നെല്ലാം ഈ പ്രഘോഷണങ്ങള്‍ മുഴങ്ങിക്കൊണ്ടിരിക്കെയാണ് മുസ്‌ലിം ലോകത്തെ ചെറുപ്പക്കാര്‍ ഈ ഇന്റര്‍നെറ്റും ഫേസ്‌ബുക്കും ഐഫോണും എല്ലാം ഉപയോഗിച്ച് മൗലവിമാരുടെയും മുസ്‌ലിയാക്കളുടെയും പിന്തുണയോടെ ദശാബ്‌ദങ്ങളായി രാജ്യം കൈപ്പിടിയില്‍ വെച്ച് അമ്മാനമാടിയിരുന്ന മര്‍ദക ഭരണകൂടങ്ങളെ ഒന്നൊന്നായി തൂത്തെറിയാന്‍ തുടങ്ങിയത്. ഇന്റര്‍നെറ്റ് കണക്‌ഷന്‍ കൊടുത്താല്‍ കുട്ടികള്‍ അശ്ലീലം കണ്ടിരുന്നോളും എന്ന് വിചാരിച്ച മൗലവിക്കും മിലിട്ടറിക്കും തെറ്റി. അങ്ങനെയാണ് തഹ്‌രീര്‍ സ്‌ക്വയറും തുനീഷ്യയുമെല്ലാം സംഭവിച്ചത്.
പുതിയ തലമുറയെക്കുറിച്ച പരമ്പരാഗത മതനേതൃത്വത്തിന്റെയും മതേതര നേതൃത്വത്തിന്റെയും ധാരണകള്‍ക്ക് മേല്‍ പതിച്ച വലിയ പ്രഹരം എന്ന നിലയില്‍ മുസ്‌ലിം ലോകത്തെ സംഭവവികാസങ്ങള്‍ വിശകലനം ചെയ്യാവുന്നതാണ്. ചെറുപ്പക്കാരെക്കുറിച്ച് പരമ്പരാഗത മതനേതൃത്വം വെച്ചു പുലര്‍ത്തുന്ന ധാരണ മേല്‍ വിവരിച്ചു. മതേതര നേതൃത്വവും ബുദ്ധിജീവി വര്‍ഗവും ഇതില്‍ നിന്ന് വ്യത്യസ്‌തരല്ല. കാമ്പസുകള്‍/യുവാക്കള്‍ അരാഷ്‌ട്രീയവത്‌കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നുള്ളത് കാലങ്ങളായി മതേതര ബുദ്ധിജീവി വര്‍ഗം ഉയര്‍ത്തുന്ന ഒരു പരാതിയാണ്. ഹ, എഴുപതുകളിലെ കാമ്പസ്, പഴയകാലത്തെ യുവാക്കള്‍ എന്നൊക്കെ അവര്‍ കോള്‍മയിര്‍ കൊള്ളുന്നത് ഈ അടിസ്ഥാനത്തില്‍ നിന്നുകൊണ്ടാണ്. എഴുപതുകള്‍ എന്തോ വലിയ സംഭവമാണെന്നും ഇന്നത്തെ ചെറുപ്പക്കാരെല്ലാം വെറും ബ്രോയ്‌ലര്‍ കോഴികളും ഇന്‍ര്‍നെറ്റിന്റെയും മൊബൈല്‍ ഫോണിന്റെയുമൊക്കെ അടിമകളുമാണ് എന്നതാണ് ഇവരുടെ സിദ്ധാന്തം. ഇടതുബുദ്ധിജീവികളുടെ ഈ വക വര്‍ത്തമാനങ്ങള്‍ കേട്ട് വിദ്യാര്‍ഥികള്‍ക്ക് നേരെ `അരാഷ്‌ട്രീയ ചാപ്പ' കുത്താന്‍ വലതുബുദ്ധിജീവികളും ഇസ്‌ലാമിക ബുദ്ധിജീവികളുമെല്ലാം അഹമഹമികയാ മുന്നോട്ട് വരുന്നത് കാണാം. സത്യത്തില്‍ ഇതില്‍ വല്ല കാമ്പുമുണ്ടോ? യുവാക്കള്‍ `അരാഷ്‌ട്രീയവത്‌കരിക്കപ്പെട്ടു'വെന്ന് ഇടതു ബുദ്ധിജീവികള്‍ പറയുന്നതിന്റെ യഥാര്‍ഥ അര്‍ഥം, ഇടതുപക്ഷത്തിന് മുദ്രാവാക്യം വിളിക്കാനും പഴയതു പോലെ/ എഴുപതുകളിലേതു പോലെ ഇടതുമിഥ്യകളില്‍ അഭിരമിക്കാനും ചെറുപ്പക്കാരെ കിട്ടുന്നില്ലെന്നതാണ്. അതായത്, തങ്ങളുടെ പ്രസംഗം കേള്‍ക്കാന്‍, തങ്ങളുടെ പുസ്‌തകങ്ങള്‍ വായിക്കാന്‍, തങ്ങളെപ്പോലെ മുടിമുറിക്കാതെ, കുളിക്കാതെ, ബീഡിയും വലിച്ച് തോള്‍സഞ്ചിയും തൂക്കി നടക്കാന്‍ ആളെക്കിട്ടാതാവുന്നതിനാണ് അവര്‍ അരാഷ്‌ട്രീയവത്‌കരണം എന്നു പറയുന്നത്. അവരുടെ ഈ ആവലാതി ഇസ്‌ലാമികര്‍ക്ക് സത്യസന്ധമായി ഏറ്റെടുക്കാന്‍ കഴിയുമോ? സത്യത്തില്‍ മുസ്‌ലിം സമൂഹത്തിലെങ്കിലും ചെറുപ്പക്കാരുടെ പ്രതിനിധാനം ഇപ്പറഞ്ഞ തരത്തിലാണോ? പള്ളികളില്‍ മുമ്പുള്ളതിന്റെ പതിന്മടങ്ങ് ഇന്ന് ചെറുപ്പക്കാരാണ്. മിക്കവാറും പള്ളികളുടെ, മദ്‌റസകളുടെ, സകാത്ത് കമ്മിറ്റികളുടെ, റിലീഫ് സംരംഭങ്ങളുടെ, സാമൂഹിക സേവന വേദികളുടെ, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെയെല്ലാം മുന്‍പന്തിയില്‍ ഇന്ന് മുസ്‌ലിം ചെറുപ്പക്കാരാണ്. മുമ്പത്തെക്കാള്‍ ചടുലരും സജീവരും മതബോധമുള്ളവരും സാമൂഹിക ബോധമുള്ളവരുമാണ് ഇന്ന് മുസ്‌ലിം യുവത; സംഘടനാ ഭേദമില്ലാതെ. പള്ളിയിലെ സ്വഫ്‌ഫുകളില്‍ മാത്രമല്ല പള്ളിക്കമ്മിറ്റികളിലും അവര്‍ക്ക് നിര്‍ണായക പ്രാതിനിധ്യമുണ്ട്. നമ്മുടെ നാട്ടില്‍ പ്രവര്‍ത്തിക്കുന്ന മുസ്‌ലിം സംഘടനകളെ എടുത്ത് പരിശോധിച്ചു നോക്കൂ. എല്ലാവര്‍ക്കും വളരെ സജീവമായ വിദ്യാര്‍ഥി, യുവജന വിഭാഗങ്ങളുണ്ട്. എന്നല്ല, ഈ സംഘടനകളുടെയെല്ലാം പൊതുമുഖമായി പലപ്പോഴും ജ്വലിച്ചു നില്‍ക്കുന്നത് വിദ്യാര്‍ഥി യുവജന ഗ്രൂപ്പുകളാണ്. സംഘടനയുടെ ദിശയും ഉള്ളടക്കവും നിര്‍ണയിക്കുന്നതിലും പുതിയ വെളിച്ചങ്ങള്‍ സംഘടനയിലേക്ക് കടത്തുന്നതിലും -അത് ഗുണപരമാണെങ്കിലും നിഷേധാത്മകമാണെങ്കിലും- യുവ/വിദ്യാര്‍ഥി ഗ്രൂപ്പുകളാണ് ഏറ്റവും പ്രധാനമായിട്ടുള്ളത്. ചെറിയ ഉദാഹരണത്തിലൂടെ ഇക്കാര്യം കൂടുതല്‍ വ്യക്തമാവും. താടി വളര്‍ത്തലിനാണോ ചെടി വളര്‍ത്തലിനാണോ ദീനില്‍ മുന്‍ഗണന നല്‍കേണ്ടതെന്ന സംവാദം മുജാഹിദ് പ്രസ്ഥാനത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ അവരുടെ യുവവിഭാഗമാണ് നിര്‍ണായക പങ്ക് വഹിച്ചത്. അതിനെത്തുടര്‍ന്ന്, ആ പ്രസ്ഥാനത്തില്‍ ഭിന്നിപ്പുണ്ടായി. പക്ഷേ, ഭിന്നിപ്പിന് ശേഷം ഇരുവിഭാഗവും അവയുടെ ആശയ പരിസരം വിപുലപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ അതിലും മുന്‍കൈ എടുത്തത് അതിലെ ചെറുപ്പക്കാരായിരുന്നു. താടിയും ജിന്നും മന്ത്രവാദവും സംഗീത വിരോധവുമെല്ലാം ഒരു വിഭാഗത്തിലെ ചെറുപ്പക്കാര്‍ ഉയര്‍ത്തിക്കൊണ്ടു വന്നു. പലപ്പോഴും മുതിര്‍ന്ന നേതൃത്വം പകച്ച് പോവുന്ന മുറക്ക്, ഇതുവരെ കേട്ടിട്ടില്ലാത്ത ഹദീസുകളുടെ കെട്ടുകള്‍ അഴിച്ചുവിട്ട് കേരളീയ മുസ്‌ലിം സമൂഹത്തില്‍ പുത്തന്‍ പ്രവണതകള്‍ പരിചയപ്പെടുത്താന്‍ അവര്‍ക്ക് കഴിഞ്ഞു. മറുവിഭാഗത്തിലെ ചെറുപ്പക്കാരാവട്ടെ അല്‍പംകൂടി സര്‍ഗാത്മകമായി കാര്യങ്ങളെക്കാണാനും പരമ്പരാഗത സലഫി വരട്ടുവാദത്തില്‍ നിന്ന് പുറത്ത് കടന്ന് ഇസ്‌ലാമിന്റെ ജൈവികതയും സൗന്ദര്യവും പ്രതിഫലിപ്പിക്കാനുള്ള ശേഷി നേടിയെടുക്കാന്‍ ശ്രമിച്ചു. ആ ശേഷി തങ്ങളുടെ മാതൃപ്രസ്ഥാനത്തിലേക്ക് സന്നിവേശിപ്പിക്കുന്നതിലും ചെറിയ രീതിയില്‍ അവര്‍ വിജയിച്ചു. പറഞ്ഞുവന്ന കാര്യം ഇതാണ്- വളരെ സമ്പന്നവും സജീവവുമായ യുവജനസമൂഹത്താല്‍ അനുഗൃഹീതമാണിന്ന് ഇസ്‌ലാമിക സമൂഹം. സി.പി.ഐയേക്കാള്‍ എന്തെങ്കിലുമൊരു വ്യത്യസ്‌തതയും മുന്‍കൈയും സമര്‍പ്പിക്കാന്‍ എ.ഐ.വൈ.എഫിനോ (ഇന്ത്യയിലെ ആദ്യത്തെ യുവജന പ്രസ്ഥാനമാണിതെന്ന് ഓര്‍ക്കുക) കോണ്‍ഗ്രസിനേക്കാള്‍ പ്രവര്‍ത്തന മികവ് കാണിക്കാന്‍ യൂത്ത് കോണ്‍ഗ്രസിനോ സാധിക്കാത്ത കാലത്താണ്, സി.പി.എമ്മിനേക്കാള്‍ ഡി.വൈ.എഫ്.ഐ വാര്‍ധക്യം അനുഭവിക്കുന്ന സന്ദര്‍ഭത്തിലാണ് ഇതെന്നോര്‍ക്കുക. ശാസ്‌ത്ര സാഹിത്യ പരിഷത്തിന്റെയോ പു.ക.സയുടെയോ പരിപാടികള്‍ക്ക് പോയി നോക്കൂ. തലനരക്കാത്ത, പെന്‍ഷനാവാത്ത ആളുകളെ ആ സദസ്സുകളില്‍ കണ്ടു കിട്ടുക പ്രയാസമായിരിക്കും. എന്നാല്‍, മുസ്‌ലിം സംഘടനകളുടെ പരിപാടികളില്‍ ഇതല്ല സ്ഥിതി എന്നു ഉറപ്പിച്ചു പറയാന്‍ കഴിയും. മുസ്‌ലിം പെണ്‍കുട്ടികളുടെ കാര്യം ഇതിലും ആഹ്ലാദകരമാണ്. കേരളത്തിലെ പ്രമുഖമായ ഏത് കലാലയത്തില്‍ വേണമെങ്കിലും പോയി നോക്കൂ. മിടുക്കികളും ആത്മവിശ്വാസമുള്ളവരുമായ, ഇസ്‌ലാമിക ചിട്ടകള്‍ പാലിക്കുന്ന വിദ്യാര്‍ഥിനികളുടെ വലിയൊരു നിരയെ നമുക്കവിടെ കാണാന്‍ കഴിയും. പഠനത്തിന്റെയും കരിയറിന്റെയും പുതിയ മേഖലകളിലേക്ക് കടന്നു ചെല്ലാനുള്ള തന്റേടം അവരിന്ന് ആര്‍ജിച്ചിരിക്കുന്നു. കോളേജുകളിലെയും യൂനിവേഴ്‌സിറ്റികളിലെയും സംവാദവേദികളിലും യൂനിയന്‍ തെരഞ്ഞെടുപ്പുകളിലും അവര്‍ അവരുടെ സാന്നിധ്യം ശക്തമായി അറിയിച്ചുകൊണ്ടിരിക്കുന്നു. കാര്യങ്ങള്‍ അങ്ങനെയിരിക്കെ, മതേതര ബുദ്ധിജീവികളുടെയും വിഷയ ദാരിദ്ര്യം അനുഭവിക്കുന്ന മൗലവിമാരുടെയും പ്രയോഗങ്ങള്‍ കടമെടുത്ത് നാം ഇനിയും നമ്മുടെ ചെറുപ്പക്കാരെ ഭര്‍ത്സിക്കേണ്ടതുണ്ടോ?
മുസ്‌ലിം ചെറുപ്പക്കാര്‍ സമ്പൂര്‍ണമായും ശരിയാണെന്നും വൃദ്ധന്മാരെല്ലാം മാറിനില്‍ക്കണമെന്നുമല്ല പറയുന്നത്. കാര്യങ്ങളെ വസ്‌തുനിഷ്‌ഠമായും യാഥാര്‍ഥ്യ ബോധത്തോടെയും മനസ്സിലാക്കാന്‍ കഴിയണം. ക്ലീഷേകള്‍ക്കും യാഥാസ്ഥിക മനോഭാവങ്ങള്‍ക്കും അവധി നല്‍കാന്‍ ശീലിക്കണം. അല്ലെങ്കില്‍ പുതിയ തലമുറയുമായുള്ള കണക്‌ഷന്‍ `പരിധിക്ക് പുറത്താവു'കയോ അല്ലെങ്കില്‍ `ഇപ്പോള്‍ പ്രതികരിക്കുന്നില്ല' എന്ന അവസ്ഥയിലെത്തുകയോ ചെയ്യും. സമുദായ നേതാക്കളും ബുദ്ധിജീവികളും പുലര്‍ത്തേണ്ട വലിയൊരു ജാഗ്രതയാണിത്. ആശയപരവും സൈദ്ധാന്തികവും സംഘടനാപരവുമൊക്കെയായ വൈവിധ്യങ്ങള്‍ നിറഞ്ഞ പ്രവണതകളെ സ്വീകരിക്കാന്‍ കഴിയുന്ന ഒരു ആന്റിന മുസ്‌ലിം യുവത ഉയര്‍ത്തിവെച്ചിട്ടുണ്ട്. ആ ആന്റിനയില്‍ പതിയുന്ന സിഗ്നലുകളെ മനസ്സിലാക്കാന്‍ സമുദായത്തിലെ എല്ലാവര്‍ക്കും കഴിയണം. വ്യക്തിപരമായ അഭിരുചികളുടെ രംഗത്ത് പോലും ഇത്തരം വിഷയങ്ങള്‍ പ്രധാനമാണ്. ഇപ്പോള്‍ തന്നെ, വിദ്യാസമ്പന്നരായ മക്കള്‍-ആണ്‍കുട്ടികള്‍ മാത്രമല്ല, പെണ്‍കുട്ടികളും- വിവാഹ കാര്യത്തില്‍ പോലും സ്വയം തെരഞ്ഞെടുപ്പുകള്‍ നടത്തുന്നു. ഈ തെരഞ്ഞെടുപ്പുകളെല്ലാം ദീനീ വിരുദ്ധമാണെന്നും കൗമാര ചാപല്യങ്ങളാണെന്നും കോളേജ് പ്രണയങ്ങളാണെന്നും പറഞ്ഞ് ഒറ്റയടിക്ക് തള്ളിക്കളയാന്‍ കഴിയില്ല.
മുസ്‌ലിം ചെറുപ്പക്കാരുമായി സംവദിക്കാനും അവരെ മനസ്സിലാക്കാനുമുള്ള ശേഷി മതേതര ഉപരി വര്‍ഗം നേടിയെടുത്തിട്ടില്ല എന്നത് സത്യമാണ്. യൂറോപ്യന്‍ നവോത്ഥാനത്തെ തുടര്‍ന്ന് ഉദയം ചെയ്‌ത സാന്ദര്‍ഭികവും ചരിത്രപരവുമായ സിദ്ധാന്തങ്ങളെയും കാഴ്‌ചപ്പാടുകളെയും നിത്യഹരിത ദൈവിക സത്യങ്ങളായി മനസ്സിലാക്കി പൂജിച്ച് പൂവിട്ട് കാലം കഴിക്കുന്ന അവരില്‍ നിന്ന് അങ്ങനെയൊന്ന് പ്രതീക്ഷിക്കുന്നതും വിഡ്‌ഢിത്തമാണ്. തഹ്‌രീര്‍ സ്‌ക്വയറില്‍ പരുത്തിമില്‍ തൊഴിലാളികള്‍ ധാരാളം വന്നിരുന്നുവെന്നതിനാല്‍ ഈജിപ്‌തില്‍ നടന്നത് വര്‍ഗ സമരമാണ് എന്ന് വിശകലനം ചെയ്യാന്‍ മാത്രം വീരന്മാരാണവര്‍. അവരെ വിട്ടേക്കുക. പക്ഷേ, മുസ്‌ലിം ഉലമയും സംഘടനാ നേതൃത്വങ്ങളും അവരിലെ ചെറുപ്പക്കാരെ മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടാല്‍ അത് വലിയ ദുരന്തമായിരിക്കും. മുസ്‌ലിം രക്ഷിതാവ് തന്റെ മകനെ/മകളെ മനസ്സിലാക്കുന്നതില്‍ പരാജയപ്പെടുന്നത് പോലെയുള്ള ദുരന്തം. മുസ്‌ലിം സമുദായത്തിന്റെ യൂത്ത് കള്‍ച്ചര്‍-അതിലെ ഏറ്റവും പ്രാമുഖ്യമുള്ള പ്രവണതയെന്ത് എന്ന് മനസ്സിലാക്കാന്‍ ഉലമക്കോ രക്ഷിതാക്കള്‍ക്കോ സമുദായ നേതൃത്വത്തിനോ സാധിച്ചിട്ടില്ല എന്നതാണ് സത്യം. അങ്ങനെ സാധിക്കാത്തത് കൊണ്ടാണ് ഫേസ്‌ബുക്കിന് മുന്നിലിരിക്കുന്ന പയ്യന്മാര്‍ ഒരു വിപ്ലവം കൊണ്ടുവരും എന്ന് കാലേക്കൂട്ടി കാണാന്‍ ആര്‍ക്കും കഴിയാതിരുന്നത്. അത് കൊണ്ടാണ് നമ്മള്‍ പിന്നെയും പിന്നെയും ഏതോ പഴംപാട്ടിന്റെ വരികള്‍ ഉരുവിട്ടുരുവിട്ട് ചെറുപ്പക്കാരെ കുറ്റപ്പെടുത്തുന്നതില്‍ സാഫല്യം കണ്ടെത്തുന്നത്.
ലോകത്തിന്റെ പല ഭാഗത്തും ചെറുപ്പക്കാര്‍, നേരത്തെ പറഞ്ഞതു പോലെ, ആധുനിക വിവര/സാങ്കേതിക വിദ്യയുടെയും ലഹരിയുടെയും അടിമകളായി രാഷ്‌ട്രീയ ഉദ്‌ബുദ്ധതയും മതബോധവും സാമൂഹിക ബോധവും ലക്ഷ്യബോധവുമെല്ലാം നഷ്‌ടപ്പെട്ട് നിശ്‌ചേഷ്‌ടരായിക്കൊണ്ടിരിക്കെയാണ് മുസ്‌ലിം യുവത പൊതുവെ വ്യത്യസ്‌തമായി വഴിവെട്ടുന്നതെന്ന് നാം മനസ്സിലാക്കണം. താരതമ്യേന അവരാണ് രാഷ്‌ട്രീയ പ്രബുദ്ധതയും മതബോധവും കൂടുതലുള്ളവര്‍. ലഹരി, ആത്മഹത്യ, നിരാശബാധ എന്നിവയില്‍ താരതമ്യേന അവര്‍ പിന്നില്‍ നില്‍ക്കുന്നു. അപവാദമായി വരുന്ന സംഭവങ്ങളെ സാമാന്യവത്‌കരിച്ച് നാമെത്ര സദാചാര ടിയര്‍ഗ്യാസ് പൊട്ടിച്ചാലും ഇത് യാഥാര്‍ഥ്യമായി നിലനില്‍ക്കുന്നുണ്ട്. വീഡിയോ ഗെയിമുകള്‍ക്ക് മുന്നിലിരുന്ന് സമയവും അധ്വാനവും ആയുസ്സും കളയുന്ന അമേരിക്കയിലെ ചെറുപ്പക്കാരോട് മൂന്നാം ലോകത്തെ ചെറുപ്പക്കാരെ കണ്ടു പഠിക്കാന്‍ ബറാക് ഒബാമ ആഹ്വാനം ചെയ്‌തതില്‍ നിന്ന് ഇത് നമുക്ക് മനസ്സിലാക്കാവുന്നതാണ്.
ഈയിടെ വായിച്ച ഒരു ലേഖനവും പുസ്‌തകവും വായനക്കാരുമായി പങ്ക് വെച്ച് ഈ കുറിപ്പ് അവസാനിപ്പിക്കാം. 'Facebook and modern technology are killing churches' എന്ന തലക്കെട്ടില്‍ ബ്രെറ്റ് മൈക്കല്‍ ഡൈക്‌സ് ഈയിടെ യാഹൂ ന്യൂസില്‍ എഴുതിയ ലേഖനമാണ് ഒന്നാമത്തേത്. യൂറോപ്പിലും അമേരിക്കയിലും ചര്‍ച്ച് ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം-വിശേഷിച്ച് ചെറുപ്പക്കാരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു കൊണ്ടിരിക്കുന്നതിനെക്കുറിച്ചും അതില്‍ ഫേസ്‌ബുക്ക് പോലെയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ വഹിച്ചുകൊണ്ടിരിക്കുന്ന പങ്കിനെക്കുറിച്ചുമാണ് ലേഖനം. അബിലീന്‍ (Abilene) ക്രിസ്‌ത്യന്‍ യൂനിവേഴ്‌സിറ്റിയിലെ എക്‌സ്‌പിരിമെന്റല്‍ സൈക്കോളജിസ്റ്റ് റിച്ചാര്‍ഡ് ബെക്കിന്റെ പഠനങ്ങളെ ഉപജീവിച്ചാണ് മൈക്കല്‍ ഡൈക്‌സ് ഈ ലേഖനം തയാറാക്കിയിരിക്കുന്നത്. ബെക്ക് തന്റെ ബ്ലോഗില്‍ എഴുതിയ How Facebook Killed the Church എന്ന ലേഖനത്തില്‍ സമര്‍പ്പിച്ച കണക്കുകളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തിലാണ് മൈക്കല്‍ ഡൈക്‌സിന്റെ റിപ്പോര്‍ട്ട്. രാഷ്‌ട്രീയ പ്രബുദ്ധതയില്‍ നിന്ന് മാത്രമല്ല മതപ്രബുദ്ധതയില്‍ നിന്നും പശ്ചാത്യ ചെറുപ്പക്കാരെ ഐ.ടിയും അനുബന്ധ സംവിധാനങ്ങളും അകറ്റുകയാണ് ചെയ്‌തെന്നാണ് ഇത് തെളിയിക്കുന്നത്.
ഗാരി ആര്‍ ബന്റ് (Gary R Buntt) എഴുതിയ iMuslims; Rewriting the House of Islam എന്ന പുസ്‌തകം (പ്രസാധനം, അദര്‍ പ്രസ്, ക്വലാലമ്പൂര്‍, 360 പേജ്) ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്. വിവര സാങ്കേതിക വിദ്യയോട് മുസ്‌ലിം സമുദായം എങ്ങനെ പ്രതികരിച്ചു, അവര്‍ അതിനെ എവ്വിധം ഉപയോഗപ്പെടുത്തുന്നു, സൈബര്‍ ലോകത്തെ ഇസ്‌ലാമിക പ്രതിനിധാനം എന്താണ് എന്നൊക്കെ വിശദമാക്കുന്ന ശ്രദ്ധേയമായ പഠനമാണിത്. ഇസ്‌ലാമിന്റെ `സൈബര്‍ പരിസ്ഥിതി' എന്ന പരികല്‍പനയെ സൃഷ്‌ടിച്ച് അതിന്റെ വൈവിധ്യമാര്‍ന്ന വശങ്ങളെ പരിശോധിക്കുകയാണ് ഗ്രന്ഥകര്‍ത്താവ്. മുസ്‌ലിംകള്‍ നടത്തുന്നതും ഇസ്‌ലാമുമായി ബന്ധപ്പെട്ടതുമായ വിവിധ വെബ്‌സൈറ്റുകള്‍, സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍, പോര്‍ട്ടലുകള്‍, വീഡിയോ ഷെയറിംഗ് പോര്‍ട്ടലുകള്‍, ഇസ്‌ലാമിക് ബ്ലോഗോസ്‌ഫിയര്‍ എന്നിവയെ സൂക്ഷ്‌മമവും വിശദവുമായ പഠനങ്ങള്‍ക്ക് വിധേയമാക്കാന്‍ ലേഖകന് കഴിഞ്ഞിട്ടുണ്ട്. ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ `സോഴ്‌സ് കോഡ്' പോളിച്ചെഴുതി എന്നുള്ളതാണ് `ഡിജിറ്റല്‍ ഇസ്‌ലാം' നടത്തിയ ഏറ്റവും വലിയ വിപ്ലവം. ഇസ്‌ലാമിക വിജ്ഞാനീയത്തിന്റെ കുത്തകാവകാശികളായ പണ്ഡിതന്മാരുടെ അധികാരത്തില്‍ വലിയ പ്രഹരമേല്‍പിക്കാന്‍ അതിന് കഴിഞ്ഞു. ഇസ്‌ലാമിക വൈജ്ഞാനിക പ്രവര്‍ത്തനങ്ങളുടെ ശ്രേണീവ്യവസ്ഥയില്‍ അടിമേല്‍ ഉലച്ചിലുണ്ടാക്കാന്‍ സൈബര്‍ ഇസ്‌ലാമിന് കഴിഞ്ഞിട്ടുണ്ട്. എല്ലാറ്റിലുമുപരി, മുസ്‌ലിം ചെറുപ്പക്കാരുടെ സുപ്രധാനമായൊരു പ്രവര്‍ത്തന മേഖലയായി ഇത് വളര്‍ന്നിരിക്കുന്നു. ബ്രൈറ്റ് മൈക്കല്‍ ഡൈക്‌സ് ക്രിസ്‌ത്യന്‍ ചെറുപ്പക്കാരുടെ കാര്യത്തില്‍ സംഭവിച്ചതായി വിലയിരുത്തിയത് പോലെ, ആധുനിക വിവര സാങ്കേതിക വിദ്യ, മുസ്‌ലിം ചെറുപ്പക്കാരെ മതത്തില്‍ നിന്ന് അകറ്റുകയല്ല, മറിച്ച് മതത്തില്‍ കൂടുതല്‍ ശക്തമായും ആത്മവിശ്വാസത്തോടെയും ഇടപെടുന്നവരായി മാറ്റുകയാണ് ചെയ്‌തിരിക്കുന്നത്. അതിനാല്‍ ഇനിയും നമ്മള്‍ പഴങ്കഥകള്‍ പറഞ്ഞ് അവരെ വിരട്ടാതിരിക്കുന്നതല്ലേ നല്ലത്.
[email protected]
Comments