ഒരു മഹല്ലനുഭവം
ഒരു മഹല്ലനുഭവം
ഈയുള്ളവന്‍ ഒരു മഹല്ലിന്റെ പുരോഗതിക്കായി ചെയ്‌ത കാര്യങ്ങള്‍ വിശദീകരിക്കാം. ആദ്യമായി മഹല്ല് നിവാസികളുടെ കണക്ക് ശേഖരിച്ചു. എത്ര കുടുംബങ്ങള്‍, സ്‌ത്രീ പുരുഷന്മാര്‍, വരുമാനം എന്നിവ ശേഖരിച്ച് രേഖപ്പെടുത്തി. ഓരോ കുടുംബത്തിനും ഒരു കാര്‍ഡുണ്ടാക്കി. മാസാന്തം ചെറിയ തുക പള്ളി പരിപാലന കമ്മിറ്റിയെ ഏല്‍പിക്കാന്‍ നിര്‍ദേശിച്ചു. ആ നിധിയില്‍ നിന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്‌തു. ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവര്‍ക്ക് ആഴ്‌ചയില്‍ അരി വിതരണം, വൃദ്ധര്‍ക്ക് പെന്‍ഷന്‍, വിധവാ വിവാഹം, സാധു സ്‌ത്രീകളുടെ പുനരധിവാസം തുടങ്ങിയ കാര്യങ്ങള്‍ക്ക് വേണ്ടി ഒരു നിയമാവലിയും ഉണ്ടാക്കി. ഒരു പലിശ രഹിത പരസ്‌പര സഹായ നിധിയുണ്ടാക്കി. അതിന് മുതല്‍ക്കൂട്ടായും ദൈനംദിന ചെലവിനായും കസേര, പാത്രങ്ങള്‍ പോലുള്ള വാടക സാധനങ്ങള്‍ വാങ്ങിച്ചു.
കുറച്ചുകൂടി വിപുലമായി മൈക്രോ ഫിനാന്‍സ് രീതിയില്‍ ഇത് നടത്തുകയാണെങ്കില്‍ ബ്ലേഡ് മാഫിയയില്‍ നിന്നും കൊള്ളപ്പലിശയില്‍ നിന്നും ജനങ്ങളെ രക്ഷപ്പെടുത്താന്‍ കഴിയും. മാസാന്തം വീടു തോറും കയറി ഒരു ഡെപ്പോസിറ്റ് സേവിംഗ് സ്വരൂപിക്കുകയും പ്രസ്‌തുത നിധിയില്‍ നിന്ന് വായ്‌പകളും ധനസഹായവും നല്‍കുകയും ചെയ്യാം. അപ്പോഴാണ് മഹല്ല് ജീവസ്സുറ്റതാവുക. പക്ഷേ, തഖ്‌വയുള്ള നിസ്വാര്‍ഥരും സ്വജനപക്ഷപാതമില്ലാത്തവരുമായിരിക്കണം നടത്തിപ്പുകാര്‍.
മഹല്ല് നിവാസികളെ പള്ളിയുമായി അടുപ്പിക്കാന്‍ ആദ്യമായി ചെയ്‌തത് സ്വകാഡ് വര്‍ക്ക് നടത്തി ജുമുഅക്ക് ക്ഷണിക്കുകയാണ്. ഇത് മഹല്ലില്‍ നല്ല ഉണര്‍വുണ്ടാക്കി. പള്ളി പരിസരത്ത് പ്രത്യേകം പന്തലുകള്‍ പൊന്തിക്കേണ്ടിവന്നു. ഭരണഘടനയില്‍ ചില വ്യവസ്ഥകള്‍ കൂടി വന്നപ്പോള്‍ തീരെ പള്ളിയില്‍ വരാത്തവര്‍ പോലും വന്നുതുടങ്ങി. നിക്കാഹ് നടത്തുമ്പോള്‍ വരിസംഖ്യാ കുടിശ്ശിക കൂടി വാങ്ങണമെന്ന നിബന്ധനയുണ്ടാക്കി. ഇതുമൂലം മഹല്ലിനൊരു കെട്ടുറപ്പും വന്നു. പിന്നീട് ചിലര്‍ മഹല്ലില്‍ കയറിക്കൂടി ഈ മുന്നേറ്റം നശിപ്പിക്കാന്‍ നോക്കി. ദീനീചിട്ടയില്ലാത്തവര്‍ കമ്മിറ്റിയില്‍ കടന്നുകൂടിയതും വിനയായി. ഈ അവസ്ഥ വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ചില മഹല്ലുകള്‍ക്ക് വഖ്‌ഫ് ബോര്‍ഡിലും കോടതികളിലും കേസ്സുകളുണ്ട്. സ്ഥാപിത താല്‍പര്യക്കാര്‍ മഹല്ല് ഭരണസമിതിയില്‍ കടന്നുകൂടുന്നത് കൊണ്ടാണിത്. മതനിഷ്‌ഠയും നീതിബോധവും ഇല്ലാത്തവരെ തെരഞ്ഞെടുക്കരുത്. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ മഹല്ല് ഇടപെടുമ്പോള്‍ മാത്രമേ ഇന്നുള്ളതിനേക്കാള്‍ മേന്മ മഹല്ലുകള്‍ക്ക് ലഭിക്കുകയുള്ളൂ. കുടുംബകൗണ്‍സലിംഗ് സംവിധാനവുമുണ്ടാക്കണം.
ആര്‍.എം അബ്‌ദുല്ല
കോഴിക്കോട
വിദ്യാ-ധനമുള്ളവര്‍ക്കിടയിലെ ഗര്‍ഭഛിദ്ര പ്രവണതകള്‍
ശിശുഹത്യ സര്‍വസാധാരണമായിരുന്ന പ്രാഗ് സമൂഹങ്ങള്‍ക്ക് അതിനെ ന്യായീകരിക്കാന്‍ പല കാരണങ്ങള്‍ ഉണ്ടായിരുന്നു. ദാരിദ്ര്യം, കുടുംബത്തിന്റെയും വ്യക്തിയുടെയും അഭിമാനം സംരക്ഷിക്കല്‍ എന്നിങ്ങനെയൊക്കെയുള്ള കാരണങ്ങള്‍. പെണ്‍കുഞ്ഞുങ്ങളുടെ ജനനം മാനഹാനിയായി കരുതിയ സമൂഹങ്ങളില്‍ നിന്നും ഏറെ പുരോഗതിയിലാണ് തങ്ങളെന്നാണ് ആധുനികരുടെ മനോനില. പ്രാഗ് സമൂഹങ്ങളുടെ പ്രാകൃത കഥകള്‍ കേട്ട് നെറ്റിചുളിക്കാന്‍ വരട്ടെ, വലിയ ജനാധിപത്യ രാജ്യമെന്നഭിമാനിക്കുന്ന ഇന്ത്യയിലെ ജനങ്ങളുടെ കണക്കെടുപ്പ് പുസ്‌തകം പ്രാകൃത സമൂഹങ്ങളുടെ രക്തം ഇപ്പോഴും നമ്മുടെ സിരകളിലോടുന്നുണ്ടെന്ന് മനസ്സിലാക്കിത്തരും.
ദ ലാന്‍സെറ്റ് എന്ന പ്രസിദ്ധീകരണത്തിന്റെ പുതിയ പഠനം നമ്മുടെ ആധുനികതയുടെ തോലിനെ ഊരിക്കളയുന്നതാണ്. അവര്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടിന്റെ സാരാംശം ഇതാണ്: ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരും സമ്പന്നരുമായ കുടുംബങ്ങളില്‍ പെണ്‍ ഭ്രൂണഹത്യ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ദരിദ്ര നിരക്ഷര കുടുംബങ്ങളെ അപേക്ഷിച്ച് കൂടുതലാണിതെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
`ഇന്ത്യയിലെ ഭ്രൂണഹത്യാ പ്രവണതകള്‍ ഒരു വിശകലനം' എന്ന പേരുള്ള റിപ്പോര്‍ട്ടില്‍ 1990 മുതല്‍ 2005 വരെയുള്ള ദേശീയ ജനന നിരക്കുകളുടെ വിശകലനം, 1991 മുതല്‍ 2011 വരെയുള്ള ജനസംഖ്യാ നിരക്ക് എന്നിവയുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയിട്ടുള്ളത്. ആദ്യ കുഞ്ഞ് പെണ്‍കുട്ടിയായുള്ള കുടുംബങ്ങളിലാണ് ഇത് ഏറെയുള്ളത്. എന്നാല്‍, ആദ്യ കുഞ്ഞ് ആണ്‍കുട്ടിയാണെങ്കില്‍ മാതാപിതാക്കള്‍ ഭ്രൂണഹത്യക്ക് മുതിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 1990-ല്‍ 1000 ആണ്‍കുട്ടികള്‍ക്ക് 906 പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നെങ്കില്‍ 2005-ല്‍ 836 പെണ്‍കുട്ടികള്‍ എന്ന നിലയിലേക്കത് താഴ്‌ന്നു. ഓരോ വര്‍ഷവും പെണ്‍കുട്ടികളുടെ നിരക്ക് 0.52 ശതമാനം കുറയുകയാണ്. 1980-കളില്‍ പെണ്‍ഭ്രൂണഹത്യ നിരക്ക് പൂജ്യം മുതല്‍ 2 മില്യന്‍ ആയിരുന്നെങ്കില്‍ 1990-കളില്‍ 1.2 മില്യന്‍ മുതല്‍ 4.1 മില്യന്‍ വരെയും 2000-ല്‍ 3.1 മില്യന്‍ മുതല്‍ 6 മില്യന്‍ വരെയുമാണ്.
2011-ലെ ജനസംഖ്യാ റിപ്പോര്‍ട്ട് പ്രകാരം 7.1 മില്യന്‍ പെണ്‍കുട്ടികള്‍ കുറവുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നു. 1991-ല്‍ ഇത് 60 ലക്ഷം ആയിരുന്നു. അതേസമയം ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ നിര്‍ണയം നടത്തുന്നതിന് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് വിലക്കിയ നിയമങ്ങള്‍ (1996) ലംഘിക്കുന്നതായി പറയുന്നു.
നിസാര്‍ ചെറുകര
ഇത്ര അസഹിഷ്‌ണുത അരുത്
കുറച്ചുകാലമായി മലയാള സിനിമയിലെ മുസ്‌ലിം കഥാപാത്രങ്ങളെ/ മുസ്‌ലിംകളെക്കുറിച്ച വളരെ സങ്കുചിതവും അസഹിഷ്‌ണുത നിറഞ്ഞതുമായ പ്രതികരണങ്ങളോടുള്ള വിയോജിപ്പാണീ കുറിപ്പ്. ഗദ്ദാമയിലും ഉറുമിയിലും അവസാനം മാണിക്യകല്ലിലും എത്തിനില്‍ക്കുന്നു ഈ സങ്കുചിത മുസ്‌ലിം വായന. സിനിമയിലുള്ള നിര്‍ദോഷമായ തമാശകളെ തമാശയായി കാണാനും അവജ്ഞയോടെ തള്ളേണ്ട കാര്യങ്ങളെ അങ്ങനെ കാണാനും നാം ശീലിക്കേണ്ടിയിരിക്കുന്നു.
ഗദ്ദാമ എന്ന സിനിമ കമല്‍ എടുത്തത് മൊത്തം അറബ് സമൂഹത്തെക്കുറിച്ച് സംസാരിക്കാനല്ല. മറിച്ച്, അശ്വതി എന്ന കഥാപാത്രത്തിന്റെ അല്ലെങ്കില്‍ അത്തരത്തിലുള്ള ഒരുപാട് ഗദ്ദാമമാരുടെ ദയനീയ ചിത്രം വരച്ചുകാണിക്കാനാണ്. ആ നിലക്ക് അശ്വതി (കാവ്യാ മാധവന്‍) ബന്ധപ്പെടുന്ന/ ഇടപെടുന്ന ആളുകളെ മാത്രമേ ചിത്രീകരിക്കാന്‍ കഴിയൂ. അശ്വതി ജോലി ചെയ്യുന്ന വീട്ടുകാര്‍, അവരുമായി ബന്ധപ്പെടുന്നവര്‍ തുടങ്ങി വളരെ കുറച്ച് അറബികള്‍ മാത്രമേ ചിത്രത്തില്‍ കഥാപാത്രങ്ങളായി വരുന്നുള്ളൂ (ഇതിലും ക്രൂരന്മാരായ അറബികളുടെ കഥ ബെന്‍യാമീന്റെ ആടുജീവിതത്തില്‍ പറയുന്നുണ്ട്). ഗള്‍ഫില്‍ ജോലി ചെയ്യുന്ന മലയാളി സുഹൃത്തുക്കള്‍ ഇത്തരം ഒരുപാട് ഗദ്ദാമമാരുടെ (ഖാദിമുകളുടെയും) കഥകള്‍ പറയാറുണ്ട്.
മാണിക്യക്കല്ലിലെ അറബി മാഷ് ഒരു തമാശ മാത്രമായി കണ്ടാല്‍ ഒന്നും സംഭവിക്കില്ല. എല്ലാവിധ ബ്രോക്കര്‍ പണിയും എടുക്കുന്ന മറ്റൊരധ്യാപകന്‍ (കോട്ടയം നസീര്‍), സ്‌കൂളില്‍ റിയാലിറ്റി ഷോക്ക് പരിശീലനം കൊടുക്കുന്ന മ്യൂസിക്ക് അധ്യാപകന്‍ (ജഗദീഷ്), സ്‌കൂള്‍ വളത്തിന്റെ ഗോഡൗണ്‍ ആക്കുന്ന പ്രധാനാധ്യാപകന്‍ (നെടുമുടി വേണു), കോഴിമുട്ട കച്ചവടം നടത്തുന്ന പിശുക്കിയായ കായികാധ്യാപിക (സംവൃതാ സുനില്‍) ഇവരൊന്നും ചിത്രത്തില്‍ മുസ്‌ലിം സമുദായത്തില്‍ പെട്ടവരല്ല. അവരുടെ സമുദായങ്ങള്‍ ഇതിനെയൊട്ട് വിഷയമാക്കുന്നുമില്ല. ഭയം നിറഞ്ഞ അസഹിഷ്‌ണുതയോ, ഇന്‍ഫീരിയോരിറ്റി കോംപ്ലക്‌സോ ആണ് ഇത്തരം നിരൂപണങ്ങളെ നിഷ്‌പക്ഷമായി വിലയിരുത്തുമ്പോള്‍ അനുഭവപ്പെടുന്നത്.
വടക്കന്‍വീരഗാഥയില്‍ ചന്തുവിനെയും, 1921ല്‍ ഖാദറിനെയും പഴശ്ശിരാജയില്‍ രാജയെയും ചരിത്രത്തെ വളച്ചൊടിച്ച്/ വികലമായി ചിത്രീകരിച്ച് അല്ലെങ്കില്‍ ഐതിഹ്യത്തെ പുനര്‍വായിച്ച് സിനിമയാക്കിയപ്പോള്‍ മുസ്‌ലിം സമൂഹത്തില്‍ നിന്ന് ഒരുപാട് ആക്ഷേപങ്ങള്‍ വന്നതായറിവില്ല. ചരിത്രബോധവും സത്യസന്ധതയും ഒരു മുസ്‌ലിം എഴുത്തുകാരനും ഒരു പ്രശ്‌നവും ആയിരുന്നില്ല. കാരണം നായകന്‍ മമ്മൂട്ടി മുസ്‌ലിം ആയിരുന്നു. ഉറുമിയില്‍ നായകന്‍ പൃഥിരാജും കഥാപാത്രം കേളുനായരും ആയപ്പോള്‍ കഥമാറി. ചരിത്രത്തെ വളച്ചൊടിക്കലും വികലമായി ചിത്രീകരിക്കലും മറ്റു പുകിലുകളും. 1921ലെ ഖാദറിനെ പോലെ ഉറുമിയിലെ കേളുനായരെയും കാണാന്‍ നമുക്ക് കഴിയേണ്ടതുണ്ട്.
മാണിക്യക്കല്ലിലെ മണ്ണാമല സ്‌കൂള്‍ പോലെ ഒരുപാട് പൊതുവിദ്യാലയങ്ങള്‍ നമുക്കുണ്ട്. വിനയചന്ദ്രനെപ്പോലെയുള്ള പുതുതലമുറയിലെ മിടുക്കരായ അധ്യാപകരെയാണ് നമുക്ക് ആവശ്യം.
ഒലിപ്പില്‍ നിയാസ്, കുറ്റിയാടി
ചുരുക്കെഴുത്ത്
പ്രബുദ്ധതക്ക് പേരു കേട്ട കേരളത്തില്‍ ദിനംപ്രതി അന്ധവിശ്വാസത്തിന്റെ ബലിക്കല്ലില്‍ എണ്ണമറ്റ ജീവനുകളാണ് അരുംകൊല ചെയ്യപ്പെടുന്നത്. മാനസികാസ്വാസ്ഥ്യം മാറാന്‍ രണ്ട് മക്കളെ കഴുത്തറുത്തുകൊന്ന സംഭവം ഒറ്റപ്പെട്ടതല്ല. ദുര്‍മന്ത്രവാദികളാലും ആള്‍ദൈവങ്ങളാലും സിദ്ധാന്മാരാലും എത്രയെത്ര കുടുംബങ്ങളാണ് വഴിയാധാരമാവുന്നത്. സ്‌ത്രീകളാണ് അന്ധവിശ്വാസങ്ങളുടെ ഏറ്റവും വലിയ ഇരകള്‍. പണവും ആഭരണങ്ങളും മന്ത്രവാദികള്‍ക്കും കപട പുരോഹിതന്മാര്‍ക്കും, എന്തിന് കൈനോട്ടക്കാര്‍ക്ക് വരെ പൂജക്കും വഴിപാടിനുമായി അവര്‍ എടുത്തുകൊടുക്കുന്നു. ഇവരുടെ ചാരിത്ര്യം വരെ അപഹരിക്കപ്പെടുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. അഭ്യസ്‌തവിദ്യരായവര്‍ വരെ ഈ അന്ധവിശ്വാസത്തിന്റെ ബലിക്കല്ലില്‍ തലവെച്ചുകൊടുക്കുകയാണ്.
നേമം താജുദ്ദീന്‍ , തിരുവനന്തപുരം
പവിത്ര ഭവനങ്ങള്‍
ഇസ്‌ലാമിന്റെ പവിത്രതയും ഏകദൈവാരാധനയും വിളിച്ചോതുന്ന പള്ളികളെക്കുറിച്ചും അവയുടെ മഹത്വത്തെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും പ്രതിപാദിച്ച ലേഖനം (ലക്കം 4) ഉചിതമായി. നബിചര്യയിലേക്കും തൗഹീദിലേക്കും ക്ഷണിക്കേണ്ട ഭവനങ്ങള്‍ തിരുശേഷിപ്പുകള്‍ക്കും മഖ്‌ബറകള്‍ക്കുമായി നീക്കിവെക്കുന്ന പൗരോഹിത്യ സമൂഹം സമുദായത്തെ പുതിയ യുഗത്തിലും അന്ധവിശ്വാസങ്ങളിലേക്കും അനാചാരങ്ങളിലേക്കുമാണ് ആട്ടിത്തെളിക്കുന്നത്. അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് വിളിക്കാനുള്ള കേന്ദ്രങ്ങളായ പള്ളികളെ വരുമാനസ്രോതസ്സായി മാറ്റുന്നത് അപകടകരമാണ്.
ഷഫീഖ് കണ്ണാഞ്ചേരി, മുംബൈ
പുതിയ മതപരിത്യാഗങ്ങള്‍
മേല്‍ ശീര്‍ഷകത്തില്‍ സമീര്‍ വടുതല എഴുതിയ ലേഖനം (ജൂണ്‍ 11) പ്രത്യേകം ശ്രദ്ധേയമായി. മുസ്‌ലിം സമുദായത്തില്‍ ജനിച്ചുവളര്‍ന്ന് മുസ്‌ലിംകളായി ഗണിക്കപ്പെട്ട് ജീവിച്ചുപോരുന്നെങ്കിലും മനസ്സില്‍ ഇസ്‌ലാമിക ദര്‍ശനത്തിനു പകരം ഭൗതിക ദര്‍ശനങ്ങള്‍ കൊണ്ടുനടക്കുന്നവര്‍ ധാരാളമുണ്ട്. ഇത്തരം ദര്‍ശനങ്ങളില്‍ എടുത്തുപറയേണ്ടത് കമ്യൂണിസം തന്നെ. കമ്യൂണിസ്റ്റായി നടക്കുന്നതൊക്കെ രാഷ്‌ട്രീയം മാത്രമാണെന്നും രാഷ്‌ട്രീയം മതത്തില്‍ പെടാത്തതാണെന്നും അതിനാല്‍ പ്രശ്‌നമൊന്നുമില്ലെന്നുമുള്ള മതപണ്ഡിതന്മാരുടെയും പൊതുസമൂഹത്തിന്റെയും നിലപാട് കമ്യൂണിസ്റ്റാദി ഭൗതിക വീക്ഷണക്കാര്‍ക്ക് തണലേകുന്നു. ലോകത്ത് പലയിടത്തും കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ തകര്‍ന്നിട്ടുണ്ട് എന്ന് പറയാമെങ്കിലും പലരുടെയും മനസ്സുകളില്‍ ഇന്നും കമ്യൂണിസം കുടികൊള്ളുന്നുണ്ട് എന്നത് വസ്‌തുതയാണ്. കമ്യൂണിസ്റ്റനുഭാവികള്‍ പൊതുവെ മതാനുഷ്‌ഠാനങ്ങളില്‍ വിമുഖരാണ്. എന്നാല്‍ ലേഖകന്‍ പറയുന്നത് പോലെ `തങ്ങള്‍ ഇസ്‌ലാമിനെ കൈയൊഴിച്ചിരിക്കുന്നു' എന്ന് അവര്‍ പറയുകയില്ല. പല കാര്യങ്ങളിലും സമുദായത്തിന്റെ തണലും ഒത്താശയും തങ്ങള്‍ക്ക് വേണമെന്ന് അവരാഗ്രഹിക്കുന്നു എന്നു തോന്നുന്നു. അതുകൊണ്ടായിരിക്കാം അവര്‍ ആഴ്‌ചയിലൊരിക്കല്‍ പള്ളിയില്‍ പോകുന്നത്.
നന്മ കല്‍പിക്കലും തിന്മ വിലക്കലും മുസ്‌ലിംകളുടെ ബാധ്യതയായി കല്‍പിക്കപ്പെട്ടതാണല്ലോ. പരോക്ഷ മതപരിത്യാഗം പോലുള്ള ഗൗരവമേറിയ വിപത്തുകളെക്കുറിച്ച് വിശ്വാസി സമൂഹം പൊതുവിലും ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ വിശേഷിച്ചും ഗൗനിക്കേണ്ടതാണ്. മുസ്‌ലിം സമൂഹത്തില്‍ ജനിച്ചിട്ടും ഇസ്‌ലാമിന്റെ നേട്ടം കൈവരിക്കാനാവാത്തവരേക്കാള്‍ നിര്‍ഭാഗ്യവാന്മാരില്ല. അവരെ രക്ഷിക്കാന്‍ ശ്രമിക്കാത്തവരും കുറ്റവാളികളാവും.
ടി. മൊയ്‌തു മാസ്റ്റര്‍ പെരിമ്പലം
ശിഥിലമാകുന്ന കുടുംബ ജീവിതം
പ്രമുഖ മലയാള ടി.വി ചാനലില്‍ `കഥയില്ലിത് ജീവിതം' എന്ന പ്രോഗ്രാമില്‍ കേരളീയ കുടുംബങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കലഹങ്ങളും പീഡനങ്ങളും അവക്ക് പരിഹാരം തേടിയുള്ള സംവാദങ്ങളും ആഴ്‌ചയില്‍ രണ്ട് ദിനം ഒഴികെ പരമ്പരകളായി തുടരുകയാണ്. ഇത്തരം സംവാദങ്ങളിലൂടെ നഷ്‌ടപരിഹാരം ലഭ്യമാക്കാന്‍ ഒരു പരിധിവരെ സഹായകമാകും എന്നല്ലാതെ, കുടുംബജീവിതം തുടര്‍ന്നും മുന്നോട്ട് കൊണ്ടുപോകാന്‍ വാദപ്രതിവാദങ്ങളിലൂടെയും പരസ്യമായ കുറ്റാരോപണങ്ങളിലൂടെയും അസാധ്യമാണ്. കേരളീയ കുടുംബങ്ങളിലെ വിവാഹ ജീവിതത്തിന് മുമ്പും ശേഷവും യുവതീ-യുവാക്കളുടെ ജീവിതത്തെക്കുറിച്ചുള്ള കാഴ്‌ചപ്പാടിന്റെ വികലത അറിയിക്കുന്നതാണ് മിക്കവാറും ദൃശ്യങ്ങള്‍. വൈവാഹിക ജീവിതത്തിന് മുമ്പ് തന്നെ യുവതീ യുവാക്കള്‍ക്കായി ഒരാഴ്‌ചയെങ്കിലും നീണ്ടുനില്‍ക്കുന്ന പ്രത്യേകം ബോധവത്‌കരണ ക്ലാസ്സുകള്‍ നടത്തുകയാണ് വേണ്ടത്. കുടുംബ ജീവിതത്തില്‍ പ്രവേശിച്ചവര്‍ക്കിടയിലെ മാനസിക പിരിമുറുക്കങ്ങള്‍ക്ക് അയവ് വരുത്താനും പരസ്‌പര സംശയങ്ങള്‍ സൗഹൃദാന്തരീക്ഷത്തില്‍ ദൂരീകരിക്കാനും കൗണ്‍സലിംഗിനും സൗകര്യം ചെയ്യാം. വൈവാഹിക ജീവിതത്തെക്കുറിച്ച് അവബോധം നല്‍കാനും ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസവുമേകാനും ഇത് പര്യാപ്‌തമാകും. ഇന്ന് കേരളത്തില്‍ മാത്രമല്ല, ഇന്ത്യയുടെ ഒട്ടുമുക്കാല്‍ സംസ്ഥാനങ്ങളിലും വളരെ വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക പ്രസ്ഥാനം മുന്‍കൈ എടുത്താല്‍ നാനാജാതി മതസ്ഥര്‍ക്കായി ജില്ലകള്‍ തോറും ഓഫീസ് തുറക്കാവുന്നതും ക്ലാസ്സുകള്‍ക്കും കൗണ്‍സലിംഗിനും യോഗ്യരായ പ്രവര്‍ത്തകരെ ഉപയോഗപ്പെടുത്താവുന്നതുമാണ്.
റഷീദ്
കളമശ്ശേരി
Comments