അമേരിക്ക ഉസാമയെ പരലോകത്തും കൊന്നു!
വിചിത്ര വാര്‍ത്തകളിലഭിരമിക്കുന്ന വായനക്കാര്‍ക്ക് ലണ്ടന്‍ പത്രമായ ഡെയ്ലി മെയില്‍ ഈയിടെ രസകരമായ ഒരു വിഭവം വിളമ്പുകയുണ്ടായി. കൊല്ലപ്പെട്ട ഉസാമ ബിന്‍ലാദന്‍ സ്വര്‍ഗത്തില്‍ പോകാതിരിക്കാന്‍ അമേരിക്കന്‍ സൈന്യം പയറ്റിയ 'അതിസമര്‍ഥമായ' തന്ത്രമാണത്. പന്നിക്കൊഴുപ്പ് ചേര്‍ത്ത വെടിയുണ്ടകളാണവര്‍ ഉസാമക്കു നേരെ ഉതിര്‍ത്തത്. അമേരിക്കന്‍ ഗവണ്‍മെന്റിന്റെ ഓര്‍ഡര്‍ പ്രകാരം തോക്കു നിര്‍മാണ കമ്പനി പ്രത്യേകം നിര്‍മിച്ചതാണീ തിരകള്‍. പന്നിമാംസവും കൊഴുപ്പും ഇസ്ലാമില്‍ ഹറാമാണ്. അതെങ്ങനെയെങ്കിലും മുസ്ലിമിന്റെ ശരീരത്തില്‍ പ്രവേശിച്ചാല്‍ അതോടെ അയാള്‍ക്ക് മരണാനന്തരം എന്നെന്നേക്കുമായി സ്വര്‍ഗം വിലക്കപ്പെട്ടു. ഡെയ്ലി മെയ്ലിന്റെ റിപ്പോര്‍ട്ടനുസരിച്ച് 'ഇസ്ലാമിക ഭീകരന്മാര്‍'ക്കെതിരെ ഏറ്റം വിജയകരമായി ഉപയോഗിക്കാവുന്ന ആയുധമാണ് 13 ശതമാനം പന്നിക്കൊഴുപ്പു ചേര്‍ത്ത വെടിയുണ്ട. ഫലിതപ്രിയരെ മാത്രമല്ല; ഇസ്ലാമിക ശരീഅത്തിനെക്കുറിച്ച് സാമാന്യ പരിജ്ഞാനമുള്ളവരെയും ചിരിപ്പിക്കുന്നതാണീ വാര്‍ത്ത. അല്ല, സാമാന്യബോധമുള്ള ആര്‍ക്കും ഇതൊരു കോപ്രായമായേ തോന്നൂ.
അമേരിക്കക്കാര്‍ അത്രയ്ക്ക് അജ്ഞരോ മൂഢരോ ആയതുകൊണ്ടാണോ ഈ കോപ്രായം? ആണെന്നു വിശ്വസിക്കാന്‍ പ്രയാസമുണ്ട്. ഒരു വ്യക്തിയോടോ വിഭാഗത്തോടോ ഉള്ള വെറുപ്പും വിദ്വേഷവും അതിരു കടന്നാല്‍ അവരോടുള്ള സമീപനത്തില്‍ വിവേകത്തിന്റെയും യുക്തിയുടെയും അതിരുകള്‍ മാഞ്ഞുപോവുക സാധാരണമാണ്. അത്തരക്കാര്‍ തങ്ങള്‍ അത്യുന്നതരും ലോകം ഭരിക്കാന്‍ പിറന്നവരുമാണെന്നും ആരെയും ആക്രമിച്ചു കീഴടക്കാനും കൊള്ളയടിക്കാനും തങ്ങള്‍ക്കവകാശമുണ്ടെന്നും വിശ്വസിക്കുന്നവര്‍ കൂടി ആയാലോ? പിന്നെ നീതിയും ന്യായവും ധര്‍മവും സത്യവുമൊക്കെ അവര്‍ നിശ്ചയിക്കുന്നതായിരിക്കും. വെള്ളക്കാരുടെ ദൃഷ്ടിയില്‍ വെള്ളക്കാരല്ലാത്തവരെല്ലാം വെള്ളക്കാരുടെ ദാസരും ആശ്രിതരും അനുകര്‍ത്താക്കളുമായി ജീവിക്കേണ്ട, ബുദ്ധിയും വിവരവും കുറഞ്ഞ വര്‍ഗങ്ങളാണ്. അവരെ നിന്ദിച്ചും താഡിച്ചും ഭരിക്കാന്‍ വെള്ളക്കാര്‍ക്കവകാശമുണ്ട്. ഈ മനോഭാവമാണ് ഉസാമക്കു നേരെ ചൂണ്ടിയ പന്നിത്തിരക്കു പിന്നിലുള്ളത്. അതുകൊണ്ടവര്‍ വെടിവെക്കുന്നത് ഉസാമയെ മാത്രമല്ല, മുസ്ലിം സമുദായത്തെയും അവരുടെ മതത്തെയും കൂടിയാണ്.
മൂഢരും അജ്ഞരുമായ ഒരു ജനസഞ്ചയമായിട്ടാണ് അമേരിക്ക മുസ്ലിം ലോകത്തെ കാണുന്നത്. മുസ്ലിംകള്‍ മാത്രമല്ല; വെളുത്തവരല്ലാത്ത എല്ലാവരും അമേരിക്കയുടെ കണ്ണില്‍ ബുദ്ധിയും വിവരവും കുറഞ്ഞവരാണ്. ലോക ജനതയില്‍ വലിയൊരു വിഭാഗം അമേരിക്കയെ പൂജിക്കുന്നുവെന്നതില്‍ തര്‍ക്കമില്ല. അവരുടെ ദൃഷ്ടിയില്‍ അമേരിക്ക ചെയ്യുന്നതെല്ലാം നീതിയും പറയുന്നതെല്ലാം സത്യവുമാണ്. അക്കൂട്ടത്തില്‍ നമ്മുടെ നാട്ടിലെ പ്രമുഖരായ രാഷ്ട്രീയ നേതാക്കളും സാംസ്കാരിക നായകരും പത്രപ്രവര്‍ത്തകരുമുണ്ട്. അമേരിക്കയില്‍ നിന്നുള്ള എന്തിനെയും അവര്‍ ശക്തിയായി പിന്തുണക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ലോക പോലീസ് ചമയുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ചെയ്തികളെ മുഖവിലക്കെടുക്കാന്‍ കൂട്ടാക്കാതെ അതിന്റെ പിന്നാമ്പുറങ്ങള്‍ അന്വേഷിക്കുന്നവരും ഇല്ലാതില്ല. അവരുടെ എണ്ണവും സ്വാധീനവും പരിമിതമാണ്.
ആഗോള പ്രശസ്തരായ ചില നിരീക്ഷകരും അമേരിക്കയുടെ പന്നിത്തിര മുസ്ലിം സമൂഹത്തെ നിന്ദിക്കാനുദ്ദേശിച്ചുള്ളതാണെന്ന് നിരീക്ഷിക്കുന്നുണ്ട്. ഗോണ്ട്വനാമോ- അബൂഗുറൈബ് മര്‍ദന കേന്ദ്രങ്ങളില്‍ അരങ്ങേറിയ മതനിന്ദാപരമായ പീഡനങ്ങളുടെ മറ്റൊരു രൂപമാണിത്. 'ഇസ്ലാമിക ഭീകരത'യുടെ അന്തരീക്ഷം സൃഷ്ടിച്ച് ചില രാജ്യങ്ങളുടെ പ്രകൃതി വിഭവങ്ങള്‍ കൈയടക്കിക്കൊണ്ട് മുസ്ലിം ലോകത്തെ കീഴടക്കിയെന്ന ഹുങ്കിലാണ് അമേരിക്ക. മധ്യ നൂറ്റാണ്ടുകളുടെ ചരിത്രപാരമ്പര്യം കീഴടക്കപ്പെട്ടവരെ കീഴടക്കിയവര്‍ നാനാവിധേന നിന്ദിക്കുകയും അപമാനിക്കുകയും ചെയ്തുകൊണ്ടിരിക്കുക എന്നതാണ്. സ്വാതന്ത്യ്രം, നീതി തുടങ്ങിയ സുന്ദരപദങ്ങളാല്‍ പൊതിഞ്ഞതുകൊണ്ട് ഈ പാരമ്പര്യ ഭീകരത തിരിച്ചറിയപ്പെടാതിരിക്കുന്നില്ല. അമേരിക്കയുടെ ദുര്‍മോഹത്തിന്റെയും ദുര്‍ബുദ്ധിയുടെയും ദര്‍പ്പണമായിത്തന്നെയാണ് അമേരിക്കന്‍ ഭക്തരല്ലാത്തവര്‍ ഇത്തരം നടപടികളെ കാണുന്നത്. തങ്ങള്‍ എഴുന്നള്ളിക്കുന്നതെന്തും ശിഷ്ടലോകം സശിരകമ്പം അംഗീകരിക്കും അഥവാ അംഗീകരിച്ചുകൊള്ളണമെന്നാണമേരിക്കയുടെ വിചാരം. ആ വിചാരം പൂര്‍ണമായി ശരിയല്ല എന്ന് പന്നിത്തിര വാര്‍ത്തയുടെ വിതരണം തന്നെ സൂചിപ്പിക്കുന്നുണ്ട്. വാര്‍ത്ത ലോകമെങ്ങും എത്തിച്ച ഏജന്‍സി എ.എന്‍.ഐ തങ്ങളുടെ റിപ്പോര്‍ട്ടിനൊപ്പം ഇപ്രകാരം ഒരു കുറിപ്പും കൊടുത്തിരുന്നു: "പന്നിമാംസവും കൊഴുപ്പും ഇസ്ലാമില്‍ ഹറാമാണെങ്കിലും അസഹ്യമായ വിശപ്പിനാല്‍ നിര്‍ബന്ധിതരായി അത് ഭക്ഷിക്കുന്നവര്‍ നിരപരാധികളായിരിക്കുമെന്ന് ഖുര്‍ആന്‍ അസന്ദിഗ്ധമായി പ്രസ്താവിക്കുന്നു. അതിനാല്‍ അവര്‍ സ്വര്‍ഗം വിലക്കപ്പെട്ടവരാകുന്നില്ല.'' ഏജന്‍സി അതിന്റെ ഗ്രാഹ്യതക്കൊത്ത് സത്യം വെളിപ്പെടുത്തിയെങ്കിലും അതവഗണിച്ചുകൊണ്ട് പരിഹാസ്യമായ ഈ വാര്‍ത്ത വന്‍പ്രാധാന്യത്തോടെ പ്രചരിപ്പിക്കുകയാണ് ഹിന്ദുസ്ഥാന്‍ ടൈംസ് അടക്കമുള്ള പ്രമുഖ ഇന്ത്യന്‍ പത്രങ്ങള്‍ ചെയ്തത്.
Comments