മഹല്ലുകള്‍ ഖിലാഫത്തിന്റെ തുടര്‍ച്ചയായി മാറണം
ഇസ്‌ലാം കേവലം മതമല്ല. വ്യക്തിതലത്തില്‍ നിര്‍വഹിച്ചു തീര്‍ക്കാന്‍ കഴിയുന്ന ആരാധനാ-ആത്മീയ പ്രവര്‍ത്തനങ്ങളുടെ സമാഹാരവുമല്ല. സംഘടനാ-സാമൂഹിക ബന്ധമില്ലാതെ നല്ല പിള്ള ചമയുന്ന ചിലരുണ്ട്. നമസ്‌കരിച്ചും ദാനം ചെയ്‌തും നോമ്പ്, ഹജ്ജ്, ഉംറ എന്നിവയില്‍ താല്‍പര്യമെടുത്തും ദിക്‌ര്‍-ദുആകളില്‍ ശ്രദ്ധിച്ചും നല്ല (ഒരു) മുസ്‌ലിമായി ജീവിക്കുന്ന ചിലര്‍. ഇസ്‌ലാം പൂര്‍ണമായി എന്ന് കരുതുന്ന സാത്വികര്‍. അവര്‍ പൂര്‍ണ ഇസ്‌ലാമിലല്ല. ഭാഗിക ഇസ്‌ലാമില്‍ പോലുമല്ല. ഇസ്‌ലാമിന്റെ ഒരു അരികില്‍ ഒറ്റപ്പെട്ടു ജീവിക്കുന്നവര്‍ മാത്രമാണ്.
അല്ലാഹുവിനെയും റസൂലിനെയും അനുസരിച്ച് ജീവിച്ചാല്‍ പോരെ എന്ന് ആത്മാര്‍ഥമായി ചോദിക്കുന്ന ചിലരുണ്ട്. അവരെ ഓര്‍മപ്പെടുത്താനുള്ളത്, അല്ലാഹുവിന്റെ ആഹ്വാനം ഇപ്രകാരമാണെന്നാണ്. ``വിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുക. റസൂലിനെയും നിങ്ങളുടെ നേതാക്കളെയും അനുസരിക്കുക'' (അന്നിസാഅ് 59).
ഒരു നേതാവിന്റെ കീഴില്‍ ജമാഅത്തായുള്ള ജീവിതം എന്നത് ഇസ്‌ലാമിന്റെ മൗലിക കാഴ്‌ചപ്പാടാണ്. റസൂലിന്റെ പ്രഖ്യാപനം ഇങ്ങനെ വായിക്കാം: ``അല്ലാഹു എന്നോട് കല്‍പിച്ച അഞ്ചു കാര്യങ്ങള്‍ ഞാന്‍ നിങ്ങളോട് കല്‍പിക്കുന്നു. ഒന്ന്, സംഘടന. രണ്ട്, കേള്‍ക്കല്‍. മൂന്ന്, അനുസരിക്കല്‍. നാല്, അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ദേശത്യാഗം. അഞ്ച്, അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള സമരം. ആരെങ്കിലും ജമാഅത്തില്‍നിന്ന് ഒരു ചാണ്‍ അകന്നാല്‍ അവന്‍ തന്റെ പിരടിയിലുള്ള ഇസ്‌ലാമിന്റെ പാശം പൊട്ടിച്ചു. ആരോ ചോദിച്ചു: നോമ്പും നമസ്‌കാരവും നിലനിര്‍ത്തുന്നവനാണെങ്കിലോ? നോമ്പും നമസ്‌കാരവും നിര്‍വഹിക്കുന്നവനാണെങ്കിലും മുസ്‌ലിമാണെന്ന് വാദിക്കുന്നവനാണെങ്കിലും'' (ഹദീസ്)
നേരത്തെ പറഞ്ഞ നല്ല (ഒരു) മുസ്‌ലിമിന് നബിയുടെ അംഗീകാരമില്ലെന്നാണ് ഈ ഹദീസിന്റെ സാരം. ഉമറി(റ)ന്റെ പ്രഖ്യാപനവും ഇസ്‌ലാമിന്റെ ഈ ആത്മാവിനെയാണ് പ്രതിഫലിപ്പിക്കുന്നത്. ``ജമാഅത്ത് ഇല്ലാതെ ഇസ്‌ലാം നിലനില്‍ക്കില്ല. ഇമാറത്തില്ലാതെ ജമാഅത്തും നിലനില്‍ക്കില്ല. ഇത്വാഅത്തില്ലാതെ ഇമാറത്തും നിലനില്‍ക്കില്ല.''
ജമാഅത്ത് സംബന്ധമായ ഈ നിലപാടാണ് നബി(സ)യുടെ വഫാത്തിനു ശേഷം ഇമാറത്തിനെ നിശ്ചയിക്കുന്നതിന് പ്രഥമ പരിഗണന നല്‍കാന്‍ സ്വഹാബത്തിനെ പ്രേരിപ്പിച്ചത്. അങ്ങനെയാണ് അബൂബക്കര്‍(റ) ആദ്യ അമീറായി ബൈഅത്ത് ചെയ്യപ്പെട്ടത്. അപ്പോള്‍ അന്നത്തെ മുസ്‌ലിം അല്ലാഹുവിനെയും റസൂലിനെയും അബൂബക്കര്‍(റ) എന്ന അമീറിനെയും അനുസരിച്ചവര്‍ മാത്രമാണ്.
ഖിലാഫത്തിന്റെ തകര്‍ച്ചക്ക് ശേഷം മുസ്‌ലിംകളുടെ ജമാഅത്ത് ഇസ്‌ലാമിക ലക്ഷ്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സംഘടനകളും മഹല്ല് ജമാഅത്തുകളുമാണ്. മഹല്ല് ജമാഅത്തുകളെ ഖിലാഫത്തിന്റെ തുടര്‍ച്ചയായിട്ട് നമുക്ക് കാണാവുന്നതാണ്. ഖിലാഫത്തിന് അത് പകരമാവില്ലെങ്കിലും ഖിലാഫത്തിന്റെ ഒരുപാട് ചുമതലകള്‍ മഹല്ല് ജമാഅത്തുകള്‍ക്ക് നിര്‍വഹിക്കാന്‍ കഴിയും. ഖിലാഫത്തിന്റെ തുടര്‍ച്ചയെന്ന ഉയര്‍ന്ന പദവിയിലേക്ക് മഹല്ല് സംവിധാനങ്ങളെ വളര്‍ത്തിക്കൊണ്ടുവരാനുള്ള നടപടിക്രമങ്ങളെടുക്കലാണ് മഹല്ല് ശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാനം.
മഹല്ല് നേതൃത്വത്തെ ഭൗതിക മാനദണ്ഡങ്ങള്‍ ആധാരമാക്കി നിശ്ചയിക്കുന്ന അവസ്ഥക്ക് മാറ്റം വരണം. നമസ്‌കാരം, സകാത്ത്, നോമ്പ്, നിക്കാഹ്, ത്വലാഖ്, ഫസ്‌ഖ്, ഖുല്‍അ്, മീറാസ് തുടങ്ങിയ ദീനീ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന മഹല്ല് സംവിധാനത്തിന്റെ പരമാധികാരം പലപ്പോഴും പ്രമാണിമാരില്‍ നിക്ഷിപ്‌തമാണിന്ന്. ഖാദിയും ഖത്വീബും ഇമാമും അവരില്‍ നിന്ന് ശമ്പളം പറ്റുന്ന കേവല ഉദ്യോഗസ്ഥരും. അറിവിന് നേതൃത്വം നല്‍കുന്ന വിഷയത്തില്‍ ഇന്ന് തീരെ പരിഗണനയില്ല. ഖുത്വ്‌ബയുടെ വിഷയവും സകാത്ത്-ഫിത്വ്‌ര്‍ സകാത്ത് സംഭരണ വിതരണ രീതികള്‍ വരെ പ്രമാണിമാരുടെ ഇംഗിതവും നാട്ടുനടപ്പും നാട്ടറിവും അനുസരിച്ച് തീരുമാനിക്കപ്പെടുന്ന അവസ്ഥയും നിലവില്‍ ഉണ്ട്. ഖുര്‍ആനും സുന്നത്തും ഫിഖ്‌ഹും അറിയുന്ന ഖാദി-ഖത്വീബുമാരാവട്ടെ പ്രസിഡന്റിന്റെ തീരുമാനങ്ങള്‍ക്ക് കീഴൊപ്പ് ചാര്‍ത്തേണ്ടിയും വരും. ഈ അവസ്ഥ മാറിയേ പറ്റൂ.
ജനകീയ മഹല്ല് കമ്മിറ്റികളും തെരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റുമാരും ആവശ്യമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ, അറിവിനെ ആധാരമാക്കിയുള്ള ഒരു നേതൃവീക്ഷണം വളര്‍ത്തിയേ പറ്റൂ. പ്രായോഗിക പ്രവര്‍ത്തനങ്ങളില്‍ ജനകീയ കമ്മിറ്റികള്‍ പ്രധാനമായിരിക്കെ തന്നെ ദീനിയായ വിഷയങ്ങളില്‍ തീര്‍പ്പ് കല്‍പിക്കുന്ന, ദീനീ പാതയില്‍ നിന്ന് വ്യതിചലിക്കുമ്പോള്‍ ഇടപെട്ട് തിരുത്താന്‍ കഴിയുന്ന ഒരു സംവിധാനം മഹല്ലില്‍ നിര്‍ബന്ധമാണ്. പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ജനകീയ കമ്മിറ്റിക്ക് മീതെ അന്തിമ തീര്‍പ്പ് കല്‍പിക്കാന്‍ ഖാദിയുടെ നേതൃത്വത്തിലുള്ള മഹല്ല് കോര്‍ട്ടും കൂടിയുള്ള ഒരു സംവിധാനത്തെക്കുറിച്ച് ആലോചിക്കേണ്ടതാണ്. മഹല്ലിലെ ദീനീ പണ്ഡിതന്മാരുടെ സഭയായിരിക്കണം മഹല്ല് കോര്‍ട്ട്. കോര്‍ട്ടിലേക്ക് മഹല്ല് പരിധിക്ക് പുറത്തുള്ള പണ്ഡിതരെയും പരിഗണിക്കാവുന്നതാണ്. മഹല്ല് ഖാദി/ഖത്വീബ് കോര്‍ട്ടിന്റെ തലവനായിരിക്കും. മഹല്ല് കമ്മിറ്റിയുടെ തീരുമാനങ്ങളിലും മഹല്ലിലെ പൊതു പ്രശ്‌നങ്ങളിലും ശരീഅത്തിന് വിധേയമായി ഇടപെടാന്‍ കോര്‍ട്ടിന് അധികാരമുണ്ടായിരിക്കണം.
ഇഖാമത്തുസ്വലാത്താണല്ലോ മഹല്ല് കമ്മിറ്റിയുടെ നിലവിലുള്ള പ്രധാന പ്രവര്‍ത്തനം. നമസ്‌കാരം കൃത്യമായി നിര്‍വഹിക്കുകയെന്നത് മഹല്ല് കമ്മിറ്റി മെമ്പര്‍ഷിപ്പിന്റെ അടിസ്ഥാന യോഗ്യതയായി നിശ്ചയിക്കേണ്ടതുണ്ട്. നമസ്‌കാരത്തിലും പള്ളിയിലെ ജമാഅത്തിലും നിരന്തരം വീഴ്‌ച വരുത്തുന്നവര്‍ കമ്മിറ്റികളിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ പാടില്ല. ജമാഅത്തായ നമസ്‌കാരത്തോട് അവഗണന പുലര്‍ത്തുന്നവര്‍ ഭാരവാഹികളാകുന്ന അവസ്ഥയും മാറണം. മഹല്ല് വാസികളില്‍ നമസ്‌കാരശീലം കുറഞ്ഞുവരുന്നത് തടയാന്‍ ഇഹ്‌തിസാബീ സംഗമങ്ങള്‍ സംഘടിപ്പിക്കേണ്ടതുണ്ട്. 10 കുടുംബങ്ങളെ ഒരു തസ്‌കിയാ യൂനിറ്റാക്കി മാറ്റി ഓരോ തസ്‌കിയ യൂനിറ്റിനും ഒരു മുറബ്ബിയെ നിശ്ചയിച്ച് നമസ്‌കാരം, ദിക്‌ര്‍, ദുആ, ഖുര്‍ആന്‍ പാരായണം തുടങ്ങിയവയിലും സാമ്പത്തിക ഇടപാടുകളിലും ദീനീ ശിക്ഷണങ്ങള്‍ നല്‍കുന്നതിനുള്ള സംവിധാനം ഉണ്ടാക്കണം.
സകാത്ത് പൂര്‍ണമായും മഹല്ല് ഏറ്റെടുക്കണം. സകാത്ത് ഒരു രഹസ്യ ഇടപാടല്ല. സാമ്പത്തിക സര്‍വേ നടത്തി മഹല്ലിലെ മുഴുവന്‍ സകാത്ത് ദായകരെയും കണ്ടെത്തുന്നതിന് ഉദ്യോഗസ്ഥരെ നിശ്ചയിക്കേണ്ടതുണ്ട്. എല്ലാ ധനസ്രോതസ്സുകളും വെളിപ്പെടുത്തി സകാത്ത് സുതാര്യമാക്കാന്‍ വിശ്വാസികള്‍ക്ക് സാധിക്കണം. ഭാരവാഹികളും കമ്മിറ്റിയംഗങ്ങളും ഈ രംഗത്ത് മാതൃക കാണിക്കണം. കാര്‍ഷിക വരുമാനം, ആഭരണ സ്റ്റോക്ക്, ബിസിനസ്, വാഹനം, നിക്ഷേപം, ഷെയറുകള്‍, ബാങ്ക് ബാലന്‍സ് എന്നിവയെല്ലാം വെളിപ്പെടുത്തിക്കൊണ്ട് സകാത്ത് കൃത്യമായി കണക്കുകൂട്ടി മഹല്ല് തല സകാത്ത് ഫണ്ടില്‍ സമാഹരിക്കപ്പെടണം. സകാത്ത് വിതരണം ചെയ്യുമ്പോള്‍ ദായകരുടെ ശിപാര്‍ശകള്‍ നീതിയുക്തമാണെങ്കില്‍ അതിന് മുന്‍ഗണന നല്‍കാവുന്നതാണ്. വ്യവസ്ഥാപിത സകാത്ത് സംവിധാനമില്ലാത്ത മറ്റു മഹല്ലുകളിലെ അവകാശികളെയും അനിവാര്യമാണെങ്കില്‍ പരിഗണിക്കാവുന്നതാണ്.
`ചെലവ് കഴിച്ച് മിച്ചം' വരുന്നതിനാണ് സകാത്ത് ബാധകമാവുകയുള്ളൂ എന്ന കാഴ്‌ചപ്പാടാണ് പൊതുവെ നിലവിലുള്ളത്. വരുമാനവും ചെലവും മിച്ചവുമെല്ലാം കണക്കാക്കുന്നതാവട്ടെ സകാത്ത് ദായകനായ മുതലാളിയും. 10 കോടിയുടെ ഒരു മാളിക പണിതാല്‍ അത് ഇന്ന് ചെലവാണ്. അയല്‍വാസി ചോര്‍ന്നൊലിക്കുന്ന കൂരയിലാണെങ്കിലും മുതലാളിയുടെ കൈയില്‍ ചിലവ് കഴിച്ച് മിച്ചം വരുന്നില്ല. ഈ അവസ്ഥ പരിഹരിച്ചേ തീരൂ. മൊത്തം വരുമാനത്തില്‍ നിന്ന് സകാത്ത് സംഭരിക്കുകയാണെങ്കില്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയും. അല്ലെങ്കില്‍ മഹല്ല് ശരാശരി ചെലവ് കമ്മിറ്റി നിര്‍ണയിക്കുകയും അത് കഴിച്ച് ബാക്കി മുഴുവന്‍ ധനത്തിനും സകാത്ത് ബാധകമാക്കുകയും ചെയ്യുന്ന രീതി സ്വീകരിക്കണം.
സകാത്ത് ഉള്‍പ്പെടെ മുഴുവന്‍ മഹല്ല് തല ക്ഷേമ പദ്ധതികളും മുസ്‌ലിം സമുദായത്തിന്റെ അകത്ത് കറങ്ങി തിരിയുന്ന അവസ്ഥയും മാറേണ്ടതുണ്ട്. മഹല്ല് ഖിലാഫത്തിന്റെ സ്ഥാനത്ത് നില്‍ക്കണം. ഖിലാഫത്ത് എന്നാല്‍ മുസ്‌ലിംകള്‍ക്ക് വേണ്ടിയുള്ള മുസ്‌ലിം ഭരണം എന്നല്ല അര്‍ഥം. മുഴുവന്‍ മനുഷ്യര്‍ക്കും വേണ്ടിയുള്ള ക്ഷേമ രാഷ്‌ട്രം എന്നതാണ് ഖിലാഫത്തിന്റെ അടിസ്ഥാനം. മുഴുവന്‍ മനുഷ്യരുടെയും ക്ഷേമത്തിനായി സകാത്ത്, ഫിത്വര്‍ സകാത്ത്, ഉദുഹിയ്യത്ത് മാംസം, റിലീഫ്, സ്‌കോളര്‍ഷിപ്പ്, ഭവന-ചികിത്സാ പദ്ധതികള്‍, പലിശരഹിത സംരംഭങ്ങള്‍ എന്നിവ നീക്കിവെക്കാന്‍ മഹല്ല് ഭരണ നേതൃത്വം സന്നദ്ധമാകണം. സാമുദായിക വര്‍ഗീയ ചുവയുള്ള എല്ലാ വിവേചനങ്ങളോടും മഹല്ല് കമ്മിറ്റികള്‍ വിടപറയണം.
ഭദ്രമായ കുടുംബം ഇന്ന് കേവലം ഒരു സ്വപ്‌നമായി മാറിക്കൊണ്ടിരിക്കുകയാണ്. വിവാഹ ജീവിതത്തില്‍ താളപിഴകള്‍ ഒഴിവാക്കാനുള്ള സംവിധാനങ്ങള്‍ ഓരോ മഹല്ല് കമ്മിറ്റിയുടെയും കീഴില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. കൗണ്‍സലിംഗ് സെന്ററുകള്‍ ഈ രംഗത്ത് ഏറെ പ്രയോജനപ്രദമായിരിക്കും. യുവതീ-യുവാക്കള്‍ക്കിടയിലെ ഭിന്ന സ്വരങ്ങള്‍ ത്വലാഖായി കലാശിക്കാതിരിക്കാനുള്ള തന്ത്രപരമായ സമീപനങ്ങള്‍ സ്വീകരിക്കാന്‍ ഇത്തരം കൗണ്‍സലിംഗ് സെന്ററുകള്‍ക്ക് സാധിക്കേണ്ടതുണ്ട്. മഹല്ല് പരിധിക്കകത്തെ കുടുംബകേസുകള്‍ കോടതി കയറാതിരിക്കാന്‍ മഹല്ല് കമ്മിറ്റികള്‍ ജാഗ്രത പുലര്‍ത്തണം. മഹല്ല്‌തല മാധ്യസ്ഥ സമിതികള്‍ വഴിയും നേരത്തെ പറഞ്ഞ മഹല്ല് കോര്‍ട്ട് വഴിയും പ്രശ്‌നങ്ങള്‍ കോടതിക്ക് പുറത്ത് തീര്‍പ്പിലെത്തിക്കുന്ന രീതി വ്യാപകമാക്കണം.
മഹല്ലുകള്‍ ഇന്നൊരു പുരുഷാധിപത്യ കേന്ദ്രമാണ്. വോട്ടവകാശവും മെമ്പര്‍ഷിപ്പും ഭാരവാഹിത്വവുമെല്ലാം പുരുഷന്മാര്‍ക്ക് മാത്രം എന്ന വിഷയത്തില്‍ സമുദായത്തിനകത്ത് ഒരു ഇജ്‌മാഅ് ആണ് ഇന്ന് നിലനില്‍ക്കുന്നത്. ലോക മുസ്‌ലിം വനിതകളില്‍ നിലവിലുള്ള ഉണര്‍വുകളൊന്നും മഹല്ലുകളെ തീരെ സ്വാധീനിക്കുന്നില്ല. ഘടനാപരമായ ഈ വിവേചനം അവസാനിപ്പിക്കണം. മഹല്ല് വിഷയങ്ങളില്‍ അഭിപ്രായം പറയാനും മഹല്ല് തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനും കമ്മിറ്റികളില്‍ മെമ്പര്‍മാരാകാനും സ്‌ത്രീകള്‍ക്കും അവസരം നല്‍കണം. നവോത്ഥാന പ്രസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള മഹല്ലുകള്‍ ഈ വിഷയത്തില്‍ അടിയന്തരമായി മുന്‍കൈ എടുക്കണം. മുസ്‌ലിം വനിതാ സംഘടനകളും സ്ഥാപനങ്ങളും പ്രസിദ്ധീകരണങ്ങളും വനിതകളായ പണ്ഡിതകളും പ്രഭാഷകന്മാരും ഈ വിഷയം വ്യാപകമായി ഉയര്‍ത്തിക്കൊണ്ടുവരികയും ഈ വിഷയത്തിന് അനുകൂലമായി അഭിപ്രായ രൂപവത്‌കരണം സാധിച്ചെടുക്കുകയും ചെയ്യേണ്ടതുണ്ട്.
മഹല്ലിന്റെ സാംസ്‌കാരികാന്തരീക്ഷം മെച്ചപ്പെടുത്താന്‍ പൊതുജനങ്ങളുടെ പിന്തുണയോടു കൂടി കടുത്ത നിലപാടുകള്‍ക്ക് കമ്മിറ്റികള്‍ സന്നദ്ധമാകണം. മദ്യപാനികളെയും പലിശക്കാരെയും അംഗീകരിക്കാന്‍ കമ്മിറ്റികള്‍ ഒരിക്കലും സന്നദ്ധമാകരുത്. മഹല്ലുകളെ മദ്യമുക്തമാക്കി തീര്‍ക്കുന്ന ബോധവത്‌കരണ കാമ്പയിനുകളും ചികിത്സാ സംരംഭങ്ങളും ഡി. അഡിക്‌ഷന്‍ പ്രോഗ്രാമുകളും ആവിഷ്‌കരിച്ച് നടപ്പിലാക്കണം. ബ്ലേഡുകാരെയും നെറ്റ് വര്‍ക്ക് നിക്ഷേപ തട്ടിപ്പുകാരെയും സാമൂഹിക ബഹിഷ്‌കരണത്തിന് വിധേയമാക്കണം. ലൈംഗിക അരാജകവാദികളെ -സ്‌ത്രീയായാലും പുരുഷനായാലും- നിയന്ത്രിക്കുന്നതിന് ജാഗ്രതാ സെല്ലുകള്‍ രൂപപ്പെടുത്തണം. വീട് നിര്‍മാണം, വിവാഹം, ഉപഭോഗവസ്‌തുക്കള്‍ വാങ്ങി കൂട്ടല്‍, ആഭരണങ്ങള്‍ വാങ്ങിക്കൂട്ടല്‍, പുതുവസ്‌ത്രങ്ങള്‍ ശേഖരിക്കല്‍ തുടങ്ങിയവയില്‍ നിലനില്‍ക്കുന്ന ധൂര്‍ത്തും ദുര്‍വ്യയവും തടയാന്‍ മഹല്ല് തല പെരുമാറ്റ ചട്ടങ്ങള്‍ രൂപപ്പെടുത്തി നടപ്പിലാക്കണം. സ്‌ത്രീധനാടിസ്ഥാനത്തിലുള്ള വിവാഹങ്ങള്‍ക്ക് ഔദ്യോഗികാംഗീകാരം നല്‍കുന്നത് നിര്‍ത്തലാക്കണം.
വിദ്യാഭ്യാസ രംഗത്ത് മഹല്ല് കമ്മിറ്റികള്‍ ശക്തമായി ഇടപെടണം. മദ്‌റസ നവീകരണം, വനിതാ വിദ്യാഭ്യാസം, വയോജന വിദ്യാഭ്യാസം, എജുക്കേഷനല്‍ ഗൈഡന്‍സ്, അവാര്‍ഡുകള്‍, സ്‌കോളര്‍ഷിപ്പുകള്‍, കൊഴിഞ്ഞുപോക്ക് തടയല്‍, വിദ്യാഭ്യാസ സര്‍വേ എന്നീ ആവശ്യങ്ങള്‍ക്കായി മഹല്ലിനകത്തെ അഭ്യസ്‌തവിദ്യരെയും ബുദ്ധിജീവികളെയും ഉള്‍പ്പെടുത്തിക്കൊണ്ട് വിദ്യാഭ്യാസ സമിതികള്‍ രൂപവത്‌കരിക്കണം. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി, ബിരുദതലങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മതവിദ്യാഭ്യാസം ലഭിക്കുന്നതിന് സണ്ടേ , ഹോളിഡേ മോറല്‍ സ്‌കൂളുകള്‍ സ്ഥാപിക്കണം. മദ്‌റസാ കെട്ടിടങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ഹ്രസ്വകാല പ്രഫഷണല്‍ കോഴ്‌സുകള്‍ക്കും തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ക്കും തുടക്കം കുറിച്ചുകൊണ്ട് സ്വാശ്രയ കുടുംബങ്ങള്‍ എന്ന സങ്കല്‍പം മഹല്ല് തലത്തില്‍ വികസിപ്പിച്ചെടുക്കാവുന്നതാണ്.
ഓരോ മഹല്ല് പരിധിയിലെയും ഗള്‍ഫ് പണം ഏറ്റവും സമര്‍ഥമായി ഉല്‍പാദനപരമായ മാര്‍ഗത്തിലേക്ക് തിരിച്ചുവിടാനുള്ള പദ്ധതികള്‍ നാട്ടിലെയും ഗള്‍ഫിലെയും മഹല്ല് കമ്മിറ്റികള്‍ പരസ്‌പരം സഹകരിച്ച് കൊണ്ട് നടപ്പിലാക്കണം. മഹല്ലിനകത്തെ സാമ്പത്തിക അരാജകത്വത്തിന് മുഖ്യ കാരണം ഗള്‍ഫ് പണത്തിന്റെ ഒഴുക്കാണ്. ഗള്‍ഫുകാരുടെ മക്കള്‍ കൈവശം വെക്കുന്ന പോക്കറ്റ് മണിയാവട്ടെ ഒരേസമയം സാംസ്‌കാരിക മലിനീകരണവും സൃഷ്‌ടിക്കുന്നുണ്ട്. ഇതിന് തടയിടാന്‍ കഴിയുന്നില്ലെങ്കില്‍ ഭാവി ഇരുളടഞ്ഞതായിരിക്കും.
കുറ്റിയറ്റുപോയ വഖ്‌ഫ് സംസ്‌കാരം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്കും മഹല്ല് കമ്മിറ്റികള്‍ തുടക്കം കുറിക്കണം. ഏത് ദീനീ സംരംഭത്തിനും ഭൂമി വില കൊടുത്ത് വാങ്ങേണ്ടുന്ന നിലവിലെ അവസ്ഥ ഒട്ടും ആശാവഹമല്ല. വഖ്‌ഫിന്റെ പ്രാധാന്യം പുതുതലമുറയെ ആഴത്തില്‍ ബോധ്യപ്പെടുത്താന്‍ പര്യാപ്‌തമായ ബോധവത്‌കരണത്തിന് മഹല്ല് ഖാദിമാരും ഖത്വീബുമാരും മുന്നോട്ട് വരേണ്ടിയിരിക്കുന്നു.
മഹല്ല് പൊതുജനങ്ങള്‍ക്ക് മുമ്പാകെ ദീനുല്‍ ഇസ്‌ലാമിനെയാണ് പ്രതിനിധീകരിക്കേണ്ടത്. ഇസ്‌ലാമിക ഭരണകൂടത്തിന്റെയും നേതൃത്വത്തിന്റെയും സവിശേഷതയാണ് മഹല്ല് നേതൃത്വത്തില്‍നിന്ന് പ്രസരിക്കേണ്ടത്. ഒരു പ്രദേശത്തെ പള്ളിയും പള്ളിക്കമ്മിറ്റിയും അതിന് ചുറ്റുവട്ടത്തെ മുഴുവന്‍ മനുഷ്യര്‍ക്കും വെളിച്ചമായി തീരുന്ന ഒരു കാലത്തെ നമുക്ക് സ്വപ്‌നം കാണാം.
Comments