ശബ്‌ദ മലിനീകരണം ഇസ്‌ലാമിക മാര്‍ഗ നിര്‍ദേശങ്ങള്‍
പ്രഭാതത്തില്‍ കോഴി കൂവുന്ന ശബ്‌ദം കേട്ട് ഉറക്കമുണര്‍ന്നിരുന്ന കാലം ഓര്‍മയാവുകയാണ്. ഇപ്പോള്‍ അലാറവും സൈറനുമാണ് നമ്മെ വിളിച്ചുണര്‍ത്തുന്നത്. ഇന്ന് നാട്ടിന്‍ പുറങ്ങളില്‍ പോലും കാതടപ്പിക്കുന്ന സംഗീതവും കര്‍ണപുടം തകര്‍ക്കുന്ന കോലാഹലങ്ങളും രാപകലില്ലാതെ അരങ്ങു തകര്‍ക്കുകയാണ്. ബഹളത്തിന്റെ കാര്യത്തില്‍ പട്ടണങ്ങളുടെ കാര്യം പറയുകയും വേണ്ട. യുദ്ധവിമാനങ്ങളും ബോംബറുകളും ഇരമ്പിക്കൊണ്ടിരിക്കുന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ അനുഭവിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ തല്‍ക്കാലം നമുക്ക് വിടാം. എന്നാല്‍, ആധുനിക സാങ്കേതിക വിദ്യയുടെ സംഭാവനകളായ അസംഖ്യം സംഗീത- ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ പുറത്തുവിടുന്ന സംഗീത വീചികള്‍ അമിതമായ തോതില്‍ അധിക കാലം ശ്രവിക്കുകയാണെങ്കില്‍ അടുത്ത തലമുറയുടെ കാതുകളുടെ സംവേദനക്ഷമത നഷ്‌ടപ്പെടാന്‍ അതു ധാരാളം മതിയാകും.
അത്യുച്ചത്തിലുള്ള സംഗീതത്തിന്റെ തോത് ചിലപ്പോള്‍ 120 ഡെസിബല്‍ വരെ എത്താറുണ്ട്. ഇത് അരമണിക്കൂറിലേറെ സമയം തുടര്‍ച്ചയായി കേട്ടാല്‍ അത് കാതിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. ഏതാനും ഗാനങ്ങള്‍ അടങ്ങിയ കാസറ്റുകള്‍ പടിയിറങ്ങുകയും ഒറ്റയിരിപ്പില്‍ തന്നെ അനേക മണിക്കൂറുകള്‍ ശ്രവിക്കാനുതകുന്ന ഉപകരണങ്ങള്‍ രംഗം കീഴടക്കുകയും ചെയ്‌ത സാഹചര്യത്തില്‍ സംഗീതവും ഒരു ആരോഗ്യ പ്രശ്‌നമാകാനിടയുണ്ട്. ഫുട്‌ബാള്‍ കളിയും മറ്റും നടക്കുമ്പോള്‍ സ്റ്റേഡിയങ്ങളില്‍ കാണികളില്‍ നിന്നുയരുന്ന ആരവവും 120 ഡെസിബലോളം വരെ എത്താറുണ്ട്. വിമാനങ്ങള്‍, വാഹനങ്ങള്‍, യന്ത്രങ്ങള്‍ എന്നിവയില്‍ നിന്നും ഉയരുന്ന ശബ്‌ദങ്ങള്‍ മാത്രമല്ല, മനുഷ്യരുടെ കണ്‌ഠങ്ങളില്‍ നിന്നുയരുന്ന ആരവവും പരിധിവിട്ടാല്‍ അപകടം തന്നെയാണ്. ഇവിടെയാണ് ശബ്‌ദ നിയന്ത്രണ രംഗത്ത് ഇസ്‌ലാം നല്‍കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രസക്തമാകുന്നത്.
മനുഷ്യ സമുഹത്തിന്റെ ശാന്തവും ആരോഗ്യകരവുമായ നിലനില്‍പിന് ഇസ്‌ലാം വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ അധികം ഒച്ചപ്പാടുണ്ടാകാതിരിക്കാന്‍ ഖുര്‍ആന്‍ ആജ്ഞാപിക്കുന്നു. അല്ലാഹു പറയുന്നു: ``നിന്റെ നടത്തത്തില്‍ നീ മിതത്വം പാലിക്കുകയും നിന്റെ ശബ്‌ദം നീ ഒതുക്കുകയും ചെയ്യുക. തീര്‍ച്ചയായും ശബ്‌ദങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും വെറുപ്പുളവാക്കുന്നത് കഴുതയുടെ ശബ്‌ദമത്രെ'' (ലുഖ്‌മാന്‍ 19). സംസാരം അന്യര്‍ക്ക് അരോചകമാകുന്ന തരത്തിലാവരുത് എന്നാണ് ഈ വചനം സൂചിപ്പിക്കുന്നത്. മനുഷ്യരുടെ ജീവിത വ്യവഹാരത്തിനിടയിലെ സാധാരണ സംസാരത്തില്‍ മാത്രമല്ല, അവരുടെ ആരാധനാ കര്‍മങ്ങളില്‍ പോലും ശബ്‌ദം അതിരുകവിയരുത് എന്നാണ് ഖുര്‍ആന്‍ അനുശാസിക്കുന്നത്. അല്ലാഹു പറയുന്നു: ``നിന്റെ പ്രാര്‍ഥന നീ ഉച്ചത്തിലാക്കരുത്. അത് പതുക്കെയുമാക്കരുത്. അതിനിടയിലുള്ള ഒരു മാര്‍ഗം നീ തേടിക്കൊള്ളുക'' (ഇസ്‌റാഅ് 110).
ഇന്ന് നമ്മുടെ നാട്ടിലെ ചില പള്ളികളില്‍ നിന്ന് വെള്ളിയാഴ്‌ച രാവിലും, തിങ്കളാഴ്‌ച രാവിലും മീലാദ് മാസം, ജീലാനി വാരം തുടങ്ങിയ അവസരങ്ങളിലും ഉച്ചഭാഷിണിയിലൂടെ ദിക്‌റുകളും സ്വലാത്തുകളും വളരെ ഉച്ചത്തില്‍ ചെല്ലുന്നത് കേള്‍ക്കാറുണ്ട്. ഇത് പരിസരവാസികള്‍ക്ക് അലോസരമാണ് എന്നതിലുപരി ഇസ്‌ലാമിക പ്രമാണങ്ങള്‍ക്ക് തികച്ചും വിരുദ്ധവുമാണ്. അല്ലാഹുവിന്റെ അപദാനങ്ങള്‍ വാഴ്‌ത്തുന്നതും അവന്റെ ദൂതരുടെ പേരില്‍ സ്വലാത്ത് ചൊല്ലുന്നതും ഇസ്‌ലാമില്‍ വളരെ പുണ്യകരമായ കര്‍മങ്ങളാണ് എന്നതില്‍ സംശയമില്ല. എന്നാല്‍ ``നിന്റെ പ്രാര്‍ഥന നീ ഉച്ചത്തിലാക്കരുത്'' എന്ന ഖുര്‍ആന്‍ വചനത്തിന്റെ താല്‍പര്യമനുസരിച്ച് അവ അമിതമായ ശബ്‌ദത്തിലാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഹദീസുകള്‍ പരിശോധിക്കുകയാണെങ്കില്‍ പ്രവാചകനും അത്യുച്ചത്തിലുളള ദൈവസ്‌മരണ വിലക്കിയതായി കാണാം. അബൂ മൂസ അല്‍ അശ്‌അരിയില്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ``ഞങ്ങള്‍ നബിയുടെ കൂടെ ഒരു യാത്രയിലായിരുന്നു. അപ്പോള്‍ ജനങ്ങള്‍ ഉച്ചത്തില്‍ തക്‌ബീര്‍ ചൊല്ലാന്‍ തുടങ്ങി. അപ്പോള്‍ നബി (സ) പറഞ്ഞു: ജനങ്ങളേ, നിങ്ങള്‍ മിതത്വം പാലിക്കുക. കാരണം നിങ്ങള്‍ ഒരു ബധിരനെയോ അല്ലെങ്കില്‍ സാന്നിധ്യമില്ലാത്തവനെയോ അല്ല വിളിക്കുന്നത്. കേള്‍ക്കുന്നവനെയും സമീപസ്ഥനെയുമാണ്. അവന്‍ നിങ്ങളോടൊപ്പമുണ്ട്'' (മുസ്‌ലിം). ദിക്‌റുകളും സ്വലാത്തുകളും മാലോകരെ കേള്‍പ്പിക്കേണ്ടതില്ല എന്നാണ് ഈ ഹദീസ് സൂചിപ്പിക്കുന്നത്. മത കര്‍മങ്ങളില്‍ ഉയര്‍ന്ന ശബ്‌ദം ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ അഭിലഷണീയമാണ്. ഉദാഹരണമായി, ഹജ്ജിന്റെ വേളയില്‍ നബി (സ) തന്റെ അനുചരന്മാരോട് ഉയര്‍ന്ന ശബ്‌ദത്തില്‍ തല്‍ബിയത്തും മറ്റും ചൊല്ലാന്‍ ആവശ്യപ്പെട്ടതായി കാണാം. അതുകൊണ്ട് തന്നെ അല്ലാഹുവിന്റെ അതിഥികള്‍ ലബ്ബൈക്ക അല്ലാഹുമ്മ ലബ്ബൈക (നിന്റെ വിളിക്ക് ഉത്തരം ചെയ്‌തു കൊണ്ട് ഞങ്ങളിതാ വന്നിരിക്കുന്നു) എന്ന് ചക്രവാളം മുട്ടുന്ന ശബ്‌ദത്തില്‍ വിളിച്ചു പറയാന്‍ ശ്രമിക്കാറുണ്ട്. പരമാവധി ശബ്‌ദമുയര്‍ത്താന്‍ അനുമതി ലഭിച്ചിട്ടുളള ഹജ്ജിന്റെ അവസരങ്ങളില്‍ പോലും സ്‌തുതി കീര്‍ത്തനങ്ങള്‍ക്കും മറ്റും ഉച്ചഭാഷിണികള്‍പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കുന്നില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. അല്ലാഹുവിന്റെ ഭവനങ്ങളില്‍ ഒരുമിച്ച് കൂടിയിരുന്ന് അവനെ സ്‌മരിക്കുന്നത് വലിയ പുണ്യകര്‍മമാണെങ്കിലും അത് ലൗഡ് സ്‌പീക്കറിലൂടെ ജനങ്ങളെ കേള്‍പിക്കുന്നതിന് പ്രമാണങ്ങളില്‍ തെളിവില്ല; അത് ചിലപ്പോള്‍ കര്‍മങ്ങളെ നിഷ്‌ഫലമാക്കുന്ന പ്രകടനപരതയിലേക്ക് വഴുതാനുമിടയുണ്ട്.
മൗനം വിശ്വാസിക്ക് ഭൂഷണം
ഒരു വിശ്വാസി അവന്റെ സംസാരത്തിന്റെയും പ്രാര്‍ഥനയുടെയും ശബ്‌ദം നിയന്ത്രിച്ചുകൊണ്ട് ശബ്‌ദ മലിനീകരണം തടയുന്നതിന് വേണ്ടി പരമാവധി പരിശ്രമിക്കാന്‍ ബാധ്യസ്ഥനാണ്. അതിലുപരിയായി അവന്റെ വായില്‍ നിന്ന് വരുന്ന വാക്കുകളും അവന്‍ നിയന്ത്രണ വിധേയമാക്കേണ്ടതുണ്ട്. കാരണം, അവന്‍ ഉച്ചരിക്കുന്ന ഓരോ വാക്കും മലക്കുകള്‍ നീരീക്ഷിക്കുകയും എഴുതിവെക്കുകയും ചെയ്യുന്നുണ്ട് എന്നാണ് ഖുര്‍ആന്‍ പറയുന്നത്. അല്ലാഹു പറയുന്നു: ``അവന്‍ ഏതൊരു വാക്ക് ഉച്ചരിക്കുമ്പോഴും അവന്റെ അടുത്ത് തയാറായി നില്‍ക്കുന്ന നിരീക്ഷകന്‍ ഉണ്ടാവാതിരിക്കുകയില്ല'' (ഖാഫ് 18).
സത്യവിശ്വാസികള്‍ തങ്ങളുടെ സംസാരത്തില്‍ കണിശമായ നിയന്ത്രണം പാലിക്കുന്നവരാകണം. ആവശ്യമുള്ള കാര്യങ്ങള്‍ ആവശ്യമെന്ന് തോന്നുന്നുവെങ്കില്‍, ആവശ്യത്തിന് മാത്രം സംസാരിക്കുക. തനിക്കോ സമൂഹത്തിനോ ഗുണകരവും പ്രയോജനകരവുമായ യാതൊന്നും സംസാരിക്കാനില്ലെങ്കില്‍ അവന്‍ മൗനം അവലംബിക്കുകയാണ് വേണ്ടത്. നബി(സ) പറഞ്ഞു: ``ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ നല്ലത് പറയട്ടെ, അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ'' (ബുഖാരി, മുസ്‌ലിം).
അമിത സംസാരം മതപരമായി അനഭിലഷണീയമായ കാര്യമാണ് എന്നതിലുപരി അത് അന്യര്‍ക്ക് ശല്യമുണ്ടാക്കുന്നത് കൂടിയാണ്. അനാവശ്യ സംസാരത്തിലൂടെ ആളുകളുടെ സമയം അപഹരിക്കുന്നവര്‍ സത്യത്തില്‍ അവരെ വധിക്കുകയാണ് ചെയ്യുന്നത്. ഇത്തരക്കാരെക്കുറിച്ച് `ആള് ഒരു കത്തിയാണ്' എന്ന പ്രയോഗം പല ഭാഷകളിലുമുണ്ട്. ഒരു മുസ്‌ലിമില്‍ നിന്ന് ഇത്തരം `കത്തികള്‍' ഉണ്ടാകരുതെന്നാണ് ഇസ്‌ലാമിക അധ്യാപനങ്ങള്‍ നമ്മെ ഉണര്‍ത്തുന്നത്. നബി (സ) പറഞ്ഞു: ``മുസ്‌ലിം എന്നാല്‍ മറ്റു മുസ്‌ലിംകള്‍ അവന്റെ നാവില്‍ നിന്നും കൈയില്‍ നിന്നും രക്ഷപ്പെട്ടവരാണ്.'' ആരാണ് ഏറ്റവും നല്ല മുസ്‌ലിം എന്ന് പ്രവാചകനോട് ഒരാള്‍ ആരാഞ്ഞപ്പോള്‍ അതിന് മറുപടിയായി നബി പറഞ്ഞത്, അവന്റെ കൈയില്‍ നിന്നും നാവില്‍ നിന്നും, അതായത് അവയുടെ ഉപദ്രവങ്ങളില്‍ നിന്ന് മറ്റുള്ളവര്‍ രക്ഷപ്പെടണമെന്നാണ്. `വാളു കൊണ്ടുള്ള മുറിവ് ഉണങ്ങിയാലും നാവ് കൊണ്ടുള്ള മുറിവ് ഉണങ്ങാന്‍ പ്രയാസമാണ്' എന്ന ആപ്‌തവാക്യവും ശ്രദ്ധേയമാണ്.
`ലക്കും ലഗാനുമില്ലാതെ സംസാരിക്കുന്നവന്‍ ഇരുട്ടില്‍ വിറക് ശേഖരിക്കുന്നവനെ പോലെ' എന്നൊരു അറബി പഴമൊഴിയുണ്ട്. രാത്രിയില്‍ വിറക് കെട്ടി വീട്ടില്‍ കൊണ്ടുവരുന്നവന്‍ താന്‍ അറിയാതെ തന്റെ ജീവന്‍ അപകടത്തിലാക്കുന്ന ഇഴജന്തുക്കളെയും ക്ഷുദ്രജീവികളെയും വഹിച്ചു കൊണ്ടുവരാനിടയുണ്ട്. അതുപോലെ നിയന്ത്രണമില്ലാതെ സംസാരിക്കുന്നവന്‍ തനിക്ക് തന്നെ അപകടം വരുത്തിവെക്കുകയാണ്. ഇത്തരത്തിലുള്ള അമിത സംസാരം ചില അനിഷ്‌ടസംഭവങ്ങള്‍ ഉണ്ടാക്കും എന്നതിലുപരി പരലോകത്ത് വലിയ നഷ്‌ടത്തിന് കാരണമാകുമെന്നാണ് പ്രവാചകന്‍ പറഞ്ഞിട്ടുള്ളത്. നബി (സ) പറഞ്ഞു: ``ഒരു ദൈവദാസന്‍ വകതിരിവില്ലാതെ സംസാരിക്കുന്നു. അതുമൂലം അവന്‍ നരകത്തില്‍ വീഴുന്നു'' (ബുഖാരി). നരകത്തില്‍ നിന്ന് രക്ഷനേടാനുള്ള മാര്‍ഗമാരാഞ്ഞപ്പോള്‍ നാവ് നിയന്ത്രിക്കാനാണ് നബി(സ) പറഞ്ഞത്. ആളുകള്‍ക്ക് അലോസരമുണ്ടാക്കുകയും ശബ്‌ദമലിനീകരണത്തിന് കാരണമാവുകയും അതിലുപരി മനുഷ്യന്റെ പരലോകം നഷ്‌ടപ്പെടാനിടവരുത്തുകയും ചെയ്യുന്ന അമിത സംസാരവും അനാവശ്യ സംസാരവും അത്യുച്ചത്തിലുള്ള സംസാരവുമെല്ലാം ഇസ്‌ലാം വിലക്കുകയാണ് ചെയ്യുന്നത്.
[email protected]
Comments