എണ്‍പതിന്റെ നിറവില്‍ ചില അനുഭവ സാക്ഷ്യങ്ങള്‍
കണ്ണൂര്‍ ജില്ലയിലെ കടവത്തൂരില്‍ പീറ്റക്കണ്ടി പക്കര്‍മാര്‍ മുസ്ലിയാരുടെയും ഉമ്മത്തൂര്‍ കോമത്ത് ആമിന ഉമ്മയുടെയും മകനായി 1931 ജൂണ്‍ 3 നാണ് എന്റെ ജനനം. പള്ളിയില്‍ ഇമാമായിരുന്നു വാപ്പ.
കുനിപ്പറമ്പ് മാപ്പിള സ്കൂളില്‍ 5-ാം ക്ളാസ് വരെ പഠിച്ചു. പിന്നീട് മതപഠന രംഗത്തേക്ക് തിരിഞ്ഞു. കടവത്തൂരിനടുത്ത പുല്ലൂക്കര ജുമുഅ മസ്ജിദില്‍ കടമേരി സ്വദേശിയായ കുട്ട്യാലി മുസ്ലിയാരുടെ ദര്‍സിലായിരുന്നു തുടക്കം. ഒരു വര്‍ഷത്തിനു ശേഷം കുട്ട്യാലി മുസ്ലിയാര്‍ സ്വദേശത്തേക്ക് തിരിച്ചുപോയപ്പോള്‍ കനിങ്ങാട്ടു കുളങ്ങരയിലെ ദര്‍സിലേക്ക് മാറി. പിന്നീട് കടവത്തൂരില്‍ എടപ്പറ്റ കുഞ്ഞഹ്മദ് മുസ്ലിയാര്‍ നുസ്റത്തുല്‍ ഇസ്ലാം എന്ന പേരില്‍ പുരോഗമന ചിന്തയോടെ ദര്‍സ് തുടങ്ങിയപ്പോള്‍ അതില്‍ പഠിച്ചു. രണ്ട് വര്‍ഷം അവിടെ പഠിച്ചശേഷം ഇസ്ലാഹീ പണ്ഡിതനായ ഇ.കെ മൌലവിയുടെ നിര്‍ദേശാനുസരണം പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക്കോളേജില്‍ ചേര്‍ന്നു. അന്നവിടെ ടി.കെ അബ്ദുല്ല സാഹിബ്, ടി. ഇസ്ഹാഖലി മൌലവി തുടങ്ങിയവര്‍ വിദ്യാര്‍ഥികളായിരുന്നു. പ്രധാനാധ്യാപകന്‍ എം.സി.സി മൌലവി. അദ്ദേഹത്തിന്റെ മരണത്തോടെ പുളിക്കല്‍ കോളേജില്‍ അരക്ഷിതാവസ്ഥ അനുഭവപ്പെട്ടപ്പോള്‍ തിരൂരങ്ങാടിയിലേക്ക് പോയി. പ്രമുഖ പണ്ഡിതന്മാരായിരുന്ന കെ.എം മൌലവി, എ.കെ അബ്ദുല്ലത്വീഫ് മൌലവി തുടങ്ങിയവരുടെ ശിഷ്യത്വം സ്വീകരിച്ചു. അവര്‍ എനിക്കും ടി.കെ അബ്ദുല്ല സാഹിബിനും പ്രത്യേകമായി ക്ളാസെടുത്തു തന്നിരുന്നു. അക്കാലത്ത് എന്റെ മൂത്ത പിതൃവ്യന്‍ പി.കെ മൂസാ മൌലവി തിരൂരങ്ങാടി യത്തീംഖാനയുടെ മേധാവിയായിരുന്നത് കൂടുതല്‍ സൌകര്യമായി.
തിരൂരങ്ങാടിയില്‍ ഒരു വര്‍ഷം പഠിച്ച ശേഷം ഹാജി വി.പി മുഹമ്മദലി സാഹിബിന്റെ നിര്‍ദേശ പ്രകാരം ഉമറാബാദിലെ ജാമിഅ ദാറുസ്സലാമില്‍ ചേര്‍ന്നു. അവിടെ ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീര്‍ മൌലാനാ ജലാലുദ്ദീന്‍ അന്‍സര്‍ ഉമരി സാഹിബ് എന്റെ സഹപാഠിയും റൂംമേറ്റുമായിരുന്നു. ഉമറാബാദില്‍നിന്ന് ഫസ്റ് ക്ളാസോടെ ഫദീല ബിരുദം കരസ്ഥമാക്കി.
ശാന്തപുരത്തേക്ക്
ഹാജി വി.പി മുഹമ്മദലി സാഹിബാണ് എന്നെ ശാന്തപുരത്ത് കൊണ്ടുവന്നത്. ഉമറാബാദിലെ പഠനം കഴിഞ്ഞെത്തിയപ്പോള്‍ ശാന്തപുരത്ത് പുതുതായി ആരംഭിക്കുന്ന അല്‍ മദ്റസത്തുല്‍ ഇസ്ലാമിയയില്‍ അധ്യാപകനായി നിയമിക്കുകയായിരുന്നു. 1953-ല്‍ എന്റെ ഇരുപത്തി രണ്ടാമത്തെ വയസിലാണത്. എ.കെ അബ്ദുല്‍ഖാദിര്‍ മൌലവിയായിരുന്നു പ്രധാനാധ്യാപകന്‍. മദ്റസയുടെ ഉദ്ഘാടന സമ്മേളന ദിനത്തിലാണ് ഞാനാദ്യമായി ശാന്തപുരത്ത് വന്നത്. ഹാജിസാഹിബായിരുന്നു ഉദ്ഘാടകന്‍. ഇസ്സുദ്ദീന്‍ മൌലവിയടക്കം ജമാഅത്ത് നേതാക്കളില്‍ അധികപേരും സമ്മേളനത്തില്‍ സംബന്ധിച്ചിരുന്നു. ആദ്യത്തില്‍ എ.കെയും ഞാനും മാത്രമായിരുന്നു അധ്യാപകര്‍.
ഇസ്ലാമിയാ കോളേജായി ഉയര്‍ത്തപ്പെട്ടപ്പോഴും എ.കെയുടെ അസിസ്റന്റായി പ്രവര്‍ത്തിച്ചു. 2000 ഏപ്രില്‍ വരെ ശാന്തപുരം കോളേജില്‍ അധ്യാപകനായിരുന്നു. ദീര്‍ഘകാലം കോളേജിന്റെ വൈസ് പ്രിന്‍സിപ്പലായി.
എ.കെ അബ്ദുല്‍ ഖാദിര്‍ മൌലവി ജമാഅത്തെ ഇസ്ലാമി കേരള ആക്ടിംഗ് അമീറായ രണ്ട് വര്‍ഷം പ്രിന്‍സിപ്പല്‍ ചുമതയും വഹിച്ചിട്ടുണ്ട്. 1962 മുതല്‍ ശാന്തപുരത്ത് സ്വന്തം വീട് വെച്ച് താമസിക്കുന്നു.
പ്രസ്ഥാന ബന്ധം
പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക്കോളേജില്‍ വിദ്യാര്‍ഥിയായിരിക്കെയാണ് ഞാന്‍ ജമാഅത്തുമായി ബന്ധപ്പെടുന്നത്. ഹാജിസാഹിബുമായി മുമ്പേ പരിചയമുണ്ടായിരുന്നു. ടി.കെ അബ്ദുല്ല സാഹിബ് മുഖേനയാണ് ജമാഅത്തെ ഇസ്ലാമിയെ പരിചയപ്പെടുന്നത്. ടി.കെയെ കടവത്തൂരില്‍ വെച്ച് മുമ്പേ കാണാറുണ്ടായിരുന്നു.
1956-57 കാലത്ത് ഒരു വര്‍ഷം ഹാജി സാഹിബിന്റെ ഓഫീസ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. എടയൂരായിരുന്നു അന്ന് ജമാഅത്തിന്റെ ഓഫീസ്. ആലുവായിലെ തങ്ങള്‍കുഞ്ഞ് മുസ്ലിയാര്‍ അണ്ടിക്കളത്തില്‍ ചേര്‍ന്ന ജമാഅത്തെ ഇസ്ലാമിയുടെ കേരള സമ്മേളനത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടവതരിപ്പിച്ചത് ഞാനായിരുന്നു.
1957 ജൂണ്‍ ഒന്നിന് ജമാഅത്തെ ഇസ്ലാമിയില്‍ അംഗത്വം ലഭിച്ചു. കേരളത്തിലെ 52-ാമത്തെ അംഗമായിരുന്നു ഞാന്‍.
ശാന്തപുരത്തെ അനുഭവങ്ങള്‍
അല്‍മദ്റസത്തുല്‍ ഇസ്ലാമിയ ആരംഭിക്കുമ്പോള്‍ നാട്ടുകാര്‍ക്കു പുറമെ അന്യനാട്ടുകാരായ പത്തില്‍പരം വിദ്യാര്‍ഥികളുമുണ്ടായിരുന്നു. എ.കെ അബ്ദുല്‍ഖാദിര്‍ മൌലവി ശാന്തപുരം പള്ളിയില്‍ നടത്തിയിരുന്ന ദര്‍സില്‍നിന്ന് മദ്റസയില്‍ ചേര്‍ന്നവരായിരുന്നു അവര്‍.
മദ്റസാ അധ്യാപകരും അന്യനാടുകളില്‍നിന്ന് വന്നു പഠിക്കുന്ന വിദ്യാര്‍ഥികളും നാട്ടുകാരും തമ്മില്‍ നല്ല ആത്മബന്ധമാണുണ്ടായിരുന്നത്. മദ്റസയുടെ നിര്‍മാണ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിച്ച കെ.പി ആല്യാമുട്ടി ഹാജി, എ. മൊയ്തുഹാജി, എ. ബീരാന്‍ സാഹിബ്, തച്ചങ്ങാട്ടില്‍ മുഹമ്മദ് സാഹിബ് തുടങ്ങിയവര്‍ സ്ഥാപനവുമായി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നു. നാട്ടിലെ പ്രമുഖരില്‍ പലരും മദ്റസയില്‍ വരികയും താമസിക്കുകയും അധ്യാപകന്മാരുടെയും വിദ്യാര്‍ഥികളുടെയും കൂടെ ഭക്ഷണം കഴിക്കുകയും ചെയ്യാറുണ്ടായിരുന്നു. കെ.വി കുഞ്ഞിപ്പ സാഹിബ് തന്റെ വീട്ടില്‍നിന്ന് ഭക്ഷണം കൊണ്ടുവന്ന് അധ്യാപകരൊന്നിച്ച് കഴിക്കുകയും മദ്റസയില്‍ ഉറങ്ങുകയും ചെയ്യാറുണ്ടായിരുന്നു.
കണ്ണമ്പള്ളി കുഞ്ഞഹ്മദ് സാഹിബ്(പട്ടിക്കാട്), കൂരിയാടന്‍ ബാപ്പുട്ടി സാഹിബ്(മണ്ണാര്‍മല) തുടങ്ങിയവര്‍ പല പ്രയാസങ്ങളും സഹിച്ചാണ് സ്ഥാപനത്തിന് സഹായങ്ങള്‍ ചെയ്തിരുന്നത്.
സ്വന്തം പറമ്പില്‍ വിളയുന്ന നാളികേരവും പച്ചക്കറികളും മദ്റസയിലേക്ക് സംഭാവനയായി നല്‍കുമായിരുന്നു നാട്ടുകാര്‍. ഭക്ഷണം പാകം ചെയ്യാനെടുക്കുന്ന അരിയില്‍ നിന്ന് ഓരോ പിടി അരി പ്രത്യേകമെടുത്ത് സൂക്ഷിച്ച് മാസംതോറും സ്ഥാപനത്തിലേക്കെത്തിച്ചവരും ഓര്‍മയിലുണ്ട്.
ശാന്തപുരം ഇസ്ലാമിയാ കോളേജിനെ ഉന്നത കലാലയമായി വളര്‍ത്തിക്കൊണ്ടുവന്നത് ദീര്‍ഘകാലം പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ച മുഹമ്മദ് അബുല്‍ ജലാല്‍ മൌലവിയാണ്. കുറച്ചുകാലം ടി. ഇസ്ഹാഖലി മൌലവി പ്രിന്‍സിപ്പല്‍ സ്ഥാനം വഹിച്ചിട്ടുണ്ട്. എം. മുഹമ്മദ് മൌലവി(കടന്നമണ്ണ), എം.ടി അബൂബക്കര്‍ മൌലവി, കെ.ടി അബ്ദുര്‍റഹീം സാഹിബ്(ശാന്തപുരം) എന്നിവര്‍ പലപ്പോഴായി പ്രിന്‍സിപ്പല്‍ ചുമതല വഹിച്ചവരാണ്.
ഹാജി സാഹിബ് ഇടക്കിടെ കോളേജില്‍ വന്ന് അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മാര്‍ഗനിര്‍ദേശം നല്‍കും. വി.കെ.എം ഇസ്സുദ്ദീന്‍ മൌലവി കുറേകാലം കോളേജില്‍ 'മുറബ്ബി'യായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതിഗുരുതരമായ ജലക്ഷാമം നേരിട്ടപ്പോള്‍ കോളേജിനു സമീപം ഒരു കുളം കുഴിക്കുക എന്ന ആശയം മുമ്പില്‍ വെച്ചത് ഇസ്സുദ്ദീന്‍ മൌലവിയായിരുന്നു. അധ്യാപകരും വിദ്യാര്‍ഥികളും നാട്ടുകാരുമൊരുമിച്ച് ശ്രമദാനമായി കുഴിച്ച കുളമാണ് ഇന്നും വിദ്യാര്‍ഥികള്‍ ഉപയോഗിക്കുന്നത്.
വിദ്യാര്‍ഥികളില്‍ പ്രാസ്ഥാനികാവബോധം ഉല്‍ഭൂതമാകാന്‍ പ്രസ്ഥാന നേതാക്കളുടെ ഇടക്കിടെയുള്ള സന്ദര്‍ശനം ഏറെ പ്രയോജനപ്പെട്ടിരുന്നു. കേരള നേതാക്കള്‍ക്കു പുറമേ അഖിലേന്ത്യാ നേതാക്കളും കോളേജ് സന്ദര്‍ശിക്കുകയുണ്ടായി.
വിദ്യാര്‍ഥി ഹല്‍ഖയുടെ പ്രവര്‍ത്തനങ്ങളും സജീവമായിരുന്നു. വിദ്യാര്‍ഥികള്‍ വിവിധ പ്രദേശങ്ങളില്‍ ക്ളാസുകള്‍ നടത്തുകയും സാഹിത്യ പ്രചാരണ സ്ക്വാഡുകള്‍ സംഘടിപ്പിക്കുകയും ചെയ്യും. വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും പ്രത്യേകം സംഘടനകള്‍ നിലവില്‍ വരുന്നതിനു മുമ്പുള്ള അക്കാലത്ത് ചെറുപ്പക്കാര്‍ക്കും മുതിര്‍ന്നവര്‍ക്കുമിടയില്‍ അകല്‍ച്ച അനുഭവപ്പെട്ടിരുന്നില്ല.
വിദ്യാര്‍ഥികളുടെ വൈജ്ഞാനിക-കലാ-രചനാ കഴിവുകള്‍ വളര്‍ത്തുന്നതില്‍ സാഹിത്യ സമാജം, മോഡല്‍ പാര്‍ലമെന്റ്, കൈയെഴുത്ത് പത്രങ്ങള്‍ മുതലായ സംരംഭങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. ഈ മേഖലകളിലെല്ലാം വിദ്യാര്‍ഥികളുടെ പരിശ്രമങ്ങള്‍ക്കു പുറമെ അധ്യാപകരുടെ മാര്‍ഗദര്‍ശനവും നേല്‍നോട്ടവും വേണ്ടുവോളമുണ്ടായിരുന്നു.
ഏറെ ആകര്‍ഷകവും ബഹുജനങ്ങളുടെ പ്രശംസ പിടിച്ചു പറ്റുന്നതുമായിരുന്നു കോളേജ് വാര്‍ഷിക സമ്മേളനങ്ങളില്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കാറുണ്ടായിരുന്ന മോഡല്‍ പാര്‍ലമെന്റ് പോലുള്ള മികവുറ്റ പരിപാടികള്‍. വാര്‍ഷിക സമ്മേളനങ്ങളില്‍ അവതരിപ്പിച്ചിരുന്ന പരിപാടികള്‍ തയാറാക്കിയിരുന്നത് അധ്യാപകരായിരുന്നു. പ്രിന്‍സിപ്പല്‍ മുഹമ്മദ് അബുല്‍ ജലാല്‍ മൌലവി, കെ.എം അബ്ദുര്‍റഹീം സാഹിബ്(പെരിങ്ങാടി) എന്നിവരാണ് പ്രധാനമായും ഈ വിഷയത്തില്‍ കൂടുതല്‍ താല്‍പര്യമെടുത്തിരുന്നത്. ഞാനും ചില പരിപാടികള്‍ തയാറാക്കിയിരുന്നു. ചില പ്രധാന പരിപാടികള്‍ മുന്‍കൂട്ടി ജമാഅത്ത് സംസ്ഥാന നേതാക്കള്‍ കണ്ടതിനു ശേഷം ആവശ്യമായ പരിഷ്കാരങ്ങളോടു കൂടിയായിരുന്നു ബഹുജനങ്ങളുടെ മുമ്പില്‍ അവതരിപ്പിച്ചിരുന്നത്.
എന്നാലിപ്പോള്‍ വൈജ്ഞാനിക പരിപാടികള്‍ക്കു പകരം ആധുനിക കാലഘട്ടത്തിനനുസരിച്ച പരിപാടികള്‍ക്ക് മുന്‍ഗണന നല്‍കിവരുന്നു. രണ്ടും താരതമ്യം ചെയ്യുമ്പോള്‍ ബഹുജനങ്ങള്‍ എപ്പോഴും ഗൃഹാതുരത്വത്തോടെ ഓര്‍ക്കുന്നത് ആദ്യകാലത്തെ വൈജ്ഞാനിക പരിപാടികളാണ്.
ശാന്തപുരത്തെ
പ്രസ്ഥാന പ്രവര്‍ത്തനം
ആദ്യത്തില്‍ മുത്തഫിഖ് ഹല്‍ഖയാണ് രൂപവത്കരിച്ചത്. പിന്നീട് ഹംദര്‍ദ് ഹല്‍ഖയായി. ചുങ്കത്തെ നമസ്കാരപ്പള്ളിയായിരുന്നു ഓഫീസ്. മുള്ള്യാകുര്‍ശി, പട്ടിക്കാട്, മണ്ണാര്‍മല തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ആളുകള്‍ ചൂട്ട് കത്തിച്ച് യോഗത്തിനു വന്നിരുന്നു. ആദ്യകാലത്ത് കെ.വി മൊയ്തു സാഹിബായിരുന്ന ഹല്‍ഖാ നാസിം. പി.സി മുഹമ്മദ് മൊല്ല, പി.സി അബ്ദുല്ല, പി.സി അബ്ദുര്‍റഹ്മാന്‍, പി.സി അബ്ദുല്‍ ഖാദിര്‍ എന്നീ പി.സി സഹോദരങ്ങളടക്കം കുറേ ആളുകള്‍ ഹല്‍ഖയിലുണ്ടായിരുന്നു.
എ.കെ അബ്ദുല്‍ ഖാദിര്‍ മൌലവിയുടെ സഹോദരീ ഭര്‍ത്താവ് സയ്യിദ് മുത്തുകോയ തങ്ങള്‍(പയ്യനാട്) കോളേജില്‍ അധ്യാപകനും മഹല്ലില്‍ ഖത്വീബുമായി പ്രവര്‍ത്തിക്കുകയുണ്ടായി. നല്ല വാഗ്മിയും സംഘാടകനുമായിരുന്ന അദ്ദേഹം മുന്‍കൈയെടുത്ത് ശാന്തപുരം യുവജനസംഘം എന്നപേരില്‍ യുവാക്കളുടെ ഒരു സംഘടന രൂപവത്കരിച്ചു. മഹല്ലില്‍ ധാരാളം വൈജ്ഞാനിക-ജനസേവന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ യുവജനസംഘത്തിന് സാധിക്കുകയുണ്ടായി.
ശാന്തപുരം മഹല്ല് നിവാസികളും കോളേജ് ഭാരവാഹികളും തമ്മില്‍ ഊഷ്മളമായ ബന്ധമാണ് എന്നും ഉണ്ടായിരുന്നത്. നാട്ടുകാര്‍ ശ്രമദാനത്തിലൂടെ നിര്‍മിച്ച മദ്റസാ കെട്ടിടം യാതൊരു പ്രതിഫലവും വാങ്ങാതെ ജമാഅത്തിന് ഉന്നത കലാലയം നടത്താന്‍ നാട്ടുകാര്‍ വിട്ടുകൊടുക്കുകയുണ്ടായി. ഏറെ കാലം മഹല്ല് ഖാദിയും കോളേജ് പ്രിന്‍സിപ്പലും ഒരാള്‍ തന്നെയായിരുന്നു. എ.കെ അബ്ദുല്‍ ഖാദിര്‍ മൌലവിയും പി. മുഹമ്മദ് അബുല്‍ ജലാല്‍ മൌലവിയും ഖാദി സ്ഥാനവും പ്രിന്‍സിപ്പല്‍ സ്ഥാനവും ഒന്നിച്ച് വഹിച്ചവരാണ്.
അവിസ്മരണീയ സംഭവങ്ങള്‍
ശാന്തപുരത്തെ ജീവിതത്തിനിടിയിലുണ്ടായ അവിസ്മരണീയമായ മൂന്ന് സംഭവങ്ങളുണ്ട്.
ഒന്ന്, പട്ടിക്കാട് ജാമിഅ നൂരിയ്യ അറബി കോളേജിന്റെ ശിലാസ്ഥാപനത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ ഖുതുബി മുഹമ്മദ് മുസ്ലിയാര്‍ നടത്തിയ ജമാഅത്ത് വിമര്‍ശനവും അനുബന്ധ സംഭവങ്ങളും.
സമസ്ത നേതാവായിരുന്ന ഖുതുബി മുഹമ്മദ് മുസ്ലിയാര്‍ സൂറ അന്നിസാഇലെ "തനിക്ക് സന്മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷം ആരെങ്കിലും ദൈവദൂതനുമായി എതിര്‍ത്തു നില്‍ക്കുകയും സത്യവിശ്വാസികളുടേതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍ തിരിഞ്ഞ വഴിക്കു തന്നെ നാം അവനെ തിരിച്ചു വിടുന്നതും നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്. അതത്രെ മോശമായ പര്യവസാനം.'' എന്ന സൂക്തം ഓതിക്കൊണ്ട് ആയത്തില്‍ പറഞ്ഞ നരകവാസികളാണ് വഹാബികളും മൌദൂദികളും എന്ന് വിശദീകരിച്ചു. മഹല്ല് സെക്രട്ടറിയും പൌരപ്രമുഖനുമായ കെ.വി മുഹമ്മദ് മാസ്റര്‍ ഉള്‍പ്പെടെ ജമാഅത്ത് പ്രവര്‍ത്തകരും അനുഭാവികളും പരിസരത്തുള്ള നമസ്കാരപ്പള്ളിയിലിരുന്ന് പ്രസംഗം കേള്‍ക്കുന്നുണ്ടായിരുന്നു. ഖുതുബിയുടെ പ്രസംഗത്തിലെ ശകാരവര്‍ഷം കേട്ട് അദ്ദേഹം ചാടി എഴുന്നേറ്റു. പ്രസംഗ വേദിക്കരികെയുണ്ടായിരുന്ന മതിലിന്മേല്‍ കയറി നിന്നുകൊണ്ട് 'ഖുതുബിയാണെങ്കിലും തങ്ങളാണെങ്കിലും ആളെ ചീത്ത പറയരുത്' എന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. പ്രസംഗിച്ചു കൊണ്ടിരുന്ന ഖുതുബിയും, വേദിയിലും സദസിലുമുണ്ടായിരുന്ന മുഴുവന്‍ പേരും സ്തംഭിച്ചിരുന്നു പോയി. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങളും വേദിയിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം സമ്മേളനം നിറുത്തി വെച്ചു. പോലീസില്‍ വിവരമറിയിച്ചു. വലിയ ഒരു സംഘം പോലീസുകാര്‍ സ്ഥലത്തെത്തി. കുറേ കഴിഞ്ഞ് ബാഫഖി തങ്ങള്‍ ക്ഷമാപണം ചെയ്തുകൊണ്ട് പറഞ്ഞു: "ഞങ്ങള്‍ ആരെയും എതിര്‍ക്കാനോ ആക്ഷേപിക്കാനോ വന്നതല്ല. സ്ഥാപനം നടത്തുക എന്ന ഉദ്ദേശ്യമേ ഞങ്ങള്‍ക്കുള്ളൂ.''
സമ്മേളനം അപൂര്‍ണമായി സമാപിച്ചു. ജമാഅത്ത് വിമര്‍ശനത്തില്‍ അഗ്രഗണ്യനായിരുന്ന വാണിയമ്പലം അബ്ദുര്‍റഹ്മാന്‍ മുസ്ലിയാരെപ്പോലെയുള്ളവര്‍ക്കൊന്നും പ്രസംഗിക്കാന്‍ സാധിച്ചില്ല. ജമാഅത്തിനെതിരെ നാടുനീളെ പ്രചാരണം നടത്തിയതിന്റെ പേരില്‍ ധാരാളം ആളുകള്‍ സമ്മേളനത്തിനെത്തിയിരുന്നു. പക്ഷേ, അവരുടെ ആസൂത്രണമെല്ലാം പാളിപ്പോയി.
ഈ സംഭവത്തിന് ശേഷം കുറേകാലം ജാമിഅ നൂരിയ്യയുടെ വാര്‍ഷിക സമ്മേളനങ്ങളില്‍ -ചിലപ്പോള്‍ ചില നേരിയ പരാമര്‍ശങ്ങളുണ്ടായതൊഴിച്ചാല്‍- ജമാഅത്തിനെ വിമര്‍ശിച്ചുകൊണ്ട് ഒന്നും പറയാറുണ്ടായിരുന്നില്ല.
മറ്റൊരു സംഭവം വര്‍ഷങ്ങള്‍ക്കു ശേഷമുണ്ടായതാണ്.
ജാമിഅ നൂരിയ്യ വാര്‍ഷികത്തോടനുബന്ധിച്ച് എല്ലാ വര്‍ഷവും പരിസരത്ത് 'ജമാഅത്തെ ഇസ്ലാമി ബുക്സ്റാള്‍' സംഘടിപ്പിക്കുമായിരുന്നു. ഒരിക്കല്‍ അത് തടയാന്‍ ശ്രമിക്കുകയും അവര്‍ പരാതിപ്പെട്ടതനുസരിച്ച് ബുക്സ്റാള്‍ നടത്തിയിരുന്ന എന്നെയും എ. കുഞ്ഞാണി ഹാജിയെയും മറ്റും പോലീസ് സ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്തു. "ഞങ്ങള്‍ ആരെയും ആക്ഷേപിക്കുകയോ കുറ്റം പറയുകയോ ചെയ്യാറില്ല. ആളുകള്‍ കൂടുന്നേടത്തെല്ലാം ഞങ്ങള്‍ ബുക്സ്റാള്‍ നടത്താറുണ്ട്. അത് ഞങ്ങളുടെ പരിപാടിയില്‍ പെട്ടതാണ്. അതല്ലാതെ അനാവശ്യമൊന്നും ഞങ്ങള്‍ ചെയ്യാറില്ല'' - ഞങ്ങള്‍ പറഞ്ഞു. ജമാഅത്തുകാര്‍ കുഴപ്പക്കാരല്ലെന്ന് പോലീസ് അധികാരികള്‍ക്ക് ബോധ്യപ്പെട്ടതിനാല്‍ ബുക്സ്റാള്‍ അടച്ചു പൂട്ടുന്നതിനു പകരം അതിന് പോലീസ് സംരക്ഷണം നല്‍കുകയാണ് ചെയ്തത്. പിന്നീട് ഇതുവരെ ബുക്സ്റാള്‍ തടയാനുള്ള ശ്രമമൊന്നുമുണ്ടായിട്ടില്ല.
വാണിയമ്പലം അബ്ദുര്‍റഹ്മാന്‍ മുസ്ലിയാര്‍ പട്ടിക്കാട് മദ്റസയില്‍ വന്ന് ജമാഅത്തിനെ വിമര്‍ശിച്ച് പ്രസംഗിച്ചതും അതിനെ ചോദ്യം ചെയ്യാന്‍ പോയതുമാണ് മൂന്നാമത്തെ സംഭവം. സുന്നീ നേതാവായിരുന്ന വാണിയമ്പലം അബ്ദുര്‍റഹ്മാന്‍ മുസ്ലിയാര്‍ കേരളത്തിലുടനീളം ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിച്ച് നടക്കുന്ന കാലം. ഒരിക്കലദ്ദേഹം പട്ടിക്കാട് കണ്ണമ്പള്ളി ബാപ്പു ഹാജിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന മദ്റസയില്‍ വഅ്ള് പറയാന്‍ വന്നു. ജമാഅത്തിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. പി.കെ മുഹമ്മദ് അബുല്‍ ഹസന്‍ എന്ന ചേകനൂര്‍ മൌലവി അന്ന് ശാന്തപുരം ഇസ്ലാമിയാ കോളേജില്‍ അധ്യാപകനാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഞാനും നാട്ടുകാരനായ കെ.പി ഹൈദറലി എന്ന കുഞ്ഞുസാഹിബും കൂടി വാണിയമ്പലം മുസ്ലിയാരെ നേരില്‍ കണ്ട് സംസാരിക്കാന്‍ താമസസ്ഥലത്ത് ചെന്നു. കുഞ്ഞുസാഹിബ് ആദ്യം ഒറ്റക്കു ചെന്ന് പറഞ്ഞു: "നിങ്ങള്‍ ഇന്നലത്തെ പ്രസംഗത്തില്‍ ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിച്ചതായി കേട്ടു. ഞാന്‍ ജമാഅത്തിനെക്കുറിച്ച് പഠിച്ചു കൊണ്ടിരിക്കുന്ന ഒരു സാധാരണക്കാരനാണ്. ഞാന്‍ പഠിച്ചിടത്തോളം ഇസ്ലാമിന് വിരുദ്ധമായ ഒന്നും ജമാഅത്തില്‍ കണ്ടിട്ടില്ല. ജമാഅത്തുകാരായ രണ്ട് പണ്ഡിതന്മാര്‍ ഇവിടെ വന്നിട്ടുണ്ട്. നിങ്ങളും അവരും തമ്മില്‍ സംസാരിക്കുകയാണെങ്കില്‍ എനിക്ക് കാര്യം മനസ്സിലാക്കാന്‍ സാധിക്കുമായിരുന്നു.'' മുസ്ലിയാര്‍ അപ്പോള്‍ കിടക്കുകയായിരുന്നു. ഇതു കേട്ടപ്പോള്‍ ഒന്നു കൂടി ചുരുണ്ട് കിടന്ന് കൊണ്ട് പറഞ്ഞു: "ഞാന്‍ സമസ്തയുടെ മുശാവറ അംഗവും നെടും തൂണുമാണ്. അങ്ങനെയും ഇങ്ങനെയുമൊന്നും എനിക്ക് സംസാരിക്കാന്‍ പറ്റുകയില്ല. സമസ്തയുടെ നേതാവായതിനാല്‍ നിങ്ങളുടെ അമീര്‍ കെ.സി അബ്ദുല്ല മൌലവി വന്നാലേ ഞാന്‍ സംസാരിക്കൂ.''
"കാര്യം പറയാനെന്തിനാണ് അമീര്‍?'' കുഞ്ഞു സാഹിബ് ചോദിച്ചു.
മുസ്ലിയാരെ കൊണ്ടുവന്ന കണ്ണമ്പള്ളി ബാപ്പുഹാജി ഇതെല്ലാം കേള്‍ക്കുന്നുണ്ടായിരുന്നു. മുസ്ലിയാര്‍ പരുങ്ങുന്നത് കണ്ട് അദ്ദേഹം കുഞ്ഞു സാഹിബിനോട് പറഞ്ഞു: "നിങ്ങള്‍ അദ്ദേഹത്തെ എടങ്ങേറാക്കേണ്ട....'' വാണിയമ്പലം മുസ്ലിയാര്‍ സംസാരിക്കാന്‍ തയാറാവാതിരുന്നതിനാല്‍ ഞങ്ങള്‍ തിരിച്ചു പോന്നു.
തയാറാക്കിയത്: ഹൈദറലി ശാന്തപുരം
Comments