Prabodhanm Weekly

Pages

Search

2011 ജൂലൈ 9

പ്രസ്ഥാന പ്രവര്‍ത്തകന്റെ സൈബര്‍ തര്‍ബിയത്ത്‌

ഇ. യാസിര്‍

ഒരു വ്യക്തി ഇസ്‌ലാമിക പ്രസ്ഥാനത്തില്‍ എത്തിച്ചേരുന്നത്‌ അദ്ദേഹത്തിന്റെ സത്യാന്വേഷണത്തിന്റെയും ചിന്തയുടെയും പഠനത്തിന്റെയും വഴിയിലൂടെയാണ്‌. അതല്ലാത്ത മറ്റു വഴികളിലൂടെ കടന്നുവരുന്നവരും ഉണ്ടാവും. ഇങ്ങനെ എത്തിപ്പെടാന്‍ സാധിക്കുന്നത്‌ അല്ലാഹുവിന്റെ അമൂല്യങ്ങളായ അനുഗ്രഹങ്ങളില്‍ പെട്ടതാണ്‌. ഏതൊരു വ്യക്തിക്കും അതിന്റെ ഭാഗമാവാന്‍ ഉതവി ഉണ്ടാവുന്നത്‌ പോലെത്തന്നെ അത്‌ വിട്ട്‌ പോവാനുള്ള വിധിയും ഉണ്ടായെന്ന്‌ വന്നേക്കാം. അല്ലാഹു ഇഛിക്കാതെ ലോകത്ത്‌ ഒന്നും സംഭവിക്കുന്നില്ല. ഇത്‌ അല്ലാഹുവിന്റെ അലംഘനീയമായ നിയമങ്ങളില്‍ പെട്ടതാണ്‌. ഒരു വ്യക്തി ഇസ്‌ലാമിക പ്രസ്ഥാനത്തോട്‌ ഒന്നിച്ച്‌ ചേരുന്നതും അതോടൊന്നിച്ച്‌ യാത്ര ചെയ്യുന്നതും വിടപറയുന്നതും എല്ലാം ഈ നിയമമനുസരിച്ചാണ്‌. ഖുര്‍ആന്‍ പറയുന്നു: ``അവന്റെ പക്കലാകുന്നു അദൃശ്യ കാര്യങ്ങളുടെ ഖജനാവുകള്‍. അവനല്ലാതെ അത്‌ അറിയുകയില്ല. കരയിലും കടലിലുമുള്ളത്‌ അവന്‍ അറിയുന്നു. അവനറിയാതെ ഒരു ഇലപോലും വീഴുന്നില്ല. ഭൂമിയുടെ ഇരുട്ടുകള്‍ക്കുള്ളിലിരിക്കുന്ന ഒരു ധാന്യ മണിയാകട്ടെ, പച്ചയോ ഉണങ്ങിയതോ ആയ ഏതൊരു വസ്‌തുവാകട്ടെ, വ്യക്തമായ രേഖയില്‍ എഴുതപ്പെട്ടതായിട്ടല്ലാതെ ഉണ്ടാകില്ല'' (6:59). ഈ പ്രസ്ഥാനത്തോട്‌ ചേരാന്‍ ഒരു വ്യക്തിക്കുള്ള അതേ സ്വാതന്ത്ര്യം അദ്ദേഹത്തിന്‌ ഈ മാര്‍ഗത്തോട്‌ വിട പറയാനും ഉണ്ട്‌. നല്ല കഴിവും പ്രാപ്‌തിയും വ്യക്തി ഗുണങ്ങളും ധാരാളമായുള്ള ആളുകള്‍ ഈ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നെങ്കില്‍ എന്ന്‌ ആത്മാര്‍ഥതയുള്ള ഏതൊരു പ്രസ്ഥാന പ്രവര്‍ത്തകനും ആശിച്ചുപോവും. എന്നല്ല അദ്ദേഹത്തെ പ്രസ്ഥാനവുമായി അടുപ്പിക്കാനുള്ള പ്രാര്‍ഥനയും പരിശ്രമവുമായിരിക്കും പിന്നെ അവന്റെ ജോലി. ഇസ്‌ലാമിക പ്രസ്ഥാനത്തില്‍ അണിചേര്‍ന്നവരില്‍ ധാരാളം പേര്‍ ഇങ്ങനെ ഒരുനൂറ്‌ പേരുടെ പ്രാര്‍ഥനയുടെയും പരിശ്രമത്തിന്റെയും ഫലമായി വന്നവരായിരിക്കും. ഇങ്ങനെ ആളുകള്‍ പ്രസ്ഥാനത്തോട്‌ ചേരുമ്പോള്‍, പ്രാര്‍ഥിക്കുകയും പരിശ്രമിക്കുകയും ചെയ്‌ത പ്രവര്‍ത്തകന്‌ ചാരിതാര്‍ഥ്യവും അതിരറ്റ സന്തോഷവും ഉണ്ടാവും. അവന്റെ നന്മയുടെ തട്ടിന്‌ ഭാരം വര്‍ധിച്ചതായി അവന്‌ തന്നെ അനുഭവപ്പെടും. അതുപോലെത്തന്നെ, ഒരു വ്യക്തി നിര്‍ജീവമാവുമ്പോഴും സഹപ്രവര്‍ത്തകനായ ഇസ്‌ലാമിക പ്രവര്‍ത്തകന്‌ മാനസികമായി വിഷമം അനുഭവപ്പെടും, അനുഭവപ്പെടണം. ഇങ്ങനെ അനുഭവപ്പെടുമ്പോഴാണ്‌ ഒരാള്‍ മാതൃകാ ഇസ്‌ലാമിക പ്രവര്‍ത്തകന്‍ ആവുന്നത്‌. ഇതിന്റെ തന്നെ തുടര്‍ച്ചയാണ്‌ പ്രസ്ഥാനത്തില്‍ നിന്നും ഒരു വ്യക്തി വിട പറയുമ്പോഴും ഉണ്ടാവുന്നത്‌; ഉണ്ടാവേണ്ടതും. ഒന്നാമതായി മറ്റു പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ തീരുമാനത്തില്‍ വിഷമിക്കുകയും അദ്ദേഹത്തിനു വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ തീരുമാനത്തില്‍ മാറ്റം വരാനായി നേരില്‍ സംസാരിക്കുന്നു. ഈ അവസ്ഥകള്‍ക്കു ശേഷവും അദ്ദേഹം വഴിപിരിയാന്‍ തന്നെ തീരുമാനിക്കുന്നുവെങ്കില്‍ അല്ലാഹുവിന്റെ തീരുമാനത്തെ അവര്‍ അംഗീകരിക്കുന്നു. തുടര്‍ന്നും വ്യക്തിഗത സംസാരങ്ങളും ആരോഗ്യകരമായ സംവാദങ്ങളും തുടരുന്നത്‌ ഇത്തരക്കാരെ അടുപ്പിക്കാന്‍ ഉപകരിക്കും. ചുരുങ്ങിയത്‌ ഇവര്‍ എതിര്‍ ചേരിയില്‍ എത്തിപ്പെടാതിരിക്കാനും പ്രസ്ഥാനത്തിന്റെ ശത്രുഗണത്തില്‍ വരാതിരിക്കാനും അത്തരം ഉദ്യമങ്ങള്‍ വഴി സാധിക്കും. സ്വന്തം മക്കളില്‍, തങ്ങളുടെ ആദര്‍ശത്തോടും മൊത്തം കുടുംബ സംസ്‌കാരത്തോടും യോജിച്ച്‌ പോവാത്ത ഒന്നോ രണ്ടോ മക്കളുണ്ടായാലും ഇതുതന്നെയാണല്ലോ സാധാരണ എല്ലാവരും സ്വീകരിക്കുന്ന വഴി. ന്യൂനപക്ഷമെങ്കിലും, ഇതിന്‌ വിരുദ്ധമായ വഴികളിലൂടെ പുതിയ കാലത്ത്‌ പ്രസ്ഥാന പ്രവര്‍ത്തകര്‍ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നതാണ്‌ ഈ കുറിപ്പിന്റെ പശ്ചാത്തലം. ഇസ്‌ലാമിക പ്രസ്ഥാനത്തില്‍നിന്ന്‌ വഴിമാറി നടന്ന ഒരു സഹോദരന്‌, പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു പ്രവര്‍ത്തകന്‍ ഒരു കത്തയക്കുന്നു. വ്യക്തിപരമായി നല്ല ബന്ധമുള്ള പ്രവര്‍ത്തകരായിരുന്നു ഇരുവരും എന്ന്‌ കത്തിന്റെ വരികളില്‍ നിന്ന്‌ വായിച്ചെടുക്കാം. കത്ത്‌ സാധാരണ കത്തുകളില്‍ നിന്ന്‌ ഭിന്നമാണ്‌. രാഷ്‌ട്രീയത്തില്‍ സര്‍വസാധാരണമായ `തുറന്ന കത്താ'ണ്‌ മാന്യദേഹം തന്റെ പഴയ സഹപ്രവര്‍ത്തകന്‌ എഴുതിയിരിക്കുന്നത്‌. എതിരാളികള്‍ക്കെതിരിലുള്ള തങ്ങളുടെ ഭാഗം പൊതുജന സമക്ഷം അവതിരിപ്പിക്കാനും ന്യായീകരിക്കാനും രാഷ്‌ട്രീയ നേതൃത്വങ്ങള്‍ സ്വീകരിച്ചുവരുന്ന ഒരു നയം എന്നതിനപ്പുറം, വ്യക്തികള്‍ പരസ്‌പരം നടത്തുന്ന ആശയ വിനിമയങ്ങള്‍ ഇപ്രകാരം `തുറന്നെഴുതുന്നത്‌' ആശാവഹമായ കാര്യമല്ല. ഇത്തരം കത്തുകളെഴുതുന്നതിന്‌ ഇസ്‌ലാമികമായി അടിസ്ഥാനമുണ്ടെന്ന്‌ തോന്നുന്നില്ല, പ്രത്യേകിച്ചും വ്യക്തിപരമായ വിഷയങ്ങള്‍ പരാമര്‍ശിക്കുന്ന കത്തുകളാവുമ്പോള്‍. കത്ത്‌ എന്നത്‌ തന്നെ ഒരു വ്യക്തിപരമായ ഇടപാടാണല്ലോ. ഒരു കത്തിന്റെ അവകാശി എഴുതുന്നവനും സ്വീകര്‍ത്താവും കൂടിയാണ്‌. ഉഭയ കക്ഷി സമ്മതമില്ലാതെ അതിന്റെ ഉള്ളടക്കം പരസ്യപ്പെടുത്തുന്നത്‌ മനുഷ്യര്‍ക്കിടയില്‍ ഉണ്ടായിരിക്കേണ്ട പരസ്‌പര ബന്ധത്തിലെ വിള്ളലായിട്ടാണ്‌ വിലയിരുത്തപ്പെടേണ്ടത്‌. മറ്റൊരു സുപ്രധാന തലം കത്തിന്റെ ഭാഷയാണ്‌. ഒരു വ്യക്തിക്ക്‌ കത്തെഴുതുമ്പോള്‍, അദ്ദേഹം പ്രസ്ഥാനത്തിലുണ്ടായിരുന്ന കാലത്ത്‌ കത്തെഴുതുമായിരുന്നെങ്കില്‍ ഉപയോഗിക്കുമായിരുന്ന ഭാഷ തന്നെ ഉപയോഗിക്കുന്നതാണ്‌ ഇസ്‌ലാമിക പ്രവര്‍ത്തകര്‍ പുലര്‍ത്തേണ്ട സംസ്‌കാരം. അതിനേക്കാള്‍ മികച്ച ഭാഷയും ആകര്‍ഷണീയമായ ശൈലിയും അവലംബിക്കലാണ്‌ അദ്ദേഹത്തെ ആദരിക്കുന്നതിന്റെയും എതിര്‍പ്പ്‌ ലഘൂകരിക്കുന്നതിന്റെയും അല്ലാഹുവിന്റെ തൃപ്‌തി സമ്പാദിക്കുന്നതിന്റെയും വഴി. വായിക്കാനിടയായ തുറന്ന കത്ത്‌ നിലവാരം കുറഞ്ഞുപോയതായി അനുഭവപ്പെട്ടു. ഇത്‌ ഇസ്‌ലാമിക പ്രവര്‍ത്തകരില്‍ നിന്ന്‌, ഖുര്‍ആനില്‍നിന്ന്‌ തര്‍ബിയത്ത്‌ നേടിയവരില്‍ നിന്ന്‌ ഉണ്ടാവാന്‍ പാടില്ലാത്തതാണ്‌. സത്യത്തെയും ദീനിനെയും ബലപ്പെടുത്താന്‍ ഇത്തരം വരികള്‍ക്കോ ഉദ്യമങ്ങള്‍ക്കോ സാധ്യമല്ല. ഇസ്‌ലാമിക പ്രവര്‍ത്തകര്‍ വെക്കുന്ന ഓരോ കാല്‍വെപ്പും എഴുതുന്ന ഓരോ വരിയും ഏര്‍പ്പെടുന്ന ഓരോ സംവാദവും ദീനിന്റെ സംസ്ഥാപനത്തിനെ സഹായിക്കുന്നതായിരിക്കണം, തകര്‍ക്കുന്നതായിരിക്കരുത്‌. അവരുടെ എല്ലാം സൃഷ്‌ടിപരമായിരിക്കും, ആയിരിക്കണം. സംഹാരാത്മകമായിരിക്കരുത്‌ ഒരിക്കലും. ഇത്തരം കത്തുകള്‍ ഇന്ന്‌ ധാരാളമായി പ്രചരിക്കുന്നത്‌ ഇമെയില്‍ വഴിയാണ്‌. നൂറുകണക്കിന്‌ വ്യക്തികളിലേക്ക്‌ നിമിഷാര്‍ധത്തില്‍ എത്തിക്കാനും ഇമെയിലുകള്‍ക്ക്‌ സാധിക്കുന്നു. പ്രസ്‌തുത കത്തും ഇമെയില്‍ വഴി തന്നെയാണ്‌ പ്രചരിക്കപ്പെട്ടത്‌. ഒന്നും രണ്ടും മൂന്നും തവണ ഒരേ ഇമെയിലുകള്‍ ഒരൊറ്റ വ്യക്തിക്കു മാത്രം ലഭിക്കുന്നു. പ്രവാസികളായ പ്രവര്‍ത്തകരാണ്‌ സൈബര്‍ മേഖലയെ കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത്‌. അവരാണ്‌ ഇന്റര്‍നെറ്റും കമ്പ്യൂട്ടറും ഉപയോഗിച്ചുള്ള ജോലികളില്‍ നാട്ടിലുള്ള പ്രവര്‍ത്തകരെ അപേക്ഷിച്ച്‌ ധാരാളമായി ഏര്‍പ്പെടുന്നവരും. അതിനാല്‍ ഇത്തരം വിഷയങ്ങളില്‍ പ്രവാസികളായ പ്രവര്‍ത്തകരെ പ്രത്യേകം ബോധവത്‌കരിക്കേണ്ടതുണ്ട്‌ എന്ന്‌ തോന്നുന്നു. പ്രവാസികള്‍, വിശിഷ്യാ ഗള്‍ഫിലെ പ്രവര്‍ത്തകര്‍ക്കൊക്കെ അതത്‌ രാജ്യങ്ങളില്‍ പ്രവര്‍ത്തന വൃത്തവും അവരുടെ തര്‍ബിയത്തിനു അതത്‌ പ്രദേശങ്ങളില്‍ വിപുലമായ സംവിധാനവും ഉണ്ട്‌. ഈ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി ആശയ വിനിമയത്തിന്റെയും വിജ്ഞാന സമ്പാദനത്തിന്റെയും പുതിയ രംഗമായ സൈബര്‍ മേഖലയുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തകരെ ബോധവത്‌കരിക്കേണ്ടതുണ്ട്‌. അനന്യമായ സാധ്യതകള്‍ക്കൊപ്പം അത്രതന്നെ ചതിക്കുഴികള്‍ കൂടിയുണ്ട്‌ സൈബര്‍ മേഖലയില്‍. അതിലെ സാംസ്‌കാരിക മാലിന്യങ്ങളെക്കുറിച്ചും ലൈംഗിക വൈകൃതങ്ങളെക്കുറിച്ചും പ്രവര്‍ത്തകരെ ഉദ്‌ബോധിപ്പിക്കേണ്ടതില്ല. അവരതിനെക്കുറിച്ച്‌ നല്ല ബോധ്യമുള്ളവരും അത്തരം മ്ലേഛതകളില്‍ നിന്ന്‌ അകന്നു ജീവിക്കുന്നവരുമാണ്‌. പക്ഷേ, പ്രവര്‍ത്തകര്‍ ആര്‍ജിച്ചെടുത്ത, നാവിന്റെയും പേനയുടെയും വിശുദ്ധി സൈബര്‍ മേഖലയിലൂടെ നശിച്ചുപോവാനുള്ള സാധ്യത കൂടുതലാണ്‌. മേല്‍ കത്ത്‌ വായിച്ച ഒരു പ്രവര്‍ത്തകന്‍ അത്‌ മറ്റുള്ളവര്‍ക്ക്‌ ഫോര്‍വേഡ്‌ ചെയ്‌തുകൊണ്ടെഴുതി: ``ഉഗ്രന്‍!!'' ഓണത്തിന്‌ കിട്ടിയ ഒരു പായസത്തേക്കാള്‍ മധുരമേറിയതായി ഈ കത്ത്‌ അദ്ദേഹത്തിന്‌ അനുഭവപ്പെടുന്നുവെങ്കില്‍ അതൊരു വന്‍ വീഴ്‌ചയാണ്‌. കഴിവും ശേഷിയുമുള്ള ആയിരം പ്രവര്‍ത്തകര്‍ പ്രസ്ഥാനം വിട്ടുപോവുന്നതിനേക്കാള്‍ ഗുരുതരമാണ്‌ ഒരു പ്രവര്‍ത്തകന്‍ ഇതുപോലൊരു കത്ത്‌ വായിച്ച്‌ ഇങ്ങനെ പ്രതികരിക്കുന്നത്‌. കാരണം, ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ മൂലധനം ഉയര്‍ന്ന ജീവിത മൂല്യങ്ങളുള്ള ഒരു കൂട്ടം പ്രവര്‍ത്തകരാണ്‌. അവരുടെ വ്യക്തി ജീവിതത്തില്‍ സംഭവിക്കുന്ന വീഴ്‌ചകള്‍ പ്രസ്ഥാനത്തിന്റെ പരാജയമായിട്ടാണ്‌ ഗണിക്കുക. ഇതൊരു ഉദാഹരണം മാത്രമാണ്‌. ഇമെയില്‍ ലോകത്ത്‌ മാത്രം വന്നുപോവുന്ന ഇനിയും ധാരാളം പാളിച്ചകള്‍ തര്‍ബിയത്തീ വീക്ഷണകോണിലൂടെ വിലയിരുത്തി പ്രവര്‍ത്തകരെ പഠിപ്പിക്കേണ്ടതായിട്ടുണ്ട്‌. ആശാവഹമായ പ്രതികരണങ്ങളെയും ഉദ്ധരിക്കേണ്ടതുണ്ട്‌. പ്രസ്‌തുത കത്ത്‌ വായിച്ച ഒരു പ്രവര്‍ത്തകന്‍ തന്റെ യൂനിറ്റിലെ സഹപ്രവര്‍ത്തകര്‍ക്കെഴുതിയതിന്റെ സംക്ഷിപ്‌തം ഇങ്ങനെ വായിക്കാം: ``മനുഷ്യരുടെ ഈമാന്‍ ഏറിയും കുറഞ്ഞുമിരിക്കും. അതനുസരിച്ച്‌ അവര്‍ പല തീരുമാനങ്ങളിലും എത്തിച്ചേരുന്നു. നാം അവരെ കുറ്റപ്പെടുത്തുന്നതിനും പരസ്യ വിചാരണ ചെയ്യുന്നതിനും പകരം, അവരോട്‌ സംവദിക്കാനും അവര്‍ക്ക്‌ വേണ്ടി പ്രാര്‍ഥിക്കാനുമാണ്‌ ശ്രമിക്കേണ്ടത്‌. നമ്മുടെ പ്രബോധക മുഖം ചിലപ്പോഴൊക്കെ കൈമോശം വന്നുപോവുന്നു എന്നാണ്‌ ഇത്തരം കത്തുകള്‍ വായിക്കുമ്പോള്‍ അനുഭവപ്പെടുന്നത്‌.'' എത്ര മഹത്തരമായ വരികള്‍! ഈ വരികള്‍ ആ മാന്യ സുഹൃത്തിനെ എഴുതാന്‍ പരിശീലിപ്പിച്ച കളരിയെയാണ്‌ ഇസ്‌ലാമിക പ്രസ്ഥാനം എന്ന്‌ വിളിക്കുന്നത്‌. ഈ നിലപാടിന്റെ നിലവാരത്തെയാണ്‌ തര്‍ബിയത്ത്‌ എന്ന്‌ വിളിക്കുന്നത്‌. എഴുത്ത്‌ വാക്കിനേക്കാള്‍ നിര്‍ണിതമായതിനാല്‍ ഇമെയില്‍, സംസാരത്തേക്കാള്‍ പ്രാധാന്യത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണ്‌. അലി(റ)യുടേതായി ഉദ്ധരിക്കപ്പെട്ട ഒരു വാക്യം പ്രസിദ്ധമാണ്‌: ``ഒരു വാക്ക്‌ അത്‌ താങ്കള്‍ ഉരുവിടുവോളം താങ്കളുടേതാണ്‌.'' ഇമെയിലുകള്‍ അയക്കുന്നതിലും ഫോര്‍വേഡ്‌ ചെയ്യുന്നതിലും അലി(റ)യുടെ ഈ വാക്യത്തിലെ സൂക്ഷ്‌മത നാം പാലിക്കാറുണ്ടോ? നാം നല്ലതു മാത്രമാണ്‌ പറഞ്ഞും അയച്ചും ഫോര്‍വേഡ്‌ ചെയ്‌തും ശീലിക്കേണ്ടത്‌. തന്റെ സുഹൃത്തിന്റെ പോസ്റ്റ്‌ ബോക്‌സില്‍ കത്തിനു പകരം മാലിന്യമോ മറ്റു വൃത്തികേടുകളോ ബോധപൂര്‍വം ആരും നിക്ഷേപിക്കില്ല. അങ്ങനെ ചെയ്യുന്നവനെ സംസ്‌കാര ശൂന്യന്‍ എന്ന്‌ വിളിക്കും. ഇത്തരം വൈകൃതങ്ങള്‍ സ്ഥിരം പതിവാക്കുന്നവനെ പിടികൂടി പോലീസില്‍ ഏല്‍പിക്കുന്നതാണ്‌ പതിവ്‌. എന്നാല്‍, നമ്മില്‍ എത്രയോ പേര്‍ സ്ഥിരമായി മാലിന്യ സമാനമായ മെയിലുകള്‍, യാതൊരു തത്ത്വദീക്ഷയും സൂക്ഷ്‌മതയും ഇല്ലാതെ എത്രയോ പേര്‍ക്ക്‌ അയക്കുന്നു. ഇസ്‌ലാമിക പ്രവര്‍ത്തകര്‍ മറ്റു രംഗങ്ങളിലേത്‌ പോലെ ഇമെയില്‍ സംസ്‌കാരത്തിലും മാതൃകാ വ്യക്തിത്വങ്ങളാവണം. ഈ രംഗത്ത്‌ ഒരു പുതിയ സംസ്‌കാരം വളര്‍ത്തിക്കൊണ്ടുവരാന്‍ ഇസ്‌ലാമിക നേതൃത്വം മുന്‍കൈയെടുക്കണം. നബി(സ) അരുളി: ``അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവന്‍ നല്ലത്‌ പറയട്ടെ. അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ.'' [email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം