റമദാന്‍ സംഗമമൊരുക്കി ബാംഗ്ലൂര്‍ മലയാളികള്‍
റമദാന്‍ സംഗമമൊരുക്കി ബാംഗ്ലൂര്‍ മലയാളികള്‍
ബാംഗ്ലൂര്‍: ദൈവം മനുഷ്യര്‍ക്ക് വിമോചന പ്രത്യയശാസ്ത്രമായി അവതരിപ്പിച്ച ഖുര്‍ആന്‍ ഹൃദയത്തില്‍ സ്വീകരിക്കുന്നവര്‍ക്ക് മാത്രമേ അത് അവരുടെ ജീവിതത്തിലെ വെളിച്ചമാകൂ എന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി. ആരിഫലി പറഞ്ഞു. ബാംഗ്ലൂര്‍ മലയാളികളുടെ വാര്‍ഷിക ഇഫ്ത്വാര്‍ പരിപാടിയായ 'റമദാന്‍ സംഗമ'ത്തില്‍ 'ഖുര്‍ആന്‍ വെളിച്ചത്തിലേക്കുള്ള വഴികാട്ടി' എന്ന തലക്കെട്ടില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കെ.വി ഖാലിദ് ഖുര്‍ആന്‍ ദര്‍സ് അവതരിപ്പിച്ചു. ജനറല്‍ കണ്‍വീനര്‍ നൂര്‍ ഷഹീന്‍ സ്വാഗതം പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി ബാംഗ്ലൂര്‍ മലയാളി ഏരിയാ പ്രസിഡന്റ് കെ. ശാഹിര്‍ അധ്യക്ഷത വഹിച്ചു. 'വിശ്വാസിയുടെ റമദാന്‍' എന്ന വിഷയത്തില്‍ സമീര്‍ വടുതല ക്ലാസ്സെടുത്തു. എന്‍.എ ഹാരിസ് എം.എല്‍.എ, സി.എം ഇബ്‌റാഹീം, ഡോ. എന്‍.എ മുഹമ്മദ്, പ്രഫ. കെ. മൂസ, ഹസന്‍ പൊന്നന്‍, ശരീഫ് കോട്ടപ്പുറത്ത്, സി.എം മുഹമ്മദ് ഹാജി, അഡ്വ. ഉസ്മാന്‍, സിറാജ് ഇബ്‌റാഹീം സേട്ട്, എന്‍.എം അബ്ദുര്‍റഹ്മാന്‍, അശ്‌റഫ് ഹുസൈന്‍ സംബന്ധിച്ചു. പാലസ് ഗ്രൗണ്ട് നാലപ്പാട്ട് പവലിയനില്‍ നടന്ന സമ്മേളനം വനിതകളുടെ വര്‍ധിച്ച സാന്നിധ്യത്താല്‍ ശ്രദ്ധേയമായി. സലീം മമ്പാട് 'ഖുര്‍ആന്‍ സാധിച്ച വിപ്ലവം' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. വിവിധ ഭാഷാ പ്രസാധകരുടെ ഇസ്‌ലാമിക പുസ്തകമേളയും സംഘടിപ്പിച്ചിരുന്നു.
ഇഫ്ത്വാര്‍ സംഗമങ്ങള്‍ അഭിപ്രായ
വ്യത്യാസങ്ങളുടെ അതിര്‍വരമ്പുകള്‍ മാറ്റിവരക്കും
മലപ്പുറം: ഇഫ്ത്വാര്‍ സംഗമങ്ങള്‍ സാഹോദര്യം ഊട്ടി ഉറപ്പിക്കാനും അഭിപ്രായവ്യത്യാസങ്ങളുടെ അതിര്‍വരമ്പുകള്‍ മാറ്റിവരക്കാനും വേദിയാകണമെന്ന് പി. ഉബൈദുല്ല എം.എല്‍.എ. മലപ്പുറം മലബാര്‍ ഹൗസില്‍ ജമാഅത്തെ ഇസ്‌ലാമി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി. ആരിഫലി റമദാന്‍ സന്ദേശം നല്‍കി. ജമാഅത്തെ ഇസ്‌ലാമി ജില്ലാ കമ്മിറ്റി സ്വരൂപിച്ച തുക ജില്ലാ പഞ്ചായത്ത് കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയല്‍ സൊസൈറ്റിക്കുവേണ്ടി ജില്ലാ പഞ്ചായത്തംഗം ഉമ്മര്‍ അറക്കല്‍ ഏറ്റുവാങ്ങി. ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് പി. അബ്ദുര്‍റഹ്മാന്‍ വളാഞ്ചേരി അധ്യക്ഷത വഹിച്ചു. പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍, ഹുസൈന്‍ രണ്ടത്താണി, മണമ്പൂര്‍ രാജന്‍ബാബു, മലപ്പുറം ഗവ. കോളജ് പ്രിന്‍സിപ്പല്‍ ടി.ആര്‍ മോഹന്‍ദാസ്, മലപ്പുറം നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ഗിരിജ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി അബ്ദുല്ലത്വീഫ് മാറഞ്ചേരി, ഐ.എന്‍.എല്‍ നേതാവ് ഇസ്മാഈല്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉമറുല്‍ ഫാറൂഖ്, ഡപ്യൂട്ടി ഡി.എം.ഒ ഡോ. ഇസ്മാഈല്‍, അഡ്വ. മോഹന്‍ദാസ്(സി.പി.ഐ), ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി സുബൈദ എന്നിവര്‍ സംസാരിച്ചു. ടി. അലി സ്വാഗതവും എന്‍.കെ അബ്ദുല്‍ അസീസ് നന്ദിയും പറഞ്ഞു.
ഡോക്ടറേറ്റ് നേടി
മണ്ണാര്‍ക്കാട്: അലിഗഢ് മുസ്‌ലിം സര്‍വകലാശാലയില്‍ നിന്നും ലൈബ്രറി ആന്റ് ഇന്‍ഫോര്‍മേഷന്‍ സയന്‍സില്‍ മുഹമ്മദ് മുസ്ത്വഫക്ക് ഡോക്ടറേറ്റ്. ഇന്ത്യയിലെ ഉന്നത ശാസ്ത്ര-സാങ്കേതിക സ്ഥാപനങ്ങളിലെ ഇലക്‌ട്രോണിക് പബ്ലിഷിംഗിനെ കുറിച്ചുള്ള പഠനത്തിനാണ് ഡോക്ടറേറ്റ്. പ്രഫ. പി.എം നൗഷാദ് അലിയുടെ മേല്‍നോട്ടത്തിലായിരുന്നു ഗവേഷണം. ഒട്ടേറെ ദേശീയ-അന്തര്‍ദേശീയ സെമിനാറുകളില്‍ ഗവേഷണ പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്.
1998-ല്‍ ശാന്തപുരം ഇസ്‌ലാമിയ കോളേജില്‍നിന്നും ബിരുദം നേടിയ മുസ്ത്വഫ സോളിഡാരിറ്റി മണ്ണാര്‍ക്കാട് യൂനിറ്റ് പ്രവര്‍ത്തകനാണ്. പയ്യനടം മൈലാമ്പാടത്ത് താമസിക്കുന്ന കരിമ്പനക്കല്‍ അബ്ദുല്‍ ഖാദര്‍-ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ ജസീന.
Comments