മുല്ലപ്പൂ വിപ്ലവത്തിന്റെ ഉള്ളടക്കവും അടിയൊഴുക്കുകളും
ബിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ ഭാഷയില്‍ പറഞ്ഞാല്‍, രണ്ടാംലോക യുദ്ധത്തിനു ശേഷം ലോകത്തിന്റെ അലകും പിടിയും തന്നെ മാറ്റാന്‍ മാത്രം ശക്തമായ സംഭവവികാസങ്ങളാണ് മുല്ലപ്പൂ വിപ്ലവത്തിന്റെ പേരില്‍ മധ്യ പൗരസ്‌ത്യ ദേശത്തുടനീളം അലയടിച്ചുകൊണ്ടിരിക്കുന്നത്. ഇനിയും പൂര്‍ണത പ്രാപിക്കേണ്ടിയിരിക്കുന്ന ഈ മാറ്റം, അന്താരാഷ്‌ട്ര തലത്തില്‍ തന്നെ സാമൂഹിക രാഷ്‌ട്രീയ വിശകലന വിശാരദന്മാരുടെ ശ്രദ്ധ പിടിച്ചുപറ്റുകയും വിദൂരമല്ലാത്ത ഭാവിയില്‍ തന്നെ അക്കാദമിക തലത്തില്‍ പാഠ്യവിഷയമാകാന്‍ പോവുകയുമാണ്.
മഹാ സമുദ്രങ്ങളായ പെസഫിക്കും അറ്റ്‌ലാന്റിക്കും ഇന്ത്യന്‍ മഹാ സമുദ്രവും അതിരിട്ടു വേര്‍തിരിവിന്റെ കനത്ത വിടവുകള്‍ സൃഷ്‌ടിക്കാത്ത, എന്നാല്‍ മധ്യധരണ്യാഴിയുടെയും അറബിക്കടലിന്റെയും ഓരങ്ങളെ ഉമ്മ വെച്ച് ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് തുടങ്ങിയ മൂന്ന് സുപ്രധാനങ്ങളായ ഭൂഖണ്ഡങ്ങളുടെ സംഗമ ഭൂമിയായ മധ്യ പൗരസ്‌ത്യ ദേശം എന്നും മനുഷ്യ ചരിത്രത്തിന്റെ കേന്ദ്ര ബിന്ദുവും ശ്രദ്ധാ കേന്ദ്രവുമായിരുന്നു. ആറ്റിക്കുറുക്കി പറഞ്ഞാല്‍, മനുഷ്യ സമൂഹത്തിന്റെ പൊതുവായ ചരിത്രം എന്ന് പറയുന്നത് തന്നെ മധ്യ പൗരസ്‌ത്യ ദേശത്തുനിന്ന് വരുന്നതും മധ്യ പൗരസ്‌ത്യ ദേശത്തു വരുന്നതുമാണ്. ചൈനയില്‍ ഉത്ഭവിച്ച കണ്‍ഫ്യൂഷനിസത്തിനും താഓ മതത്തിനും മറ്റും തൊട്ടയല്‍രാജ്യമായ ഇന്ത്യയുള്‍പ്പെടെ ലോകത്തൊരിടത്തും വേരോടാന്‍ സാധിക്കാതിരുന്നപ്പോള്‍, ഇന്ത്യയില്‍ ഉത്ഭവിച്ച ഹൈന്ദവ ദര്‍ശനങ്ങള്‍ക്കും ബ്രാഹ്മനിസത്തിനും തൊട്ടയല്‍പക്ക രാജ്യമായ ചൈനയുള്‍പ്പെടെ ലോകത്തൊരിടത്തും അനുയായികളില്ലാതായപ്പോള്‍ മധ്യ പൗരസ്‌ത്യ ദേശത്ത് ഉത്ഭവിച്ചതെല്ലാം ഇന്ത്യയും ചൈനയുമുള്‍പ്പടെയുള്ള മുഴുവന്‍ ലോകത്തിന്റെയും പൊതുസത്തയെ രൂപപ്പെടുത്തുന്ന മുഖ്യ ഘടകമായി വര്‍ത്തിച്ചതും ഇന്നും അങ്ങനെത്തന്നെ തുടരുന്നതും വെറുതെയല്ല. അന്ത്യ പ്രവാചകത്വത്തിന്റെ അവതരണ പരിസരത്തെ തെരഞ്ഞെടുക്കുന്നതില്‍ അറേബ്യയുടെ ചരിത്രപരവും സാംസ്‌കാരികവും ഭൂമിശാസ്‌ത്രപരവുമായ ഈ ഘടകങ്ങള്‍ കൂടി ദൈവിക തീരുമാനത്തിന്റെ യുക്തിതലത്തെ രൂപപ്പെടുത്തിയിട്ടുണ്ടാവണം.
ലോകര്‍ക്കാകമാനം ഇറങ്ങിയ വിശുദ്ധ ഖുര്‍ആന്റെ അഭിസംബോധിതരെ ഖുര്‍ആന്‍ തന്നെ ഒരിടത്ത് വിശേഷിപ്പിക്കുന്നത് `നഗരങ്ങളുടെ മാതാവും അതിനു ചുറ്റിലുള്ളവരും' (42:7) എന്നാണ്. നവലോകത്തിന്റെ സാമ്പത്തിക സ്രോതസ്സായ എണ്ണ കണ്ടെടുത്തതിനു മുമ്പ് തന്നെ, ഈ വെള്ളവും വിളയുമില്ലാത്ത മണല്‍ക്കാടുകള്‍ ചരിത്രത്തിന്റെ ഗതി നിര്‍ണയിച്ച ജനപഥങ്ങളുടെ ഉത്ഥാനത്തിന്റെ ഈറ്റില്ലവും പതനത്തിന്റെ ശവക്കല്ലറകളും തീര്‍ത്തിട്ടുണ്ടായിരുന്നു. അങ്ങനെയാണ് ദിഗ്വിജയികളായ സൈറസും ദാരിയസും അലക്‌സാണ്ടറും വിജിഗീഷുക്കളായ നെബുക്കട് നെസറും നെപ്പോളിയനും ഒക്കെ ഇവിടങ്ങളില്‍ എത്തിയതും അവരില്‍ പലരും ഇവിടെങ്ങളില്‍ തന്നെ മണ്ണടിഞ്ഞതും. ഇപ്പോള്‍ ഏതാണ്ടെല്ലാ ഉപഭോഗ വസ്‌തുക്കളുടെയും അസംസ്‌കൃത പദാര്‍ഥമായി എണ്ണ മാറിയപ്പോള്‍ മധ്യപൗരസ്‌ത്യ ദേശത്തുനിന്നും വഴിമാറിപ്പോകുമായിരുന്ന ചരിത്രം വീണ്ടും അവിടെ തന്നെ കേന്ദ്രീകരിക്കുകയാണ്.
ചരിത്രത്തിന്റെ വിശകലന വ്യാഖ്യാന ശീലുകള്‍ക്ക് വഴങ്ങാതെ അതിനും അതീതമായാണ് മുഹമ്മദ് നബി 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് തുല്യതയില്ലാത്ത അദ്വീതീയമായ വിപ്ലവം സാധിച്ചെടുത്തത്. ചരിത്രം രൂപപ്പെടുത്തിയ വിപ്ലവം ആയിരുന്നില്ല അത്. മറിച്ച്, ചരിത്രത്തെ രൂപപ്പെടുത്തിയ വിപ്ലവമായിരുന്നു. ചരിത്രത്തിനു അതുവരെയും അതിനു ശേഷവും പരിചയമുണ്ടായിരുന്ന വെറും ഒരു ഭാഗിക പരിവര്‍ത്തനമായിരുന്നില്ല അത്. മറിച്ച് വിശ്വാസത്തെയും വിചാരത്തെയും സ്വകാര്യതയെയും പൊതുജീവിതത്തെയും വ്യക്തിയെയും കുടുംബത്തെയും സമൂഹത്തെയും രാഷ്‌ട്രത്തെയും സമ്പത്തിനെയും സംസ്‌കാരത്തെയും എന്നല്ല, ജീവിതം കൊണ്ട് വിവക്ഷിക്കപ്പെടുന്ന അതിന്റെ സര്‍വ തലങ്ങളെയും അവയുടെ മുഴുവന്‍ തന്ത്രികളെയും മാറ്റി പണിത വിപ്ലവമായിരുന്നു അത്. ജനതതികളെ കീഴടക്കാന്‍ ചരിത്രം ശീലിച്ച വഴി ഭിന്നിപ്പിക്കുക എന്നതായിരുന്നെങ്കില്‍, ഭിന്നിച്ചു നിന്ന് നിതാന്തമായി പോരടിച്ചിരുന്നവരെയും അഭയാര്‍ഥികളായി വന്നവരെയുമൊക്കെ ഒന്നിപ്പിച്ചുകൊണ്ടും ഏകീകരിച്ചു കൊണ്ടും (വി.ഖു 3:103) സാധിപ്പിച്ചെടുത്ത അദ്വിതീയ വിപ്ലവമായിരുന്നു അത്. അതുകൊണ്ടു കൂടി തന്നെയാണ് മൃഗീയ ശക്തി ഉപയോഗിച്ചുകൊണ്ട് ലക്ഷങ്ങളെ ബലികൊടുത്ത് കീഴടക്കലിന്റെ തത്ത്വശാസ്‌ത്രം ചമച്ചിരുന്ന ആ കാലത്തെ റോമാ-പേര്‍ഷ്യന്‍ സാമ്രാജ്യത്വത്തില്‍ നിന്ന് ഭിന്നമായി, ആ സാമ്രാജ്യത്വത്തിന്റെ നുകത്തില്‍ നിന്നും രക്ഷ നേടുന്നതിന് ജനതതികള്‍ ഇസ്‌ലാമിന്റെ നീതിയില്‍ സമാധാന പൂര്‍വം അഭയം തേടിയത്. ഇസ്‌ലാമിന് മുമ്പുള്ള ലോകത്തും ഇസ്‌ലാമാനന്തര ലോകത്തും രാഷ്‌ട്രങ്ങളും സാമ്രാജ്യങ്ങളും കെട്ടിപ്പടുക്കപ്പെട്ടത് പതിനായിരക്കണക്കിന് മനുഷ്യ കബന്ധങ്ങളുടെ തലയോട്ടിക്ക് മുകളിലാണ്. റോമക്കും ഗ്രീസിനും പേര്‍ഷ്യക്കും ബ്രിട്ടന്നും ഫ്രാന്‍സിനും ഒക്കെ, കീഴടങ്ങിയവരെന്നും കീഴടക്കിയവരെന്നുമുള്ള വിവേചനം ഉണ്ടായിരുന്നതുകൊണ്ടാണ് ആ സാമ്രാജ്യങ്ങളുടെ ആസ്ഥാനം റോമും ഗ്രീസും പേര്‍ഷ്യയും ലണ്ടനും പാരീസും ഒക്കെയായി തന്നെ നിലനിന്നത്. എന്നാല്‍, മദീനയില്‍ തുടങ്ങിയ ഇസ്‌ലാമിക രാഷ്‌ട്രത്തിന്റെ ആസ്ഥാനം മദീനയില്‍ നിന്നും ദമസ്‌കസിലേക്കും പിന്നെ ബഗ്‌ദാദിലേക്കും അവിടന്ന് മറ്റിടങ്ങളിലേക്കും അവസാനം തുര്‍ക്കിയിലേക്കും ഒക്കെ മാറുന്നതായി ചരിത്രത്തില്‍ നാം കാണുന്നത് ഇസ്‌ലാമിക രാഷ്‌ട്ര വ്യവസ്ഥയില്‍ കീഴടക്കലിന്റെയും കീഴടങ്ങലിന്റെയും സങ്കല്‍പം തന്നെ ഇല്ലാത്തതുകൊണ്ടാണ്. എന്തിനേറെ പറയുന്നു, അഫ്‌ഗാനില്‍ നിന്ന് വന്ന മുഗളന്മാര്‍ക്ക് പോലും അവരുടെ ആസ്ഥാനം കാബൂളായിരുന്നില്ല, മറിച്ച് ദല്‍ഹി ആയിരുന്നു. അവര്‍ ഇന്ത്യക്കാരായി ജീവിക്കുകയും ഇന്ത്യക്കാരായി മരിക്കുകയും ചെയ്യുകയായിരുന്നു.
ഇസ്‌ലാമിന്റെ ചരിത്രത്തിനു വംശഹത്യകള്‍ അന്യമാണ്. വറ്റാത്ത ആര്‍ദ്രതയുടെയും ദയയുടെയും മഹാ സാഗര തീരത്തുനിന്നുകൊണ്ട്, പ്രപഞ്ചം പോലെ പ്രവിശാലമായ കരുണയുടെയും സ്‌നേഹത്തിന്റെയും പാഠങ്ങള്‍ ഏക ദൈവവിശ്വാസത്തിന്റെ ഭാഗമായി തന്നെ പഠിപ്പിക്കുന്ന ഇസ്‌ലാം അതിന്റെ പേരില്‍ തന്നെ സമാധാനത്തെ ഉള്‍ക്കൊള്ളുന്ന മതദര്‍ശനമായത് യാദൃഛികമല്ല. വിശ്വാസികളുടെ അഞ്ചു നേരത്തെ പ്രാര്‍ഥനയുടെയും പരിസമാപ്‌തി സമാധാനത്തിന്റെ അഭിവാദന വചനം തന്നെ ആക്കിയ, ``ദൈവമേ, നീയാണ് സമാധാനം, നിന്നില്‍നിന്നാണ് സമാധാനം, നിന്നിലേക്ക് മടങ്ങുന്നതിലൂടെയാണ് സമാധാനം, നാഥാ, ഞങ്ങളെ നീ സമാധാനത്തോടെ ജീവിപ്പിക്കേണമേ, ഞങ്ങളെ നീ ശാന്തിനികേതനില്‍ പ്രവേശിപ്പിക്കേണമേ'' എന്ന് അഞ്ചു നേരത്തെയും നമസ്‌കാരത്തിനു ശേഷമുള്ള ആദ്യ പ്രാര്‍ഥനയായി പഠിപ്പിച്ച, പരസ്‌പരം കണ്ടുമുട്ടുമ്പോള്‍ പോലും സമാധാനത്തിനു വേണ്ടി പ്രാര്‍ഥിച്ചുകൊണ്ട് അഭിവാദനം ചെയ്യാന്‍ കല്‍പിച്ച ഇസ്‌ലാമിന് സഹനത്തിന്റെയും ആത്മസംയമനത്തിന്റെയും അവസാന നിമിഷത്തില്‍ ആത്മപ്രതിരോധത്തിനും നവജാത രാഷ്‌ട്രത്തിന്റെ സുരക്ഷക്കും വേണ്ടി സ്വന്തം ബന്ധുമിത്രാദികള്‍ക്കെതിരെ ഉപാധികളോട് കൂടി ആയുധം എടുക്കുന്നതിനു അനുയായികളെ പ്രത്യേകം പ്രചോദിപ്പിക്കേണ്ടിവന്ന സാഹചര്യം ആര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കുന്നതേയുള്ളൂ. ഇലിയഡും ഒഡീസ്സിയും ശാഹ്‌നാമയും മഹാഭാരതവും ഒക്കെ ഭാവനയോ സംഭവമോ ആകട്ടെ. സംഭവമാണെങ്കില്‍ അവയില്‍ പരാമര്‍ശവിധേയമായ യുദ്ധ കഥകള്‍ ഭീകരങ്ങളാണ്. ഇനി അവയൊക്കെ ഭാവനകളാണെങ്കില്‍ അതിലേറെ ഭീകരവും ബീഭത്സവുമാണ്. കാരണം അവരൊക്കെയും സ്വപ്‌നം കണ്ട് ആസ്വദിച്ചത് പോലും ഭീകര യുദ്ധങ്ങളായിരുന്നു എന്നാണതിനു അര്‍ഥം. മാത്രമല്ല, സാഹിത്യ രചനയില്‍ ഭാവന യാഥാര്‍ഥ്യത്തില്‍നിന്നും അന്യമാകാവതല്ലല്ലോ, യാഥാര്‍ഥ്യം ഭാവനയെക്കാള്‍ അന്യവും ഭീകരവുമാണെങ്കിലും.
എന്നാല്‍, ഇസ്‌ലാമിക സംസ്‌കൃതിയില്‍ യുദ്ധവീര്യവും വൈരവും സൃഷ്‌ടിക്കുന്ന യുദ്ധേതിഹാസങ്ങള്‍ ഒന്നും തന്നെ കാണാന്‍ സാധിക്കുന്നില്ല. യുദ്ധത്തെയും ശത്രുവിന്റെ ചോരയെയും ഒക്കെ വര്‍ണിക്കുന്ന നിരവധി യുദ്ധ പ്രേരക കവിതകള്‍ പ്രവാചക പൂര്‍വ അറേബ്യന്‍ സാഹിത്യത്തിന്റെ ഭാഗമായിരുന്നിട്ടും, ഇസ്‌ലാമിക ചരിത്രത്തിലോ സംസ്‌കൃതിയിലോ അങ്ങനെ ഒന്ന് കാണാന്‍ സാധിക്കാത്തത് ഇസ്‌ലാം എന്തിനു വേണ്ടിയാണ് നിലകൊള്ളുന്നത് എന്നതിന്റെ വ്യക്തമായ നിദര്‍ശനമാണ്. മാത്രമല്ല, പ്ലാറ്റോയുടെയും അരിസ്റ്റോട്ടിലിന്റെയും ഒക്കെ ദര്‍ശനങ്ങളെ നിരൂപണ വിധേയമാക്കുകയും അവയില്‍ നിന്നു കൊള്ളാവുന്നത് കൊള്ളുകയും ചെയ്‌ത, ഇന്ത്യയില്‍ നിന്നു പൂജ്യം സ്വീകരിച്ച, പേര്‍ഷ്യയില്‍ നിന്ന് തര്‍ക്കശാസ്‌ത്രത്തിന്റെയും തത്ത്വശാസ്‌ത്രത്തിന്റെയും സംജ്ഞകളൊക്കെ കടമെടുത്ത ഇസ്‌ലാമിക സംസ്‌കൃതി തഹാഫുതുല്‍ ഫലാസിഫയും തഹാഫുതു തഹാഫുതില്‍ ഫലാസിഫയും ഒക്കെ രചിച്ചു പ്ലാറ്റോനിക്ക് തത്ത്വശാസ്‌ത്രത്തെ ഖണ്ഡന മണ്ഡനത്തിനു വിധേയമാക്കിക്കൊണ്ടിരുന്ന അതിന്റെ സാംസ്‌കാരിക ഉച്ചിയുടെ കാലഘട്ടത്തില്‍ പോലും ഇത്തരം യുദ്ധേതിഹാസങ്ങളില്‍ ഒരു താല്‍പര്യവും കാണിക്കുകയുണ്ടായില്ല എന്നത് ഇസ്‌ലാം, ഇതര സംസ്‌കൃതികളില്‍ നിന്നു ഈ വിഷയത്തില്‍ എത്രമാത്രം ഭിന്നമാണെന്നതിന്റെ സൂചന തന്നെയാണ്. ഇസ്‌ലാമിനു മുമ്പുള്ള ഗ്രീക്ക്, റോമന്‍ പേര്‍ഷ്യന്‍ യുദ്ധങ്ങളും ഇസ്‌ലാമിന്റെ ആവിര്‍ഭാവത്തിനു ശേഷം നടന്ന കുരിശുയുദ്ധങ്ങളും പതിനേഴ്, പതിനെട്ട്, പത്തൊമ്പ് നൂറ്റാണ്ടുകളിലെ പാശ്ചാത്യ അധിനിവേശവും ഒക്കെ ലക്ഷക്കണക്കിന് മനുഷ്യാത്മാക്കളുടെ ചെലവിലായിരുന്നു. ഒന്നും രണ്ടും ലോക യുദ്ധങ്ങളിലും അതിന് മുമ്പ് യൂറോപ്യരുടെ അധിനിവേശ യുദ്ധങ്ങളിലും അധിനിവേശ ശക്തികള്‍ക്കിടയിലെ യുദ്ധങ്ങളിലും കൊല്ലപ്പെട്ട കോടികളുടെ ദുരന്ത കഥ പറയാതിരിക്കലാണ് ഭേദം. എന്തിനു പറയുന്നു, ഇന്ത്യയുടെ അവസ്ഥ പോലും ഭിന്നമായിരുന്നില്ല. കുരുക്ഷേത്ര യുദ്ധത്തെ പൗരാണികമെന്നോ ഐതിഹ്യമെന്നോ ഒക്കെ വിശേഷിപ്പിച്ചാലും, ചോരക്കളത്തില്‍ വീണുകിടന്ന ആയിരക്കണക്കിന് മനുഷ്യ കബന്ധങ്ങള്‍ കണ്ട് ഹൃദയം ഘനീഭവിക്കുകയും കരള്‍ അലിഞ്ഞുപോവുകയും ചെയ്‌ത അശോകന്റെ കലിംഗ യുദ്ധം, മുഹമ്മദ് നബിയുടെ ആഗമനത്തിനു മുമ്പ് ചരിത്രത്തിന്റെ പൂര്‍ണ വെളിച്ചത്തിലുണ്ടായ സംഭവമാണ്. എന്നാല്‍ ഇത്തരത്തില്‍ ആള്‍ നാശവും സമ്പദ്‌നാശവും ഉണ്ടായ ഒരു യുദ്ധം പോലും മുഹമ്മദ് നബിയുടെയും അനുയായികളുടെയും പക്ഷത്തുനിന്ന് ഉണ്ടായിട്ടുണ്ടായിരുന്നില്ല. പരിവര്‍ത്തനവും അതിന്റെ വ്യാപനവുമാകട്ടെ അതിസമഗ്രവും അതിദ്രുതവും ചരിത്രത്തിലെ അത്യപൂര്‍വ സംഭവവും ആയിരുന്നു.
മുല്ലപ്പൂ വിപ്ലവത്തില്‍ കാണുന്നത്
ഇസ്‌ലാമിന്റെ ഈ ഉള്ളടക്കവും സവിശേഷ ഭാവങ്ങളും മധ്യ പൗരസ്‌ത്യ ദേശത്തെ മുല്ലപ്പൂ വിപ്ലവത്തിലും ദര്‍ശിക്കാന്‍ സാധിക്കുന്നത് യാദൃഛികമല്ല. വിപ്ലവങ്ങള്‍ സാധാരണഗതിയില്‍ മില്യന്‍ കണക്കിന് മനുഷ്യരുടെ ശ്‌മശാന ഭൂമിയിലാണ് ജനിച്ചുവീഴാറുള്ളത്. ഫ്രഞ്ച്, റഷ്യന്‍, ചൈനീസ് വിപ്ലവങ്ങളില്‍ മരിച്ചുവീണ ദശലക്ഷക്കണക്കിന് മനുഷ്യാത്മാക്കള്‍ മറ്റൊരു ഭിന്നമായ കഥയല്ല നമ്മോട് പറയുന്നത്. എന്നല്ല, അത് പലപ്പോഴും സ്വന്തം സന്തതികളെ പോലും ഭുജിക്കുന്നു. ഫ്രഞ്ച് വിപ്ലവത്തിന് നേതൃത്വം കൊടുത്തിരുന്ന റോബേസ്‌പിയര്‍ ആയിരക്കണക്കിന് പ്രഭുക്കളെയും പ്രതിവിപ്ലവകാരികളെയും കൊന്നതിനു ശേഷം, താന്‍ തന്നെ കൊല്ലപ്പെടുന്നതിന് മുമ്പ് `വിപ്ലവം സ്വന്തം സന്തതികളെയും ഭുജിക്കുന്നു' എന്ന് പറയേണ്ടിവന്നതിന്റെ സാഹചര്യം അതായിരുന്നു. അതുതന്നെയാണ് സ്റ്റാലിന്റെ കീഴില്‍ ട്രോട്‌സ്‌കിക്കും അനുയായികള്‍ക്കും അനുഭവിക്കേണ്ടിവന്നത്. അതുതന്നെയാണ് സാംസ്‌കാരിക വിപ്ലവത്തിന്റെ പേരില്‍ മാവോയില്‍ നിന്ന് ചൈനക്കാര്‍ക്കും നേരിടേണ്ടിവന്നത്. എന്നാല്‍, ഇസ്‌ലാമിക വിപ്ലവങ്ങള്‍ ചരിത്രത്തിന്റെ ഈ ശീലുകളില്‍നിന്നും ഏറെ വ്യത്യസ്‌തമാണ്. പ്രവാചകന്‍ മക്ക ജയിച്ചത് രക്തരഹിത വിപ്ലവത്തിലൂടെയായിരുന്നു. അത് ശത്രുക്കളുടെ കൂടി സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനമായിരുന്നു. ജയിച്ചവര്‍, തോറ്റവര്‍ എന്ന പ്രതീതി പ്രവാചകന്‍ ഉണ്ടാക്കുകയുണ്ടായില്ല. അതുകൊണ്ടുതന്നെ ശത്രുക്കളെയോ വിപ്ലവത്തിന്റെ സന്തതികളെ തന്നെയോ പ്രവാചകന്നോ അനുയായികള്‍ക്കോ ഭുജിക്കേണ്ടതായി വന്നില്ല. ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധവും ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കവും മുഖ്യമായും സാക്ഷ്യം വഹിച്ചത് ഇറാനിലെ വിപ്ലവത്തിനും തുനീഷ്യയിലെയും ഈജിപ്‌തിലെയും വിപ്ലവങ്ങള്‍ക്കുമായിരുന്നു. ഈ വിപ്ലവങ്ങളെല്ലാം മറ്റു വിപ്ലവങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വിപ്ലവത്തിന്റെ എതിര്‍പക്ഷത്തുണ്ടായിരുന്ന മര്‍ദക ഭരണകൂടങ്ങളുടെ അതിക്രമങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഏറെക്കുറെ സമാധാന മാര്‍ഗേണ നടന്ന രക്തരഹിത വിപ്ലവങ്ങളായിരുന്നു. അവിടെ പ്രാര്‍ഥനയും പ്രതിഷേധവും ഒപ്പത്തിനൊപ്പം കൈയോടു കൈ ചേര്‍ന്ന്, തോളോട് തോളുരുമ്മി വിപ്ലവത്തിന്റെ ആത്മീയ ഭാവം ചമക്കുകയായിരുന്നു. മധ്യ പൗരസ്‌ത്യ ദേശത്തെ വിപ്ലവങ്ങളെ ഇതര വിപ്ലവങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തുന്ന സവിശേഷ ഭാവങ്ങളില്‍ ഒന്ന് അതു തന്നെയാണ്. വിരോധാഭാസമെന്ന് പറയട്ടെ, ഇതേ മധ്യപൗരസ്‌ത്യ ദേശക്കാരെയാണ് പാശ്ചാത്യ മീഡിയയും അവ ഛര്‍ദിക്കുന്നത് അതേ പടി വിഴുങ്ങുന്ന ഇതര മീഡിയയും ഏറ്റവും അക്രമാസക്തരും രക്തദാഹികളും അസംസ്‌കൃതരും പരുക്കരുമായി ചിത്രീകരിക്കുന്നത്. യഥാര്‍ഥത്തില്‍ കാമറക്ക് മുന്നില്‍ പ്രാര്‍ഥനാ നിര്‍ഭരമായ ഒരു സമാധാന പൂര്‍ണ വിപ്ലവം ഇതള്‍ നിവര്‍ത്തി വിടര്‍ന്നു വരുന്നത് കാണുന്നത് നയനാനന്ദകരവും അത്ഭുതകരവുമായിരുന്നു. അത് ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും സത്യസന്ധവും സമാധാന പൂര്‍ണവുമായ പ്രസാദാത്മക വദനം കാണിക്കാന്‍ സഹായിക്കുക തന്നെ ചെയ്‌തു.
സ്വാതന്ത്ര്യത്തിന്റെ ചത്വരത്തിലും ഹരിത ചത്വരത്തിലും ലോകം ദര്‍ശിച്ച പ്രാര്‍ഥനയുടെയും പ്രതിഷേധത്തിന്റെയും അദ്വീതിയ സമ്മേളനം മണ്ണും വിണ്ണും ഉള്‍ചേര്‍ന്ന മനുഷ്യ സത്വത്തിന്റെ പ്രതീകാത്മകമായ പ്രതിനിധാനമായിരുന്നു. ഇസ്‌ലാമിലെ അഞ്ചു നേരത്ത നമസ്‌കാരം തന്നെ സകലമാന ദുശ്ശക്തികളില്‍നിന്നുമുള്ള സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ പ്രതീകാത്മക പ്രതിനിധാനമാണ്. അല്ലാഹുവിന്റെ മുമ്പിലല്ലാതെ കുനിയുകയോ കുമ്പിടുകയോ ചെയ്യില്ല എന്ന് നിരന്തരമായി തന്നോടും ലോകത്തോടും `അല്ലാഹുവാണ് ഏറ്റം വലുത്' എന്ന് പറഞ്ഞുകൊണ്ട് പ്രഖ്യാപിക്കുന്ന നമസ്‌കാരക്കാരന്‍ ഏതു സ്വേഛാധിപത്യത്തിനു മുമ്പിലും ഓഛാനിച്ചു നില്‍ക്കാന്‍ വിസമ്മതിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ ചത്വരത്തില്‍ പൂവിട്ടു കായ്‌ച്ച ഈ മുല്ലപ്പൂ വിപ്ലവം മതത്തിനതീതമായി സമൂഹത്തിന്റെ വിശാലവും ബഹുസ്വരവുമായ ഗാത്രത്തെ പ്രതിനിധാനം ചെയ്യാനുള്ള ഇസ്‌ലാമിന്റെ ചരിത്രപരമായ കഴിവിനെ ഒരിക്കല്‍കൂടി മനസ്സിലാക്കിത്തരാന്‍ സഹായിച്ചു. ഈ വിപ്ലവങ്ങള്‍ ഇസ്‌ലാമിന്റെ സംഘാടക കഴിവിന്റെ മികവിനുള്ള മകുടോദാഹരണമായിരുന്നു. അത് ജന സംഘാടന തലത്തില്‍ വെള്ളിയാഴ്‌ചയുടെ സാധ്യതയെ വിപുലപ്പെടുത്തുകയും ചെയ്‌തു. ഈ സംഘാടന സാധ്യത ഇസ്‌ലാമിന്റെ ഹജ്ജ് പോലുള്ള അനുഷ്‌ഠാനങ്ങളിലും ഉണ്ടെന്നതാണ് വസ്‌തുത. ലോകത്തിന്റെ നാനാ ദിക്കില്‍ നിന്നുമുള്ള മൂന്ന് ദശലക്ഷത്തിലേറെ തീര്‍ഥാടകര്‍ സമര്‍പ്പണത്തിന്റെയും സേവനത്തിന്റെയും സമരത്തിന്റെയും ത്യാഗത്തിന്റെയും വിപ്ലവ പാഠങ്ങള്‍ ആവാഹിച്ചുകൊണ്ട്, പിശാചിന്റെ പ്രതീകത്തിനെതിരെ മൂന്നു ദിവസം തുടര്‍ച്ചയായി കല്ലെറിഞ്ഞ ശേഷം തങ്ങളുടെ നാടുകളിലേക്ക് തിരിച്ചുപോകുന്നത്, തീജ്വാലയായി മാറാനിരിക്കുന്ന മാറ്റത്തിന്റെ അഗ്നിസ്‌ഫുലിംഗങ്ങളെ ആവാഹിച്ചുകൊണ്ട് തന്നെയായിരിക്കുമെന്നതാണ് വസ്‌തുത.
ഈ വിപ്ലവങ്ങള്‍ വ്യക്തമാക്കിയതും എന്നാല്‍ പാശ്ചാത്യര്‍ മറച്ചുവെക്കുന്നതുമായ മറ്റൊരു യാഥാര്‍ഥ്യം, മധ്യ പൗരസ്‌ത്യ രാഷ്‌ട്രീയത്തിലെ അക്രമത്തിന്റെയും കുഴപ്പത്തിന്റെയും പിന്നിലെ യഥാര്‍ഥ പ്രതികള്‍ ആരെന്നതായിരുന്നു. അത് ഇസ്‌ലാമോ ഇസ്‌ലാമിസ്റ്റുകളോ അല്ല, ആയിരുന്നുമില്ല. മറിച്ച്, പാശ്ചാത്യ സാമ്രാജ്യത്വശക്തികളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പിന്തുണയോടെ നിഷ്‌ഠുരരും ക്രൂരരുമായ സ്വേഛാധിപത്യ, ഏകാധിപത്യ രാജഭരണകൂടങ്ങളും അവരുടെ സെക്യൂരിറ്റി അപ്പാരറ്റസ്സും ഇസ്‌ലാമിനെയും ഇസ്‌ലാമിസ്റ്റുകളെയും അടിച്ചമര്‍ത്തുന്നതിനും ഇല്ലായ്‌മ ചെയ്യുന്നതിനും ആവിഷ്‌കരിച്ച കുടില ഭരണകൂട സൂത്രങ്ങളായിരുന്നു അവ. നിരവധി സാമൂഹിക രാഷ്‌ട്രീയ വിശകലനങ്ങള്‍ ഈ വിപ്ലവങ്ങളെ സംബന്ധിച്ച് നടന്നിട്ടുണ്ട്. ഈ വിപ്ലവങ്ങളുടെ ഉള്ളടക്കത്തെയും (content) ഭാവങ്ങളെയും (characteristics) പശ്ചാത്തലത്തെയും (context) കുറിച്ച ആഴമേറിയ പഠനങ്ങള്‍ ഇനിയും നടക്കേണ്ടതാണ്. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സംവിധാനങ്ങള്‍ക്ക് ഈ മുല്ലപ്പൂ വിപ്ലവങ്ങളില്‍ ഒരു പങ്കുണ്ട്. 1979 -ലെ ഇറാനിയന്‍ വിപ്ലവത്തില്‍ ഓഡിയോ കാസ്സറ്റിന് ഉണ്ടായിരുന്ന പങ്കുപോലെ. രണ്ടും തെളിയിക്കുന്നത് പുതുതായി വികസിക്കുന്ന ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ മുസ്‌ലിം ലോകത്താണ് സാമൂഹിക മാറ്റങ്ങള്‍ക്ക് നിമിത്തമാകുന്നത് എന്നതാണ്. മുസ്‌ലിം ലോകത്ത് നടക്കുന്ന സാമൂഹിക വിപ്ലവങ്ങള്‍ ഇതര വിപ്ലവങ്ങളില്‍ നിന്നു ഭിന്നമായി സാധാരണ ഗതിയില്‍ മിനിമം കൊളാറ്ററല്‍ പോറലുകളേ ഉണ്ടാക്കുന്നുള്ളൂ. കൃത്യമായ നായകത്വവും ആസൂത്രണവും ഇല്ലാതെ വെറും സോഷ്യല്‍ നെറ്റ് വര്‍ക്കിലൂടെ മാത്രം ഇത് സാധിച്ചെടുക്കാനാവില്ല. സംഘാടകര്‍ക്ക് ജനങ്ങളില്‍ ആഴ്‌ചകളോളം വിപ്ലവത്തിന്റെ വീര്യം നിലനിര്‍ത്താന്‍ സാധിച്ചിരുന്നു. തുനീഷ്യയില്‍ അത് മാസങ്ങളായിരുന്നു. ഈജിപ്‌തില്‍ അത് 18 ദിവസങ്ങളായിരുന്നു. യമനിലും ലിബിയയിലും സിറിയയിലും മാസങ്ങളായി തുടരുന്നു. അതിന് പിന്നില്‍ കൃത്യവും വ്യക്തവുമായ ദിശാബോധമുള്ള ഒരു നേതൃത്വം ഇല്ലായിരുന്നെങ്കില്‍ ഇത് സാധ്യമാകുമായിരുന്നില്ല. വിപ്ലവകാരികള്‍ - അതിലേറെയും യുവാക്കളായിരുന്നു- സിവിലിയന്‍ വസ്‌ത്രം ധരിച്ച് വന്ന പോലീസിന്റെയും പട്ടാളക്കാരുടെയും ആക്രമണങ്ങളിലും ആക്രോശങ്ങളിലും ആത്മസംയമനവും ക്ഷമയും നഷ്‌ടപ്പെട്ടു പ്രകോപിതരാവുകയുണ്ടായില്ല. ഇത് വിപ്ലവകാരികള്‍ വെറും ആള്‍ക്കൂട്ടമായിരുന്നില്ലെന്നും അവര്‍ സുസംഘടിതരും സുശിക്ഷിതരുമായിരുന്നുവെന്നും തെളിയിക്കുന്നു. അവര്‍ സ്വാതന്ത്ര്യത്തിന്റെ ചത്വരത്തില്‍ ആഴ്‌കളോളം തമ്പടിച്ച ലക്ഷങ്ങള്‍ക്ക് ഭക്ഷണവും പാനീയവും വിതരണം ചെയ്യാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. ഇത്, അതിനു പിന്നില്‍ ഒരു നല്ല ആസൂത്രണം ഇല്ലാതെ സാധ്യമാകില്ലായിരുന്നു.
നൂറുകണക്കിന് ഭിഷഗ്വരന്മാര്‍ ആ ചത്വരത്തില്‍ രാപ്പകല്‍ ഭേദമില്ലാതെ സേവനമനുഷ്‌ഠിച്ചിരുന്നു. സമയ ബന്ധിതമായ ഇസ്‌ലാമിക പ്രാര്‍ഥന നടത്താന്‍ വേണ്ട സൗകര്യങ്ങള്‍ അവര്‍ ഒരുക്കിയിരുന്നു. എന്തിനേറെ പറയുന്നു, പ്രതിഷേധത്തിന്റെയും പ്രക്ഷോഭത്തിന്റെയും വേദികള്‍ വൃത്തിയാക്കുന്നതിനു വേണ്ടിയുള്ള സംവിധാനങ്ങള്‍ വരെ ഒരുക്കിവെച്ചുകൊണ്ടുള്ള ഒരു വിപ്ലവം ചരിത്രത്തിന്റെ തികച്ചും പുത്തനനുഭവമായിരുന്നു.
അവസാനം വിപ്ലവം വിജയിച്ചതിന്റെ തൊട്ടടുത്ത വെള്ളിയാഴ്‌ച ഖുത്വ്‌ബ നിര്‍വഹിക്കാന്‍ യൂസുഫുല്‍ ഖറദാവിയെ തീരുമാനിച്ചപ്പോള്‍, അദ്ദേഹം ആഗോള ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ താത്ത്വികാചാര്യനാണെന്നും അതുകൊണ്ട് തന്നെ അദ്ദേഹത്തെ സ്വാതന്ത്ര്യത്തിന്റെ ചത്വരത്തില്‍ തടിച്ചുകൂടിയ മുപ്പതു ലക്ഷം വിപ്ലവകാരികളെയും അത് കേള്‍ക്കാന്‍ ലോകത്തിന്റെ നാനാ ഭാഗങ്ങളിലും ടി.വി സെറ്റുകള്‍ക്ക് മുമ്പില്‍ കാതോര്‍ത്തു നില്‍ക്കുന്ന കോടിക്കണക്കിന് ജനങ്ങളെയും അഭിസംബോധന ചെയ്യാന്‍ അനുവദിക്കുന്നത് വിപ്ലവത്തെ മതമൗലികവാദമായി ലേബല്‍ ചെയ്യാന്‍ കാരണമാവുമെന്നും ഒരാളും ആശങ്കപ്പെടുക പോലുമുണ്ടായില്ല. വിപ്ലവാനന്തരം മാര്‍ച്ച് മാസം മൂന്നാം വാരത്തില്‍ നടന്ന ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ട ഹിതപരിശോധനയില്‍ 77 ശതമാനം ആളുകളും ഇഖ്‌വാന്‍ സ്വീകരിച്ച നിലപാടിനനുസരിച്ചാണ് വോട്ട് ചെയ്‌തത് എന്നത് വിപ്ലവവും അനന്തര ഈജിപ്‌തും എങ്ങോട്ടേക്കാണ് നീങ്ങുന്നത് എന്നതിന്റെ വ്യക്തമായ നിദര്‍ശനമാണ്. ക്രെഡിറ്റ് അവകാശപ്പെടാതിരിക്കാന്‍ മാത്രം ഇന്റലിജെന്റ് ആയിരുന്നു അതിന്റെ സംഘാടകര്‍. അത് ജനങ്ങളില്‍ നിന്നും ജനങ്ങള്‍ക്ക് വേണ്ടിയുള്ള വിപ്ലവം ആകാന്‍ അവര്‍ ആഗ്രഹിച്ചു. അവര്‍ ചില ലക്ഷ്യങ്ങള്‍ നിശ്ചയിച്ചു, അതില്‍ തന്നെ കേന്ദ്രീകരിച്ചു. അവര്‍ വിപ്ലവാനന്തരം നീതിപൂര്‍വകവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പ് നടത്തി, അവരുടെ ശക്തി വീണ്ടും മറ്റൊരു രൂപത്തില്‍ ജനങ്ങളുടെ കോടതിയില്‍ തെളിയിക്കാന്‍ ലക്ഷ്യം വെക്കുന്നു. അവര്‍ സ്വേഛാധിപത്യത്തിന്റെ തടവറയില്‍ കഴിയുകയായിരുന്ന ആയിരക്കണക്കിന് സമാധാനത്തിന്റെ സ്വാതന്ത്ര്യ പോരാളികളുടെ മോചനം ലക്ഷ്യം വെച്ചു. തങ്ങള്‍ക്കു കൂടി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കുന്ന ഭരണഘടനാ ഭേദഗതി അവര്‍ ആഗ്രഹിച്ചു. ഒരര്‍ഥത്തില്‍, 2010 നവംബറിലും ഡിസംബറിലുമായി ഈജിപ്‌ഷ്യന്‍ പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഹുസ്‌നി മുബാറക്കിന്റെ ദേശീയ `ജനാധിപത്യ' പാര്‍ട്ടി സാധാരണയില്‍ കവിഞ്ഞ, അതിരും പരിധിയുമില്ലാത്ത രൂപത്തില്‍ അധികാരത്തിന്റെ തിണ്ണബലത്തില്‍ ഗുണ്ടായിസവും തെമ്മാടിത്തവും വഴി കൃത്രിമത്വം കാണിച്ചു. സ്വതന്ത്രരായി മത്സരിക്കുകയായിരുന്ന മുഖ്യ പ്രതിപക്ഷമായ ഇഖ്‌വാന്റെ സ്ഥാനാര്‍ഥികളെ പാര്‍ലമെന്റില്‍ നിന്നും, അവര്‍ നേരത്തെ എല്ലാ റിഗ്ഗിങ്ങിനെയും അതിജീവിച്ചുകൊണ്ട് നേടിയ 85 സീറ്റുകളില്‍നിന്നും പൂര്‍ണമായും പുറംതള്ളിയപ്പോള്‍, ഇഖ്‌വാന്‍ അക്ഷരാര്‍ഥത്തില്‍ തന്നെ പാര്‍ലമെന്റില്‍ ഇരിക്കുന്നതിന് പകരം സ്വാതന്ത്ര്യത്തിന്റെ ചത്വരത്തില്‍ ഇരിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു.
ഒബാമ പറഞ്ഞത്
ഒബാമ പറഞ്ഞ പോലെ, ചരിത്രം അതിന്റെ ചുരുള്‍ സ്വയം തന്നെ നിവര്‍ത്തുകയായിരുന്നു. പക്ഷേ, അത് അമേരിക്കയുടെ ഇംഗിതമനുസരിച്ചല്ലായിരുന്നുവെന്ന് മാത്രം. അതുകൊണ്ടാണ് തുനീഷ്യയിലെ വിപ്ലവകാരികള്‍ ഫ്രഞ്ച് വിദേശകാര്യ മന്ത്രിയെയും സ്വാതന്ത്ര്യത്തിന്റെ ചത്വരത്തില്‍ തടിച്ചുകൂടിയ ദശലക്ഷക്കണക്കിന് ജനങ്ങള്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റനെയും കാണാന്‍ പോലും വിസമ്മതിച്ചത്. ഒരുപക്ഷേ, ലിബിയയില്‍ സംഭവിച്ച പാളിച്ച അവര്‍ പാശ്ചാത്യ സഹായം തേടി എന്നതാണ്. പാശ്ചാത്യരാവട്ടെ, കിട്ടിയ അവസരം മുതലെടുത്ത് വിപ്ലവത്തിന്റെ തുടര്‍ച്ചയെ തടയാന്‍ വിപ്ലവത്തെ സഹായിക്കുന്നുവെന്ന വ്യാജേന ചില നടപടികളെടുക്കുകയായിരുന്നു. ഇപ്പോള്‍ അവര്‍ ലിബിയയില്‍ നടപ്പാക്കുന്നത് ഒരുതരം സ്റ്റെയില്‍മേറ്റ് ഉണ്ടാക്കി യുദ്ധം മാനേജ് ചെയ്യുന്ന കിസ്സിന്‍ജീരിയന്‍ തന്ത്രമാണ്. ചരിത്രത്തിനു ഒരുപാട് വളവുകളും തിരിവുകളുമുണ്ട്. എഴുതപ്പെട്ട ചരിത്രത്തിന്റെ കാണാമറയത്തെ ചരിത്രമാണ് പലപ്പോഴും യഥാര്‍ഥ ചരിത്രം. കാരണം, എഴുതപ്പെട്ട ചരിത്രം ഭരണകൂടങ്ങള്‍ അവരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് മാനിപുലേറ്റ് ചെയ്‌തതാണ്. സംശയമുണ്ടെങ്കില്‍ ഇപ്പോള്‍ അമേരിക്ക ചെയ്യുന്നതും നേരത്തെ ബ്രിട്ടീഷുകാര്‍ ചെയ്‌തതുമെല്ലാം പഠന വിധേയമാക്കിയാല്‍ മതി. ഇന്നലെ ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരുമൊക്കെ മാനിപുലേറ്റ് ചെയ്‌തതാണ് ഇന്ന് ചരിത്രമായി നാം പഠിക്കുന്നത്. ഇന്ന് അമേരിക്ക മാനിപുലേറ്റ് ചെയ്‌തുകൂട്ടുന്ന കാര്യങ്ങളും നാളെ ചരിത്രത്തിന്റെ ഭാഗമാവും.
ചരിത്രത്തിന്റെ ദ്വിമാനത
ചരിത്രത്തിനു അതിന്റേതായ സ്വാഭാവികതയും നൈസര്‍ഗികതയും ഉണ്ടെങ്കിലും, മൂസാ ഫറവോന്റെ കൊട്ടാരത്തില്‍ വളരുന്നത് കാണുമ്പോള്‍ അതൊരു അപ്രതീക്ഷിതവും അപ്രവചിതവും ആയ സംഭവമായി തോന്നിപ്പോകും. ചരിത്രത്തിന് ദ്വിമാന സ്വഭാവമാണുള്ളത്. അത് മാറ്റത്തിനുള്ള പരിസരത്തെ സൃഷ്‌ടിക്കുകയും മാറ്റം ചുരുള്‍ നിവര്‍ത്തി ചരിത്രത്തിലേക്ക് പ്രവേശിച്ച് അതിനെ തന്നെ രൂപപ്പെടുത്തുകയും ചെയ്യുന്നു. ചരിത്രത്തിന്റെ മഹത്തായ വലിയ ഒരു പാഠം സാഹചര്യം അതിന് വേണ്ടുന്ന ആളുകളെ കൊണ്ടുവരുമെന്നതാണ്. ഖുര്‍ആനിക വീക്ഷണ കോണിലൂടെ നോക്കിയാല്‍ ഭരണകൂടം പൗരന്മാരുടെ അവകാശങ്ങള്‍ ഹനിക്കുകയും അടിച്ചമര്‍ത്തുകയും പൗരന്മാര്‍ക്ക് പുല്ലു വിലപോലും കല്‍പിക്കാതിരിക്കുകയും പുഛിച്ച് തള്ളുകയും ചെയ്യുമ്പോള്‍ ജനകീയ നിസ്സഹകരണ പ്രസ്ഥാനങ്ങളും സമാധാനപൂര്‍ണ സമരങ്ങളും വിപ്ലവങ്ങളും സംഭവിക്കണം. കാരണം ഖുര്‍ആന്റെ വീക്ഷണത്തില്‍, ജനങ്ങളെ നിസ്സാരവത്‌കരിക്കുകയും പുഛത്തോടെ കാണുകയും ചെയ്യുന്ന ഭരണകൂടത്തെ അനുസരിക്കുന്നത് തന്നെ കടുത്ത അധര്‍മവൃത്തിയാണ്. ഭരണകൂടം നിലവില്‍ വരുന്നത് പൂര്‍ണമായും നിയമവിരുദ്ധവും ജനവിരുദ്ധവും അധാര്‍മിക വഴികളിലൂടെയും ആയിരിക്കുക, ഭരണരീതിയാവട്ടെ, ജനങ്ങളെ ഒട്ടും പരിഗണിക്കാത്ത അങ്ങേയറ്റം പുഛിച്ചു തള്ളുന്നതുമായിരിക്കുക - അങ്ങനെയുള്ള ഭരണകൂടങ്ങളെ അനുസരിക്കല്‍ നിര്‍ബന്ധമാണെന്ന് ഫത്‌വ ചുട്ടെടുക്കുന്നത് സാമ്രാജ്യത്വത്തിന്റെ അടുക്കളയില്‍നിന്നാവാനേ നിര്‍വാഹമുള്ളൂ.
യഥാര്‍ഥത്തില്‍, ഇത്തരം സാഹചര്യങ്ങളില്‍ ഖുര്‍ആന്‍ ആവശ്യപ്പെടുന്നതുതന്നെ മാറ്റം താഴെ നിന്ന് തുടങ്ങി മുകളിലോട്ട് (ബോട്ടം-അപ്പ്) വളരാനാണ്. ഖുര്‍ആന്‍ പറയുന്നത് കാണുക: ``അല്ലാഹു ഒരു ജനതതിയെയും മാറ്റില്ല; അവര്‍ അവരുടെ അവസ്ഥക്ക് മാറ്റം വരുത്താന്‍ സ്വയം തയാറാകാതെ'' (13:11, 8:53). ഈ സൂക്തങ്ങള്‍ കൃത്യമായും വ്യക്തമാക്കുന്നത് മനുഷ്യനില്‍ അധികാരത്തിന്റെയും ശക്തിയുടെയും ന്യായപൂര്‍ണവും നിയമവിധേയവുമായ ധാര ജനങ്ങളാണെന്നതാണ്. ഖുര്‍ആന്‍ വീണ്ടും പറയുന്നത് കാണുക: ``ഭൂമിയില്‍ അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളോട് ഔദാര്യം കാണിക്കാനും അവരെ നായകന്മാരാക്കാനും അവരെ തന്നെ ഭൂമിയുടെ അനന്തരാവകാശികള്‍ ആക്കാനും നാം ഉദ്ദേശിക്കുന്നു''(28:5). മുസ്‌ലിം ജനസമൂഹത്തെ ഭരണാധികാരികളുടെയും അവരുടെ പാശ്ചാത്യ യജമാനന്മാരുടെയും ആഗ്രഹങ്ങള്‍ക്കനുസരിച്ച് ഇസ്‌ലാമിന്റെ രാഷ്‌ട്രീയ പരിസരത്തുനിന്നും അന്യവത്‌കരിക്കുന്നതിനും അരാഷ്‌ട്രീയവത്‌കരിക്കുന്നതിനും വേണ്ടി നിയോ സലഫി ചിന്താധാര ചമച്ച അബദ്ധജടിലവും അപകടകരവുമായ വാദമായിരുന്നു, ഭരണകൂടം എത്ര തന്നെ സ്വേഛാധിപത്യപരവും ജീര്‍ണവുമാണെങ്കിലും ഭരണാധികാരം അല്ലാഹു അവനുദ്ദേശിക്കുന്നവര്‍ക്ക് നല്‍കുന്നതാണെന്നും (ഖുര്‍ആന്‍ 3:26) ആയതിനാല്‍ മുസ്‌ലിംകള്‍ ഭരണകൂടത്തെ മാറ്റാന്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നുമുള്ളത്. കാര്യം അങ്ങനെ ആയിരുന്നുവെങ്കില്‍ നാം ഉപജീവനത്തിന് അധ്വാനിക്കേണ്ടതില്ലായിരുന്നു, കാരണം അല്ലാഹു വിഭവങ്ങള്‍ അവനുദ്ദേശിക്കുന്നവര്‍ക്ക് നല്‍കുന്നു. നാം ഇസ്‌ലാമിന്റെ സത്യസന്ദേശം ആര്‍ക്കും എത്തിച്ചു കൊടുക്കേണ്ടതില്ലായിരുന്നു. കാരണം സന്മാര്‍ഗമെന്നത് അല്ലാഹു അവനുദ്ദേശിക്കുന്നവര്‍ക്ക് നല്‍കുന്നതാകുന്നു. വിഡ്‌ഢികളായ സത്യനിഷേധികള്‍ തങ്ങളുടെ സാമൂഹിക ഉത്തവാദിത്വമായ ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ നിന്നു ഒഴിഞ്ഞുമാറാന്‍ പറഞ്ഞ അസംബന്ധ ന്യായമാണിതെന്ന് ഖുര്‍ആന്‍ പറയുന്നു: ``നിങ്ങള്‍ക്ക് നല്‍കിയ വിഭവത്തില്‍ നിന്നു നിങ്ങള്‍ ചെലവഴിക്കുക എന്ന് അവരോട് പറയപ്പെട്ടാല്‍ സത്യനിഷേധികള്‍ പറയും: അല്ലാഹു ദരിദ്രരാക്കിയവരെ നിങ്ങള്‍ ആഹരിപ്പിക്കുകയോ?'' (36:47). മാറ്റം, വിപ്ലവം എന്നൊക്കെ പറയുന്നത് സ്റ്റാറ്റസ്‌കോയുടെ ആളുകള്‍ക്ക് പറഞ്ഞതല്ല. മറിച്ച്, മൂസയെ പോലെ ചോദ്യം ചെയ്യാന്‍ കെല്‍പ്പുള്ളവര്‍ക്ക് പറഞ്ഞതാണ്. അത് എന്തുമാവട്ടെ, മുസ്‌ലിം ജനതതികള്‍ ഈ അസംബന്ധവും അയുക്തികവും ആയ വാദത്തെ അതര്‍ഹിക്കുന്ന പുഛത്തോടു കൂടി തന്നെ ചവറ്റു കൊട്ടയില്‍ വലിച്ചെറിഞ്ഞു കഴിഞ്ഞിരിക്കുന്നു. മനുഷ്യന്റെ കൂട്ടായ പ്രവര്‍ത്തനങ്ങളും അധ്വാനങ്ങളും രൂപപ്പെടുത്തുന്ന ചരിത്രത്തിന്റെ അപ്രതിഹതമായ പ്രവാഹത്തിന്റെ ഭാഗമാണ് സംഭവങ്ങള്‍. നിരന്തരമായ ഒഴുക്കില്‍ വ്യക്തികള്‍ അപ്രധാനമായി മാറുന്നു, അവര്‍ ചരിത്രത്തിന്റെ ഭാഗമാകുന്ന സംഭവത്തെ ചിലപ്പോള്‍ നിയന്ത്രിച്ചേക്കാമെങ്കിലും.
വിപ്ലവത്തിന് കളമൊരുക്കുന്ന
ക്രമരാഹിത്യം
ജനങ്ങളും ചരിത്ര പ്രക്രിയയും ചേര്‍ന്നുണ്ടാക്കുന്ന സംഭവമാണ് സാമൂഹിക വിപ്ലവം. അതിലേറെ, വിപ്ലവം എന്നത് ആഴത്തില്‍ വേരൂന്നിയതും സാവധാനത്തില്‍ രൂപപ്പെട്ടുവരുന്നതുമായ സാമൂഹിക രാഷ്‌ട്രീയ ക്രമരഹിത രൂപത്തിന്റെയും (malformation) അവതാള പ്രവര്‍ത്തനത്തിന്റെയും (malfunction) ആന്തരികമായ ചേര്‍ച്ചയില്ലായ്‌മയുടെയും (anomaly) ഒക്കെ ഫലമായി ഉണ്ടാവുന്നതാണ്. അല്ലാതെ, തുനീഷ്യയിലെയും ഈജിപ്‌തിലെയും വിപ്ലവങ്ങളെ മീഡിയ ചിത്രീകരിക്കാന്‍ ശ്രമിച്ചതുപോലെയും ഉപരിതലത്തില്‍ പ്രത്യക്ഷീഭവിക്കുന്നതുപോലെയും പൊടുന്നനെ ഉണ്ടാവുന്ന വിസ്‌ഫോടനങ്ങളല്ല സാമൂഹിക വിപ്ലവം. മധ്യ പൗരസ്‌ത്യ ദേശത്ത് കൊച്ചു കൊച്ചു രാഷ്‌ട്രങ്ങള്‍ 18,19 നൂറ്റാണ്ടുകളില്‍ അധിനിവേശം നടത്തിയ പാശ്ചാത്യ ശക്തികള്‍ 20-ാം നൂറ്റാണ്ടിന്റെ മധ്യ ദശകങ്ങളില്‍ കൊച്ചു കൊച്ചു രാഷ്‌ട്രങ്ങള്‍ക്ക് രൂപം കൊടുത്തത് ക്രമരഹിതമായാണെന്നു മാത്രമല്ല, ചരിത്രത്തെയും സംസ്‌കാരത്തെയും ഭാഷയെയും മതത്തെയും ഭൂമിശാസ്‌ത്രത്തെയും വിഭവ വിതരണത്തിലെ നൈതികതയെയും ഒന്നും കണക്കിലെടുക്കാതെയായിരുന്നു. 1948-ലെ സാമ്രാജ്യത്വത്തിന്റെ ഒത്താശയോടെയുള്ള ഇസ്രയേലിന്റെ രൂപവത്‌കരണം ഈ അവക്രമ രൂപവത്‌കരണത്തിന്റെ ആഴം കൂട്ടി. 1967-ല്‍ സാമ്രാജ്യത്വത്തിന്റെ സന്തതി സാമ്രാജ്യത്വത്തിന്റെ സഹായത്തോടെ സാമ്രാജ്യത്വത്തിന്റെ തന്നെ ഏറാംമൂളികളായ അറബ് സ്വേഛാധിപതികള്‍ക്കുമേല്‍ നേടിയ സൈനിക വിജയം പൗരസ്‌ത്യ ദേശത്തെ ഈ ക്രമരഹിത രാഷ്‌ട്ര രൂപവത്‌കരണത്തിന്റെ വ്യാപ്‌തിയും വര്‍ധിപ്പിച്ചു. അവര്‍ ഏല്‍പിച്ചുപോയ ഭരണകൂടങ്ങളാകട്ടെ, സാമ്രാജ്യത്വത്തിന്റെ ഏറാംമൂളികള്‍ എന്നതില്‍ കവിഞ്ഞ് എന്തെങ്കിലും അര്‍ഹത ഉള്ളവരായിരുന്നില്ല. ജനഹിതത്തിനെതിരായ സ്വേഛ പ്രമത്തത അവരുടെ ഭരണ പ്രവര്‍ത്തനങ്ങളെ അവതാള പൂര്‍ണമാക്കിയിരുന്നു. പാശ്ചാത്യ ശക്തികള്‍ സൂക്ഷ്‌മതലത്തിലും സ്ഥൂലതലത്തിലുമുള്ള ആന്തരികമായ നിരവധി ചേരായ്‌കകള്‍ ബോധപൂര്‍വമായി ഈ രാഷ്‌ട്രങ്ങളുടെ ഗാത്രങ്ങളില്‍ വിട്ടേച്ചുപോയിരുന്നു. അങ്ങനെയാണ് ഭൂരിപക്ഷം സുന്നികളുള്ള സിറിയയില്‍ ന്യൂനാല്‍ ന്യൂനപക്ഷമായ ശീഈകളിലെ അലവികളും, ശീഈ ഭൂരിപക്ഷമുള്ള ബഹ്‌റൈനിലും ഇറാഖിലുമൊക്കെ സുന്നി ഭരണാധികാരികളും ഉണ്ടായത്. ഇങ്ങനെ അല്ലാത്തിടത്ത് കുടുംബ ഭരണത്തിന്റെയും ഗോത്ര ഭരണത്തിന്റെയും ഒക്കെ സാഹചര്യം ഉണ്ടാക്കി. അതിനും പുറമേ, വിശാലമായ ദരിദ്ര രാജ്യങ്ങള്‍ക്ക് സമീപം അതിസമ്പന്നമായ കൊച്ചു കൊച്ചു രാജഭരണങ്ങള്‍ സൃഷ്‌ടിച്ചു അവര്‍ക്ക് സാമ്രാജ്യത്വം കാവലിരിക്കുന്ന സാഹചര്യം സൃഷ്‌ടിച്ചു. വെറുതെയല്ല ഡേവിഡ് കാമറൂണ്‍ ഈയിടെ പാകിസ്‌താനില്‍ വെച്ച് ഇന്ന് ലോകം അനുഭവിക്കുന്ന മുഴുവന്‍ പ്രശ്‌നങ്ങളും അദ്ദേഹത്തിന്റെ പൂര്‍വികര്‍ വിട്ടേച്ചുപോയതാണെന്ന് കുമ്പസരിച്ചത്. 26 വയസ്സുകാരന്‍ മുഹമ്മദ് ബൂ അസീസിയുടെ ആത്മഹത്യ വെറും ഒരു ട്രിഗ്ഗറിംഗ് പോയിന്റ് മാത്രമായിരുന്നു. രണ്ടാം ലോക യുദ്ധത്തിന് സെര്‍ബ് വംശീയവാദി ബോസ്‌നിയയില്‍ വെച്ച് ഓസ്‌ട്രിയന്‍ രാജകുമാരനെ വധിച്ചതുപോലെ. ട്വിറ്ററും ഫേസ് ബുക്കും ഒക്കെ നിരവധി മാധ്യമങ്ങളില്‍ ചിലത് മാത്രമായിരുന്നു; ഇറാനിയന്‍ വിപ്ലവത്തില്‍ ഓഡിയോ കാസറ്റുകള്‍ ആയിരുന്നത് പോലെ. ഈ വിപ്ലവമാവട്ടെ വെറും ഒരു തുടക്കമാണ്. നേരത്തെ പറഞ്ഞ രാഷ്‌ട്രങ്ങളുടെ ക്രമരഹിത രൂപങ്ങളും അവതാള പ്രവര്‍ത്തനങ്ങളും ആന്തരിക വൈരുധ്യങ്ങളും ആന്തരികമായ ചേര്‍ച്ചയില്ലായ്‌മകളും അവസാനിക്കുമ്പോഴേ ഈ വിപ്ലവങ്ങള്‍ പൂര്‍ണമാവുകയുള്ളൂ.
(തുടരും)
[email protected]
Comments