Prabodhanm Weekly

Pages

Search

2011 ജൂലൈ 9

ശിര്‍ക്ക്‌ അഥവാ ബഹുദൈവത്വം

അബ്‌ദുല്‍ മുഇസ്സ്‌ അബ്‌ദുസ്സത്താര്‍

അല്ലാഹുവിന്‌ മാത്രം അവകാശമുള്ള വിഷയങ്ങളില്‍ അവന്‌ പങ്കാളിയെ നിശ്ചയിക്കുകയാണ്‌ ശിര്‍ക്ക്‌. അല്ലാഹുവിനോടൊപ്പം മറ്റൊരു ദൈവത്തെയോ ദൈവങ്ങളെയോ സ്വീകരിക്കുക, ആരാധിക്കുക, അനുസരിക്കുക, അതിനോട്‌ സഹായാഭ്യര്‍ഥന നടത്തുക, സ്‌നേഹം പ്രകടിപ്പിക്കുക എന്നിങ്ങനെ അല്ലാഹുവിന്‌ മാത്രം അവകാശപ്പെട്ട കാര്യങ്ങള്‍ അവര്‍ക്ക്‌ വകവെച്ചുകൊടുക്കുകയാകുന്നു ശിര്‍ക്ക്‌. ഇതാണ്‌ ഏറ്റവും വലിയ ശിര്‍ക്ക്‌. ഈവിധം ശിര്‍ക്കു ചെയ്യുന്നവരുടെ ഒരു സല്‍ക്കര്‍മവും സ്വീകരിക്കപ്പെടുന്നതല്ല. കാരണം, ശിര്‍ക്കിലധിഷ്‌ഠിതമായ ഒരു കര്‍മവും സല്‍ക്കര്‍മമാവുകയില്ല. ഏതൊരു കര്‍മവും സാധുവാകുന്നതിനും സ്വീകാര്യമാവുന്നതിനും അത്‌ അല്ലാഹുവിനു വേണ്ടി മാത്രമായിരിക്കുകയെന്നത്‌ പ്രഥമ ഉപാധിയാവുന്നു. ``ആരെങ്കിലും തന്റെ നാഥനുമായി കണ്ടുമുട്ടണമെന്ന്‌ ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍ക്കര്‍മങ്ങള്‍ ചെയ്‌തുകൊള്ളട്ടെ. തന്റെ നാഥനെ വഴിപ്പെടുന്ന കാര്യത്തില്‍ ആരെയും പങ്കുചേര്‍ക്കാതിരിക്കട്ടെ'' (അല്‍കഹ്‌ഫ്‌ 110). ഒരു നിലക്കും പൊറുക്കപ്പെടാത്ത പാപമത്രെ ശിര്‍ക്ക്‌. ``തന്നില്‍ ആരെയും പങ്കുചേര്‍ക്കുന്നത്‌ അല്ലാഹു പൊറുക്കുകയില്ല. അതൊഴിച്ചുള്ളവയൊക്കെ താനിഛിക്കുന്നവര്‍ക്ക്‌ അവന്‍ പൊറുത്തുകൊടുക്കും'' (അന്നിസാഅ്‌ 116).

ശിര്‍ക്കിന്റെ ഇനങ്ങള്‍
ശിര്‍ക്ക്‌ രണ്ടിനമുണ്ട്‌. വലിയ ശിര്‍ക്കും ചെറിയ ശിര്‍ക്കും.
അല്ലാഹു ഒരിക്കലും പൊറുക്കാത്തതും സ്വര്‍ഗപ്രവേശം തടയുന്നതുമായ കുറ്റമാണ്‌ വലിയ ശിര്‍ക്ക്‌. ചെറിയ ശിര്‍ക്ക്‌, വന്‍പാപങ്ങളില്‍ പെട്ടതാണ്‌. അത്‌ ചെയ്യുന്ന ആള്‍ അതില്‍ തന്നെ ഉറച്ചു നില്‍ക്കുന്ന പക്ഷം അല്ലാഹു അവന്റെ കാരുണ്യത്താല്‍ അയാള്‍ക്ക്‌ പൊറുത്തുകൊടുക്കുകയും മരണത്തിനു മുമ്പായി പശ്ചാത്തപിക്കുകയും ചെയ്‌തില്ലെങ്കില്‍ നിഷേധിയായി മരണപ്പെട്ടേക്കാം.

പ്രകടമായ ശിര്‍ക്കും ഗോപ്യമായ ശിര്‍ക്കും
വലിയ ശിര്‍ക്ക്‌ രണ്ടിനമുണ്ട്‌. ഒന്ന്‌ വളരെ പ്രകടവും പ്രത്യക്ഷവുമായത്‌. മറ്റൊന്ന്‌ സൂക്ഷ്‌മവും ഗോപ്യവുമായത്‌.
പ്രകടമായ വന്‍ ശിര്‍ക്ക്‌: അല്ലാഹുവിനെ കൂടാതെ മറ്റു ദൈവത്തെയോ ദൈവങ്ങളെയോ ആരാധിക്കുക. സൂര്യ ചന്ദ്രനക്ഷത്രാദികള്‍, ശിലകള്‍, പ്രതിഷ്‌ഠകള്‍ പോലുള്ള നിര്‍ജീവ വസ്‌തുക്കള്‍, പശു, കാള പോലുള്ള ജീവികള്‍, ദിവ്യത്വം വാദിക്കുകയോ ആരോപിക്കപ്പെടുകയോ ചെയ്‌ത ഫിര്‍ഔന്‍ പോലുള്ള മനുഷ്യരില്‍ പെട്ട ഭരണകര്‍ത്താക്കള്‍, ഈസ ബ്‌നു മര്‍യം പോലുള്ള ജനങ്ങള്‍, ദിവ്യത്വം ആരോപിക്കപ്പെട്ട മഹാന്മാര്‍, ജിന്ന്‌, പിശാച്‌, മലക്കുകള്‍ പോലെ വിവിധ ജനങ്ങളാല്‍ ധാരാളം പൂജിക്കപ്പെട്ട അദൃശ്യ സൃഷ്‌ടികള്‍ ഇവയെയെല്ലാം പൂജിക്കുന്നതും ആരാധിക്കുന്നതും പ്രകടമായ വന്‍ശിര്‍ക്കില്‍ പെടുന്നു.
ഗോപ്യമായ വന്‍ശിര്‍ക്ക്‌: മരണപ്പെട്ടവരോടുള്ള പ്രാര്‍ഥനയും സഹായാഭ്യര്‍ഥനയും ഗോപ്യമായ വലിയ ശിര്‍ക്കില്‍ പെടും. അധിക ജനങ്ങളും ഇത്‌ വ്യക്തമായി മനസ്സിലാക്കുന്നില്ല. മരണമടഞ്ഞ്‌ മഖ്‌ബറകളിലും ജനങ്ങള്‍ നിര്‍മിച്ച ജാറങ്ങളിലും കഴിയുന്നവരോട്‌ പ്രാര്‍ഥിക്കല്‍, ഇടനില/മധ്യസ്ഥം തേടല്‍, അവരോട്‌ സഹായം ചോദിക്കല്‍, അല്ലാഹു അല്ലാത്ത ആരുടെയും കഴിവില്‍ പെടാത്ത രോഗശമനവും ആവശ്യപൂര്‍ത്തീകരണവും പ്രശ്‌നപരിഹാരവും തേടല്‍, ശത്രുവിനെതിരെയുള്ള സഹായം തേടല്‍, ഇത്യാദി കാര്യങ്ങളില്‍ ഇവര്‍ക്ക്‌ ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ കഴിയുമെന്ന്‌ വിശ്വസിക്കല്‍ എന്നിവ ഗോപ്യമായ വലിയ ശിര്‍ക്കാണ്‌. ഇബ്‌നുല്‍ ഖയ്യിം പറയുന്നതുപോലെ, ഇതാണ്‌ ആഗോളാടിസ്ഥാനത്തിലുള്ള ശിര്‍ക്ക്‌. ഈ ശിര്‍ക്ക്‌ ഗോപ്യമാവാന്‍ രണ്ട്‌ കാരണങ്ങളുണ്ട്‌.
1. ഈ വിധത്തിലുള്ള പ്രാര്‍ഥനയെയും സഹായാഭ്യര്‍ഥനയെയും ഖബ്‌റാളികളോടുള്ള സഹായം തേടലിനെയും (ഇസ്‌തിഗാസ) ജനം ഇബാദത്ത്‌ എന്ന്‌ വിളിക്കുന്നില്ല. അവരുടെ വീക്ഷണത്തില്‍ റുകൂഅ്‌, സുജൂദ്‌, നമസ്‌കാരം, നോമ്പ്‌ തുടങ്ങിയവയില്‍ പരിമിതമാണ്‌ ഇബാദത്ത്‌. യഥാര്‍ഥത്തില്‍ ഇബാദത്തിന്റെ ആത്മാവ്‌ പ്രാര്‍ഥനയാണ്‌. പ്രവാചകന്‍(സ) അരുളി: ``പ്രാര്‍ഥനയാണ്‌ ഇബാദത്ത്‌.''
2. അവര്‍ പറയുന്നു: ``ഞങ്ങള്‍ പ്രാര്‍ഥിക്കുകയും സഹായാഭ്യര്‍ഥന നടത്തുകയും ചെയ്യുന്ന ഇക്കൂട്ടര്‍ ദൈവങ്ങളോ റബ്ബുകളോ ആണെന്ന്‌ ഞങ്ങള്‍ വിശ്വസിക്കുന്നില്ല. മറിച്ച്‌ അവര്‍ ഞങ്ങളെപോലെ സൃഷ്‌ടികള്‍ മാത്രം. പക്ഷേ, നമുക്കും അല്ലാഹുവിനും ഇടയിലുള്ള മധ്യവര്‍ത്തികളും ശിപാര്‍ശകരും ആണവ.'' ഇതാണിക്കൂട്ടരുടെ വാദം. അക്രമകാരികളായ രാജാക്കന്മാരെയും സ്വേഛാധിപതികളായ ഭരണാധികാരികളെയും പോലെ ഇടനിലക്കാരും ശിപാര്‍ശകരുമില്ലാതെ സമീപിക്കാനാവാത്ത വിധം അല്ലാഹുവിനും മനുഷ്യനുമിടയില്‍ മറയുണ്ട്‌ എന്ന ഇവരുടെ തെറ്റിദ്ധാരണയുടെ ഫലമായി ഉത്ഭവിച്ചതാണീ മൂഢവിശ്വാസം. ``ഞങ്ങളെ അല്ലാഹുവുമായി കൂടുതല്‍ അടുപ്പിക്കാന്‍ വേണ്ടി മാത്രമാണ്‌ ഞങ്ങള്‍ അവരെ വണങ്ങുന്നത്‌'' (അസ്സുമര്‍ 3). അവര്‍ അല്ലാഹുവിനു പുറമെ, തങ്ങള്‍ക്ക്‌ ദോഷമോ ഗുണമോ വരുത്താത്ത വസ്‌തുക്കളെ പൂജിച്ചുകൊണ്ടിരിക്കുകയാണ്‌. അവരവകാശപ്പെടുന്നു: ``ഇവയൊക്കെ അല്ലാഹുവിന്റെയടുത്ത്‌ ഞങ്ങളുടെ ശിപാര്‍ശകരാണ്‌'' (യൂനുസ്‌ 18). ഇപ്രകാരം വാദിച്ച പുരാതന ബുഹദൈവവിശ്വാസികളുടേതിന്‌ സമാനമാണ്‌ ഇവരുടെയും വീക്ഷണം. തങ്ങളുടെ ദൈവങ്ങളും ബിംബങ്ങളും സൃഷ്‌ടിക്കുകയോ അന്നം നല്‍കുകയോ ജന്മം നല്‍കുകയോ മരിപ്പിക്കുകയോ ചെയ്യുമെന്ന്‌ ഇക്കൂട്ടര്‍ ഒരിക്കലും വിശ്വസിച്ചിരുന്നില്ല. ``ആകാശഭൂമികളെ സൃഷ്‌ടിച്ചതാരാണെന്ന്‌ നീ അവരോട്‌ ചോദിച്ചാല്‍ ഉറപ്പായും അവര്‍ പറയും: പ്രതാപിയും എല്ലാം അറിയുന്നവനുമായവനാണ്‌ അവയെ സൃഷ്‌ടിച്ചത്‌'' (അസ്സുഖ്‌റുഫ്‌ 9). ``ചോദിക്കുക, ആകാശഭൂമികളില്‍ നിന്ന്‌ നിങ്ങള്‍ക്ക്‌ അന്നം നല്‍കുന്നത്‌ ആരാണ്‌? കേള്‍വിയും കാഴ്‌ചയും ആരുടെ അധീനതയിലാണ്‌? ജീവനില്ലാത്തതില്‍ നിന്ന്‌ ജനീവനുള്ളതിനെയും ജീവനുള്ളതില്‍ നിന്ന്‌ ജീവനില്ലാത്തതിനെയും പുറത്തെടുക്കുന്നതാരാണ്‌? ഇവിടത്തെ കാര്യങ്ങളൊക്കെ നിയന്ത്രിക്കുന്നതാരാണ്‌? അവര്‍ പറയും: അല്ലാഹു. അവരോട്‌ ചോദിക്കുക: എന്നിട്ടും നിങ്ങള്‍ ദൈവഭക്തരാകുന്നില്ലേ?'' (യൂനുസ്‌ 31).
ഇവിടെ ഒരു കാര്യം ശ്രദ്ധിക്കുക. അല്ലാഹുവാണ്‌ ആകാശഭൂമികളുടെ സ്രഷ്‌ടാവെന്നും, അവനാണ്‌ അന്നദാതാവും നിയന്താവും ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനുമെന്നും, പ്രതിഷ്‌ഠകള്‍ കേവലം ഇടനിലക്കാരും ശിപാര്‍ശകരും മാത്രമാണെന്നും വിശ്വസിക്കുന്നവര്‍ക്ക്‌ മേലാണ്‌ ഖുര്‍ആന്‍ ശിര്‍ക്ക്‌ ചുമത്തുകയും മുശ്‌രിക്കുകളെന്ന്‌ വിളിക്കുകയും ചെയ്‌തിരിക്കുന്നത്‌. അല്ലാഹുവിന്‌ ശിപാര്‍ശകരുടെയോ ഇടനിലക്കാരുടെയോ ആവശ്യമില്ല. തന്റെ ദാസനോട്‌ കണ്‌ഠനാഡിയേക്കാള്‍ അടുത്തവനാണ്‌ അല്ലാഹു. ``എന്റെ ദാസന്‍ എന്നെപ്പറ്റി നിന്നോട്‌ ചോദിച്ചാല്‍ പറയുക: ഞാന്‍ അടുത്തുതന്നെയുണ്ട്‌'' (അല്‍ബഖറ 186). ``പ്രാര്‍ഥിക്കൂ, ഞാന്‍ നിങ്ങള്‍ക്കുത്തരം തരാം'' (അല്‍മുഅ്‌മിന്‍ 60). കാവല്‍ക്കാരന്റെയോ മറയുടെയോ പ്രതിബന്ധമില്ലാതെ, തന്നിലേക്കടുക്കാന്‍ ആഗ്രഹിക്കുന്ന ആരുടെ മുന്നിലും വാതില്‍ തുറന്നിട്ടിരിക്കുകയാണ്‌ അല്ലാഹു.

 

(അബ്‌ദുല്‍ മുഇസ്സ്‌ അബ്‌ദുസ്സത്താര്‍  എഡിറ്റ്‌ ചെയ്‌ത അത്തൗഹീദ്‌ എന്ന കൃതിയില്‍ നിന്ന്‌. വിവ: എം.എസ്‌.എ റസാഖ്‌, മുഹമ്മദ്‌ സാകിര്‍ നദ്‌വി)

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം